ആ അങ്ങനെ പോകുന്നു

ആ അങ്ങനെ പോകുന്നു

ഗസ്സാലി ഇമാമിനെ കാണ്മാനില്ല!!
ഇതെവിടെ പോയി!
നാട്ടിലാകെ തെരച്ചിലായി. പല അഭ്യൂഹങ്ങളും പരന്നു.
കടം പുഴുത്തവര്‍ നാടുവിടാറുണ്ട്. കുറ്റവാളികള്‍ ഒളിവില്‍ പോയെന്നും കേട്ടിട്ടുണ്ട്. പക്ഷെ ഇതെന്ത് കഥ? എല്ലാം തികഞ്ഞൊരാള്‍ ഇതെങ്ങോട്ട് എന്തിനായി പോയി? പണക്കാരന് പണമേയുള്ളൂ. രാജാവിന് അധികാരമേയുള്ളൂ. പണ്ഡിതന് അറിവേയുള്ളൂ എന്ന് പറയാന്‍ നിങ്ങളുടെ നാക്ക് ഇമിരുന്നുണ്ടാവും. പക്ഷെ ഗസ്സാലി ഇമാമിന്റെ കാര്യത്തില്‍ അതങ്ങനെയല്ല! അറിവുണ്ട്, പണമുണ്ട്, അധികാരവും.

ബഗ്ദാദ് നിളാമിയ്യയിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രധാനാധ്യാപകന്‍ എന്ന കേള്‍വിക്കുപുറമെ, സമുദായത്തിലെ നാനാതുറകളിലും പെട്ട ജനങ്ങളെ കാവ്യാത്മക ഭാഷകൊണ്ടും, ആകര്‍ഷകമായ ആഖ്യാനപാടവം കൊണ്ടും തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന വാഗ്മി. സുല്‍ത്താന്‍മാരുടെ ഉപദേശകനും തോഴനും. ഭരണാധികാരിയെ വെല്ലുന്ന ആഢംബരങ്ങള്‍. അറിവു നുകരാനെത്തിയ ആയിരക്കണക്കായ പണ്‍ഡിത ശിഷ്യര്‍. ഇതിനപ്പുറം എന്തു വേണം ഒരാള്‍ക്ക്. ഞാനോ നിങ്ങളോ ആണ് ആ സ്ഥാനത്തെങ്കിലോ? ചെയ്തു കൊണ്ടിരിക്കുന്നത് ശുദ്ധമായ മതസേവനമല്ലേ എന്ന പുറംന്യായം പൊട്ടിച്ച് പിടിച്ചു നില്‍ക്കും. ജീവിതം ആവത് അര്‍മാദിച്ചൊടുക്കും.

പക്ഷേ ഇമാമിന്റെ ഉളളില്‍ ചൂള എരിയുന്നുണ്ടായിരുന്നു. നഷ്ടചിന്തകളുടെ അലട്ടലുകളേതുമില്ലാതെ ഇമാം നാടുവിട്ടു, ഡമസ്‌ക്കസിലേക്ക്. തന്നില്‍ പറ്റിപ്പിടിച്ച ഭൗതികേച്ഛയുടെ സകല കരിങ്കറകളും വടിച്ചു വൃത്തിയാകുവോളം ആ അലച്ചില്‍ തുടര്‍ന്നു. ശരീരത്തെ മാത്രമല്ല മനസ്സിന്റെ ദുര്‍കാമനകളെയത്രയും ഇമാം കൊല്ലാക്കൊല ചെയ്തു. അതുകൊണ്ട് എന്തുണ്ടായി എന്നു ചോദിച്ചാല്‍ ഗസ്സാലി ഇമാം ജനിച്ചു! മനസ്സിലായില്ല? ആ ഇറങ്ങിപ്പോക്കില്ലായിരുന്നെങ്കില്‍ തുടുത്ത ആട്ടിന്‍ കുറകുകള്‍ കടിച്ചുകാര്‍ന്ന, പട്ടുവിരിപ്പില്‍ മയങ്ങിയുറങ്ങിയ, ആര്‍ഭാഢം കുടിച്ച് സുഖിച്ചു ജീവിച്ച, ആദരവിന്റെ ആഴങ്ങളില്‍ മുങ്ങിത്താണ ഏതോ ഒരു ഗസാലുകാരന്‍ ഏതോ ഒരു അറബി മണ്ണിനുളളില്‍ കിടക്കുന്നുണ്ടാവും. മറ്റൊരുപാട് ആളുകളെ പോലെ. അതായിരുന്നില്ലല്ലോ ഗസ്സാലി ജന്‍മത്തിന്റെ ഉള്‍പൊരുള്‍.

