വര്‍ഗീയതയെ നേരിടാന്‍ മതസത്തയെ ഉപയോഗിക്കുക

വര്‍ഗീയതയെ നേരിടാന്‍  മതസത്തയെ ഉപയോഗിക്കുക

വര്‍ഗീയതയെ എതിര്‍ത്തു തോല്‍പിക്കുന്നതിന് മതങ്ങളെതന്നെ ഉപാധിയാക്കുക അഭികാമ്യമായ ഒരു രീതിയാണ്. മനുഷ്യനെ സ്നേഹിക്കാനുള്ള സിദ്ധി എല്ലാ മതങ്ങളിലുമുണ്ട്. ദൈവത്തെ സ്നേഹിക്കുന്നതിലൂടെ മനുഷ്യന്‍ സ്നേഹം പരിശീലിക്കുന്നു. ഈ പരിശീലനം ഇതര മതക്കാരനെ സ്നേഹിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ സെക്കുലറിസം മതത്തിന്‍റെ ഈ സാധ്യത കണക്കിലെടുക്കുന്നില്ല. മതത്തെ നിരാകരിക്കുന്നതിലൂടെ സ്നേഹം പകര്‍ന്നു നല്‍കുന്നതിനുള്ള സാധ്യതയെയാണ് മതേതരത്വം നിരാകരിക്കുന്നത്.

എല്ലാ നാടുകളിലും വിവിധ മതക്കാര്‍ ആചാരങ്ങളുടെയും ആശയങ്ങളുടെയും കൊള്ളക്കൊടുക്കകളിലൂടെയാണ് ആരോഗ്യകരമായ മതവീക്ഷണവും പ്രപഞ്ച വീക്ഷണവും വളര്‍ത്തിയെടുത്തത്. കര്‍ണാടകത്തില്‍ ശിശുനാള്‍ ശരീഫ് എന്ന ഒരു കവിയുണ്ട്. ഗോവിന്ദഭട്ട എന്ന ഹിന്ദു ആചാര്യന്‍റെ അനുയായി ആയിരുന്നു ശരീഫ്. കന്നട സാഹിത്യത്തില്‍ മതസമന്വയത്തിന്‍റെ ധാരയെ പരിപോഷിപ്പിക്കുന്നതില്‍ ശരീഫിന്‍റെ കവിതകള്‍ പങ്കുവഹിച്ചു. ബിജാപ്പൂര്‍/ ബിദാര്‍ മേഖലകളിലെ ഹിന്ദുമുസ്ലിം മതവിശ്വാസികള്‍ പുലര്‍ത്തിപ്പോന്ന ഏകതാബോധം പത്തൊന്പതാം നൂറ്റാണ്ടില്‍ കന്നഡ കവിതയുടെ നവോത്ഥാനത്തെ സഹായിക്കുകയുണ്ടായി.

മറ്റൊരു ദൈവം എന്ന ആശയത്തെ ഉള്‍കൊള്ളാന്‍ ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം തുടങ്ങിയ സെമിറ്റിക് വിശ്വാസ ദര്‍ശനങ്ങള്‍ക്ക് സാധിക്കുകയില്ല. ഒരേയൊരു ദൈവമേയുള്ളൂ ഈ മതങ്ങള്‍ക്ക്. വൈഷ്ണവര്‍ക്ക് സാകാരവും സഗുണവുമായ ദൈവമാണ്. ഇസ്ലാമിനും ക്രിസ്തുമതത്തിനും നിരാകാരവും സഗുണവുമായ ദൈവമാണ്. ഇന്ത്യന്‍ തത്ത്വശാസ്ത്രത്തില്‍ നിരാകാരവും നിര്‍ഗുണവുമായ ദൈവത്തിനും സ്ഥാനമുണ്ട്. അദ്വൈതം ഏതാണ്ട് ഈ അവസ്ഥയെയാണ് ആവിഷ്കരിക്കുന്നത്. ദൈവത്തോടുള്ള സ്നേഹം ഈ രണ്ട് സാമൂഹ്യാവസ്ഥകളിലും പ്രസക്തമാണ്. മതത്തിലൂടെ മാത്രമേ വര്‍ഗീയതയെ നേരിടാനാവൂ എന്ന് പറയുന്നത് ഈ സ്നേഹത്തിന്‍റെ ശക്തി (ുീലേിശേമഹ) തിരിച്ചറിയുന്നത് കൊണ്ടാണ്.

