സമ്പൂര്‍ണ കീഴടങ്ങലാണ് ദേശസ്‌നേഹം

സമ്പൂര്‍ണ കീഴടങ്ങലാണ് ദേശസ്‌നേഹം

ഏറെ നാള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യ-യുഎസ് ആണവകരാര്‍ വീണ്ടും പ്രധാനവിഷയമായിരിക്കുന്നു. മാധ്യമങ്ങള്‍ ആ വിഷയം ഏതാണ്ട് പൂര്‍ണമായും മറയ്ക്കാനും മറക്കാനും ശ്രമിച്ച മാതിരിയുണ്ട്. യുഎസ് പ്രസിഡന്റ് ഒബാമ ഈ റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന അതിഥിയായി വന്നപ്പോള്‍ നടന്ന ചര്‍ച്ചകളില്‍ ആണവകരാറിന്റെ നടത്തിപ്പില്‍ കരടായിക്കിടന്നിരുന്ന ഒരു തര്‍ക്കവിഷയത്തിന് ഒത്തുതീര്‍പ്പായെന്നു മാത്രം സര്‍ക്കാര്‍ പറയുന്നു. ഏതാണ് ആ ഒത്തുതീര്‍പ്പെന്ന് പൊതു സമൂഹത്തെ അറിയിക്കുന്നതു പോലുമില്ല.

ഇന്തോ-യുഎസ് ആണവകരാര്‍ വഴി 2020ല്‍ 20,000 മെഗാവാട്ടും 2032ല്‍ 63,000 മെഗാവാട്ടും ആണവ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നിലയങ്ങള്‍ യുഎസ്, ഫ്രാന്‍സ്, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കുകയെന്നതാണ് കരാറിന്റെ പ്രഖ്യാപിത ലക്ഷ്യം. 2008ല്‍ ഒപ്പിട്ട കരാര്‍ ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. 2020ല്‍ എന്തായാലും ഇതിലൊരു നിലയവും പ്രവര്‍ത്തിച്ചു തുടങ്ങില്ലെന്ന കാര്യം വ്യക്തം. ഇവര്‍ക്ക് വൈദ്യുതി ഉണ്ടാക്കലല്ല ആവശ്യം. നാലു ലക്ഷം കോടി രൂപക്കുള്ള വ്യാപാരക്കരാറാണ് (വാങ്ങല്‍ കരാര്‍) ഇതുവഴി ഒപ്പുവെക്കുക. ഇതിന്റെ കമ്മീഷന്‍ കിട്ടലാണല്ലോ നമ്മുടെ വികസനം. എത്രയെത്ര പദ്ധതികള്‍ ഇങ്ങനെ വഴിയില്‍ മുടങ്ങിക്കിടക്കുന്നു? ആര്‍ക്കാണ് ചേതം? (നികുതിദായകര്‍ക്കല്ലാതെ).
ഈ കരാര്‍ സംബന്ധിച്ച് അന്നു തന്നെ നിരവധി സംശയങ്ങളും ആശങ്കകളും ഉന്നയിക്കപ്പെട്ടിരുന്നു. ഇന്ത്യക്ക് ഉടനെ വൈദ്യുതി ആവശ്യമെന്നും അതിന് ഈ കരാര്‍ ഒപ്പിടണമെന്നും ഘോരഘോരം വാദിച്ചവര്‍ ഇന്ന് അധികാരത്തില്‍ നിന്നും വളരെ ദൂരെയാണ്. അന്ന് ഭരണകക്ഷിയെ എതിര്‍ത്ത കൂട്ടരിപ്പോള്‍ നമ്മെ ഭരിക്കുന്നു. പക്ഷേ അന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ ഒരു കാര്യവും ഇപ്പോള്‍ അവര്‍ക്കോര്‍മയില്ല കെട്ടോ…