ആരമ്പ റസൂലിന്റെ ഹിജ്‌റ പോക്കും അത്തരം ഒരു ചുവടുമാറ്റമായി വേണമെങ്കില്‍ നമുക്ക് വായിച്ചെടുത്തുകൂടേ? അഹന്ത പെരുത്ത ഈ മക്കക്കാരുടെ കുടെ നിന്നാല്‍ ഇടക്കിടെ അടിയും കുത്തുമായി ആയുസ്സിലെ മര്‍മസമയങ്ങള്‍ വെറുതെ പോവുമായിരുന്നു. അപ്പോള്‍ ഒരു പോക്കു വെച്ചു കൊടുത്തു, മദീനയിലേക്ക്. എന്നിട്ട് കാര്യങ്ങളെല്ലാം നേടി ഘനഗംഭീരമായി തിരിച്ചു വന്നു.

ജീവിതത്തില്‍ മര്‍മമാറ്റം വരുത്താന്‍, സുഖദമായ നില്‍പുനിലങ്ങള്‍ വിട്ടോടുക എന്നതിനേക്കാള്‍ മുന്തിയ ഒരു മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ആറ്റ് നോറ്റ് കിട്ടിയ പിഞ്ചോമനയേയും ജീവിതത്തിന്റെ കരള്‍ഛേദമായ ഉറ്റവളേയും തനിച്ചാക്കി ജന്മ•ദൗത്യം നിറവേറ്റാന്‍ വേണ്ടി അതാ ഹസ്‌റത്ത് ഇബ്‌റാഹിം നബി പോവുന്ന ഒരു പോക്ക് കണ്ടോ നിങ്ങള്‍? മുത്തിസ്മാഈലിനെ കൊഞ്ചിക്കളിപ്പിച്ച്, ഹാജറിന്റെ മടിയില്‍ മയങ്ങി ജീവിതത്തിന്റെ സായന്തനം ആസ്വാദനത്തിലലിയിച്ചിരുന്നെങ്കില്‍ ഇത്രക്ക് ത്യാഗിവര്യനായ ഒരു ഇബ്‌റാഹിം നബിയുടെ കഥ പറഞ്ഞ് രോമകൂപങ്ങളെ ഉണര്‍ത്തി നിര്‍ത്താനാവുമായിരുന്നോ, നമുക്ക്.

പഞ്ചസാരയും പശുവിന്‍ നെയ്യും കട്ടുതിന്ന് കുട്ടപ്പനായി വളരുന്ന ബഷീറിനോടാണ് ‘നീ പോയി രാജ്യമെല്ലാം ഒന്ന് കണ്ട് വാ’ എന്ന് പറഞ്ഞ് ഉപ്പ തള്ളിവിടുന്നത്. പച്ചജീവിതത്തിന്റെ മുള്‍മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ആ അലച്ചിലായിരുന്നു, ബേപ്പൂര്‍ സുല്‍ത്വാനിലേക്ക് വഴി കാണിച്ചത്. തന്റെ ജന്മ•നഗരമായ ഇസ്തംബൂളിനെ കുറിച്ച് ഓര്‍ഹാന്‍ പാമുക്കെഴുതിയ ‘ഗദ്യകാവ്യ’ത്തിലൊരിടത്ത് ഉമ്മായുടെ മുഴങ്ങുന്ന ചോദ്യം അദ്ദേഹം എടുത്തെഴുതുന്നുണ്ട്. “Why don’t you go outside for a while ? why don’t you try a change  out scene, do something travelling …?  (Istanbul: Memories and the City)

