''സൂഫിസം മനുഷ്യനെ വിപുലീകരിക്കുന്നു''

''സൂഫിസം മനുഷ്യനെ  വിപുലീകരിക്കുന്നു''

സയ്യിദ് അഫ്‌സല്‍ മിയ ബറകാതി(ഐ പി എസ്) ഇന്ത്യയിലെ ശ്രദ്ധേയനായ അഡ്മിനിസ്‌ട്രേറ്ററും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 1990ല്‍ മധ്യപ്രദേശ് കേഡറില്‍ നിന്ന് ഐ പി എസ് ആയ അദ്ദേഹം നിലവില്‍ മധ്യപ്രദേശ് പോലീസിലെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആണ്. നാല് വര്‍ഷത്തോളം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ രജിസ്ട്രാറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ മുസ്‌ലിം ശാക്തീകരണ പദ്ധതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിം ഉന്നത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് അലിഗഢില്‍ 2004ല്‍ സ്ഥാപിച്ച ‘അല്‍ബറകാത് എഡ്യുക്കേഷണല്‍ സൊസൈറ്റി’യുടെ സ്ഥാപക ഡയറക്ടര്‍ ആണ്.

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ കാമ്പസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ‘ആദ്യമായി’ കേരളത്തില്‍ വരുന്നത്. സൂഫിസം, പാരമ്പര്യ ഇസ്‌ലാം, മുസ്‌ലിം ഇന്ത്യ, ആഗോള ഇസ്‌ലാം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടുള്ള ബറകാതി ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണ പദ്ധതികള്‍ക്ക് സമുദായത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും രൂപപ്പെടേണ്ട ബൗദ്ധിക സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

തികച്ചും ആധ്യാത്മിക സരണിയിലൂടെ പോവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് താങ്കള്‍ പൊതുരംഗത്തേക്ക് വരുന്നത്.

ഉത്തര്‍ പ്രദേശിലെ ബറകാതി സയ്യിദ് പരമ്പരയിലെ സൈദി ഖബീലയാണ് എന്റെ കുടുംബം. പിതാവ് ഹസന്‍ മിയാന്‍, ഖാദിരിയ്യ ത്വരീഖതിന്റെ സരണിയിലായിരുന്നു. ‘അഹ്‌സനുല്‍ഉലമ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഖാന്‍ഖാഹുകളില്‍ പ്രധാനപ്പെട്ട ഒന്ന് ഉപ്പയുടേതായിരുന്നു. വല്യുപ്പ സയ്യിദ് ശാഹിദ് റസൂല്‍ ആധ്യാത്മിക ഗുരുവായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം ഇന്ത്യയുടെ നവോത്ഥാന നായകനായി അറിയപ്പെടുന്ന അഅ്‌ല ഹസ്‌റത് ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി(റ) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. റസാഖാന്‍(റ) ചെറുപ്രായത്തില്‍ തന്റെ വീടിന്റെ 110 കിലോമീറ്റര്‍ അപ്പുറത്തുള്ള വല്യുപ്പയുടെ അടുത്ത് സ്ഥിരമായി വരികയും ജ്ഞാനം അഭ്യസിക്കുകയും ചെയ്യുമായിരുന്നു. പിതാക്കന്മാര്‍ പോയ വഴിക്കാണ് ഇപ്പോഴും ഞങ്ങളുടെ കുടുംബം സഞ്ചരിക്കുന്നത്.

പിതാവിന് ഞങ്ങള്‍ മക്കളെ ഖാന്‍ഖാഹുകളുടെ മേല്‍നോട്ടം ഏല്‍പ്പിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം വേറിട്ടൊരു വഴി കാണിച്ചുതന്നു. ജ്യേഷ്ടന്മാരില്‍ ഒരാള്‍ ഐ ആര്‍ എസും മറ്റൊരാള്‍ അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ ഉറുദു ഡിപ്പാര്‍ട്‌മെന്റ് തലവനുമാണ്. സൂഫികള്‍ സ്വയം സംസ്‌കരിക്കുന്നതോടൊപ്പം തങ്ങളുടെ ചുറ്റുപാടുകള്‍ കൂടി നന്നാക്കാന്‍ ശ്രമിക്കും. ജീവിതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സത്യസന്ധമായ സാമൂഹ്യവ്യവസ്ഥിതിയുടെ ആവശ്യകതയെക്കുറിച്ചും ബഹുസ്വര ചിന്താഗതികളെക്കുറിച്ചും സൂഫികളെക്കാള്‍ വശ്യമായും വിശാലമായും വിശദീകരിച്ചവര്‍ ചരിത്രത്തില്‍ ചുരുക്കമായിരിക്കും. ഞങ്ങളുടെ പിതാവും ഇത്തരം സൂഫീപാരമ്പര്യത്തെ ശക്തമായി പിന്തുടര്‍ന്ന വ്യക്തിയായിരുന്നു. അദ്ദേഹം തന്നെയാണ് ഞങ്ങള്‍ക്ക് വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രചോദനം നല്‍കിയത്.

