മേലുദ്യോഗസ്ഥന്മാരുടെ മസിലുപിടുത്തങ്ങള്‍

മേലുദ്യോഗസ്ഥന്മാരുടെ മസിലുപിടുത്തങ്ങള്‍

എനിക്കറിയാം എന്റെ കുടുംബത്തില്‍ തന്നെയുള്ള, ജീവിതം മടുത്ത ഒരു ഭാര്യയെ. അവള്‍ക്കവളുടെ ഭര്‍ത്താവിനെ ഇഷ്ടമാണെങ്കിലും, ഇഷ്ടമല്ല! ചോറ് വെന്തത് പോരാ, കറി ഉപ്പിന്റെ കട്ട, ചായ ചവര്‍ത്തിട്ട് വയ്യ, നെയ്യപ്പത്തില്‍ ഒറ്റപ്പശ മദിരമില്ല, ചമ്മന്തി എരിഞ്ഞിട്ട് വായില്‍ വെച്ചുകൂടാ. ..ഇങ്ങനെ എപ്പോഴും എന്തെങ്കിലും കുറ്റമേ ഇയാള്‍ പറയൂ; എത്ര നന്നായി പാകം ചെയ്ത് വിളമ്പിക്കൊടുത്താലും!

വാസ്തവത്തില്‍, എത്ര പച്ചപ്പാവങ്ങളാണ് ഈ പെണ്ണുജാതികള്‍. എന്തെല്ലാം സഹിച്ചാണ് അവര്‍ നേരാനേരങ്ങളില്‍ വെച്ചുവിളമ്പിത്തരുന്നത്. വിളമ്പിക്കിട്ടിയത് എന്ത് തന്നെയായാലും കണ്ണടച്ച് വെട്ടിവിഴുങ്ങിയ ശേഷം, ഒന്ന് കൂടി തൊട്ടുനക്കി..പ്‌ടെം! പ്‌ടെം!!.. എന്ന് നാവുകൊണ്ട് നൊപ്പട്ടയടിച്ച് ‘..എന്തൊരു സ്വാദ്..’ എന്നെങ്ങാനും വാഴ്ത്തിപ്പറഞ്ഞാല്‍ എന്തുമാത്രം സംതൃപ്തിയാവുമിവര്‍ക്കെന്നറിഞ്ഞോ? അതോടെ ആ ദാമ്പത്യബന്ധത്തിന് കൈവരുന്ന കാന്തശക്തിയും കാന്തികത്വവുമെത്രയെന്നറിഞ്ഞോ? എന്നിട്ടും ഒരൊറ്റ നല്ല വാക്ക് പറയാതെ, പകയുടേയും വെറുപ്പിന്റേയും പുകപടലമായി ദാമ്പത്യജീവിതത്തെ മാറ്റുന്ന മഹാപഹയന്മാര്‍.