എന്തായിരുന്നു പ്രധാന ചോദ്യങ്ങള്‍? 1950 മുതല്‍ ഇന്ത്യന്‍ ഭരണകൂടം കൊണ്ടു നടന്ന സ്വതന്ത്ര ആണവ വികസന പദ്ധതി (മൂന്നുഘട്ട പദ്ധതി) തകര്‍ന്നടിഞ്ഞു. അതുകൊണ്ടു തന്നെ ഇറക്കുമതി ചെയ്ത നിലയങ്ങള്‍ വാങ്ങുന്നു. അതും സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്ന നിലയം. സമ്പുഷ്ടീകരണത്തിന് ഇന്ത്യക്ക് ഇന്ന് ശേഷിയായിട്ടില്ല. ഒരു കാലത്തും ആ സാങ്കേതിക വിദ്യ ഇന്ത്യ ഉണ്ടാക്കില്ലെന്നു നാം ‘ഉറപ്പും’ കൊടുത്തു. ഫലത്തില്‍ വിദേശ രാജ്യങ്ങളെ മാത്രം ആശ്രയിച്ച് ഇന്ധനവും യന്ത്രഭാഗങ്ങളും ലഭിക്കുന്ന നിലയം തന്നെ നാം സ്ഥാപിച്ചു. പ്രകൃതിദത്ത യുറേനിയം ഉപയോഗിക്കുന്ന നിലയം സ്വന്തമായുണ്ടാക്കാന്‍ ഇന്ത്യക്കു ശേഷിയുണ്ട്. അതല്ല ഇറക്കുമതി ചെയ്യുന്നത്. ഇതു സമ്പൂര്‍ണ പരാശ്രിതത്വമാണ്. യുഎസും സഖ്യ കക്ഷികളും പറയുന്ന തരത്തില്‍ വിദേശ നയം രൂപപ്പെടുത്താമെന്ന ഉറപ്പിലാണ്-ഇതിനെ ഹൈഡ് നിയമം എന്നു പറയുന്നു – ഇന്ത്യയുമായി യുഎസ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതിലെ ഒരു വ്യവസ്ഥ, ഇറാനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുഎസ് താല്‍പര്യത്തിനെതിരായി നിന്നാല്‍ അവര്‍ക്കെതിരെ യുഎസ് നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യ പങ്കാളിയാകണം എന്നതാണ്!

ഇത്രയൊക്കെ തരം താണിട്ടും നാം വാങ്ങുമെന്നു പറയുന്ന എല്ലാ നിലയങ്ങളും സ്ഥാപിച്ചാലും 2032ല്‍ അന്നത്തെ ആവശ്യത്തിന്റെ ആറു ശതമാനം പോലും തികയില്ല. ആണവ നിലയത്തിന്റെ മാലിന്യം എങ്ങനെ പതിനായിരക്കണക്കിനു വര്‍ഷത്തേക്ക് സുരക്ഷിതമായി സൂക്ഷിച്ചുവെക്കുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. ഈ നിലയങ്ങളുടെ ചിലവ് അതിഭീമമായിരിക്കുമെന്നും വൈദ്യുതി വില വളരെ ഉയര്‍ന്നതായിരിക്കുമെന്നും തീര്‍ച്ച. സര്‍ക്കാര്‍ സ്വന്തം പണം സബ്‌സിഡി നല്‍കി വില കുറക്കുമായിരിക്കും! ഇവിടെ സബ്‌സിഡി കിട്ടുന്നത് വിദേശ കമ്പനികള്‍ക്കാണ്.

സുരക്ഷിതത്വമാണ് പ്രധാന പ്രശ്‌നം
ആണവ നിലയങ്ങള്‍ അങ്ങേയറ്റം സുരക്ഷിതമാണെന്ന് നമ്മുടെ പലപ്രമുഖ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്ര ഉറപ്പ് ആ നിലയങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കില്ല; രാജ്യങ്ങള്‍ക്കുമില്ല. വിദേശത്തു നിന്നും നിലയങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അവരുടെ രൂപകല്‍പനയിലോ നിര്‍മാണത്തിലോ ഉള്ള തകരാറു കൊണ്ട് അപകടമുണ്ടായാല്‍ പണം ഈടാക്കുകയെന്നത് ഒരു സ്വാഭാവിക നീതിയാണല്ലോ. ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പുകളുണ്ടായപ്പോഴാണ് മുന്‍ സര്‍ക്കാര്‍ 2010ല്‍ അത്തരമൊരു നിയമം ഇന്ത്യയില്‍ ഉണ്ടാക്കിയത്. സിവില്‍ (സൈനികേതരം) ആണവ ബാധ്യതാ നിയമം എന്നാണതിന്റെ പേര്. നിലയം നല്‍കുന്ന കമ്പനികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ കമ്പനിയോ രാജ്യമോ നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ഏറ്റവും കൂടിയ പരിധി 1500 കോടി രൂപയെന്നതാണ് നിയമത്തിലെ വ്യവസ്ഥ. ഒരാളുടെ തകരാറുകൊണ്ട് മറ്റൊരാള്‍ക്ക് നഷ്ടമുണ്ടായാല്‍ അതിന് ‘മേല്‍പരിധി’ എങ്ങനെ നിശ്ചയിക്കും എന്ന ചോദ്യമുണ്ട്. ഭോപ്പാല്‍ കേസിലും എംസി മേത്തയും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള കേസിലും മറ്റും സുപ്രീംകോടതി തന്നെ പറയുന്ന ഒന്നാണ് ‘കേവല ബാധ്യത’ എന്ന തത്വം. നഷ്ടം മുഴുവന്‍ പരിഹരിക്കാനും പുനരധിവാസം നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണെന്നതാണിതിനര്‍ത്ഥം. അതിനു മുമ്പ് നിയമത്തിലുണ്ടായിരുന്ന ‘നിര്‍ബന്ധിത ബാധ്യത’യെന്ന തത്വത്തേക്കാള്‍ കര്‍ശനമാണിത്.