ഒരാളുടെ ദൈവസ്നേഹം മറ്റെയാളുടെ അവകാശങ്ങളെ ഹനിക്കുന്പോഴോ എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നുവരാം. എന്‍റെ ദൈവം സംതൃപ്തനാവുന്നത് എന്‍റെ ശത്രുക്കളുടെ ചോര കൊണ്ടാണ് എന്നു വന്നാലോ? രാമന്‍ രാഘവനെപ്പോലെയുള്ള റിപ്പര്‍മാര്‍ ഭീകരമായ കൊലപാതകങ്ങള്‍ നടത്തിയത് ദൈവപ്രീതിക്കായിരുന്നു. ദൈവപ്രീതി ഇവിടെ വികലമായിത്തീരുകയാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് അവസരം നല്‍കാത്ത ദൈവിക ഇഛകള്‍ സ്നേഹത്തെ നിരാകരിക്കുന്ന ഇഛകളാണ്. മുഹമ്മദ് നബി ജിഹാദിന്ന് ഒരുപാട് വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് സമാധാനപരമായ സഹവര്‍ത്തിത്വത്തെ സംബന്ധിച്ചേടത്തോളം പ്രസക്തമായ രാഷ്ട്രീയ വ്യവസ്ഥകളാണ്. പില്‍ക്കാലത്ത് ചില ഇസ്ലാമിക ഭരണാധികാരികള്‍ക്ക് ഈ ഉള്‍ക്കാഴ്ച ഇല്ലാതെ പോവുകയാണുണ്ടായത്. തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇത്. ഖുര്‍ആന്‍ മുന്‍നിര്‍ത്തി പ്രായോഗികരംഗത്ത് മുസ്ലിംകള്‍ക്കുണ്ടാകുന്ന വ്യതിചലനങ്ങളെ വിമര്‍ശിക്കാം. ബൈബിളിനെ മുന്‍നിര്‍ത്തി ക്രിസ്ത്യാനികളെയും ഭഗവദ്ഗീതയെ മുന്‍നിര്‍ത്തി ഹിന്ദുക്കളെയും വിമര്‍ശിക്കാം. വേദഗ്രന്ഥങ്ങള്‍ ആത്മീയസാക്ഷാത്ക്കാരത്തിനുള്ള ഉപാധികള്‍ തുറന്നിടുകയേ ചെയ്യുന്നുള്ളൂ. അരവിന്ദന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, രമണമഹര്‍ഷി തുടങ്ങിയ ഗുരുക്കളെല്ലാം ഈ വാതിലിലൂടെ സഞ്ചരിച്ച് ആത്മീയാന്വേഷണം നടത്തിയവരാണ്.

മതത്തിന്‍റെ ആത്മീയാന്വേഷണങ്ങളെ രാഷ്ട്രീയാന്വേഷണങ്ങളാക്കുന്പോഴാണ് മതം ജീര്‍ണിക്കുന്നത്. തൊഗാഡിയമാര്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജി രണ്ടു കൃഷ്ണന്മാരെ പറ്റി പറയുന്നുണ്ട്. സ്നേഹത്തിന്‍റെ പ്രതീകമായ കൃഷ്ണന്‍ ഒരു വശത്ത്. രാഷ്ട്രീയക്കാരനായ കൃഷ്ണന്‍ മറുവശത്ത്. രണ്ടാമത്തെ കൃഷ്ണന്‍ യുദ്ധം ജയിക്കാന്‍ എല്ലാ കൗശലങ്ങളും അധര്‍മങ്ങളും പ്രയോഗിക്കുന്നു. ക്ഷത്രിയന്‍റെ പരമധര്‍മം യുദ്ധമാണെന്ന മൂല്യത്തിന്‍റെ മറവില്‍ നിന്നാണ് ഇതൊക്കെ ചെയ്യുന്നത്. കൃഷ്ണന്‍ അതുവഴി ഒരു ദൈവിക പ്രതീകമല്ലാതാവുകയും ദേശീയ പ്രതീകമാവുകയും ചെയ്യുന്നു. തിലകനും മദനമോഹനമാളവ്യയും കൃഷ്ണനില്‍ ഈ ദേശീയ സ്വത്വം കണ്ടെത്തിയവരാണ്. തൊഗാഡിയ ഈ കണ്ടെത്തലിന്‍റെ ജീര്‍ണിത രൂപമാണ്.

