കാലം കൂടുതല്‍ കരുതല്‍ ആവശ്യപ്പെടുന്നു

കാലം കൂടുതല്‍  കരുതല്‍ ആവശ്യപ്പെടുന്നു

ലോകാവസാനം കെട്ടുകഥയാണെന്ന് പുഛിച്ചിരുന്നവരുണ്ടായിരുന്നു പണ്ട്. ഇപ്പോള്‍ സ്ഥിതി മാറി; ആഗോളതാപനം ഭൂമിയുടെ അന്ത്യത്തിലേക്കുള്ള പ്രയാണമാണെന്ന് സമര്‍ത്ഥിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പണ്ട് കാലത്തൊക്കെ ഋതുഭേദങ്ങള്‍ കൃത്യമായിരുന്നു. എന്നാലിപ്പോള്‍ കാലം ചാക്രിക(ര്യരഹശരമഹ)രൂപത്തില്‍ നിന്നും രേഖീയ(ഹശിശലൃ)ഭാവത്തിലേക്ക് മാറിയതായിട്ടാണ് കാണാനാവുന്നത്. എന്നിട്ടും ഇതേക്കുറിച്ചൊക്കെയുള്ള വിചിന്തനങ്ങളും അതനുസൃതമായ ജീവിതാവബോധങ്ങളും കൂടുതലായിട്ടൊന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ല

കാലം മുറതെറ്റിയതിന്റെ ദുരിതഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായ ജീവിതരീതികളും ശീലങ്ങളും ഒഴിവാക്കാന്‍ നമ്മള്‍ തയാറല്ല. അതിലൊന്നാണ് മലയാളിയുടെ അമിതവ്യയം. അത്യാവശ്യം മഴയൊക്കെ ലഭിക്കുന്ന, കുറെ ജലാശയങ്ങളുള്ള ഭൂപ്രകൃതിയായതുകൊണ്ടാകാം വെള്ളം വിനിയോഗിക്കുമ്പോള്‍ മലയാളിക്ക് ഒരു നിയന്ത്രണവുമില്ല. കേരളം വിട്ട് ജലദൗര്‍ബല്യം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ എത്തിയാല്‍ മലയാളി കേരളത്തിലേതുപോലെ ത്തന്നെ വെള്ളം കണക്കിലേറെ എടുക്കും. നമുക്കത് ശീലമായി. അറബ് നാടുകളിലൊക്കെ മലയാളികളെക്കുറിച്ച് അങ്ങനെ ഒരാക്ഷേപം കേള്‍ക്കാറുണ്ട്.

ഇന്നത്തെ കാലത്ത് എല്ലായിടങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവുണ്ട്. ”വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിപ്പാനില്ലത്ര” സാമുവല്‍ കോളറെഡ്ജിന്റെ ഈ വാക്കുകള്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നല്ലോ. ഓരോ പഠനങ്ങളും വ്യക്തമാക്കുന്നതുമിതുതന്നെയാണ്. ഗ്ലേസിയറുകളും മഞ്ഞുമലകളുമൊക്കെ ഉരുകി ഒലിക്കുന്നു. ഭൗമോപരിതലത്തിലെ ശുദ്ധജലസ്രോതസ്സുകളാണ് താപനിലകൂടുമ്പോള്‍ ഉരുകി ഇല്ലാതാകുന്നത്. സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയാകട്ടെ, മാലിദ്വീപ് പോലെയുള്ള രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അവയൊക്കെ കടലെടുത്തുപോവുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. അവരുടെ മന്ത്രിസഭ ഒരിക്കല്‍ കടലിന്നടിയില്‍ യോഗം ചേര്‍ന്നത് വാര്‍ത്തയായിരുന്നു. അത് ഈ ഗൗരവ വിഷയം ലോകത്തെ ധരിപ്പിക്കാനായിരുന്നു.

നാം ജലസംരക്ഷണത്തെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ട സന്ദര്‍ഭം ഇതാണ്. കരുതലോടെ ജീവിക്കുക എന്നത് പുതുതായി വികസിപ്പിച്ചെടുത്ത ഒരു തിയറിയല്ല. തഖ്‌വ എന്ന് ഇസ്‌ലാമില്‍ പറയുന്ന ജീവിതരീതിയാണത്. ജീവിതത്തിലൊന്നാകെ ഈ കരുതല്‍ ആവശ്യപ്പെടുന്ന ഇസ്‌ലാമില്‍ വെള്ളത്തിന്റെ കാര്യത്തിലും ഈ കരുതല്‍ നന്നായുണ്ട്. കടല്‍വെള്ളമാണുപയോഗിക്കുന്നതെങ്കില്‍ പോലും ഈ കരുതല്‍ ജീവിതത്തിന്ന് ഇസ്‌ലാം അവധി നല്‍കുന്നില്ല.

