പടിഞ്ഞാറും ഇസ്ലാമും; സംസാരിച്ചു തുടങ്ങാം

പടിഞ്ഞാറും ഇസ്ലാമും;  സംസാരിച്ചു തുടങ്ങാം

കാലങ്ങളായി ഇരു ധ്രുവങ്ങളില്‍ നിന്ന് അന്യോന്യം സംശയത്തോടെ നോക്കികാണുകയാണ് പടിഞ്ഞാറും ഇസ്ലാമും. സെപ്തംബര്‍ 11 ന് ശേഷം ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള അകലം കൂടുകയും തെറ്റിദ്ധാരണ വ്യാപകമാവുകയും ചെയ്തു.

ഓറിയന്‍റലിസ്റ്റ് ചിന്താഗതികള്‍ വ്യാപകമാവാന്‍ തുടങ്ങിയത് ഇസ്ലാമിക രാഷ്ട്രങ്ങളെയും ഇടപെടലുകളെയും അരികുവത്കരിക്കപ്പെടാനിടയാക്കി. പാശ്ചാത്യ, പൗരസ്ത്യ ധൈഷണിക സംഘട്ടനങ്ങളരങ്ങേറുകയും വൈരുദ്ധ്യത്തിന്‍റെ പുതിയ ലോകക്രമം പിറവിയെടുക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ലോകം പടിഞ്ഞാറിലേക്ക് ചുരുങ്ങുകയും പ്രതാപ രാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മ നഷ്ടമായത് പാശ്ചാത്യരാഷ്ട്രങ്ങളുടെ ഏകാധിപത്യ സ്വഭാവത്തിലേക്ക് വഴിവെക്കുകയും ചെയ്തു.

പടിഞ്ഞാറിന്‍റെ മേധാവിത്വത്തെ ധൈഷണികമായി നേരിടാനും ഇതര സംസ്കാരങ്ങളോട് പുലര്‍ത്തുന്ന പാശ്ചാത്യന്‍ സമീപനം ഉടച്ച് വാര്‍ക്കാനും ഒരു ഇടപെടല്‍ അത്യാവശ്യമായിരുന്നു. യൂറോപ്യന്‍ നാഗരികതക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഇസ്ലാമിക സംസ്കാരത്തെ മറ നീക്കി അവതരിപ്പിക്കപ്പെടേണ്ടതും അനിവാര്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാരംഭിച്ച ഈ വിടവുകള്‍ നികത്താന്‍ ഒരു പരിധിവരെ പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ ദെറീദക്ക് സാധിച്ചിട്ടുണ്ട്. അള്‍ജീരിയന്‍ ബുദ്ധിജീവിയായ മുസ്തഫാ ശരീഫുമായുള്ള ദെറീദയുടെ സംഭാഷണം ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. ചരിത്രപരമായ ഈ സംവാദം 1991 ല്‍ നടത്താന്‍ ശ്രമം തുടര്‍ന്നതായിരുന്നെങ്കിലും ഒന്നാം ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് പരിപാടി മാറ്റി വെക്കേണ്ടിവന്നു, പകരം 2004 ല്‍ സംവാദത്തിന് വേദിയൊരുക്കി. ഇസ്ലാമും പടിഞ്ഞാറും (കഹെമാ& ംലെേ ) എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ ദീര്‍ഘ സംഭാഷണം ദെറീദയുടെ നിലപാടുകളെ കലര്‍പ്പില്ലാതെ വെളിച്ചത്ത് കൊണ്ട് വന്നു. സംസ്കാരങ്ങള്‍ തമ്മിലുള്ള വിനിമയത്തിന് മുന്നിട്ടിറങ്ങിയ മഹത്തുക്കളെ അനുസ്മരിക്കാനുള്ള അള്‍ജീരിയന്‍ വര്‍ഷാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് സംഭാഷണത്തിന് അരങ്ങൊരുങ്ങിയത്. ജീെേ ങീറലൃിശാെ പരന്പരയില്‍ ഉള്‍പ്പെടുത്തി ദ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ് സംവാദം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമേയത്തിന്‍റെ നാനാവിധ തലങ്ങളെയും സ്പര്‍ശിക്കുന്ന ആമുഖങ്ങളായ മൂന്ന് ഭാഗങ്ങളിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. മുസ്തഫാ ശരീഫിന്‍റെ ദെറീദക്കുള്ള ഹൃദ്യമായ സ്വാഗതവും തുടര്‍ന്ന് വരുന്ന അഞ്ച് അധ്യായങ്ങളിലായി ക്രോഡീകരിച്ച സംഭാഷണവുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. മതം, ദൈവം, സ്വാതന്ത്ര്യം,ജനാധിപത്യം, ആഗോളവത്കരണം തുടങ്ങിയ മൂല സംജ്ഞകളെ മതേതര,മതാന്ധ പൊതുമണ്ഡലത്തില്‍ വെച്ച് സംവാദത്തില്‍ ഇഴകീറി പരിശോധിക്കുകയും ചിന്താഗതികളിലെ സ്വേഛാധിപത്യ/ സംസ്കാരിക മനോഭാവങ്ങളെ തിരുത്തുകയും ചെയ്യുന്നുണ്ട്.

