മക്കളുടെ കാര്യത്തില്‍ നമുക്കെങ്ങനെ തോല്‍ക്കാതിരിക്കാം?

മക്കളുടെ കാര്യത്തില്‍  നമുക്കെങ്ങനെ തോല്‍ക്കാതിരിക്കാം?

?കാല്‍ നൂറ്റാണ്ടിലധികമായി അങ്ങ് കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മലയാള പ്രസിദ്ധീകരണങ്ങളില്‍ ഇത്തരമൊരു പംക്തിയുടെ തുടക്കം തന്നെ താങ്കളാണെന്ന് പറയാം. ദി ഹിന്ദു, മലയാള മനോരമ അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ താങ്കള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. ഈ രംഗത്തെ അനുഭവങ്ങള്‍ എന്തൊക്കെയാണ്?

ഇരുപത്താറു വര്‍ഷമായി ഉപരിപഠനവും തൊഴിലന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതി വരുന്നുണ്ട്. മലയാളമനോരമയിലെ കോളം 24 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ടെലിവിഷനിലും റേഡിയോയിലും പരിപാടികള്‍ അവതരിപ്പിക്കാറുമുണ്ട്. മലയാളികള്‍ പൊതുവേ നല്ല വിവരമുള്ളവരാണെന്നു സ്വയം വിലയിരുത്തിവരുന്നു. രാഷ്ട്രീയ സംഭവങ്ങളടക്കം പല കാര്യങ്ങളിലും ഇതു ശരിയാണെങ്കിലും കരിയറിന്റെ കഥ വരുമ്പോള്‍ ഇതു പലപ്പോഴും ശരിയാകാറില്ല . ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ടും ജീവിതം ആസ്വദിക്കുന്നതിനുള്ള വ്യഗ്രതകൊണ്ടും ചിട്ടയൊപ്പിച്ച ് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കുട്ടിക്ക് പത്തു വയസ്സോളമാകുമ്പോള്‍ പഠനത്തിനുള്ള അഭിരുചി കണ്ടെത്തി, അതിനു യോജിച്ച പഠനമാര്‍ഗങ്ങളെപ്പറ്റി പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഏറ്റവും പ്രധാനം. സ്വന്തം മോഹങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. കുട്ടിയുടെ അഭിരുചി/പഠനശേഷി, കുടുംബത്തിന്റെ സാമ്പത്തികശേഷി, കോഴ്‌സിന്റെ വിപണിമൂല്യം തുടങ്ങി പ്രസക്തഘടകങ്ങള്‍ പരിഗണിച്ച ് യുക്തിപൂര്‍വം കോഴ്‌സ് തിരഞ്ഞെടുക്കുന്നതില്‍ നാം ശുഷ്‌കാന്തി കാട്ടണം. അങ്ങനെയാവുമ്പോള്‍ കുട്ടിക്ക് പരമാവധി ഉയരാനുള്ള സാധ്യത തെളിയും. ഈ കാര്യങ്ങള്‍പറയുമ്പോള്‍ മിക്കവരും സമ്മതിക്കുമെങ്കിലും, നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ ചിലരെങ്കിലും ഉപേക്ഷ വിചാരിക്കുന്നതു കാണാറുണ്ട്.

സന്തോഷകരമായ പല അനുഭവങ്ങളുമുണ്ട്. ലക്ഷക്കണക്കിനു കോപ്പികളുള്ള ദിനപത്രങ്ങളിലെഴുതുമ്പോള്‍, അ പരിചിതരായ പലരും അതു വായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നോര്‍ക്കുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. 15 വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍. അദ്ദേഹം വരുമ്പോള്‍ എനിക്ക് എന്തു കൊണ്ടുവരണമെന്നു ചോദ്യം. ഒന്നും കൊണ്ടുവരാതിരിക്കണമെന്ന് മറുപടി പറഞ്ഞിട്ട്, വിളിച്ചയാളിന്റെ വിവരങ്ങള്‍ ചോദിച്ചു. അതിനു നാലഞ്ചുവര്‍ഷം മുന്‍പ് താന്‍ മസ്‌കറ്റിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്തിരുന്നു, എന്‍ജിനീയറിങ് ഡിപ്ലോമയും എഎംഐഇയുമുണ്ടെങ്കിലും ബിടെക്കില്ലാത്തതിനാല്‍ ജോലിക്കയറ്റം കിട്ടാതെ നിരാശയിലായപ്പോള്‍ എന്റെ പേര്‍ക്ക് എഴുതി, അദ്ദേഹത്തിന്റെ യോഗ്യത ബിടെക്കിനുതുല്യമായി അംഗീകരിക്കുന്ന കമ്പനി സഊദി അറേബ്യയിലുണ്ട് എന്ന് ഞാന്‍ കത്തെഴുതി അറിയിച്ചു, അതനുസരിച്ച് സൗദിയിലെത്തി ഉയര്‍ന്ന ജോലി കിട്ടി, ഇപ്പോള്‍ ഒരു പ്രൊമോഷനും ആയി, നാട്ടിലേക്കു മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തി, അവിടെ നിന്ന് എനിക്കു സമ്മാനം വാങ്ങാനാണ് വിളിക്കുന്നത് എന്നിത്രയും അദ്ദേഹം പറഞ്ഞു. 1981 മുതല്‍ 1985 വരെ ജിദ്ദയിലെ ഒരു അമേരിക്കന്‍ കമ്പനിയില്‍ ചീഫ് എന്‍ജിനീയറായി സേവനം അനുഷ്ഠിച്ച എനിക്ക് അവിടുത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നതിനാല്‍ വിവരങ്ങള്‍ എഴുതിയറിയിച്ചിരുന്നു. പക്ഷേ അക്കാര്യം ഞാന്‍ മറന്നുകഴിഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം വന്നപ്പോള്‍ പഴങ്കഥയോര്‍ത്തു. പിറ്റേന്ന് അദ്ദേഹം എന്നെ വന്നു കണ്ടു. വളരെ സന്തോഷം തോന്നി.