ഈ പ്രചോദനം, മതാത്മകമായിരുന്നോ, അതോ മതേതരമായിരുന്നോ?
മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതം, മതേതരം എന്നിങ്ങനെ വേര്‍തിരിവുകളില്ല. മതം മാത്രമേ ഉള്ളൂ. ആ മതത്തിലൂടെ അവന് മതേതരത്വത്തിന്റെ ഉള്‍ക്കാമ്പ് സ്പര്‍ശിക്കാന്‍ കഴിയുന്നുണ്ട്. അത്തരം സ്പര്‍ശനങ്ങള്‍ സാധ്യമാക്കിത്തരുന്ന സംവിധാനമാണ് സൂഫിസത്തിലുള്ളത്. രാത്രി സമയങ്ങളില്‍ പിതാവ് ഞങ്ങള്‍ മക്കളെ മാത്രം വിളിച്ച് ഒരുപാട് ഉപദേശങ്ങള്‍ നല്‍കും. ഒരിക്കല്‍ പറഞ്ഞു: ”നിങ്ങളെ ജീവിതത്തില്‍ രണ്ട് F ഒഴിവാക്കുക; ഒന്ന്, False Ego(തെറ്റായ അഹംബോധം). രണ്ട്, False Tongue (തെറ്റായ നാവ്). രണ്ട് Pയില്‍ വിശ്വസിക്കുക. ഒന്ന് Propriety (ഔചിത്യപൂര്‍ണത), രണ്ട് Proportion (ആനുപാതികത). രണ്ട് Hകള്‍ ഉപയോഗിക്കുക. ഒന്ന്, Humour(തമാശ). രണ്ട്, Humility(വിനയം).” പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങളില്‍ ഉത്തമമൂല്യം കണ്ടെത്താനും അച്ചടക്കമുള്ള ജീവിതം ചിട്ടപ്പെടുത്താനും അദ്ദേഹം എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു. സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തുന്നതോടൊപ്പം തന്റെ കഴിവുകളെ സമൂഹത്തിന് പകര്‍ന്നുകൊടുക്കാനും നിരന്തരം ഉപദേശിക്കും. ഞങ്ങള്‍ എല്ലാവരും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടിയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ സമയത്ത് ചിന്തയില്‍ കത്തിനിന്നത് പിതാവ് കൊളുത്തിത്തന്ന നിഷ്‌കളങ്കമായ പാഠങ്ങളായിരുന്നു. കാലഘട്ടത്തിനനുസൃതമായി ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിന് സേവനം ചെയ്യാന്‍ ഉപ്പ പഠിപ്പിച്ച പാഠങ്ങള്‍ ഞങ്ങള്‍ക്ക് കരുത്തേകി. ഏറ്റെടുക്കുന്ന ജോലികളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുമ്പോള്‍ സ്വശരീരത്തിന്റെയും മനസ്സിന്റെയും അതുവഴി സമൂഹത്തിന്റെയും സംസ്‌കരണ പ്രക്രിയകള്‍ സുഗമമായി നിറവേറും എന്ന സൂഫീദര്‍ശനം മനസ്സില്‍ എപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്. സഹോദരമതങ്ങളെയും ആദര്‍ശങ്ങളെയും മറ്റു വിശ്വാസങ്ങളെയും ബഹുമാനിക്കാനും അദ്ദേഹം പഠിപ്പിച്ചു. ചെറുപ്രായം മുതല്‍ പിതാവ് ഞങ്ങളെ മുന്നിലിരുത്തി പറഞ്ഞു തന്ന സൂഫീ കഥകളും സാരോപദേശങ്ങളും ജീവിതത്തിന്റെ ഓരോ പടവുകളും കയറാനുള്ള ഊര്‍ജം നല്‍കി.

ഉപ്പയുടെ വാക്കുകള്‍ നിങ്ങളെ കൃത്യനിര്‍വഹണ ബോധമുള്ള ഒരുദ്യോഗസ്ഥനാക്കുകയായിരുന്നു?
കേവലം ഒരു ജോലിക്കാരല്ല നമ്മളെന്ന് ഉപ്പ പറഞ്ഞുതന്നു. അങ്ങനെ അറിയപ്പെടാനും ആഗ്രഹമില്ല. സമൂഹത്തിന്റെ നന്മക്ക് ചിലതൊക്കെ ചെയ്യാനുണ്ട്. അറിവില്ലാത്തവര്‍ക്ക് അത് പകര്‍ന്നുനല്‍കി അവരുടെ മനസ്സിലെ ശൂന്യതയകറ്റണം. അന്നം കിട്ടാത്തവര്‍ക്ക് അതെത്തിച്ചുകൊടുക്കണം. സൂഫിസം ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നു. സ്വന്തത്തിലേക്ക് ചുരുങ്ങിയൊതുങ്ങുന്ന മനുഷ്യരെ സൂഫിസം വിപുലമായ സാമൂഹ്യബന്ധങ്ങളിലേക്ക് കൊണ്ടുവരുന്നു. ഉത്തരവാദിത്തങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നു. സൂഫിസം, മനുഷ്യനെ കാലഘട്ടത്തിന് അനുയോജ്യനായ പുരോഗമനവാദിയാക്കുന്നു. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം മതം, ജാതി, തൊഴില്‍ തുടങ്ങിയവ വര്‍ഗീകരണ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ സമൂഹത്തിലെ ഓരോ വ്യക്തിയെയും അവന്റെ ജീവിത സാഹചര്യങ്ങളേയും കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. സൂഫിസത്തിന്റെ ആത്മാവ് പ്രകാശിക്കുന്നത് ജനങ്ങളെ സേവിക്കുമ്പോഴാണ്. സൂഫീ വ്യവഹാരവുമായി ഇടപെടുന്ന ഉദ്യോസ്ഥര്‍ക്ക് സാമൂഹ്യധര്‍മങ്ങളെ കൃത്യമായി നിറവേറ്റാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം.

