നിങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ട്!

നിങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ട്!

പറച്ചില് കേട്ടാല്‍ വിചാരിക്കും ഞാനിങ്ങനെ ആളുകളെയും കാത്തിരിക്കുകയാണെന്ന്!
”ഞാനൊരാളെ അങ്ങോട്ട് വിടുന്നുണ്ട് കേട്ടോ?”
ആ വാക്കുകളുടെ ടോണ്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? അതില്‍ ഒരധികാരഭാവം നിങ്ങള്‍ കാണുന്നില്ലേ? ജ്വല്ലറിയിലേക്കോ, ടെക്സ്റ്റയില്‍സിലേക്കോ ഒക്കെയാണ് ഈ വിളിച്ചുപറച്ചിലെങ്കില്‍ അതിനു പിന്നിലെ കമ്മീഷന്‍ താല്‍പര്യം നമുക്ക് മനസ്സിലാക്കാം.

ഇത്, എനിക്കെന്തിന്റെ കേടാ എന്നറിയില്ല. ഞാനാളെക്കിട്ടാതെ ഈച്ചയെയും ആട്ടി ഇങ്ങനെ ഇരിക്കുകയാണെന്നാണ് മാഷിന്റെ വിചാരം. എന്നിട്ട് ഇവനൊക്കെ തള്ളിവിടുന്ന ഓരോരുത്തരെ കിട്ടുമ്പോഴേക്ക് മതിമറന്നുപോവുമെന്നും. കേട്ടില്ലേ, ”ആളെ വിടുന്നുണ്ട് കേട്ടോ” എന്ന്! അതുകേട്ടതേ എനിക്കെന്റെ ഇറച്ചി പതച്ചു. എന്തെങ്കിലും ചിക്ലി കിട്ടുന്ന കാര്യമാണെങ്കില്‍ സാരമില്ല; അതുമില്ല!

ഷൗക്കത്തലി മാഷ് എന്താണ് ഫോണില്‍ വിളിച്ചു പറഞ്ഞതെന്ന് വെളിപ്പെടുത്തുന്നതിന്റെ മുമ്പ് നിങ്ങളോടൊരു കാര്യം ആരായാനുണ്ട്. നിങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കാര്യം, അന്യരുടെ നിര്‍ബന്ധത്തിന് വഴങ്ങി എപ്പോഴെങ്കിലും നിങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടോ?
ഇതെഴുതുന്നതോടെ ഞാനും മാഷും തമ്മിലുള്ള സൗഹൃദബന്ധം വഷളാകും; അതുറപ്പാ. ‘രിസാല’ മുറതെറ്റാതെ വായിക്കുകയും തളിരിലകളെപ്പറ്റി സഹപ്രവര്‍ത്തകരോട് വര്‍ണിച്ചു പറയുകയും അവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യുന്ന ആളാണ്, സമാദരണീയനായ ഷൗക്കത്തലി മാഷ്. സമ്മതിച്ചു. അയാള്‍ക്കെന്നോട് നല്ല മതിപ്പുണ്ടെന്നതും ശരി. പക്ഷേ, അതുണ്ടോ, ഇത്രക്ക് മൂത്ത് പോവല്‍?

