ഇക്കുറി എന്‍ട്രന്‍സ് എഴുതുന്നുണ്ടോ?

ഇക്കുറി എന്‍ട്രന്‍സ്  എഴുതുന്നുണ്ടോ?

കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളെ നേരിടാന്‍ തയ്യാറെടുക്കുകയാണ് രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. 2015- 16ലെ എന്‍ട്രന്‍സ് ടെസ്റ്റുകള്‍ ഏപ്രില്‍ 20 മുതല്‍ 23 വരെ നടക്കാനിരിക്കെ പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍.

മാനസികമായ തയ്യാറെടുപ്പാണ് വളരെ പ്രധാനം. ഉന്നതവിദ്യഭ്യാസ രംഗത്ത് മറ്റേതൊരു കോഴ്‌സിനും അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി എഴുതുന്ന പ്രവേശനപരീക്ഷ പോലെയാണ് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍. മത്സരം അല്‍പം ശക്തമായതിനാല്‍ പ്രത്യേക ശ്രദ്ധവേണം എന്നു മാത്രം. പഠിക്കുന്ന സമയത്തും പരീക്ഷക്കു തയ്യാറെടുക്കുമ്പോഴും ടെസ്റ്റ് എഴുതുമ്പോഴുമെല്ലാം ഈ ജാഗ്രതയുണ്ടായിരിക്കണം. വലിയ ടെന്‍ഷന്‍ വേണ്ട. ഉയര്‍ന്ന റാങ്ക് തന്നെ നേടുമെന്ന ശക്തമായ ചിന്തയായിരിക്കണം നമ്മെ മുന്നോട്ടു നയിക്കേണ്ടത്. ഇതൊരു ജീവന്‍മരണ സമരമാണെന്ന് വിചാരിക്കരുത്. ലോകത്തെ ഏറ്റവും വലിയ ടെസ്റ്റാണിതെന്ന തെറ്റിദ്ധാരണയും വേണ്ട. അറിവ് പരിശോധനയോടൊപ്പം സമയനിഷ്ഠയും ആത്മവിശ്വാസവും അളക്കുന്ന പരീക്ഷയാണ് എന്‍ട്രന്‍സ് എന്ന് മനസ്സിലുറപ്പിക്കുക. പരീക്ഷയുടെ ഗൗരവം അവഗണിച്ച് അലസസമീപനം പാടില്ല. റാങ്ക് മോശമായാല്‍ അന്യര്‍ പരിഹസിക്കുമോ എന്ന ചിന്തയും വേണ്ട.

സിലബസിലെ ഏതു ചെറുഭാഗത്തുനിന്നും ചോദ്യം വരാമെന്നതിനാല്‍ ഒന്നും വിട്ടു കളയരുത്. സിലബസ് മുഴുവന്‍ വിശദമായി പഠിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. സമവാക്യങ്ങളുടെ പൊരുള്‍ ഗ്രഹിക്കാതെ യുക്തിരഹിതമായി കാണാതെ പഠിച്ച് പോവരുത്. ഓരോ ഫോര്‍മുലയുടെയും പിന്നില്‍ തത്വങ്ങളും ആശയങ്ങളുമുണ്ട്. അവ മനസ്സിലാക്കി വേണം ഫോര്‍മുലകള്‍ പഠിക്കുന്നതും പ്രയോഗിക്കുന്നതും. എന്‍ട്രന്‍സിലെ സങ്കീര്‍ണമായ ചോദ്യങ്ങളെപ്പോലും ലളിതമാക്കി ഉത്തരം കണ്ടെത്താന്‍ ഈ സമീപനം ഉപകരിക്കും. പരിശീലനസമയത്ത് മനക്കണക്ക് കൂട്ടാന്‍ ശീലിക്കുക. എന്‍ട്രന്‍സ് പരീക്ഷയില്‍ കാല്‍കുലേറ്റര്‍ അനുവദിക്കില്ല. കണക്കുകൂട്ടാനുള്ള എളുപ്പവഴികള്‍ ശീലിക്കുക.

