ഓര്‍മയിലെ മുസന്നയും മുഅന്നസും

ഓര്‍മയിലെ മുസന്നയും മുഅന്നസും

മദ്‌റസയിലും സ്‌കൂളിലും എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. മോശമല്ലാത്ത രീതിയില്‍ പഠിക്കുന്നതിനാല്‍ ഉസ്താദിനും സഹപാഠികള്‍ക്കും വല്യമതിപ്പായിരുന്നു. നബികുടുംബമായതിനാല്‍ തങ്ങളുട്ടി എന്ന രീതിയിലും എനിക്കൊരുപാട് ബഹുമാനം കിട്ടി. ഈ സമയം എന്റെ അനിയന്‍ ഒന്നാം ക്ലാസിലാണ് പഠിച്ചുകൊണ്ടിരുന്നത്. അതു കൊണ്ട് സൈനുല്‍ആബിദീന്റെ ഇത്താത്തയായതിനാല്‍ ഒന്നാം ക്ലാസുകാര്‍ക്കിടയിലും ഒരു കാരണവ സ്ഥാനം കൂടി എനിക്കുണ്ടായിരുന്നു. മാത്രമല്ല, ദാറുല്‍ഉലൂമിലെ അവസാന ക്ലാസ് എട്ടാംതരമായതിനാല്‍ സൂപ്പര്‍ സീനിയര്‍ ഞങ്ങളായിരുന്നു. ഇങ്ങനെ ഒത്തിരി വിശേഷങ്ങളോടു കൂടി സസുഖം വാഴുന്ന കാലം.

സദ്ര്‍ ഉസ്താദിന്റെ ക്ലാസായതിനാല്‍ രാവിലെ ആറ് തൊട്ട് ഏഴുവരെ മാത്രമേ ഞങ്ങള്‍ക്ക് ക്ലാസ് ഉണ്ടാകാറുള്ളൂ. ഇതിനാല്‍ നല്ല റാഹത്തിലായി അല്ലലും അലട്ടുമില്ലാതെ കഴിയുന്നതിനിടയ്ക്കാണ് ഒരു ദിവസം പഠന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഫത്തിശ് മദ്രസയിലെത്തുന്നത്. എല്ലാ ക്ലാസിലുമെന്ന പോലെ ഞങ്ങളുടെ ക്ലാസിലും മുഫത്തിശ് വന്നു. വലിയ പേടിപ്പെടുത്തലൊന്നുമുണ്ടായില്ല. എന്ന് വെച്ചാല്‍ ചറപറാന്ന് ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. എല്ലാവര്‍ക്കും സന്തോഷം. സര്‍ഫ്, നഹ്‌വ്, രിയാളുസ്വാലിഹീന്‍ എന്നിങ്ങനെ ഓരോ കിതാബിലേയും എടുത്തു തീര്‍ത്ത പാഠങ്ങളുടെ എണ്ണവും മറ്റും ചോദിച്ചു കൊണ്ടിരിക്കുന്നിടയിലെപ്പോഴാണ് മുസന്നയും മുഅന്നസും കടന്ന് വന്നതെന്നെനിക്കറിയില്ല. മുഅന്നസ് എന്നാല്‍ സ്ത്രീലിംഗം ആണ് എന്ന പക്ഷക്കാരായിരുന്നു ക്ലാസില്‍ ഞാനൊഴികെ ബാക്കിയുള്ളവരെല്ലാം. ‘മുഅന്നസ് എന്നാല്‍ സ്ത്രീലിംഗം എന്നഭിപ്രായമില്ലാത്തവര്‍ ഇരുന്നോളൂ’ മുഫത്തിശ് പറഞ്ഞു. മുഫത്തിശ് പറഞ്ഞു തീര്‍ന്നതും ഞാന്‍ ഇരുന്നു. മുസന്നയും മുഅന്നസും തമ്മിലുള്ള വ്യത്യാസങ്ങളോര്‍ത്ത് കൊണ്ട് ക്ലാസില്‍ എല്ലാവരും നില്‍ക്കുകയാണ്. ഞാന്‍ മാത്രം ഇരിക്കുന്നു. ഹൃദയമിടിപ്പ് കൂടിയെന്ന് തോന്നുന്നു. മനസ്സില്‍ മുസന്നയും മുഅന്നസും ഭീതി നിറച്ചു. ഞാന്‍ എണീറ്റില്ല എന്നത് സത്യം, പക്ഷേ, എണീക്കണോ വേണ്ടയോ എന്ന അങ്കലാപ്പിലായിരുന്നു മനസ്സ്. ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് മെല്ലെ ഇടങ്കണ്ണിട്ടു നോക്കി. ആര്‍ക്കും ഇരിക്കാനുള്ള ഭാവമില്ല. എപ്പോഴും എന്റെ പിന്നിലായി നിലകൊണ്ടവര്‍, ഇന്ന് ഇവര്‍ക്കെന്ത് പറ്റി? എനിക്ക് ഉത്തരം തെറ്റിയോ? ഇല്ല, മുസന്നയാണ് സ്ത്രീ, മനസ്സപ്പോഴും ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

