വിവേകം ഒരു മികച്ച രാഷ്ട്രീയ പോരാട്ടമാണ്

വിവേകം ഒരു മികച്ച  രാഷ്ട്രീയ പോരാട്ടമാണ്

ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ എത്ര വൃത്തികെട്ട അടവും പയറ്റുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയനേതൃത്വം. എണ്‍പതുകോടിയിലേറെ വരുന്ന സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ മനസ്സ് മാറ്റിമറിക്കാനും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് തെളിയിച്ചതിന്‍റെ കരുത്തിലാണ് നരേന്ദ്രമോഡി ഇപ്പോള്‍ അധികാരസോപാനത്തിലിരിക്കുന്നത്. എന്നാല്‍, കുതന്ത്രങ്ങളും കള്ളപ്രചാരണവും എന്നും വിജയിക്കണമെന്നില്ലെന്ന് രാഷ്ട്രീയക്കാര്‍ പഠിക്കുന്നത് ജനം അല്‍പം വിവേകപൂര്‍വം പെരുമാറുന്പോഴാണ്. ഒന്പത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തിമൂന്ന് അസംബ്ലി മണ്ഡലങ്ങളിലും മൂന്നു ലോക്സഭ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടികള്‍ എല്ലാവര്‍ക്കും നല്‍കുന്ന പാഠം വിലപ്പെട്ടതാണ്. വര്‍ഗീയവിഷം കോരിച്ചൊരിഞ്ഞാല്‍ ജനം തങ്ങളുടെ പക്ഷത്തു ഉറച്ചുനില്‍ക്കും എന്ന ധാരണയില്‍ സംഘപരിവാര്‍ നടത്തിയ അങ്ങേയറ്റം അപലപനീയമായ പ്രചാരണത്തോട് ഹിന്ദുസമൂഹത്തിലെ വലിയൊരു വിഭാഗം പ്രതിഷേധിച്ചപ്പോള്‍ വര്‍ഗീയരാഷ്ട്രീയത്തിന് കനത്ത പ്രഹരം ഏല്‍ക്കേണ്ടിവന്നു എന്ന് മാത്രമല്ല, നിശ്ചേതനമായിക്കൊണ്ടിരിക്കുന്ന മതേതര സംസ്കൃതിക്ക് പുതുജീവന്‍ തിരിച്ചുകിട്ടുന്ന സൂചനകള്‍ കാണാനും കഴിഞ്ഞു. 