ഫിസിക്‌സിലെ വിവിധ അധ്യായങ്ങളില്‍ ചിതറിക്കിടക്കുന്ന ഫോര്‍മുലകളെല്ലാം ഒരിടത്ത് ഒരുമിച്ച് എഴുതിവെച്ച് ഇടക്കിടെ നോക്കുക. മാത്‌സിലെയും കെമിസ്ട്രിയിലെയും ഫോര്‍മുലകളുടെ കാര്യത്തിലും ഈ രീതി പിന്തുടരാം. കെമിസ്ട്രിയിലെ രാസസമവാക്യങ്ങളെല്ലാം ഒരിടത്ത് ഒരുമിച്ച് വെക്കുന്നത് റിവിഷന് ഏറെ സഹായകമാണ്. നിത്യജീവിതത്തില്‍ നാം ഒരിക്കലും പ്രയോഗിക്കാത്ത നിരവധി പദങ്ങള്‍ ബയോളജിയിലുണ്ട്. ഇവ ഓര്‍മിച്ചു വെക്കാനും ഇവയുടെ അര്‍ത്ഥം ഗ്രഹിക്കാനും മിക്കവര്‍ക്കും ബുദ്ധിമുട്ട് കാണും. ഇത്തരം പദങ്ങളെല്ലാം ഒരുമിച്ച് എഴുതി ഇടക്കിടെ നോക്കുന്നത് റിവിഷന്റെ നല്ല രീതികളിലൊന്നാണ്. പല കാര്യങ്ങളും നിശ്ചിത ക്രമത്തില്‍ ഓര്‍മവെക്കുന്നതിന് സ്വന്തം ഓര്‍മ സൂത്രങ്ങള്‍ (Mnemonics) ഉണ്ടാക്കി ഉപയോഗിക്കാം. സൂര്യപ്രകാശത്തിലെ ഏഴു ഘടകങ്ങള്‍ ക്രമത്തിലോര്‍മിക്കാന്‍ VIBGYOR എന്ന ഓര്‍മസൂത്രം ഉപയോഗിക്കുന്നത് പോലെ.

എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നത് ശരി. എന്നാല്‍ പരീക്ഷക്ക് ഏതാനും കഠിന ചോദ്യങ്ങളും വന്നേക്കാം. വളരെ ഉയര്‍ന്ന റാങ്ക് ലക്ഷ്യമിടുന്നവര്‍ സിലബസിന്റെ പുറത്തുള്ള വിഷയഭാഗങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളും നോക്കുന്നത് നല്ലതാണ്.

അരമണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്തുക. പരീക്ഷാ ഹാളില്‍ ചോദ്യോത്തരങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക. പ്രയോഗ രീതിയിലുള്ള ചോദ്യങ്ങളോ വ്യത്യസ്ത അധ്യായങ്ങളിലെ അറിവുകള്‍ ഏകോപിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളോ കണ്ടാല്‍ പരിഭ്രമിക്കരുത്. നിങ്ങളെപ്പോലെത്തന്നെ മറ്റു വിദ്യാര്‍ത്ഥികളും ഇതേ ചോദ്യങ്ങളെയാണ് നേരിടുന്നത്. 150 മിനുട്ടില്‍ 120 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഒരു ചോദ്യത്തിന് ശരാശരി 75 സെക്കന്റ്. ഇതിലും വേഗം ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതുവഴി ലാഭിക്കുന്ന സമയം കഠിനചോദ്യങ്ങളെ നേരിടാന്‍ വിനിയോഗിക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും തുല്യമാര്‍ക്കാണുള്ളത്. അതിനാല്‍ ചോദ്യങ്ങളെല്ലാം തുടക്കം മുതല്‍ ഒടുക്കം വരെ ഒരാവൃത്തി വായിച്ച് നേരം പാഴാക്കരുത്. എല്ലാ ചോദ്യങ്ങള്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ ശരിയുത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞെന്നുവരില്ല. ആദ്യത്തെ ചോദ്യം മുതല്‍ മുറക്ക് വായിച്ച് ക്രമത്തില്‍ ഉത്തരം അടയാളപ്പെടുത്തി പോവുക. കേരള എന്‍ട്രന്‍സില്‍ ഓരോ ചോദ്യത്തിനും നേര്‍ക്ക് അഞ്ച് ഉത്തരങ്ങള്‍ കാണാം. ശരിയുത്തരം നല്‍കിയാല്‍ നാലു മാര്‍ക്ക് കിട്ടും. തെറ്റായാല്‍ ഒരു മാര്‍ക്ക് കുറയും. അതിനാല്‍ കഷ്ടപ്പെട്ട് സമ്പാദിച്ച മാര്‍ക്ക് എവിടെയെങ്കിലും കണ്ണടച്ചുകുത്തി, തെറ്റുവരുത്തി, നഷ്ടപ്പെടുത്തരുത്. ഏതെങ്കിലും ചോദ്യത്തിന് ഉത്തരമെഴുതാതെ വിട്ടു കളയുന്നതിന് നെഗറ്റിവ് മാര്‍ക്കില്ല എന്നുകൂടി ഓര്‍ക്കുക.

ഉത്തരക്കടലാസ് ഒ എം ആര്‍ ശൈലിയിലാണ്. ഇതിന്റെ മാതൃക പ്രൊസ്‌പെക്ടസിന്റെ അവസാന ഷീറ്റിലുള്ളത് ശ്രദ്ധിച്ചു പഠിച്ചിട്ട് പരീക്ഷക്കു പോവുക. ഉത്തരം അടയാളപ്പെടുത്താന്‍ നീലയോ കറുപ്പോ ബോള്‍പേന മാത്രം ഉപയോഗിക്കുക. ബബിള്‍ പൂര്‍ണമായി കറുപ്പിക്കണം. പെന്‍സില്‍, ഫൗണ്ടന്‍പേന, ജെല്‍പേന, നീലയോ കറുപ്പോ അല്ലാത്ത നിറങ്ങള്‍ മുതലായവ അരുത്. ഭാഗികമായി കറുപ്പിക്കുക, ടിക് മാര്‍ക്കോ ഗുണനചിഹ്നമോ ഇടുക മുതലായവ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ തിരിച്ചറിഞ്ഞില്ലെന്നു വരാം. ഉത്തരക്കടലാസ് വിയര്‍പ്പോ ചെളിയോ എണ്ണമയമോ പുരളാന്‍ ഇടവരുത്തരുത്. കടലാസിനുപുറത്ത് കൈത്തണ്ടക്ക് താഴെ കര്‍ചീഫ് വെക്കുന്നത് ആന്‍സര്‍ ഷീറ്റില്‍ വിയര്‍പ്പ് പുരളാതിരിക്കാന്‍ സഹായിക്കും. ഒ എം ആര്‍ ഷീറ്റ് ചുരുട്ടുകയോ കീറുകയോ ചെയ്യരുത്. ഉത്തരക്കടലാസിലെ ഇടതും വലതും ഭാഗങ്ങള്‍ കൂട്ടിയിണക്കി വിലങ്ങനെ നില്‍ക്കുന്ന ബാര്‍കോഡിലെ സമാന്തരരേഖകളില്‍ അഴുക്കുപുരളാതെ സൂക്ഷിക്കണം. നിങ്ങള്‍ നല്‍കുന്ന ഉത്തരങ്ങളുടെ പകര്‍പ്പിനായി ഒ എം ആര്‍ ഷീറ്റിന്റെ അടിയില്‍ ചേര്‍ത്തു വെച്ചിട്ടുള്ള കടലാസ് വേര്‍പെടുത്തരുത്. പരീക്ഷ കഴിയുമ്പോഴേ ഇത് വേര്‍തിരിച്ചെടുക്കാവൂ. ഷീറ്റിന്റെ ഇടത് പാതി പരീക്ഷാര്‍ത്ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനുള്ളതാണ്. വലതു പാതിയില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്താനുള്ള ബബിളുകള്‍. ആന്‍സര്‍ ഷീറ്റില്‍ റോള്‍ നമ്പര്‍ രണ്ട് തവണ അക്കത്തിലും ഒരു തവണ ബബിള്‍ കറുപ്പിച്ചും എഴുതേണ്ടി വരും. അഡ്മിറ്റ് കാര്‍ഡ് നോക്കി നമ്പര്‍ രേഖപ്പെടുത്തണം. റഫ് വര്‍ക്കുകള്‍ ക്വസ്റ്റ്യന്‍ ബുക്‌ലെറ്റില്‍ മതി. ചോദ്യപ്പേപ്പര്‍ തുറന്നാലുടന്‍ അതില്‍ 120 ചോദ്യങ്ങളും അച്ചടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബ്ലാങ്ക് പേജ് വന്നുപോയെങ്കില്‍ ബുക്‌ലെറ്റ് മാറ്റി വാങ്ങുക. അപ്പോഴും ശരിയായ വേര്‍ഷന്‍ ആണെന്നുറപ്പ് വരുത്തണം.