അടുത്തകാലത്തായി മധ്യപൗരസ്ത്യ ദേശത്തും ദക്ഷിണ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും മുളച്ചുപൊന്തിയ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഭീകരസംഘങ്ങള്‍ സൂഫീവ്യവഹാരത്തെ നഖശിഖാന്തം എതിര്‍ക്കുകയും സൂഫീസ്മാരകങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിലോമശക്തികള്‍ ഉയര്‍ന്നുവരാനിടയായ സന്ദര്‍ഭം എന്താണ്?
മുസ്‌ലിം ലോകത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ അപചയത്തിന് ഹേതുവായ മുഖ്യ പ്രതിലോമ പ്രത്യയശാസ്ത്രം വഹാബിസമാണ്. കഴിഞ്ഞ മുപ്പതുവര്‍ഷം ലോകത്തുണ്ടായ മുഴുവന്‍ ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ധൈഷണികാടിത്തറ വഹാബിസമാണ്. സൂഫീ ദര്‍ശനങ്ങളില്‍ പറയുന്ന ബഹുസ്വരതയുടെ ആപേക്ഷികമായ നിലനില്‍പിനെ വഹാബിസം അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും പരിമിതബുദ്ധി കൊണ്ട് നേരിട്ട് വായിച്ചെടുത്ത കാര്യങ്ങളെ അപ്പടി അവതരിപ്പിക്കുകയാണ് വഹാബികള്‍. പക്ഷേ, സൂഫിസം ഖുര്‍ആനിനെയും സുന്നതിനെയും വായിക്കുന്നത് കൃത്യമായ അവതരണപശ്ചാതലത്തിലൂടെയും ചരിത്രപരമായ സന്ദര്‍ഭങ്ങളെ വിശകലനം ചെയ്തുമാണ്. സൂഫിസത്തിന്റെ ജ്ഞാനം ഗുരുമുഖങ്ങളില്‍ നിന്നും പകര്‍ന്നതാണ്. നൂറ്റാണ്ടുകളായി കൃത്യമായ ശൃംഖലകളിലൂടെ ഒഴുകിപ്പരന്നതാണ് സൂഫീ ജ്ഞാനധാര. വഹാബി മൗലിക ഇസ്‌ലാമിക(Normative Islam) വായനയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ട് ഭീമമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. അത്തരം തീവപ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തുകയാണ് ഐ എസ് വരെ എത്തിനില്‍ക്കുന്ന ഭീകരവാദികള്‍ ചെയ്യുന്നത്.

രണ്ട് പ്രധാന രാഷ്ട്രങ്ങളാണ് ആഗോളഭീകരതക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത്. അമേരിക്കയും സൗദി അറേബ്യയും. പെട്രോ-ഡോളറും അമേരിക്കന്‍ ആധിപത്യവും സമം ചേര്‍ന്നതാണ് നമ്മുടെ നൂറ്റാണ്ടിലെ ഭീകരവാദത്തിന്റെ ജൈവികപരിസരം. പക്ഷേ, അമേരിക്ക അവരുടെ നയം മാറ്റിയിരിക്കുന്നുവെന്നാണ് അടുത്തായി അറിയാന്‍ കഴിഞ്ഞത്. അടുത്ത കാലത്തായി അമേരിക്കന്‍ ബജറ്റില്‍ നിന്ന് നല്ലൊരു സംഖ്യ സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കാനുള്ള സംഘടനകള്‍ക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അമേരിക്കയിലെ വിഖ്യാത സൂഫീപണ്ഡിതന്‍ ജലാലുദ്ദീന്‍ റൂമിയുടെ ജന്മദിനം സര്‍ക്കാര്‍ ചെലവില്‍ തന്നെ നടത്തപ്പെടുന്നുണ്ട്. മതം, ജാതി, വര്‍ഗം, വര്‍ണം തുടങ്ങിയവ അതീതമായി മനുഷ്യമനസ്സുകളില്‍ പാരസ്പര്യത്തിന്റെ സ്‌നേഹമാനദണ്ഡങ്ങള്‍ നിര്‍മിക്കാനും പൊതുവായ ആശയപരിസരം രൂപീകരിക്കാനും സൂഫിസത്തിന് കഴിയും എന്ന തിരിച്ചറിവിലേക്ക് ലോകം നടന്നടുക്കുകയാണ്.

