ജീവിതവീക്ഷണം മാറ്റാമോ, ജലപ്രതിസന്ധി മാറ്റാം

ജീവിതവീക്ഷണം മാറ്റാമോ, ജലപ്രതിസന്ധി മാറ്റാം

ഭൂമിയില്‍ ജലം മനുഷ്യശരീരത്തിലെ രക്തം പോലെയാണ് എന്ന ചൊല്ല് ഇന്ന് ഏറെ അര്‍ത്ഥസമ്പൂര്‍ണമായിരിക്കുന്നു. ശരീരത്തില്‍ രക്തത്തിന്റെ അളവ് പരിമിതമാണ്. ഭൂമിയില്‍ ശുദ്ധജലത്തിന്റെ അളവ് പരിമിതമാണ്. മൊത്തം ജലത്തിന്റെ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് ശുദ്ധജലം. അതില്‍ നല്ലൊരു പങ്കും ധ്രുവങ്ങളിലെ മഞ്ഞുമലകളിലാണുള്ളത്. ഒരു ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുകയാണെങ്കില്‍ മറ്റൊരാളുടെ ശരീരത്തില്‍ നിന്നെടുക്കാം. എന്നാല്‍ ഭൂമിയില്‍ ജലം കുറഞ്ഞാല്‍ എവിടെ നിന്ന് കൊണ്ടുവരും? ജലവും രക്തം പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയാണ്. കെട്ടിനിന്നാല്‍ രണ്ടും അഴുക്ക് ചേര്‍ന്ന് മലിനമാകും. അങ്ങനെ കെട്ടിനിര്‍ത്തിയ ജലം കൃഷിക്ക് ഗുണകരമല്ലെന്ന് മുമ്പ് കര്‍ഷകര്‍ പറഞ്ഞപ്പോള്‍ അതിനെ വിമര്‍ശിച്ച പലരുമുണ്ട്. എന്നാല്‍ ഇന്ന് നമുക്കറിയാം. അങ്ങനെ കെട്ടി നിര്‍ത്തിയ ജലത്തിന്റെ രാസഘടന മാറുന്നു. ജൈവവസ്തുക്കള്‍ പിന്നീട് മലിനമായി, അതില്‍ അമ്ലത വര്‍ദ്ധിക്കുന്നു.രക്തം ഒരവയവത്തില്‍ നിന്നും സ്വതന്ത്രമായി മറ്റൊരവയവത്തിലേക്ക് ഒഴുകിയെത്തുന്നു. ഒരവയവത്തിനും രക്തത്തിനുമേല്‍ പ്രത്യേക അവകാശമില്ല. ജലം നിരന്തര ഉപയോഗവും കൈയേറ്റവും നടക്കപ്പെടുന്നതിനാല്‍ ഒരു മനുഷ്യനും അതിനുമേല്‍ കൂടുതല്‍ അവകാശമില്ലെന്നതാണ് സത്യം. മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ജലം ഒരാള്‍ തുടര്‍ന്നു കൈവശം വെച്ചാല്‍ അത് അനീതിയാകുന്നു. ജലം ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. ശരീരത്തില്‍ എവിടെയെങ്കിലും വിഷാംശം കലര്‍ന്നാല്‍ അതിവേഗം അത് ശരീരം മുഴുവന്‍ പടരും. അതുപോലെ ജലചക്രത്തില്‍ എവിടെയെങ്കിലും മാലിന്യം കലര്‍ന്നാല്‍ അതിവേഗം അത് നാടാകെ പടര്‍ന്നെത്തും. ഒരു മനുഷ്യ ശരീരത്തിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ അയാളുടെ രക്തം പരിശോധിച്ചാല്‍ മതി. അതുപോലെ ഒരു പ്രദേശത്തെ ജലസ്രോതസ്സിന്റെ ഗുണനിലവാരത്തില്‍ നിന്ന് അവിടുത്തെ പ്രാദേശിക പരിസ്ഥിതികാരോഗ്യത്തെപ്പറ്റി നമുക്കറിയാം. രക്തം ശരീരത്തില്‍ ഒഴുകുക വഴി ഒട്ടനവധി ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. പോഷകാംശങ്ങളും ശുദ്ധവായുവുമടക്കം പലതും ഓരോ കോശത്തിലുമെത്തിക്കുന്നു, താപനില നിയന്ത്രിക്കുന്നു, മാലിന്യങ്ങളെ നീക്കം ചെയ്യുന്നു, രോഗാണുക്കളെ പ്രതിരോധിക്കുന്നു.. ഇങ്ങനെ പലതും. ഇതുപോലെ ജലത്തിന്റെ ഒഴുക്ക് നിര്‍വഹിക്കുന്ന ജൈവധര്‍മങ്ങള്‍ വളരെ പ്രധാനമാണ്. മലകളില്‍ പെയ്തുവീഴുന്ന ജലം അരുവിയും ഉറവയും പുഴയുമെല്ലാമായി ഒഴുകി കടലിലെത്തുന്നതിനിടയില്‍ എന്തെല്ലാം ചെയ്യുന്നു. പോകുന്ന വഴികളിലെല്ലാം അത് മണ്ണിന്, സസ്യങ്ങള്‍ക്ക്, ജീവികള്‍ക്ക് ഒപ്പം മനുഷ്യര്‍ക്കും ജീവവജലം നല്‍കുന്നു. കൃഷിക്കു സാഹായിക്കുന്നു. ഗതാഗതത്തിനും വൈദ്യുതിയുണ്ടാക്കാനും സഹായകമാകുന്നു. യാതൊരുവിധ ഊര്‍ജ ഉപയോഗവുമില്ലാതെ ഇത്ര വിപുലമായ ഒരു ജലവിതരണ സംവിധാനമായി പുഴകള്‍ മാറുന്നു. ഒടുവില്‍ മാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും ഒഴുകി കടലിലെത്തുമ്പോള്‍ അത് സമുദ്രസമ്പത്തിന്റെ വളര്‍ച്ചക്ക് സഹായകമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തിലെ ഒരു പ്രധാന രക്തക്കുഴല്‍ പോലെയാണ് പുഴ. അതുകൊണ്ടുതന്നെ അതിനെ തടയുന്നതും മലിനമാക്കുന്നതും കൈയേറുന്നതുമെല്ലാം ശരീരത്തിലെ രക്തക്കുഴലിനെ നശിപ്പിക്കുന്നതുപോലെത്തന്നെയെന്ന് നാം അറിയുന്നുണ്ടോ? അവസാനമായി ശരീരത്തില്‍ എവിടെയൊക്കെ ജീവനുണ്ടോ, അവിടെയൊക്കെ രക്തമുണ്ടാകും എന്നതുപോലെ ഭൂമിയില്‍ എവിടെ ജീവന്‍ നിലനില്‍ക്കണമെങ്കിലും അവിടെ ജലം വേണം. ജലത്തിന്റെ നാശം ജീവന്റെ നാശം തന്നെയാണ്.

