വാര്‍ത്തകള്‍ ഫാഷിസ്റ്റ്‌വത്ക്കരണകാലത്ത്

വാര്‍ത്തകള്‍ ഫാഷിസ്റ്റ്‌വത്ക്കരണകാലത്ത്

ജനങ്ങളുടെ നാവ്, ജനാധിപത്യത്തിന്റെ തൂണ് എന്നെല്ലാം പ്രശംസിക്കപ്പെടുന്ന മാധ്യമങ്ങള്‍ അധികാരത്തിന്റെ മാറ്റൊലികള്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വലിയൊരട്ടിമറിയാണ് സംഭവിക്കുന്നത്. കാരണം, ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ നിതാന്തമായ ജാഗ്രതയാണ്. ആ ജാഗ്രതയുടെ ജ്വാലയാണ് തീര്‍ച്ചയായും മാധ്യമങ്ങളിലൂടെ ആളിക്കത്തേണ്ടത്. എന്നാല്‍ ജനജാഗ്രതയുടെ ജ്വാല മാധ്യമങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവും ജനജീവിതത്തില്‍ അവ്വിധമുള്ള ജാഗ്രത വേണ്ടവിധം ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യവും ഒരേ സമയം പ്രസക്തമാണ്. ആ അര്‍ത്ഥത്തില്‍ ‘On Expressing An Opeion’ (അഭിപ്രായം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച്) എന്ന, തൊണ്ണൂറു വര്‍ഷം മുമ്പ് ലൂസണ്‍ ചൈനീസ് എന്ന കവി എഴുതിയ കവിതക്ക് സമകാലിക പ്രസക്തിയുണ്ട്.

ഒരു ജനതക്ക് ഐക്യരാഷ്ട്ര സഭ മുതല്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ വരെയുള്ള എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായമുണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. എന്തു സംഭവിച്ചാലും എനിക്കൊന്നുമില്ല എന്ന അലസത ജനാധിപത്യത്തിന് അപകടകരമാണ്. എന്തിനെക്കുറിച്ചും ചിന്തിക്കുന്ന, വിമര്‍ശനപരമായി ആലോചിക്കുന്ന ഒരു ജനതയെയാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ എന്തും വെട്ടിവിഴുങ്ങുന്ന, ആലോചിക്കാത്ത, അന്വേഷിക്കാത്ത, വിമര്‍ശിക്കാത്ത വാര്‍ത്തകള്‍ ഭക്ഷിക്കുന്ന ഒരു ഉപഭോക്തൃസമൂഹം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും വെല്ലുവിളിയാവും. ഈ കവിതയുടെ ചുരുക്കം ഇങ്ങനെയാണ്: ഒരു ക്ലാസില്‍ അധ്യാപകന്‍ തന്റെ കുട്ടികളോട് പറഞ്ഞു: ‘ഇന്നു ഞാന്‍ ഒരു പാഠവും എടുക്കുന്നില്ല.’ അപ്പോള്‍ കുട്ടികള്‍ക്ക് വലിയ ആഹ്ലാദമായി. എന്നാല്‍ എങ്ങനെയാണ് അഭിപ്രായം പ്രകടിപ്പിക്കുക എന്ന വിഷയത്തില്‍ ഒരു പ്രബന്ധമെഴുതാനാണ് പിന്നീട് അധ്യാപകന്‍ കുട്ടികളോട് ആവശ്യപ്പെട്ടത്. കുട്ടികളുടെ ആഹ്ലാദമെല്ലാം അടങ്ങി. ഇതിനെക്കാള്‍ നല്ലത് ക്ലാസായിരുന്നു എന്നവര്‍ ചിന്തിക്കാന്‍ തുടങ്ങി. പക്ഷേ പ്രബന്ധമെഴുതിയേ പറ്റൂ. എങ്ങനെ എഴുതും എന്ന് പിടികിട്ടാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് നിന്ന് അധ്യാപകനോടുതന്നെ ചോദിച്ചുവത്രേ; സര്‍, എങ്ങനെയാണ് ഒരഭിപ്രായം പ്രകടിപ്പിക്കുക? ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രബുദ്ധനായ മനുഷ്യന്‍ ഞാനെന്ത് അഭിപ്രായം പറയണമെന്നത് മറ്റൊരാളോട് ചോദിക്കുന്നത് ജനാധിപത്യം രോഗബാധിതമായിക്കഴിഞ്ഞു എന്നതിന്റെ അടയാളമാണ്. പക്ഷേ, ഇത് കുട്ടികളല്ലേ, ക്ലാസ്മുറിയല്ലേ, അതിനാല്‍ അവര്‍ക്ക് ഇളവുണ്ട്. എന്നാല്‍ മുതിര്‍ന്ന മനുഷ്യര്‍ എന്നും കുട്ടികളെപ്പോലെ മാധ്യമങ്ങള്‍ക്കു മുന്നിലും ഭരണകൂടത്തിനു മുന്നിലും അഭിപ്രായമില്ലാതെ നിസ്സഹായരായി നില്‍ക്കുന്നതിന് ഒരു ഇളവുമില്ല. അധ്യാപകന്‍ കുട്ടിയുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറയുന്നതിന് പകരം ഒരു കഥ പറയുകയാണുണ്ടായത്. കഥ എന്നു പറഞ്ഞാല്‍ കാര്യം കുറുകിക്കുറുകി ഉണ്ടാവുന്നതാണ്. അത് ജീവിതം തന്നെയാണ്. അതുകൊണ്ട് ഒരു പക്ഷേ കാര്യങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള വലിയൊരു കാര്യമാണ് കഥ. അധ്യാപകന്‍ പറഞ്ഞ കഥയുടെ ചുരുക്കം ഇങ്ങനെയാണ്:

ഒരു ചൈനീസ് ഗ്രാമത്തില്‍ സമ്പന്നനായ ഒരാള്‍ക്ക് കുഞ്ഞ് ജനിച്ചു. ആ നാട്ടിലെ ആചാരമനുസരിച്ച് കുഞ്ഞിനെക്കണ്ട് അഭിപ്രായം പറഞ്ഞ് അഭിനന്ദനം അര്‍പ്പിക്കുക എന്നൊരു രീതിയുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അഭിനന്ദനം അര്‍പ്പിക്കാനായി അയാളുടെ വീട്ടിലെത്തി. ഒന്നാമത് വന്നയാള്‍ കുഞ്ഞിനെ കാര്യമായൊന്ന് നോക്കി. അവസാനം ‘ഈ കുഞ്ഞ് നിങ്ങളേക്കാള്‍ സമ്പന്നനാവുമെന്ന്’ പറഞ്ഞു. വീട്ടുകാര്‍ക്കെല്ലാം സന്തോഷമായി. സമ്പന്നത ഇനിയും ഇരട്ടിക്കുമെന്ന പ്രവചനം കേട്ട് അവര്‍ അയാള്‍ക്ക് കുറെ സമ്മാനങ്ങള്‍ നല്‍കി. രണ്ടാമത് വന്നയാള്‍ എല്ലാ ഔപചാരികതകളും പാലിച്ച് കുഞ്ഞിനെ നോക്കിപ്പറഞ്ഞു: ‘ഈ കുഞ്ഞ് നിങ്ങളെക്കാള്‍ സമ്പന്നനാവും, കൂടാതെ വലിയ ഉദ്യോഗസ്ഥനുമാവും.” വീട്ടുകാരുടെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. അവര്‍ രണ്ടാമത്തെ ആള്‍ക്ക് കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കി. മൂന്നാമത് വന്നയാള്‍ക്ക് ഇത്തരം പതിവുകളിലൊന്നും വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. അയാള്‍ പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു: ‘ഈ കുഞ്ഞും മരിക്കും.’ ഈ കുഞ്ഞ് ഇപ്പോള്‍ മരിക്കും എന്നല്ല, എല്ലാവരും മരിക്കും എന്നപോലെ ഒരുനാള്‍ മരിക്കും എന്നാണ് അയാള്‍ അര്‍ത്ഥമാക്കിയത്. ആയാള്‍ക്ക് സമ്മാനമല്ല കിട്ടിയത്. പൊതിരെ അടിയാണ് കിട്ടിയത്. എന്നിട്ട് അധ്യാപകന്‍ ഇത്രകൂടി പറഞ്ഞു: ”ഒന്നാമത്തെയും രണ്ടാമത്തെയും ആളുകള്‍ പറഞ്ഞത് നുണയാവാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. എന്തുകൊണ്ടെന്നാല്‍ സമ്പന്നന്റെ വീട്ടില്‍ പിറന്നത് കൊണ്ട് കുഞ്ഞ് സമ്പന്നനാവണമെന്നില്ല. പാപ്പരാവാനുള്ള എല്ലാ സാധ്യതയുമുണ്ട്. മിനിമം ജയിലിലാവാനുള്ള സാധ്യതയെങ്കിലുമുണ്ട്. ഇനി ഉദ്യോഗസ്ഥനായാല്‍ തന്നെ ഏതെങ്കിലും അഴിമതിക്കേസില്‍ പെട്ട് തടവറയില്‍ പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സമ്പന്നനാവാം ആവാതിരിക്കാം. ഉദ്യോഗസ്ഥനാവാം ആവാതിരിക്കാം. അതുകൊണ്ട് ഒന്നാമത്തെയും രണ്ടാമത്തെയും ആളുകള്‍ പറഞ്ഞത് നുണയാവാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. എന്നാല്‍ മൂന്നാമത്തവന്‍ പറഞ്ഞത് ഉദ്യോഗസ്ഥനായാലും സമ്പന്നനായാലും ആയില്ലെങ്കിലും അനിവാര്യമായും സംഭവിക്കുന്ന സത്യമാണ്. തുടര്‍ന്ന് ”നുണയാവാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പറഞ്ഞവര്‍ക്ക് സമ്മാനം ലഭിച്ചപ്പോള്‍ അനിവാര്യമായും സംഭവിക്കുന്ന സത്യം പറഞ്ഞവര്‍ക്ക് മര്‍ദനമാണ് ലഭിച്ചത്” എന്ന് അധ്യാപകന്‍ പറഞ്ഞ് നിര്‍ത്തിയ ഉടനെത്തന്നെ ആ ക്ലാസിലെ മുഴുവന്‍ കുട്ടികളും എഴുന്നേറ്റ് നിന്ന്; സര്‍, ഞങ്ങള്‍ക്ക് സത്യം പറയണമെന്നുണ്ട്. ഞങ്ങളെന്തുചെയ്യണം എന്നു ചോദിച്ചുവത്രേ.

അധ്യാപകന്‍ പറഞ്ഞ ഈ കഥയില്‍ നിന്നാണ് നമുക്ക് ആരംഭിക്കാനുള്ളത്. അതായത് തല്ലുകൊണ്ടാലും ഞങ്ങള്‍ സത്യം പറയുമെന്ന് ഒരു രാജ്യത്തെ ജനതയില്‍ ഇരുപത് ശതമാനം തീരുമാനിച്ചിറങ്ങിയാല്‍ തീര്‍ച്ചയായും നമ്മുടെ അധികാരവും നമ്മുടെ മാധ്യമങ്ങളും അതിന്റെ വ്യാകരണം അനിവാര്യമായും തിരുത്തേണ്ടിവരും. അതല്ലാതെ നമ്മുടെ നാട്ടിലെ മാധ്യമങ്ങളോ അധികാരികളോ സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീബുദ്ധന് ബോധോദയമുണ്ടായതുപോലെ സെമിനാര്‍, പുസ്തകം, സംവാദം ഇതെല്ലാം കണ്ട് അവരുടെ അടിസ്ഥാന സ്വഭാവം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമായിരിക്കും. അതിനാല്‍ ജനാധിപത്യത്തില്‍ അഭിപ്രായങ്ങള്‍ ഉണ്ടായിത്തീരണം എന്നു മാത്രമല്ല, ആ അഭിപ്രായങ്ങള്‍ അനര്‍ത്ഥമാകാതെ ഭരണകൂടത്തെയും മാധ്യമങ്ങളെയും വിചാരണ ചെയ്യുന്ന വിധത്തിലേക്ക് വളരുകയും ചെയ്യണം.

