നാം ഗവേഷണവസ്തുവായി ഉണക്കിയെടുത്ത നിതാഖാത്

നാം ഗവേഷണവസ്തുവായി  ഉണക്കിയെടുത്ത നിതാഖാത്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇക്കുറി ഫെലോഷിപ്പിന്നായി തെരഞ്ഞെടുത്ത വിഷയങ്ങളിലൊന്ന് നിതാഖാത്തിന്‍റെ ആഘാതം ആണ്. സുഊദി സര്‍ക്കാര്‍ നടപ്പാക്കിയ ഒരു തൊഴില്‍ പരിഷ്കരണനിയമം നമ്മുടെ നാട്ടില്‍ ഒരു ലക്ഷം രൂപയുടെ ഗവേഷണ വിഷയമായി മാറിയതും അതുതന്നെ ഒരു ന്യൂനപക്ഷ വിഷയമായി ചുരുങ്ങിയതും കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. നിതാഖാത് വിഷയം കേരളത്തിലെ വീടകങ്ങളില്‍ ആശങ്കകളായും നെടുവീര്‍പ്പുകളായും പുകപടലങ്ങള്‍ ഉയര്‍ത്തിയേപ്പാള്‍ അത് മലപ്പുറം ജില്ലയുടെ മാത്രം ഉത്ക്കണ്ഠയായി മുദ്രകുത്താന്‍ മാധ്യമങ്ങള്‍ തുനിഞ്ഞതിന്‍റെ പ്രത്യാഘാതം ചെന്നവസാനിച്ചത് സര്‍ക്കാരിന്‍റെ കടുത്ത പക്ഷപാത നിലപാടിലായിരുന്നു. നിതാഖാത് കുരുക്കില്‍പ്പെട്ട് ജോലി നഷ്ടപ്പെട്ടു തിരിച്ചുവന്ന ആയിരക്കണക്കിനു ഹതഭാഗ്യര്‍ക്കായി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നല്ല, സര്‍ക്കാര്‍ ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടാവാതിരുന്നത് കൊണ്ട് ചില അതിജീവന പദ്ധതികള്‍ മനസ്സില്‍ വരച്ചുവെച്ചാണ് പല ചെറുപ്പക്കാരും റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും മടക്കവിമാനം കയറിയത്. ഇവിടെ എത്തിയ ഉടന്‍ വിമാനത്താവളങ്ങളുടെ മൂലയില്‍ മേശയിട്ടിരുന്ന നോര്‍ക്ക മേലാളന്മാര്‍ക്ക് മുഖദര്‍ശനം നല്‍കാനും പേര് റജിസ്റ്റര്‍ ചെയ്യാനും കൂട്ടാക്കാതെ അവര്‍ നാട്ടിലെത്തിയ ഉടന്‍, മരുക്കാട്ടില്‍ പഠിച്ച പണി ഇവിടെ ഭംഗിയായി പരീക്ഷിച്ചു. അങ്ങനെ നിതാഖാത്ത് തട്ടുകടകളും നിതാഖാത്ത് മീന്‍കടകളുമൊക്കെ നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി മുളച്ചുപൊങ്ങി. സര്‍ക്കാര്‍ കരാവലംബമായി എത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. നാനാവിധ പ്രഖ്യാപനങ്ങള്‍ ഉണ്ടായതല്ലാതെ ആരും സഹായത്തിനു എത്തിയില്ല. നിതാഖാത് കേരളത്തിലെ അടുക്കളകള്‍ക്ക് പോലും സുപചരിചിതമായ ഒരു പേരായി മാറിയത് മിച്ചം.

എന്നാല്‍, നിതാഖാതിനെ നാം മറന്നെങ്കിലും അങ്ങനെ പെട്ടെന്ന് മറക്കാന്‍ സുഊദി ഭരണകൂടം തയ്യാറല്ല എന്നാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. പുതിയ ഭേദഗതികളുമായി നിതാഖാത് വ്യവസ്ഥകള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ അധികൃതര്‍ ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും മലയാളികളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കയാണ്. നിയമ പരിഷ്കരണത്തിന്‍റെ ഇരകളായി തിരിച്ചെത്തിയവരെ പുനരവധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്ത ചുറ്റുപാടില്‍ പലരും തൊഴില്‍രഹിതരായി അലയുന്നതിനിടയിലാണ് കൂടുതല്‍ പേര്‍ ഇനിയും മടങ്ങിവരുമെന്ന ഭീഷണി ഉയരുന്നത്. രണ്ടുതരത്തിലാണ് പച്ചയും ചുകപ്പും ആഘാതമേല്‍പിക്കാന്‍ പോകുന്നത്. ട്രാഫിക് സിഗ്നലുകളില്‍ ഉപയോഗിക്കുന്ന ചുകപ്പ്് നമ്മെ അലോസരപ്പെടുത്താറുണ്ടെങ്കില്‍ അതേ ചുകപ്പ് തന്നെയാണ് തലക്കുമുകളിലെ വാളായി പ്രവാസികളുടെ സ്വപ്നങ്ങളെ അറുത്തുമാറ്റാന്‍ തുങ്ങിനില്‍ക്കുന്നത്. ഇപ്പോഴും 17,314സ്ഥാപനങ്ങള്‍ ഒരൊറ്റ സ്വദേശി പൗരനുമില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഇങ്ങനെ മുദ്രകുത്തപ്പെട്ട സ്ഥാപനങ്ങളില്‍ 2,41, 530 മറുനാടന്‍ തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഈ തൊഴിലാളികളുടെ റസിഡന്‍റ് പെര്‍മിറ്റ് (ഇഖാമ) പുതുക്കാനോ വിസ മാറ്റാനോ സാധ്യമല്ല എന്നിരിക്കെ അവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമാണ് നഷ്ടപ്പെടാന്‍ പോകുന്നത്. കിനാക്കളുടെ ഭാണ്ഡം താഴത്തുവെച്ച് നാട്ടിലേക്ക് മടങ്ങാന്‍ പോലും സാധിക്കണമെന്നില്ല. തര്‍ഹീല്‍(നാടുകടത്തല്‍) കേന്ദ്രമായിരിക്കും അവസാന ശരണാലയം. അങ്ങനെ വരുന്പോള്‍ ഇനി ഒരിക്കലും സുഊദിയിലേക്ക് മടങ്ങാന്‍ പറ്റാത്തവിധം പാസ്പോര്‍ട്ടുകളില്‍ വിലക്ക് മുദ്ര കുത്തപ്പെടാനാണ് സാധ്യത.