ഈ തുക വളരെ കൂടുതലാണെന്ന് ചില വായനക്കാരെങ്കിലും സംശയിച്ചേക്കാം. അതിനായി ചില കണക്കുകള്‍ പറയേണ്ടതുണ്ട്. ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്ന ഓരോ നിലയത്തിനും 60,000 കോടി രൂപ വരെ ചിലവുണ്ട്. അത്ര പണം നല്‍കി വാങ്ങുന്ന ഒരു നിലയത്തിന്റെ തകരാറുമൂലം ഒരു ദുരന്തമുണ്ടായാല്‍ ഈ പണം കൈപറ്റിയ കമ്പനി നല്‍കേണ്ട പരമാവധി തുക 1500 കോടി രൂപയെന്നതില്‍ തന്നെ ഒരു പ്രശ്‌നമില്ലേ? ഈയടുത്ത കാലത്തുണ്ടായ ഒരു ആണവ ദുരന്തമാണ് ജപ്പാനിലെ ഫുക്കുഷിമയിലേത്. ആ അപകടം മൂലം മലിനമായ പ്രദേശം ശുദ്ധീകരിക്കാന്‍ മാത്രം വേണ്ട ചിലവായി ജപ്പാന്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് കണക്കാക്കുന്നത് 2000 കോടി ഡോളറാണ് (1,20,000 കോടി രൂപ). മറ്റു പുനരധിവാസ ചിലവുകള്‍ വേറെ. ജപ്പാനിലെ എനര്‍ജി ആന്റ് എന്‍വിറോണ്‍മെന്റ് മന്ത്രിയാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ സ്ഥാനത്താണ് 1500 കോടി രൂപ നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെടുന്നത്. ജപ്പാനില്‍ ശക്തമായ ഒരു ആണവ ബാധ്യതാ നിയമം ഉണ്ടായിരുന്നെങ്കില്‍ ഈ നഷ്ടം നല്‍കാനുള്ള ബാധ്യത, നിലയം സ്ഥാപിച്ച യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിനാകുമായിരുന്നു.

ആണവ നിലയം സുരക്ഷിതമാണെന്നും അതിനെതിരെ ശബ്ദിക്കുന്നവര്‍ സാങ്കേതിക വിദ്യ അറിയാത്തവരാണെന്നും പറയുന്നവര്‍ ഒരൊറ്റകാര്യം മാത്രം ഓര്‍ക്കുക. 2011 മാര്‍ച്ച് മാസത്തിലാണല്ലോ ഫുക്കുഷിമ ദുരന്തമുണ്ടായത്. അതിനെതുടര്‍ന്ന് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന 48 ആണവ നിലയങ്ങളും അടച്ചുപൂട്ടി. ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അത്. ജപ്പാന്റെ വൈദ്യുതി ഉല്‍പാദനത്തില്‍ മൂന്നിലൊന്ന് (31 ശതമാനം) ആയിരുന്നു ആണവ നിലയങ്ങളില്‍ നിന്നുള്ളത്. ഈ മൂന്നിലൊന്നുല്‍പാദനം ഒറ്റയടിക്കു നിര്‍ത്തി. ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഒരൊറ്റ നിലയം പോലും ഇതുവരെ തുറന്നിട്ടില്ല. ഒരു നിലയമെങ്കിലുമൊന്നു തുറക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി കിണഞ്ഞു ശ്രമിച്ചിട്ടും കഴിയുന്നില്ല. ജപ്പാന്‍കാര്‍ സാങ്കേതിക വിദ്യയെപ്പറ്റി അറിയാത്തവരെന്നാരും പറയില്ലല്ലോ. സാങ്കേതിക വിദ്യയുടെ ദുരന്തങ്ങള്‍ നന്നായറിയാവുന്നതിനാലാണിത്. ഫുക്കുഷിമ പോലൊരു ദുരന്തം കൂടിയുണ്ടായാല്‍ എന്താകും ജപ്പാന്റെ സ്ഥിതിയെന്ന വസ്തുത അവര്‍ ഓര്‍ക്കുന്നു.