ഇന്നുള്ള മാധ്യമങ്ങള്‍ പഴയ മാധ്യമങ്ങളുടെ തുടര്‍ച്ചയല്ല. അതായത് സ്വാതന്ത്ര്യസമര കാലം മുതല്‍ വളര്‍ന്നുവന്ന ഗാന്ധിയുടെ ‘Young India’യുടെയോ, കേസരി ബാലകൃഷ്ണപിള്ളയുടെ കേസരിയുടെയോ, സ്വദേശാഭിമാനിയുടെയോ ഒരു തുടര്‍ച്ചയല്ല. ദൈവം തെറ്റ് ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കാനുള്ള കരുത്ത് സ്വദേശാഭിമാനിക്കുണ്ടായിരുന്നു. എന്നാലിന്ന് ദൈവമല്ല, നമ്മുടെ നാട്ടിലെ ഒരു പ്രാദേശിക പണക്കാരനെക്കുറിച്ച് പോലും വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങളുടെ മുട്ട് വിറക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. മഹാത്മാഗാന്ധിക്കെതിരെ ഉത്തരേന്ത്യയിലെ ഒരു പത്രത്തിന് മുഖപ്രസംഗമെഴുതാന്‍ പറ്റും. എന്നാല്‍ ആ പ്രദേശത്തെ ഒരു വലിയ കോണ്‍ട്രാക്ടര്‍ക്കെതിരെ ഒരു വാര്‍ത്ത കൊടുക്കാന്‍ പ്രയാസമാണ്. ഗാന്ധിക്കെതിരെ മുഖപ്രസംഗമെഴുതുമ്പോള്‍ ആരെയും പേടിക്കാനില്ല. പക്ഷേ, ആ പ്രദേശത്തെ ഒരു കള്ളക്കടത്തുകാരനെതിരെ, ഒരു വ്യവസായിക്കെതിരെ, ഒരു ഗുണ്ടക്കെതിരെ ഒരു കോളമെഴുതുമ്പോള്‍ പേടിക്കാനുണ്ട്.

ജനാധിപത്യപ്രക്രിയയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ഏത് തരത്തിലാണ് ഇന്ന് നിര്‍വഹിക്കപ്പെടുന്നതെന്ന് പരിശോധിക്കുമ്പോള്‍ അത് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്നതായാണ് കാണാനാവുക. അബ്രഹാം ലിങ്കണ്‍ ജനാധിപത്യത്തെ ജനങ്ങളുടെ ഭരണവ്യവസ്ഥ എന്ന് വിശദീകരിച്ച സന്ദര്‍ഭത്തില്‍ തന്നെ കോര്‍പ്പറേറ്റുകളെക്കുറിച്ച് താക്കീത് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക്കിന്റെ സിംഹാസനത്തില്‍ കോര്‍പറേറ്റുകള്‍ കയറിയിരിക്കാന്‍ ആരംഭിച്ചിരിക്കുന്നു. അത് റിപ്പബ്ലിക്കുകളുടെ അന്ത്യം വരുത്തും എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് റിപ്പബ്ലിക്കും കോര്‍പറേറ്റും യോജിച്ചുകൊണ്ടുള്ള ഒരു പുതിയ സംവിധാനം രൂപപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പഴയ ജനാധിപത്യത്തിന്റെ നാലാം തൂണായാണ് എഡ്മണ്ട് ബര്‍ക്കിനെപ്പോലുള്ളവര്‍ മാധ്യമങ്ങളെ കണ്ടതെങ്കില്‍ ഇന്നത് കോര്‍പറോക്രസിയുടെ കൊമ്പായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതില്‍ നിന്നാണ് മാധ്യമവിചാരണ ആരംഭിക്കേണ്ടത്. തീര്‍ച്ചയായും കോര്‍പ്രോക്രസിക്കെതിരെ ജനാധിപത്യത്തിന്റെ പക്ഷത്തുനില്‍ക്കുന്ന മാധ്യമങ്ങളുണ്ട്. അതോടൊപ്പം കോര്‍പ്രോക്രസിയുടെ പക്ഷത്തുനില്‍ക്കുന്ന മാധ്യമങ്ങളുമുണ്ട്. പലതരത്തിലുള്ള മത്സരങ്ങളുടെയും ജനകീയ ഇടപെടലുകളുടെയും പശ്ചാതലത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കാനാവാത്ത സംഘര്‍ഷത്തില്‍ അകപ്പെട്ട മാധ്യമങ്ങളുമുണ്ട്. ഇത്തരം അകം സംഘര്‍ഷങ്ങള്‍ പലപ്പോഴും ജനാധിപത്യത്തിന് ഗുണകരവുമാണ്. വിവിധ മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവരുടെ മൂലധന താല്‍പര്യത്തെ മറികടന്നുകൊണ്ട് ചില യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കേണ്ടി വരും. പക്ഷേ, അങ്ങനെ നിര്‍വാഹമില്ലായ്മയില്‍ നിന്ന് പുറത്തുവരുന്ന യാഥാര്‍ത്ഥ്യങ്ങളെ സൗജന്യമായി സ്വീകരിക്കുകയല്ല ജനാധിപത്യം