രണ്ടാമതായി, ഇതുവരെ പച്ചഗണത്തില്‍ കയറിക്കൂടിയ സ്ഥാപനങ്ങളില്‍ പോലും നിതാഖാതിന്‍റെ മാര്‍ദവസ്പര്‍ശം കയറിവരുന്ന കാഴ്ചയും കാണേണ്ടിവരികയാണ്. പച്ച വിഭാഗത്തെ ഇളം, സാദാ, കടും പച്ചയായി വേര്‍തിരിച്ചു സ്വദേശിവത്കരണത്തിന്‍റെ തോതിനനുസരിച്ച് ആനുകൂല്യങ്ങള്‍ കുട്ടാനും കുറക്കാനും തൊഴില്‍മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ആവശ്യമായ സ്വദേശികളെ മാത്രം നിയമിച്ച ഇളം പച്ച വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി സുഗമമായി മുന്നോട്ടുപോവാന്‍ സാധ്യമല്ല. ഈ ഗണത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 25മുതല്‍ പുതിയ വിസ കിട്ടാന്‍ അര്‍ഹതയുണ്ടാവില്ല. മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിഭാഗത്തിലേക്ക് വിസ മാറ്റാനും കഴിയില്ല. അതോടെ, ഈ ഇളംപച്ച, പഴയ മഞ്ഞയുടെ ഗതികേടിലേക്കായിരിക്കും നീങ്ങുക. ഇഖാമ പുതുക്കാന്‍ ഭീമമായ തുക ഫീസായി നല്‍കേണ്ടിവരുമെന്നതും പുതിയ ഭേദഗതിയുടെ കടും പ്രത്യാഘാതമാണ്. ഇതിന്‍റെയൊക്കെ പ്രഹരമേല്‍ക്കേണ്ടിവരുന്നത് പ്രവാസികള്‍ക്കു തന്നെയായിരിക്കും. എഴുപതുകളുടെ തുടക്കം മുതല്‍ മലയാളികളുടെ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന സുഊദി അറേബ-്യ മലയാളികളായ നമുക്ക് അന-്യമാവുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഭരണകൂടത്തിന്‍റെ മനസ്സിലുള്ള പദ്ധതി അതു തന്നെയാണ്. വിദേശികളുടെ മേലുള്ള ആശ്രിതത്വം പരമാവധി കുറച്ചു സ്വദേശികള്‍ക്ക് ജോലിയും നല്ല ശന്പളവും നല്‍കുക എന്നതാണ് ആത്യന്തികലക്ഷ്യം. രണ്ടുവര്‍ഷം മുന്പ് വിരിഞ്ഞ അറബ് വസന്തത്തിന്‍റെ അലയൊലികള്‍ കലാപം സൃഷ്ടിച്ചത് ജനമനസ്സുകളിലേതിനേക്കാള്‍, അറബ് ഭരണാധികാരികളുടെ മനോമുകുരങ്ങളിലാണ്. രാഷ്ട്രീയമായി ചിന്തിച്ചു മാറ്റത്തിന്‍റെ കാറ്റ് വിതക്കുന്ന സാമൂഹിക, സാന്പത്തിക അവസ്ഥ ഇല്ലാതാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ കണ്ടുപിടിച്ച മാര്‍ഗം യൂറോപ്പില്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശ്രദ്ധ തിരിച്ചു വിടുന്ന സര്‍ക്കാര്‍ നയത്തിനു സമാനമായ പ്രവാസിവിരുദ്ധ വികാരോദ്പാദനമായിരുന്നു. നിതാഖാത് അതിന്‍റെ ഉപോല്‍പന്നമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഈ നില കേരളത്തിന്‍റെ അടുക്കളകളില്‍ നെടുവീര്‍പ്പുയര്‍ത്തുമെന്ന് ആരും നിനച്ചിരുന്നതായിരുന്നില്ല.

