സിവില്‍ സര്‍വീസിലെ എന്റെ 35 വര്‍ഷങ്ങള്‍

സിവില്‍ സര്‍വീസിലെ എന്റെ 35 വര്‍ഷങ്ങള്‍

വിദ്യാഭ്യാസത്തിന് കേരളം നല്‍കുന്ന പ്രാധാന്യവും താത്പര്യവും സിവില്‍ സര്‍വീസ് മേഖലക്ക് നല്‍കാതിരിക്കുന്നതാണ് മലയാളികള്‍ പിന്തള്ളപ്പെട്ടുപോകാന്‍ കാരണം. ഡോക്ടറും എന്‍ജിനീയറുമാവുക എന്നത് ജീവിതത്തിന്റെ സായൂജ്യമായാണ് ഇപ്പോഴും കരുതുന്നത്. സിവില്‍ സര്‍വീസ് ലഭിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുള്ളതിനാല്‍ (ൗിരലൃമേശിശ്യേ) പലരും റിസ്‌കെടുക്കാനും ഒന്നോ രണ്ടോ വര്‍ഷം കളയാനും തയ്യാറാകുന്നില്ല. ഇതുകൊണ്ടാണ് ഏറ്റവും സുരക്ഷിതമായ ലാവണങ്ങളിലേക്ക് പോകാന്‍ പലരും ആഗ്രഹിക്കുന്നത്. എങ്കിലും കൂടുതല്‍ മലയാളികള്‍ സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത് പ്രതീക്ഷയുളവാക്കുന്നതാണ്. നേരത്തെ തിരുവനന്തപുരത്ത് മാത്രമായിരുന്നു പരിശീലന കേന്ദ്രമുണ്ടായിരുന്നത്. ഇന്നിപ്പോള്‍ മിക്ക ജില്ലകളിലും പരിശീലനത്തിന് അവസരങ്ങളുണ്ട്. എല്ലാവര്‍ക്കും ഐ എ എസ് ലഭിക്കുന്നില്ലെങ്കിലും മറ്റ് വിഭാഗങ്ങളില്‍ പ്രവേശനം നേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്ന റാങ്കുകളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോസ്റ്റുഗ്രാജുവേഷന് ശേഷമായിരുന്നു സിവില്‍ സര്‍വീസിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ഈ രണ്ട് വര്‍ഷവും പിന്നീടുള്ള രണ്ടു വര്‍ഷവുമാണ് സിവില്‍ സര്‍വീസിനായി മാനസികമായി തയ്യാറെടുത്തത്.

എങ്ങനെ തയ്യാറെടുക്കാം
ഭൗതികമായ മുന്നൊരുക്കമാണ് ആദ്യമായി വേണ്ടത്. എല്ലാ വിഷയങ്ങളും അറിയാനും അതിന്റെ കാര്യകാരണങ്ങള്‍ കണ്ടെത്താനുമുള്ള താത്പര്യമുണ്ടാകണം. നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കണം. സമൂഹത്തിലും ലോകത്തും നടക്കുന്ന കാര്യങ്ങള്‍ വിമര്‍ശനാത്മകമായ വിലയിരുത്തലിന് വിധേയമാക്കാന്‍ സാധിക്കണം. സിലബസിന് വേണ്ടി പഠിച്ചെടുക്കുക മാത്രമല്ല, പഠിച്ച കാര്യങ്ങള്‍ പേപ്പറില്‍ ഉത്തരമായി വരുമ്പോള്‍ അതിന് കുറച്ച് വെളിച്ചമുളളതാക്കാന്‍ വ്യത്യസ്തമായ രീതികള്‍ കൈകൊള്ളാന്‍ കഴിയണം. ഒന്നും നമുക്ക് അന്യമല്ല എന്ന് തിരിച്ചറിവുണ്ടാകും. അതിന് കഠിനമായ പഠനം തന്നെ വേണം. നിശ്ചിത മാര്‍ക്ക് കിട്ടിയാല്‍ മാത്രം പോര. അടുത്തിരിക്കുന്ന ആളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കണമെന്ന തീവ്രമായ ലക്ഷ്യവും വേണം. കാര്യങ്ങള്‍ ഗ്രഹിച്ചതിലുള്ള വ്യത്യസ്തത ഉത്തര പേപ്പറില്‍ പ്രതിഫലിക്കണം. പരീക്ഷകന്‍ വ്യക്തിത്വ തയ്യാറെടുപ്പിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.