ചെയ്യേണ്ടത്. മറിച്ച് ഇത് അവരുടെ അവകാശങ്ങള്‍ മുന്നോട്ട് വെക്കുകയാണ് എന്ന സമീപനമാണ് പുലര്‍ത്തേണ്ടത്. ആ അര്‍ത്ഥത്തില്‍ മാധ്യമങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഇന്ന് ഇന്ത്യന്‍ പശ്ചാതലത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് സത്യത്തില്‍ വളരെ അപകടകരമായ നവഫാഷിസ്റ്റ് ഇടപെടലുകളാണ്. അതിന് പ്രധാനമായും അവര്‍ തെരഞ്ഞെടുത്തിട്ടുള്ളത് ചരിത്രമാണ്. നമ്മുടെ വിദ്യാഭ്യാസരംഗത്ത് വലിയ അട്ടിമറി നടന്നുകൊണ്ടിരിക്കുന്നു എന്നും ഈ അട്ടിമറി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനത്തെ മാത്രമല്ല, അതിന്റെ ഭാവിയെക്കൂടി അപകടത്തിലാക്കുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മാധ്യമങ്ങളില്‍ ഇത് സംബന്ധമായി ചില വാര്‍ത്തകള്‍ മാത്രമാണ് വരുന്നത്. അതിലുപരിയായി മാധ്യമങ്ങള്‍ തങ്ങളുടെതായ വീക്ഷണങ്ങളും മുന്നോട്ടുവെക്കേണ്ടതുണ്ട്. പ്രാഥമികമായ ജനാധിപത്യത്തിന്റെ പശ്ചാതലത്തില്‍ വാര്‍ത്തകള്‍, വസ്തുതകള്‍, വിവരങ്ങള്‍ എന്നൊരു കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍ പരിമിതപ്പെട്ടെങ്കില്‍ ഇന്ന് ജനാധിപത്യത്തോട് ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ മറ്റൊരു ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. ഈ അട്ടിമറി എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുള്ള അന്വേഷണമാണത്.

ചരിത്രത്തെക്കുറിച്ച് അന്റോണിയോ ഗ്രാംഷി തടവറയില്‍ നിന്ന് മൂത്ത മകന്‍ സീലിയോവിന് അയച്ച കത്തില്‍ ”നിനക്ക് ചരിത്രം ഇഷ്ടമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടെന്നാല്‍ അത് ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ളതാണല്ലോ.” എന്ന് പറയുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചരിത്രം നമ്മുടെ ജനാധിപത്യജീവിതത്തിന്റെ ചൈതന്യമാണ്. ആ വീക്ഷണപ്രകാരം ചരിത്രത്തില്‍ നടക്കുന്ന അട്ടിമറിയുടെ ഭാഗമായി അറുനൂറ്റി എഴുപത് ജില്ലകളില്‍ ജനവിരുദ്ധമായി പ്രാദേശിക ചരിത്രരചനക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത് സംഭവിച്ച പെരുമാള്‍ മുരുഗന്റെ സാംസ്‌കാരിക രക്തസാക്ഷിത്വത്തിന്റെ പിന്നില്‍ വെറും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം മാത്രമല്ല, ചരിത്രം അട്ടിമറിക്കുന്ന ഒരു പ്രശ്‌നം കൂടിയുണ്ട്. കാരണം പെരുമാള്‍ മുരുഗന്‍ തമിഴ്‌നാട്ടിലെ ഈറോഡ്, നാമക്കല്‍, തിരുച്ചി എല്ലാം അടങ്ങിയ കൊമ്പുദേശത്തിന്റെ ചരിത്രമാണ് തന്റെ നോവലിലൂടെ, തന്റെ ഡിക്ഷ്ണറിയിലൂടെ വെളിപ്പെടുത്തുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍; ‘കൊമ്പുവട്ടാര അകാരദിച്ചൊല്‍’ എന്ന കൊമ്പു ദേശത്തിന്റെ പ്രാദേശിക മൊഴികള്‍ ഉള്‍പെടുന്ന ഡിക്ഷ്ണറിയും മാതരു ഭാഗന്‍ എന്ന നോവലും സാധ്യമാക്കുന്ന ജനകീയ കീഴാള ബദല്‍ ചരിത്രം അട്ടിമറിക്കാനുള്ള ഒരു ആസൂത്രിതമായ അജണ്ടയാണ് ഫാഷിസ്റ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. അതിന്റെ ഭാഗമെന്നോണമാണ് പെരുമാള്‍ മുരുഗന് സാംസ്‌കാരികമായ രക്തസാക്ഷിത്വത്തിലേക്ക് തന്റെ ജീവിതം സമര്‍പ്പിക്കേണ്ടിവന്നത്.

