ഇത് മതമല്ല, രാഷ്ട്രീയവുമല്ല ഭീകരമായ കാടത്തം

ഇത് മതമല്ല,  രാഷ്ട്രീയവുമല്ല  ഭീകരമായ കാടത്തം

പെരുന്നാളിന്റെ പുലരിയിൽ നമസ്‌കാരത്തിനായി പോകുന്ന തിരുനബി ശ്രേഷ്ഠർ വഴിയോരത്ത് കണ്ട ഒരനാഥബാലനെ തോളിലേറ്റി വീട്ടിലേക്ക് തിരിച്ചു പോയതും കളിപ്പിക്കാൻ, നല്ല വസ്ത്രമണിയിക്കാൻ അവിടത്തെ പത്‌നിയോടാവശ്യപ്പെട്ടതും ശേഷം അതീവ സന്തുഷ്ടനായി ഈദ് നമസ്‌കാരത്തിലേക്കു പോയതും തിരുനബി ചരിത്രത്തിലെ ധന്യവിശേഷങ്ങളിലൊന്നാണ്. കുഞ്ഞെന്തിനാണ് കരയുന്നത് എന്ന് നബിതിരുമേനിയുടെ ചൊദ്യത്തിന് മറപടിയായി തന്റെ ദീനമായ അനാഥത്വം കുഞ്ഞ് അവന്റെ ഭാഷയിൽ വരച്ച് കാട്ടിയപ്പോൾ നബിതിരുമേനിയുടെ കണ്ണുകൾ നിറഞ്ഞു. ദുർബലരോട് ഏറെ കനിവുള്ളവരായിരുന്നു നബിതിരുമേനി. അവരേറ്റവും കനിവും ദയാവായ്പും ചൊരിഞ്ഞത് കുട്ടികളോടായിരുന്നു. ചെറിയ കുട്ടികളെ ശകാരിക്കുന്നത് പോലും നബിക്കിഷ്ടമില്ലായിരുന്നു. നമസ്‌കാരത്തിൽ സുജൂദിൽ- സാഷ്ടാംഗപ്രണാമത്തിൽ- അവരുടെ പിരടിയിൽ ഇളം കുരുന്നുകളായ പേരമക്കൾ കയറിയിരിക്കാറുണ്ടായിരുന്നു, ചിലപ്പോഴൊക്കെ. തിരുനബി അവരെ അതിന്റെ പേരിൽ വഴക്ക് പറഞ്ഞില്ല. കൊച്ചുമക്കളുടെ കരച്ചിൽ പോലും തിരുനബിയുടെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. ശത്രുക്കളുടെ നിരന്തരമായ ഉപചാപങ്ങളും അക്രമങ്ങളും കാരണം നിവൃത്തിയില്ലാത്ത ഘട്ടത്തിൽ യുദ്ധം അനിവാര്യമാക്കിയപ്പോഴും അവിടുന്ന് അനുയായികൾക്ക് നൽകിയ നിർദേശങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും വെറുതെ വിടണമെന്നത്. യുദ്ധത്തിന് പോകുന്നവർ വഴിയോരത്ത് വെറുതെ മരച്ചില്ലകളെ പോലും ഉപദ്രവിക്കരുതെന്ന് പറഞ്ഞ നബിതിരുമേനിയുടെ ഹൃദയവിശാലതയും കാരുണ്യശീലവും ഊഹിക്കാവുന്നതിലുമപ്പുറമാണ്. അത്തരത്തിലൊരു മഹാത്മാവിന്റെ അനുയായികൾക്കെങ്ങനെയാണ് നിരപരാധികളും നിഷ്‌കളങ്കരുമായ കുഞ്ഞുങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിക്കാനാവുക?