തികച്ചും ഒരു അള്‍ജീരിയക്കാരനായിട്ടാണ് ദെറീദ സംവാദത്തില്‍ പങ്കെടുത്തത്. അള്‍ജീരിയന്‍ വികാരമാണ് ദെറീദയെ സംസാരിപ്പിക്കുന്നത്. വികാരഭരിതമായ വാക്കുകളില്‍ സംവാദത്തിന്‍റെ തുടക്കത്തില്‍ അദ്ദേഹം തുറന്നു പറയുന്നു നിങ്ങള്‍ക്ക് നന്ദി,ഇന്ന് ഞാന്‍ അള്‍ജീരിയക്കാരനെന്ന നിലയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. പാരന്പര്യ തത്വചിന്തകളെയും ഉത്തരാധുനിക സാമൂഹിക രാഷ്ട്രീയ സമീപനങ്ങളെയും പുനര്‍ നിര്‍വ്വചിച്ച വിശ്രുതനായ ഫ്രഞ്ച് ദാര്‍ശനികനാണ് ഴാക് ദെറീദ (1930-2004). ഫ്രഞ്ച് എന്നതിനേക്കാള്‍ ദെറീദയെ സന്തോഷിപ്പിക്കുക ഒരു പക്ഷേ അള്‍ജീരിയ എന്ന ദെറീദയുടെ ജന്മദേശം തന്നെയായിരിക്കും.

അള്‍ജീരിയന്‍ പൗരനായി സംവാദത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ, അള്‍ജീരിയയുടെ പ്രാദേശിക പ്രശ്നങ്ങളെ തദ്വിഷയകമായി ചേര്‍ത്ത് വായിച്ചാണ് ദെറീദ സംസാരിക്കുന്നത്. പ്രാദേശിക ഉപയോഗത്തിലുണ്ടായിരുന്ന അറബി ഭാഷയും മുസ്ലിം ബന്ധങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ദെറീദ അനാവൃതമാക്കുന്നുണ്ട്. അള്‍ജീരിയയില്‍ അറബി ഭാഷ വിലക്കപ്പെട്ട സന്ദര്‍ഭത്തില്‍ ആ വിലക്കിനെ ദെറീദക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പ്രസ്തുത വിലക്ക് സാംസ്കാരികവും സാമൂഹികവുമായും പലരൂപത്തില്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു. കോളനിവാഴ്ചയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വിവിധ രൂപത്തിലുള്ള വംശീയതകളും നിലനില്‍ക്കെ, ദൈനംദിന ആവശ്യ, ഭരണ നിര്‍വഹണ, ഔദ്യാഗിക ഭാഷ എന്ന നിലയില്‍ നിന്ന് അറബി ഭാഷ അപ്രത്യക്ഷമായത് അദ്ദേഹത്തെ മാനസികമായി സങ്കടത്തിലാഴ്ത്തി. അറബിയെ ഇതര വിദേശ ഭാഷകളെപ്പോലെ സ്കൂളുകളിലെ പാഠ്യപദ്ധതികളിലേക്ക് ചുരുക്കപ്പെട്ടത് സാംസ്കാരികമായ വൈരുദ്ധ്യമായി ദെറീദ വ്യക്തമാക്കുന്നു.