ഇന്ത്യയുടെ മൊത്തം വൈദ്യുതാവശ്യത്തിന്റെ മൂന്നുശതമാനം പോലുമില്ല ആണവ വൈദ്യുതി. ഇവിടെ പുതിയ നിലയങ്ങള്‍ വേണ്ടെന്ന് വച്ചാലും നാടിനൊരു നഷ്ടവുമില്ല. ജപ്പാനിന്റെ മറ്റൊരു സമീപനമാണ് യുഎസിലേത്. 1978നു ശേഷം ഒരൊറ്റ പുതിയ ആണവ നിലയത്തിനു പോലും നിര്‍മാണാനുമതി കിട്ടിയിട്ടില്ല യുഎസില്‍. റഷ്യയടക്കം പല രാജ്യങ്ങളിലും പാതിവഴിക്ക് നിര്‍ത്തി വച്ച നിലയങ്ങള്‍ ധാരാളമുണ്ട്. ഒരൊറ്റ ദിവസം പ്രവര്‍ത്തിച്ച് നിര്‍ത്തിയ നിലയങ്ങളുമുണ്ട്. യുഎസിനും ജപ്പാനും സ്വന്തം നാട്ടില്‍ വേണ്ടാത്ത നിലയം ഇന്ത്യയിലേക്കു കയറ്റി അയക്കാന്‍ ബഹു ഉത്സാഹമാണ്. അതായത് ആണവ രംഗത്ത് ലോകത്തിലെ മഹാഭീമന്മാരായ കമ്പനികള്‍ – യുഎസിലെ ജനറല്‍ ഇലക്ട്രിക്, വെസ്റ്റിംങ് ഹൗസ്, ഫ്രാന്‍സിലെ അറിവ, ജപ്പാനിലെ മിത്‌സുബിഷി, ഹിറ്റാച്ചി, ചില റഷ്യന്‍ കമ്പനികള്‍ – ഇവരെല്ലാം ഇന്ന് ഓര്‍ഡറില്ലാതെ വലയുന്നു. എത്ര ഉയര്‍ന്ന കൈക്കൂലി നല്‍കാനും (ക്ഷമിക്കുക കമ്മീഷന്‍) അവര്‍ തയ്യാര്‍. ഈ നിലയം വില്‍ക്കാനായി വന്‍ലോബികളും രംഗത്തുണ്ട്. ഈ ഉല്‍സാഹക്കമ്മിറ്റിക്കാരാണ് ‘ആണവനിലയം അപകടരഹിതം’ എന്നു വിളിച്ചു പറയുന്നത്.

സ്വന്തം രാജ്യത്ത് വേണ്ടാത്തവയെന്നുമാത്രമല്ല പ്രശ്‌നം. നിലയങ്ങള്‍ ഇന്ത്യക്കു നല്‍കുമ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ തയ്യാറല്ല. ഇന്ത്യയിലെ മുമ്പുപറഞ്ഞ ‘ആണവ ബാധ്യതാനിയമം’ അവര്‍ക്കു സ്വീകാര്യമല്ല. ഈ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ആര്‍ക്കാ വിഷമം? ആരും വാങ്ങാന്‍ തയ്യാറല്ലാത്തതും പതിനായിരക്കണക്കിന് കോടി വിലയുള്ളതുമായ ഈ മാരണം നമ്മുടെ നാട്ടില്‍ സ്ഥാപിച്ച് അതിന് (കമ്പനിക്കാരുടെ തകരാറുകൊണ്ട്) അപകടമുണ്ടായാല്‍ പത്തു പൈസ അവര്‍ തരില്ലെന്നു പറയുമ്പോള്‍ തന്നെ ‘ആണവ നിലയ സുരക്ഷ’ എത്രയെന്നു നമുക്കു ബോധ്യമാകില്ലേ! ഈ നിലയത്തിന്റെ സുരക്ഷക്കു സാക്ഷ്യം പറയാന്‍ ആണവ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത ബഹിരാകാശ സാങ്കേതിക വിദഗ്ധനായ എ പി ജെ അബ്ദുല്‍കലാം എന്ന മുന്‍രാഷ്ട്രപതിയെക്കൊണ്ടുവന്നു നാണം കെടുത്തണോ?

