നാടുകടത്തപ്പെട്ടവന്‍റെ പൗരാവകാശം

നാടുകടത്തപ്പെട്ടവന്‍റെ  പൗരാവകാശം

പ്രവാസി വോട്ടവകാശം ജനാധിപത്യക്രമത്തിലെ പങ്കാളിത്തത്തിനപ്പുറം പൗരാവകാശത്തിന്‍റെ പ്രഖ്യാപനമായി അടയാളപ്പെടുത്തപ്പെട്ടത് പലകാരണങ്ങളാലാണ്. ജീവ സന്ധാരണം തേടി പുറംനാടുകളിലേക്ക് ചേക്കേറുന്നതോടെ പിറന്ന മണ്ണുമായുള്ള നാഭീനാള ബന്ധം അറുത്തുമാറ്റപ്പെടുന്ന അവസ്ഥാവിശേഷം ഉണ്ടായത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നന്ദികെട്ട നടപടികള്‍ മൂലമായിരുന്നു. റേഷന്‍ കാര്‍ഡുകളില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെടുകയും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികളുടെ അസ്ഥിത്വത്തെ വല്ലാതെ വ്യാകുലപ്പെടുത്തുകയുണ്ടായി. മറുനാട്ടിന്‍റെ പ്രതികൂല പരിസരത്തോട് മല്ലടിച്ച് ജീവിക്കുന്പോഴും പിറന്നനാട് വല്ലാത്തൊരു കൃതഘ്നത കാണിക്കുന്നുണ്ടെന്ന വിചാരം സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല മാനസികമായി അലട്ടുന്നത്. എവിടെ സംഗമിച്ചാലും തങ്ങള്‍ നേരിടുന്ന അസ്ഥിത്വ പ്രതിസന്ധിയായിരുന്നു പ്രവാസികള്‍ ചര്‍ച്ച ചെയ്തിരുന്നത്. അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമൊക്കെ കുടിയേറിപാര്‍ത്ത വൈറ്റ് കോളര്‍ എന്‍ആര്‍ഐകളെപ്പോലെയല്ല ഗള്‍ഫ് നാടുകളില്‍ ജീവിതപ്പച്ച തേടിയെത്തിയവര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ന്യൂയോര്‍ക്കില്‍ വരവേറ്റ ദേശഭക്തര്‍ എന്നോ ശരീരം കൊണ്ടും മനസ്സുകൊണ്ടും നാടിനോട് വിടചൊല്ലിയതാണെന്ന യാഥാര്‍ത്ഥ്യം പലരും വിസ്മരിക്കുകയാണ്. സകുടുംബം വിദേശത്ത് കുടിയേറിപ്പാര്‍ത്ത്, സന്പാദ്യം മുഴുവന്‍ അവിടത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ഈ അഭിജാതകുല വര്‍ഗത്തിന്‍റെ ദേശസ്നേഹത്തെ ഇമെയില്‍ പാട്രിയേറ്റിസം എന്നു വേണം വിശേഷിപ്പിക്കാന്‍. ഇവരുടെ സ്വത്വവിചാരം സങ്കുചിതമായ ജീവിത വീക്ഷണത്തിന്‍റേതാണ്. യാഥാസ്ഥികാചാരങ്ങളുടെ വൃത്തികെട്ട അനുഷ്ഠാനങ്ങളുടെ നൊസ്റ്റാള്‍ജിയക്കപ്പുറം നമ്മുടെ ദേശത്തോട് വലിയ ബന്ധമൊന്നുമില്ല ഇക്കൂട്ടര്‍ക്ക്. എന്നാല്‍ നാടിന്‍റെ ഖജനാവ് നിറക്കുന്ന പാവം ഗള്‍ഫ് എന്‍ആര്‍ഐകളുടെ കഥ മറ്റൊന്നാണ്. ഏതു നിമിഷവും പിറന്ന നാടിന്‍റെ മടിത്തട്ടിലേക്ക് മടങ്ങാനുള്ള അദമ്യമായ മോഹം നമ്മുടെ രാജ്യത്തിന്‍റെ നാഡിമിടിപ്പില്‍ ചെവിവെച്ചുറങ്ങാന്‍ അവര്‍ക്ക് പ്രേരണയാവുന്നു. സ്വരാജ്യത്തിന്‍റെ ആധിയും കിതപ്പും അവന്‍റെ ഓരോ ശ്വാസോഛാസത്തിലും ഉള്‍ചേര്‍ന്ന് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യക്കാരന്‍ എന്ന അഭിമാന മുദ്രയുടെ മേല്‍ പതിയുന്ന ഏത് പോറലും അവന് അസഹനീയമായി അനുഭവപ്പെടുന്നു.