ചരിത്രം പല രീതിയില്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, നാളിതുവരെയുള്ള ഇന്ത്യന്‍ പശ്ചാതലത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു ജനതയുടെ ഭാവികൂടി ആക്രമിക്കപ്പെടുന്ന ഈ കാലത്ത് മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ട വീക്ഷണസംബന്ധമായ വലിയൊരു ഉത്തരവാദിത്വമുണ്ട്. അത് വെറും പത്രങ്ങള്‍ എന്ന അര്‍ത്ഥത്തിലല്ല. പത്രം, റേഡിയോ, ടെലിവിഷന്‍, സൈബര്‍ സ്‌പേസ്, പുസ്തകം, സിനിമ, നാടകം എന്നിവ ഉള്‍പെടെയുള്ള വിശാല മാധ്യമ അര്‍ത്ഥത്തില്‍ അവര്‍ ഏറ്റെടുക്കേണ്ട വലിയൊരു കര്‍ത്തവ്യമാണത്. 2014ലെ നവ ഫാസിസ്റ്റ് അധികാര ആരോഹണത്തിനു ശേഷം എങ്ങനെയാണ് ഇന്ത്യന്‍ യൂണിയനില്‍ അതിന്റെ ജനാധിപത്യ, മതനിരപേക്ഷ വര്‍ത്തമാനം സാധ്യമാകുന്നതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. രാജസ്ഥാനിലെ അള്‍വാറില്‍ 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള 223 കോടി ചെലവഴിച്ച് 2015ല്‍ ഉദ്ഘാടനം നടത്താന്‍പോവുന്ന ഒരു ഫ്‌ളൈ ഓവറിന്റെ മേല്‍ ‘ദേശീയവാദിയായ ഗോഡ്‌സെ പാലം’ എന്നെഴുതിവെക്കുമ്പോള്‍ അത് വെറുമൊരു വാര്‍ത്തയുടെ വിഷയമല്ല. ദേശീയവാദിയായ ഗോഡ്‌സെ പാലം എന്നെഴുതിവെക്കുമ്പോള്‍ അത് ഇന്ത്യന്‍ മതനിരപേക്ഷ ചരിത്രത്തെ അട്ടിമറിക്കുന്ന വളരെ അപകടകരമായ ഒരു പ്രവണതയാണ്. ആ വാര്‍ത്ത ഇങ്ങനെ ഒരു ബോര്‍ഡ് വന്നുവെന്നും ജനങ്ങള്‍ ഇടപെട്ട് ആ ബോര്‍ഡ് എടുത്തുമാറ്റി എന്നും റിപ്പോര്‍ട്ടുചെയ്താല്‍ അത് ഫാഷിസ്റ്റ്‌വത്കരണത്തിന് മുമ്പുള്ള ഒരു റിപ്പോര്‍ട്ടിംഗ് രീതിയേ ആവൂ. എന്നാല്‍ ഫാഷിസ്റ്റ് വത്കരണം നടന്നൊരു കാലത്ത് ആ റിപ്പോര്‍ട്ടിംഗ് പോരാ. എന്തുകൊണ്ടെന്നാല്‍, മഹാത്മജിയെ കൊന്ന തീവ്ര ഹിന്ദുത്വവാദിയായ ഗോഡ്‌സെക്ക് വീരപരിവേഷം നല്‍കുന്ന പ്രവണത തിരിച്ചറിഞ്ഞുകൊണ്ട് അത് പ്രതിരോധിക്കുക എന്നൊരു ദൗത്യം കൂടി പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം ഏറ്റെടുക്കണം.