രാജസ്ഥാനിലൊക്കെ ചെന്നാല്‍ എല്ലാ പ്രഭാതകൃത്യങ്ങള്‍ക്കും കൂടി ഒരു കപ്പ് വെള്ളമേ കിട്ടൂ. അതുകൊണ്ടവര്‍ എല്ലാം ചെയ്തുതീര്‍ത്ത് അവസാനം കാലിന്മേല്‍കൂടി വെള്ളം ഒഴിച്ച് വൃത്തി ഉറപ്പുവരുത്തുമത്രേ. ഇതൊക്കെ നമുക്ക് പുതിയ പാഠങ്ങള്‍ നല്‍കേണ്ടതായിരുന്നു. പക്ഷേ, നാം പുതുതായൊന്നും പഠിക്കുന്നില്ല. അംഗശുദ്ധിക്ക് കിണ്ടി ഉപയോഗിക്കുന്നത് നന്ന്. ടാപ്പില്‍ നിന്ന് കൈവിട്ട് പോവുന്ന വെള്ളം ഇതിലൂടെ കരുതിവെക്കാം. കുളിക്കുന്നതും അംഗശുദ്ധിയെടുക്കുന്നതുമൊക്കെ വെള്ളം ആവശ്യമുള്ള കൃഷിയിടങ്ങളിലും മറ്റുമായാല്‍ ഒഴിഞ്ഞുപോവുന്ന വെള്ളം വെറുതെയാവില്ല.

ഭക്ഷണം കഴിക്കുന്നിടത്തും വേണം വെള്ളത്തിനുവേണ്ടിയുള്ള കരുതലുകള്‍. മാംസാഹാരങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവ ശരീരോഷ്ണം വര്‍ദ്ധിപ്പിക്കും. പതിവില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടിവരും. കൂടുതലായി വിയര്‍ക്കും. കുളിക്കേണ്ടിവരും. കുറെ വെള്ളം അങ്ങനെ പോകും. മാത്രമല്ല, മാംസമൊക്കെ പാചകം ചെയ്യുന്ന പാത്രങ്ങള്‍ കഴുകാന്‍ പതിവില്‍ക്കവിഞ്ഞ് വെള്ളമുപയോഗിക്കേണ്ടതായി വരും. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും ധാരാളമായി ഉള്‍പെടുത്തുക. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലുപയോഗിക്കുന്നതിലൂടെ വെള്ളം കുടിക്കാതെതന്നെ നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ കഴിയും.

അതുപോലെത്തന്നെ, ശാസ്ത്രീയമായ അഴുക്കുചാല്‍ സംവിധാനങ്ങള്‍ക്ക് വഴികാണേണ്ടതുണ്ട്. എങ്കിലേ ജലസംഭരണം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. അതി പുരാതനകാലം മുതല്‍തന്നെ ഡ്രൈനേജ് സംവിധാനം വളരെ ആസൂത്രിതമായി ചെയ്തിരുന്നു. മോഹന്‍ജദാരോയുടെ ചരിത്രത്തിലൊക്കെ അതുണ്ട്. മലേഷ്യയിലും സിങ്കപ്പുരിലുമൊക്കെ ഇന്ന് സമാനരീതികള്‍ കാണുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ അങ്ങനെയൊരു സംവിധാനം കാണുന്നില്ല. വെള്ളവും മാലിന്യങ്ങളും ഒഴുകിപ്പോവാനുള്ള അഴുക്കുചാലുകള്‍ ഉണ്ടാക്കാതെയാണ് പലപ്പോഴും ഇവിടെ റോഡുകളുണ്ടാക്കുന്നത്. ഉണ്ടാക്കുകയാണെങ്കില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വിധം അശാസ്ത്രീയമായാണ് അവ നിര്‍മിക്കുക. ശാസ്ത്രീയമായ അഴുക്കുചാലുകള്‍ ഉണ്ടെങ്കില്‍ തന്നെ അത് മാലിന്യങ്ങള്‍ കൊണ്ടിട്ട് അശാസ്ത്രീയമാക്കുകയാണ് മലയാളികള്‍.

കേരളത്തിലെ 90ശതമാനത്തിലധികം ജലാശയങ്ങളും മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഇ-കൊളെയ്ന്‍ എന്ന വിഷാംശം വ്യാപകമായി കിണറുകളില്‍ വരെ കാണപ്പെടുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. വീട്ടില്‍ ഒഴിവാക്കേണ്ട വല്ലതുമുണ്ടെങ്കില്‍ അതുകൊണ്ടുപോയി ഇടാനുള്ള കുപ്പയാണ് മലയാളിക്ക് പുഴകള്‍. പെരിയാറിന്റെ തീരത്ത് മാത്രം 250 വ്യവസായശാലകളുണ്ട്. അതില്‍ നിന്നൊക്കെ മാരകമായ വിഷം ഒഴുകുന്നത് പെരിയാറിലേക്കാണ്.

ആമസോണ്‍ കാടുകളിലെ കയ്യേറ്റം മൂലം ഏകദേശം രണ്ടായിരം സ്പീഷ്യസ് എങ്കിലും നശിച്ചുകഴിഞ്ഞിട്ടുണ്ടാവും. അത്രക്കൊന്നുമില്ലെങ്കിലും നമ്മുടെ സൈലന്റ് വാലിയിലും നൂറുക്കണക്കിന് ജീവവംശങ്ങളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. എടുത്തുപറയേണ്ടതാണ്, കടലാസിന്റെ കാര്യം. അതുപയോഗിക്കുമ്പോള്‍ ശ്രദ്ധവേണം. എത്രത്തോളം കടലാസ് ഉപയോഗം കുറക്കുന്നുവോ, അത്രയും മരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.