ഒരിക്കല്‍ ഒരു ആശുപത്രിയിലെത്തി. സന്ദര്‍ശനസമയമല്ല. പക്ഷേ പെട്ടെന്ന് രോഗിയെക്കണ്ട് മടങ്ങേണ്ടതുണ്ട്. ആലോചിച്ചു നില്‍ക്കുമ്പോള്‍ നന്നായി വേഷം ധരിച്ചൊരാള്‍ ഇറങ്ങിവന്ന് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിച്ചുകൊണ്ടുപോയി. എന്റെ ലേഖനം വായിച്ച് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ പോയി ആ ജോലിയിലെത്തിയതാണെന്നുപറഞ്ഞു. എന്റെ പ്രയാസം മനസ്സിലാക്കിയ അദ്ദേഹം സ്‌പെഷ്യല്‍ അനുമതി വാങ്ങി രോഗിയെകാണാന്‍ സഹായിച്ചു. എനിക്കു കിട്ടിയ സഹായത്തിലല്ല , അങ്ങനെയൊരാള്‍ക്ക് പഠനമാര്‍ഗം കണ്ടെത്താന്‍ ഉപകരിക്കുന്ന സൂചന നല്‍കാനായതില്‍ വളരെ സന്തോഷം തോന്നി. അടുത്ത കാലത്ത് ഒരു പൊതുയോഗത്തില്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍, വേദിയില്‍ അപരിചിതനായ ഐപിഎസ്സുകാരന്‍ പോലിസ് സൂപ്രണ്ടും ഉണ്ടായിരുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, അതു വേണ്ട, ഞാന്‍ മനോരമയിലെഴുതിയ സിവില്‍ സര്‍വീസസ് ലേഖനം കണ്ടാണ് അദ്ദേഹം ആ വഴിയിലേക്കു തിരിഞ്ഞതെന്നു സൂചിപ്പിച്ച ് നന്ദി പറഞ്ഞു. നല്ല അനുഭവം. കൂടുതല്‍ വിവരിച്ച് സ്ഥലം നഷ്ടമാക്കുന്നില്ല. കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇത്തരം ധാരാളം അനുഭവങ്ങളുണ്ടാകും.

?വിദേശത്ത് ബിരുദപഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നിര്‍ബന്ധമാണോ? ഇതുസംബന്ധിച്ച യോഗ്യതാപരീക്ഷകള്‍ എന്തെങ്കിലും പാസാകേണ്ടതുണ്ടോ?

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലണ്ട് മുതലായ രാജ്യങ്ങളിലെ ഉപരിപഠനത്തിനും അവിടുത്തെ നല്ല സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടുന്നതിനും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നെഴുതി പ്രാവീണ്യം തെളിയിക്കാന്‍ സഹായിക്കുന്ന പ്രചാരവും അംഗീകാരവുമുള്ള രണ്ടു ടെസ്റ്റുകള്‍ ടോഫല്‍ (TOEFL), ഐ ഇ എല്‍ ടി എസ്(IELTS) എന്നിവയാണ്. ഇവയുടെ സിലബസ് വിശദീകരിക്കാം:
എ)

TOEFL :Test of English as a Foreign Language (Internet-based test)
Reading 60 – 80 minutes, 36 – 56 questions
Listening 60 – 90 minutes, 34 – 51 questions
Speaking – 20 minutes, 6 tasks
Writing – 50 minutes, 2 tasks
_n) IELTS : International English Language Testing System
Reading 60 – 80 minutes, 36 – 56 questions
Listening 60 – 90 minutes, 34 – 51 questions
Speaking – 20 minutes, 6 tasks
Writing – 50 minutes, 2 tasks

ഇവയില്‍ ടോഫലിന് മുഖ്യമായും അമേരിക്കന്‍ സര്‍വകലാശാലകളിലാണ് പ്രചാരം കൂടുതല്‍. ബ്രിട്ടനിലും പഴയ ബ്രിട്ടീഷ് കോളനികളായിരുന്ന പ്രദേശങ്ങളിലും ഐഇഎല്‍ടിഎസിന് സ്വീകാര്യതയേറും.

? വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ എസ് ഒ പി. എഴുതിക്കൊടുക്കണമെന്ന് കേട്ടിട്ടുണ്ട്. എന്താണീ എസ് ഒ പി?

വിദേശസര്‍വകലാശാലകളില്‍ ഉപരിപഠനത്തിനുള്ള സിലക്ഷന് മുഖ്യമായും ആശ്രയിക്കുന്നത് അക്കാദമിക റിക്കോര്‍ഡ്‌സിനു പുറമേ നാലു കാര്യങ്ങളിലെ മികവിനെയാണ്.
എ) ജി ആര്‍ ഇ അഥവാ ജിമാറ്റ് (സ്‌കോര്‍ മാനേജ്‌മെന്റ് പഠനത്തിനു മാത്രമാണ് ജിമാറ്റ്)
ബി) ടോഫല്‍ അഥവാ ഐ ഇ എല്‍ ടി എസ് സ്‌കോര്‍
സി) രണ്ടു ശുപാര്‍ശക്കത്തുകള്‍. നാം സാധാരണമായി മനസ്സിലാക്കുന്ന ശുപാര്‍ശയല്ലിത്. നിങ്ങളുടെ കോളജ് പ്രൊഫസറോ ഉദ്യോഗസ്ഥലത്തെ മേധാവിയോ നിങ്ങളെ നല്ല വണ്ണം അറിയാവുന്ന വിദഗ്ധനോ നല്‍കുന്ന ശുപാര്‍ശക്കത്തില്‍ ഈ കോഴ്‌സ് പഠിക്കാന്‍ നിങ്ങള്‍ സര്‍വഥാ യോഗ്യനാണെന്നു തെളിവു സഹിതം ശുപാര്‍ശ ചെയ്തിരിക്കണം.
ഡി) എസ് ഒ പി (സ്‌റ്റേറ്റ്‌മെന്റ് ഓഫ് പര്‍പസ്): നിങ്ങള്‍ ഈ കോഴ്‌സ് പഠിക്കുന്നതിലൂടെ എന്തു നേടാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പാണിത്. വളരെ ശ്രദ്ധയോടെ തയാറാക്കി, വിവരമുള്ളവരെക്കൊണ്ട് പരിശോധിപ്പിച്ച് തെറ്റു തിരുത്തി വേണം ആപ്ലിക്കേഷന്‍ പാക്കേജില്‍ ഇത് ഉള്‍പ്പെടുത്തുന്നത്. പ്രധാന കാര്യങ്ങള്‍ ഇംഗ്ലീഷില്‍ കൊടുക്കുന്നതാവും പ്രയോജനകരം. ഇക്കാര്യങ്ങളെപ്പറ്റി
• The SOP should cover the basic details about your background, interests,

achievements, capabilities, career objectives, dreams, and future plans.
• Do not start with a narrative like “I was born in the village ….’’.
• Try to write in the statement what the admission committee expects from a
desirable candidate.
• Do not try to flatter the institution.
• You should show your exciting interests.
• Never try to impress the reader by flaunting your vocabulary.
• The statement can include Academic qualification / scores, Commitment
to your field of study, Critical thinking, Financial resources / Funding,
Intermediate and long range goals, Interest in research, Professional
achievements, Qualifying tests like TOEFL and GRE, Reasons for selecting the
program, and Something that is very special in you.

ഇക്കാര്യങ്ങളെപ്പറ്റി എന്റെ STUDYING ABROAD – All You Wanted to Know (Tata McGraw-Hill) എന്ന പുസ്തകത്തില്‍ സമഗ്രമായി വിശദീകരിച്ചിട്ടുണ്ട്.

?കേരളത്തിലെ പല സര്‍വകലാശാലകളും സ്വാശ്രയാടിസ്ഥാനത്തില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇത്തരം കോഴ്‌സുകള്‍ക്ക് ചേരുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:
=അംഗീകാരം (എഐസിടിഇ, മെഡിക്കല്‍ കൗണ്‍സില്‍, ഫാര്‍മസി കൗണ്‍സില്‍, നഴ്‌സിങ് കൗണ്‍സില്‍ മുതലായവയുടെ)
= സ്ഥാപനത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ (അധ്യാപകര്‍, ലാബ്, വര്‍ക്‌ഷോപ്പ്, ലൈബ്രറി, ഹോസ്റ്റല്‍)
= മതിപ്പും സല്‍പ്പേരും
=ഫീസ് നിരക്കുകള്‍ (അദൃശ്യഫീസുണ്ടോ? അതായത് ചേര്‍ന്നു കഴിഞ്ഞ് പല കാര്യങ്ങളും പറഞ്ഞ് തുകകള്‍ വാങ്ങുന്ന രീതിയുണ്ടോ?)
= സുരക്ഷിതത്വം, കുട്ടികള്‍ സര്‍വകലാശാലാ /സര്‍ക്കാര്‍ പരീക്ഷകളെഴുതാറുണ്ടോ?
=മുന്‍ ബാച്ചുകളിലെ കുട്ടികള്‍ എവിടെയെത്തി?
= കാമ്പസ് സിലക്ഷന്‍ പതിവാണോ?
= ചെന്നെത്താനുള്ള സൗകര്യം, വീട്ടില്‍ നിന്നുള്ള ദൂരം.