അറിവാണ് പ്രധാനം
സിവില്‍ സര്‍വീസിലേക്കുള്ള ആദ്യ കടമ്പ നാം നേടുന്ന അറിവാണ്. പരന്ന വായന വേണം. ചരിത്രം ഒഴിച്ച് കൂടാനാകാത്തതാണ്. സമകാലിക ചരിത്രവും സമകാലിക രാഷ്ട്രീയവും നന്നായി മനസിലാക്കണം. ഇവയെ കുറിച്ച് കൃത്യമായ ധാരണവേണം. നമ്മള്‍ ജീവിക്കുന്ന രാജ്യത്തെ കുറിച്ചും സമൂഹത്തെ കുറിച്ചുമുള്ള അവബോധം അനിവാര്യമാണ്. ആ അവബോധം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നമ്മളെ നയിക്കും. അതുവഴി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കണ്ടെത്താനും കഴിയുകയും ചെയ്യും.

മറ്റൊന്ന് മൂല്യബോധമാണ്. ഇതില്ലാതെ ഒരു പണ്ഡിതനായിട്ടും കാര്യമില്ല. മൂല്യബോധമില്ലെങ്കില്‍ അധികാരത്തിലിരുന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കും. മൂല്യബോധമാണ് അവന്റെ കവചം. ഭരണ തലത്തിലിരിക്കുന്നയാള്‍ ജനങ്ങളുമായി ബന്ധമുള്ളയാളാകണം.

ബുദ്ധിശക്തി കൂടുതല്‍ വേണോ?
ബുദ്ധിയുടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനല്ല സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ പോകുന്നത്. കൂടുതല്‍ ബുദ്ധി ശക്തിയുള്ളവര്‍ക്ക് മാത്രമുള്ളതല്ല, സിവില്‍ സര്‍വീസ്. സാമാന്യ ബുദ്ധി എല്ലാവര്‍ക്കുമുണ്ട്. ഇതുമതിയാകും സിവില്‍സര്‍വീസിന്റെ പടികടക്കാന്‍. പരീക്ഷ ഒരു പാലം മാത്രമാണ്. പാലം കടന്ന് അക്കരയെത്തുക എന്നതാണ് പ്രധാനം. അക്കരെയെത്തിയിട്ട് പത്രാസ് കാണിക്കാനുള്ള മേഖലയുമല്ല സിവില്‍ സര്‍വീസ്. ബുദ്ധി കൂടുതലുള്ളവരൊന്നും ഈ മേഖലയില്‍ മികച്ച ഉദ്യോഗസ്ഥന്‍മാരായിരുന്നിട്ടില്ല എന്നതാണ് മുന്‍കാല അനുഭവം. ഒന്നാം റാങ്ക് കിട്ടി വന്നവരെയൊന്നും മികച്ച ഉദ്യോഗസ്ഥന്‍മാരായി സര്‍ക്കാറും ജനങ്ങളും ഓര്‍ക്കാറേയില്ല. ബുദ്ധിമാത്രം പോര, ബുദ്ധിയെ വഴി നടത്തുന്ന വിവേകവും താഴ്മയുമാണ് വേണ്ടത്. ബുദ്ധി കുറച്ച് കുറഞ്ഞാലും മനുഷ്യത്വമുണ്ടാവണം. എന്റെ 35 വര്‍ഷത്തെ അനുഭവം അതാണ് എന്നെ പഠിപ്പിച്ചത്.

ഗ്ലാമറില്‍ മയങ്ങേണ്ട
സിവില്‍ സര്‍വീസിന്റെ ഗ്ലാമറില്‍ മയങ്ങി ആരും ഇതിലേക്ക് വരേണ്ടതില്ല. അതിന് സിനിമയില്‍ അഭിനയിച്ചാല്‍ മതി. ഗ്ലാമര്‍ മനസിലാണുണ്ടാകേണ്ടത്. യോഗ്യനാണെന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്. ആത്മവിശ്വാസവും കഴിവും തിരിച്ചറിയുക. അധികാരവും പ്രതാപവും പണവും ഗ്ലാമറുമൊന്നുമല്ല സിവില്‍ സര്‍വീസ്. അവിഹിതമായി ധാരാളം പണം സമ്പാദിക്കാമെന്ന് കരുതിയും ഇതിനായി പരിശ്രമിക്കേണ്ടതില്ല. പരമാധികാരവുമില്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. സര്‍ക്കാറിന്റെ കഴിവുള്ള ഉപകരണമായി തീരാന്‍ അഗ്രഹിക്കുകയും കടമകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവരുമാണ് സിവില്‍ സര്‍വീസിലേക്ക് വരേണ്ടത്. വിരുദ്ധമായ അഭിപ്രായങ്ങളെ സമന്വയിപ്പിക്കാനും ഉള്‍കൊള്ളാനും മനസിലാക്കാനുമുള്ള കഴിവുണ്ടാകണം. തന്റെ അഭിപ്രായം മാത്രമേ നടപ്പിലാക്കൂ എന്ന നിശ്ചയം പാടില്ല. ജനാധിപത്യബോധമില്ലാത്ത തീരുമാനമെടുക്കുമ്പോള്‍ നമ്മളിലെ ഉദ്യോഗസ്ഥന്റെ തിളക്കത്തിന് മങ്ങലേല്‍ക്കുമെന്ന കാര്യം ഓര്‍മയിലുണ്ടാകണം.