ഈയൊരു പോയിന്റ് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഒരു സംഭവത്തോടെയാണ്. ഒരു ദിവസം എന്റെ പത്‌നിയവര്‍കള്‍ക്ക് പെട്ടെന്നൊരു മൈന്റില്ലായ്മ. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മുഖം കുടുക്ക! മൂക്കിന് മുമ്പത്തേക്കാള്‍ കൂര്‍പ്പ്. കണ്ണുകളില്‍ കനലുകള്‍. എനിക്കൊന്നും മനസ്സിലാവുന്നില്ല.
ഭവതീ, ഇതെന്തു പറ്റി?
ഒന്നൂല്ല, നിങ്ങളെന്നും ഇങ്ങനെത്തന്നെയാണ്
എന്താണ്, കാര്യം പറ നീ!
നോക്ക്, ഒന്നും കാണുന്നില്ലേ?
ഞാന്‍ ചുറ്റും നോക്കി. സത്യം പറയാം, ഞാനെത്ര തുറിച്ചു നോക്കിയിട്ടും ഒന്നും കണ്ടില്ല.
എന്റെ അങ്കലാപ്പ് കണ്ട് സങ്കടം തോന്നിയിട്ടായിരിക്കും അവള്‍ പറഞ്ഞു; ബാത് റൂം പോയി നോക്ക്.
ഞാന്‍ കാര്യമായ എന്തോ കാണാന്‍ പോവുന്നു എന്ന കൊതിയാല്‍ ബാത്‌റൂം വാതില്‍ വലിച്ചു തുറന്നു. ഞാന്‍ കുഴിച്ചും തുറിച്ചും ഏറെ നേരം അരിച്ചു പെറുക്കിനോക്കി. ഉള്ളതു പറയാം ഞാന്‍ വിശേഷിച്ചൊന്നും കണ്ടില്ല. ഞാന്‍ ഒരു പൊട്ടനെപ്പോലെ അവളെ നോക്കി.
അവള്‍ക്കരിശം കയറി.
‘ഇങ്ങ് വാ, ലോകം തിരിയാത്ത വയസ്സന്‍ കാക്കാ’ എന്നും പറഞ്ഞ്, അവള്‍ എന്റെ കൈക്ക് കടന്നു പിടിച്ചു. എന്നിട്ട് എന്നേയും വലിച്ച് തൊട്ടടുത്തുള്ള റൂമിലേക്ക് നടന്നു. ഞാന്‍, മദ്‌റസയില്‍ പോവാന്‍ മടിയുള്ള കൊച്ചുകുട്ടിയെ പോലെ ഇടഞ്ഞിടഞ്ഞ് പിന്നാലെ പോയി. അവള്‍ ഏതോ ഒരു പെണ്‍മാസികയുടെ കീറിയെടുത്ത നടുക്കഷ്ണം എനിക്ക് നേരെ നീട്ടി.
നോക്ക്!!!
ഞാന്‍ അതിലെ റൈറ്റപ്പ് വായിച്ചുനോക്കി. ഞാന്‍ ശരിക്കും അതിലെ ചിത്രം നോക്കുകയായിരുന്നു വേണ്ടിയിരുന്നത്. അരിശത്താല്‍ മൂക്കുപതച്ച അവള്‍ അത് എന്നില്‍ നിന്നും തട്ടിപ്പറിച്ചു. അപ്പോഴേക്കും അവളുടെ ഉഛാസവായുവിന്റെ ഊഷ്മാവ് വല്ലാതെ വര്‍ദ്ധിച്ചിരുന്നു.

അവള്‍ എനിക്കോരോന്നും ചൂണ്ടിക്കാണിച്ചു തന്നു. നോക്കുമ്പോള്‍ വൃത്തികെട്ട ഒരു കിടപ്പുമുറിയുടെ ചിത്രം. അതിന്റകമാകെ, അലങ്കോലമായി കിടക്കുന്നു. തലയിണ ഒരു ഭാഗത്ത്, ബ്ലാങ്കെറ്റ് മറ്റൊരു ഭാഗത്ത്, ബെഡ്ഷീറ്റ് ചുരുട്ടിക്കൂട്ടിയിട്ട്, ഡ്രസ്സുകള്‍ വാരിവലിച്ചിട്ട്, ബ്രഷും പെയ്സ്റ്റും ചിതറിക്കിടന്ന്, ജെസിബി കൈ മുറിഞ്ഞ്, കേരളപാഠാവലി കീറിപ്പറിഞ്ഞ്.

‘അതേ തിരിയൂല്ല, കാണൂല്ല, നല്ലതൊന്നും കാണൂല്ല, എത്ര വൃത്തിയാക്കിയാലും, എങ്ങനെ അടുക്കി വെച്ചാലും, കിണ്ണം പോലെ കഴുകിത്തുടച്ചാലും കാണുകയില്ല, നല്ല ഒരുവാക്ക് പറയുകയുമില്ല!

‘യുറീക്ക! യുറീക്ക!!’ എന്ന് തുടക്കടിച്ചുകൊണ്ട് ഞാനുച്ചത്തില്‍ വിളിച്ചു പറഞ്ഞില്ലെന്നേയുള്ളൂ, എനിക്ക് കാര്യം പിടികിട്ടിയിരുന്നു. ഇത്ര വൃത്തിയില്‍ കിടപ്പുമുറി മുട്ടിപ്പിരിച്ചിട്ട്, കുളിമുറി കഴുകിത്തുടച്ചിട്ട് നല്ല ഒരു വാക്ക് ഞാന്‍ പറഞ്ഞില്ലല്ലോ എന്നതാണ് പ്രശ്‌നം. ആലോചിക്കുമ്പോള്‍ ഗൗരവം നിറഞ്ഞ തെറ്റുതന്നെ, ന്യായീകരിക്കുന്നൊന്നുമില്ല. അതിനു ശേഷം ഒരിക്കല്‍ പോലും അഭിനന്ദനക്കമ്മിയുടെ പേരില്‍ എന്നെ കുറ്റപ്പെടുത്തേണ്ട ഒരവസരം ഞാനവള്‍ക്ക് കൊടുത്തിട്ടില്ല. അധിക ദിവസങ്ങളിലും നല്ലനല്ല പ്രയോഗങ്ങളും, മൊഞ്ചുള്ള ഇമേജറികളുമായിട്ടാണ് ഞാന്‍ കയറിച്ചെല്ലുക. ആ ആവേശത്തരിപ്പില്‍, തീരേ മുട്ടിപ്പിരിക്കാത്ത ദിവസം പോലും ‘ഹാ എന്തൊരു വൃത്തീീീ’ എന്ന് ഞാന്‍ പുകഴ്ത്തിപ്പോയോ എന്നാണെനിക്ക് സംശയം.

