ലാ തഗ്ളബ്

ലാ തഗ്ളബ്

മലര്‍ന്നു കിടക്കുന്ന വയലിനെ നോക്കി ഉദയസൂര്യന്‍ ചിരിച്ചു. തെങ്ങോലകള്‍ക്കിടയിലൂടെ ചുറ്റിയിറങ്ങിയ കുളിര്‍ക്കാറ്റ് ഒന്ന് തൊട്ടിട്ട് തലോടി എങ്ങോട്ടോ പോയ്മറഞ്ഞു. വയലിനരികിലൂടെയുള്ള നടവഴികളിലൂടെ, പുസ്തകങ്ങളെയും ചേര്‍ത്തുപിടിച്ചു നടക്കുകയാണ് ഞാന്‍. ഇന്ന് ആദ്യ പിരിയഡ് ഹിഫ്ളാണെന്നോര്‍ത്തപ്പോള്‍ നടത്തത്തിന്‍റെ വേഗത വര്‍ധിച്ചു. നേരത്തെ മദ്രസയിലെത്തിയെങ്കിലേ പഠിച്ച ഭാഗം ഒന്നുകൂടി മനസ്സില്‍ ഉറപ്പിക്കാനാവൂ.

മദ്രസയിലെത്തുന്പോള്‍ സഹപാഠികള്‍ ആരും എത്തിയിരുന്നില്ല. ക്ലാസിലിരുന്ന് മുസ്വ്ഹഫെടുത്ത് ഹിഫ്ളിന്‍റെ ഭാഗം പലതവണ ആവര്‍ത്തിച്ചു. ക്രമേണ കൂട്ടുകാരികള്‍ എത്തിത്തുടങ്ങി. അവരെ ഓതിക്കേള്‍പ്പിച്ചു. ഫാമിദ പഠിച്ചുവെന്ന് അവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. നെഞ്ചുഴിഞ്ഞ്, ഞാന്‍ പഠിച്ചിട്ടില്ലാ, ഞാന്‍ പഠിച്ചിട്ടില്ലാ എന്ന് പലരും വിലപിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരികളുടെ സര്‍ട്ടിഫിക്കറ്റിന്‍റെ ധ്യൈത്തില്‍ ഞാനിരുന്നു.

ഹൃദയത്തില്‍ ഭയത്തിന്‍റെ പെരുന്പറ മുഴക്കി ബെല്ലടിച്ചു. റബ്ബേ, ഉസ്താദ് ഓതിക്കുന്പോള്‍ പഠിച്ചത് ഓതിക്കൊടുക്കാന്‍ കഴിയണേ! മനസ്സാ പ്രാര്‍ത്ഥിച്ചു. ജമാലുസ്താദാണ് ഞങ്ങളുടെ അധ്യാപകന്‍. അധ്യാപനകാര്യത്തില്‍ അല്പം കണിശത കൂടുതലാണ്. വീട്ടില്‍ നിന്ന് എഴുതാനും പഠിക്കാനും പറഞ്ഞത് ചെയ്യാതെ വന്നാല്‍ അവരെ നിര്‍ത്തിപ്പൊരിക്കുക തന്നെ ചെയ്യും. അറ്റന്‍റന്‍സ് റജിസ്റ്ററൊക്കെ പൂര്‍ത്തിയാക്കി ഉസ്താദ് എഴുന്നേറ്റു നിന്നു.

ഇന്ന് ഹിഫ്ളാണല്ലേ, എല്ലാവരും കാണാതെ പഠിച്ചീലേ..? ഗാംഭീര്യശബ്ദം. ഹിഫ്ളുള്ള എല്ലാ ദിവസങ്ങളിലും ഉസ്താദിന്‍റെ മുഖത്തും ശബ്ദത്തിലും അല്‍പം ഗാംഭീര്യം തുടിച്ചു നിന്നിരുന്നു. (എനിക്കങ്ങനെ തോന്നുന്നതാണാവോ…?) ഉം ഞങ്ങളുടെ മൂളലിനു ശക്തി കുറവായിരുന്നു.

എന്നാല്‍ ഓരോരുത്തരായി ഓതട്ടെ മേശയിലുണ്ടായിരുന്ന വടി കയ്യിലെടുത്തു കൊണ്ട് ഉസ്താദ് പറഞ്ഞു. കുട്ടികളെല്ലാം തലതാഴ്ത്തിയിരുന്നു. ആദ്യം എന്നെ വിളിക്കരുതേ എന്നൊരു തേങ്ങല്‍ ക്ലാസ് മുറിയില്‍ നിറഞ്ഞു നില്‍ക്കുന്നതായി തോന്നി. ആണ്‍കുട്ടികളെയാണ് ആദ്യം ഓതിപ്പിച്ചത്. ഓത്ത് തെറ്റിച്ചവര്‍ ചൂരല്‍കഷായം കുടിച്ച്, ക്ലാസിനു പുറത്തു വരിയായി ചുമരും ചാരി നിന്നു.

