സലാലയിലെ മൗലിദ് മജ്‌ലിസുകൾ

സലാലയിലെ  മൗലിദ് മജ്‌ലിസുകൾ

ഒമാനിലെ സലാലയിൽ മസ്ജിദുകളിൽ പതിവായി നടക്കുന്ന നബി പ്രകീർത്തന, പ്രാർഥനാ സദസ്സുകളുടെ ആത്മീയ പ്രേരണ നബിയെ വീണ്ടും വീണ്ടും ഓർത്തെടുക്കാനുള്ള സന്നദ്ധതയാണ്. വട്ടമിട്ടിരുന്നും നിന്നും ഉറക്കെയും പതുക്കെയും പാടിയും പറഞ്ഞുമാണവരുടെ പാരായണം. ഒടുവിൽ സർവം മറന്ന് സ്രഷ്ടാവിനോട് കരഞ്ഞു കേണു ചോദിക്കുന്നത് ഈമാൻ ഉറപ്പിച്ചു തരണേ എന്നാണ്.

ഒമാനി മുസ്‌ലിംകളുടെ മൗലിദ് സദസ്സിൽ മലയാളികളും കയറിയിരിക്കും. ഈണത്തിൽ ഭക്തിനിർഭരമായ പാരായണത്തിൽ ലയിക്കുമ്പോൾ മൗലിദ്‌സദസ്സുകളുടെ കുറേക്കൂടി മൂർത്തമായ ആത്മീയരസം അറിയും. റബീഉൽഅവ്വൽ മാസത്തിൽ ആഴ്ചകളിൽ മുടങ്ങാതെ സലാലയിലെ ചില പള്ളികളിൽ മൗലിദ്മജ്‌ലിസ് നടക്കുന്നു. നബി സ്‌നേഹികളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമാണിവിടം. സലാലയിലെ റബീഉൽഅവ്വലിൽ സജീവമാകുന്ന മദ്ഹുർറസൂൽ സദസുകളിലും കേരളീയത കാണാം. തനിമയോടെ നില നിൽക്കുന്ന ഇത്തരം സദസുകൾ പൂർവികരിൽനിന്ന് കൈമാറിയെടുത്ത ആചാരമാണ്. വിശ്വാസികളുടെ പങ്കാളിത്തവും ലോകോത്തര പണ്ഡിതൻമാരുടെ സാന്നിധ്യവും ഈ സദസുകളെ അവിസ്മണീയമാക്കുന്നു.

സലാലയിലെ മസ്ജിദ് അഖീലിൽ തിങ്കളാഴ്ച രാവുകളിൽ ‘ഹളറ’യും വെളളിയാഴ്ച രാവുകളിൽ മൗലിദും നടക്കുന്നു. സ്വദേശി പ്രമുഖരും യമനിൽ നിന്നുളള പണ്ഡിതരും പതിവായി അതിൽ സംബന്ധിക്കും.

പ്രകീർത്തനവും പ്രാർഥനയും ഉദ്‌ബോധനവും ചേർന്നതാണ് ഹളറ. ‘സുംതുദ്ദുറർ ഫീ അഖ്ബാരി ഖൈരിൽബശർ’ എന്ന മൗലിദാണ് വെളളിയാഴ്ച രാവുകളിൽ പതിവായി പാരായണം ചെയ്യുന്നത്. അലി ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽഹബ്ശി എന്ന യമനി സൂഫിരചിച്ച ഈ മൗലിദ് താളാത്മകമായി പാരായണം ചെയ്യുന്ന പതിവ് നൂറ്റാണ്ടുകളായി തുടർന്നു വരുന്നതാണെന്ന് മസ്ജിദ് അഖീലിലെ ഇമാം അനീസ് അൽഉജൈലി പറയുന്നു. ദാറുൽമുസ്തഫാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കാര്യദർശിയും ആഗോള പണ്ഡിതനുമായ ശൈഖ് ഉമർബിൻ ഹഫീളാണ് വിശിഷ്ടാതിഥിയായി മസ്ജിദ് അഖീലിലെയും മറ്റു പ്രമുഖ മസ്ജിദുകളിലെയും പ്രകീർത്തന സദസുകളിൽ സംബന്ധിക്കാറുളളത്. മസ്ജിദ് അഖീലിലെ ആത്മീയ സദസുകൾക്ക് കാലങ്ങളായി അബ്ദുർറഹ്മാൻ അൽഉജൈലി നേതൃത്വം നൽകി വരുന്നു.