ഈയടുത്ത ദിവസം ബറാക് ഒബാമയുടെ നേതൃത്വത്തില്‍ വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ആഗോള ഭീകരവിരുദ്ധ സമ്മേളനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വാദം മധ്യപൗരസ്ത്യദേശത്ത് രൂപപ്പെട്ട ഭീകരസംഘങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം തീരെ ഇല്ല എന്നായിരുന്നു. മുസ്‌ലിം ജനസംഖ്യയില്‍ ലോകത്ത് രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം ഭീകരപ്രത്യയശാസ്ത്രങ്ങള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന്റെ അടിസ്ഥാന കാരണം എന്തായിരിക്കും?
നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇന്ത്യ സൂഫികളുടെ കേന്ദ്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സൂഫികള്‍ ഇന്ത്യയിലേക്ക് പ്രബോധനത്തിന് വന്നിട്ടുണ്ട്. ഹസ്‌റത് നിസാമുദ്ദീന്‍ ഒലിയ(റ), ബക്തിയാര്‍ കാക്കി(റ), ഗരീബ് നവാസ് മുഈനുദ്ദീന്‍ ചിശ്തി(റ) തുടങ്ങിയ വിശ്രുത സൂഫീവര്യര്‍ ഇന്ത്യയിലേക്ക് വരുന്ന സമയത്ത് അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തിരുന്നത് പ്രാകൃത ഇന്ത്യയിലെ മുസ്‌ലിമേതര വിശ്വാസികളായിരുന്നു. സൂഫികള്‍ ഇന്ത്യയിലേക്ക് കടന്നുവന്നത് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഭാഷ സംസാരിച്ചാണ്. മറ്റു വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാത്ത രൂപത്തില്‍ അവര്‍ ജീവിച്ചു. അത് മറ്റുള്ളവര്‍ പകര്‍ത്തുകയും ഉള്‍കൊള്ളുകയും ചെയ്തു. എവിടെയും ബലാല്‍കാരത്തിലൂടെയുമള്ള മതംമാറ്റങ്ങള്‍ നടന്നിട്ടില്ല. ഇന്നത്തെ പോലെ വലിയ ‘ഘര്‍വാപസികളും’ നടത്തിയിരുന്നില്ല. പണ്ടുകാലത്തുള്ള മതനേതാക്കന്മാര്‍ വിവരമുള്ളവരായിരുന്നു. ഹിന്ദുവിന് ഹിന്ദുവിശ്വാസത്തിലും ധര്‍മത്തിലും പൂര്‍ണ ജ്ഞാനം ഉണ്ടായിരുന്നു. മുസ്‌ലിംകളെ നിയന്ത്രിച്ചത് ഉലമാക്കളായിരുന്നു. വ്യത്യസ്ത വിശ്വാസം കൊള്ളുന്നവരാണെങ്കിലും അവര്‍ക്ക് സ്വന്തം മതത്തില്‍ അറിവുള്ളതുകൊണ്ട് മതത്തിന്റെ ആത്മാവിനെ തൊട്ടറിയാന്‍ കഴിഞ്ഞു. അന്യമതസ്ഥനെ പരിചരിക്കാനും സ്‌നേഹിക്കാനും ബഹുമാനിക്കാനുമുള്ള പാഠങ്ങള്‍ അവര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ചെടുത്തു. ആദ്യകാലം മുതലേ ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണല്ലോ. സംസ്‌കാരത്തിലും വിശ്വാസത്തിലും ആദര്‍ശത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാമെങ്കിലും അവര്‍ക്കിടയില്‍ വ്യക്തമായ പൊതു സങ്കല്‍പം ഉണ്ടായിരുന്നു. അതാണ് മതേതരത്വം എന്ന് വിളിക്കപ്പെടുന്നത്. ബഹുസ്വര സമൂഹം എന്നൊക്കെ നാം പറയുന്ന വ്യവസ്ഥിതിയുടെ ചരിത്രപരമായ അടിസ്ഥാനം ഉപര്യുക്തസഹജബോധമാണ്. ഇന്ത്യയിലെ തൊണ്ണൂറ് ശതമാനത്തിലധികവും പ്രസ്തുത ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ വക്താക്കളുമാണ്. അയല്‍പക്കത്തുള്ള അന്യമതവിശ്വാസി അവര്‍ക്ക് ഒരര്‍ത്ഥത്തിലും അപരിചിതനല്ല. പിന്നീട് എങ്ങനെയാണ് അവര്‍ക്ക് പരസ്പരം ശണ്ഠ കൂടാന്‍ കഴിയുക? ആഗോള ഭീകരവാദികള്‍ അനുഭവിക്കുന്ന സുപ്രധാന പ്രതിസന്ധി അവരുടെ ഇതരവിചാരധാരകളോടുള്ള അപരിചിതത്വമാണ്. വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്തതിലുള്ള ധൈഷണിക വന്ധ്യതയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അത്തരം അലോസരങ്ങളില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ സൂഫീ പാരമ്പര്യവും ഹിന്ദുവിന്റെ ഭക്തി പാരമ്പര്യവും പരസ്പര സഹകരണത്തിന്റേതാണ്. അതുകൊണ്ട് അവര്‍ക്ക് ഭീകരസംഘങ്ങളില്‍ ചെന്നു ചാടേണ്ട ഗതികേട് വരുന്നില്ല എന്നതാണ് വാസ്തവം.