വീണ്ടും മലയാളികളുടെ കൂട്ട മടക്കയാത്ര സംഭവിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു വല്ലതും ചെയ്യാനുണ്ടോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ല. കാരണം, നിതാഖാതിന്‍റെ ഒന്നാം ഘട്ടത്തില്‍ കരിപ്പൂരിലും നെടുന്പാശ്ശേരിയിലും പ്രവാസിമലയാളികള്‍ ഒന്നിച്ചു വിമാനമിറങ്ങുന്പോഴും എല്ലാം മാധ്യമസൃഷ്ടി എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമൊക്കെ കൈ കഴുകാന്‍ ശ്രമിക്കുകയായിരുന്നു. അവസാനം, ജീവിക്കാന്‍ പഠിച്ച ഗള്‍ഫുകാര്‍ സ്വന്തം വഴിക്കു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. അതേ സമയം, നിതാഖാത് വിഷയം കൈകാര്യം ചെയ്ത മാധ്യമങ്ങളും വിഷയത്തെ അതിന്‍റെ ഗരിമയില്‍ അവതരിപ്പിക്കുകയോ അധികൃതരുടെ ബധിരകര്‍ണങ്ങളില്‍ ഒച്ചവെക്കുകയോ ചെയ്തില്ല. എന്നാല്‍, ഇറാഖിലെ മുസൂലിനടുത്ത് പത്തുനാല്‍പതു നഴ്സുമാര്‍ കുടുങ്ങിയെന്നു കേട്ടപ്പോള്‍ ഇസ്ലാമിക ഭീകരര്‍ അവരുടെ തലവെട്ടാന്‍ പോവുകയാണെന്ന് ആരൊക്കെയോ ചേര്‍ന്ന് ആക്രോശിച്ചു. അതുകേട്ട് ഞെട്ടിയുണര്‍ന്ന മുഖ്യമന്ത്രിയും പരിവാരവും ഏതോ യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായി വരുന്നവരെന്ന വ്യാജേന നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ ആനയും അന്പാരിയുമായി ആ യുവതികള്‍ക്ക് വരവേല്‍പ് നല്‍കി. അവരെ വീട്ടിലെത്തിക്കാന്‍ ഇന്നോവ കാറുകള്‍ നിരത്തി. വഴിച്ചെലവിനു കാശും ജോലിവാഗ്ദാനവും നല്‍കി. കോട്ടയത്തെയും പത്തനംതിട്ടയിലെയും നസ്രാണിപ്പെണ്ണുങ്ങളുടെ കാര്യം വന്നപ്പോള്‍ കേരള സര്‍ക്കാര്‍ കാണിച്ച ആവേശം എന്തുകൊണ്ട് ലിബിയയില്‍നിന്നും സൗദിയില്‍നിന്നും തിരിച്ചുവരേണ്ടി വരുന്ന മലയാളിമങ്കമാരുടെയും ബാല്യക്കാരുടെയും കാര്യത്തില്‍ കാണിക്കുന്നില്ല എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നിങ്ങള്‍ക്ക് സ്വയം കണ്ടെത്താം.

വാല്‍ക്കഷ്ണം സൗദിയുമായി ബന്ധപ്പെട്ട വാര്‍ത്തയാകുന്പോള്‍ എന്തും വെച്ചുകാച്ചാം എന്നതിന്‍റെ ചെറിയൊരു സാന്പിള്‍ നോക്കൂ. ഒരിടവേളക്കു ശേഷം ആഭ്യന്തര മന്ത്രാലയം തുടങ്ങിയ പരിശോധനക്കു റിയാദില്‍ ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അസീസാണ് നേരിട്ട് നേതൃത്വം നല്‍കിയത്. മണിക്കുറുകള്‍ നീണ്ട പരിശോധനയിലുടനീളം ഗവര്‍ണര്‍ പോലിസിനൊപ്പമുണ്ടായിരുന്നു. ഫ്ളാറ്റുകള്‍ അടക്കമുള്ള പാര്‍പ്പിടകേന്ദ്രങ്ങളില്‍ കയറി ഗവര്‍ണര്‍ നേരിട്ട് നിയമലംഘകരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.(മാതൃഭൂമി , 2014ആഗസ്റ്റ് 23, കോട്ടക്കലിലിരുന്ന് സിറാജ് കാസിം. )

റിയാദ് ഗവര്‍ണര്‍ ബത്ഹയിലൂടെ നടന്നും ഫ്ളാറ്റുകള്‍ കയറിയിറങ്ങിയും നിയമവിരുദ്ധരെ കൈയോടെ പിടികൂടുന്നത് കാണാന്‍ നല്ല രസമുണ്ടാവുമല്ലേ? 25ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഒരു രാജ്യത്തെ കുറിച്ച് മലപ്പുറത്തിരുന്നു എന്തും തട്ടിവിടാമെന്ന് തീരുമാനിച്ചാല്‍ പിന്നെ എന്തു ചെയ്യും.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login