? എം ബി എ. കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ബി ബി എ കോഴ്‌സ് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? പ്ലസ്ടുവിന് സയന്‍സ് എടുത്തവര്‍ക്ക് ബി ബി എയ്ക്ക് ചേരാന്‍ സാധിക്കുമോ?

എം ബി എയ്ക്കു ചേരാന്‍ നല്ല മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്ച്‌ലര്‍ ബിരുദം മതി. എന്നു മാത്രമല്ല, മറ്റു വിഷയങ്ങളിലെ ബാച്ച്‌ലര്‍ ബിരുദം നേടുന്നവര്‍ക്ക് എം ബി എ യ്‌ക്കോ ബിരുദത്തിനു പഠിച്ച വിഷയത്തിലെ ഉപരിപഠനത്തിനോ പോകാന്‍ സാധിക്കും. ഉദാഹരണത്തിന് ബി എസ് സി ഫിസിക്‌സ് കഴിഞ്ഞാല്‍ ഫിസിക്‌സ് എം എസ് സി, എം സി എ എന്നു തുടങ്ങി പല വഴികളും മുന്നിലുണ്ട്. ഇഷ്ടമുള്ള വഴിയേ പോകാം. കൂട്ടത്തില്‍ എം ബി എയുമുണ്ട്. നേരേ മറിച്ച് ബി ബി എക്കാര്‍ക്ക് മുഖ്യധാരയില്‍ മാനേജ്‌മെന്റ് പഠനമാണുള്ളത്. ത്രിവത്സര എല്‍ എല്‍ ബിയും മറ്റുമുണ്ടെന്നതു മറ്റൊരു കാര്യം.

ബിബിഎ കഴിഞ്ഞ് എം ബി എ ക്ലാസിലെത്തുന്നവര്‍ ആദ്യസെമസ്റ്ററുകളില്‍ തങ്ങള്‍ക്കറിയാവുന്നതു പറഞ്ഞു കേള്‍ക്കുമ്പോള്‍ അശ്രദ്ധരായിരിക്കാന്‍ സാധ്യതയുണ്ട്. പിന്നീട് ഉയര്‍ന്ന പാഠങ്ങള്‍വരുമ്പോഴും ഈ സമീപനം തുടരാതെ സൂക്ഷിച്ചുകൊള്ളണം. ചോദ്യത്തില്‍ എം ബി എ എന്നു പറഞ്ഞിരിക്കുന്നത് മാനേജ്‌മെന്റിലെ പ്രധാനയോഗ്യത അതാണെന്ന ധാരണയിലായിരിക്കാം. ഐ ഐ എം, എക്‌സ് എല്‍ ആര്‍ ഐ തുടങ്ങി ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകള്‍ നല്‍കുന്നത് എം ബി എ അല്ല- പി ജി പി, പി ജി ഡി എം തുടങ്ങിയ യോഗ്യതകളാണ്. സര്‍വകലാശാലകളാണ് എം ബി എ പ്രോഗ്രാമുകള്‍ നടത്തുന്നത്? കരികുലത്തിലും സിലബസിലും മാറ്റങ്ങള്‍ വരുത്താന്‍ സര്‍വകലാശാലകളില്‍ കാലതാമസം പതിവാണ്. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍വരെ പി ജി പി ഡിപ്ലോമകളില്‍ വരുത്താന്‍ കഴിയുമെന്നതാണ് അവയുടെ മെച്ചം. ഏതു വിഷയങ്ങള്‍ ഐച്ഛികമായെടുത്തവര്‍ക്കും ബി ബി എയ്ക്കു ചേരാം.

?കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം കൂടിയതിനാല്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കൊന്നും മികച്ച ജോലി ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ ശരിയാണോ. അടുത്ത അഞ്ചുവര്‍ഷത്തിന് ശേഷം മികച്ച ജോലി സാധ്യത പ്രതീക്ഷിക്കാവുന്ന എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ ഏതൊക്കെയാണ്?

