മാപ്പിളപ്പാട്ടും മദ്ഹ് ഗാനവും

മാപ്പിളപ്പാട്ടും മദ്ഹ് ഗാനവും

ലഭ്യമായ രേഖകള്‍ പ്രകാരം 1607ല്‍ വിരചിതമായ മുഹ്യിദ്ദീന്‍മാലയാണ് മാപ്പിളപ്പാട്ടിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ആദ്യ രചന. മുഹ്യിദ്ദീന്‍മാലയിലെ പല വരികളും താത്വിക വായനക്ക് വിധേയമാക്കാന്‍ പര്യാപ്തമായവയാണ്. അതേതുടര്‍ന്ന് അതേ ശ്രേണിയില്‍ വേറെയും മാലപ്പാട്ടുകളുണ്ടായി. തികഞ്ഞ മതപശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ് മാലപ്പാട്ടുകള്‍. പുണ്യപുരുഷന്മാരുടെ/സ്ത്രീകളുടെ മഹത്വവും കറാമത്തുകളുമാണ് മാലപ്പാട്ടുകള്‍ക്ക് വിഷയമായത്.

അതിനു ശേഷമാണ് കുഞ്ഞായിന്‍ മുസ്ലിയാരുടെ കപ്പപ്പാട്ട് രചിക്കപ്പെടുന്നത്. മനുഷ്യജീവിതത്തെ കപ്പല്‍യാത്രയോട് സാദൃശ്യപ്പെടുത്തി താത്വികതലത്തിലാണ് കപ്പ(ല്‍)പ്പാട്ടിന്‍റെ രചന. (സഫീനപ്പാട്ട് എന്നൊരു പേരുകൂടിയുണ്ടിതിന്. സഫീന എന്ന അറബി പദത്തിന് കപ്പല്‍ എന്നര്‍ത്ഥം). മോയിന്‍കുട്ടി വ്യൈരുടെ രംഗപ്രവേശമുണ്ടാകുന്നത് പിന്നീടാണ്. മാപ്പിളപ്പാട്ട് ശാഖക്ക് അനല്‍പമായ സംഭാവനകള്‍ നല്‍കിയ മോയിന്‍കുട്ടി വ്യൈര്‍ രചനയുടെ ആദ്യകാലങ്ങളില്‍ വിഷയപരിമിതി അഭിമുഖീകരിച്ചിരുന്നു. അദ്ദേഹം ആദ്യം രചിച്ച പ്രണയകാവ്യം തന്നെയും കൊണ്ടോട്ടിയിലെ ഷാ നിസാമുദ്ദീന്‍ എന്നയാള്‍ പറഞ്ഞുകൊടുത്ത കഥയെ ആസ്പദമാക്കിയായിരുന്നു. പടപ്പാട്ടുകളിലേക്കിറങ്ങുന്നതോടെ ആ പരിമിതികളെ അദ്ദേഹം മറികടന്നതായും കാണാം.