നാം എന്താണോ ശരിക്കും ചെയ്തു തീര്‍ക്കേണ്ടത് എന്നു ആലോചിച്ചു അവ ചെയ്തു തീര്‍ക്കുന്നതോടൊപ്പം നമുക്കുമാത്രം ചെയ്യാന്‍ പറ്റുന്ന നല്ല കാര്യങ്ങളും കണ്ടെത്തുക. അപ്പോഴാണ് നമുക്ക് ആന്തരികസാഫല്യം കൈവരുന്നത്. നമുക്ക് ഒരോരുത്തര്‍ക്കും നമ്മുടേതായ, മറ്റാരാലും പങ്കിടപ്പെടാത്ത വ്യക്തി വൈശിഷ്ട്യങ്ങള്‍ (തഖസ്സ്വുസ്വാതും തശഖുസാതും) ഉണ്ട്. ആ വ്യക്തിഗത മൂല്യങ്ങളെ പ്രതിഫലിപ്പിക്കാനാകുമ്പോഴാണ് നമ്മിലെ ഉള്‍ജ്വാലകളുയരുന്നത്. നാം ഓരോരുത്തരും ഓരോ താക്കോലു പോലെയാണ്.ഒരു താക്കോലു കൊണ്ടു തുറക്കാന്‍ പറ്റുന്ന ഒരേയൊരു പൂട്ടാണുണ്ടാവുക.
അപ്പോള്‍ നമ്മള്‍ നമുക്ക് മാത്രം തുറക്കാന്‍ പറ്റുന്ന പൂട്ടിന്റെ തുളയിലാണോ നമ്മുടെ തല കടത്തിത്തിരിച്ചുകൊണ്ടിരിക്കുന്നത് എന്ന് നാം നമ്മോട് തന്നെ കിടക്കാന്‍ നേരത്തും ഉണര്‍ന്ന ഉടനേയും അഞ്ചഞ്ച് പ്രാവശ്യം വീതം ചോദിച്ചു കൊണ്ടിരിക്കണം. ‘അല്ല! അല്ല!!’ എന്നാണുത്തരമെങ്കില്‍ വെറുതെ എന്തിനാണ്. ആയുസ്സ് പാഴാക്കുന്നത് സുഹൃത്തേ എന്ന് നാം സ്‌നേഹപൂര്‍വം നമ്മോടെ നമ്മെ കണ്ണാടിയില്‍ നോക്കി ചോദിച്ചു കൊണ്ടിരിക്കണം. അങ്ങനെ ആ അവസ്ഥ വിട്ടു ഓടുകയും വേണം. എന്താ ഇമാം ഗസ്സാലി ഓടിയെങ്കില്‍ നമുക്കാ ഓടിക്കൂടാത്തത്? ഇമാം ഗസ്സാലി ആത്മീയ അറിവു നുകര്‍ന്ന, തികഞ്ഞ ഒരു പണ്ഡിതന്‍. അവരവിടെയിരിക്കട്ടെ, പ്രൗഢിയില്‍ രാജ്യം ഭരിച്ചിരുന്ന ഇബാറാഹീം ഇബ്‌നു അദ്ഹം(റ) എന്ന പ്യൂര്‍ രാജാവ് ഇറങ്ങി ഓടിയില്ലേ? ഇല്ലായിരുന്നുവെങ്കില്‍ ആ ഇത്തിരിച്ചുറ്റുവട്ടത്തിലെ കുഴിയില്‍ നന്നായി തിന്ന,് നന്നായി കുടിച്ച്, നന്നായി രമിച്ച്, നന്നായി ഭരിച്ച് ഒടുവില്‍ മണ്ണില്‍ പൊടിഞ്ഞലിഞ്ഞ ഏതോ ഒരു ഇബ്രാഹിം രാജനെ ഇന്നാരറിയാന്‍, ആര്‍ക്കറിയണമല്ലെങ്കില്‍?

കണ്ടു മുട്ടുന്നവരില്‍ താത്പര്യപ്പെട്ടവരോടൊക്കെ ഞാന്‍ നിലവിലുളള അവസ്ഥയെക്കുറിച്ച് ചുഴിഞ്ഞ് ചേദിക്കാറുണ്ട്. ‘ആ അങ്ങനെ പോകുന്നു’ എന്നാണ് കിട്ടിയതില്‍ എണ്‍പത്താറു ശതമാനത്തിലധികവും മറുപടികള്‍. എന്താണതിന്റെ അര്‍ത്ഥം? അത്രയും ആള്‍ക്കാര്‍ അവരിലുറങ്ങുന്ന കഴിവിന്റെ, മികവിന്റെ, ശേഷിയുടെ, സമ്പൂര്‍ണ്ണ പ്രകാശനത്തിന് ഉതവി ലഭിക്കാതെ അങ്ങനെ നാള്‍ കഴിക്കുന്നു എന്നു തന്നെയാണ്. ആരാണിതിന് ഉത്തരവാദി? വളരെ എളുപ്പമുളള ഒരുത്തരം പറഞ്ഞുതരാം, സമൂഹം!

