വിലക്കയറ്റം ഒളിപ്പിക്കാന്‍ വിവാദം ഒരു മറ

വിലക്കയറ്റം ഒളിപ്പിക്കാന്‍  വിവാദം ഒരു മറ

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്പോള്‍ ചെലവു ചുരുക്കേണ്ടത് ആവശ്യം തന്നെ പക്ഷേ, സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടും വിധം തന്നെ വേണോ ചെലവു ചുരുക്കല്‍ അധികാരത്തിന്‍റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നവര്‍ ഏതെങ്കിലും രീതിയില്‍ ചെലവ് ചുരുക്കുന്നതായി അറിവില്ല പേഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ വലിയ ഒരു പടയെ നിലനിറുത്തുന്നതിലോ ചുറ്റിക്കറങ്ങുന്നതിലോ ഒന്നും സാന്പത്തിക പ്രതിസന്ധി ബാധിച്ചതായി ഒരു സൂചനയും ഇതുവരെ ഇല്ല അല്പം ലാഭമുണ്ടാകുമെന്ന പ്രതീക്ഷയോടെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ‘സപ്ളൈകോ’ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് വെട്ടിക്കുറയ്ക്കേണ്ട അധികച്ചെലവ്!
സപ്ലൈകോയില്‍ പല അവശ്യ സാധനങ്ങളും കിട്ടാനില്ലെന്ന പരാതി നിലനില്‍ക്കെയാണ് സബ്സിഡി വെട്ടിക്കുറച്ചതിലൂടെ ഏഴ് സാധനങ്ങള്‍ക്ക് കൂടി വില വര്‍ദ്ധിച്ചിരിക്കുന്നത് കിലോഗ്രാമിന് 60 രൂപയായിരുന്ന മല്ലിക്ക് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 52 രൂപ ചെറുപയറിന് 22 രൂപയും ഉഴുന്നുപരിപ്പിന് 34രൂപയുമാണ് കിലോഗ്രാമിന് വര്‍ദ്ധിച്ചത് തുവരപ്പരിപ്പിന്‍റെ വിലയില്‍ വന്ന വര്‍ദ്ധനവിലാണ് തലതിരിവിന്‍റെ ഏറ്റവും പ്രകടമായ ലക്ഷണം പൊതുവിപണിയില്‍ 66 രൂപയ്ക്ക് ലഭിക്കുന്ന തുവരപ്പരിപ്പിന് സപ്ളൈകോയില്‍ 67 രൂപ നല്‍കണം

പൊതു വിതരണ സംവിധാനം എന്തിനാണെന്നു പോലും സര്‍ക്കാര്‍ മറന്നുവെന്ന് വേണം കരുതാന്‍ ലാഭവും നഷ്ടവും മാത്രം നോക്കുന്ന സാദാ കച്ചവടക്കാരന്‍റെ റോളാണോ പൊതു വിതരണ സംവിധാനത്തിന്? വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയും വിധം വിപണിയില്‍ സര്‍ക്കാരിന് ഇടപെടാന്‍ പ്രതിഭാശാലികള്‍ കണ്ടെത്തിയ മാര്‍ഗമാണ് പൊതുവിതരണ സംവിധാനം കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കിയാല്‍ വിപണിയിലെ വിഷപ്പാന്പുകള്‍ക്ക് തോന്നിയത് പോലെ താണ്ഡവമാടാനാകില്ല വിലവര്‍ദ്ധനവില്‍ പൊതുവിപണിയുടെ മുന്നിലോടാന്‍ മടി കാട്ടാത്ത ഒരു പൊതു വിതരണ സംവിധാനത്തിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ എങ്ങനെ കഴിയും? വിശേഷിച്ച്, മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും ചേര്‍ന്ന് ആസൂത്രിതമായി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്പോള്‍ ഉല്പാദകരില്‍ നിന്നല്ല, കരാറുകാരില്‍ നിന്നാണ് സപ്ളൈകോ സാധനങ്ങള്‍ സംഭരിക്കുന്നത് ഉല്പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചിരുന്നുവെങ്കില്‍ സാധനങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുമായിരുന്നുകരാറുകാരില്‍ നിന്ന് വാങ്ങുന്നതിനെക്കുറിച്ചുമുണ്ട്, ആരോപണങ്ങള്‍