നിലവിലുള്ള നിയമം മറികടന്ന് നിലയം കൊണ്ടുവരണമെന്നതാണ് യുപിഎ-എന്‍ഡിഎ സര്‍ക്കാറുകളുടെ നിലപാട്. എന്നാല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി പറഞ്ഞിരുന്നത് ഇങ്ങനെയല്ല. ബാധ്യതകളില്‍ ഇളവുനല്‍കാന്‍ ശ്രമിക്കുക വഴി ‘കോണ്‍ഗ്രസ് എന്ന പുള്ളിപ്പുലിയുടെ പുള്ളി (സാമ്രാജ്യത്വ ദാസ്യം) മാഞ്ഞുപോകില്ല’ എന്നായിരുന്നു. ഇതു പറഞ്ഞ അരുണ്‍ജെയ്റ്റ്‌ലി മോഡി മന്ത്രിസഭയില്‍ അംഗമാണ്. ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ ആണവ ബാധ്യത നിയമം സംബന്ധിച്ച് ഉണ്ടായ ‘ഒത്തുതീര്‍പ്പ്’ എന്താണെന്നു തുറന്നുപറയാന്‍ അരുണ്‍ജെയ്റ്റ്‌ലി തയ്യാറാകുമോ? ഇപ്പോള്‍ കിട്ടുന്ന വിവരമനുസരിച്ചാണെങ്കില്‍ അന്നത്തെ യുപിഎ സര്‍ക്കാറിന്റെ മേലുള്ളതിനേക്കാള്‍ കട്ടിയുള്ള പുള്ളികളാണ് നരേന്ദ്രമോഡി സര്‍ക്കാറിന്റെ ശരീരത്തിലുള്ളത്.

ആണവ ബാധ്യതാ നിയമം ഒഴിവാക്കണമെന്നാണ് യുഎസ്, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് രാഷ്ട്രത്തലവന്മാരും പ്രതിനിധികളും നിരന്തരം ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തിയത്. ഇതിനു കാരണം വ്യക്തം. അപകടസാധ്യത അവര്‍ തള്ളിക്കളയുന്നില്ല. തന്നെയുമല്ല ഈ നിലയങ്ങള്‍ക്ക് 1500കോടി രൂപയുടെ തുകക്ക് ഇന്‍ഷ്വര്‍ ചെയ്യാന്‍ ഒരു സ്ഥാപനവും തയ്യാറല്ല. അത്തരമൊരു സാഹചര്യത്തില്‍ കമ്പനി തന്നെ നല്‍കണം. അല്ലെങ്കില്‍ രാജ്യം നല്‍കണം. നേരത്തെ പറഞ്ഞതുപോലെ ഫുക്കുഷിമ പോലൊരു ദുരന്തമുണ്ടായാല്‍ (ഇന്ത്യയിലെ മരണനിരക്ക് വളരെ ഉയര്‍ന്നതാകും) അതു വൃത്തിയാക്കാന്‍ തന്നെ 1,20,000 കോടി രൂപ വേണമെങ്കില്‍ അതില്‍ 1500 കോടി പോലും തരാന്‍ തയ്യാറല്ലെങ്കില്‍… അതും വേണ്ടായെന്നു പറയുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യക്കുണ്ടാകുന്നുവെങ്കില്‍… നാമെന്തുതരം ജനാധിപത്യത്തിലാണ് ജീവിക്കുന്നത്?