സമൂഹത്തെ പഴി ചാരിയിട്ട് ശിഷ്ട ജീവിതം ഇനിയും ചിതലിന് തിന്നാന്‍ കൊടുക്കുന്നതിന് പകരം ‘ഇറങ്ങിയോട്!!’ എന്ന് പറയാന്‍ എന്റെ നാക്ക് തരിക്കുന്നു. ശ്രദ്ധിക്കണം, കേള്‍ക്കുമ്പോഴേക്ക് പൊട്ടിച്ചോടിക്കളയരുത്. ആരാണ് ഓടേണ്ടതെന്നും, എവിടേക്കാണ് ഓടേണ്ടതെന്നും, എന്തിനാണ് ഓടേണ്ടതെന്നും കൃത്യമായ ഉത്തരം ഉളളിലുളളവരെ ഓടേണ്ടൂ. എന്നാല്‍ സഫലജീവിതമെന്ന സമ്പൂര്‍ണ സംതൃപ്തി നല്‍കുന്നയിടത്താണ് നിങ്ങളിപ്പോഴുള്ളതെന്ന പാറപോലുറച്ച ബോധ്യമുണ്ടെങ്കില്‍, അനങ്ങിപ്പോകരുത്, ആ!!!

അതേ സമയം നിന്ന നില്‍പില്‍ ജീവിതത്തിനര്‍ത്ഥം കാണുന്നേയില്ല. തീനും കുടിയും ഉടുപ്പും ഉറക്കുമൊക്കെ മുറ തെറ്റാതെ നടക്കുന്നു, പതിവു തുടര്‍ച്ചകളുടെ നൈരന്തര്യങ്ങളെ ഓമനിക്കുന്നു എന്നതല്ലാതെ സ്വയം നിര്‍മ്മിതികള്‍ വെച്ചു നീട്ടാനുളള അവസരം കിട്ടുന്നില്ല, ഇവിടം വിട്ടാല്‍ കിട്ടുമെന്നുറപ്പ് എന്ന് തോന്നുന്നുവെങ്കില്‍ ഇടംവലം നോക്കാതെ വിട്ടുകള എന്ന് ഞാന്‍ സമ്മതം തരും എന്നായിരിക്കും നിങ്ങള്‍ വിചാരിച്ചത് അല്ലേ?

നമുക്കുളളില്‍ രണ്ട് തരം ചോദനകളുടെ തള്ളുകളുണ്ട്. ഒന്ന് മാലാഖീയം, അത്യുദാത്തം. മറ്റേത് പൈശാചികം, അത്യുല്‍കൃഷ്ടം. ഇതിലേതിന്റെ തളളില്‍പ്പെട്ടാണ് നാമോട്ടം തുടങ്ങുന്നത് എന്ന് നോക്കണം. മാലാഖീയ ഉള്‍തളളുകൊണ്ടാണ് നിങ്ങളോടുന്നതെങ്കില്‍ കൊളളാവുന്നിടത്തേക്ക് മാത്രമേ നിങ്ങളെത്തൂ. അതേ സമയം പൈശാചികമായ കുത്തിത്തിരിപ്പ് കാരണമാണ് ഓട്ടമാരംഭിക്കുന്നതെങ്കില്‍ കാഴ്ച്ചക്ക് എത്ര നല്ലയിടമായിട്ടും കാര്യമില്ല, ഉണ്ടായിരുന്നതിനേക്കാള്‍ കാര്യങ്ങള്‍ അവതാളത്തിലാവുകയാണ് ചെയ്യുക. കിതാബോത്ത് നിര്‍ത്തി, ഇല്‍മും ഇബാദത്തും മുടക്കി, സംഘടനയും പ്രസ്ഥാനവും മാറ്റിനിര്‍ത്തി ചായപാരാനും, കാഷിയര്‍ സീറ്റിലിരിക്കാനും, പറമ്പുമറിക്കാനും പോയാല്‍…

കഴിവുളളവര്‍ കെട്ടിക്കിടക്കുന്നത് കാണുമ്പോള്‍ ദുഖം വരാത്തവരാരാണുളളത്? കഷ്ടപ്പെട്ടും ത്യാഗം സഹിച്ചും ഒരു കാലത്ത് നെയ്‌തെടുത്ത വൈജ്ഞാനിക, സര്‍ഗ്ഗാത്മക സിദ്ധികള്‍ നിര്‍ദ്ദയം തുരുമ്പു കൊളളുമ്പോള്‍ നെഞ്ച് നോവാത്തതും സങ്കടത്തിനുളള വക നല്‍കുകയാണ്. സമൂഹത്തിനാണ് അപ്പോള്‍ ഹൃദയം പിടക്കേണ്ടത്. ആവശ്യത്തിന് വളവും വെളളവും വെളിച്ചവും നല്‍കിയാല്‍ മാത്രം പോരാ, അനാവശ്യമായ കളകളെ പറിച്ചെറിഞ്ഞും ചാഴികളെ കൂടൊഴിപ്പിച്ചും അത്തരക്കാരെ കടഞ്ഞെടുക്കണം.