പ്ലാസ്റ്റിക്ക് മാലിന്യങ്ങളെപ്പോലെത്തന്നെ ഡിസ്‌പോസിബ്ള്‍ മാലിന്യങ്ങളും പലവിധത്തില്‍ അപകടകാരികളാണ്. ഈയടുത്ത് നമ്മുടെ സംസ്ഥാനത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി ഒരു പത്രപ്പരസ്യം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ സ്റ്റീല്‍ പാത്രങ്ങളിലും ചിരട്ടകളിലുമൊക്കെ വെള്ളം കുടിക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു അതില്‍. ഡിസ്‌പോസിബ്ള്‍ ഗ്ലാസും പാത്രങ്ങളുമുപയോഗിക്കാത്ത ലോകത്തിലെ ആദ്യത്തെ ഗെയിംസായി അത് മാറി. സമ്മേളനങ്ങളിലൊക്കെ നാം സീറോ വേസ്റ്റ് സംവിധാനം ഒരുക്കിത്തുടങ്ങി. കല്യാണവീടുകളില്‍ നിന്നൊക്കെ ഇത്തരം മാലിന്യങ്ങള്‍ വന്‍തോതിലാണ് പുറംതള്ളപ്പെടുന്നത്. ഒരു തളികയില്‍ നിന്ന് കുറേപേര്‍ ഭക്ഷണം കഴിക്കുന്ന നബിചര്യ അവലംബിച്ചാല്‍ ഡിസ്‌പോസിബ്ള്‍ പാത്രങ്ങളുടെ ഉപയോഗം കുറക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വൈദ്യുതിയുടെ ഉപയോഗമാണ്. തുര്‍ക്കിയില്‍ ചെന്നപ്പോള്‍ ഒരു സ്ഥലത്ത് നിറയെ സെന്‍സര്‍ ലൈറ്റുകള്‍ കണ്ടു. യൂറോപ്പിലും മറ്റും ടണലുകളിലും ഭൂമിക്കടിയിലുള്ള പാസ്‌വേകളിലുമൊക്കെ ഇവ ധാരാളമായി ഉപയോഗിച്ചുകാണുന്നുണ്ട്. ആളുകളുടെ സാന്നിധ്യം മനസ്സിലാക്കി ലൈറ്റുകള്‍ പ്രകാശിക്കുന്നു. ആളില്ലാതാവുമ്പോള്‍ സെന്‍സര്‍ അത് മനസ്സിലാക്കുന്നു; ലൈറ്റണയുന്നു.

കെട്ടിടങ്ങള്‍ പണിയുമ്പോള്‍ തന്നെ പകല്‍സമയങ്ങളില്‍ ആവശ്യാനുസരണം കാറ്റും വെളിച്ചവും കടന്നുവരുന്ന രീതിയിലാണ് നിര്‍മിക്കേണ്ടത്. പകല്‍ സമയങ്ങളിലും ലൈറ്റുകള്‍ തെളിയിക്കേണ്ടിവരുന്നത് അമിതവ്യയം തന്നെയാണ്.

ലൈറ്റുകള്‍ കത്തുമ്പോള്‍ അത് വികിരണം ചെയ്യുന്ന താപം ആഗോളതാപനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഫിസിക്‌സില്‍ നോബേല്‍ നേടിയവരിലൊരാളായ ജപ്പാന്‍കാരന്‍ ഷൂജി നാകാമുറെ തീരെ താപം പുറത്തുവിടാത്ത ഒരു പ്രത്യേക തരം എല്‍ ഇ ഡി വികസിപ്പിച്ചെടുത്തിരുന്നു. ഇവ്വിധമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ആശയേകുന്നുണ്ട്.

കേരളത്തില്‍ പെയ്യുന്ന മഴയൊക്കെ അറബിക്കടലിലേക്ക് ആര്‍ക്കും ഒരുപകാരവുമില്ലാതെ കുത്തിയൊഴുകിപ്പോവുന്നു. ശാസ്ത്രീയമായി അവ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളുണ്ടാവണം. വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നാം തന്നെയാണ് മനസ്സുവെക്കേണ്ടത്.

ആരോഗ്യമുള്ള പ്രകൃതി കരുതലോടെ ജീവിക്കുന്ന മനുഷ്യന്റെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. അല്ലാതെ വന്നാല്‍, ഈ പ്രകൃതി നമുക്കെന്നല്ല, ആര്‍ക്കുമില്ലാതെ നശിക്കും. ഉടമയായ നാഥന്റെ പ്രതിനിധി എന്ന നിലയില്‍ അത് നമ്മുടെ കര്‍ത്തവ്യലംഘനമായി കണക്കാക്കപ്പെടുകയും ചെയ്യും.

ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അല്‍അസ്ഹരി

You must be logged in to post a comment Login