തുടര്‍ഭാഗങ്ങളില്‍ ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള വ്യവഹാരങ്ങളും സമകാലിക ലോക സാഹചര്യങ്ങളുമാണ് ചര്‍ച്ചാബിന്ദുക്കള്‍.
ഇസ്ലാമും പടിഞ്ഞാറും പരസ്പരം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. പാശ്ചാത്യ ലോകത്തുള്ള ചിലര്‍ ഇപ്പോഴും ഇസ്ലാമിനെയും സംസ്കാരത്തെയും സംബന്ധിച്ച സങ്കുചിതമായ വിലയിരുത്തലുകളില്‍ മാത്രമാണ് ഒതുങ്ങി നില്‍ക്കുന്നതും. പാശ്ചാത്യത്തെ ഉയര്‍ത്തുവാനും പൗരസ്ത്യത്തെ ലഘൂകരിക്കുവാനുമാണ് ഇത് പ്രയോജനപ്പെടുക. പടിഞ്ഞാറ് നിന്നുള്ള പ്രബലമായ മതവിരുദ്ധവും ദൈവരഹിതവുമായ യുക്തിചിന്തയുടെ വാദം ഇസ്ലാമിനെതിരെ അനുചിതമായ വിമര്‍ശനങ്ങളുന്നയിച്ച് അതിനെ അപര്യാപ്ത മാതൃകയാക്കുകയായിരുന്നു. സാമ്രാജ്യത്വത്തിന്‍റെ ഇത്തരം മനോഭാവങ്ങള്‍ പാശ്ചാത്യ സംസ്കൃതിയേയും അറബ്മുസ്ലിം സംസ്കാരത്തിന് യൂറോപ്പുമായുള്ള ബന്ധത്തെയും ചോദ്യം ചെയ്യുന്നുണ്ട്.

ഇസ്ലാമിക നാഗരികതകള്‍ യൂറോപ്പില്‍ സംഭാവന ചെയ്ത സാംസ്കാരിക ധൈഷണിക അഭിവൃദ്ധിയുടെ ആഴം മനസ്സിലാക്കാതെയാണ് പുതിയ ഫോബിയകള്‍ അരങ്ങേറുന്നത്. ഇസ്ലാമിനെ സംബന്ധിച്ച യൂറോപ്യന്‍ ധൈഷണിക നിര്‍മിതി അപനിര്‍മിക്കപ്പെടേണ്ടത് ആവശ്യമാണെന്ന വാദം ഇവിടെയാണ് പ്രസക്തമാകുന്നത്.