ദീനാനാദ്ഭദ്ര പറഞ്ഞു എന്നൊരു വാര്‍ത്ത കൊടുക്കുമ്പോള്‍ വാര്‍ത്ത കൊടുക്കാനുള്ള പാകത്തില്‍ ദീനാനാദ്ഭദ്ര എങ്ങനെയാണ് അതിന് അര്‍ഹത നേടിയത് എന്ന് മാധ്യമങ്ങള്‍ ആദ്യം അന്വേഷിക്കണം. നാളിതുവരെ കേട്ടിട്ടില്ലാത്ത, ആകസ്മികമായോ അനാകസ്മികമായോ ഒരു ധൈഷണിക സംഭാവനയും നിര്‍വഹിച്ചിട്ടില്ലാത്ത ദീനാനാദ്ഭദ്ര ഇന്ത്യന്‍ വിദ്യാഭ്യാസ നയതീരുമാനങ്ങളുടെ നേതൃത്വമായി 2015-ല്‍ എങ്ങനെ മാറി, ആരു മാറ്റി എന്ന് അന്വേഷിക്കണം. ഉത്തരേന്ത്യയിലെ മനുഷ്യര്‍ അനുദിനം പറഞ്ഞുകൊണ്ടിരിക്കുന്ന ദോസ്ത്, മൊഹല്ലാ തുടങ്ങിയ വാക്കുകള്‍ വിദ്യാഭ്യാസ സംബന്ധമായി ഉപയോഗിക്കാന്‍ പാടില്ല എന്ന് ദീനാനാദ്ഭദ്ര പറയുമ്പോള്‍ അത് വെറുമൊരു വാര്‍ത്തയല്ല. അതിലൊരു വീക്ഷണമുണ്ട്. ഇന്ത്യ രൂപപ്പെട്ടുവന്ന കൊടുക്കല്‍ വാങ്ങലുകള്‍, ഒന്നിച്ചു ചേരലുകള്‍ എന്നിവയെ തമസ്‌കരിച്ച് ഏക ഉറവിടം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണത്. അതെങ്ങനെയാണ് സാധ്യമാകുന്നത്? സര്‍വ ഭാഷകളും ഒന്നിച്ച് ചേര്‍ന്നുണ്ടായതാണ്. മലയാളം എന്ന ഭാഷ തന്നെ വെറും ശുദ്ധ മലയാളമല്ല. നമ്മള്‍ പറയുന്ന റൊട്ടി പോര്‍ച്ചുഗീസ് വാക്കാണ്. നമ്മുടെ റവന്യൂവുമായി ബന്ധപ്പെട്ട തൊണ്ണൂറു ശതമാനവും പേര്‍ഷ്യന്‍- അറബി വാക്കുകളാണ്. ഹിന്ദി, തമിഴ്, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകളും മലയാളത്തില്‍ കലര്‍ന്നിട്ടുണ്ട്. ചില ദലിത് ഭാഷാപഠനങ്ങളില്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട മലയാളത്തിലെ വാക്കുകള്‍ പാലിയുമായും അധികാരവുമായി ബന്ധപ്പെട്ട മലയാളത്തിലെ പല പദങ്ങളും സംസ്‌കൃതവുമായാണ് കടപ്പെട്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. കലര്‍പ്പിന്റെ കലയാണ് നമ്മുടെ ജീവിതം. എന്നാല്‍ ദീനാനാദ്ഭദ്ര പറയുന്നത് മേല്‍പറഞ്ഞതു പോലുള്ള വാക്കുകള്‍ ഉറുദുവുമായി ചേര്‍ന്നാണ് ഇരിക്കുന്നത്; അത് വിദ്യാഭ്യാസ രംഗത്ത് പാടില്ല എന്നാണ്. ബ്രൗണിംഗിനെപ്പോലുള്ള കവികള്‍ പറഞ്ഞത് രണ്ടുവാക്കുകള്‍ കൂടിച്ചേരുമ്പോള്‍ മൂന്നാമതൊരു വാക്കല്ല, നമ്മുടെ തലമുകളില്‍ വിസ്മയത്തിന്റെ നക്ഷത്രങ്ങള്‍ വിടരുന്നു എന്നാണ്. എന്നാല്‍ ഭാഷയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ഇന്ത്യന്‍ പശ്ചാതലത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എത്രയോ കാലത്തെ കൊടുക്കല്‍ വാങ്ങലിലൂടെ ഏതാണ് അടിസ്ഥാനമെന്ന് തിരിച്ചറിയാത്ത വാക്കുകളെ വിചാരണ ചെയ്യുകയാണ് ഇപ്പോള്‍. ചില വാക്കുകള്‍ എടുത്തുമാറ്റണമെന്ന് ആരോ പറഞ്ഞുവെന്ന പെട്ടിക്കൂട് വാര്‍ത്തയല്ല അത്.