ഇന്ത്യയിലെ പുതിയ രാഷ്ട്രീയ നിറം മാറ്റങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ ഏറെയുണ്ട്. ഇന്ത്യയില്‍ ഏകശിലാത്മകമായ സവര്‍ണവത്കരണത്തിലേക്കുള്ള ഈ പോക്കിനെ എങ്ങനെ കാണുന്നു?
പത്ത് വര്‍ഷത്തിലധികം ബി ജെ പി സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്താണ്(മധ്യപ്രദേശ്) ഞാന്‍ ജോലി ചെയ്യുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് നരേന്ദ്ര മോഡിയിലേക്ക് ചെന്നെത്തിയ രാഷ്ട്രീയ നിറം മാറ്റത്തെയും അദ്ദേഹത്തെ കേന്ദ്രീകരിച്ച് രൂപപ്പെട്ട പൊതുബോധത്തെയുമായിരിക്കും?
അതെ…
ഇരുപത്തഞ്ച് വര്‍ഷമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാന്‍ തിരിച്ചറിഞ്ഞ ചില സത്യങ്ങളുണ്ട്. നേരത്തെ ഞാന്‍ പറഞ്ഞല്ലോ. ഇന്ത്യന്‍ പാരമ്പര്യം കൃത്യമായ ബഹുസ്വരാത്മക ദര്‍ശനത്തില്‍ ബന്ധിതമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അതില്‍ വിശ്വസിക്കുന്നവരുമാണ്. നിങ്ങളുടെ നാട്ടിലെ സാധാരണക്കാരനായ ഹിന്ദുവിന്റെയും മുസല്‍മാന്റെയും വികാരങ്ങളും ആവശ്യങ്ങളും ഏകദേശം ഒരുപോലെയായിരിക്കും. അവര്‍ വിശ്വസിക്കുന്ന മതങ്ങളിലെ വ്യത്യാസങ്ങള്‍ മാത്രമേ അവര്‍ക്കിടയില്‍ വേര്‍തിരിവ് തീര്‍ക്കുന്നുണ്ടാവുകയുള്ളൂ. അതു തന്നെ അത്ര സങ്കീര്‍ണമല്ല താനും. ഇന്ത്യയെ സാംസ്‌കാരികമായും രാഷ്ട്രീയമായും ഹൈന്ദവവത്ക്കരിക്കാന്‍ നേരത്തെ പറഞ്ഞ പാരമ്പര്യത്തെ ജനങ്ങളില്‍ നിന്ന് മായ്ച്ചുകളയേണ്ടിവരും. വര്‍ഷങ്ങളെടുത്താലും അത് നടക്കാന്‍ പോകുന്നില്ല. ചരിത്രം തിരുത്തി എഴുതാനുള്ള എത്ര വലിയ പദ്ധതികള്‍ അവതരിപ്പിച്ചാലും പാരമ്പര്യത്തെ തിരുത്തിയെഴുതാനാവില്ല. കാരണം, ഇന്ത്യന്‍ പാരമ്പര്യം ജീവിക്കുന്നത് പുസ്തകങ്ങളിലല്ല. ഇന്ത്യയിലെ പരശ്ശതം കോടി വരുന്ന പച്ചയായ മനുഷ്യരുടെ ഹൃദയങ്ങളിലാണ്. അവര്‍ക്ക് അത് ലഭിച്ചത് തങ്ങളുടെ മുന്‍തലമുറയില്‍ നിന്നാണ്. അവര്‍ അടുത്ത തലമുറക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്യും.

ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുപോവുന്ന സമയത്ത് ഇന്ത്യക്കാര്‍ക്ക് നല്‍കിയ ഉപദേശം ‘നിങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് മോചിതരാവണം, എങ്കില്‍ നിങ്ങള്‍ക്ക് വിജയമുണ്ട്’ എന്നാണ്.
ഒബാമ പറഞ്ഞത് പൂര്‍ണമായും തെറ്റാണ്. വര്‍ഗീയത എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ ഇന്ത്യയില്‍ അങ്ങനെയൊന്ന് നടന്നിട്ടില്ല. നടക്കുകയുമില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്ന് നിങ്ങള്‍ പേരിട്ടുവിളിച്ച ഒന്ന് ഇഴകീറി പരിശോധിച്ച് നോക്കുക. അത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തികമോ രാഷ്ട്രീയമോ ആയ വല്ല കാരണവുമുണ്ടായിരിക്കും. മതമായിരിക്കില്ല. മുറാദാബാദില്‍ നടന്ന ‘വര്‍ഗീയ സംഘര്‍ഷം’ പരിശോധിക്കുക. അവിടുത്തെ ഭൂവുടമകള്‍ സമ്പന്നരും ഹൈന്ദവരും തൊഴിലാളികള്‍ മുസ്‌ലിംകളുമാണ്. വേതനം ലഭിക്കാത്തതുകൊണ്ട് അവര്‍ ഉടമകള്‍ക്കെതിരെ സമരം ചെയ്തു. തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരെ നടത്തിയ സമരത്തെ പക്ഷേ, മാധ്യമങ്ങള്‍ വിളിച്ചത് ‘വര്‍ഗീയ സംഘര്‍ഷം’ എന്നായിരുന്നു. ബാബരി മസ്ജിദ് പ്രശ്‌നം ഒരിക്കലും മതകീയമല്ല. കേവലം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമായിരുന്നു. രാജ്യത്തെ മാധ്യമങ്ങളാണ് ഇവിടെ കൂടുതല്‍ അരാജകത്വം സൃഷ്ടിക്കുന്നത്. അവരാണ് രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നമായി ഒതുക്കേണ്ട സംഭവങ്ങളെ പുതിയ സ്റ്റോറികള്‍ ഉണ്ടാക്കി മത വര്‍ഗീയ സംഘര്‍ഷങ്ങളായി രൂപപ്പെടുത്തുന്നത്.