ജനാധിപത്യത്തെക്കുറിച്ചും ദറീദ സംസാരിക്കുന്നു. ജനാധിപത്യത്തിലായിരിക്കുകയെന്നാല്‍ വെല്ലുവിളികളെ സ്വീകരിക്കല്‍ മാത്രമല്ല വെല്ലുവിളിക്കപ്പെടാനും സന്നദ്ധമാകുന്ന അവസ്ഥ സംജാതമാവലാണ്. വരാനിരിക്കുന്ന ജനാധിപത്യത്തിന് വേണ്ടി നിലവിലിരിക്കുന്ന ജനാധിപത്യത്തെയും ചിലപ്പോള്‍ ചോദ്യം ചെയ്യേണ്ടി വരും. ജനാധിപത്യം വരാനിരിക്കുന്നതാണ്. ഒരു വാഗ്ദാനമാണ്. ഇക്കാരണത്താല്‍ ജനാധിപത്യം എന്നു വേണ്ടിടത്തല്ലാം ദറീദ ഉപയോഗിക്കുന്നത് ആസന്ന ജനാധിപത്യം എന്നാണ്. ആസന്ന ജനാധിപത്യം എന്ന ആശയത്തിനു അനുയോജ്യമായ ഒരു ജനാധിപത്യം ഇന്ന് ലോകത്തിലില്ല എന്നും ദറീദ വ്യക്തമാക്കുന്നു. ജനാധിപത്യം എന്ന സംജ്ഞ യവന സംസ്കൃതിയിലാണ് ഉദയം കൊണ്ടത്. എന്നാല്‍ അത് യവനകേന്ദ്രീകൃതമോ യൂറോ കേന്ദ്രീകൃതമോ ആവുന്നില്ല. ആ പദം യവന സംസ്കാരത്തില്‍ നിന്നു വന്നെന്ന് മാത്രം. സമകാലിക തലത്തില്‍ ജനാധിപത്യത്തെ യൂറോപ്പിലേക്ക് ചേര്‍ത്ത് വായിക്കുന്നതിന് ഈ വസ്തുത തടയിടുന്നുണ്ട്. എല്ലാറ്റിനുമുപരി, സാര്‍വ്വത്രിക ജനാധിപത്യമെന്ന സംജ്ഞ സകല അതിര്‍ വരന്പുകള്‍ക്കും മീതെയാണ്. അഥവാ, ഇത് ഏതെങ്കിലും രീതിയില്‍ ഭരണകൂടവുമായി ബന്ധപ്പെട്ടതല്ല. സര്‍വ്വ നാഗരികതക്കുമപ്പുറമാണിത് നിലകൊള്ളുന്നത്. പ്രസ്തുത വീക്ഷണത്തില്‍, സാര്‍വ്വത്രിക ജനാധിപത്യം കിഴക്കിനും പടിഞ്ഞാറിനും സംവദിക്കാന്‍ അവസരമുണ്ടാക്കുമെന്നും, അത് തെറ്റിദ്ധാരണകളെ ഇല്ലാതാക്കുമെന്നും വിശ്വസിക്കാം. അപരനെ കുറിച്ചുള്ള വ്യക്തമായ ധാരണകള്‍ക്കാകും സംഭാഷണം വഴിവെക്കുക. ഡയലോഗ് (സംഭാഷണം) എന്ന പദത്തെ ദറീദ ഇവിടെ നിര്‍വ്വചിക്കുന്നത് അപരനെ അപരന്‍റെ വ്യത്യസ്തതയില്‍ തിരിച്ചറിഞ്ഞു കൊണ്ട് അവനെ അഭിസംബോധന ചെയ്യുന്ന സംസാരം എന്നാണ്
ഇവിടെ അപരന് ബഹുമാനവും ആദരവും അംഗീകാരവും ലഭിക്കുന്നു. വിശ്വാസപൂര്‍ണമായ കൈമാറ്റങ്ങള്‍ക്ക് അത് കാരണമാകുന്നു.

പാശ്ചാത്യതയുമായി ബന്ധപ്പെടുത്തുന്പോള്‍ ആധുനികതയും മതവും ബന്ധങ്ങളും പ്രധാന ചര്‍ച്ചാ വിഷയങ്ങളായി കടന്നു വരുന്നു. നീതിയുടെയും ധര്‍മത്തിന്‍റെയും വഴികളില്‍ ആധുനികത വരുത്തിയ മാറ്റങ്ങളും ചര്‍ച്ചയില്‍ ബന്ധപ്പെടുത്തേണ്ടതുണ്ട്. സ്വന്തം വേരുകളറുത്തുമാറ്റി ആധുനികരാവാന്‍ കഴിയുമോ എന്ന സംശയമാണ് മുസ്ഥഫാ ശരീഫ് പ്രകടിപ്പിക്കുന്നത്.