നവ ഫാഷിസ്റ്റ്‌വത്കരണകാലത്തെ മാധ്യമപ്രവര്‍ത്തനമെന്ന് പറയുന്നത് ഫാഷിസ്റ്റ്‌വത്കരണത്തിന് മുമ്പുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ വെറും തുടര്‍ച്ചയായിരിക്കാന്‍ പാടില്ല. ഓരോ കാലത്തെയും മാധ്യമങ്ങള്‍ അതാത് കാലത്തിന്റെ സമൂര്‍ത്തമായ അവസ്ഥകളോട് സൂക്ഷ്മമായും സമഗ്രമായും സംവദിക്കാന്‍ പ്രാപ്തമാവണം. ആ അര്‍ത്ഥത്തില്‍ 2015ലെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ എത്രയെണ്ണം ഈ ധീരത പുലര്‍ത്തുന്നുണ്ട്.

ഇന്ത്യയില്‍ ചരിത്രം അട്ടിമറിക്കപ്പെടുകൊണ്ടിരിക്കുകയാണ്. 1980-കളില്‍ ഗുജറാതിലെ പാഠപുസ്തകങ്ങളില്‍ വരുത്തിയ തിരുത്തലുകളില്‍ കൂടിയാണ് 2002-ലെ വംശഹത്യയിലേക്ക് കാര്യങ്ങളെത്തിയതെന്ന് റൊമില ഥാപര്‍ വസ്തുതകള്‍ വെച്ച് വിശകലനം ചെയ്തിട്ടുണ്ട്. അതായത് ഒരു ജനതയുടെ പാഠപുസ്തകം തിരുത്തുമ്പോള്‍ ഒരു തലമുറയുടെ കാഴ്ചപ്പാടാണ് തിരുത്തപ്പെടുന്നത്. ഈ അര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വര്‍ത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്നത് കഴിഞ്ഞ കാലത്ത് നടന്നതിന്റെ വെറും തുടര്‍ച്ചയല്ല. വളരെ അപകടകരങ്ങളായ സംഭവങ്ങളാണ്. ഇത് യഥാര്‍ത്ഥത്തില്‍ കൊണ്ടുവരാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് എത്രമാത്രം കഴിയുന്നുണ്ട്? ഫാസിസ്റ്റുകള്‍ക്ക് അധികാരം കിട്ടുമ്പോള്‍ വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ അവര്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍ മാറ്റിയെഴുതുമെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ നിരീക്ഷിക്കുന്നുണ്ട്. അതായത് ഒരു ജനതയുടെ ചരിത്രമാകെ അവര്‍ തിരുത്തി എഴുതും. പരിണിതികള്‍ വര്‍ത്തമാനത്തില്‍ തീരാത്തയത്ര അപകടകരമായ അവസ്ഥയിലേക്ക് അത് ജനാധിപത്യത്തെ നയിക്കും. വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുമ്പോഴും ഇന്ത്യ നിലനില്‍ക്കണമെന്ന തീവ്രമായ ആഗ്രഹത്തില്‍ മാധ്യമങ്ങള്‍ കുറെകൂടി ജാഗ്രതയോടെ നമ്മുടെ ചരിത്രഘട്ടത്തെ സമീപിക്കേണ്ടിയിരിക്കുന്നു.

തയാറാക്കിയത്: മുബശ്ശിര്‍ മുഹമ്മദ്

You must be logged in to post a comment Login