 പരിശീലനം വേണോ?

പരിശീലന കേന്ദ്രങ്ങള്‍ അനിവാര്യമല്ല, എന്നാല്‍ അനാവശ്യവുമല്ല. പോയത് കൊണ്ട് സിവില്‍ സര്‍വീസ് കിട്ടണമെന്നുമില്ല, പോകാതിരുന്നാല്‍ കിട്ടാതിരിക്കണമെന്നുമില്ല. എങ്കിലും കൂടുതല്‍ ഗൈഡന്‍സും ശ്രദ്ധയും നമുക്ക് കോച്ചിംഗ് സെന്ററുകളില്‍ ലഭിക്കും. പരിശീലന കേന്ദ്രത്തില്‍ പോകാതെയായിരുന്നു എന്റെ സിവില്‍ സര്‍വീസ് പഠനം. ഏത് ഭാഷയിലും പരീക്ഷയെഴുതാന്‍ ഇന്ന് സാധ്യമാണ്. എങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം വേണം.

രാജ്യത്തെയും സമൂഹത്തെയും കുറിച്ചുള്ള അവബോധം
പ്രാദേശിക രാഷ്ട്രീയത്തില്‍ കവിഞ്ഞുള്ള ദേശീയബോധം കേരളത്തിലെ ജനങ്ങള്‍ക്ക് കുറവാണ്. രാജ്യത്തെ കുറിച്ചുള്ള അവബോധം സിവില്‍ സര്‍വീസിലേക്ക് വരുന്ന കുട്ടികള്‍ക്ക് മുഖ്യമായും വേണം. എന്റര്‍ടൈന്‍മെന്റ് വാല്യു മാത്രമുള്ള രാഷ്ട്രീയത്തിലാണ് പലര്‍ക്കും താത്പര്യം. ദൈനംദിന രാഷ്ട്രീയമാണ് നാം ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തെ ബാധിക്കുന്ന ദീര്‍ഘകാലത്തെ രാഷ്ട്രീയത്തെ കുറിച്ച് മനസിലാക്കുന്നില്ല. രാഷ്ട്രീയത്തെ ധിഷണാപരമായി കാണുന്നില്ല. ഇതിന് നമ്മുടെ മാധ്യമങ്ങളും സഹായിക്കുന്നില്ല. ടെലിവിഷനിലെ അന്നന്നത്തെ എപ്പിസോഡുകളിലാണ് നാം ശ്രദ്ധിക്കുന്നത്. പട്ടിണി മരണമുണ്ടായാല്‍ അതിനെ കുറിച്ച് മനസ് അസ്വസ്ഥമാകുകയും അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്യാനുള്ള മനസുള്ളവര്‍ പ്രഗത്ഭനായ ഉദ്യോഗസ്ഥനായി മാറും.