മസ്ജിദ് അഖീലിൽ പ്രകീർത്തന സദസുകൾ നടക്കുന്ന ദിവസങ്ങളിലൊഴികെ ഇശാ നിസ്‌കാരാനന്തരം ഹദ്ദാദ് റാത്തീബ് നടന്നു വരുന്നു. ശാഫിഈ മദ്ഹബ് കർമസരണിയായി സ്വീകരിച്ചവരാണ് സലാല മുസ്‌ലിംകൾ. പ്രമുഖരെല്ലാം ബാ അലവി സൂഫീമാർഗം ആത്മീയ വഴിയായി തിരഞ്ഞെടുത്തിരിക്കുന്നു. ആഴ്ച തോറും നടക്കുന്ന സദസുകളെ തനിമ ചോർന്നു പോകാതെ പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യാനും സജീവമാക്കി നില നിർത്താനും ഇവർക്ക് ആത്മബലം നൽകുന്നതും ഈ സൂഫീ സരണിയാണ്.

മസ്ജിദ് അഖീൽ, മസ്ജിദ് ബിൻ അഫീഫ്, മസ്ജിദ് ശൈഖ് സാലം ആമിർ റവാസ്, മസ്ജിദ് ശൈഖ് അബ്ദുല്ല അൽയമാനി, മസ്ജിദു സഖാഫ്, മസ്ജിദ് ഹദ്ദാദ്, മസ്ജിദ് ആലുബൈത്ത് തുടങ്ങി സലാലയിലെ നിരവധി മസ്ജിദുകളിൽ പ്രകീർത്തന സദസുകൾ നടന്നു വരുന്നു. സ്ത്രീകൾക്ക് സംബന്ധിക്കാനായി സലാലയിലെ അഞ്ചോളം മദ്‌റസകളിലും പ്രകീർത്തന സദസുകൾ നടക്കുന്നു. മദ്‌റസകൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കായി നടത്തി വരുന്ന മത പഠന ക്ലാസുകളോടനുബന്ധിച്ച് ആഴ്ചയിലൊരിക്കൽ ആത്മീയ സദസും നബി പ്രകീർത്തന സദസും സംഘടിപ്പിക്കുന്നു. റബീഉൽഅവ്വലിൽ ഈ സദസുകളിൽ കൂടുതൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാകും.

ളുഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അബൂസഈദി, വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല തുടങ്ങിയ പ്രമുഖരും പണ്ഡിതരും വിശ്വാസികളും സംബന്ധിക്കുന്ന പ്രൗഢമായ മൗലിദ് സദസാണ് സലാലയിലെ ഏറ്റവും വലിയ മസ്ജിദായ ഖാബൂസ് മസ്ജിദിൽ ഔദ്യോഗികമായി നടക്കുന്നത്. റബീഉൽഅവ്വൽ പന്ത്രണ്ടിനോടനുബന്ധിച്ചായിരിക്കും ഇത്. കേരളത്തിൽ ഓതി വരുന്ന ബർസൻജി മൗലിദാണ് ഇവിടെ പാരായണം ചെയ്യാറുളളത്. സ്വദേശി പ്രമുഖരുടെ വീടുകളിലും പള്ളികളിലും റബീഉൽഅവ്വലിൽ ശർറഫൽഅനാം മൗലിദ് പാരായണം ചെയ്യുന്നു. മിർബാത്തിലെ സൂപ്പർമാർക്കറ്റിനു സമീപമുളള മസ്ജിദിൽ റബീഉൽഅവ്വലിലെ വെളളിയാഴ്ച രാവുകളിൽ മഗ്‌രിബ് നിസ്‌കാരാനന്തരം ശർറഫൽഅനാം മൗലിദ് പാരായണം ചെയ്യുന്ന പതിവ് നിലനിൽക്കുന്നു. ആഴ്ച തോറും മുടങ്ങാതെ മൗലിദ് നടക്കുന്ന ഈ പളളിയിയിൽ മറ്റു മാസങ്ങളിൽ സുംതുദ്ദുറർ ഫീ അഖ്ബാരി ഖൈരിൽബശർ എന്ന മൗലിദാണ് ഓതാറുളളത്.