മുപ്പത്തഞ്ച് നാല്‍പ്പത് വയസ്സായി തുടങ്ങുമ്പോഴേക്കും ‘അയ്യയ്യോ ഞങ്ങള്‍ക്കൊക്കെ പ്രായമായിപ്പോയില്ലേ, കാലമിതാ കഴിഞ്ഞു’ എന്ന് പറഞ്ഞ് എവിടെയോ കിടക്കുന്ന വാര്‍ദ്ധക്യത്തെ മുന്‍കൂറായി വലിച്ചു കൊണ്ടുവരുന്ന ചിലരുണ്ട്. വാസ്തവത്തില്‍ ഇതൊരു കൗശലമാണ്. എന്റെ ഉള്ളിലെ കഴിവ് ഉപയോഗപ്പെടുത്തുകയോ എന്നെ എന്തെങ്കിലും ഏല്‍പ്പിക്കുകയോ ചെയ്യല്ലേ എന്ന വില കുറഞ്ഞ അപേക്ഷയുടെ ഗൗരവം കലര്‍ത്തിയ ഒരു ഭാഷാഭേദം മാത്രമാണത്. കുറേ കാലം ഉണ്ടായിരിക്കുക എന്നതാണ് സര്‍ഗ്ഗപ്രകാശനത്തിന്റെ, ആത്മാവിഷ്‌ക്കാരത്തിന്റെ അടിസ്ഥാന ഉപാധി എന്നാരാ നിങ്ങളോട് പറഞ്ഞത്? ഓര്‍ക്കുക ശരീരത്തിനല്ല മനസ്സിനാണ് യൗവനവും വാര്‍ദ്ധക്യവും പിടികൂടുക. എഴുപത്തഞ്ചാം വയസ്സില്‍ മലയാള ടൈപ്പിംഗ് പഠിച്ച ഒരു പത്രാധിപരെ പറ്റി ഈ അടുത്തു പറയുന്നതു കേട്ടു. സിരകളില്‍ ചെഞ്ചോര പായുന്ന ചെറുപ്പക്കാരേ നിങ്ങളെന്തിനാണ് ആകാശത്തു കിടക്കുന്ന ജരാനരകളെ കൊക്കകെട്ടി പറിച്ച് തലയിലിടുന്നത്? മറക്കണ്ട, സമൂഹത്തിന് നിങ്ങളലിഞ്ഞു തീര്‍ന്നു എന്ന് കരുതി ഒരു ചുക്കുമില്ല, ചേതം നിങ്ങള്‍ക്കാണ്. നിങ്ങള്‍ക്ക് മാത്രം!

ഓര്‍മ്മിക്കുക! ഒരു കണ്ടീഷന്‍ പോരാത്ത സോപ്പാണ് നിങ്ങള്‍ കുളിക്കാനുപയോഗിക്കുന്നതെങ്കില്‍ അത് ഉരച്ചു തീരുന്ന മുറക്ക് മറ്റൊരു വാസനാ സോപ്പ് വിലയ്ക്കു വാങ്ങാം. എന്നാല്‍ ജീവിതമാകുന്ന ഈ ഉണക്കസോപ്പ് അലിഞ്ഞു തീര്‍ന്നാല്‍, തീര്‍ന്നതു തന്നെ. വെറുതെ സ്വന്തത്തോട് വാശി പിടിക്കാന്‍ നില്‍ക്കരുത്. ഇപ്പോക്ക് പോയാല്‍ ജീവിതം അലിഞ്ഞു തീരുന്നുണ്ടെങ്കില്‍ ഒന്നും നോക്കാനില്ല, ഇറങ്ങിയോടിക്കള!

