അറിവിന്‍റെ പാറ്റന്‍റ് തറവാട്ട് സ്വത്തോ?

അറിവിന്‍റെ പാറ്റന്‍റ് തറവാട്ട് സ്വത്തോ?

ഇക്കഴിഞ്ഞ നവംബര്‍ 15നു തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ലാറ്റിനമേരിക്കയില്‍നിന്നുള്ള മുസ്ലിംകളുടെ ഒരു സമ്മേളനമായിരുന്നു വേദി. അറ്റ്ലാന്‍റിക് കടന്നെത്തിയ അതിഥികളെ അഭിസംബോധന ചെയ്യവെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു: “മുസ്ലിം നാവികര്‍ 1178ല്‍ തന്നെ അമേരിക്കന്‍ തീരങ്ങളില്‍ എത്തിയിരുന്നു. ക്യൂബയിലെ ഒരു മലമുകളില്‍ ഒരു പള്ളിയുടെ സാന്നിധ്യമുള്ളതായി ക്രിസ്റ്റഫര്‍ കൊളംബസ് അദ്ദേഹത്തിന്‍െറ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.’ വിദൂരദിക്കില്‍നിന്നെത്തിയ വിശ്വാസികളുടെ മുന്നില്‍ അദ്ദേഹം തന്‍റെ ഒരാഗ്രഹം പ്രകടിപ്പിക്കുകയുമുണ്ടായി: “എന്‍െറ ക്യൂബന്‍ സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഇന്നും ആ മലമുകളില്‍ ഒരു പള്ളി വളരെ അനുയോജ്യമാവും. അതിനുള്ള അനുമതി ലഭിക്കുകയേ വേണ്ടൂ’. മറ്റു രാജ്യങ്ങളില്‍നിന്ന് ഇസ്ലാമിക തുര്‍ക്കി എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന് സമര്‍ഥിക്കുന്നതിന് ചില ചരിത്രയാഥാര്‍ഥ്യങ്ങള്‍ നിരത്താന്‍ കൂടി അദ്ദേഹം താല്‍പര്യം കാണിച്ചു: “നിര്‍ബന്ധമോ വാളോ ഉപയോഗിച്ച് ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്നത് ഒരിക്കലും ഇസ്ലാമിന്‍റെ രീതിയായിരുന്നില്ല. യൂറോപ്യന്‍ ക്രിസ്ത്യാനികള്‍ അമേരിക്ക കോളനിയാക്കിയത് അവിടുത്തെ സ്വര്‍ണത്തിനു വേണ്ടിയായിരുന്നു. ആഫ്രിക്ക പിടിച്ചത് അവിടുത്തെ പവിഴങ്ങള്‍ക്ക് വേണ്ടിയും. അതേ ഗൂഢോദ്ദേശ്യത്തോടെയാണ് എണ്ണക്കുവേണ്ടി ഇപ്പോള്‍ മധ്യപൗരസ്ത്യദേശത്തും ആധിപത്യം സ്ഥാപിക്കുന്നത്’.