ആഗോളതലം
ജലം ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമായിരിക്കുന്നു. ലോകജനതയുടെ 60 ശതമാനത്തിന് ആവശ്യമായ അളവില്‍ ശുദ്ധജലം കിട്ടുന്നില്ല. കിട്ടുന്ന ജലത്തിന്റെ ഗുണനിലവാരം ഏറെ ശോചനീയമാണ്. ശുദ്ധജലത്തിന്റെ ലഭ്യത ഇനിയും കുറയാനാണ് സാധ്യത എന്നു കാണിക്കുന്ന സൂചകളാണ് ആഗോളതാപനവും കാലാവസ്ഥാ മാറ്റവും. ധ്രുവങ്ങളിലെ മഞ്ഞുരുക്കങ്ങളും കടലിലെ ജലനിരപ്പുയരലുമെല്ലാം ജലലഭ്യതയെ നേരിട്ട് ബാധിക്കുന്നു. മഴയുടെ അളവിലുണ്ടാവുന്ന കുറവുമാത്രമല്ല, വ്യത്യാസങ്ങളും ജലലഭ്യതയെ ബാധിക്കുന്നു. അതിന്റെ വിതരണരീതി മാറിയാല്‍ പ്രകൃതിയുടെ സംഭരണശേഷിയില്‍ വ്യത്യാസമില്ലാത്തതിനാല്‍ അത് ക്ഷാമത്തിലേക്ക് നയിക്കും. കാലം തെറ്റിയ വര്‍ഷം കൃഷിയെയും ഭക്ഷണത്തെയും തൊഴിലിനെയും ആരോഗ്യത്തെയുമെല്ലാം ബാധിക്കുന്നു. ചുരുക്കത്തില്‍ കാലാവസ്ഥാ മാറ്റം എന്നത് വലിയൊരു ഭീഷണിയായി നിലനില്‍ക്കുന്നു. അതിലെ ഒന്നാമത്തെ ദുരന്തം ജലക്ഷാമം തന്നെയാകും.