രാജ്മോഹന്‍ ഗാന്ധി കഴിഞ്ഞ ദിവസം രാജ്യത്തിനു നല്‍കിയ ഒരു മുന്നറിയിപ്പുണ്ട്. ഇന്നത്തെ ഉത്തര്‍ പ്രദേശ് 1947ലെ പഞ്ചാബ് പോലെ വിപത്കരമായ ഒരു വിസ്ഫോടനത്തിന്‍റെ അരികിലാണെന്ന്. വിഭജനത്തിന്‍റെ ചോരച്ചാലുകള്‍ മതസമുദായങ്ങളെ പൂര്‍ണമായും വിവിധ ചേരിളാക്കി മാറ്റിയപ്പോള്‍ പഞ്ചാബിന്‍റെ ഫലഭൂയിഷ്ഠമായ മണ്ണ് കൂട്ടക്കൊലകളുടെ വിളനിലമായി. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും പരസ്പരം കൊന്നും കൊല്ലിച്ചും വൈരത്തിന്‍റെ അഗ്നികുണ്ഠത്തില്‍ ബലിയാടുകളായി. ഒരുപക്ഷേ മനുഷ്യചരിത്രത്തില്‍ ഇത്രയേറെ ജീവനുകള്‍ ഏതെങ്കിലുമൊരു സമസ്യയുടെ പേരില്‍ ഹോമിക്കപ്പെട്ട അനുഭവം നമുക്ക് വായിക്കാന്‍ സാധിക്കില്ല. പത്തുലക്ഷം മനുഷ്യരെങ്കിലും ആ വര്‍ഗീയാഗ്നിയില്‍ കത്തിച്ചാന്പലായിട്ടുണ്ടാവുമെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. അന്നത്തെ കൂട്ടനരഹത്യക്ക് എല്ലാ വിഭാഗങ്ങളും ഉത്തരവാദികളാണെങ്കിലും വര്‍ഗീയവിഷധൂളികള്‍ പരത്തി അന്തരീക്ഷം സ്ഫോടനാത്മകമാക്കിയ ആര്‍.എസ്.എസും ആര്യസമാജുമൊക്കെയായിരുന്നു കാപാലികതക്ക് നേതൃത്വം വഹിച്ചത്. അതേ ആര്‍.എസ്.എസും പോഷക സംഘടനകളുമാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ജനത്തെ തങ്ങളോടൊപ്പം നിര്‍ത്താനും അവരുടെ വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താനും ഉഗ്ര വര്‍ഗീയവിഷം ചൊരിയാനും വൃത്തികെട്ട എല്ലാ അടവുകളും പുറത്തെടുത്തത്. കല്ലുവെച്ച നുണകളും ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമാണ് കഴിഞ്ഞ ഒരു മാസമായി ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്ന് പോലും നമൂക്ക് കേള്‍ക്കേണ്ടിവന്നത്. ബി.ജെ.പിയിലേക്ക് ആളെ കുട്ടാന്‍ മൂരി ഇറച്ചിയാണ് ഹിന്ദുക്കള്‍ക്കിടയില്‍ വിളന്പിയത്. മാട്ടിറച്ചിയുടെ കയറ്റുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മേനക വിശ്വാസത്തിന്‍റെ പേരില്‍ ഗോവധം നിരോധിക്കണമെന്ന് പറയുന്നത് സഹിക്കാം. എന്നാല്‍, മുസ്ലിംഭീകരവാദികള്‍ മൂരിയിറച്ചി കയറ്റുമതി ചെയ്താണ് പണം സന്പാദിക്കുന്നത് എന്ന അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവന ഇറക്കാന്‍ മേനകയെ പോലെ അറിയപ്പെടുന്ന ഒരു നേതാവിന് എങ്ങനെ സാധിക്കുന്നു? മുസ്ലിംകളെ കുറിച്ച് വിദ്വേഷം വളര്‍ത്താന്‍ എന്നും സാധാരണക്കാരുടെ മുന്നില്‍ നിരത്തുന്ന ഒരപഖ്യാതി ഉണ്ട് തങ്ങളുടെ ദൈവമായ പശുവിനെ അറുത്ത് തിന്നുന്നവന്‍ എന്ന്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ആധാരശിലകളിലൊന്ന് ഗോവധ നിരോധമായത് അങ്ങനെയാണ്. ഗോക്കളെയും ബ്രാഹ്മണരെയും രക്ഷിക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് സംഘപരിവാര്‍ വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്‍റെ മുഖമുദ്ര. എന്നാല്‍, മൂരി ഇറച്ചി തിന്ന് പോഷകാംശം വളര്‍ത്താന്‍ ഹിന്ദുസമാജത്തോട് ആഹ്വാനം ചെയ്തത് സാക്ഷാല്‍ സ്വാമി വിവേകാനന്ദനാണ്. ആവശ്യത്തിന് മാംസാഹാരം കഴിച്ചിരുന്നുവെങ്കില്‍ അകാലത്തില്‍ താന്‍ രോഗപീഡിതനായി മരണത്തെ അഭിമുഖീകരിക്കേണ്ടിവരില്ലായിരുന്നുവെന്ന് വെട്ടിത്തുറന്നു പറഞ്ഞയാളാണ് വിവേകാനന്ദ സ്വാമി. പക്ഷേ, ഇവിടെ മോഡിയുടെ സഹപ്രവര്‍ത്തക ഇറച്ചിബിസിനസിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയത് വര്‍ഗീയ വ്യാപനത്തില്‍ എന്‍റെവക ഒരു ഷെയര്‍ ഇരിക്കട്ടെ എന്ന വിചാരത്തോടെയാവണം. ഗോവധ നിരോധത്തിനു വേണ്ടി വാദിക്കുന്ന സംഘ്പരിവാറിലെ ഒരു നേതാവ് അല്‍കബീര്‍ എന്ന ഹലാല്‍ ഇറച്ചി കയറ്റുമതി കന്പനിയുടെ ഉടമയാണ് എന്ന രഹസ്യം പുറത്തുവന്നപ്പോള്‍ മിണ്ടാട്ടമില്ലാതായത് നാം കണ്ടതാണ്.