പെണ്‍കുട്ടികളുടെ ഭാഗം ആരംഭിച്ചു. അടുത്തിരിക്കുന്ന കൂട്ടുകാരികളും പുറത്ത്. അടുത്തത് എന്‍റെ ഊഴമാണ്. ഞാന്‍ യാന്ത്രികമായി എഴുന്നേറ്റു നിന്നു. ഹൃദയം പൂര്‍വോപരി ശക്തമായി മിടിച്ചു. ഹൃദയമിടിപ്പിന്‍റെ പ്രതിഫലനം ശരീരമാസകലം വ്യാപിച്ചു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പൂര്‍ണമായും പഠിച്ചതാണ്. പഠിച്ചുവെന്ന് കൂട്ടുകാരികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമാണ്. പക്ഷേ, എന്‍റെ ചുണ്ടനങ്ങിയില്ല. കഷ്ടപ്പെട്ട് പഠിച്ചതൊന്ന് ഓതിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! വെപ്രാളത്തിനിടെ ഹൃദയത്തില്‍ നിന്ന് അത് ഡിലീറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.

ഉസ്താദിന്‍റെ ചൂരല്‍ കൈവെള്ളയില്‍ വീണു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പുറത്ത് നില്‍ക്കുന്ന കുട്ടികളില്‍ എനിക്കും അംഗത്വം ലഭിച്ചു. കവിളിലൂടെ ഒലിച്ചിറങ്ങിയ ബാഷ്പം മുസ്വ്ഹഫില്‍ വീണു. അവ്യക്തമായ അക്ഷരങ്ങള്‍ പൊറുക്കിയെടുത്ത് ഹൃദയങ്ങളില്‍ അടുക്കിവെക്കാനാരംഭിച്ചു.

എല്ലാവരും നല്ല പഠനത്തിലാണ്. നീ പഠിച്ചോ…? ഉസ്താദിന്‍റെ ശബ്ദം കേട്ട് തല ഉയര്‍ത്തി നോക്കി. എന്നോടല്ല, അടുത്തു നില്‍ക്കുന്ന കൂട്ടുകാരി ഫൈറൂസയോടാണ്. അവള്‍ മുഖം കറുപ്പിച്ച് മുസ്ഹഫിലേക്ക് നോക്കി.

ഞാന്‍ പഠിക്കൂലാ..അവളുടെ ശബ്ദമുയര്‍ന്നു ഒരു കുട്ടി ഉസ്താദിനോട് പ്രതിഷേധ സ്വരത്തില്‍ സംസാരിക്കുന്നു. നീ പഠിക്കൂലേ…? ചോദ്യവും ചൂരല്‍ പ്രയോഗവും ഒന്നിച്ചായിരുന്നു. അവള്‍ മുറ്റത്തിറങ്ങി ഓടി.

അല്പം കഴിഞ്ഞ്, നിരാശയോടെ ഉസ്താദ് ക്ലാസിലേക്ക് കയറിവന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി. കുട്ടികള്‍ നന്നായി പഠിക്കട്ടെയെന്ന സദുദ്ദ്യേം മാത്രമാണ് ഉസ്താദിനുള്ളത് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പോള്‍ ഖുര്‍ആന്‍ ഓതാന്‍ ഞങ്ങളിലാരോ ഉപദേശിച്ചു.

രണ്ടുദിവസം കഴിഞ്ഞ് ഫൈറൂസ വീണ്ടും ക്ലാസിലെത്തി. പക്ഷേ, ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സ്നേഹമസൃണമായ പുഞ്ചിരി കലര്‍ത്തി ഉസ്താദ് ഒരു സംഭവം ഞങ്ങള്‍ക്കു പറഞ്ഞു തന്നു

ഒരു ദിവസം ഒരാള്‍ നബി സ്വയുടെ അടുത്തെത്തി. എന്തെങ്കിലും കാര്യം പറഞ്ഞു കൊടുക്കണമെന്നഭ്യര്‍ത്ഥിച്ചു. നബി സ്വ അയാളോട് പറഞ്ഞു ലാ തഗ്ളബ്, ലാ തഗ്ളബ്, ലാതഗ്ളബ്… നീ കോപിക്കരുത്, കോപിക്കരുത്, കോപിക്കരുത്. ഉസ്താദിന്‍റെ വാക്കുകള്‍ കേട്ട് ഞങ്ങള്‍ ചിരിക്കണോ കരയണോ എന്നറിയാതെ മിഴിച്ചു നിന്നു.

ഫാമിദ ഫര്‍സാന, സി
അല്‍ബയാന്‍ വിമന്‍സ് കോളജ്, കുന്നുംപുറം

You must be logged in to post a comment Login