അറബി മലയാളം വെറുമൊരു ലിപിമാലയല്ല

അറബി മലയാളം  വെറുമൊരു ലിപിമാലയല്ല

ഇംഗ്ലീഷും മലയാളവും മാപ്പിളമാര്‍ വേണ്ടെന്നു വെച്ചത് ബോധപൂര്‍വ്വമായിരുന്നു. അതൊരു തിരസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഇന്ന് നമ്മള്‍ കോള വേണ്ടെന്നുവെക്കുന്നതുപോലെ. പകരം തദ്ദേശീയമായ ഇളനീര്‍ കഴിക്കുന്നത് പോലെ. തദ്ദേശീയമായതോ പുറത്തുള്ളതോ ആയ ജ്ഞാനങ്ങളെല്ലാം ഞങ്ങള്‍ തന്നെ തരാം. തദ്ദേശീയമായ ഭാഷയില്‍ തരാം. അവന്റെ ജ്ഞാനവും ഭാഷയും നമുക്കുവേണ്ട. ബ്രിട്ടീഷുകാരെ സപ്പോര്‍ട്ട് ചെയ്യുന്ന ജന്മിമാരുടെ ഭാഷയും നമുക്കുവേണ്ട. ലളിതമായ ഭാഷ തരാം. നിങ്ങള്‍ക്ക് മനസ്സിലാവുന്നത് തരാം. അവരും നമ്മളും രണ്ടു സമൂഹങ്ങളാണ്. അവര്‍ നമ്മെ കീഴടക്കാന്‍ വരുന്നവരാണ്. അങ്ങനെ വരുന്നവരുടെയും അവരെ പിന്തുണക്കുന്നവരുടെയും ഭാഷ സ്വീകരിക്കുക എന്നാല്‍ അവര്‍ക്ക് കീഴടങ്ങലാണ്.

ഇംഗ്ലീഷിനോട് മാപ്പിളമാര്‍ക്കുണ്ടായിരുന്നത് കേവലമായ വെറുപ്പല്ല. പൊളിറ്റിക്കല്‍ ആണത്. സാംസ്‌കാരികമായ വിയോജിപ്പാണ്. ഇതിനെക്കാള്‍ ശക്തമായ വിയോജിപ്പു ബ്രാഹ്മണ സമൂഹത്തില്‍ നിലനിന്നിരുന്നു. മൊയ്യാരത്ത് ശങ്കരന്റെ ജീവിതകഥയില്‍, കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നതും അതിനോട് മലബാറിലും തിരുക്കൊച്ചിയിലും തിരുവിതാംകൂറിലുമുള്ള ബ്രാഹ്മണ സമുദായം എത്ര തീവ്രമായാണ് പ്രതിഷേധിച്ചതും വിയോജിച്ചതുമെന്ന് പറയുന്നുണ്ട്. അതൊന്നും ഇപ്പോള്‍ ചര്‍ച്ചയിലില്ല. മുസ്‌ലിംകള്‍ ഇംഗ്ലീഷു വിരുദ്ധ നിലപാടു സ്വീകരിച്ചത് സംസ്‌കാര ശൂന്യരായതുകൊണ്ടാണ് എന്നായി. അങ്ങനെ ആക്ഷേപിക്കുന്നവര്‍ തന്നെ ഇംഗ്ലീഷ് മീഡിയത്തിനെതിരെ സംസാരിക്കുകയും ചെയ്യും.