എന്‍ജിനീയറിങ് കോളജുകളുടെ സംഖ്യ അടുത്ത കാലത്തായി പെരുകിയിട്ടുണ്ട്. കൊച്ചുകേരളത്തില്‍ത്തന്നെ 160-ല്‍ പരം ബിടെക് പഠനകേന്ദ്രങ്ങളും അറുപതിനായിരത്തിലേറെ സീറ്റുകളുമുണ്ട്. 1954-ല്‍ നൂറു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ഏക എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്ന് 1958-ല്‍ ബിരുദം നേടിയ എനിക്ക് ഈ വളര്‍ച്ചയില്‍ വിസ്മയം തോന്നുക സ്വാഭാവികം. പക്ഷേ, പ്രശ്‌നം അതല്ല. ഇന്നു ചേരുന്ന കുട്ടികളില്‍ ചെറിയ ശതമാനം മാത്രമാണ് ബിരുദം നേടി പുറത്തുവരുന്നത്. അവര്‍ക്കു തന്നെയും എന്‍ജിനീയറിങ് ജോലികള്‍ കിട്ടാനെളുപ്പമല്ല . മറ്റു സംസ്ഥാനങ്ങളിലും സമാനമായ വളര്‍ച്ചയുണ്ടായെന്നു മറക്കരുത്. പക്ഷേ വികസിത പാശ്ചാത്യരാജ്യങ്ങളും ഇന്ത്യയും തമ്മില്‍ വേതനത്തില്‍ നിലനില്‍ക്കുന്ന അന്തരം, ഡോളര്‍- രൂപ വിനിമയനിരക്കിന്റെ തോത്, ഇന്റര്‍നെറ്റ്-ഇമെയില്‍ വ്യാപനം, ഇന്ത്യയിലെ ഇംഗ്ലിഷ് അറിയാവുന്ന യുവജനങ്ങളുടെ സംഖ്യ എന്നിവ കാരണം സോഫ്റ്റ്‌വെയര്‍ രംഗത്ത് ഔട്ട്‌സോഴ്‌സിങ് രീതി ഏറെക്കാലം തുടരുമെന്നതില്‍ സംശയമില്ല . ഐ ടി രംഗത്തെ ഇന്ത്യയുടെ സല്‍പ്പേര്, ഇംഗ്ലീഷ് പഠിക്കാന്‍ ചൈനക്കാര്‍ക്കുള്ള ബുദ്ധിമുട്ട് എന്നീ കാര്യങ്ങളും നമ്മെ സഹായിക്കുന്നുണ്ട്.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ശാഖകള്‍ക്ക് മികച്ച ഭാവിയുണ്ട്. കെമിക്കല്‍, പോളിമെര്‍, ഫുഡ് എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി തുടങ്ങി സീറ്റുകള്‍ കുറഞ്ഞതും വളര്‍ച്ചയ്ക്കു സാധ്യതയുള്ളതുമായ ശാഖകളും ആകര്‍ഷകമായി തുടരും.

?ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സിന് ചേരാന്‍ നല്ലതേതാണ്? പ്ലസ്ടുവിന് ശേഷം പോകുന്നതോ, ഡിഗ്രിക്ക് ശേഷം പോകുന്നതോ?

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് അക്കൗണ്ടന്‍സി എന്നീ ഫൈനാന്‍സ് പ്രൊഫഷനല്‍ പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടൂ കഴിഞ്ഞയുടന്‍ ചേരുന്നതാണ് സൗകര്യം. ഈ അംഗത്വപഠനകാലത്തു തന്നെ ബികോമിന് പ്രൈവറ്റ് രജിസ്‌ട്രേഷനും നടത്തിയാല്‍, പരിശ്രമശാലികള്‍ക്ക് ഏതാണ്ട് നാലു വര്‍ഷംകൊണ്ട് ഇരുയോഗ്യതകളും നേടാം. ബിരുദത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അംഗത്വപരിശീലനത്തില്‍ ഒതുങ്ങുന്നതിനും തടസ്സമില്ല. പഠിപ്പിക്കാന്‍ റഗുലര്‍ കോളജുകളോ സ്‌കൂളുകളോ ഇല്ലാത്തതിനാല്‍, സ്വയംപഠനത്തിനു സന്നദ്ധത വേണമെന്നതു പ്രധാനം.

?മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍ എവിടെയൊക്കെ അവസരം ലഭിക്കും? അതിനുള്ള യോഗ്യതകള്‍ എന്തൊക്കെ?

മര്‍ച്ചന്റ് നേവി സംബന്ധിച്ച ചില പ്രോഗ്രാമുകളിലെ പഠനം കൊച്ചിയിലെ ഇന്ത്യന്‍ മാരിറ്റൈം സര്‍വകലാശാലയില്‍ നടത്താം. വിലാസം:

Indian Maritime University, East Coast Road, Uthandi, Chennai – 600 119; Ph: 044 – 24530343, Web: www.imu.edu.in.

കൊച്ചിയിലെ പ്രോഗ്രാമുകള്‍
(എ) ബി എ സ് സി നോട്ടിക്കല്‍ സയന്‍സിലേക്കു നയിക്കുന്ന ഒരു വര്‍ഷ ഡിപ്ലോമ (ഡി എന്‍ എസ്). മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു 60%, ഇംഗ്ലിഷിന് 50% ക്രമത്തിലെങ്കിലും മാര്‍ക്കുള്ള പ്ലസ്ടു വേണം. വാര്‍ഷിക ഫീസ് ആണ്‍കുട്ടികള്‍ക്ക് 2,20,000 രൂപ, പെണ്‍കുട്ടികള്‍ക്ക് 1,40,500 രൂപ.

(ബി) ബി എസ് സി നോട്ടിക്കല്‍ സയന്‍സ്, മൂന്നു വര്‍ഷം. പ്രവേശനയോഗ്യതയും ഫീസും (എ)യിലേതുതന്നെ.

(സി) ബി എസ് സി ഷിപ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍. മുന്നു വര്‍ഷം. മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു 50%, ഇംഗ്ലിഷിന് 50% മാര്‍ക്കുള്ള പ്ലസ്ടൂ. വാര്‍ഷിക ഫീസ് രണ്ടു ലക്ഷം രൂപ.