ഓട്ടം തുടങ്ങുന്നതിനു മുന്‍പ് ഒരുകാര്യം കൂടി. ആളുകള്‍ക്കിടയില്‍ ഓടേണ്ടവരുണ്ട്. നിന്നയിടത്ത് നില്‍ക്കേണ്ടവരുമുണ്ട്. മനസ്സിലായില്ലേ? പ്രകൃതിയിലേക്ക് നോക്ക്! മാങ്ങ പഴുത്ത് ചില്ല കനത്താല്‍ മാവ് നിന്നയിടത്ത് നില്‍ക്കുകയാണ് ചെയ്യുക. കൊന്ന പൂത്താലും. എന്നു വെച്ചാല്‍ ഉപഭോക്താക്കളെ തേടി കത്തില്ല. ദൂതനില്ല. ഒന്നുമില്ല. ഇനി മേഘത്തെ നോക്ക.് എനിക്ക് ഓടാനും പായ്യാനും ഒന്നും വയ്യ! ആളുകള്‍ക്ക് വെളളം വേണേ ഇങ്ങോട്ട് വരട്ടെ എന്ന മസിലുപിടി മേഘത്തിനില്ല. അത് ശറപറ പറന്നോടും. ആകാശം കറുപ്പിക്കും. പിടിച്ചു കുലുക്കുന്ന കാറ്റടിപ്പിച്ചും ഇടിയും മിന്നും കെട്ടഴിച്ചുവിട്ടും ബഹുജോറന്‍ പ്രചാരണങ്ങളാണ്. ചെകിടടിപ്പിക്കുന്ന അനൗണ്‍സ്‌മെന്റുകള്‍, കുളിരു കോരുന്ന കാറ്റ്‌വീശലുകള്‍. ഒടുക്കം ഒരു കവിത പോലെ വേണ്ടിടത്തെല്ലാം സ്വയം പെയ്ത് കൊടുക്കും, മേഘം.

മനുഷ്യരിലുമുണ്ട് ഇത്തരക്കാര്‍. അവര്‍ ഇരുന്ന ഇരുപ്പിലങ്ങനെ ഉണ്ടായാല്‍ മതി. ആട്ടും പാട്ടും ഒച്ചയും ബഹളവും….ഒന്നും വേണ്ട. കേവല സാനിദ്ധ്യം മതി. വണ്ടും പാറ്റയും തേനീച്ചയും പൂമ്പാറ്റയും അവിടെ എത്തിക്കൊളളും. കാര്യങ്ങളെല്ലാം വളരെ ഭംഗിയില്‍ നടക്കും. ഫീല്‍ഡുവര്‍ക്ക് അത്ര പോരാ എന്ന് പറഞ്ഞ് അത്തരക്കാരെ സ്ഥാനം മാറ്റി നോക്കിയാലറിയാം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. എന്നാല്‍ മറ്റു ചിലര്‍ ഈ ശ്രേഷ്ഠസ്ഥാനം വരിച്ചവരാകില്ല. അവര്‍ എത്ര പഴുത്താലും എത്ര കായ്ച്ചാലും ഓരീച്ചയും എത്തി നോക്കില്ല. തന്റെ കായും പൂവും കൊട്ടയില്‍ ഇറുത്തെടുത്ത് ആവശ്യക്കാരുടെ അടുത്തേക്ക് ഓടിയെത്തേണ്ടി വരും.

ഓര്‍മ്മിക്കുക ആദ്യം പറഞ്ഞ വിഭാഗം ഒരു ശതമാനമൊക്കയെ വരൂ. അവശേഷിച്ച തൊണ്ണൂറ്റി ഒമ്പതും ഒതുങ്ങി നില്‍ക്കേണ്ടവരല്ല. ഓടിപ്പോവേണ്ടവരാണ്. ഇപ്പോള്‍ നില കൊളളുന്ന ഇടം ചടഞ്ഞൊതുങ്ങലിന്റെതാണെങ്കില്‍ നിങ്ങള്‍ കാണുന്നവരെല്ലാം അങ്ങനെ ചടഞ്ഞൊതുങ്ങി സ്വയമൊതുങ്ങിപ്പോവുന്നുവെങ്കില്‍ നിങ്ങള്‍ സാധാരണക്ക് വിരുദ്ധമായ പുതിയ പാത തെരഞ്ഞു പിടിക്കേണ്ടതായി വരും. ആ പാതയായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റം ഉണ്ടാക്കുക. രണ്ട് വഴികള്‍ മുന്നില്‍ മുറിഞ്ഞ് കിടക്കവേ ഒന്ന് തൊങ്ങിപ്പഴകിയതും മറ്റേത് കാല്‍പെരുമാറ്റമില്ലാത്തതും ആയിരിക്കെ ആ രണ്ടാമത്തേതിനെ ധൈര്യപൂര്‍വ്വം പുല്‍കി ഉന്നതി കൈവരിച്ച റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ പലര്‍ക്കും സ്വന്തത്തെ വേരോടെ പറിച്ചെടുത്തോടാനുള്ള ശക്തി പകര്‍ന്നിട്ടുണ്ട്.