രണ്ടാം മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നു വിളിക്കപ്പെട്ടയാളാണ് കാസര്‍ക്കോട്ടുകാരനായ മുഹമ്മദ് ശറൂല്‍. അദ്ദേഹം ദേശീയവാദിയാണ്. അതിനാല്‍ പഞ്ചസാര വേണ്ടെന്ന് വെച്ചു. വെള്ളക്കാരന്റെ പഞ്ചസാര. ശര്‍ക്കരയിട്ട കാപ്പിയാണ് കുടിച്ചിരുന്നത്. ശീലക്കുടയും സിഗരറ്റും ഉപേക്ഷിച്ചു. അതൊന്നും പക്ഷേ, കേരളത്തിന്റെ ചരിത്രത്തിലില്ല. ശറൂല്‍ നല്ല മാപ്പിളപ്പാട്ടിന്റെ ആളായിരുന്നു. അതോടൊപ്പം തന്നെ അറബി മലയാളത്തില്‍ നിന്ന് വിമോചിതരായി പുതിയ വിദ്യാഭ്യാസത്തിലേക്ക് എന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു ഡോക്യുമെന്ററിക്ക് വേണ്ടി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നാളെ നിങ്ങളുടെ കുട്ടികള്‍ വെറും മുറ്റമടിക്കുന്നവരായിപ്പോകും. അതു സംഭവിക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ മക്കളെ പഠിപ്പിക്കണം. അവിടെയത് വിദ്യാഭ്യാസം എന്ന അര്‍ത്ഥമെയുള്ളൂ. സ്വാതന്ത്ര്യത്തിനു മുമ്പാകട്ടെ അദ്ദേഹത്തിന്റെ നിലപാട് ആന്റി ബ്രിട്ടീഷാണ്. ആന്റി കൊളോണിയലാണ്. ഞാന്‍ പറഞ്ഞുവരുന്നത് വലിയ ഊര്‍ജം അദ്ദേഹം നല്‍കിയെന്നാണ്. അത് തദ്ദേശീയ ബോധത്തിന് വേണ്ടിയാണ്.

ഇതൊന്നും വി സി ശ്രീജനു മനസ്സിലാവില്ല. അയാള്‍ കൊളോണിയല്‍ ബോധത്തില്‍നിന്നു വരുന്നയാളാണ്. എല്ലാ കൊളോണിയല്‍ തിയറികളും അയാളില്‍ നിന്ന് നമുക്ക് അപ്പപ്പോള്‍ കിട്ടും. അങ്ങനെയുള്ള ഒരാളിന് ബഷീര്‍ സ്വീകാര്യനാവാന്‍ ഒരു സാധ്യതയുമില്ല. ബഷീറിന്റെ വായനയുടെ അടിസ്ഥാനം അറബി മലയാളം തന്നെയാണ്. ബഷീര്‍ ബുര്‍ദ വായിച്ചിട്ടുള്ളയാളാണ്, എത്രയോ കാലം തല മൊട്ടയടിച്ച് നെരിയാണിക്ക് മുകളില്‍ മുണ്ടുടുത്ത് ബുര്‍ദ ചൊല്ലി നടന്നിട്ടുണ്ടെന്ന് ബഷീര്‍ തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ വീട്ടിലെ അറബിമലയാള കാവ്യങ്ങള്‍ വായിക്കുമായിരുന്നു. കുറെയാളുകള്‍ കൂട്ടം കൂടിയിരുന്നിട്ട് ബദറും ഉഹ്ദുമൊക്കെ പാടും. ഇത് ബഷീറിന്റെ ആത്മകഥയിലുണ്ട്. ബഷീര്‍ അതിനകത്ത് വേറൊന്നുകൂടി പറഞ്ഞിട്ടുണ്ട്: തമിഴ്, അറബി, മലയാളം, ഉറുദു, കന്നട, തെലുങ്ക് ഇവയിലെ വാക്കുകളൊക്കെ(സംസ്‌കൃതം പറയുന്നില്ല) ഉള്ളതാണ് അറബിമലയാള ഭാഷയെന്നു പറയുന്നത്. വരേണ്യ വര്‍ഗത്തിന്റെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന വരേണ്യവര്‍ഗത്തിന്റെ ഭാഷ ഒഴിവാക്കുക എന്ന നിലപാട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിലൊക്കെ ഉണ്ടായിരുന്നു.