ലാറ്റിനമേരിക്കന്‍ സംഘത്തോട് പ്രസിഡന്‍റ് ഉര്‍ദുഗാന്‍ പറഞ്ഞ ഈ വാക്കുകളില്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കെങ്കിലും അപകടം പതിയിരിക്കുന്നതായി തോന്നുമോ? അതിഥികളും തുര്‍ക്കിയും തമ്മിലുള്ള ആദര്‍ശപരമായ ബന്ധം ചികഞ്ഞുകാണിക്കുന്നതും ഒരു പള്ളി നിര്‍മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതും ഇസ്ലമിക പ്രബോധന പാരന്പര്യത്തിലെ സഹിഷ്ണുതയുടെ ഒരു മാനം ഓര്‍മപ്പെടുത്തുന്നതും ഒരു തരത്തിലും സാമാന്യ ബുദ്ധി മഹാപാതകമായി കാണില്ല. എന്നാല്‍ സംഭവിച്ചത് മറ്റൊരു തരത്തിലായിരുന്നു. ഉര്‍ദുഗാന്‍ എന്തോ വലിയൊരു അപരാധം ചെയ്തു എന്ന നിലയില്‍ പിറ്റേന്ന് തൊട്ട് വന്‍വിവാദം പൊട്ടിപ്പുറപ്പെട്ടു. “അമേരിക്ക കണ്ടുപിടിച്ചത് മുസ്ലിംകള്‍; ഉര്‍ദുഗാന്‍’ എന്ന ശീര്‍ഷകത്തില്‍ യൂറോപ്പിലെയും യു എസിലെയും പത്രങ്ങള്‍ വെണ്ടക്ക നിരത്തിയപ്പോള്‍ ഇന്ത്യയിലടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ അതപ്പടി പകര്‍ത്തി നാടുനീളെ പ്രസരിപ്പിച്ചു. കൊളംബസിനു മുന്പ് തന്നെ അമേരിക്കയില്‍ ഇസ്ലാം വ്യാപകമായിരുന്നുവെന്ന് പ്രസംഗിച്ചുകൊണ്ട് ഉര്‍ദുഗാന്‍ ചരിത്രം മാറ്റിയെഴുതാന്‍ പോവുകയാണെന്നും തന്‍െറ യാഥാസ്ഥിതിക സുന്നി ആശയത്തിനൊത്ത് മതേതര തുര്‍ക്കിയുടെ സ്വഭാവം മാറ്റാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചുവിടാതിരിക്കില്ലെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ക്കൊപ്പം കമാല്‍ അതാതുര്‍ക്കിന്‍െറ പ്രേതവാഹിനികളായ ടര്‍ക്കിഷ് പത്രങ്ങളും അലമുറയിട്ടു. 2005ല്‍ സ്പാനിഷ് പ്രധാനമന്ത്രി ജോസ് ലൂയിയോടൊപ്പം “നാഗരികതയുടെ സഖ്യം’ രൂപീകരിച്ച് സാമുവല്‍ ഹണ്ടിങ്ടന്‍റെ ‘നാഗരികതകളുടെ സംഘര്‍ഷങ്ങള്‍’ക്കെതിരെ മുന്‍കൈ എടുത്ത ഒരു മനുഷ്യന് എന്തുപറ്റി എന്ന് ചോദിച്ചത് യു.എന്‍ മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സെന്‍ഗിസ് അക്തറാണ്. കൊളംബസിനു മുന്പ് മുസ്ലിംകള്‍ അമേരിക്കയിലെത്തി എന്ന് ഉര്‍ദുഗാന്‍ നിര്‍ബന്ധം പിടിക്കുന്നതെന്തുകൊണ്ടാണെന്ന് വിവരിച്ച് ഇഷാന്‍ തരൂര്‍ “വാഷിങ്ടണ്‍ പോസ്റ്റില്‍’ ലേഖനം തന്നെ എഴുതി. താന്‍ മനസ്സിലാക്കിയ ചരിത്രവസ്തുത തുറന്നുപറഞ്ഞതിന് തന്നെ കൊത്തിവലിക്കാന്‍ തന്നെയാണ് നീക്കമെന്ന് കണ്ടപ്പോള്‍ അപൂര്‍വമായ ആര്‍ജവത്തോടെ ഉര്‍ദുഗാന്‍ തന്‍െറ നിലപാടിന് അടിവരയിട്ടത് ഇങ്ങനെ: “അവര്‍ വിചാരിക്കുന്നത് മുസ്ലിംകള്‍ക്ക് ഒരിക്കലും ഇത്തരത്തിലുള്ള സാഹസമൊന്നും സാധിക്കില്ല എന്നാണ്. മുസ്ലിംകളുടെ പൂര്‍വീകരാണ് ഇരുണ്ടയുഗം അവസാനിപ്പിച്ചതെന്നും പുതിയ യുഗത്തിന് നാന്ദികുറിച്ചതെന്നും അവര്‍ക്കു വിശ്വസിക്കാനാവുന്നില്ല. പവിത്ര വേദങ്ങള്‍ പോലെ പടിഞ്ഞാറന്‍ ചരിത്രസ്രോതസ്സുകളെ വിശ്വസിക്കേണ്ടതില്ല.