പ്ലസ് ടു അധ്യാപകനാണ് ആ ഷൗക്കത്തലി. അവന്റെ സ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസെടുക്കാന്‍ കഴിഞ്ഞ കുറെ മാസക്കാലമായി അവന്‍ നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ക്ലാസെടുക്കാന്‍പോക്ക് ഇഷ്ടമല്ല. ഇഷ്ടമല്ല.. ഇഷ്ടമല്ല… എന്ന് എത്രയാവര്‍ത്തി പറഞ്ഞിട്ടും ഉടുമ്പു പിടിച്ചതുപോലുള്ള ഇവന്റെ ക്ഷണപ്പിടുത്തം വിടുന്നേയില്ല. ക്ഷമകെട്ട ഞാന്‍ ”നിനക്കു കാണിച്ചു തരാടാ…!” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് മനസില്ലാ മനസ്സോടെ ക്ലാസ്സേറ്റു. നിങ്ങള്‍ വിചാരിക്കും, കൂളായി ക്ലാസേല്‍ക്കുകയും അതിനേക്കാള്‍ കൂളായി പോവാതിരിക്കുകയോ അവസാനനിമിഷം വിളിച്ച് ക്യാന്‍സലാക്കുകയോ ചെയ്യലായിരിക്കും എന്റെ ഗൂഢപദ്ധതിയെന്ന്. നിങ്ങള്‍ക്കു തെറ്റി. അതൊരു ചീത്തയേര്‍പ്പാടാണ്. ക്ഷണിക്കും മുന്നേ പരിപാടി ഏല്‍ക്കുകയും അവസാന നിമിഷം വിളിച്ചു മുടക്കുകയോ വിളിച്ചാല്‍ ഫോണെടുക്കാതിരിക്കുകയോ ചെയ്യുക വഴി പോസ്റ്ററൊട്ടിച്ച് അനൗണ്‍സ് ചെയ്ത് സ്റ്റേജ് കെട്ടി കാത്തിരിക്കുന്ന സംഘാടകരുടെ കരള് കരിയുന്നത് ഹോബിയാക്കിയെടുക്കുന്ന ദുഷ്ടപ്രാസംഗികരെ നമ്മളെല്ലാം ഐക്യകണ്‌ഠേന വെറുത്തുപോരുകയാണല്ലോ. ക്ഷണിക്കപ്പെടാത്ത കുറവ് എന്നല്ലാതെ, ക്ഷണിച്ചിട്ട് ഏറ്റ ഒരു പരിപാടി ഒടുക്കം വിളിച്ചുമുടക്കിയ ഒരു ചരിത്രം തന്നെ എനിക്കില്ല; ഷൗക്കത്തലിയോട് ഞാനതു ചെയ്യുകയുമില്ല.

ഞാന്‍ ക്ലാസ് തുടങ്ങി. മോട്ടിവേഷന്‍ ക്ലാസ് എന്നതിലുപരി അതൊരു സൈക്കോളജി ക്ലാസായിരുന്നു. അതു സംബന്ധമായി എനിക്കറിയാവുന്ന സകല സംഗതികളും തട്ടിവിട്ട് സദസിനെ ഞെട്ടിക്കുക, ഷൗക്കത്തലിയോടും ഒപ്പം ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന കോളേജിലെ പ്രിന്‍സിപ്പാളിനോടുമുള്ള അരിശം തീര്‍ക്കുക, ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ക്ലാസിക് കണ്ടീഷനിംഗില്‍ തുടങ്ങി പാവ്‌ലോവ്, തൊണ്ടെയ്ക്ക്, സ്റ്റിമുലസ്, റസ്‌പോണ്‍സ്, എലി, പട്ടി, പ്രാവ്, കുരങ്ങ്, ബ്രൂണര്‍, മാസ്‌ലോ, ആഡ്‌ലര്‍, യുംഗ്, മള്‍ടിപ്പ്ള്‍ ഇന്റലിജന്‍സ്, ഡിഫന്‍സ് മെക്കാനിസം എന്നിവയിലൂടെ സോണ്‍ ഓഫ് ഫോക്‌സിമല്‍ ഡെവലപ്‌മെന്റ്‌സില്‍ എത്തിയതും ‘പ്ടും!’ കരണ്ട് പോയി. പതിനെട്ടാമത്തെ സ്ലൈഡില്‍ എത്തിയതും എന്റെ പവര്‍പോയിന്റ് കുളമായി. എന്നിട്ടും ഞാന്‍ വിട്ടില്ല. ഓര്‍മയില്‍ നിന്ന് തുരന്നെടുത്ത് സബ്‌കോണ്‍ഷ്യസ്, അണ്‍കോണ്‍ഷ്യസ്, ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നു വേണ്ട സിലബസില്‍ നിന്ന് എനിക്കറിയാവുന്ന സകല മണ്ണാങ്കട്ടകളും ഞാന്‍ മുറിച്ചിളക്കി.