(ഡി) എം ബി എ പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റ, രണ്ടു വര്‍ഷം. ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാലാബിരുദം. 50% എങ്കിലും മൊത്തം മാര്‍ക്കോടെ വേണം. വാര്‍ഷിക ഫീസ് രണ്ടു ലക്ഷംരൂപ. ഹോസ്റ്റല്‍ വേണമെങ്കില്‍ 60,000 രൂപ വേറെ.

(ഇ) എം ബി എ ഇന്റര്‍നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്, രണ്ടു വര്‍ഷം. യോഗ്യതയും ഫീസും (ഡി) യിലേതു തന്നെ.

പൊതുവേ നല്ല കരിയര്‍ സാധ്യതകളുള്ള പ്രോഗ്രാമുകളാണെങ്കിലും ചിലതില്‍ ചേര്‍ന്നു യോഗ്യത നേടിയവര്‍ക്കു ജോലി കിട്ടാന്‍ താമസം നേരിടുന്നതായി പരാതികളുണ്ട്. കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഓരോന്നിലും യോഗ്യത നേടിയവര്‍ക്കുള്ള ജോലിസാധ്യത വിലയിരുത്തുന്നതു നന്ന്.

പെണ്‍കുട്ടികള്‍ കോഴ്‌സിനു ചേരുന്നതിനു മുന്‍പ് ജോലി ചെയ്യേ ണ്ടിവരുന്ന അന്തരീക്ഷം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഉയര്‍ന്ന വേതനമുള്ള ജോലിയിലേക്കു വഴിതുറക്കുന്ന പഠനമാര്‍ഗമായതിനാലാവാം, ചില കള്ളനാണയങ്ങളും രംഗത്തുണ്ട്. സ്ഥാപനത്തിനും കോഴ്‌സിനും അംഗീകാരമുണ്ടോയെന്ന് മനസ്സിലാക്കിയിട്ടു മാത്രം ചേരുക. ഇത് അറിയാMaritime Training – Approved Training Institutesലിങ്കുകള്‍ വഴി പോയാല്‍മതി. ഇന്ത്യയിലെ എല്ലാ അംഗീകൃതസ്ഥാപനങ്ങളെയും ഓരോന്നിലെയും അംഗീകൃത കോഴ്‌സുകളെയും സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ അവിടെയുണ്ട്.

?മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശനത്തില്‍ വിദേശ ഇന്ത്യക്കാരുടെ മക്കള്‍ക്ക് എത്ര സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്? ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പറയുമോ?

സാധാരണഗതിയില്‍ കേരളത്തിലെ സ്വാശ്രയ പ്രഫഷനല്‍ കോളജുകളിലെ 15% സീറ്റുകള്‍ വിദേശ ഇന്ത്യക്കാര്‍ക്കായി നീക്കിവയ്ക്കാറുണ്ട്. എങ്കിലും ഓരോ വര്‍ഷവും സ്വകാര്യമാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി, എന്‍ ആര്‍ ഐ അടക്കം മാനേജ്‌മെന്റ് സീറ്റുകളും അവയില്‍ വാങ്ങാവുന്ന ഫീസും തീരുമാനിക്കുന്ന ശൈലിയാണുള്ളത്. ഐ ഐ ടി, എന്‍ ഐ ടി എന്നീ മികച്ച സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്കുള്ള സീറ്റുകള്‍ സംബന്ധിച്ച വിവരത്തിന്റ www.dasanit.org എന്ന സൈറ്റ് നോക്കുക.

?ഗള്‍ഫിലും താങ്കള്‍ ജോലി ചെയ്തിട്ടുണ്ട്. ജോലികള്‍ തിരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ഥികളുടെ ഹയര്‍ എജ്യുക്കേഷനിലും പ്രവാസികളോട് എന്താണ് പറയാനുള്ളത്?