രാമജന്മഭൂമിയുടെയും നരേന്ദ്രമോഡിയുടെയും പേരുപറഞ്ഞ് ഹിന്ദുക്കളുടെ അടുത്ത് ചെന്നാല്‍ ഇക്കുറി വോട്ട് കിട്ടില്ല എന്ന് ബോധ്യമുണ്ടായപ്പോള്‍ സാമുദായിക ധ്രുവീകരണത്തിനുള്ള എളുപ്പവഴി കണ്ടുപിടിച്ചത് ലവ് ജിഹാദ് കാന്പയിനിലൂടെയാണ്. മുസ്ലിം യുവാക്കളെ പേടിക്കണം, നിങ്ങളുടെ പെണ്‍മക്കളെ അവര്‍ വശീകരിച്ചു കൊണ്ടുപോയി വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്യുമെന്ന് പ്രചണ്ഡമായ പ്രചാരണം നടത്താന്‍ ഒരുന്പെട്ടത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ തന്നെ കറുത്ത ഒരേടാണ്. കൊടുംവര്‍ഗീയവാദിയായ ഗോരക്പൂരില്‍നിന്നുള്ള എം പി യോഗി ആദിത്യനാഥിനെ ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല ഏല്‍പിച്ചതു തന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു. ഇദ്ദേഹം വിതറിയ വിഷധൂളികള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്ന് കണ്ടപ്പോള്‍ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് ഇലക്ഷന്‍ കമീഷന്‍ ഇദ്ദേഹത്തെ വിലക്കി. എവിടെ മുസ്ലിംകള്‍ 35ശതമാനത്തിനു മുകളിലുണ്ടോ അവിടെയൊന്നും ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന് പരസ്യമായി ആക്രോശിക്കാന്‍ ഇദ്ദേഹം മടിച്ചില്ല. ബി ജെ പി യു പി അധ്യക്ഷന്‍ ലക്ഷ്മീകാന്ത് വാജ്പേയി പോലും ലവ് ജിഹാദ് കുപ്രചാരണത്തില്‍നിന്ന് മാറിനിനിന്നില്ല. ഏതെങ്കിലും മുസ്ലിം യുവാവ് ഹിന്ദുപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയാല്‍ നൂറ് മുസ്ലിം യുവതികളെ തങ്ങള്‍ കൈക്കലാക്കുമെന്ന വീരവാദം മുഴക്കാന്‍ ഇയാള്‍ മടിച്ചില്ല. മറ്റൊരു ഹിന്ദുത്വ വര്‍ഗീയവാദിയും പാര്‍ലമെന്‍റ് അംഗവുമായ സാക്ഷി മഹാരാജ് മദ്രസകളെയാണ് ലവ് ജിഹാദ് ഉല്‍പാദനകേന്ദ്രമായി ആരോപിച്ചത്. ഭീകരവാദികള്‍ പിറവി കൊള്ളുന്നത് മദ്രസകളിലാണത്രെ. ഈ മദ്രസകളാവട്ടെ രാജ്യദ്രോഹത്തിന്‍റെ ചിഹ്നമാണ് പോലും. റിപ്പബ്ലിക് ദിനത്തില്‍ അതുകൊണ്ടാണത്രെ ദേശീയപതാക ഉയര്‍ത്താത്തത്. മദ്രസകളില്‍ മുഖ്യമായും പഠിപ്പിക്കുന്നത് ഹിന്ദുയുവതികളെ വശീകരിച്ചു മതം മാറ്റാനുള്ള തന്ത്രങ്ങളാണ് . ആ തന്ത്രത്തിന്‍റെ പൊരുള്‍ സാക്ഷി മഹാരാജ് തന്നെ വിശദീകരിക്കട്ടെ ഇങ്ങനെ മതം മാറ്റുന്ന ചെറുപ്പക്കാര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കിയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. സിഖ് പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ. വശീകരിക്കപ്പെടുന്നത് ഹിന്ദുയുവതിയാണെങ്കില്‍ പത്തുലക്ഷം. ഇനി ജെയിന്‍ പെണ്‍കുട്ടിയാണെങ്കില്‍ ഏഴുലക്ഷം! ഗിരിരാജ് കിഷോര്‍ എന്ന വിഎച്ച്പിയുടെ തലമുതിര്‍ന്ന നേതാവ് ഔട്ട്ലുക്ക് വാരികയുടെ പ്രതിനിധി നഖ്വിയോട് ഒരു രഹസ്യം പറഞ്ഞു ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലിം ചെറുപ്പക്കാരുടെ പിന്നാലെ പോകുന്നത് അവരുടെ ഒരവയവം ഓപ്പറേഷന്‍ ചെയ്തു ചെത്തിമിനുക്കുന്നത് കൊണ്ടാണെന്ന്. അതോടെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ആനന്ദം നല്‍കാന്‍ മുസ്ലിം ചെറുപ്പക്കാര്‍ക്ക് സാധിക്കുന്നതുകൊണ്ടാണത്രെ പെട്ടെന്ന് തട്ടിക്കൊണ്ടുപോകാനും മതം മാറ്റാനും കഴിയുന്നത്. എന്തുകൊണ്ട് ഹിന്ദുയുവാക്കള്‍ക്കും ഈ ഓപ്പറേഷന്‍ (സുന്നത്ത് കര്‍മം) നടത്തിക്കൂടാ എന്ന പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിന് വിഎച്ച്പി നേതാവിന് മറുപടിയില്ല.