ആരേയും കാത്തിരുന്നിട്ട് കാര്യമില്ല. ചുറ്റുപാടുകളെ കുറ്റപ്പെടുത്തി സ്വയം സമാധാനിച്ചത് കൊണ്ടും കാര്യമില്ല. എടുത്തടിക്കും പോലുള്ള ചുവടുമാറ്റം, അതേ നടക്കൂ. ചുറ്റുപാടിനെ തള്ളിപ്പറഞ്ഞ് സായൂജ്യമടയാനും എന്നിട്ട് സ്വയം സുഖിക്കാനും എന്ത് രസമായിരിക്കും. ആരമ്പ നബി ആടുകളേയും കൂട്ടി മല കയറിപോവുന്ന കാര്യം പറയുന്നുണ്ട്. കാലഘട്ടം വളരെ മോശം. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കേട.് ‘എന്നാല്‍ പിന്നെ അങ്ങനെയങ്ങ് നാള്‍കഴിക്ക്, അല്ലാതെന്ത് ചെയ്യാനാ?’എന്നല്ല തിരുനബി (സ)പറഞ്ഞത്. ഏതാനും ആടുകളേയും കൂട്ടി ആരും കാണാത്ത ഒരു മലമുകളിലേക്ക് വെച്ചുപിടിക്കാന്‍. എന്നിട്ട് അവറ്റയെ മേയിച്ച,് ചോലയിലെ വെള്ളം കോരിക്കുടിച്ച,് കാട്ടുപഴങ്ങളും കാട്ടുകിഴങ്ങും പൊട്ടിച്ചു കഴിച്ച് ഇബാദത്തുമായി അങ്ങനെ കൂടുക. അങ്ങനെയൊരു കാലം വരുമെന്ന്. വല്‍ ഉസ്‌ലതുല്‍ ഔലാ ഇദാഫസദസ്സമന്‍, ഔ ഖാഫ മിന്‍ ഫിതനിന്‍ ബി ദീനിന്‍ മുബ്തലാ എന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദും (റ) പാടിയതും അതുതന്നെ.

ഇനി വലതുകൈ ശ്രദ്ധിക്ക.് ചൂണ്ടുവിരലൊഴിച്ച് നാല് വിരലുകളും മടക്കിപ്പിടി! ചൂണ്ടുവിരല്‍ ഇടതുനെഞ്ചിന്റെ മധ്യഭാഗത്തേക്ക് കൊണ്ട് വാ! തൊട്ടുപിടി. അമര്‍ത്ത്!! എന്നിട്ട് ചോദിക്ക,് ഞാനിപ്പോള്‍ നില്‍ക്കുന്ന ഈ ഇടം എന്നിലെ ഞാനിനെ പുറത്ത് കൊണ്ട് വരികയാണോ, അതോ ഇവിടം വെച്ച് യഥാര്‍ത്ഥ ഞാന്‍ കലങ്ങിപ്പോവുകയാണോ? ഇതിലും ഭേദപ്പെട്ട മഹാകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ തീര്‍ച്ചയായും എനിക്ക് കഴിയുമോ, അതോ എന്റെ എല്ലാറ്റിനും പറ്റിയ ഉചിതമായ സ്ഥലത്താണ് ഞാന്‍ ഉള്ളതെന്നോ? പറ്റിയ ഇടത്താണ് വന്നെത്തിയിരിക്കുന്നത് എന്നാണോ നിങ്ങളുടെ വിരലില്‍ തട്ടുന്ന മിടിപ്പിന്റെ സംഗീതമെങ്കില്‍ നിന്ന നില്‍പ് തുടര്‍ന്നോളൂ. അനുഗ്രഹത്തിന്റെ ഭാഷയില്‍ പറയട്ടെ, നിങ്ങള്‍ക്ക് നല്ലതു വരും! അല്ല ഞാനിതാ ഒന്നുമല്ലാതാവാന്‍ പോവുന്നു, എന്റെ ഉള്ളിലിതാ പ്രതിഭാത്വത്തിന്റെ അലകടല്‍ ശ്വാസംമുട്ടിയൊടുങ്ങുന്നു എന്നാണോ നിങ്ങളുടെ ഹൃദയമിടിപ്പിന്റെ അലര്‍ച്ചയെങ്കില്‍ മുന്‍പിന്‍ ആലോചനകളില്ലാതെ, കൃത്യമായ ലക്ഷ്യബോധത്തോടെ എല്ലാം ഇട്ടെറിഞ്ഞ് ഒരൊറ്റ ഓട്ടം വെച്ചു കൊട്.