മഹാത്മാഗാന്ധി പക്ഷേ, ഈ രാഷ്ട്രീയത്തിന്‍റെ അപകടം മണത്തറിഞ്ഞു. തിലകന്‍റെ വ്യക്തിത്വത്തിന്‍റെ ഉജ്ജ്വലപ്രഭാവത്തോട് പൊരുതി നില്‍ക്കാന്‍ തനിക്കു സാധിക്കുകയില്ല എന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. തിലകന്‍റെ മനസ്സ് വിശ്വസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഗാന്ധി മനപ്പൂര്‍വ്വം ഈ സ്വാധീനത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും കൃഷ്ണനെ ഉള്‍കൊള്ളാന്‍ മറ്റനേകം സാധ്യതകള്‍ തുറന്നിടുകയും ചെയ്തു. ഒട്ടേറെ വഴികള്‍ ഉണ്ട് എന്നതാണ് ഹിന്ദുമതത്തിന്‍റെ പ്രത്യേകത. ഗാന്ധി ഈ വഴികളാണ് ചൂണ്ടിക്കാണിച്ചത്, എപ്പോഴും.

മുസ്ലിംകള്‍ ഇന്ന് ലോകാടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംപീരിയലിസത്തിനെതിരായി പൊരുതുകയാണ്. ഈ പോരാട്ടത്തിന് മതകീയ മാനങ്ങളുണ്ട്. അത് കൊണ്ടാണ് അവ മതമൗലികവാദത്തിലേക്ക് വഴിമാറിപ്പോവുന്നത്. ഒരളവോളം മുസ്ലിംകളുടെ ഈ പോരാട്ടം ന്യായീകരിക്കപ്പെടാവുന്നതാണ് എന്ന് പറയാം. മുസ്ലിം ഉമ്മത്ത് എന്ന സാമുദായിക ബോധം അവരെ ഒരുമിച്ചു നിര്‍ത്തുന്നു എന്നും പറയാം. ഇന്ത്യയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമാണ്. അതിനാല്‍ മുസ്ലിം വര്‍ഗീയതയെ നാം കാണേണ്ടത്, ഹിന്ദുവര്‍ഗീയതയെപ്പോലെ തന്നെ അപകടകരമാണ് എന്ന നിലയിലല്ല. ഭൂരിപക്ഷ സമുദായം മുസ്ലിംകളോട് സൗമനസ്യം കാണിക്കണം. സംവരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ അവര്‍ക്കു നല്‍കണം. അങ്ങനെയാണ് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത്. നിര്‍ഭാഗ്യവശാല്‍ പല ഹിന്ദുക്കള്‍ക്കും ആ ചിന്തയില്ല. എന്‍റെ ഒരു സുഹൃത്ത് ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി. ബാബരിമസ്ജിദ് തകര്‍ന്നതിനു ശേഷം മുസ്ലിംകള്‍ കീഴടങ്ങലിന്‍റെ മാനസികാവസ്ഥയിലാണ്. അവര്‍ ഹിന്ദുക്കള്‍ മുന്നോട്ടുവെക്കുന്ന ഏത് നിര്‍ദേശത്തിനും വഴങ്ങി ജീവിച്ചുകൊള്ളും. നിങ്ങള്‍ മതേതരവാദികളാണ് അവര്‍ക്ക് ഇടം നല്‍കുന്നത് എന്നെല്ലാം.’ എനിക്കു പറയാനുള്ള മറുപടി ഹിന്ദുക്കള്‍ മുസ്ലിംകള്‍ക്ക് പൊതുജീവിതത്തില്‍ കൂടുതല്‍ ഇടം നല്‍കണമെന്നാണ്. മുസ്ലിംകളും ഈ മനോഭാവം പ്രകടിപ്പിക്കണം. ഹിന്ദുവര്‍ഗീയവാദികള്‍ക്ക് മേക്കിട്ടുകയറാനാവാത്ത തരത്തില്‍ ദേശസ്നേഹം പ്രകടിപ്പിക്കാന്‍ അവര്‍ തയാറാവണം. ദേശസ്നേഹവും ദേശീയതയും രണ്ടും രണ്ടാണ്. നിര്‍ഭാഗ്യവശാല്‍ മുസ്ലിംകള്‍ ദേശസ്നേഹികളായാല്‍ പോരാ, ഹിന്ദുദേശീയതയുടെ ഭാഗമാകണമെന്നാണ് ഹിന്ദുത്വക്കാര്‍ നിര്‍ബന്ധിക്കുന്നത്. സെക്കുലറിസ്റ്റുകളാകട്ടെ, മതങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. രാഷ്ട്രീയ ഹിന്ദുത്വവും രാഷ്ട്രീയ ഇസ്ലാമും ഈ സാധ്യതകളെ നിരാകരിക്കുന്നു. പാശ്ചാത്യ മതേതരത്വവും അതുതന്നെയാണ് ചെയ്യുന്നത്. മഹാത്മാഗാന്ധി ഹിന്ദുത്വത്തിന് എത്രത്തോളം സാധ്യതകളുണ്ടെന്നാണ് അന്വേഷിച്ചത്. ഗാന്ധി ഒരു നിയമമല്ല, അപവാദമാണ്. ഓരോ ഹിന്ദുവും ഈ മനോഭാവത്തിലേക്ക് നീങ്ങുകയാണ് വേണ്ടത്.