ഇതോടെ വിറളിപിടിച്ച ഒരു ടര്‍ക്കിഷ് പത്രം ഉര്‍ദുഗാനെ കളിയാക്കിക്കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചു. പ്രശസ്തമായ മൊണാലിസ ചിത്രത്തിന്‍റെ ബാക്ക്ഗ്രൗണ്ടില്‍ പള്ളി മിനാരങ്ങള്‍ ആലേഖനം ചെയ്തു. അതും തങ്ങളുടേതാണ് എന്ന ഭാവത്തില്‍ ഉര്‍ദുഗാന്‍ കാവല്‍ നില്‍ക്കുകയാണ്. കൊളംബസ് അമേരിക്കന്‍ വന്‍കരയില്‍ കാല് കുത്തുന്നതിനു മുന്നൂറ് വര്‍ഷം മുന്പ് മുസ്ലിം നാവികര്‍ അവിടെ എത്തിയിരുന്നുവെന്ന് പറയുന്നത് അത്ര വലിയ അപരാധമാണോ? ചരിത്രത്തെ കുറിച്ചുള്ള പടിഞ്ഞാറന്‍ ഭാഷ്യത്തില്‍നിന്ന് ഭിന്നമായ ഒന്ന് പാടില്ല എന്ന ദുശ്ശാഠ്യം തന്നെയാവണം കാരണം. കോപ്പര്‍നിക്കസിന്‍െറ സിദ്ധാന്തം ഉയര്‍ത്തിപിടിച്ചു ഭൂമി സൂര്യനു ചുറ്റും കറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ഗലീലിയോവിനെ മതവിചാരണക്ക് വിധേയമാക്കി ജയിലിലടച്ച ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്‍റെ പിന്തിരിപ്പന്‍ പൈതൃകമാണ് ഇപ്പോഴും യൂറോപ്പിനെ നയിക്കുന്നതെന്നും ഉര്‍ദുഗാനെ വേട്ടയാടാന്‍ ശ്രമിക്കുന്നവര്‍ സത്യത്തെ ഭയപ്പെടുകയാണെന്നും തുര്‍ക്കി മാധ്യമപ്രവര്‍ത്തക മര്‍വ ശബ്നം ഉറൂക്കിനു തുറന്നെഴുതേണ്ടിവന്നു. തങ്ങളുടെ യജമാനന്മാരെ പ്രയാസപ്പെടുത്തുന്നതാണ് തുര്‍ക്കി പ്രസിഡന്‍റിന്‍െറ നാവില്‍നിന്ന് വീണതെന്ന് തോന്നിയപ്പോഴേക്കും സഊദി അറേബ്യയിലെ പ്രശസ്ത കോളമിസ്റ്റ് അബ്ദുല്‍ലത്തീഫ് അല്‍മൂല്‍ഹിം ഉര്‍ദുഗാനെ കളിയാക്കുന്ന വിധത്തില്‍ അറബ് ന്യൂസില്‍ കോളം എഴുതിയപ്പോള്‍ മുസ്ലിം ലോകം വഹാബികളെ ഓര്‍ത്ത് നാണിച്ചു. “”നാം മുസ്ലിംകള്‍ നമ്മുടെ പോയകാലത്ത് കൈവരിച്ച നേട്ടങ്ങളെ കുറിച്ച് അമേരിക്കക്കാരോടോ പടിഞ്ഞാറിനോടോ പറയേണ്ടതില്ല. അവ അവരുടെ പുസ്തകത്തില്‍ എഴുതിവെച്ചിട്ടുണ്ട് എന്ന് ഏത് ഗ്രന്ഥശാല പരിശോധിച്ചാലും മനസ്സിലാകും. അങ്ങ് വിദൂരതയിലുള്ള താരകങ്ങള്‍ക്ക് അറബി /ഇസ്ലാമിക നാമമാണുള്ളത്. എന്നാല്‍ നാസയാണ് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത്…. ഏതെങ്കിലും ഈജിപ്ഷ്യനോ യൂറോപ്യന്‍ ചൈനീസ് നേതാവോ തങ്ങളാണ് അമേരിക്ക കണ്ടുപിടിച്ചത് എന്ന് വാദിക്കാതെ ചരിത്രകാരന്മാര്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അമേരിക്ക കണ്ടുപിടിച്ചത് തങ്ങളാണെന്ന് മുസ്ലിം നേതാക്കളേ വാദിക്കാറുള്ളൂ. ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും പോയകാലത്തെ പ്രതാപം ചരിത്രപരമായ ഭ്രമാത്മകത കൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ല” നോക്കണം സലഫികള്‍ക്ക് സുന്നി തുര്‍ക്കിയോടുള്ള വിരോധം!