പ്രവാസി വോട്ടവകാശം വലിയൊരു സമസ്യയായി മാറിയത് ഈ പശ്ചാത്തലത്തിലാണ്. നാട്ടിലെ രാഷ്ട്രീയ ചലനങ്ങളെ സാകൂതം വീക്ഷിക്കുകയും കിട്ടാവുന്ന വേദികളിലെല്ലാം വാദപ്രതിവാദങ്ങള്‍ നടത്തി നെല്ലും പതിരും തെരയാന്‍ മെനക്കെടുക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന ക്രൂരത അടുത്തകാലം വരെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉണ്ടായാല്‍ പോലും അവന്‍ കേവലം കാഴ്ചക്കാരനായിരുന്നു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അവരുടെ ഊഴം വരുന്പോള്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മുന്പില്‍ ക്യൂ നിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന കാഴ്ച വളരെ അസൂയയോടെയാണ് നോക്കിക്കണ്ടത്. ഫിലിപ്പൈന്‍സിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സഊദിയിലെ അവരുടെ എംബസികളില്‍ പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് ഈ വാര്‍ത്തയും ചിത്രവും നല്‍കാറ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് എന്തുകൊണ്ട് ഈ അവകാശം നിഷേധിക്കുന്നു എന്ന ചോദ്യം കടലിനക്കരെ നിന്നും നിരന്തരമായി ഉയര്‍ന്നു കേട്ടതിന്‍റെ ഫലമാണ് 2010ല്‍ പ്രവാസി വോട്ടവകാശം വകവെച്ച് കൊടുത്തു കൊണ്ടുള്ള മന്‍മോഹന്‍ സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍ രണ്ടുകോടിയോളം വരുന്ന എന്‍ആര്‍ഐ ഇന്ത്യക്കാര്‍ എങ്ങനെ വോട്ട് രേഖപ്പെടുത്തും എന്ന ചോദ്യത്തിന് ആരുടെ പക്കലും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. അതിനുത്തരം കണ്ടെത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ ആദ്യ വാരം ഇലക്ഷന്‍ കമ്മീഷന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചപ്പോഴും അവ്യക്തത പൂര്‍ണമായും മാറ്റാന്‍ സാധിച്ചിരുന്നില്ല. പ്രവാസി വോട്ട് എന്ന ആശയത്തെ അംഗീകരിക്കുന്പോള്‍ തന്നെ അതിന്‍റെ പ്രായോഗികതയെക്കുറിച്ചും ഇലക്ഷന്‍ കമ്മീഷന്‍ ആശങ്ക ഉണ്ട്. ഇമെയില്‍ വോട്ട്, പ്രോക്സി വോട്ട് (മുക്ത്യാര്‍) തുടങ്ങിയ മാര്‍ഗങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ ചിന്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പോളിംഗ് ബൂത്ത് സജ്ജീകരിക്കുക എന്നതിനോടുള്ള കമ്മീഷന്‍റെ നിലപാട് പ്രായോഗിക ബുദ്ധിയുടേതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കോ സംസ്ഥാന നിയമസഭകളിലേക്കോ തിരഞ്ഞെടുപ്പ് നടക്കുന്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്ത് ഒരുക്കാന്‍ എംബസിക്ക് സൗകര്യങ്ങളില്ല എന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. മാത്രമല്ല അമിതമായ രാഷ്ട്രീയ ആവേശവും അനാവശ്യമായ വാശിയും വൈരാഗ്യവുമൊക്കെ മറ്റൊരു നാട്ടില്‍ കാണിച്ചാല്‍ സ്വന്തം കഞ്ഞിയില്‍ മണ്ണ് വാരിയിടലായിരിക്കുമത്. വിവര സാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഭാവിയില്‍ ഇവോട്ടിങ്ങിനെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളൂ. അതുവരെ കുറ്റമറ്റ മറ്റൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയാണ് കരണീയം. ഈ ദിശയില്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വേക്കേണ്ട ബാധ്യത പ്രവാസി കൂട്ടായ്മകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമുണ്ട്. നയതന്ത്ര വക്താക്കളുടെ പങ്കാളിത്തത്തോടെ ഈ വഴിയില്‍ സക്രിയമായ ചര്‍ച്ചകള്‍ നടക്കട്ടെ. വോട്ട് ചെയ്യുക എന്നതിനപ്പുറം വോട്ടവകാശം ലഭിച്ചതിലുള്ള ആഹ്ലാദത്തിലടങ്ങിയിരിക്കുന്നത് ഇത് വരെ നിഷേധിക്കപ്പെട്ട പൗരാവകാശത്തിന്‍റെ പുനഃസ്ഥാപനമാണ്. ജനാധിപത്യ മാര്‍ഗത്തിലുള്ള വലിയ വിജയമാണിത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login