ഹിന്ദു വര്‍ഗീയവാദികള്‍ക്ക് ആധുനികതയുടെ എല്ലാ സൗകര്യങ്ങളുമുണ്ട്. അവര്‍ ആധുനികതയുടെ ആയുധമുപയോഗിച്ച് മുസ്ലിം മൗലിക വാദത്തോട് പൊരുതുന്നു. ക്രിസ്തീയവര്‍ഗീതയും അതുതന്നെയാണ് ചെയ്യുന്നത്. സന്പത്ത്, ടെക്നോളജി എല്ലാം ഈ രണ്ടു കൂട്ടരും ഉപയോഗിക്കുന്നു. പാവം മുസ്ലിംകള്‍! അവരുടെ പക്കല്‍ മധ്യകാലത്തിന്‍റെ വിശ്വാസങ്ങള്‍ മാത്രമാണുള്ളത്. ഇവ ഉപയോഗിച്ച് മുസ്ലിം മതമൗലികവാദം പൊരുതുന്നതിന്‍റെ ദയനീയ ചിത്രമാണ് ഇന്ന് കാണുന്നത്. ഈ മൗലികവാദത്തെ നേരിടാന്‍ ഹിന്ദു കൂടുതല്‍ ആധുനികനും പാശ്ചാത്യനുമാവുകയാണ് ചെയ്യുന്നത്.

