അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു

അനന്തമൂര്‍ത്തി വാക്കുപാലിക്കുന്നു

എന്നോട് ലണ്ടനില്‍ വെച്ച് ആരാണെന്നു ചോദിച്ചാല്‍ ഇന്ത്യക്കാരനാണെന്ന് ഞാന്‍ പറയും. എന്നെപ്പോലെ തന്നെയുള്ള പാക്കിസ്താനിയല്ല എന്നു സൂചിപ്പിക്കാന്‍ ഞാനാഗ്രഹിക്കും. ദല്‍ഹിയില്‍ വെച്ചു ചോദിച്ചാല്‍ ഞാന്‍ കര്‍ണാടകക്കാരനാണെന്ന് പറയും. ബാംഗ്ലൂരില്‍ വെച്ച് മെലിജ് ഗ്രാമക്കാരനാണെന്നും പറയും. എന്നാല്‍ മെലിജില്‍ ഞാനൊന്നും പറയേണ്ടതില്ല. എന്‍റെ ജാതിയും ഉപജാതിയും ഗോത്രം പോലും അവിടെ എല്ലാവര്‍ക്കുമറിയാം. ഈ സ്വത്വങ്ങളെല്ലാം തുടര്‍ച്ചയായുള്ളതാണ് വിരുദ്ധങ്ങളല്ല. പക്ഷേ, ഇന്ത്യയില്‍ ഇതെല്ലാം രാഷ്ട്രീയക്കാര്‍ വേറിട്ടുനില്‍ക്കുന്നതും വിരുദ്ധവുമാക്കിത്തീര്‍ക്കുന്നു. അങ്ങനെ ചെയ്യുന്പോള്‍ നമുക്ക് വിലപ്പെട്ടതായ എല്ലാമെല്ലാം നഷ്ടപ്പെടുന്നു. അദ്വാനി രഥയാത്രക്ക് പുറപ്പെടുന്പോള്‍ യു. ആര്‍ അനന്തമൂര്‍ത്തി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു.

ജ്ഞാനപീഠ സമ്മാനം സ്വീകരിച്ചുകൊണ്ട് അനന്തമൂര്‍ത്തി ചെയ്ത പ്രസംഗം ഇങ്ങനെയാണാരംഭിക്കുന്നത് ശ്രീ കൃഷ്ണന്‍ ഒരിക്കല്‍ ഏതോ കാര്യത്തിന് ഭീമനെ അപമാനിച്ചു.വളരെയേറെ വിഷമം തോന്നിയതു കൊണ്ട് ഭീമന്‍ തിരിച്ചടിച്ചു. ഓ, കൃഷ്ണാ! കേള്‍ക്ക്. നീ ആഴമുള്ള വെള്ളത്തിന്മേല്‍ ഒഴുകുന്ന തോണിപോലെയാണ്. തോണിക്ക് അത് പൊങ്ങിക്കിടക്കുന്ന വെള്ളത്തിന്‍റെ ആഴമറിയുമോ?. ഞങ്ങള്‍ക്ക് നിന്നെക്കുറിച്ചുള്ള അഗാധമായ അഭിമാനത്തിന്‍റെ മുകളിലാണ് നീ പൊങ്ങിക്കിടക്കുന്നത്.

ഈ ആത്മ വിശ്വാസമാണ് നരേന്ദ്രമോഡിയെ നേരിടാന്‍ അനന്തമൂര്‍ത്തിയെ പ്രാപ്തനാക്കിയത്.”I won’t live in a country ruled by Narendra Modi“. മോഡി ഭരിക്കുന്ന ഇന്ത്യയില്‍ ജീവിക്കുന്നത് എത്രമേല്‍ നിര്‍ഭാഗ്യകരമായ കാര്യമാണ് എന്ന് വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ കാര്യം ഒരു ഫാസിസ്റ്റിന്‍റെ ഭരണത്തിനടിപ്പെടുക എന്നതാണ്.