അതാണിവിടെ സംഭവിച്ചത്. ഇവിടെ അപകടമുണ്ടായാല്‍ അതിന്റെ ബാധ്യത ഇന്ത്യന്‍ ഭരണകൂടം തന്നെ ഏറ്റെടുക്കുന്നു! ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലയില്‍ വച്ചുകെട്ടാനായിരുന്നു ആദ്യശ്രമം. നിലവിലുള്ള നിയമം വച്ചുകൊണ്ട് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കു നല്‍കാന്‍ കഴിയുന്ന പരമാവധി സുരക്ഷ 750 കോടി രൂപ മാത്രം. ബാക്കി… സര്‍ക്കാര്‍ നല്‍കും. വിദേശ കമ്പനികള്‍ക്കൊരു ബാധ്യതയുമില്ല. എത്ര നാശം ഇന്ത്യക്കുണ്ടായാലും. ഇതാണ് മോഡിയും ഒബാമയും തമ്മില്‍ ഒപ്പുവച്ച കരാര്‍ എന്നു പറയുന്നു. ഇതിനെ ഒരു മഹാ വിജയമായിട്ടാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്. അവരില്‍ പലര്‍ക്കും ജയമാണ്. തടസ്സം നീങ്ങിയാലേ കമ്മീഷന്‍ കിട്ടൂ. എത്ര നിലവാരം കുറഞ്ഞ നിലയം നല്‍കിയാലും കുഴപ്പമില്ലല്ലോ. ഇതിനെയാണ് വിദേശ ‘നയതന്ത്ര വിജയം’ എന്ന കഥയായി ബിജെപിയും കുറെ കോര്‍പ്പറേറ്റ് മാധ്യമങ്ങളും അവതരിപ്പിക്കുന്നത്.

ഭോപ്പാല്‍ മറക്കരുത്
അല്‍പം പഴയ കഥ. 30 വര്‍ഷം മുമ്പ് 1983ല്‍ ഭോപ്പാല്‍ നഗരത്തില്‍ ആയിരക്കണക്കിന് മനുഷ്യര്‍ മരിക്കുകയും ലക്ഷക്കണക്കിനു പേര്‍ ഇന്നും രോഗികളായി തുടരുകയും ചെയ്യാന്‍ കാരണമായ ദുരന്തം. യൂണിയന്‍ കാര്‍ബൈഡ് എന്ന കമ്പനി രാത്രിയില്‍ പുറത്തുവിട്ട മീഥൈല്‍ ഐമ്പോസൈനൈറ്റ് എന്ന വാതകം ശ്വസിച്ചാണ് ദുരന്തമുണ്ടായത്. ആ പ്രദേശമാകെ വിഷമയമായി. ദേശസ്‌നേഹത്തില്‍ മത്സരിക്കുന്ന സര്‍ക്കാറുകള്‍ മാറി മാറി ഇന്ത്യയും മധ്യപ്രദേശും ഭരിച്ചു. രണ്ടര പതിറ്റാണ്ടുകള്‍ക്കു ശേഷം മരിച്ചവരുടെ ആശ്രിതര്‍ക്ക് 20,000 മുതല്‍ 60,000 രൂപ വരെ നഷ്ടപരിഹാരം കിട്ടി. ഭോപ്പാല്‍ നഗരത്തിലെ വലിയൊരു ഭാഗത്ത് ഇപ്പോഴും വിഷം തളംകെട്ടിക്കിടക്കുന്നു. അത് ജനങ്ങളില്‍ രോഗമുണ്ടാക്കുന്നു. ഇവര്‍ക്ക് കമ്പനി 580 കോടി ഡോളര്‍ (36,000 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന വിധി മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുണ്ടായി. പക്ഷേ, എവിടന്നു കിട്ടും?

ഈ വിഷയത്തില്‍ കമ്പനിയും അതിന്റെ സി ഇ ഒ ആയിരുന്നു വാറന്‍ ആന്റേര്‍സനും പ്രതിയാണ്. ബോധപൂര്‍വമല്ലാത്ത നരഹത്യയും ക്രിമിനല്‍ ഗൂഢാലോചനയുമടക്കം ഏഴു ക്രിമിനല്‍ കുറ്റങ്ങള്‍ വാറന്‍ ആന്‍ഡേര്‍സനെതിരെ കോടതി ചാര്‍ജ് ചെയ്തു. 25000 രൂപ ജാമ്യത്തില്‍ ടിയാന്‍ പുറത്തിറങ്ങി. രാക്കുരാമാനം നാടുവിടാന്‍ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും സഹായിച്ചു. പിന്നെ ഇന്ത്യയിലേക്കു കക്ഷി വന്നിട്ടേയില്ല. എത്ര സമന്‍സയച്ചാലും വരില്ല. ഈയടുത്തകാലത്ത് 85-ാം വയസില്‍ ഇദ്ദേഹം മരിച്ചു. അതുവരെ സുഖജീവിതം.