ബദ്ര്‍ പടപ്പാട്ടാണ് ഈ ശൃംഖലയില്‍ ആദ്യമുണ്ടായത്. അതിന് ലഭിച്ച സ്വീകാര്യതയുടെ പ്രധാന കാരണങ്ങളിലൊന്ന് അതൊരു വലിയ വിജയത്തിന്‍റെ ഓര്‍മപ്പെടുത്തലായിരുന്നുവെന്നതാണ്. മാപ്പിളമാര്‍ക്കിടയില്‍ പ്രചുരപ്രചാരം ലഭിച്ച ചരിത്ര മുഹൂര്‍ത്തങ്ങളുടെ കാവ്യാവിഷ്കാരമായിരുന്നു പടപ്പാട്ടുകളെന്നതും ഇതിന്‍റെ സ്വീകാര്യതക്ക് നിമിത്തമായിട്ടുണ്ട്. മോയിന്‍കുട്ടി വ്യൈര്‍ക്ക് തമിഴ്, അറബി, സംസ്കൃതം തുടങ്ങിയ ഭാഷകളിലുണ്ടായിരുന്ന പ്രാവീണ്യം അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രകടമാണ്. മാപ്പിളപ്പാട്ടിലേക്ക് അന്യഭാഷാ പദങ്ങളെ കൊണ്ടുവന്നത് രചനാനിയമങ്ങള്‍ പാലിക്കണമെന്ന അക്കാലത്തെ മാപ്പിളപ്പാട്ട് രചയിതാക്കളുടെ നിഷ്കര്‍ഷ കൊണ്ടുകൂടിയായിരുന്നു (ഇന്ന് ഈ വക നിയമങ്ങള്‍ പാലിക്കുന്നവര്‍ വിരളം). ബഹുഭാഷകളുടെ ഈ കൂടിക്കലരല്‍ പാട്ടിന്‍റെ ആശയം മനസ്സിലാക്കുന്നതിന് തടസ്സമായി എന്നതു ശരിയാണ്. ഇത് മാപ്പിളപ്പാട്ടിന്‍റെ മാത്രം പ്രശ്നമോ പരിമിതിയോ ആയിരുന്നില്ല. മണിപ്രവാള രചനകളിലും ഈ ദുര്‍ഗ്രാഹ്യതയുണ്ട്. പക്ഷേ, കാലാന്തരേണ മലയാളകാവ്യശാഖ വളരെയേറെ മുന്നോട്ടു പോയെങ്കിലും മാപ്പിളപ്പാട്ടു പ്രസ്ഥാനം ഇന്നും പഴയ നില്‍പ്പ് തുടരുകയാണ്. മാപ്പിളപ്പാട്ട് രംഗം ദുഷിക്കാതിരിക്കാന്‍ ഈ നില്‍പ് സഹായകമാകുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണുതാനും.

വ്യൈരുടെ പടപ്പാട്ടുകള്‍ ജനകീയമായതോടെ മറ്റു പലരും സമാന രചനകളുമായി വന്നു. മുണ്ടന്പ്ര ഉണ്ണിമമ്മദിന്‍റെ കര്‍ബല, വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ലയുടെ ഖൈബര്‍ തുടങ്ങിയവ സ്മരണീയമാണ്. മാപ്പിളപ്പാട്ട് രചനയില്‍ ഇതേത്തുടര്‍ന്ന് ഒഴുക്കുണ്ടായതായി കാണാം. അതോടെ പാട്ടിന് വിഷയം ഏതുമാകാമെന്ന് വന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പോലും മാപ്പിളപ്പാട്ടിന്‍റെ രചനക്ക് വിഷയീഭവിച്ചു. ഭാഷയുടെ ദുര്‍ഗ്രാഹ്യത കാരണം ‘പാടിപ്പറയുന്ന’ സദസ്സുകള്‍ അക്കാലത്ത് വ്യാപകമായി സംഘടിപ്പിക്കപ്പെട്ടിരുന്നു.

മാപ്പിളപ്പാട്ടുകളുടെ പ്രധാന സവിശേഷത അത് സമൂഹത്തില്‍ പ്രത്യക്ഷമായിത്തന്നെ ഇടപെടുന്നുവെന്നതാണ്. മാപ്പിളപ്പാട്ടില്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടുവെന്നതാണ് അതിന്‍റെ കാരണം. സിനിമാ, നാടക ഗാനങ്ങള്‍ മലയാളത്തില്‍ അനേകമുണ്ടെങ്കിലും അവ കേവലം ആസ്വാദനം മാത്രം ലക്ഷ്യമിടുന്നതാണ്. സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അവക്കു കഴിയുന്നില്ല. മാപ്പിളപ്പാട്ടിന്‍റെ സ്ഥിതി വ്യത്യസ്തമാണ്. 1921 ലെ മലബാര്‍ സമരകാലത്ത് പോരാളികള്‍ക്ക് വലിയ ദ്രോഹം ചെയ്ത ബ്രിട്ടീഷുദ്യോഗസ്ഥനായിരുന്നു ഹിച്ച് കോക്ക്. മരണശേഷം മോങ്ങത്തിനടുത്ത് വള്ളുവന്പ്രത്ത് ബ്രിട്ടീഷുകാര്‍ അയാള്‍ക്ക് സ്മാരകം നിര്‍മിച്ചു. സ്വാതന്ത്ര്യ പോരാളികളെ അവഹേളിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി കന്പളത്ത് ഗോവിന്ദന്‍ നായര്‍ എന്ന കവി ഒരു മാപ്പിളപ്പാട്ടെഴുതി. ‘അന്നിരുപത്തൊന്നില്‍ നമ്മള്‍ ഇമ്മലയാളത്തില്’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട്. അതിന്‍റെ അവസാനഭാഗത്ത് ഇങ്ങനെ കാണാം