വസ്തുത പറയാം: സംഗതി ക്ലിക്കായി. എല്ലാവര്‍ക്കും ക്ലാസ്സിഷ്ടപ്പെട്ടു. ക്ലാസ് ലീഡര്‍ വന്ന് വോട് ഓഫ് താങ്ക്‌സ് പൊട്ടിച്ചപ്പോഴാണ് ആ ഇഷ്ടത്തിന്റെ ആഴം എനിക്കു മനസ്സിലായത്. (ക്ലാസ് തുടങ്ങും മുമ്പേ മാഷന്മാര്‍ എഴുതിക്കൊടുത്ത നന്ദിവാചകങ്ങളാണ് കുട്ടികള്‍ കാണാപാഠം പഠിച്ച് പൊട്ടിക്കുക എന്നറിയാത്തവര്‍ ആരാണുള്ളത്)

അവിടുത്തെ ടീച്ചേഴ്‌സിനടങ്കലും ക്ലാസ് അത്രക്കങ്ങ് ഇഷ്ടപ്പെട്ടതായി തദവസരം ഷൗക്കത്ത് എനിക്ക് റിപ്പോര്‍ട് തരികയുണ്ടായി. അന്‍വര്‍ സാറിന്റെ ബൈക്കിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് രണ്ട് മാസം ലീവായിക്കിടന്നപ്പോഴാണ് സൈക്കോളജി എന്റെ തലയില്‍ വീണത്. ഫിലോസഫിയായിരുന്നു ഞാനെടുത്തുകൊണ്ടിരുന്നത്. ഒരു അധിക അലവന്‍സും അനുവദിക്കാതെ പോര്‍ഷന്‍ തീര്‍ക്കലിന്റെ അധികഭാരം നിര്‍ഭയം എന്റെ തലയിലിട്ട പ്രിന്‍സിപ്പല്‍ സാറേ, അങ്ങയോടുള്ള അരിശം ഞാനിതാ ക്ലാസെടുത്ത് തീര്‍ത്തിരിക്കുന്നു. നിങ്ങള്‍ക്ക് നന്ദി. പക്ഷേ പൊല്ലാപ്പ് തുടങ്ങുന്നതിവിടെ നിന്നാണ്. കേള്‍ക്ക്!

കുട്ടികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും അധ്യാപികമാര്‍ക്കും എന്റെ അവതരണം നല്ലോണം പിടിച്ചെന്ന് ഞാന്‍ വെളിപ്പെടുത്തിയല്ലോ. ഞാനാ ആനന്ദലഹരിയില്‍ ഒഴുകിക്കഴിയവേ ഉണ്ട് ഒരു ഫോണ്‍കോള്‍. ഒരു നമ്പറാണ് സ്‌ക്രീനില്‍ ബ്ലിങ്ക് ചെയ്യുന്നത്. ക്ലാസ് കഴിഞ്ഞിട്ട് അന്നേക്ക് കൃത്യം രണ്ടുദിവസം ആവുന്നതേയുള്ളൂ. അതേ സ്‌കൂളിലെ ഒരധ്യാപിക സല്‍മ അന്‍വറാണ് വിളിക്കുന്നത്. കാര്യം മറ്റൊന്നുമല്ല, അവളുടെ സഹോദരിയുടെ മകന്(അതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി) രാത്രി ഒട്ടും ഉറക്കം കിട്ടുന്നില്ലത്രേ! ്യൂഞാനെന്തെങ്കിലും ഒരു പരിഹാര ക്രിയ ചെയ്തു കൊടുക്കണമെന്ന്!
സുബ്ഹാന ജല്ല ജലാലുഹൂ!!!