റെഡി! വണ്‍…റ്റു….ത്രീ….സ്റ്റാര്‍ട്ട്….!!!

രണ്ടുതരം സമീപനങ്ങളെപ്പറ്റി ഉണര്‍ത്തുന്നുണ്ട് ഇബ്‌നുഅതാഇല്ലാഹിസ്സികന്ദരി(റ), അവിടുത്തെ അല്‍ഹികമില്‍. നമുക്കതിനെ തജര്‍റുദി, അസ്ബാബീ എന്നിങ്ങനെ സൗകര്യപൂര്‍വം പേരിട്ടുവിളിക്കാം. പരബന്ധങ്ങളില്‍ നിന്ന് ഏകനായി കഴിയുന്ന വിധത്തില്‍ അല്ലാഹു ജീവിതം നല്‍കിയ ചിലരുണ്ട്. അവര്‍ക്കതാണ് ഗുണം. അവര്‍ അതുവിട്ട് ഫീല്‍ഡ് തേടിയിറങ്ങുന്നത് സൗകര്യങ്ങളില്‍ നിന്നുള്ള കാലിടറിവീഴ്ചയാണ്. എന്നാല്‍ പരബന്ധങ്ങളില്‍ മുഴുകി ജീവിച്ച് സ്വര്‍ണം കൊയ്യുന്ന ജീവിതം നല്‍കപ്പെട്ട ചിലരുണ്ട്. അവര്‍ക്കതാണ് ഗുണം. അവര്‍ അവിടം വിട്ടോടുന്നത് ഗുപ്തമായ നീചമോഹമാണ്.

ഓര്‍ക്കേണ്ടത്, നില്‍പുസ്ഥലത്തെ സുഖമോ ദുഃഖമോ അവിടെ നില്‍ക്കുവാനോ വിട്ടോടുവാനോ ഉള്ള ചോദകം ആയിക്കൊള്ളണമെന്നില്ല എന്നതാണ്. ചിലപ്പോള്‍ കാര്യങ്ങള്‍ തിരിച്ചും മറിച്ചും ഒക്കെ വരും. ആറ്റുപുറം അലിഉസ്താദ് ഒരിടത്ത് സേവനം ചെയ്തുവരുന്നു. ഇടക്ക് ചില്ലറ കുശുകുശു. ഒരു പൊറുതിക്കേട്. വിട്ടാലോ എന്നൊരു തോന്നല്‍. സ്വയം തീരുമാനിക്കരുതല്ലോ? ഉടന്‍ ഉസ്താദുല്‍ അസാതീദ് ഒ കെ ഉസ്താദിന്റെ അടുത്തേക്കോടി. ”അവിടെ ചില അലോസരങ്ങള്‍.” മറുപടി: ”ഇപ്പോള്‍ അവിടെത്തന്നെ നില്‍ക്ക്.” കാലം കുറച്ചുകഴിഞ്ഞു. വീണ്ടും ശൈഖുനയുടെ സമീപം ചെന്നു.

”ഇപ്പോള്‍ അവിടെ എങ്ങനെ?”
”വളരെ സുഖം”
”ഉം, ഇപ്പം സ്ഥലം വിട്ടോ!”
ശൈഖുനാ ദര്‍സ് നടത്തുന്നു, ചാലിയത്ത്. ശമ്പളം മുന്നൂറ് രൂപ. ഉമ്മത്തൂരുകാര്‍ വരുന്നു. അവിടേക്ക് ക്ഷണിക്കാന്‍. എത്രയാ ശമ്പളം. അത്രയും അത്രയും അത്രയും പിന്നെ നൂറും, അഥവാ 1000! മറുപടി: ഞാന്‍ വരുന്നില്ല.

താജുല്‍ഉലമക്ക് ഉള്ളാളത്തൊരു വിരക്തി. വിട്ടാലോ എന്നൊരു തോന്നല്‍. വടകര മമ്മദ് ഹാജി തങ്ങള്‍ വരുന്നു. റൂമില്‍ നോക്കുമ്പോള്‍ കര്‍മശാസ്ത്രത്തിലെ സരളക്ലാസ്സിക് മുഗ്‌നി(മുഗ്‌നി മുഹ്താജ്- ആവശ്യക്കാരന്റെ സര്‍വൈശ്വര്യദായിനി). ഹോ, ഇവിടെ മുഗ്‌നിയുണ്ടല്ലോ. ഇനി എവിടെയും പോവണ്ട! പോയപൂതി നിന്നു! എന്തു മനസ്സിലായി?

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login