ജലത്തിന്റെ ദൗര്‍ലഭ്യത്തിന് കാരണക്കാരാകുന്നവര്‍ തന്നെയാണ് അതിനെ ചരക്കാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതും. 1996ലാണ് ലോകബാങ്ക് ജലനയം പ്രസിദ്ധീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യസംഘടന അത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത് ഒരു ജലനയത്തെ അടിസ്ഥാനമാക്കിയാണ്. ആ നയത്തില്‍ വളരെ ചെറിയ ‘ഒരു മാറ്റം’ മാത്രം വരുത്തിയാണ് ലോകബാങ്ക് പ്രസിദ്ധീകരിച്ചത്. യു എന്‍ പറഞ്ഞത്, എല്ലാ മനുഷ്യരുടെയും പ്രാഥമികാവകാശം എന്നായിരുന്നു. കോര്‍പറേറ്റുകളുടെ സ്ഥാപനമായ ലോകബാങ്ക് അതിനെ പ്രാഥമികാവശ്യം എന്നാക്കിമാറ്റി. ഒറ്റ നോട്ടത്തില്‍ അതിലെന്തെങ്കിലും കുഴപ്പമുണ്ടെന്ന് ആര്‍ക്കും തോന്നില്ല. എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക. ‘അവകാശം’ എന്നാല്‍ അതിന് ഒരാള്‍ക്ക് പ്രത്യേക യോഗ്യതയൊന്നും വേണ്ട. എല്ലാ മനുഷ്യര്‍ക്കും അതു ലഭ്യമാകണം. എന്നാല്‍ അതിനെ ആവശ്യമാക്കുമ്പോള്‍ കാര്യം ബോധ്യമാകുന്നു. എനിക്ക് കാറ്റിനവകാശമുണ്ട് എന്നതും എനിക്ക് കാറ്റിനാവശ്യമുണ്ട് എന്നതും രണ്ടല്ലേ. എനിക്ക് വാങ്ങല്‍ ശേഷി ഉണ്ടെങ്കില്‍ മാത്രമേ ആവശ്യം പ്രസക്തമാവുകയുള്ളൂ. കാരണം കമ്പോള വ്യവസ്ഥയില്‍ വാങ്ങല്‍ ശേഷിയില്ലാത്തവരുടെ ആവശ്യത്തിന് ഒരു വിലയുമില്ല. എന്നാല്‍ അവകാശം എന്നത് വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കും ഉണ്ടാകും. ഈ ഒരൊറ്റ മാറ്റത്തിലൂടെ ജലം പണം കൊടുത്ത് വാങ്ങേണ്ട ഒരു ചരക്കായി മാറുകയായിരുന്നു. പണം നല്‍കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ജലം ഉപയോഗിക്കാന്‍ അവകാശമില്ല.