പെഷവാറിലെ സൈനിക സ്‌കൂളിൽ നടന്ന താലിബാൻ ആക്രമണത്തിന് മാനവരാശിയിൽ മാപ്പില്ല. മതത്തിലെവിടെയും അതിന് ന്യായീകരണമില്ല. അത് മതമല്ല. രാഷ്ട്രീയവുമല്ല. കലർപ്പില്ലാത്ത കാടത്തമാണ്. ഭീകരമായ അസംബന്ധം. പൈശാചികതയുടെ ഭീബത്സമായ താണ്ഡവം. നൂറ്റി മുപ്പത്തി രണ്ട് കുട്ടികളും അവരുടെ ഒമ്പത് അധ്യാപികമാരുമാണ് ക്രൂരമായി കശാപ്പ് ചെയ്യപ്പെട്ടത്. പ്രാണഭയത്താൽ ഇരിക്കുന്ന ബെഞ്ചുകൾക്കടിയിൽ ഒളിച്ചിരുന്ന മക്കളെയാണ് വലിച്ച് പുറത്തിട്ട് നിരനിരയായി വെടിവെച്ചു കൊന്നത്. അവരുടെ അധ്യാപികമാരെ അവരുടെ കൺമുന്നിലിട്ട് കത്തിച്ച് കൊല്ലുകയും ചെയ്തു. ഇത്രയും ഭീകരമായ പൈശാചികതയെ എന്തേത് ന്യായവാദം കൊണ്ടാണ് പറഞ്ഞ് നികത്താനാവുക? ഏതു തരം പ്രത്യയശാസ്ത്രമാണ് അതേറ്റുപിടിക്കാനുണ്ടാവുക? മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തിൽ മഹാപാപമായി ഇത് രേഖപ്പെട്ടു കഴിഞ്ഞു. മാനവരാശിക്കു മേൽ ഇതിനകം നടന്ന കൊടും ക്രൂരതകളിലൊന്നായി ഇത് തീർച്ചപ്പെട്ടു കഴിഞ്ഞു. മനുഷ്യസംസ്‌കൃതിക്ക് മേൽ പലപ്പോഴും സംഭവിച്ച ബീഭത്സ കയ്യേറ്റങ്ങളിലൊന്നായി എക്കാലത്തെയും ചരിത്രം ഇതിനെ അടയാളപ്പെടുത്തിക്കഴിഞ്ഞു.

അല്ലെങ്കിലും, തീവ്രവാദത്തിന്റെ പൊരുളെന്താണ്? നിരപരാധികളായ മനുഷ്യരെ കൊന്നു കൂട്ടുന്നതും അവരുടെ കണ്ണീരിലും കട്ടച്ചോരയിലും നിർവൃതി തേടുന്നതും ആണത്തമോ മനുഷ്യത്വമോ അല്ല. ഏറ്റവും നിലവാരം കെട്ട ഭീരുത്വമാണ്. ഏതു വഷളനും മൊശകൊടനും ചെയ്യാനാവുന്ന മണ്ടത്തരം. ഒരു മതത്തിലും അതിന് സാധ്യതയും സാധുതയുമില്ല. അതിന് മതത്തിന്റെ മേലങ്കിയുണ്ടായാലും മതവിലാസത്തിന്റെ ഉടയാടകളുണ്ടായാലും മതാത്മക പരിവേഷങ്ങളുടെ കാഴ്ചപ്പണ്ടങ്ങളുണ്ടായാലും അത് മതമേയല്ല; മതവിരുദ്ധതയും ദൈവനിന്ദയുമാണ്. വിശ്വാസികളിലുള്ള പെരുമാറ്റച്ചട്ടങ്ങളായി വിശുദ്ധ ഖുർആൻ എടുത്തു പറയുന്ന കാര്യങ്ങളിലൊന്ന് അന്യായമായ ഹത്യകളിൽ നിന്നുള്ള വിട്ടുനിൽക്കലാണ്. അല്ലാഹു വിലക്കിയ കൊലപാതകങ്ങളെ വൻപാപമായിട്ടാണ് വിശുദ്ധഖുർആൻ പരിഗണിക്കുന്നത്. അപരാധിയുടെ മേൽപോലും ദൈവം ചമയാൻ മനുഷ്യന് അധികാരമില്ലെന്നിരിക്കെ നിരപരാധിയായ മനുഷ്യരെ കൊല്ലുന്നത്, അവരുടെ രക്തമൊഴുക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?