ഒബാമയോട് മോഡിക്കു ചോദിക്കാവുന്ന ഒരു ചോദ്യം: യുഎസിലെ ഒരു പൗരന്റെ മരണത്തിന് പരോക്ഷമായെങ്കിലും കാരണക്കാരനെന്നു സംശയിക്കുന്ന ഒരു വ്യക്തി (ഇന്ത്യക്കാരന്‍) ഇന്ത്യയിലുണ്ടെന്നു കരുതുക. ഒബാമ ഇന്ത്യയില്‍ വരുന്നതിനുള്ള ആദ്യ വ്യവസ്ഥയാവുക, അയാളെ വിട്ടു കിട്ടണമെന്നായിരിക്കില്ലേ? ഇതേ തത്വം 3000ലധികം ഇന്ത്യക്കാരുടെ മരണത്തിനു കാരണക്കാരനായ അമേരിക്കക്കാരന്റെ കാര്യത്തിലുമുണ്ടാകുമോ? ഇത്തരം ഒരൊറ്റ ചോദ്യമുയര്‍ത്താനായിരുന്നെങ്കില്‍ നരേന്ദ്രമോഡിയുടെ ദേശസ്‌നേഹം അംഗീകരിക്കാമായിരുന്നു.

മറ്റൊരു ചോദ്യവും പ്രസക്തമാണ്. 2010ല്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ വന്ന ഒരു കപ്പലില്‍ നിന്നും എണ്ണ ലീക്ക് ചെയ്തു കടലിലും തീരത്തും പടര്‍ന്നു. ഇതുമൂലമുണ്ടായ നഷ്ടം – കടലും തീരവും വൃത്തിയാക്കാനുള്ള ചിലവ് – 200 കോടി ഡോളര്‍ ആ കമ്പനിയില്‍ നിന്നും ഒബാമ ഇടപെട്ട് വാങ്ങി. ഇതേ തത്വം മൂന്ന് പതിറ്റാണ്ടിലേറെയായി യുഎസ് കമ്പനി വിഷലിപ്തമാക്കിയിട്ടിരിക്കുന്ന ഭൂമി ശുദ്ധീകരിക്കാനുള്ള പണം ആ കമ്പനിയില്‍ നിന്നീടാക്കണമെന്ന് മോഡി പറയുമോ? ഒബാമയുടെ മുഖത്തു നോക്കി ഇതെങ്ങനെ പറയും അല്ലേ? ഭോപ്പാല്‍ ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനായി 2010ല്‍ നിയമിച്ച കോച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒന്നു പ്രസിദ്ധീകരിക്കുകയെങ്കിലും വേണ്ടേ? ബിജെപി പത്തുവര്‍ഷത്തിലേറെ മാറി മാറി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കുമോ? യൂണിയന്‍ കാര്‍ബൈഡ് കമ്പനി ആഗോളാടിസ്ഥാനത്തില്‍ ഏറ്റെടുത്ത ഡൗ എന്ന കമ്പനി ഇപ്പോള്‍ പറയുന്നത് ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്നാണ്. കമ്പനിയുടെ ആസ്തിവേണം, ബാധ്യത വേണ്ട. ഗംഭീരം തന്നെ യുഎസ് നയം!

പക്ഷേ, ഇവിടെ കുറ്റക്കാര്‍ യുഎസ് അല്ല. നമ്മുടെ വോട്ടുവാങ്ങി നമ്മുടെ പണം ചിലവാക്കി നമ്മെ ഭരിക്കുന്നവരോട്, ഇതാണോ നിങ്ങളുടെ ‘ദേശസ്‌നേഹം’ എന്നു ചോദിക്കാന്‍ നമുക്കാകുന്നില്ലെന്നതല്ലേ പ്രശ്‌നം? എത്ര മനുഷ്യര്‍ മരിച്ചാലും എത്രപേര്‍ രോഗാതുരമായാലും തങ്ങള്‍ക്കു കമ്മീഷന്‍ കിട്ടുന്ന ‘വികസനം’ നടപ്പിലാക്കുമെന്നു പ്രഖ്യാപിക്കുന്നവരോട് എന്തു പറയാന്‍.

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login