പിന്നീട് നാം കണ്ടത് ജലമേഖലയില്‍ വമ്പന്‍ കുത്തകകള്‍ പിടിമുറുക്കുന്നതാണ്. പെരുമഴയത്തും ലിറ്ററിന് 20 രൂപ നല്‍കി ശുദ്ധജലം കുടിക്കുന്നവരായി സര്‍വസാക്ഷര മലയാളി പോലും മാറിപ്പോയില്ലേ? മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ് ജലം. ഇത് ഒരാള്‍്ക്കും ഒഴിവാക്കാനാവില്ല. ആവശ്യം മാറ്റിവെക്കാനാവില്ല. അങ്ങനെ ഒഴിവാക്കിയാല്‍ പിന്നെ ജീവന്‍ നിലനില്‍ക്കില്ല. ഭക്ഷണം പോലും രണ്ടാം സ്ഥാനത്താകും. ഭക്ഷണം ഉണ്ടാക്കണമെങ്കിലും ജലം അനിവാര്യമാകുന്നു. ഉറപ്പായ കമ്പോളം… മാന്ദ്യമില്ലാത്ത കമ്പോളം…

ഇവിടെ ഒരു പ്രാഥമിക ചോദ്യം ഉയരുന്നു. പ്രകൃതി എല്ലാ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമായി നല്‍കുന്നതാണ് ജല സമ്പത്ത് ധമഴയുംപ. ഈ ജലം ഒരു മനുഷ്യന്‍ എടുത്ത് മറ്റുമനുഷ്യര്‍ക്ക് വില്‍ക്കുന്നതിനെന്ത് ന്യായം? എനിക്കും നിങ്ങള്‍ക്കും കൊക്കക്കോളക്കും ഈ വെള്ളത്തില്‍ ഒരേ അവകാശമല്ലേ ഉള്ളത്? ശുദ്ധീകരിക്കുന്ന ചെലവാണ് വിലയായി ഈടാക്കുന്നതെന്ന വാദമുണ്ട്. പക്ഷേ അവര്‍ വെള്ളമെടുത്ത് ശുദ്ധീകരിക്കുന്നത് മൂലം നിരവധി മനുഷ്യര്‍ക്ക് ജലമില്ലാതാകുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഇതാണ് പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ ഉണ്ടായത്. അന്നാട്ടിലെ ഭൂഗര്‍ഭജലം മുഴുവന്‍ ഊറ്റി കുപ്പിയിലാക്കി നിറവും വിഷവും ചേര്‍ത്തും ചേര്‍ക്കാതെയും വിറ്റ് കൊള്ളലാഭമെടുക്കുന്ന ഒരു കമ്പനിക്കെതിരെ എഴുതാനും വായിക്കാനുമുറിയാത്ത ആദിവാസികള്‍ സമരം നടത്തിയപ്പോള്‍ അതിനെ പുച്ഛിക്കുന്നവരായിരുന്നു ഒട്ടുമിക്ക രാഷ്ടീയ നേതാക്കളും എന്നും ഓര്‍ക്കുക. ജലം വില്‍പനച്ചരക്കാകുമ്പോള്‍ മനുഷ്യര്‍ എത്ര ദരിദ്രരാണെങ്കിലും അതു പണം കൊടുത്ത് വാങ്ങുമെന്ന് കരുതാം. പക്ഷേ മൃഗങ്ങളും കിളികളും സസ്യങ്ങളും മറ്റും എന്തുചെയ്യും? ആനക്കും മണ്ണിരക്കും ആല്‍മരത്തിനും പുല്ലിനും ആര് ജലം നല്‍കും? ഇവര്‍ക്കൊക്കെ ജലം നല്‍കിയാല്‍ പണം കിട്ടില്ലെന്നതിനാല്‍ മനുഷ്യര്‍ നല്‍കില്ല. ഫലമോ, ഇവയൊന്നുമില്ലാതെ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ലെന്ന് സ്‌കൂള്‍ ക്ലാസിലെ പാഠപുസ്തകങ്ങള്‍ തന്നെ പറയുന്നു. മനുഷ്യന് ശുദ്ധവായു ലഭ്യമാകണമെങ്കില്‍ തന്നെ സസ്യങ്ങള്‍ വേണം. ലാഭക്കൊതി പൂണ്ട മനുഷ്യന്‍ അതിനൊന്നും തയാറാകില്ല. ഇങ്ങനെയാണ് ലോകത്തിന്റെ പലഭാഗത്തും മനുഷ്യര്‍ മരുഭൂമികള്‍ സൃഷ്ടിക്കുന്നത്.