വളരെ അടുത്തായി കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നടന്ന സംഭവത്തിലും നിങ്ങള്‍ സൂചിപ്പിച്ച സ്വഭാവങ്ങളുണ്ട്. അത് കേവലം സാമ്പത്തികമായിരുന്നു. പക്ഷേ, മാധ്യമങ്ങള്‍ സൃഷ്ടിച്ച പൊതുബോധത്തില്‍ അത് വര്‍ഗീയമായി മാറി.
ആയിരിക്കാം. ഒരു വംശത്തെയോ, വിശ്വാസത്തെയോ പ്രത്യയശാസ്ത്രത്തെയോ ഒറ്റയടിക്ക് ഇടിച്ചുതാഴ്ത്താന്‍ കഴിയില്ല. കാരണം, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അത്തരം ധാരകള്‍ വേരുറച്ചത് നൂറ്റാണ്ടുകള്‍ നീണ്ട വികാസത്തിലൂടെയാണ്. ഒരു സുപ്രഭാതത്തില്‍ മുളച്ചുപൊന്തിയതല്ല. പിന്നെ രാജ്യത്തെ ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും ചരിത്രപരമായ തുടര്‍ച്ച നല്‍കുക, ദാര്‍ശനികമായ വ്യാപനം നല്‍കുക തുടങ്ങിയവ ബുദ്ധിജീവികളുടെ ഒരു സ്വഭാവമാണ്. അത് അവരുടെ ജീവിതമാര്‍ഗമാണ്. ഇന്ത്യന്‍ വര്‍ഗീയത, ഫാഷിസം, ആഗോള ഭീകരത തുടങ്ങിയ അക്കാദമിക തലങ്ങളില്‍ നടക്കുന്ന സങ്കീര്‍ണമായ പ്രത്യയശാസ്ത്രപോരാട്ടങ്ങളോളം എത്രയോ ചെറുതാണ് അതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. മാധ്യമ-രാഷ്ട്രീയ-അക്കാദമിക തലങ്ങള്‍ രൂപപ്പെടുത്തുന്ന സംഭവങ്ങളില്‍ അനര്‍ത്ഥമായ വാഗ്വിലാസങ്ങള്‍ മാത്രമേ ഉള്ളൂ. ഞാന്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ചമ്പാല്‍ മേഖല സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ്. വര്‍ഷങ്ങളോളം അവിടുത്തെ ജോലിക്കിടയില്‍ നിന്ന് തിരിച്ചറിഞ്ഞ ഒരു വസ്തുത അവരുടെ പിന്നാക്കാവസ്ഥയുടെ മൂലകാരണം വര്‍ഷങ്ങളായി അവര്‍ക്കിടയില്‍ മാറാവ്യാധിയായി തുടരുന്ന സംഘര്‍ഷങ്ങളാണ്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും മതങ്ങളെയും ഇവിടെ ഒരുമിച്ച് നിര്‍ത്തുന്നത് ദേശീയത എന്ന ഒരൊറ്റ വികാരമാണ്. നമ്മുടെ ഇന്ത്യ എന്ന ചിന്ത. പക്ഷേ, അടുത്തകാലത്തായി നമുക്കിടയില്‍ ആഴത്തിലുള്ള സംവാദങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത വിശ്വാസങ്ങളും ചിന്താഗതികളും ആരോഗ്യപരമായി നിലനില്‍ക്കണമെങ്കില്‍ അല്‍പാല്‍പമായി കുറഞ്ഞുകൊണ്ടിരിക്കുന്ന പരസ്പര സംവാദങ്ങളെയും സൗഹൃദ സംഭാഷണങ്ങളെയും പുനരുജ്ജീവിപ്പിക്കണം.