കഴിഞ്ഞ ഓണക്കാലത്ത് സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു 30 ശതമാനം വരെ മാത്രമേ സബ്സിഡി നല്‍കാവൂവെന്നായിരുന്നു ഉത്തരവില്‍ അപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഉത്തരവ് നടപ്പാക്കിയില്ല ആ ഉത്തരവ് ഇപ്പോള്‍ നടപ്പാക്കിയെന്നാണ് വിവരം ബാര്‍ കോഴയെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കെ, ജനം വിലവര്‍ദ്ധനവ് ശ്രദ്ധിക്കാനിടയില്ലെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടാവാം, കൊള്ളരുതായ്മയും പിടിപ്പുകേടും മറച്ചുവയ്ക്കാനുള്ള മൂടുപടമായി മാറുകയാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍ പൊന്തിവരുകയും കുറച്ച് ചൂടും പുകയും ദുര്‍ഗന്ധവുമൊക്കെ സൃഷ്ടിച്ചശേഷം കെട്ടടങ്ങുകയും ചെയ്യുന്പോള്‍ ജനജീവിത്തെ അവര്‍ കുളത്തില്‍ മുക്കി കൊന്നിട്ടുണ്ടാവും ഇക്കാര്യത്തില്‍ ഒരു പക്ഷവും ശുദ്ധരല്ല വിവാദത്തിന്‍റെ പിറകേ ആയിരിക്കും പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും മറ്റ് രാഷ്ട്രീയക്കാരും

ലക്ഷങ്ങളോ കോടികളോ കോഴയായി വാങ്ങുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന ഓര്‍ത്ത് ആശങ്കാകുലരാകേണ്ട കാര്യമില്ല വീട്ടുചെലവില്‍ മാസം നൂറോ ഇരുനൂറോ രൂപ വര്‍ദ്ധിച്ചാല്‍ തന്നെ അവര്‍ക്ക് അത് ഒരു ഭാരമാണോ? കോഴയുടെ സമൃദ്ധിയില്‍ അവര്‍ക്ക് സാധാരണക്കാരുടെ ജീവിതഭാരത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടാതെ പോകുന്നു അതാണ് ഒരു ദുര്യോഗം

സാന്പത്തിക പ്രതിസന്ധിക്ക് ഒരു പ്രതിവിധി നികുതി പിരിവ് ഊര്‍ജ്ജിതമാക്കുകയാണ് വലിയവരുടെ’ നികുതിക്കുടിശ്ശികകള്‍ ഇളവ് ചെയ്തു കൊടുക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യാറുള്ളത് അല്ലെങ്കില്‍ നികുതി കൊടുക്കാത്തവരെ കൊണ്ട് കോടതിയില്‍ ഒരു ഹരജി കൊടുപ്പിച്ച്, വാദത്തില്‍ സര്‍ക്കാറിന്‍റെ ഭാഗം നേര്‍പ്പിച്ച് മുതലാളിയെ’ രക്ഷപ്പെടുത്താനും സര്‍ക്കാരുകള്‍ തയ്യാര്‍ ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തിന്‍റെയും മുഖംമൂടികള്‍ വലിച്ചു ചീന്തണം.

ഒന്നര വര്‍ഷം കഴിയുന്പോള്‍ തിരഞ്ഞെടുപ്പ് വരുമെന്ന് പറഞ്ഞ് ജനവിധിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനോ മുന്നറിയിപ്പ് നല്‍കാനോ ഇനി കഴിയുമെന്ന് തോന്നുന്നില്ല ജയിക്കുമെന്നോ തോല്‍ക്കുമെന്നോ ഉറപ്പാണെങ്കില്‍ ജനവിധിയെ എന്തിന് ഭയക്കണം ഭരണാധികാരികളില്‍ ചിലര്‍ ഇതില്‍ ഏതോ ഒന്ന് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് വേണം, സാധാരക്കാരെ മറന്നുകൊണ്ടുള്ള പോക്കില്‍ നിന്ന് അനുമാനിക്കാന്‍ ഏതായാലും, തോല്‍ക്കുമെന്ന് ഉറപ്പിച്ചവര്‍ സാധാരണക്കാരെ ഗൗനിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

സ്വലാഹുദ്ദീന്‍ പി കെ, കാവനൂര്‍

You must be logged in to post a comment Login