വെളളിയാഴ്ചകളിലെ പുലർകാലങ്ങളെ ഭക്തിസാന്ദ്രമാക്കി മിർബാത്തിലെ മുഹമ്മദ് ബിൻ അലി ബാ അലവി മഖാമിൽ നടക്കുന്ന പ്രകീർത്തന പ്രാർഥനാ സദസ്സിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സലാലയിലെത്തുന്ന പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന സദസിൽ പങ്കെടുക്കാനെത്തുന്നവരിൽ വലിയൊരു വിഭാഗവും സ്വദേശികൾ തന്നെ. പരമ്പരാഗത സ്വദേശി ആചാരങ്ങളുടെ തനിമ ദർശിക്കാനും, സ്‌നേഹ സൗഹൃദങ്ങൾ പങ്കുവെച്ച് ഹസ്തദാനം ചെയ്തു പിരിയുയുന്ന സദസിന്റെ അനുഗ്രഹം തേടിയും ഒട്ടേറെ വിദേശികളും സദസിൽ സംബന്ധിക്കും. അബ്ദുല്ലാഹിബ്‌നു ഹദ്ദാദ് (റ) രചിച്ച മൗലിദാണ് ഇവിടെ പതിവായി പാരായണം ചെയ്യുന്നത്. സുംതുദ്ദുറർ ഫീ അഖ്ബാരി ഖൈരിൽബശർ എന്ന മൗലിദിലെ ചില ഭാഗങ്ങളും ആലപിക്കും. സദസിലെത്തുന്നവർക്ക് ചായ, ഖഹ്‌വ, ഒമാനി ഹൽവ എന്നിവ വിതരണം ചെയ്യും. മഖാമിനുളളിൽ കുന്തിരിക്കം പുകച്ചും സുഗന്ധം പൂശിയും വിശ്വാസികളുടെ മനം നിറയ്ക്കും.

ഒമാനി യുവാക്കൾ ശ്രവണമധുരമായി ബുർദയുടെ ഈരടികൾ താളാത്മകമായി ആലപിക്കുന്ന സദസിൽ സംബന്ധിക്കാൻ ഒന്നിടവിട്ട തിങ്കളാഴ്ച രാവുകളിൽ മസ്ജിദ് ഉമർ ബിൻ ഖത്താബിലും മസ്ജിദ് സഖാഫിലും വിശ്വാസികളെത്തുന്നു. അതിലേക്ക് സ്വദേശി വീടുകളിൽനിന്നു സദസിൽ പുകക്കാനുളള കുന്തിരിക്കം, അത്തർ, ഒമാനി ഹൽവ, ഈത്തപ്പഴം എന്നിവ കൊണ്ടുവരും. പുതുതലമുറയുടെ മനസിൽ നബിസ്‌നേഹ കാവ്യങ്ങളുടെ മധുരം പകരാനും പ്രകീർത്തന പാരമ്പര്യങ്ങളെ പരിചയപ്പെടുത്താനും ഈ സദസുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. സദസുകളിൽ ധാരാളം യുവാക്കളും കുട്ടികളും സംബന്ധിക്കുന്നു.

ഹാഫയിലെ മസ്ജിദ് സാഹിബുൽഹളറയിൽ തിങ്കളാഴ്ച രാവുകളിൽ നടക്കുന്ന രിഫാഈ റാത്തീബിന്റെ തുടക്കത്തിൽ തിരുനബി പ്രകീർത്തനമുണ്ട്. രിഫാഈ സദസുകളുടെ വൈശിഷ്ട്യവും പ്രകീർത്തനത്തിന്റെ മാധുര്യവും സമീപത്ത് സ്ഥിതി ചെയ്യുന്ന മഖാമിൽ അന്ത്യവിശ്രമത്തിലുള്ള മഹത്തുക്കളുടെ ആത്മീയ ചൈതന്യവും തരുന്ന നിർവൃതിയോടെയാണ് ഇവിടെ നിന്നും വിട പറയാനാവുക. തുടക്കത്തിലെന്ന പോലെ സ്വദേശി ശൈലിയിലുളള പ്രകീർത്തനത്തോടെ അവസാനിക്കുന്ന സദസിന് അബ്ദുർറസാഖ് ബിൻ ഹദ്ദാദ് എന്ന പ്രമുഖനാണ് നേതൃത്വം നൽകുന്നത്. നൂറ്റാണ്ടുകളായി നടന്നു വരുന്നതാണ് സലാലയിലെ രിഫാഈ റാത്തീബെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് നാസറുദ്ദീൻ ഖത്തീബ് ക്രോഡീകരിച്ചതാണ് ഇവിടെ ചൊല്ലി വരുന്ന റാത്തീബ്.

ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ഔഖദിലെ മസ്ജിദ് ആലു ബൈത്തിൽ ബുർദ ആലാപനവും മറ്റു പ്രകീർത്തന സദസുകളും നടന്നു വരുന്നു. സദസിന്റെ പ്രൗഢിക്ക് മാറ്റു കൂട്ടാനെത്തുന്നവരിൽ ലോകോത്തര പണ്ഡിതരും ഉൾപ്പെടും. ഔഖദിൽ കമനീയമായി നിർമിച്ച മസ്ജിദിന് ബുർദയുടെ ആത്മീയ പ്രഭ അനിർവചനീയമായ മറ്റൊരു സൗന്ദര്യം കൂടി തരുന്നു.

പ്രകീർത്തനത്തിന് കാലഭേദങ്ങളില്ല. വിശ്വാസിക്ക് എല്ലാ ദിവസവും പ്രകീർത്തനം ഒഴിച്ചു കൂടാത്തതാണ് എന്നാണ് മദീനയിൽ താമസമാക്കിയ നബി കുടുംബത്തിലെ പ്രമുഖനും സലാലയിലെ ആത്മീയ സദസുകളിൽ പ്രാർഥനക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അലവി ബിൻ മുഹമ്മദ് ബാ ഫഖീഹിന്റെ അഭിപ്രായം . തിരു നബി സ്‌നേഹത്തിന്റെ പൂർണതക്ക് മഹോന്നതമായ ആ ജീവിത ശൈലിയെ വിശ്വാസി സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കണം. പ്രകീർത്തന സദസുകളിലൂടെ വിശ്വാസം ദൃഢീകരിക്കുകയും ഉദാത്തമായ സ്വഭാവത്തിലൂടെ ലോകത്തിന് മാതൃകയാകാൻ സാധിക്കുകയും വേണം. പെരുമാറ്റങ്ങളിലെ നൈർമല്യമാണ് ഇസ്‌ലാമിന്റെ സ്വഭാവമെന്നും അദ്ദേഹം പറയുന്നു.

സആദയിലെ സാലം ബിൻ മുഹ്‌യിദ്ദീൻ എന്ന പ്രമുഖന്റെ വീട്ടിൽ റബീഉൽഅവ്വലിലെ എല്ലാ ദിവസവും പ്രകീർത്തന സദസ് നടക്കാറുണ്ട്. റബീഉൽഅവ്വൽ മുഴുവനും താഖയിലെ ശൈഖ് അഫീഫ് മസ്ജിദിലും മൗലിദ് നടക്കുന്നു. കാലങ്ങളായി നടന്നു വരുന്ന ഈ സദസിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മാതാവ് മൈസൂൻ അൽമഅ്ശനി കൈയയച്ച് സഹായിച്ചിരുന്നുവെന്ന് മുതിർന്ന ഒമാനികൾ പറയുന്നു. 1992ൽ രോഗബാധിതയായി മരണപ്പെടുന്നത് വരെയും ഈ സഹായം അവർ തുടർന്നു.

സലാലയിലെ മലയാളി സമൂഹം ഈ മൗലിദ് സദസ്സുകളിൽ സംബന്ധിക്കുന്നു. റബീഉൽഅവ്വലിൽ അവർ സ്വന്തമായും മൗലിദ് സദസ്സുകൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ നബിസ്‌നേഹ സദസ്സുകൾക്ക് നൂറുമേനി പ്രേരണ നൽകുന്നതാണ് ഒമാനികളുടെ മൗലിദ് സദസ്സുകൾ.

പി ടി യാസിർ

You must be logged in to post a comment Login