ഹിന്ദു സംഘപരിവാര്‍ അയച്ചുകൊടുത്ത വിമാനടിക്കറ്റിന്‍റെയും വിസയുടെയും സഹായമില്ലാതെത്തന്നെ അനന്തമൂര്‍ത്തി വാക്കു പാലിച്ചു. അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട ആഹ്ലാദത്തോടെ മരിച്ച എ. കെ. ജിയുടെയും വാജ്പേയ് പ്രധാനമന്തിയായ ഞെട്ടലോടെ മരിച്ച ഇ. എം. എസിന്‍റെയും മരണത്തിനു സമാനമായിരുന്നു അനന്തമൂര്‍ത്തിയുടെ മരണം. മോഡി യുഗത്തില്‍ ജീവിച്ചിരിക്കുക എത്ര ഖേദകരമാണ്! ജീവിതം മാത്രമല്ല, മരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണല്ലോ.

പൊട്ടക്കിണറ്റിലെ തവളയുടെ കഥ അനന്തമൂര്‍ത്തി ഇടക്കിടെ ആവര്‍ത്തിക്കുമായിരുന്നു പണ്ടു പണ്ടൊരു തവളയുണ്ടായിരുന്നു. പൊട്ടക്കിണറ്റിലെ ഇരുട്ടിലും തണുപ്പിലും പെട്ടുപോയൊരു സാദാ തവള. പൊട്ടക്കിണറ്റിലെ പഴഞ്ചന്‍ തവള എന്ന പരിഹാസം കേട്ടു കേട്ട് ഒടുവിലാ തവളയും പുറത്തേക്കു ചാടി. ഹാ! എന്തൊരു വെളിച്ചം! തിളക്കം! കാറ്റ്! ചൂട്! അനന്തമായ ലോകങ്ങളിലും കാലങ്ങളിലും യാത്രചെയ്യുന്നതിനിടയില്‍, പക്ഷേ തവള വരളാനും തളരാനും തുടങ്ങി. തവളയുടെ തൊലിയിലെ ഈര്‍പ്പം നഷ്ടപ്പെടാന്‍ തുടങ്ങി. ശ്വസിക്കണമെങ്കില്‍, തുടര്‍ന്നു ജീവിക്കണമെങ്കില്‍ തവളക്കിപ്പോള്‍ പഴയ കിണറ്റിലേക്കു തിരിച്ചു പോയേ മതിയാകൂ. നമ്മുടെ കഥയിലെ തവള പഴയ പൊട്ടക്കിണറ്റിലേക്കുള്ള തിരിച്ചുയാത്രയിലാണിപ്പോള്‍…
പാരന്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് അനന്തമൂര്‍ത്തി തന്‍റെ കൃതികളിലെല്ലാം ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. സംസ്കാരയിലായാലും, ഭാരതീപുരത്തിലായാലും, അവസ്ഥയിലായാലും, ഘടശ്രാദ്ധയിലായാലും എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക എന്നാല്‍ പടിഞ്ഞാറന്‍ കാറ്റില്‍ പറന്നു പോവാന്‍ അനുവദിക്കാതിരിക്കുക. സ്വന്തം തറയില്‍ കാലുറപ്പിച്ച് നില്ക്കുക എന്ന ഗാന്ധിയന്‍ ലോഹ്യൈറ്റ് സാംസ്കാരിക രാഷ്ട്രീയമായിരുന്നു അനന്തമൂര്‍ത്തിയെ നയിച്ചത്.