വിദ്യാഭ്യാസ സമീപനം മാറണം
നമ്മുടെ വിദ്യാഭ്യാസ സമീപനം തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ നിന്ന് അവനെ അകറ്റി നിര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയതാണ് നമ്മുടെ വിദ്യാഭ്യാസ രീതി. കപടമായിട്ടുള്ള ആഢംബരം കടന്ന് കൂടിയിട്ടുണ്ട്. ടൈ കെട്ടിയുള്ള വിദ്യാഭ്യാസം കേരളം പോലെയുള്ള സംസ്ഥാനത്തിന് ഭൂഷണമല്ല. കുട്ടികളെ സാധാരണക്കാരനില്‍ നിന്ന് അസാധാരണക്കാരനാക്കാനുള്ള വ്യഗ്രതയാണ് നമ്മുടെ വിദ്യാഭ്യാസത്തിലുള്ളത്. ഈ വ്യത്യസ്തത ആശാവഹമല്ല. വ്യത്യസ്തമാകുക എന്നാല്‍ അകലുക എന്നാണ് അര്‍ത്ഥം. അകല്‍ച്ചയില്‍ നിന്നാണ് അഴിമതിയുടെയും ജീര്‍ണതയുടെയും ആദ്യ വിത്ത് സമൂഹത്തിലുണ്ടാകുന്നത്. എന്നാല്‍ അടുപ്പമുണ്ടാകാനുള്ള മാര്‍ഗമാണ് ആലോചിക്കേണ്ടത്. വിദ്യാഭ്യാസത്തില്‍ സാമൂഹിക മൂല്യങ്ങള്‍ സ്ഥാനം പിടിക്കണം. ഇതിന് കപടമായ സൂചകങ്ങളെ ഉപേക്ഷിക്കണം. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ ജനങ്ങളെ മനസിലാക്കുന്നതിന് തടസമാണെങ്കില്‍ അത് ഉപേക്ഷിക്കണം. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കാനാകാത്ത വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ജനപക്ഷ മാന്യതയുണ്ടാക്കിയെടുക്കണം. സമൂഹത്തില്‍ പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളെ സൃഷ്ടിച്ചെടുക്കണം. സ്‌കൂളുകളിലാണ് മാറ്റമുണ്ടാകേണ്ടത്. അധികാരം നമ്മളിലൂടെ കൈയാളുമ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ചെറുപ്രായത്തില്‍ അവസരം ലഭിക്കുന്ന ഘട്ടമാണ് സിവില്‍ സര്‍വീസ്. രാജ്യത്തെയാകെ മാറ്റി മറിക്കാമെന്ന് തോന്നുന്ന സമയമാണ് യുവത്വം. ജനങ്ങളുമായി ബന്ധമില്ലെങ്കില്‍ നമ്മുടെ ഊര്‍ജം നഷ്ടമാണ്. സ്വപ്‌നങ്ങളില്ലാത്തയാള്‍ സിവില്‍ സര്‍വീസിലേക്ക് വരരുത്. മനുഷ്യര്‍ക്ക് വേണ്ടി ജീവിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. സമൂഹത്തിന് വേണ്ടി ജീവിക്കുമ്പോള്‍ അവര്‍ നമ്മെ അംഗീകരിക്കും. ചീഫ് സെക്രട്ടറിയാകുമ്പോഴും ഹോം സെക്രട്ടറിയായിരുന്നപ്പോഴും മനുഷ്യരുമായി ഇടപഴകുന്നതിന് എനിക്ക് യാതൊരു തടസമുണ്ടായിരുന്നില്ല.

കുട്ടികളെ സമൂഹത്തില്‍ നിന്ന് അകറ്റരുത്
രാവിലെ മുതല്‍ ട്യൂഷന്‍ കൊടുത്ത് പഠിപ്പിക്കുന്ന കുട്ടിയെ സമൂഹവുമായി ബന്ധമില്ലാത്തവനായി വളര്‍ത്തുകയാണ് ചെയ്യുന്നത്. ജനങ്ങളുമായും സമൂഹവുമായും പ്രകൃതിയുമായും നമ്മുടെ സംസ്‌കാരവും ആശയവും സാഹിത്യവുമായും ബന്ധമില്ലാതെയാണ് കുട്ടികള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇവരെയൊന്നും സിവില്‍ സര്‍വീസിന് അനുയോജ്യരല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം നമ്മുടെ സിവില്‍ സര്‍വീസ് ആകാശ കുസുമമല്ല. ജയിലിനകത്തിട്ട് വളര്‍ത്തുന്നത് പോലെയാകരുത് കുട്ടികളെ വളര്‍ത്തേണ്ടത്. അവരുടെ കാല്‍ മണ്ണില്‍ ഉറപ്പിച്ച് നില്‍ക്കാന്‍ സാധിക്കണം.