ചരക്കിന് വില കൂടുവാന്‍ അതിന് ദൗര്‍ലഭ്യം ഉണ്ടാകണമെന്നതാണ് കമ്പോള തന്ത്രം. എല്ലാ വീട്ടിലും കിണറുണ്ടാകുകയും പൊതുസ്രോതസ്സുകളില്‍ ശുദ്ധജലം ഉണ്ടാകുകയും ചെയ്താല്‍ പിന്നെ ആരാണ് കുപ്പിവെള്ളം വാങ്ങിക്കുക. അതുകൊണ്ടുതന്നെ ശുദ്ധജലത്തിന് ദൗര്‍ലഭ്യം ഉണ്ടാക്കുക എന്നത് അവരുടെ ഒരു നയമാകുന്നു. ജലസ്രോതസ്സുകള്‍ നശിപ്പിക്കല്‍, മലിനമാക്കല്‍, പ്രകൃതിയുടെ ജലസംഭരണ ശേഷി തകര്‍ക്കല്‍, പൊതു സ്രോതസ്സുകള്‍ കൈയ്യടക്കല്‍… ഇതൊക്കെ സ്വാഭാവികമാകുന്നു. എന്നാല്‍ ഇതൊക്കെ ചെയ്യുന്നത് വികസനം എന്ന അനിവാര്യതയുടെ മറവിലാണ് എന്നതാണ് രസകരം.

വികസനം എന്ന വാക്കുതന്നെ ഇന്ന് അശ്ലീലമായിരിക്കുന്നു. കുറച്ചുപേര്‍ അതിസമ്പന്നരാകുമ്പോള്‍ സമൂഹത്തില്‍ മറ്റുനിരവധി പേര്‍ മണ്ണും തൊഴിലും ജലവും ജീവിതവും സംസ്‌കാരവും നഷ്ടപ്പെട്ടവരാകുന്നതിനെയാണ് നാം വികസനം എന്ന് വിളിക്കുന്നത്. ഹരിത സുന്ദരമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെപ്പറ്റിത്തന്നെ പറയാം. ഇവിടെ ശരാശരി 3000 മി.മി മഴ പ്രതിവര്‍ഷം കിട്ടുന്നുണ്ട്. അതായത് കേരളത്തിന്റെ ഒരു ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ പ്രതിവര്‍ഷം 3000 ലിറ്റര്‍ മഴവെള്ളം വീഴുന്നുണ്ട്. കിഴക്കന്‍ മലകളില്‍ മഴയുടെ അളവു കൂടുതലാണ്. വിശേഷിച്ചും വനമേഖലകളില്‍. മഴപെയ്ത് വീഴുന്ന ജലം എത്രമാത്രം ഭൂമിയിലേക്കിറങ്ങുന്നുവെന്നത് ഉപരിതലത്തിന്റെ ഘടനയനുസരിച്ച് മാറുന്നു. വനം, പുല്‍മേട്, ചതുപ്പ് തുടങ്ങിയ ഭൂമികളില്‍ വീഴുന്ന ജലത്തിന്റെ നല്ലൊരു ശതമാനം മണ്ണിലേക്കിറങ്ങി ഭൂഗര്‍ഭജലമായും അരുവിയായും ഉറവയായും താഴേക്കൊഴുകുന്നു. ഈ വനങ്ങളിലെ വനവും ജൈവവൈവിധ്യവും നശിച്ച് മൊട്ടക്കുന്നുകളായാല്‍ ഭൂമിയിലേക്കൊരു തുള്ളി ജലം ഇറങ്ങില്ല. നാം നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഈ ജലസംഭരണ ശേഷി കാര്യമായി കുറക്കുന്നവയായിരുന്നുവെന്ന് കാണണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തെ ജലഗോപുരം എന്നു വിശേഷിപ്പിച്ചത് ഇതുകൊണ്ടാണ്. പശ്ചിമഘട്ടത്തില്‍ എന്തിന്റെ പേരിലായാലും ജൈവനാശമുണ്ടാക്കുന്ന പ്രവൃത്തിയെ വികസനം എന്ന് വിളിക്കാനാവില്ല. വരാനിരിക്കുന്ന മുഴുവന്‍ തലമുറകളുടെ പോലും കുടിവെള്ളം മുട്ടിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനം വികസനമാണെങ്കില്‍ അത് നമുക്കാവശ്യമുണ്ടോ എന്നു ചിന്തിക്കണം.