വാസ്തവത്തില്‍ ഉര്‍ദുഗാന്‍ ചരിത്രപരമായ വിഭ്രമ കല്‍പനകളില്‍ അഭിരമിച്ചല്ല കൊളംബസിനു മുന്പ് മുസ്ലിംകള്‍ അമേരിക്കയില്‍ എത്തിപ്പെട്ടിട്ടുണ്ടെന്ന് അന്നാട്ടിലുള്ള ജനങ്ങളെ ഉണര്‍ത്തിയത്. കൊളംബസിന് 314വര്‍ഷം മുന്പ് കൃത്യമായി പറഞ്ഞാല്‍ 1178ല്‍ മുസ്ലിംകള്‍ ആ വന്‍കരയില്‍ കാല് കുത്തിയിട്ടുണ്ടെന്നാണ് ഉര്‍ദുഗാന്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. മുസ്ലിംകളാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് ഒരിടത്തും അദ്ദേഹം വാദിച്ചിട്ടില്ല. കൊളംബസിന്‍െറ ഡയറിക്കുറിപ്പ് തന്നെയാണ് അതിനു ഉപോല്‍ബലകമാക്കിയതും. 1996ല്‍ യു.എസിലെ അസ്സുന്ന ഫൗണ്ടേഷനിലെ യൂസുഫ് മര്‍വ തയാറാക്കിയ ഒരു പ്രബന്ധത്തെ അടിസ്ഥാനമാക്കിയാവണം ഉര്‍ദുഗാന്‍ “ചരിത്രം’ തിരുത്തിയെഴുതാന്‍ ശ്രമിച്ചത്. അദ്ദേഹം രേഖപ്പെടുത്തുന്നത് 1492 ഒക്ടോബര്‍ 21നു തിങ്കളാഴ്ച ക്യൂബയുടെ വടക്കുകിഴക്കന്‍ തീരത്തെ ഗിബ്റാനു സമീപത്തൂടെ കപ്പല്‍ യാത്ര ചെയ്യുന്പോള്‍ മനോഹരമായ മല മുകളില്‍ ഒരു പള്ളി കണ്ടിരുന്നുവെന്നാണ്. ക്രിസ്ത്യാനിറ്റിക്കു മുന്പ് ഇസ്ലാം അമേരിക്കയില്‍ എത്തിയിരുന്നുവെന്ന് സമര്‍ഥിക്കപ്പെട്ടാല്‍ ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീഴുമോ? ഒരുകാര്യമുറപ്പാണ്: അധിനിവേശ മോഹമോ മതപ്രബോധന ത്വരയോ മനസ്സിലൊളിപ്പിച്ചായിരിക്കില്ല മുസ്ലിം നാവികരുടെ സന്ദര്‍ശനം. അറബികള്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുന്പ് തന്നെ ആഴക്കടലില്‍ ആധിപത്യം സ്ഥാപിച്ചവരാണ്. വാണിജ്യാവശ്യാര്‍ഥം ചൈനയും പൂര്‍വദേശങ്ങളും താണ്ടിയ പാരന്പര്യം അനിേഷധ്യ ചരിത്രസത്യമാണെന്നിരിക്കെ എന്തുകൊണ്ട് കേപ് ഓഫ് ഗൂഡ്ഹോപ് കടന്ന് അത്ലാന്‍റിക് വഴി സാഹസിക സംഘത്തിന് അമേരിക്കന്‍ വന്‍കരയില്‍ കാലെടുത്തുവെച്ചൂകൂടാ? അത്തരമൊരു സാഹസിക യാത്രയെ ചരിത്രപരമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ സംവാദത്തിന്‍െറ ലക്ഷണമായി കാണുന്നതിനു പകരം ഞങ്ങള്‍ പറയുംപോലെ കേട്ടാല്‍ മതി നിങ്ങള്‍ ഒന്നും മിണ്ടിപ്പോകരുത് എന്ന് പറയുന്നത് ശുദ്ധ ധിക്കാരമല്ലേ? 1492ല്‍ കൊളംബസ് അമേരിക്കയില്‍ കാലെടുത്തുവെക്കുന്നതിനു മുന്പ് കിഴക്കുനിന്ന് ആരും ആ ഭാഗത്തേക്ക് പോയിട്ടില്ല എന്ന് വിശ്വസിക്കുന്നതല്ലേ പോഴത്തരം? ഈജിപ്തിലെ ഫറോവമാര്‍ക്ക് അമേരിക്കയുമായി സന്പര്‍ക്കമുണ്ടായതായി ചില ചരിത്രഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈജിപ്ഷ്യന്മാരും മെക്സിക്കോക്കാരും തമ്മിലുള്ള സാദൃശ്യം നരവംശശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ച ചെയ്ത വിഷയമാണ്. വൈക്കിങ് (ഢശസശിഴ ) ആണ് അമേരിക്ക കണ്ടുപിടിച്ചതെന്ന ഒരു ഭാഷ്യമുണ്ട്്. ചൈനക്കാര്‍ക്ക് കിഴക്കന്‍ അമേരിക്കയുമായി നീണ്ടകാലത്തെ ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനുമായ അബൂറയ്ഹാന്‍ അല്‍ബിറൂനിയാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് തെളിയിക്കാന്‍ ശ്രമിച്ചത് ഫ്രെഡറിക് സ്റ്റാര്‍ ആണ്. അത്ലാന്‍റിക് ആദ്യമായി താണ്ടിയതും അമേരിക്കന്‍ വന്‍കരയെ ആദ്യമായി പുണര്‍ന്നതും മുസ്ലിം നാവികരാണെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട് ഫുആദ് സെസ്ഗീന്‍റെ (എൗമ േടല്വഴശി) രചനകളില്‍. കാലിഫോര്‍ണിയ എന്ന പേര് നിഷ്പ്രഭിച്ചത് ഒരു അറബി പദത്തില്‍നിന്നാണ്. കൊല്ലന്‍െറ ആല എന്നാണ് അതിനര്‍ഥം.