മതത്തിലേക്കും പ്രത്യയശാസ്ത്രങ്ങളിലേക്കും ഇവയോടുള്ള ആധുനിക മനോഭാവങ്ങളിലേക്കും സംവാദം വഴിതുറക്കുന്നു. മതത്തിന്‍റെ നിഗൂഢതകളെ കുറിച്ച് തത്വചിന്തയില്‍ നിലനില്‍ക്കുന്ന വസ്തുതകളെ പരിശോധനാ വിധേയമാക്കുന്നു. മനുഷ്യ ജീവിതത്തിന് ക്രമമുണ്ട് ശരിയായ ജീവിതം നയിക്കാന്‍ മതകീയവും മാനുഷികവുമായ ആ ക്രമത്തെ (ജീവിതരീതി) പിന്‍പറ്റേണ്ടത് അനിവാര്യമാണ്. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പാരത്രിക ജീവിതമാണ് ആത്യന്തിക ലക്ഷ്യം, എന്നാല്‍ പോലും മതത്തെയും ഇതര സംജ്ഞകളെയും വേര്‍തിരിച്ച് ഉപയോഗിക്കുന്നതില്‍ ഇസ്ലാം അശക്തമല്ല. പരസ്പരം കൂടിക്കലരാതെ ഉപയോഗിക്കുക എന്ന തിരിച്ചറിവേ മേല്‍പ്രതിസന്ധിഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ടതുള്ളൂ.

ആഗോളവത്ക്കരണം എന്ന ആശയവുമായും ചില ആശങ്കകള്‍ സംവാദത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ദെറീദയുടെ പക്ഷം ആഗോളവത്കരണമെന്നത് നെഗറ്റീവ് റിഫ്ളക്ഷന്‍ നല്‍കുന്ന ഒരു സംജ്ഞയാണ് എന്നാണ്. എല്ലാവര്‍ക്കും സാങ്കേതിക വിദ്യ ലഭ്യമാക്കിയിരിക്കുന്നു. വിനിമയ മാര്‍ഗങ്ങള്‍ സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു.ലോകത്തിന്‍റെ വിപണികള്‍ തുറക്കപ്പെടുകയും സന്പത്ത് സ്വതന്ത്രമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭരണകൂടങ്ങള്‍ പോലും ഇനിമേല്‍ സ്വന്തം നിലയില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നില്ല, തുടങ്ങിയ വാദഗതികള്‍ പൊള്ളയാണെന്നാണ് ദെറീദയുടെ പക്ഷം. ആഗോളവത്കരണ കാലത്തെപ്പോലെ സന്പൂര്‍ണമായ അര്‍ത്ഥത്തില്‍ അനീതി വ്യാപകമായ വേറൊരു കാലമില്ല. അസമത്വം, ക്ഷാമം, ദുരിതം, തൊഴില്‍ രാഹിത്യം എന്നിവ എണ്ണാന്‍ കഴിയാത്ത വിധമാണ്. തൊഴില്‍ വേണ്ടവര്‍ക്ക് പോലും ലഭിക്കുന്നില്ല. ദരിദ്രര്‍ ദാരിദ്ര്യത്തിലേക്കും സന്പന്നര്‍ സന്പത്തിലേക്കും പോകുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അഭിവൃദ്ധിയുടെ വികാസത്തെ സംബന്ധിച്ച ചര്‍ച്ചയിലൂടെയാണ് സംവാദത്തിന് തിരശ്ശീല വീഴുന്നത്. അഭിവൃദ്ധി നേടാന്‍ വ്യത്യസ്തതകളെ നിലനിര്‍ത്തേണ്ടത് അനിവാര്യഘടകമാണ്. സ്വാതന്ത്ര്യം, പൊരുള്‍, നീതി എന്നിവ പരസ്പര ബന്ധിതമാണ്. ബഹുസ്വരത, സംസ്കാര വൈവിധ്യങ്ങള്‍ എന്നിവ പരിപാലിക്കപ്പെടേണ്ടതും ജീവസ്സുറ്റതാക്കി നിലനിര്‍ത്തേണ്ടതുമാണ്. അഥവാ അഭിവൃദ്ധി ഉത്തമമായിരിക്കണം. അല്ലെങ്കില്‍ അഭിവൃദ്ധിയേ ഉണ്ടാവില്ല. സാര്‍വത്രികവും സന്പൂര്‍ണവുമായ സമീപനമായതിനാല്‍ സമഗ്രതയിലാണ് ഇസ്ലാം മനുഷ്യനെ വിഭാവനം ചെയ്യുന്നത്.അതിനാല്‍ പുരോഗതിയുടെ പേരില്‍ മതങ്ങളെ പാര്‍ശ്വവല്‍കരിക്കുന്നതിനെ ഇസ്ലാം എതിര്‍ക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ആശയക്കുഴപ്പത്തെ അതുനിരാകരിക്കുന്നു. രണ്ടിന്‍റെയും പ്രധാന്യത്തെ നഷ്ടപ്പെടുത്തുന്നുമില്ല.സര്‍വ്വത്തെയും വേണ്ടതു പോലെ ഉള്‍കൊള്ളുന്ന ബഹുസ്വരത സാധ്യമാകണം.