നിങ്ങള്‍ക്കും ഇതേപോലെ വാഴ്ത്തുവാക്കുകള്‍ വെച്ച് ജീവിതത്തില്‍ സുന്ദരമായി വാഴാന്‍ കഴിയും. ഉദാഹരണത്തിന്, ഡ്രസ്സ് മാറ്റുമ്പോള്‍ ‘എന്തെടീ നീ സ്‌കെയില് വെച്ചളന്നാണോ ഇസ്തിരി ഇടുന്നത്, എന്തെരു വടിവ്?’ ഉണ്ണാനിരുന്നാല്‍, ‘ഇതെവിടെ നിന്നെടീ നിനക്കീ അയക്കൂറമത്തി കിട്ടി? കഷ്ണം മത്തിയാണെങ്കിലും ചാറ് അയക്കൂറച്ചാറെന്നേ’, അല്ലെങ്കില്‍ ‘നീയെന്താ ഈ ബാജിക്കറിയില്‍ ആടുപൊടി (പാല്‍പൊടി, മഞ്ഞപ്പൊടി എന്നൊക്കെ പറയുമ്പോലെ! ഭാവിയില്‍ അതും വരും, നോക്കിക്കോ) പൊട്ടിച്ചുകുടഞ്ഞോ?, ഉരുളക്കിഴങ്ങ് കടിക്കുമ്പോള്‍ തനി ആടുചുവ, എന്തായിത് മാജിക്ക്?’ അടുക്കിവെച്ച പാത്രവും മറ്റും നോക്കിയിട്ട്, ‘നീ ഹോം സയന്‍സില്‍ പിജി ഡിപ്ലോമ കഴിഞ്ഞു എന്നെനിക്കുറപ്പാ’ എന്നൊക്കെ പറഞ്ഞാല്‍ തലവേദന കുറേ കുറഞ്ഞുകിട്ടും, പരീക്ഷിച്ചുനോക്കാം.
ഇനി പുകഴ്ത്തു പിശുക്കില്‍ ത്രീസ്റ്റാര്‍ അക്രഡിറ്റേഷന്‍ നേടിയെടുത്ത ചില മേലുദ്യോഗസ്ഥന്‍മാരെ പറ്റി പറയാം. ബോസ്, മേശിരി, മാനേജര്‍, അഡ്മിനിസ്‌ട്രേറ്റര്‍, ഹെഡ്മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ പ്രസിഡണ്ട്…എന്നീ കാറ്റഗറികളിലെല്ലാം ഈ ജാതി ചീത്തമൃഗങ്ങളെ കാണാന്‍ കഴയും. അഥവാ, കീഴ്ജീവനക്കാര്‍ എത്രവൃത്തിയില്‍, എത്ര പെര്‍ഫക്ഷനില്‍, എന്താത്മാര്‍ത്ഥയോടെ സേവനമനുഷ്ഠിച്ചാലും ഒരിക്കല്‍ പോലും ഒരു നല്ല വാക്കു പറയില്ല. ഒന്ന് പുഞ്ചിരിക്കുകയില്ല. മുഖത്തെ കല്ലിപ്പ് ഒന്നയച്ചിടുക പോലുമില്ല. നിങ്ങളെന്ത് തലകുത്തി മറിഞ്ഞാലും, ആ ഈജിപ്ഷ്യന്‍ മമ്മിയുടെ നിര്‍വികാരമായ തിരുമോന്ത ഒന്നിളിഞ്ഞു കിട്ടുകയേ ഇല്ല!