ഉത്തരം കണ്ടെത്തുമ്പോള്‍ തിടുക്കം കാരണം അബദ്ധങ്ങള്‍ പലതും ഉണ്ടാവാന്‍ സാധ്യതയുണ്ട്. A,B,C,D,E എന്നിവയില്‍ ശരിയെന്നു തോന്നുന്ന ഒരുത്തരം കണ്ടാല്‍ തുടര്‍ന്നുള്ളവ വായിക്കാതെ പോകുന്നത് ഒരബദ്ധമാണ്. ശരിയുത്തരം അഥവാ ശരിയുടെ അംശം ഒന്നിലേറെ ഉത്തരങ്ങളിലുണ്ടെങ്കില്‍ അവയിലേറ്റവും ശരിയായ ഉത്തരമാണ് അടയാളപ്പെടുത്തേണ്ടത്. എത്ര തിടുക്കമുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളിലേക്കും വേഗത്തില്‍ കണ്ണോടിക്കാതിരിക്കരുത്. ശരിയെന്ന് ആദ്യം തോന്നിയതിനേക്കാള്‍ കൂടുതല്‍ ശരിയുത്തരം തുടര്‍ന്നുണ്ടെന്നും വരാം.

പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തലേന്നുതന്നെ ഒരുക്കിവെക്കുക. അഡ്മിറ്റ് കാര്‍ഡ്, രണ്ടോ മൂന്നോ കറുപ്പ്/ നീല ബോള്‍പേനകള്‍, വാച്ച്, കര്‍ച്ചീഫ് എന്നിവക്ക് പുറമെ മിനുസമുള്ള കാര്‍ഡ്‌ബോര്‍ഡോ ക്ലിപ്‌ബോര്‍ഡോ കൂടെ കരുതുക. പരീക്ഷക്ക് കയറുന്നതിന് മുമ്പ് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക. അന്വേഷണവുമായി, നമുക്കു പരിചയമില്ലാത്ത ചോദ്യവും കൊണ്ട് സഹപാഠി വരുന്നെന്നു കരുതുക. അക്കാര്യം ആ സമയത്ത് ശ്രദ്ധിക്കേണ്ട. അതു മനസ്സിന്റെ ശ്രദ്ധ തെറ്റിച്ചേക്കാം. നിങ്ങള്‍ക്ക് എന്തൊക്കെ അറിയില്ല എന്നതല്ല, മറിച്ച് എന്തൊക്കെ അറിയാം എന്നാണ് ആ സന്ദര്‍ഭത്തില്‍ ചിന്തിക്കേണ്ടത്.