ആ കേസ് എന്നിലേക്ക് തട്ടിയെത്തിച്ചതും ഈ ഷൗക്കത്തലിയുടെ പണിയായിരുന്നു. ഒരാളെപ്പറ്റി നല്ല മതിപ്പും അതിനൊത്ത ആദരവുമൊക്കെ വെച്ചുപുലര്‍ത്തുന്നത് നല്ലതുതന്നെ. വിരോധമില്ല. പക്ഷേ, അതുണ്ടോ ഇത്രക്കങ്ങ് അതിരുചാടല്‍?
”നാളെ വൈകുന്നേരം അവന്റെ ഉപ്പ അവനെയും കൂട്ടി നിങ്ങളുടെ വീട്ടിലേക്കുവരും.” എന്നും പറഞ്ഞ് ബോട്ടണിക്കാരി ഫോണ്‍ വെച്ചു. എന്റെ ഹൃദയമിടിപ്പ് ചെണ്ടകൊട്ടായി. നെറ്റി വിയര്‍ത്തുകുളിച്ചു.

ഓരോരുത്തര്‍ക്കിവിടെ ഉറങ്ങാന്‍ സമയം കിട്ടാത്ത കേട്. വേറെ ഓരോരുത്തര്‍ക്ക് ഉറക്കം വരാഞ്ഞിട്ട്. ഞാന്‍ ആരോടെന്നില്ലാതെ പ്രാകിപ്പറയാന്‍ തുടങ്ങി. അടുത്ത നിമിഷം ഞാനെന്റെ ചിന്തയെ മാറ്റിത്തുടങ്ങി. നമ്മള്‍ പറയുമ്പോലെയല്ല. ഓരോരുത്തരുടെ പ്രശ്‌നം. അതനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ അതിന്റെയൊരു മൂര്‍ച്ച! ഉറങ്ങാന്‍ കിടന്നിട്ട്, നട്ടപ്പാതിരയായിട്ടും, എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും, ഒരിറ്റ് ഉറക്കത്തിനായി മനസ്സ് വറ്റിവരണ്ടിട്ടും അത് കിട്ടാത്ത ഒരു പയ്യന്‍. ഹോ കഷ്ടം തന്നെ. ഞാന്‍ ക്രമേണ പ്രായോഗിക വാദിയായിത്തുടങ്ങി. ഇതെങ്ങനെ പരിഹരിക്കും എന്ന ചിന്തയില്‍ ഞാന്‍ മനസ്സുകൊണ്ട് വലയെറിഞ്ഞപ്പോള്‍ എനിക്ക് പല്ലിക്കഥ വിടര്‍ന്നുകിട്ടി. പണ്ഡിതസുഹൃത്തായ ഉബൈദ് അല്‍കാമിലിയാണ് അന്നൊരുനാള്‍ അക്കഥ പറഞ്ഞുതരുന്നത്.

ഒരു ചികിത്സാരിയുണ്ടായിരുന്നു. സമര്‍ത്ഥന്‍. ഒരിക്കലൊരു പെണ്ണ് വന്നു. ഭയങ്കരമായ നെഞ്ചുവേദന. എന്നുവെച്ചാല്‍ തൊണ്ടയുടെ കീഴറ്റത്തുനിന്ന് ഒരു പല്ലിയിറങ്ങിയിറങ്ങി നെഞ്ചിലൂടെ താഴെ വയറുവരെ എത്തുന്നത് പോലെ, കടുത്ത വേദന.
ഉടന്‍ അയാള്‍ ആകാശത്തേക്ക് നോക്കി ചൂണ്ടുവിരല്‍ കൊണ്ട് വായുവില്‍ വട്ടം വരച്ചു. പെട്ടെന്ന് തിരിച്ചു ചോദിച്ചു:
”ഒന്നല്ല, രണ്ട് പല്ലിയില്ലേ, ഇല്ലേ? ഒന്ന് താഴോട്ട് വരുമ്പോള്‍ മറ്റേത് അതുപോലെ മോളോട്ടും പോവുന്നില്ലേ.”
”അതെയതെ, ഉണ്ട്.” ഒട്ടും ആലോചിക്കാതെ അവള്‍ സമ്മതിച്ചു.
”മൂന്ന് ദിവസം കഴിഞ്ഞ് വാ”