മേല്‍സൂചിപ്പിച്ചതുപോലെ കുട്ടികളുടെ പഠനമാര്‍ഗം കണ്ടെത്തുന്നതില്‍ ദീര്‍ഘകാലാസൂത്രണം വേണം. കുട്ടികള്‍ക്ക് ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നല്‍കുന്നതോടൊപ്പം സ്‌നേഹവും നല്‍കണം. അവരുടെ കൊച്ചു ദു:ഖങ്ങളും കൊച്ചു സുഖങ്ങളും നിസ്സാരമെന്നു കരുതി അവഗണിക്കരുത്. സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്കു േബാധ്യമാകും വിധം രക്ഷിതാക്കള്‍ പെരുമാറണം. പാരാമെഡിക്കല്‍, ഫുഡ് ക്രാഫ്റ്റ് മുതലായ കോഴ്‌സുകള്‍ക്കു പോയാല്‍ വേഗം ജോലി കിട്ടിയേക്കാമെങ്കിലും, പില്‍ക്കാലത്ത് ജോലിയില്‍ ഉയരുന്ന കാര്യത്തില്‍ പരിമിതികള്‍ അനുഭവപ്പെടും. ഏതു വ്യക്തിക്കും ജീവിതത്തില്‍ സംതൃപ്തി കൈവരുന്നത് അവര്‍ അര്‍ഹിക്കുന്നതലങ്ങളില്‍ എത്തുമ്പോഴാണ്. ദീര്‍ഘകാല കോഴ്‌സുകളില്‍ ചേരാന്‍ സാമ്പത്തികശേഷിയും സൗകര്യവും ഉണ്ടെങ്കില്‍, തല്‍ക്കാലത്തെ അസൗകര്യം മാത്രം പരിഗണിച്ച ് അത്തരം പഠനമാര്‍ഗങ്ങള്‍ ഉപേക്ഷിക്കരുത്. വിദ്യാലയത്തിലായാലും ജോലിസ്ഥലത്തായാലും കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി പ്രയത്‌നിക്കുന്നവരെയാണ് വിജയം അനുഗ്രഹിക്കുക. മടി കാരണം ഉപരിപഠനത്തില്‍ വിമുഖത കാണിക്കുക, ജോലിക്കാര്യത്തില്‍ ആലസ്യം മൂലം പരമാവധി ശ്രമിക്കാതിരിക്കുക എന്നീ രീതികള്‍ പശ്ചാത്താപത്തിനു വഴി നല്‍കും. ”അന്നു ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഇന്ന് ഇങ്ങനെ വന്നുകൂടില്ലായിരുന്നു” എന്ന മട്ടില്‍ ചിന്തിക്കേണ്ടി വരാറുള്ള പലരെയും നമുക്കെല്ലാവര്‍ക്കും അറിയാമായിരിക്കും. അത്തരക്കാരില്‍ പെടാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കാം. കഠിനാധ്വാനം എന്നൊരു വാക്കുണ്ടല്ലോ. സത്യത്തില്‍ പഠനത്തിനും മറ്റും വേണ്ടി നാം ചെയ്യാറുള്ള ജോലി അത്രയൊന്നും കഠിനമല്ലെന്നതല്ലേ വാസ്തവം?

വിദേശജോലി തേടുന്നവര്‍ നെറികെട്ട ഏജന്റുമാരുടെയും മറ്റും മധുരവാഗ്ദാനങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം. എങ്ങനെയും ഗള്‍ഫ് ജോലി കിട്ടണമെന്ന മട്ടില്‍ ചിന്തിക്കുന്നവരുടെ മുന്നില്‍ പല ചതിക്കുഴികളുമുണ്ട്. ചിന്തിക്കാതെ എടുത്തുചാടി കുഴപ്പത്തിലാകാതിരിക്കാന്‍ ജാഗ്രത വേണം. ശരിയായ അന്വേഷണങ്ങള്‍ നടത്തി സത്യസന്ധമായ കാര്യങ്ങളാണ് നമ്മുടെ മുന്നിലെന്ന് ഉറപ്പുവരുത്തുന്നത് അതീവ പ്രധാനം.

? ഡി ഫാം കോഴ്‌സും ഫാം ഡി കോഴ്‌സും തമ്മിലുള്ള വ്യത്യാസമെന്താണ്. കേരളത്തില്‍ എവിടെയൊക്കെയാണ് ഫാം ഡി കോഴ്‌സ് ചെയ്യാനുള്ള സൗകര്യമുള്ളത്?

തീര്‍ത്തും വ്യത്യസ്ത തലങ്ങളിലുള്ള രണ്ടു കോഴ്‌സുകളാണിവ.

എ) ഡിഫാം: ഇത് ഫാര്‍മസിയിലെ ഡിപ്ലോമ കോഴ്‌സാണ്. രണ്ടു വര്‍ഷവും മൂന്നു മാസവും ആണ് കോഴ്‌സ് ദൈര്‍ഘ്യം. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ ബയോളജി /മാത്ത്‌സ് /ബയോടെക് /കമ്പ്യൂട്ടര്‍ സയന്‍സ് ഇവയിലൊന്നും പഠിച്ച ് പ്ലസ്ടൂ ജയിച്ചവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്.

എ) ഫാം ഡി (Doctor of Pharmacy): പ്ലസ്ടൂ കഴിഞ്ഞ് നാലു വര്‍ഷംകൊണ്ടു ബിഫാമും തുടര്‍ന്നു രണ്ടു വര്‍ഷംകൊണ്ടു എംഫാമും നേടുന്ന പരമ്പരാഗതരീതി നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഫാംഡിക്കു തുടക്കം കുറിച്ചത്. രാഷ്ട്രാന്തരതലത്തിലുള്‍പ്പെടെ എംഫാമിനെക്കാള്‍ ആഴത്തിലുള്ള പഠനപരിശീലനവും ഗവേഷണാത്മക സമീപനവും കൈവരിക്കാന്‍ ഫാംഡിക്കു കഴിയുമെന്നതാണ് ഇതിന്റെ തത്വം.

ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ ബയോളജിയോ മാത്ത്‌സോ കൂടെ പ്ലസ്ടൂവിനു പഠിച്ചവര്‍ക്ക് ആറു വര്‍ഷംകൊണ്ട് ഫാംഡി നേടാം – അഞ്ചു വര്‍ഷത്തെ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും. ഇതിനു പുറമേ, ബിഫാംകാര്‍ക്ക് ഈ പ്രോഗ്രാം മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന സംവിധാനവുമുണ്ട് – രണ്ടു വര്‍ഷത്തെ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും. പക്ഷേ ഈ വഴിയാകുമ്പോള്‍ പ്ല സ്ടൂ കഴിഞ്ഞ് ഏഴു വര്‍ഷം പഠിക്കണം. ചിത്രത്തിനു മറുവശവുമുണ്ടെന്നും ഓര്‍ക്കുക. പ്ലസ്ടൂ കഴിഞ്ഞ് പതിനേഴോ പതിനെട്ടോ വയസ്സുള്ള കുട്ടി ആറു വര്‍ഷം ഒരേ കോഴ്‌സില്‍ചേരാമെന്നു പറഞ്ഞാലും മനസ്സു മടുക്കാതെ അതിദീര്‍ഘമായ ഈ യാത്ര നിര്‍വിഘ്‌നം തുടരാനുള്ള മനസ്ഥിതിയുണ്ടെന്ന് രക്ഷിതാക്കള്‍ വിവേകത്തോടെ മുന്‍കൂട്ടി ചിന്തിച്ച് ഉറപ്പിച്ചിരിക്കണം. കേരളത്തില്‍ താഴെപ്പറയുന്ന സ്ഥാപനങ്ങളില്‍ ഫാംഡി പഠിക്കാന്‍ സൗകര്യമുണ്ട്.

• Academy of Pharmaceutical Sciences, Pariyaram
• Al Shifa, Perintalmanna
• Amrita School of Pharmacy, Kochi
• College of Pharmaceutical Sciences, Medical College Campus, Trivandrum
• Devaki Amma, Pulliparamba , Malappuram
• Grace, Kodunthirappully, Palakkad
• National, Mukkam, Kozhikode
• Nazareth, Othera, Thiruvalla
• Nehru, Thiruvilwamala
• Nirmal, Muvattupuzha
• Pushpagiri, Thiruvalla
• Sree Krishna, Parassala
• St joseph’s, Cherthala
• St.James College Medical Academy Chalakudi
• The Dale View, Poovachal പൂര്‍ണ ലിസ്റ്റിന് www.pci.nic.in  എന്ന സൈറ്റിലെ Approved Colleges ലിങ്ക് നോക്കുക. ഏതേതു കോളജുകളിലാണ് ബിഫാം കഴിഞ്ഞുള്ള ഫാംഡിക്കു സൗകര്യമുള്ളതെന്നും ശ്രദ്ധിച്ചുകൊള്ളുക.

?ഓണ്‍ലൈന്‍ പഠനത്തിലൂടെ ഡിഗ്രി നല്‍കുമെന്ന് പല വെബ്‌സൈറ്റുകളിലും പരസ്യം കാണുന്നുണ്ട്. ഈ രംഗത്തെ അംഗീകൃത സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്?

സ്ഥാപനം ഏതെന്നു വിശദമായി പഠിക്കണം. അംഗീകാരമെന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? സാധാരണഗതിയില്‍ അംഗീകൃതസ്ഥാപനമെന്നതു കൊണ്ട് നാം അര്‍ത്ഥമാക്കുന്നതു രണ്ടു കാര്യങ്ങളാണ്.
(എ) സര്‍വകലാശാലകളിലോ പൊതു മേഖലാ വിദ്യാലയങ്ങളിലോ ഉപരിപഠനത്തിനു പ്രവേശനം
(ബി) സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം.
ഇക്കാലത്ത് ഈ രണ്ടു കാര്യങ്ങളിലും താല്‍പര്യമില്ലാത്ത ധാരാളം പേര്‍ പല കോഴ്‌സുകളിലും ചേര്‍ന്നു പഠിക്കുന്നു. ഏതെങ്കിലും മേഖലയില്‍ നൈപുണ്യം ആര്‍ജ്ജിക്കുക, സ്വകാര്യമേഖലയില്‍ ജോലി സമ്പാദിക്കുക എന്നിവയ്ക്കായിരിക്കും അവരുടെ പഠനലക്ഷ്യം. അങ്ങനെയുള്ളവര്‍ക്ക് അറിയേണ്ടത് വാഗ്ദാനം ചെയ്യുന്ന ഗുണമേന്മയും തൊഴില്‍സാധ്യതയും ആ കോഴ്‌സുകള്‍വഴി നേടാനാവുമോ എന്നതാണ്. ഇതിനായി സ്ഥാപനത്തെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കണം. പരമ്പരാഗത രീതിയില്‍ അംഗീകാരമുളള സ്ഥാപനങ്ങളുടെ തന്നെ വിദൂര ശൈലിയിലുള്ള കോഴ്‌സുകള്‍ക്കും ഓണ്‍ലൈന്‍കോഴ്‌സുകള്‍ക്കും മേല്‍ സൂചിപ്പിച്ച ”അംഗീകാരം” ഇല്ലെന്നു വരാം.

ബി. എസ്. വാരിയര്‍

You must be logged in to post a comment Login