എന്റെ വഴികള്‍
അഞ്ചാം ക്ലാസ് വരെ മലയാളം മീഡിയിലും പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലുമായിരുന്നു പഠനം. എം എ ഇംഗ്ലീഷിന് നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴായിരുന്നു സിവില്‍സര്‍വീസ് മോഹം മനസില്‍ പൂവിട്ടത്. സിവില്‍ സര്‍വീസ് സെലക്ഷന്‍ കിട്ടിയ സീനിയര്‍ വിദ്യാര്‍ഥിയായ ഒരു മലയാളി വിദ്യാര്‍ഥിയായിരുന്നു പ്രചോദനമായത്. ആരും എന്നെ നിര്‍ബന്ധിച്ചില്ല. വീട്ടുകാര്‍ പോലും. എല്ലാം എന്റെ തീരുമാനങ്ങള്‍ മാത്രമായിരുന്നു. നാഗ്പൂരില്‍ താമസിച്ച് പഠിച്ചിട്ട് എം എ മാത്രം എടുത്താല്‍ പോരാ എന്ന കുറ്റബോധമുണ്ടായിരുന്നു. എം എ പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ ലഭിച്ചു. പിന്നീട് കേരള യൂനിവേഴ്‌സിറ്റിയില്‍ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ഇവിടെ അധ്യാപകനുമായി ജോലി ചെയ്തു. എം എ കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് സിവില്‍ സര്‍വീസിന്ന് ശ്രമിച്ചത്. എന്നാല്‍, എന്ത് വില കൊടുത്തും സിവില്‍ സര്‍വീസ് കിട്ടിയേ അടങ്ങൂ എന്ന് താന്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ല. 1976ലാണ് ആദ്യമായി പരീക്ഷ എഴുതിയത്. പക്ഷെ, കിട്ടിയില്ല. എന്നാല്‍ ശ്രമിച്ചാല്‍ കിട്ടാവുന്നതേയുള്ളുവെന്ന തോന്നലുണ്ടായി. തൊട്ടടുത്ത വര്‍ഷം സിവില്‍ സര്‍വീസ് സെലക്ഷന്‍ ലഭിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ലോഡ്ജില്‍ മുറിയെടുത്ത് മൂന്ന് മാസം പഠിച്ചു.( അക്കാലത്ത് മൊബൈലില്ലാത്തത് രക്ഷയായി). സാധാരണക്കാരനായി ജീവിച്ചതിനാല്‍ സര്‍വീസില്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ചീഫ് സെക്രട്ടറിയായപ്പോഴും എന്നെ കാണാന്‍ വരുന്നവരെയെല്ലാം പരിഗണിച്ചിരുന്നു. ഓഫീസിന് മുന്നില്‍ എപ്പോഴും ജനങ്ങളുണ്ടാകുമായിരുന്നു. എന്റെ ഓഫീസിന് മുന്നിലെ ആള്‍ക്കൂട്ടം കണ്ടാണ് പലരും ഞാന്‍ ഓഫീസിലുണ്ടെന്ന് മനസിലാക്കിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും കഴിയാവുന്ന തരത്തില്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. ഇതുവരെ രാഷ്ട്രീയം കളിച്ചിട്ടില്ല. ഒരു പാര്‍ട്ടിയെ പിന്തുണക്കുകയോ മറ്റുള്ളവര്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. സമ്മര്‍ദങ്ങള്‍ പലതുമുണ്ടാകും. സമര്‍ദങ്ങള്‍ അതിജീവിക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ല. ഭഗവദ്ഗീത പറയുന്നുണ്ട്. നീ നിന്റെ കര്‍മം ചെയ്യുക. കര്‍മത്തിന്റെ ഫലം ദൈവത്തിന് വിട്ടുകൊടുക്കുക എന്ന്. നിങ്ങള്‍ നിയമപ്രകാരം ചെയ്യാന്‍ നിയുക്തനായിട്ടുള്ളത് എന്താണ് അത് ചെയ്യുക. ഹിതകരമല്ലാത്തത് ചെയ്യാന്‍ പലരും ആവശ്യപ്പെടും. അനുസരിക്കാതിരുന്നാല്‍ അവര്‍ക്ക് നീരസമുണ്ടാകും. അനുസരിച്ചില്ലെങ്കില്‍ നമ്മെ ആ സ്ഥാനത്ത് നിന്ന് മാറ്റും. എപ്പോഴും മാറ്റത്തിന് തയ്യാറായ മനസോടെയാണ് സര്‍വീസില്‍ ഇരിക്കേണ്ടത്. ഒരു സ്ഥാനവും ശാശ്വതമല്ലെന്ന് മനസിലാക്കണം. തുടക്കത്തില്‍ തന്നെ നിവര്‍ന്ന് നിന്നാല്‍ ഒന്നും സംഭവിക്കില്ല. മുതുക് വളഞ്ഞ് നിന്നാല്‍ ഒരു പാട് പേര്‍ കയറി നിന്ന് മുതുക് ഒടിച്ച് കളയും. ആരു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നീതി ചെയ്യുക. ശുപാര്‍ശ പറയാന്‍ ആളില്ലാത്തവര്‍ക്ക് അര്‍ഹമായത് ലഭിക്കാതിരിക്കരുത്.

കെ ജയകുമാര്‍ ഐഎഎസ്‌

കേട്ടെഴുത്ത്:
ജലീല്‍ കല്ലേങ്ങല്‍പ്പടി

You must be logged in to post a comment Login