ഒരു സുഹൃത്ത് പങ്കുവെച്ച ഒരു ദുരനുഭവം ഇപ്പഴും മുറിവുണങ്ങാതെ മനസ്സിലുണ്ട്. സ്ഥാപനത്തില്‍ എന്തോ ഒരു ഇന്‍സ്‌പെക്ഷന്‍ നടക്കാനിരിക്കുന്നു. ഡോക്യുമെന്റേഷന്‍ നേരത്തെ ശീലമില്ലാത്തതിനാല്‍ ഫയലുകളൊന്നും ലഭ്യമല്ല. അവയില്ലാത്തപക്ഷം ഇന്‍സ്‌പെക്ഷനോടെ സ്ഥാപനം സ്വാഹയാവും, ഷുവറാ. ഇദ്ദേഹം ഒരു പണി ചെയ്തു. മുഴവന്‍ അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥരേയും വിളിച്ചുകൂട്ടി വിഷയം എരിവോടെ അവതരിപ്പിച്ചു. സംഗതി കേട്ടതും അവരെന്തിനും തയ്യാര്‍! അങ്ങനെ രാപ്പകലില്ലാതെ അവര്‍ മരിച്ചു പണിയെടുത്തു. ഡോക്യുമെന്റുകള്‍ ബേക്ഫയലുകള്‍ സഹിതം റെഡിറെഡി!!
ഇന്‍സ്‌പെക്ഷന്‍ ബോഡ് വന്നു. അവരാവശ്യപ്പെട്ട ഫയലുകളെല്ലാം മണിമണിയായി എടുത്തു കൊടുത്തു. ബോഡിന് പെരുത്ത് തൃപ്തിയായി. ഒടുവില്‍ കാര്യം പാസ്! അപ്രൂവ്ഡ്!! ഇദ്ദേഹം മേലുദ്യോഗസ്ഥനോട് ചെന്ന് കുശലം പറഞ്ഞു: ‘എന്ത് പറഞ്ഞാലും, അവരുടെ ആത്മാര്‍ത്ഥമായ ഹാഡ്‌വര്‍ക്ക് കൊണ്ടാണ് സംഗതി വിജയിച്ച് കിട്ടിയത.്. അവരെയൊക്കെ ഒന്ന് വിളിച്ചുകൂട്ടി ഒരു നല്ലവാക്ക് പറഞ്ഞാല്‍’

എല്ലാവരേയും വിളിച്ചുചേര്‍ക്കാന്‍ ഉത്തരവായി. സൂഹൃത്തിന് സ്വന്തം പെണ്‍കെട്ടുറച്ചത്ര സന്തോഷം. അവന്‍ ചിലരോട് സ്വകാര്യം പറയുകയും ചെയ്തിരുന്നു, ബോസിന്റെ വക നല്ലൊരു മധുരം എല്ലാവര്‍ക്കുമുണ്ടാകുമെന്ന്. എല്ലാവരും ഒത്തുകൂടി. കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശങ്ങള്‍. ബോസ്സുവന്നു. പ്രസംഗം തുടങ്ങി.

‘അപ്പ്രൂവലിന് വേണ്ട കാര്യങ്ങളെല്ലാം നേരത്തെ ഞാന്‍ ചെയ്തുവെച്ചിരുന്നു. കാണേണ്ടവരെയൊക്കെ കണ്ട്, ഉന്നതങ്ങളില്‍ ഇടപെട്ട് ഒക്കെ അതിന്റെതായ രീതിയില്‍ ഓകെയാക്കിവെച്ചതാ. ഇതിലും വലിയ കാര്യങ്ങളൊക്കെ ഞാന്‍ എന്റെ ബന്ധം ഉപയോഗിച്ച് ഒറ്റക്ക് നേടിയെടുത്തിട്ടുണ്ട്. എനിക്ക് അപ്പൊഴേ തോന്നിയിരുന്നു, നിങ്ങളുടെ ഈ ഒറക്കൊഴിച്ചുള്ള കുത്തും വരയുമൊക്കെ വെറും പണിയാണെന്ന്. പിന്നെ നിങ്ങളുടെ പ്രന്‍സിപ്പാളിന് ഒരു ബേജാറ്. മൂപ്പര്‍ക്കൊരു സമാധാനം ആയിക്കോട്ടേന്ന് ഞാനും കരുതി. അല്ലെങ്കിലും നിങ്ങള്‍ക്ക് കാര്യമായ പണിയൊന്നും ഇവിടെയില്ലല്ലോ?’