മതേതരവാദികള്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്‍റെ കരുത്തും സാധ്യതയും തിരിച്ചറിഞ്ഞിട്ടില്ല. കര്‍ണാടകയിലെ ഒരു വര്‍ഗീയകലാപത്തില്‍ ഹിന്ദു കൊല്ലപ്പെട്ടാല്‍, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. മുസ്ലിമാണ് മരിച്ചതെങ്കില്‍, ജയം കോണ്‍ഗ്രസിന്. അതിനാല്‍ ഹിന്ദുപ്പാര്‍ട്ടിയായ ബിജെപിക്ക് ആവശ്യം ഹിന്ദുക്കളുടെ ദുരിതങ്ങളാണ്. മതേതരപാര്‍ട്ടികള്‍ക്കു വേണ്ടത് ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കിരയാവുകയും അതുവഴി അവരുടേതായ വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കപ്പെടുകയുമാണ്. ഇത് ഇല്ലാതാക്കാന്‍ മതങ്ങളുടെ സിദ്ധിവിശേഷങ്ങളുപയോഗിച്ച് വര്‍ഗീയതയെ എതിര്‍ക്കുകയാണ് വേണ്ടത്. അങ്ങനെവരുന്പോള്‍ മുസ്ലിംകള്‍ക്ക് സ്വീകാര്യനല്ലാത്ത ഒരു മതേതര മുസ്ലിം നേതാവിന്ന്, മുസ്ലിം ജനസാമാന്യത്തിന്നിടയില്‍ മതമൈത്രിയുടെ സന്ദേശം പ്രസരിപ്പിക്കാന്‍ സാധിക്കുകയില്ല. കര്‍ണാടകയിലെ രണ്ടു മതേതര രാഷ്ട്രീയ നേതാക്കളായിരുന്നു അസീസ് സേട്ടും അബ്ദുല്‍നസീര്‍ സാബും. യാതൊരു മതാചാരങ്ങളും അനുഷ്ഠിക്കാതിരുന്നതിനാല്‍, ആത്മാര്‍ത്ഥതയും ജനസേവന പാരന്പര്യവുമുള്ള അബ്ദുല്‍നസീര്‍ സാബ് മുസ്ലിം ന്യൂനപക്ഷത്തിന് സ്വീകാര്യനായില്ല. ഒരിക്കല്‍ പാകിസ്താന്‍ അനുകൂലിയാണെന്ന കുറ്റം ചുമത്തി സര്‍ക്കാര്‍ ജയിലിലടച്ചതിനാല്‍ അസീസ് സേട്ട് മുസ്ലിംകള്‍ക്ക് സ്വീകാര്യനായി. മുസ്ലിംകളെ മുഖ്യധാരയുമായി കൂടുതല്‍ അടുപ്പിക്കാന്‍ അസീസ് സേട്ടിന്‍റെ ഈ പ്രതിഛായ സഹായകമാവുകയായിരുന്നു.

നിര്‍ഭാഗ്യവശാല്‍ മീഡിയ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. നന്മയും സമാധാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. മതത്തിന്‍റെ പോസിറ്റീവ് സ്വഭാവം ബുദ്ധിജീവികളും മാധ്യമങ്ങളും കാണുന്നില്ലെന്നതാണ് സങ്കടകരം. ഈ സര്‍ഗാത്മകത തിരിച്ചറിഞ്ഞ് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സംവദിക്കണം. ഹിന്ദുവായും മുസ്ലിമായും നിന്നുകൊണ്ട് ആശയതലത്തില്‍ കലഹിക്കാനും ക്ഷോഭിക്കാനും ഈ കലഹങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്‍റെ ധാര നിലനിര്‍ത്താനും അവര്‍ക്കാവണം. ഇത്തരം ചെറിയ കൂട്ടായ്മകള്‍ നടത്തുന്ന ചെറുത്തുനില്‍പുകളാണ് വര്‍ഗീയതക്കെതിരായി മതങ്ങള്‍ വഴി പോരാടണമെന്ന് പറയുന്പോള്‍ ഞാന്‍ മനസ്സില്‍ കാണുന്നത്.

(ഡോ. എം ഗംഗാധരന്‍, കെ എം നരേന്ദ്രന്‍, സെബാസ്റ്റ്യന്‍ വട്ടമറ്റം, എ പി കുഞ്ഞാമു എന്നിവര്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിയുമായി നടത്തിയ സംഭാഷണത്തിന്‍റെ സംഗ്രഹം. പാഠഭേദം മുസ്ലിം സുഹൃത്തിന് പതിപ്പില്‍ നിന്ന്)

ഡോ. യു ആര്‍ അനന്തമൂര്‍ത്തി

You must be logged in to post a comment Login