‘മഞ്ചേരീ നിന്നഞ്ചാറ് മൈല് ദൂരമെ മോങ്ങത്തില്
സഞ്ചരിക്കുന്നോര്‍ക്ക് കാണാറാകുമാ നിരത്തില്
ചത്ത് പോയ ഹിച്ച് കോക്ക് സായിപ്പിന്‍റെ സ്മാരകം
ചാത്തനെ കുടി വെച്ച പോലെ ആ ബലാലിന്‍ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ കല്ലു നാട്ടി വെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്…’

ഈ പാട്ട് നല്‍കിയ വീറിലാണ് ഒരു സംഘം പോരാളികള്‍ സംഘടിച്ചെത്തി ഹിച്ച്കോക്ക് സ്മാരകം തകര്‍ത്തത് എന്ന് കാണാം. പാട്ടിന്‍റെ രചയിതാവായ കന്പളത്ത് ഗോവിന്ദന്‍ നായര്‍ ബ്രിട്ടീഷുകാരാല്‍ ദ്രോഹിക്കപ്പെട്ടതും ചരിത്രത്തിലുണ്ട്. മാപ്പിളപ്പാട്ട് സമൂഹത്തില്‍ ഇടപെടുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഈ അനുഭവം തന്നെയാണ് മികച്ച ഉത്തരം.

കത്ത്പാട്ട് എന്ന പേരില്‍ പുതിയ തലമുറക്ക് ഏറ്റവും പരിചിതമായത് എസ് എ ജമീലിന്‍റെ രചനയാണ്. പക്ഷേ, അതിനും എത്രയോ മുന്പ് മാപ്പിളകാവ്യ ശാഖയുടെ ഭാഗമായി അനേകം കത്ത് പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. പ്രണയവും വിരഹവും വിഷയമായാണ് മിക്ക കത്ത് പാട്ടുകളും രചിക്കപ്പെട്ടത്. പാട്ടുകളിലൂടെ ആശയം/സന്ദേശം കൈമാറുന്നത് പഴയ കാലം മുതലേ മുസ്ലിംകള്‍ക്കിടയിലെ പ്രചാരം സിദ്ധിച്ച സന്പ്രദായമായിരുന്നു. മോയിന്‍കുട്ടി വ്യൈര്‍ തന്നെയും കത്തുപാട്ടെഴുതിയിട്ടുണ്ട്. കത്ത്പാട്ടുകളുടെ ഗണത്തില്‍ ക്ലാസിക് എന്ന് പറയാവുന്നത് മറിയക്കുട്ടിയുടെ കത്തുപാട്ടാണ്. സ്വാതന്ത്ര്യ സമര കാലത്ത് ജയിലിലായ ഭര്‍ത്താവിനാല്‍ മൊഴി ചൊല്ലപ്പെട്ട മറിയക്കുട്ടിയുടെ നൊന്പരവും വേദനയുമാണ് ആ പാട്ടിന്‍റെ ഉള്ളടക്കം.