‘മുസന്നയാണ് സ്ത്രീ…’ എന്ന് പറഞ്ഞ് വാക്കു മുഴുമിക്കാതെ മുഫത്തിശ് നിര്‍ത്തി. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ അടഞ്ഞു. പിടിച്ചു നിര്‍ത്തിയ ശ്വാസം പതിയെ വിട്ടു. പിന്നെ മുഫത്തിശ് നേരത്തെ ബാക്കിവെച്ചത് തുടര്‍ന്നു: എന്ന പക്ഷക്കാരിയാണല്ലേ നീ? അദ്ദേഹം എന്നെ നോക്കി ചോദിച്ചു: ‘ഉം’. ഞാന്‍ മൂളി. പുഞ്ചിരിയുമായാണ് ഉസ്താദിന്റെ നില്‍പ്. ശാന്തഭാവം. പരിഹാസമൊന്നുമില്ല ഉസ്താദിന്റെ മുഖത്ത്. ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി. അന്തസ്സോടെ എണീറ്റു നിന്നു.

ഉസ്താദ് എന്നോട് പേര് ചോദിച്ചു. ‘റശാദത്ത് ബീവി’. ധൈര്യസമേതം ഞാന്‍ പറഞ്ഞു. ”എല്ലാവര്‍ക്കും തെറ്റുന്ന കാര്യമാണിത്. അതു കൊണ്ട് തന്നെയാണ് ഞാന്‍ നിങ്ങളോട് ചോദിച്ചത്. മുസന്ന എന്നാല്‍ ദ്വിവചനം എന്നാണര്‍ത്ഥം. മുഅന്നസാണ് സ്ത്രീലിംഗം.” ഉസ്താദ് ഇതു പറഞ്ഞ നേരം. തലയ്ക്ക് അടികൊണ്ട പ്രതീതി. ഡസ്‌കിലേക്ക് ചാരി കൈകളൂന്നി നിന്നു പോയി ഞാന്‍. ഭൂമി പിളര്‍ന്നിരുന്നെങ്കില്‍, ഉടലോടെ താഴാമായിരുന്നു. കാരണം എന്റെ അഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കലും എനിക്ക് ഇങ്ങനെ ഒരവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. അന്ന് എന്റെ അറിവില്ലായ്മയല്ല എന്നെ നൊമ്പരപ്പെടുത്തിയത്, കൂട്ടുകാര്‍ക്കിടയില്‍ ഇത്രയും കാലം പഠിപ്പിസ്റ്റെന്ന് വിലസി നടന്നിട്ട് അടിസ്ഥാന വിവരം പോലും എനിക്കില്ലെന്ന് അവര്‍ക്ക് മനസ്സിലായില്ലേ. എന്നെ കളിയാക്കാന്‍ ഒരവസരം ഉണ്ടായില്ലേ. അവര്‍ക്ക് മുമ്പിലെങ്ങനെ ഇനി തലയുയര്‍ത്തി നടക്കും. എന്റെ ഉസ്താദുമാര്‍ ഇതറിയുമ്പോള്‍ ഇനി എങ്ങനെ വിലയിരുത്തും. ആദ്യമായി കാണുന്ന ഈ ഉസ്താദ് എന്നെക്കുറിച്ച് എന്ത് വിചാരിക്കും. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം പോലും എനിക്കറിയില്ല എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവില്ലേ. ഞാനാകെ തളര്‍ന്നു.