ദെറീദയുടെ അഭിപ്രായത്തില്‍ ബഹുസ്വരത സംസ്കാരത്തിന്‍റെ സത്തയാണ്. വ്യത്യസ്ത ഭാഷ, സംസ്കാരം, ആചാരം എന്നിവയെല്ലാം ആദേശം ചെഉള്‍ക്കൊള്ളാനുള്ള സാര്‍വ്വത്രിക മനോഭാവമാണ്. യൂറോപ്പില്‍ നിന്ന് ഇല്ലാതാവുന്നതും ബഹുസ്വരതയുടെ ഈ തനത് അംശങ്ങളാണ്.

ഇസ്ലാമും പടിഞ്ഞാറും നേരിടുന്ന ഈ സംഘട്ടനങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി പോംവഴി തേടുകയായിരുന്നു ദെറീദ. ഒരു തത്വ ചിന്തകന്‍, അതിലുപരി ഒരു അള്‍ജീരിയക്കാരന്‍ എന്ന നിലയില്‍ ദറീദയുടെ വീക്ഷണങ്ങള്‍ പടിഞ്ഞാറും ഇസ്ലാമും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ആധുനികതയുടെ പിടിയില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ കഴിയാത്ത ചില ആശയങ്ങള്‍ (നീതിയലധിഷ്ടിതമായ സാര്‍വ്വജനാധിപത്യം പോലെ) ദെറീദ പങ്കുവെക്കുന്നുണ്ട്. ആഗോളവത്കരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറ്റം അസാധ്യമാകുന്ന ഒരു കാലത്തെയും ദെറീദ സ്വപ്നം കാണുന്നുണ്ട്. എങ്കിലും പടിഞ്ഞാറന്‍ മുസ്ലിം ഇടപെടലുകള്‍ക്ക് ഈ സംവാദം മാറ്റം വരുത്തിയിട്ടുെണ്ടന്നത് അംഗീകരിക്കേണ്ട വസ്തുത തന്നെയാണ്. ദെറീദ പറഞ്ഞത് പോലെ അപരനെ വിശ്വാസത്തിലെടുത്തുള്ള സംഭാഷണങ്ങള്‍ക്ക് വ്യക്തമായ ഫലമുണ്ടാകും. എങ്കില്‍ മാത്രമേ പടിഞ്ഞാറിനും ഇസ്ലാമിനും ഇടയിലുള്ള വന്‍മതിലുകള്‍ തകര്‍ന്ന് വീഴൂ.

(ഇസ്ലാമും പടിഞ്ഞാറും ദറീദയുമായുള്ള സംഭാഷണം എന്ന പുസ്തകം അജയ് പി മങ്ങാട്ട് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അദര്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

സ്വാലിഹ് ന്യൂസ്ട്രീറ്റ്

You must be logged in to post a comment Login