ബ്രിട്ടീഷ് ഭരണകാലത്ത് വലിയ വികസനമായിക്കണ്ട എസ്‌റ്റേറ്റുകള്‍ നമ്മുടെ പ്രകൃതിക്കുണ്ടാക്കിയ നാശം എത്രയെന്ന് ഇന്ന് കണക്കാക്കാനാകില്ല. പുഴകളും അരുവികളും നശിക്കുകയും കീടനാശിനിയും രാസവളങ്ങളും കൊണ്ട് വെള്ളം മലിനമാകുകയും വന്‍തോതില്‍ മണ്ണിടിച്ചിലിനു കാരണമാകുകയും ചെയ്തുവെന്നതാണ് ബാക്കിപത്രം. വൈദ്യുതിക്കും ജലസേചനത്തിനും മറ്റും നാം കെട്ടിയ അണക്കെട്ടുകളില്‍ നല്ലൊരു പങ്കും ഒരു പ്രയോജനവുമില്ലാതെയായിരിക്കുന്നു. പുഴയില്‍ അണകെട്ടുമ്പോള്‍ പുഴ താഴേക്കില്ലാതെയാകുന്നു. വന്‍തോതില്‍ കെട്ടിടനിര്‍മാണം നടത്തുക വഴി പാറപൊട്ടിച്ചും കുന്നിടിച്ചും പാടവും തണ്ണീര്‍തടങ്ങളും നികത്തിയും പുഴയുടെ അടിത്തട്ടു വരെ മണല്‍ വാരിയും നാം സൃഷ്ടിച്ച നാശത്തിന്റെ ഫലം കൂടിയാണ് ശുദ്ധജലത്തിന് കൂടിയവില നല്‍കുകയെന്നത്. മണലിനും പാറക്കും വിലകൂടിയതിനെപ്പറ്റി വല്ലാതെ വേവലാതിപ്പെടുന്നവര്‍ രണ്ടുപതിറ്റാണ്ടുവരെ സൗജന്യമായി കിട്ടിയിരുന്ന ജീവജലത്തിന് ഇന്ന് താങ്ങാനാവാത്ത വിലനല്‍കേണ്ടതിനെപ്പറ്റി മിണ്ടുന്നതേയില്ല.