പക്ഷേ, മുഫത്തിശ് പരിഹസിച്ചില്ല. കുറ്റപ്പെടുത്തി സംസാരിച്ചില്ല. സ്‌നേഹപൂര്‍വം കാര്യങ്ങള്‍ പറഞ്ഞു മുഫത്തിശ് പോയി. പിന്നീട് എന്തൊക്കെ പുകിലുകള്‍ ക്ലാസില്‍ സംഭവിച്ചുവെന്നെനിക്ക് ഓര്‍മയില്ല. എട്ടാം ക്ലാസോടെ മതപഠനജീവിതം അവസാനിച്ചു. പ്ലസ്ടുവിന് ശേഷം ഐടിഐ സിവില്‍ എഞ്ചിനീയറിംഗും പഠിച്ചു. പക്ഷേ, ഇന്നും അത് ഓര്‍ക്കുമ്പോള്‍ പലതരം വിചാരങ്ങള്‍ എന്റെ മനസ്സിലുണ്ടാവാറുണ്ട്.

ഒന്ന്, ശരിയേതെന്നറിയാതെ നാം നമ്മുടെ തെറ്റുകളില്‍ അഹങ്കാരത്തോടെ, എനിക്കെല്ലാം അറിയാമെന്ന ഭാവത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ നാം തിരിച്ചറിയുന്നില്ല മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാം പരിഹാസ പാത്രമാകുന്നു എന്ന കാര്യം.

രണ്ടാമത്തെ കാര്യം, എന്റെ കൂട്ടുകാരെല്ലാം എണീറ്റു നിന്നപ്പോള്‍ ഒറ്റയ്ക്കാവുമെന്ന പേടിയില്‍ അവരോടൊപ്പം ചേരാതെ എന്റെ പരിമിതമായ അറിവുവെച്ച് എനിക്ക് ശരിയെന്ന് തോന്നിയ ഉത്തരത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഞാന്‍ കാണിച്ച ധൈര്യം. അത്‌കൊണ്ട് എനിക്ക് മുസന്നയും മുഅന്നസും മാറില്ല.

പിന്നെ…. എനിക്ക് അത്രയ്ക്കുള്ള വിവരങ്ങളൊക്കെയല്ലേ ഉണ്ടായിരുന്നത്. എന്റെ സഹപാഠികളെല്ലാം എന്നെക്കാള്‍ ഉയരങ്ങളിലെത്തിയത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഞാനെന്തിന് എന്നെക്കുറിച്ച് സ്വയം അഭിമാനം കൊണ്ടു? എനിക്ക് നല്ലോണം പഠിപ്പുണ്ട്, കഴിവുണ്ട് എന്നൊക്കെ പറഞ്ഞ് നാം മറ്റുള്ളവരെ തരംതാഴ്ത്തുമ്പോള്‍ നാം തിരിച്ചറിയാതെ പോകുന്നത്, നമുക്ക് അറിയുന്ന പല കാര്യങ്ങളും അവര്‍ക്കറിവില്ലെങ്കിലും നമുക്ക് അറിയാത്ത പല കാര്യങ്ങളും അവര്‍ക്കറിവുണ്ടെന്ന സത്യമാണ്.

ബിന്‍ത് ഖാലിദ്
ഹിദായത് നഗര്‍, കാസര്‍ഗോഡ്

You must be logged in to post a comment Login