ഒരല്‍പം ശതാവരിക്കിഴങ്ങുപൊടി പാലിലിട്ടിളക്കി അത് കുടിക്കാന്‍ കൊടുത്തു. അത് വയറ്റിലെത്തി മിനുട്ട് നാലര ആയതും അവള്‍ക്ക് അനിയന്ത്രിതമായ ഓക്കാനം വന്നു. അദ്ദേഹം ഒരു കോളാമ്പി നീട്ടി അതില്‍ ഛര്‍ദിക്കാന്‍ ആജ്ഞാപിച്ചു. ഗംഭീരമായ ഛര്‍ദിയുടെ ഉരുള്‍പൊട്ടല്‍ തന്നെയുണ്ടായി. തൊണ്ടയും വയറും ഒരല്‍പം ശാന്തമായപ്പോള്‍, അവരോട് തന്നെ അതെടുത്ത് അകലെ ഒഴിച്ചുകളയാന്‍ പറഞ്ഞു.
അവളാ കോളാമ്പി കമഴ്ത്തിയതും അതിലതാ ഉടുക്കാത്ത കുഞ്ഞുങ്ങളെപ്പോലെ രണ്ടു പല്ലികള്‍ ചത്തുമലര്‍ന്ന് കിടക്കുന്നു! എത്ര? ഒന്നല്ല, രണ്ട്.

ചികിത്സാരി ഇടപെട്ടു. ഞാന്‍ പറഞ്ഞില്ലേ പല്ലി രണ്ടെണ്ണമുണ്ടായിരുന്നു എന്ന്. അയാള്‍ രണ്ട് പല്ലികളെ ചൊട്ടിക്കൊന്ന് ആദ്യമേ അതിലിട്ടുവച്ചിരുന്നു. കാര്യമതൊന്നുമല്ല. അന്നുതൊട്ട് ആ സ്ത്രീക്ക് വേറെ മറ്റെവിടെയൊക്കെയോ വേദനയുണ്ടായിരുന്നുവെങ്കിലും ആ നെഞ്ചത്തുള്ള പല്ലിവേദന പിന്നെ ഉണ്ടായിട്ടില്ല.

ഞാന്‍ ആ കഥയുടെ പരിപ്പ് പിടിച്ചെടുത്തു. ഒരാളുടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മൂഢമായ ധാരണയെ അയാളെത്തന്നെ ബോധ്യപ്പെടുത്തുമാറ് തുടച്ചുകളയാനായാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുംഅതുമായി ബന്ധിച്ചുള്ള പരിഹാരക്രിയകള്‍ക്കായി എന്റെ മനസ് മേഞ്ഞു നടന്നു. ഒടുവില്‍ എനിക്ക് ഓര്‍മവന്നു. മൂന്നാല് മാസമായി എന്റെ ബുക്‌ഷെല്‍ഫില്‍ ഒരു മുഴപോലെ അത് കിടക്കുന്നു. ഉപ്പാന്റെ സുഹൃത്ത് ഗള്‍ഫ് നിര്‍ത്തി വന്നപ്പോള്‍ എനിക്ക് കൊണ്ടുതന്നതാണ്. കഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലമായി അബൂദാബി അല്‍ഫാറൂഖ് ഹോസ്പിറ്റലിലായിരുന്നു അവര്‍ക്ക് ജോലി. കാന്‍സലാക്കി വരുമ്പോള്‍ അത് കൂടെക്കൊണ്ടുവന്നതാണ്. അതെന്താണെന്ന് അടുത്ത ലക്കത്തില്‍.

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login