ചരിത്രത്തിലെ എല്ലാ കൊടും ക്രൂരതകൾക്കും എന്തെങ്കിലും തരത്തിലുള്ള ന്യായവാദങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്, ഇന്നോളം. പ്രാചീനനാഗരികതകളിലെ ബീഭത്സനായാട്ടുകൾക്കും ന്യായവാദങ്ങളുണ്ടായിരുന്നു. ഗ്രീക്ക് നഗര രാഷ്ട്രങ്ങളിലൊന്നായ സ്‌പോർട്ടയിൽ അംഗവൈകല്യത്തോടെ പിറന്നു വീണ മുഴുവൻ കുഞ്ഞുങ്ങളും ക്രൂരമായി കശാപ്പ് ചെയ്യപ്പെട്ടിരുന്നു, രാജ്യരക്ഷയുടെ പേരിൽ. മംഗോളിയൻ കശാപ്പുകാർ കൊന്നു തള്ളിയത് ലക്ഷോപലക്ഷം ജനങ്ങളെയാണ്, ആധിപത്യത്തിന്റെ പേരിൽ. അമേരിക്കൻ ജനകീയ ചരിത്രകാരൻ ഹവാർഡ് സീൻ ചിത്രീകരിക്കുന്ന അതിഭീഗരമായ കൂട്ടക്കുരുതികളുണ്ട്, കൊളോണിയലിസത്തിന്റെ നാൾവഴിയിൽ. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ മനുഷ്യരാശിയുടെ അരും കൊലകളായിരുന്നു, രാഷ്ട്രീയത്തിന്റെ പേരിൽ. അഡോൾഫ് ഹിറ്റ്‌ലറും ജോസഫ് സ്റ്റാലിനും പോൾപോട്ടും കൊന്നുതള്ളിയത് കണക്കില്ലാത്ത മനുഷ്യരെയാണ്, രാഷ്ട്രീയത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരിൽ. പുതിയ നൂറ്റാണ്ടിലെ സാമ്രാജ്യത്വ രാഷ്ട്രീയവും ചോരപ്പുഴകളൊഴുക്കിയിട്ടുണ്ട്, നിർലജ്ജം. നിസ്സങ്കോചം. ഇവക്കിടയിൽ ചെറുതും വലുതുമായ കൊലനിലങ്ങളൊരുക്കിയ ധാരാളം ധാരാളം പിശാചുക്കൾ വേറെയുമുണ്ട്, ലോകത്തുടനീളം. എല്ലാ അക്രമങ്ങൾക്കും യഥാർത്ഥത്തിൽ ഒരു മതമേയുള്ളു, സ്വാർത്ഥതയുടെ മതം. അവക്കൊന്നടങ്കം ഒരു രാഷ്ട്രീയമേയുള്ളൂ, അധികാരത്തിന്റെയും ആധിപത്യത്തിന്റെയും വിനാശരാഷ്ട്രീയം. എല്ലാ തീവ്രവാദങ്ങളുടെയും പ്രത്യയശാസ്ത്രം ഈ മതവും രാഷ്ട്രീയവുമാണ്. അവയുടെ മേൽവിലാസങ്ങൾ പലതാണെങ്കിലും കൊലവിളികൾ ഒരൊറ്റക്കുഞ്ഞിന് നേരെയാണെങ്കിലും മനുഷ്യസമൂഹത്തോടൊന്നടങ്കമാണെങ്കിലും അതിൽ പതിയിരിക്കുന്ന വിനാശത്തിന്റെ വിത്തുകൾക്ക് ഒരേ ചേരുവയാണ്, ഒരേ രാസഘടനയാണ്. പെഷവാറിലെ മാത്രമല്ല, ലോകത്തെവിടെയുമുള്ള കുഞ്ഞുമക്കളുടെ കരച്ചിൽ നമ്മുടെ കർണപുടങ്ങൾക്ക് നൽകുന്ന സന്ദേശമിതാണ്; തീവ്രവാദം മനുഷ്യരാശിയുടെ മരണമണിയാണ്, സമൂലനാശത്തിന്റെ കുഴലൂത്തുകൾ.

എ പി അബ്ദുൽവഹാബ്‌

You must be logged in to post a comment Login