ആശയപ്രധാനമായിരുന്നു പഴയകാല മാപ്പിളപ്പാട്ടുകളെങ്കില്‍ ഇന്നത് ആസ്വാദനപ്രധാനമായിത്തീര്‍ന്നു. മികച്ച രചനകള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഈ രംഗത്തുള്ള പ്രധാന പ്രതിസന്ധി. പാട്ടുകളുടെ ദൃശ്യവല്‍കരണം ഇതിനൊരു കാരണമാണ്. മുന്പൊക്കെ പാട്ടു കേള്‍ക്കുന്നതായിരുന്നു പ്രധാനം. ഇന്ന് പാട്ടിനെക്കാള്‍ ദൃശ്യങ്ങളാണ് പ്രധാനമെന്ന് വന്നു. അപ്പോള്‍ രചന മോശമായാലും പ്രശ്നമല്ല, പശ്ചാത്തല ദൃശ്യങ്ങള്‍ നന്നായാല്‍ മതിയെന്ന നിലയിലായി കാര്യങ്ങള്‍. മുന്പ് റേഡിയോയില്‍ പാട്ടു കേട്ട് മറ്റു ജോലികളില്‍ മുഴുകാന്‍ നമുക്ക് കഴിഞ്ഞിരുന്നു. ഇന്ന് പാട്ടിന്‍റെ ദൃശ്യങ്ങളാസ്വദിക്കാന്‍ ടെലിവിഷനു മുന്പില്‍ ചടഞ്ഞിരിക്കുകയാണ്. പാട്ടിലെ വരിയും ആശയവും ആരും ശ്രദ്ധിക്കുന്നതേയില്ല. നമ്മുടെ നോട്ടവും ശ്രദ്ധയും സ്ക്രീനില്‍ തെളിയുന്നവരുടെ ഉടലിലും ഉടയാടയിലുമാണ്.

വൃത്തവും പ്രാസവുമൊപ്പിച്ച്, രചനാ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് ഇന്നും പാട്ടുകള്‍ രചിക്കപ്പെടുന്നുണ്ട്. പക്ഷേ, അര്‍ഹിക്കുന്ന സ്വീകാര്യത അവക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. നബിയനുരാഗം പ്രമേയമാകുന്ന ഒട്ടനവധി രചനകളുമുണ്ടാകുന്നുണ്ട്.

മാപ്പിളപ്പാട്ടും മദ്ഹ് ഗാനവും എസ് എസ് എഫ് സാഹിത്യോത്സവില്‍ മത്സര ഇനങ്ങളായുണ്ട്. പരന്പരാഗത രചനകളെയും പുതിയ സൃഷ്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിലൂടെ ഈ രംഗം പുഷ്ടിപ്പെടും. പുതിയ ഗായകര്‍ക്കെന്നപോലെ രചയിതാക്കള്‍ക്കും ചുവടുറപ്പിച്ച് നില്‍ക്കാന്‍ ധ്യൈം പകരുന്നതാണ് സാഹിത്യോത്സവിലെ പാട്ടിനങ്ങള്‍. ദഫ്, അറബന പോലുള്ള അനുഷ്ഠാന കലകള്‍ക്കും സാഹിത്യോത്സവ് വേദിയിലിടം ലഭിക്കുന്നുണ്ട്. സംഘാടനത്തിലെ മികവും നടത്തിപ്പിലെ ചിട്ടയും എസ്എസ്എഫ് സാഹിത്യോത്സവില്‍ എടുത്തു പറയേണ്ടതാണ്.

കഴിഞ്ഞുപോയ സാഹിത്യോത്സവുകളെ കൃത്യമായി വിശകലനവിധേയമാക്കുന്നതോടൊപ്പം വരും കാലത്ത് എങ്ങനെ കൂടുതല്‍ മികവുറ്റതാക്കാം എന്ന ആലോചന സംസ്ഥാന സാഹിത്യോത്സവുകള്‍ക്ക് പിറകെ നടക്കാറുണ്ട്. ഒന്നിലേറെ തവണ ഇത്തരം സംഗമങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഓരോ വര്‍ഷവും സാഹിത്യോത്സവ് കൂടുതല്‍ മികവുള്ളതാകുന്നതും ഇക്കാരണത്താലാണ്.

ഫൈസല്‍ എളേറ്റില്‍

You must be logged in to post a comment Login