കോളനിവത്കരണത്തിന്‍െറ ഇരുണ്ടമുഖം അനാവൃതമാക്കാന്‍ ശ്രമിച്ചതാണ് ഉര്‍ദുഗാനെതിരെ ഉറഞ്ഞുതുള്ളാന്‍ ചിലരെ പ്രേരിപ്പിച്ചത്. വിനിന്‍ പെരീരയും ജെറമി സീബ്രൂക്കും ഓര്‍മപ്പെടുത്തിയത് പോലെ കൊളംബസും മറ്റും പര്യവേഷണത്തിനു കച്ചകെട്ടി ഇറങ്ങിയത് സാഹസികത കൊണ്ടോ പുതിയ ലോകത്തെ കുറിച്ച് അറിയാനുള്ള വിജ്ഞാനദാഹം കൊണ്ടോ ആയിരുന്നില്ല. യൂറോപ്പില്‍ ജനപ്പെരുപ്പം സൃഷ്ടിച്ച സമ്മര്‍ദം മറികടക്കാന്‍ പുതിയ മണ്ണ് കണ്ടുപിടിക്കാനും ക്രിസ്തുമതത്തിലേക്ക് ആളെ മാര്‍ഗം കൂട്ടാനുമായിരുന്നു. കുരുമുളകും ചുക്കും ഏലവും വിളയുന്ന ഇന്ത്യ തേടിയുള്ള യാത്ര ദിക്കുതെറ്റി അമേരിക്കയില്‍ എത്തിയപ്പോള്‍ ഇക്കൂട്ടര്‍ എന്താണ് ചെയ്തതെന്ന് ഒന്നെത്തി നോക്കിയാല്‍ തന്നെ ഉര്‍ദുഗാന്‍ സൂചിപ്പിച്ച ഗൂഢലക്ഷ്യം കണ്ടുപിടിക്കാനാവും. “”1492 ഒക്ടോബര്‍ 12നുകൊളംബസ് കരിബിയന്‍ സമുദ്രത്തിലെ ഗ്വാനാഹനി ദ്വീപിലെത്തി. ….ദ്വീപുവാസികളെ കണ്ടപാടെ സ്പെയിന്‍കാര്‍ സ്പാനിഷ് ഭാഷയിലുള്ള ഒരു വി്ജഞാപനം വായിച്ചു. ക്രിസ്തുമതമാണ് സത്യമെന്നും മാര്‍പ്പാപ്പയോടും സ്പാനിഷ് രാജാവിനോടും ഉടനടി കൂറു പ്രഖ്യാപിച്ചുകൊള്ളണമെന്നും ഉണര്‍ത്തി. പരിഭാഷപ്പെടുത്തിയത് കൊണ്ട് നാട്ടുകാര്‍ക്ക് ഒന്നും മനസ്സിലായിരിക്കില്ല. എന്നാലും പറഞ്ഞതനുസരിച്ചില്ലെങ്കില്‍ എന്താണുണ്ടാവുക എന്നുകൂടി അവര്‍ വിശദമാക്കി. “”ഞാന്‍ ഉറപ്പിച്ചുപറയുന്നു ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി കടക്കും. നിങ്ങളോട് ആവുന്ന മട്ടിലെല്ലാം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തന്പുരാക്കന്മാര്‍ക്കും കീഴ്പ്പെടുത്തും . നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും…നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചെടുക്കും. ഞങ്ങളാലാവുന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്കു വരുത്തും”.

അങ്ങനെ നാശങ്ങള്‍ വരുത്തിവെച്ചതിനെ കുറിച്ച് ഉരിയാടുന്പോഴേക്കും യാഥാസ്ഥിതികത്തിന്‍െറ ചാപ്പ കുത്താനും ചരിത്രം അട്ടിമറിക്കുകയാണെന്ന് വിളിച്ചുകൂവാനും കാണിക്കുന്ന ആവേശം കടുത്ത അസഹിഷ്ണുതയുടേതാണ്. എല്ലാ വിജ്ഞാനങ്ങളും അറിവുകളും തങ്ങളിലൂടെ മാത്രമേ കടന്നുപോകാവൂ എന്ന അഹന്തയുടെ സ്വരം. അത് മറികടക്കാന്‍ ഏക പോംവഴി ഉര്‍ദുഗാനെ പോലുള്ളവര്‍ സ്വയം ഏറ്റെടുത്ത് നടത്തുന്ന ധീരമായ പോരാട്ടമാണ്. ഈ പോരാട്ടമാണ് കാലഘട്ടത്തിന്‍െറ യഥാര്‍ഥ ജിഹാദ്.

ശാഹിദ്

You must be logged in to post a comment Login