ആധ്യാത്മിക ധാരയില്‍ നിന്ന് ജനങ്ങള്‍ അകലം പാലിച്ചതു കൊണ്ടാണ് ഇത്തരം വിടവുകള്‍ നമുക്കിടയില്‍ രൂപപ്പെട്ടതെന്ന് തോന്നുന്നു. ഹസ്രത് നിസാമുദ്ദീന്‍ ഔലിയയുടെ ഖാന്‍ഖാഹ് ഉത്തമമായ ഇന്ത്യന്‍ ബഹുസ്വരതയുടെ പ്രഭവകേന്ദ്രമായി മാറുന്നു.
അതു ശരിയാണ്. സൂഫികളുടെ ഖാന്‍ഖാഹുകള്‍ മികച്ച മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരദര്‍ശനങ്ങളുടെയും പൊതു ഇടമായിരുന്നു. മാനവികതയുടെ അര്‍ത്ഥം അവിടെനിന്നു തന്നെ ജനങ്ങള്‍ ജീവിച്ചു പഠിച്ചിരുന്നു. ഖാന്‍ഖാഹുകള്‍ തുറന്ന സംവാദത്തിന്റെ ഇടം കൂടിയായിരുന്നു. വ്യത്യസ്ത ദേശക്കാരും വിശ്വാസക്കാരുമെല്ലാം അവിടെ ഒരുമിച്ചുകൂടി. ഒരു ശൈഖിന്റെ മേല്‍നോട്ടത്തില്‍ അവര്‍ എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിച്ചു. എല്ലാം പങ്കുവെച്ചു. അപ്പോഴാണ് അവര്‍ക്കിടയിലെ പൊതുവായ നേരും നന്മയും അവര്‍ക്കു മനസ്സിലായത്. പക്ഷേ ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ വഹാബി, മൗദൂദി തുടങ്ങിയ അവാന്തര ചിന്താഗതിക്കാരുടെ കുപ്രചരണങ്ങളും കൊളോണിയല്‍ ആധുനികതയുടെ ഭൗതിക പ്രസരിപ്പും ജനങ്ങളെ പിന്നോട്ട് ചിന്തിപ്പിച്ചു. അവര്‍ ഖാന്‍ഖാഹുകളില്‍ നിന്ന് ഒഴിഞ്ഞു തുടങ്ങി. ഞങ്ങളുടെ കുടുംബം ഇപ്പോഴും നാട്ടില്‍ വളരെ ജനകീയമായ ഖാന്‍ഖാഹ് നടത്തുന്നുണ്ട്. 2004ല്‍ ഞങ്ങള്‍ അലിഗഢില്‍ 30 ഏക്കര്‍ ഭൂമി വലിയ വില കൊടുത്ത് വാങ്ങി 150 കോടി മുടക്കി ‘അല്‍ബറകാത്’ എന്നപേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി.

ഈ അധ്യാത്മിക പിന്നാക്കാവസ്ഥ രാജ്യത്തെ മൊത്തം മുസ്‌ലിം പിന്നാക്കാവസ്ഥക്ക് കാരണമായോ?
വര്‍ത്തമാന ഇന്ത്യയില്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് നിരവധി കാരണങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ കുറവ്, അനാരോഗ്യം, ദാരിദ്ര്യം തുടങ്ങിയവയാണ് പ്രധാനം. കൃത്യമായ രൂപരേഖയില്ലാത്ത നേതൃത്വരഹിതമായ സമുദായത്തിന്റെ നീക്കുപോക്കുകളാണ് ഈ അപചയത്തിനു മുഖ്യകാരണമെന്ന് തോന്നുന്നു. സൂഫിസം മനുഷ്യനെ ഒന്നിപ്പിച്ച് ഒരൊറ്റ കുടക്കീഴില്‍ നിര്‍ത്താന്‍ കഴിവുള്ള ശക്തിയായിരുന്നു. പക്ഷേ സൂഫീധാരയില്‍ നിന്നുള്ള പിന്മടക്കം അവരെ ചിഹ്നഭിന്നമാക്കി. ഓരോരുത്തരും വ്യത്യസ്ത വഴി തേടിക്കൊണ്ടിരുന്നു. ചിന്തയും ബുദ്ധിയും പ്രവര്‍ത്തനങ്ങളും അലക്ഷ്യമായി നീങ്ങി. ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി(റ) ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണ പദ്ധതികളുടെ മൂലക്കല്ലായിരുന്നു. വ്യത്യസ്ത ചേരികളിലായി ചിന്നിച്ചിതറികിടന്നിരുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ അദ്ദേഹം കൃത്യമായി അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ പാന്ഥാവില്‍ ഒരുമിച്ചിരുത്തി സമുദായത്തെ ഉറപ്പുള്ള ചിറകെട്ടി സംരക്ഷിച്ചു. അങ്ങനെ ഉലമയുടെയും അധ്യാത്മിക ഗുരുക്കന്‍മാരുടെയും നേതൃത്വത്തില്‍ സമുദായം വളരുമ്പോള്‍ മാത്രമാണ് ഒരു ശാക്തീകരണം സാധ്യമാകുന്നത്. നിങ്ങള്‍ കേരളത്തില്‍ ശൈഖ് അബൂബക്കറിന്റെ നേതൃത്വം പരിശോധിക്കുക. അദ്ദേഹമില്ലെങ്കില്‍ നിങ്ങളുടെ നാട് ഉത്തരേന്ത്യയേക്കാള്‍ ഭീകരമാവുമായിരുന്നു. നല്ല ഒരു ആധ്യാത്മിക നേതൃത്വം ഉത്തരേന്ത്യയിലും ഉയര്‍ന്നുവരേണ്ടതുണ്ട്. അവരെ അംഗീകരിക്കാനും അനുസരിക്കാനും നമ്മള്‍ തയ്യാറാവുകയും വേണം. ബഗ്ദാദിന്റെയും സ്‌പെയിനിന്റെയും മുസ്‌ലിം സുവര്‍ണ ചരിത്രം പരിശോധിച്ചു നോക്കുക. ലോക ചരിത്രത്തില്‍ അവരെ പോലെ ധൈഷണിക സമ്പന്നതയും സാമ്പത്തിക പ്രതാപവും അനുഭവിച്ചവര്‍ ഉണ്ടാവില്ല. അതിന്റെ കാരണം അവരുടെ ഉലമയെ അംഗീകരിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. മതം പഠിച്ചവര്‍ക്കു കീഴില്‍ രാജ്യം ഒറ്റക്കെട്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണം വേഗത്തില്‍ സാധ്യമാവും.