ബഷീറിന്റെ ഭാഷയെടുത്തുനോക്കിയാല്‍ സംസ്‌കൃതം അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു. അതേ സമയത്ത് അദ്ദേഹത്തിന്റെ ഉള്ളില്‍ വേറൊരു ഭാഷയുണ്ട്. നമ്മള്‍ പറയുന്ന ശുദ്ധമലയാളത്തിന്റെ ഒരു ഭാഷ. തൗബയുടെ ഒക്കെ ഒരു മലയാളം ഉണ്ടല്ലോ. അതൊക്കെ ലളിതമായ മലയാളമാണ്. അന്നത്തെ കാലത്തിന്റെ പരിമിതികളതിനുണ്ടാകാം. വ്യാകരണപരമായും മറ്റുമൊക്കെ. ബഷീറ് എപ്പോഴും ഉപയോഗിക്കുന്നൊരു വാക്കാണ് ‘എപ്പേര്‍പ്പെട്ട’ എന്നത്. അത് പൊതു സമൂഹത്തിന്റെ ഭാഷയിലുള്ളതല്ല. അത് ബഷീറിന്റെ ഭാഷയിലുള്ളതാണ്. ബഷീറിന്റെ ഭാഷക്ക് ഒരു സ്രോതസ് എവിടെയോ ഉണ്ട്. അത് അറബി മലയാളമാണെന്നു ഞാന്‍ വിചാരിക്കുന്നു.

അദ്ദേഹത്തിന്റെ കഥകളുടെ ഘടനക്കും അറബിക്കഥകളുടെയും മാപ്പിളപ്പാട്ടിലെയും ആഖ്യാന രീതികളുമായി ബന്ധമുണ്ട്. മാപ്പിളപ്പാട്ടുകളില്‍ പലതിലും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുണ്ട്. വൈദ്യര്‍ രചനകളുടെ ഒരു സ്വഭാവം അതാണ്. ആരോ പറഞ്ഞ കാര്യം എടുത്തുദ്ധരിക്കുന്ന രീതി. ഈ സ്റ്റൈല്‍ ബഷീറിന്റെ പല കഥകള്‍ക്കും ഉണ്ട്. വിനീതചരിത്രകാരന്‍ എന്ന പ്രയോഗം പ്രസിദ്ധമാണല്ലോ. ഞാന്‍ നിയോഗിക്കപ്പെട്ടവനാണ് എന്ന അര്‍ത്ഥത്തില്‍. മാപ്പിളപ്പാട്ടുകളില്‍ തന്നെ ഖിസ്സപ്പാട്ടുകള്‍ എന്ന ഒരു വിഭാഗമുണ്ട്. അത് ചരിത്രവുമാവാം, കഥയുമാകാം. ഇത് രണ്ടിന്റെയും കൂടി സ്വഭാവമുള്ള ആഖ്യാനരീതിയാണത്.

ബഷീറിന്റെ ഭാര്‍ഗവീ നിലയത്തെ കുറിച്ചും അനര്‍ഘ നിമിഷത്തെ കുറിച്ചുമൊക്കെ പറയുമ്പോള്‍ മാജിക്കല്‍ റിയലിസം പരാമര്‍ശിക്കപ്പെടാറുണ്ട്. ഒരു സ്ത്രീ നിലാവിലിങ്ങനെ കൊഴിഞ്ഞ് കൊഴിഞ്ഞ് ഇല്ലാതാവുക. അതിനൊക്കെ അറബിക്കഥകളിലുള്ള ഒരു മാന്ത്രിക സ്വഭാവമുണ്ട്. അത് പക്ഷിപ്പാട്ടിലുമുണ്ട്.

അറബികള്‍ സ്‌പെയിനിലേക്ക് കടക്കുമ്പോള്‍ അവരുടെ കൈയില്‍ അറബിക്കഥയുണ്ടായിരുന്നു എന്നൊരു ശ്രുതിയുണ്ട്. അങ്ങനെയാണ് സ്‌പെയിനില്‍ മാജിക്കല്‍ റിയലിസം വരുന്നതത്രെ. അതാണ് പല ലാറ്റിനമേരിക്കന്‍ സാഹിത്യകൃതികളിലും വരുന്നത്. പക്ഷേ ഇതാരും പറയുന്നില്ല. അറബിക്കഥയിലുള്ള മാജിക്കല്‍ റിയലിസം നമ്മള്‍ കാണുന്നില്ല. ചര്‍ച്ചാ വിഷയമാക്കുന്നില്ല. നമ്മള്‍ മെയിന്‍ സ്ട്രീമിലേക്ക് കൊണ്ടുവരുന്നില്ല. മറിച്ച് നമ്മള്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ മാജിക്കല്‍ റിയലിസത്തെക്കുറിച്ച് പറയുന്നു. ആ കള്‍ചറിലേക്ക് അവര്‍ പോകുന്നത് അറേബ്യയില്‍ നിന്ന് ചെന്നവര്‍ അവര്‍ക്കത് കൈമാറിയതു കൊണ്ടാണ്.

1892ലോ മറ്റോ ആണ് ചാര്‍ ദര്‍വേശ് അറബി മലയാളത്തില്‍ തലശേരിയില്‍ നിന്ന് അച്ചടിക്കുന്നത്. അതിനു മുമ്പേ അത് ഉറുദുവില്‍ വരുന്നുണ്ട്. ആ ഉറുദു പതിപ്പില്‍ നിന്നാണ് തലശ്ശേരിയിലെ ആളുകള്‍ അതിനെ അറബിമലയാളത്തിലാക്കുന്നത്. അതിന്റെ ഭാഷ മലയാളം തന്നെയാണ്. അച്ചടിച്ചിരിക്കുന്നത് അറബിമലയാളത്തിലാണെന്നേയുള്ളൂ. അവരത് അച്ചടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? കൊളോണിയല്‍ ആധിപത്യമുള്ള ബ്രിട്ടീഷുകാരന്റെ ഭാഷ വേണ്ടെന്നും അവരുടെ ഒരു ഉപകാരവും നമുക്ക് വേണ്ടെന്നും തീരുമാനിച്ച ജനതക്കു വേണ്ടിയാണ്. അങ്ങനെയാണല്ലോ പിന്നീട് ഗാന്ധിജിയും വരുന്നത്. അതിനു മുമ്പേ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ ബഹിഷ്‌കരണമുണ്ട്. ബ്രിട്ടീഷുകാര്‍ ആയതുകൊണ്ടല്ല. കൊളോണിയല്‍ നിലപാടുകാരായതു കൊണ്ടാണ്.