വര്‍ഗീയവാദികളുടെ ഇത്തരം കുല്‍സിത നീക്കങ്ങളെ നിഷ്പക്ഷമതികളും യഥാര്‍ഥ മതേതര വിശ്വാസികളും തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങി എന്നതാണ് ഈ അധ്യായത്തിലെ ഏറ്റവും ആശ്വാസകരമായ വശം. ദേശീയ ന്യൂനപക്ഷ കമീഷന്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ പ്രഗത്ഭ നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ ഒരു ഘട്ടത്തില്‍ ഗദ്ഗദകണ്ഠനായത് നമ്മുടെ ദൈനംദിന ജീവിതത്തില്‍നിന്ന് മതേതര മൂല്യങ്ങളും സഹവര്‍ത്തിത്വത്തിന്‍റെ ഭാഷയും മെല്ലെ മെല്ലെ ഇല്ലാതാവുന്നതിന്‍റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയാണ്. എന്നിട്ടും നമ്മുടെ മതേതര നേതൃത്വം ആത്മഹത്യാപരമായ മൗനം ദീക്ഷിക്കുന്നതിലാണ് പ്രശസ്ത ചരിത്രകാരന്‍ മുശീറുല്‍ഹസന്‍ പരിഭവം കൊള്ളുന്നത്. ലവ് ജിഹാദ് കാന്പയിനിലൂടെ ഹിന്ദുമുസ്ലിം സമുദായങ്ങള്‍ അകന്നകന്ന് പോകുന്നത് രാജ്യത്തിന്‍റെ ഐക്യത്തിനു എന്തുമാത്രം പോറലേല്‍പിക്കുമെന്ന് അദ്ദേഹം വ്യസനസമേതം ചോദിക്കുന്നു. ഇസ്ലാം വാള്‍ കൊണ്ടാണ് പ്രചരിച്ചത് എന്ന ഹിന്ദുത്വവാദികളുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ചരിത്രത്തിന്‍റെ നാള്‍വഴിയിലെ ഇരുള്‍മൂടിക്കെട്ടിക്കിടക്കുന്ന യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്. മതംമാറ്റത്തിന്‍റെ എല്ലാ വശങ്ങളെയും ആഴത്തില്‍ പഠിക്കാന്‍ സമയം കണ്ടെത്തിയ മഹാത്മാഗാന്ധി ഒരിക്കലും ഇസ്ലാമിനെ പ്രതിക്കുട്ടില്‍ കയറ്റിനിര്‍ത്തുന്നില്ല. യഥാര്‍ഥ മതം മാറ്റം നടക്കേണ്ടത് ഹൃദയത്തിലാണ്. ഒരു മതത്തെ നന്നായി മനസ്സിലാക്കാതെ മനം കൊണ്ട് മതം മാറ്റം സാധ്യമല്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. സ്വന്തം മകന്‍ മതം മാറി അബ്ദുല്ല ഗാന്ധിയായി അറിയപ്പെട്ടപ്പോള്‍ മഹാത്മജി അതിനോട് യോജിക്കാതിരുന്നത് മതംമാറ്റത്തോടുള്ള എതിര്‍പ്പുകൊണ്ടല്ലത്രെ. തന്‍റെ മകന്‍ ഇസ്ലാമിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ഇസ്ലാമിന്‍റെ പേര് മോശമാക്കേണ്ട എന്നാണ് മകനോട് ഗാന്ധിജിക്ക് പറയാനുണ്ടായിരുന്നത്.