നഗരവല്‍കരണമെന്ന പേരില്‍ ഗ്രാമങ്ങളെല്ലാം വികസിച്ചപ്പോള്‍ പുറത്തിറങ്ങാനാവാത്ത വിധം മാലിന്യം കൊണ്ട് നാടാകെ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം ഒഴുകുന്നത് ജല സ്രോതസ്സുകളിലേക്കാണ്. സമൂഹത്തിന് മുഴുവന്‍ രോഗങ്ങള്‍ നല്‍കുന്ന ഈ പ്രവര്‍ത്തനവും വികസനം തന്നെ. പുഴയില്‍ മണലില്ലാതെയായാല്‍ ചെളി കെട്ടി വെള്ളം നാശമാകുന്നുവെന്നു മാത്രമല്ല, ഇരുകരകളിലെയും കിണറുകള്‍ വറ്റുന്നുമുണ്ട്. എന്തിനേറെ, അറവുശാലകള്‍ മുതല്‍ ആരാധനാലയങ്ങള്‍ വരെ ജലസ്രോതസ്സുകളെ നശിപ്പിക്കുകയാണ്. വ്യവസായ-വികസനത്തില്‍ കേരളം പിന്നിലാണെന്ന് നാം വിലപിക്കുമ്പോഴും മലിനീകരണത്തില്‍ നാം പിന്നിലല്ല. അമ്പതു ലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന പെരിയാറില്‍ 250 രാസകമ്പനികള്‍ ഒഴുക്കിവിടുന്ന മാലിന്യം എത്ര ഭീകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ വികസനം തടയാന്‍ ആര്‍ക്ക് കഴിയും?

ഇത് എത്രയോ ഉദാഹരണങ്ങള്‍ പറയാവുന്ന വിഷയമാണ്. എന്തായാലും മണ്ണും ജൈവസമ്പത്തും പുഴയും കൃഷിയും വെള്ളവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരായി നാം മാറിയിരിക്കുന്നു. ഏതുവിധേനയും പ്രകൃതി കൊള്ളയടിച്ച് കുറച്ച് പണം ഉണ്ടാക്കി ആ പണം കൊണ്ട് ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും കമ്പോളത്തില്‍ നിന്നും വാങ്ങാമെന്നും നാം വിശ്വസിക്കുന്നു. ഒരുപക്ഷേ, മനുഷ്യനുണ്ടാകാവുന്ന ഏറ്റവും വലിയ ‘അന്ധവിശ്വാസം’ ആണിത്. വായുവും വെള്ളവും ഭക്ഷണവും ഈ പ്രകൃതിയില്‍ നിന്ന് തന്നെ ഉണ്ടാക്കണം. പണം ഒരു പ്രസില്‍ നമുക്കടിക്കാനാവും. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ പരിമിതമാണ്.

പണത്തിന്റെ ബലത്തില്‍ അഹങ്കരിക്കുന്നവര്‍ നിര്‍ദേശിക്കുന്ന ചില പരിഹാരങ്ങള്‍ കൂടി നാം വിലയിരുത്തിയാല്‍ അതിന്റെ പൊള്ളത്തരം വ്യക്തമാകുന്നു. കടല്‍ വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലക്ഷാമം പരിഹരിക്കാമെന്നത് അജ്ഞരുടെ അന്ധവിശ്വാസമാണ്. കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ വേണ്ട ഊര്‍ജവും അതുണ്ടാക്കുന്ന ആഗോള താപനവും വീണ്ടും ജലക്ഷാമം സൃഷ്ടിക്കും. മറിച്ച് ഒരു ഏക്കര്‍ നെല്‍പാടം ഒരു വര്‍ഷം ശരാശരി അഞ്ചുകോടി ലിറ്റര്‍ ശുദ്ധജലം സംഭരിക്കുമെന്ന അറിവ് പ്രയോഗിച്ച് വികസനത്തിന് പുതിയ സമീപനമുണ്ടാക്കുകയല്ലേ വേണ്ടത്? നമ്മുടെ ജീവിതവീക്ഷണം മാറാതെ ജലപ്രതിസന്ധി പരിഹരിക്കാനാവില്ല.

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login