യാ ഇലാഹീ! സുഹൃത്ത് പറയുകയാണ്, അവാര്‍ഡ് വാങ്ങാന്‍ വേണ്ടി സ്റ്റേജില്‍ കയറവേ, തുണി അഴിഞ്ഞ് വീണവനെ പോലെയായിപ്പോയി ഞാന്‍. ഛെ!! പറ്റിച്ചല്ലോ എന്റെ ചപ്ലൂൂൂസ് കാക്കാ….

ചില മേലുദ്യോഗസ്ഥര്‍ നല്ലതു പറയില്ലെന്നു മാത്രമല്ല, ഏതെങ്കിലും കീഴ്ജീവനക്കാരന്‍ നല്ലതു വിചാരിച്ചിട്ട് എന്തെങ്കിലും ഒരു കാര്യം വളരെ നന്നായി ചെയ്താല്‍ ‘ആരാണ് നിന്നോട് ഇതെല്ലാം ചെയ്യാന്‍ പറഞ്ഞത്’ എന്ന ഭാവത്തില്‍ നോക്കി വിരട്ടിക്കളയും. അതോടെ അയാളുടെ സര്‍വ ആത്മാര്‍ത്ഥതയും ആവിയാവും. ബോസിനോട് ഉള്ളില്‍ പക മുളക്കും. അയാള്‍ പ്രതികാരത്തിന്റെ ഊഴങ്ങള്‍ പരതിനടക്കും. അങ്ങനെ വരുമ്പോഴാണ് നിങ്ങള്‍ വെച്ച ഫയലുകള്‍ പിറ്റേന്ന് നോക്കുമ്പോള്‍ വെച്ചിടത്ത് കാണാതെ വരുന്നത്, മേശയുടെ ചാവി അത്ഭുതകരമായി അപ്രത്യക്ഷമാവുന്നത്, കക്കൂസിലിരിക്കവെ പെട്ടെന്ന് വെള്ളം തീര്‍ന്നുപോവുന്നത്, പുറത്തഴിച്ചുവെച്ച ചെരിപ്പുകളിലൊന്ന് ദുരൂഹമായി തിരോധാനപ്പെടുന്നത്, വണ്ടിയുടെ ടയര്‍ കാറ്റൊഴിഞ്ഞ് ചപ്പിക്കിടക്കുന്നത്, ബോണറ്റിനുള്ളിലെ എഞ്ചിനില്‍ ഉപ്പുവന്ന് വീഴുന്നത്…ഹാഹഹ!!!

രണ്ട് കാര്യമാണ് ചോദിക്കാന്‍ തോന്നുന്നത്. ഒന്ന്, ഭംഗിയായി കൃത്യനിര്‍വഹണം നടത്തുന്ന തന്റെ കീഴുദ്യോഗസ്ഥരോട് ഒന്ന് പുഞ്ചിരിച്ചു, ഒന്ന് പുറത്തുതട്ടി, ഒന്ന് പുകഴ്ത്തി, ഒന്ന് പുന്നാരിച്ചു…എന്ന് കരുതി ഈ യേമാന്‍മാരുടെ ഏത് രോമമാണ് കൊഴിഞ്ഞുപോവുക? ഏതെല്ലാണ് പൊടിഞ്ഞു പോവുക? രണ്ട്, നിയതമായ പാറ്റേണില്‍ നട്ടും ബോള്‍ട്ടും തിരുകി ഘടിപ്പിക്കപ്പെട്ട റോബോട്ടുകളെപോലെ പെരുമാറിയതു കൊണ്ട് ഈ മേലുദ്യോഗസ്ഥര്‍ എന്ത് നേട്ടമാണ് കൊയ്യാന്‍ പോവുന്നത്? കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ കഴുത്തുളുക്കിയവനെപോലെ മസിലു പിടിച്ച് നടക്കണം എന്ന് ഏത് ചീത്തഗുരുവാണ് ഇവരെ പഠിപ്പിച്ചത്? ഓര്‍ക്കുക, ഇകഴ്ത്തു വാക്കുകളെ കൊണ്ട് ശിഷ്യജീവിതങ്ങളെ ശിക്ഷിച്ചു കൊല്ലുന്ന ചീത്തഗുരുക്കള്‍ക്കെതിരെയാണ് അടുത്ത വീശ്, കണ്ടോ!

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login