മലയാളികള്‍ക്ക് വളരെ പരിചിതനാണദ്ദേഹം. എഴുത്തുകാരനെന്ന നിലയിലും അക്കാദമീഷന്‍ എന്ന നിലയിലും അയ്യങ്കാളിയുടെ പേരില്‍ അറിയപ്പെടേണ്ടിയിരുന്ന (അരുന്ധതീറോയിക്കു നന്ദി) മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായിരുന്നു അദ്ദേഹം. ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ്, എം. ഗംഗാധരന്‍, രാജന്‍ ഗുരുക്കള്‍, ഡി. വിനയചന്ദ്രന്‍, നിസാര്‍ അഹമ്മദ് തുടങ്ങിയ മികച്ച അധ്യാപകരെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ച് മികച്ചൊരു സര്‍വകലാശാല അദ്ദേഹം സ്വപ്നം കണ്ടു. പക്ഷെ നിരാശനായദ്ദേഹത്തിനു തിരിച്ചു പോകേണ്ടി വന്നു മലയാളി കേരളത്തിനു പുറത്ത് കഠിനമായി അധ്വാനിക്കും. കേരളത്തിനകത്ത് അവന്‍ മടിയനാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ ഒരു ജോലിയും ചെയ്യേണ്ടതില്ല എന്നതാണ് മനോഭാവം.അവര്‍ ജനങ്ങളുടെ യജമാനന്മാരായി, ഒരു ടൈപ്പിസ്റ്റിനെ സെക്ഷന്‍ ഓഫീസറാക്കിയാല്‍ പിന്നീടയാള്‍ ടൈപ്പു ചെയ്യുകയില്ല. അതയാളുടെ അന്തസ്സിനു യോജിച്ച പണിയല്ലാതാവുന്നു. തൊഴിലെടുക്കുന്നതിലുള്ള ആഹ്ലാദം, എടുക്കുന്ന തൊഴില്‍ ആസ്വദിക്കല്‍ ഇല്ലാതാവുകയാണ്. ജീവിതത്തിന്‍റെ സത്താപരമായ ഗുണങ്ങളിലല്ല ഇവിടെ ഊന്നല്‍. എല്ലാവര്‍ക്കും മെച്ചമേറിയ ജീവിതങ്ങളെ കുറിച്ചുള്ള സങ്കല്‍പങ്ങളാണ്. അക്കാദമിക് താല്‍പര്യങ്ങളൊക്കെ അതിനു പിന്നില്‍ മാത്രം. ധിഷണാപരമായ അനുഭൂതിയും വേദനയും ഒരേ അനുഭവമാണ്. ധിഷണാപരമായ കഠിന വേദനയില്‍ നിന്നാണ് ധിഷണാപരമായ അനുഭൂതി ജനിക്കുന്നത്. ഇത് പലരും തിരിച്ചറിയുന്നേയില്ല. കണ്‍സ്യൂമറിസത്തിനെ ധിക്കരിക്കാന്‍ ഇതൊന്നേ മാര്‍ഗമുള്ളൂ. ഇത് തിരിച്ചറിയുന്നവനേ ജീവിതം സഫലമാവൂ.

അനന്തമൂര്‍ത്തി തുടരുന്നു ആയുര്‍വ്വേദ കോളേജുകളിലെ കുട്ടികള്‍ക്ക് സംസ്കൃതം പഠിക്കാന്‍ പറ്റില്ലത്രെ! പകരം ഇംഗ്ലീഷ് പഠിക്കാനാണവര്‍ പറയുന്നത്. സംസ്കൃതം പഠിക്കാതെ എങ്ങനെയാണ് ആയുര്‍വേദം മനസ്സിലാക്കാനാവുക ? അലോപ്പതി ഡോക്ടര്‍മാരുടെ ഗ്ലാമറിലാണവര്‍ക്കു മോഹം. അതാണ് സമൂഹത്തിന് സ്വീകാര്യമാവുന്നതെന്ന് അവര്‍ കരുതുന്നു. മലയാളികളങ്ങനെ വെറും മീഡിയോക്കര്‍ വ്യക്തികളായി രൂപപ്പെട്ടു വരികയാണ്.
ഉന്നത വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുന്നതിലുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി അനന്തമൂര്‍ത്തി വീണ്ടും കേരളത്തില്‍ വന്നു. കേരളത്തിലെ അറബി വിദ്യാഭ്യാസത്തെ കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച ആശങ്കകളെ കുറിച്ചു കൂടി പറഞ്ഞുകൊണ്ട് ഈ അനുസ്മരണലേഖനം അവസാനിപ്പിക്കാം. മലയാളിക്ക് അറബി വെറുമൊരു ഭാഷയല്ല. മൂന്നിലൊന്ന് മലയാളി കുടുംബങ്ങളുടെയും ഉപ്പും ചോറുമാണ് ആ ഭാഷ. ലോകത്തിലെ അഞ്ചിലൊന്ന് മനുഷ്യരുടെ ദൈവിക ഭാഷയാണ് അറബി. ലോകത്തിലെ ഏറ്റവും മികച്ച സംസ്കാരങ്ങളിലൊന്ന് സൃഷ്ടിച്ച ഭാഷ. ഇപ്പോഴും ഏറ്റവും മികച്ച ലോക സാഹിത്യം എഴുതപ്പെടുന്ന ഭാഷ. പക്ഷേ , നിങ്ങളെങ്ങനെയാണാ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് , ഹാ..കഷ്ടം!
സിവിക് ചന്ദ്രന്‍

You must be logged in to post a comment Login