ഇവിടെ മതംമാറ്റം ഹിന്ദുത്വയുടെ പ്രചാരണ ആയുധമാകുന്നത് യാഥാര്‍ഥ്യങ്ങളില്‍നിന്നല്ല, മറിച്ച് സാങ്കല്‍പികമായ ഒരു സിദ്ധാന്തത്തില്‍നിന്നാണ്. ആയിരം വര്‍ഷക്കാലം മുസ്ലിംകള്‍ അങ്ങ് കാബൂള്‍ മുതല്‍ ഇങ്ങ് തെക്ക് ഡക്കാനും കിഴക്ക് ബര്‍മയും വരെ ഭരിച്ചിട്ടും 1947ല്‍ 30കോടി ഹിന്ദുക്കള്‍ ഇവിടെ ബാക്കിയായത് മതംമാറ്റം മുസ്ലിംകളുടെ അജണ്ട അല്ലാതിരുന്നത് കൊണ്ടാണ്. എന്നിട്ടും 2014ല്‍ നരേന്ദ്രമോഡിയുടെയും മോഹന്‍ഭഗവതിന്‍െറയും ശിഷ്യന്മാര്‍ മതപരിവര്‍ത്തനത്തെ മുഖ്യ പ്രചാരണ വിഷയമാക്കുന്നതിലെ ദുഷ്ടലാക്ക് കാണാതിരുന്നുകൂടാ. എന്നാല്‍ ജനം അതിനു അനുകൂലമായി പ്രതികരിച്ചില്ല എന്നിടത്താണ് നമ്മുടെ രാജ്യത്തിന്‍റെ വിജയം. ഇതുവരെ മോഡിയെയും അദ്ദേഹത്തിന്‍റെ കൊട്ടിഘോഷങ്ങളെയും പിന്തുണച്ച ദേശീയമാധ്യമങ്ങളുടെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ്. തിരിച്ചറിവിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാണിന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു ഇന്ത്യക്ക് വേണ്ടത് നല്ല ഭരണമാണ്, വര്‍ഗീയത കാലഹരണപ്പെട്ട സാധനമാണ്. സാന്പത്തിക പ്രശ്നമാണ് പ്രധാനം.

യു.പി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി ഇപ്പോള്‍ നേരിട്ട തിരിച്ചടി മോഡി അധികാരത്തിലേറിയത് മുതല്‍ സംഘ്പരിവാര്‍ നെഞ്ചിലേറ്റിനടക്കുന്ന അഹന്തക്കും ഗര്‍വിനും ഏറ്റ പ്രഹരമാണ്. മോഡിയുടെ സ്വന്തം ഗുജറാത്തില്‍ കോണ്‍ഗ്രസിനു മൂന്നുസീറ്റ് പിടിച്ചെടുക്കാനായതും രാജസ്ഥാനില്‍ മൂന്നു മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചതും വലിയൊരു മാറ്റത്തിന്‍റെ ലക്ഷണമാണ്. ഉത്തര്‍പ്രദേശില്‍ പ്രയോഗിച്ച വര്‍ഗീയ തന്ത്രങ്ങളെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞപ്പോഴാണ് സമാജ്വാദി പാര്‍ട്ടി പതിനൊന്നില്‍ എട്ട് സീറ്റും നേടുന്നത്. ഉമാഭാരതി മുന്പ് ജയിച്ച മണ്ഡലത്തില്‍ ബി ജെ പി മൂന്നാം സ്ഥാനത്തെത്തിയത് വലിയൊരു മാറ്റത്തിന്‍റെ സൂചകമാണ്. ഹിന്ദുരാഷ്ട്രം സംസ്ഥാപിതമായി എന്ന ധാരണയില്‍ മതേതര മൂല്യവിചാരങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും അവമതിക്കാനും വിലകുറച്ചുകാട്ടാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്കും കോളമിസ്റ്റുകള്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് സംഘപരിവാറിന്‍റെ അകാലത്തിലുള്ള ഈ തളര്‍ച്ച. അപ്പോഴും പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുടെ പതനം പൂര്‍ണമാവുന്നതും കാവിരാഷ്ട്രീയം കൂടുതല്‍ ആഴത്തില്‍ വേരൂന്നുന്നതും കാണേണ്ടിവരുന്നത് സ്വയംകൃതാനര്‍ഥങ്ങളുടെ ഫലശ്രുതിയാണെന്നേ പറയേണ്ടൂ.

ശാഹിദ്

You must be logged in to post a comment Login