ബഷീറിന്റെ കുടുംബത്തിനകത്ത് ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിലാണ് അറബിയും ഉറുദുവും വരുന്നത്. പിന്നെ സൂഫി സംഗീതം. കടലുണ്ടി പോലുള്ള സ്ഥലങ്ങള്‍ സൂഫി സംഗീതത്തിന് ആഴത്തില്‍ വേരുകളുള്ള സ്ഥലമാണ്. പക്ഷേ ആരും അത് ശ്രദ്ധിച്ചിട്ടില്ല.
മലയാളത്തിന് ഇന്നുപയോഗിക്കുന്ന ലിപി ഉറക്കുന്നതിന് മുമ്പേ നിലവിലുണ്ടായിരുന്ന ലിപിയാണ് അറബി മലയാളത്തിന്റേത്. എന്നാല്‍ അറബിമലയാളത്തെ കുറിച്ചുള്ള അന്വേഷണം ആ രീതിയിലുള്ള വസ്തുതാന്വേഷണത്തില്‍ ഒതുങ്ങിപ്പോകരുത്. ഒരു ഭാഷ കൊണ്ട് ചെയ്യാവുന്ന സംഗതികള്‍ മുഴുക്കെ അറബിമലയാളം കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാ വൈജ്ഞാനിക സാഹിത്യ ശാഖകളിലുമുള്ള രചനകള്‍ ആ ലിപിയിലുണ്ടായിട്ടുണ്ട്. കാവ്യത്തെ അലങ്കരിക്കാനുള്ള ഉപാധികളുണ്ടായിരുന്നു. ആലാപന യോഗ്യങ്ങളായ ഈണങ്ങളുണ്ടായിരുന്നു. മുത്തുകളും രചനാ സങ്കേതങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്നതാണ് അറബിമലയാളം. അല്ലാതെ കേവലം ഒരു ലിപിമാലയല്ല അത്. നൂറ്റാണ്ടുകളോളം ഭാഷാപരമായ എല്ലാ ധര്‍മ്മങ്ങളും നിര്‍വ്വഹിച്ച് അതു നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ ജൈവികമായി നിലനില്‍ക്കാനാവശ്യമായ മുഴുവന്‍ കാര്യങ്ങളും ഇതിനകത്തുണ്ട്. ആ അര്‍ത്ഥത്തില്‍ വായിക്കുമ്പോഴേ അറബിമലയാളം എന്താണെന്ന് മനസ്സിലാവുകയുള്ളൂ. അല്ലെങ്കില്‍ അക്ഷരങ്ങളുടെ എണ്ണത്തിലും തരത്തിലുമൊതുങ്ങിപ്പോകും നമ്മുടെ അറബിമലയാള പഠനം.

തിരുവനന്തപുരത്തു വെച്ച് ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു ടീച്ചര്‍ ഉള്‍ക്കൊള്ളാനുള്ള പ്രയാസത്തോടെയാണ് എന്റെ ഒരു പരാമര്‍ശത്തോടു പ്രതികരിച്ചത്. എഴുത്തഛന്റെ കിളിപ്പാട്ടുകള്‍ക്കു മുമ്പാണ് മുഹിയിദ്ദീന്‍ മാല ഉണ്ടായതെന്നത് സത്യം തന്നെയാണോ എന്നായിരുന്നു അവരുടെ ചോദ്യം. അതൊന്നും ടീച്ചര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. അതൊന്നും നാം സെമിനറിലൊന്നും പറഞ്ഞിട്ടുണ്ടാവില്ല.

അറബിമലയാളത്തിലാണ് വൈദ്യജ്ഞാനം രചിക്കപ്പെടുന്നത്. അഷ്ഠാംഗ ഹൃദയത്തിന്റെ ഒരധ്യായം. മിക്ക അധ്യായവും അദ്ദേഹം തര്‍ജമ ചെയ്തു എന്നാണ് പറയുന്നത്. ഒരധ്യായമേ നമുക്ക് കാണാന്‍ കിട്ടിയിട്ടുള്ളൂ. അറബിമലയാളത്തില്‍ മാപ്പിളപ്പാട്ടായിട്ടാണ് എഴുതിയിരിക്കുന്നത്. ഓരോരോ ശ്ലോകങ്ങളായി. ഇതിനൊരു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അത് എഴുതുന്നത് കാസര്‍കോട്ടെ മൊഗ്രാലിനു തൊട്ടടുത്തുള്ള പട്ടുളത്തെ കുഞ്ഞിമായിന്‍കുട്ടി വൈദ്യരാണ്. അദ്ദേഹം ആദ്യം ആര്യവൈദ്യം പഠിച്ചു. തുടര്‍ന്ന് അതു തര്‍ജ്ജമ ചെയ്തു. അങ്ങനെയത് സാധാരണ ആളുകള്‍ക്ക് കൈമാറി.

എം എ റഹ്മാന്‍

You must be logged in to post a comment Login