മുസ്‌ലിംകള്‍ക്കിടയില്‍ സാമുദായിക ബോധം കുറയാന്‍ അധ്യാത്മിക രംഗത്തെ പിന്മാറ്റം കാരണമായിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ വല്ല പ്രശ്‌നങ്ങളും നടക്കുകയാണെങ്കില്‍ അവര്‍ സ്വത്വബോധം പ്രകടിപ്പിക്കും. അതുകഴിഞ്ഞാല്‍ അവര്‍ സ്വന്തം വഴി നോക്കും. ഭരണതലത്തില്‍ മുസ്‌ലിം പ്രാതിനിധ്യം രണ്ട് ശതമാനം മാത്രമേയുള്ളൂ. ഇതിന്റെയെല്ലാം കാരണം സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കൃത്യമായ ഡയറക്ഷന്‍ ലഭിക്കാത്തതാണ്. അവര്‍ക്കിടയില്‍ മികച്ച സംഘബോധമില്ല. ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സാമുദായിക ബോധത്തിന്റെയും മതബോധത്തിന്റെയും വികാസസങ്കോചങ്ങളുടെ തോതനുസരിച്ചാണ് അവരുടെ വൈയക്തിക സാമൂഹിക വളര്‍ച്ചയുടെ ഗ്രാഫ് നിര്‍ണയിക്കപ്പെടുന്നത്. ഉത്തരേന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ നല്ല സംഘബോധം ഉള്ളവരാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന്, ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മികച്ച മദ്‌റസ സമ്പ്രദായമുണ്ട്. ഉത്തരേന്ത്യയില്‍ നിങ്ങള്‍ക്കിവിടെയുള്ളത് പോലെ അച്ചടക്കമുള്ള മദ്‌റസാ സംവിധാനം ഇല്ല. രണ്ട്, ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍ പോലും ആദ്യകാലത്ത് സമിന്ദാരി വരേണ്യ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ അത് അല്‍പ്പം മുസ്‌ലിമേതര വിഭാഗങ്ങളില്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. 1952ല്‍ സമിന്ദാരി സമ്പ്രദായം ഔദ്യോഗികമായി നിരോധിക്കുന്നത് വരെ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അതൊരു ശാപമായിരുന്നു. സാമ്പത്തിക വളര്‍ച്ചാ കുറവിന്നും സാമൂഹിക അസന്തുലിതത്വത്തിനും ഇത് വലിയ കാരണമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഇതിന്റെ മുറിവില്‍ നിന്ന് ഇന്നും പൂര്‍ണമായി മുക്തമായിട്ടില്ല. പാക്കിസ്ഥാനില്‍ ഇപ്പോഴും ഇത്തരം വരേണ്യ സമ്പ്രദായം ഉണ്ട്. അവിടുത്തെ വര്‍ത്തമാന രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളുടെ ഒരു പ്രധാന കാരണവും അതു തന്നെയാണ്. മുന്ന്, ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലെ വ്യാപകമായ കുടിയേറ്റം വലിയ ചലനമുണ്ടാക്കി. അത് അവരുടെ സാമ്പത്തിക നിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. കുടിയേറ്റത്തിന്റെ പ്രതിഫലങ്ങളില്‍ നിന്ന് അവരുടെ നേതൃത്വം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്വന്തമായി ഉണ്ടാക്കി. പക്ഷേ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഈയൊരു വഴി അന്യമായിരുന്നു.

കേരളത്തിലേക്ക് ആദ്യമായാണല്ലോ വരുന്നത്. എങ്ങനെ അനുഭവപ്പെടുന്നു?
നിറഞ്ഞ സന്തോഷം. നിങ്ങളുടെ സമ്മേളനത്തില്‍ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കാനാണ് ഞാന്‍ ക്ഷണിക്കപ്പെട്ടത്. അച്ചടക്കമുള്ള സമൂഹം. നല്ല ഒത്തൊരുമ. ക്രിയാത്മകമായ ഇടപെടല്‍. ശക്തമായ നേതൃത്വം. മികച്ച ആത്മീയ പരിസരം. ശൈഖ് അബൂബക്കറിന്റെ പ്രവര്‍ത്തനങ്ങള്‍, സംഘടനകളുടെ നവീന പദ്ധതികള്‍, ജനകീയത എല്ലാം പുതിയ അനുഭവങ്ങളാണ്.

സയ്യിദ് അഫ്‌സല്‍ മിയ ബറകാതി/
നൂറുദ്ദീന്‍ മുസ്തഫ

You must be logged in to post a comment Login