ആദ്യത്തെ പേപ്പറില്‍ എന്തെങ്കിലും വീഴ്ച വന്നു പോയെങ്കില്‍ അതേപ്പറ്റി ചിന്തിച്ച് ദുഃഖിക്കാതിരിക്കുക. എത്ര സമര്‍ത്ഥരായാലും ചെറിയ വീഴ്ചകള്‍ വന്നേക്കാം. ആദ്യ പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടിയെ ചോദ്യങ്ങള്‍ വഴി ബുദ്ധിമുട്ടിക്കുന്നതിനു പകരം, മികച്ച പ്രോത്സാഹനം നല്‍കി സഹായിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. ആത്മവിശ്വാസം മുറുകെപ്പിടിച്ച് ഏകാഗ്രതയോടെ പരീക്ഷയെഴുതുക. മികച്ച തയ്യാറെടുപ്പും ആത്മവിശ്വാസവും ഉള്ളവര്‍ക്കാണ് എന്‍ട്രന്‍സിലെ വിജയം. റിപ്പീറ്റ് ചെയ്യുന്നവര്‍ ഈ വര്‍ഷം എഴുതാന്‍ പോകുന്ന എന്‍ട്രന്‍സിനെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടരുത്. കഴിഞ്ഞ തവണ എഴുതിയ പരീക്ഷയെക്കുറിച്ചുള്ള താരതമ്യപഠനവും വേണ്ട. മനസ്സ് പൂര്‍ണമായി സ്വതന്ത്രമാക്കി, സമയം കളയാതെ, മികച്ച രീതിയില്‍ തയ്യാറെടുക്കുക.

ഓര്‍മയില്‍ വെക്കേണ്ട കാര്യങ്ങള്‍

ഏപ്രില്‍ 20, 21 തിയ്യതികളില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെയും 22, 23 തിയ്യതികളില്‍ മെഡിക്കല്‍ വിഭാഗത്തിലെയും പരീക്ഷകള്‍ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. 20ന് എഞ്ചിനീയറിംഗിലെ പേപ്പര്‍ ഒന്ന് ഫിസിക്‌സ് ആന്റ് കെമിസ്ട്രിയും 21ന് പേപ്പര്‍ രണ്ട് മാതമാറ്റിക്‌സും നടക്കും. 22ന് മെഡിക്കലിലെ പേപ്പര്‍ ഒന്ന് കെമിസ്ട്രി ആന്റ് ഫിസിക്‌സ്, 23ന് പേപ്പര്‍ രണ്ട് ബയോളജി എന്നീ പരീക്ഷകള്‍ നടക്കും.

മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 20നു മുമ്പായും എഞ്ചിനീയറിംഗിന്റേത് ജൂണ്‍ 25നു മുമ്പും പ്രസിദ്ധീകരിക്കും. ജനുവരി 10മുതല്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബസൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ചുതുടങ്ങി. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 4നു മുമ്പായി കമ്മീഷണറുടെ ഓഫീസിലെത്തിക്കണം. അപേക്ഷാ സമര്‍പ്പണത്തിന് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രൊസ്പക്ടസുകളും കേരളത്തിനകത്തും പുറത്തുമുള്ള തിരഞ്ഞെടുത്ത 170 പോസ്റ്റ് ഓഫീസുകള്‍ വഴി വിതരണം ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1000, എസ് സി/ എസ് ടി വിഭാഗത്തിന് 500 എന്നിങ്ങനെയാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വി എച്ച് എസ് സി സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും സംവിധാനമൊരുക്കിയിട്ടുണ്ട്.

യാസര്‍ അറഫാത് നൂറാനി

You must be logged in to post a comment Login