ദുരന്തങ്ങളില്‍ കണ്ണുംനട്ട് ഒരു മനസ്സ്

ദുരന്തങ്ങളില്‍ കണ്ണുംനട്ട്  ഒരു മനസ്സ്

പിന്നെ നീയിപ്പോള്‍ പറഞ്ഞ അപകടപ്പേടിയുടെ കാര്യം. അപകടം ആര്‍ക്കും എപ്പോഴും വരാം. പക്ഷേ നിന്നെപ്പോലൊരാള്‍ അപകടങ്ങളെപ്പേടിച്ച് സദാ കാത്തിരിക്കുക എന്നത് അസ്സല്‍ കിറുക്ക് തന്നെയാണ്. എന്താ നീ പറഞ്ഞത്. അപകടം മാത്രമല്ല, അപകടാനന്തരം വരുന്ന പത്രവാര്‍ത്തയുടെ ശീര്‍ഷകങ്ങള്‍ പോലും നിനക്ക് അലോസരമുണ്ടാക്കുന്നു എന്ന്, അല്ലേ.
നീ ഒന്നുകൂടി പറഞ്ഞേ, ആ വാര്‍ത്താവാചകങ്ങള്‍?
‘റോഡ് മുറിച്ചുകടക്കവേ യുവാവ് കാറിടിച്ച് മരിച്ചു,’ ‘വണ്ടി പുഴയിലേക്ക് മറിഞ്ഞ് മദ്‌റസാധ്യാപകനും മൂന്നംഗ കുടുംബവും മരിച്ചു,’ ‘ട്രെയിനില്‍ നിന്ന് വീണ് യുവപണ്ഡിതന്‍ മരിച്ചു,’ ‘ചരക്കുലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി; മദ്‌റസാധ്യാപകന്റെ തലച്ചോര്‍ നടുറോട്ടില്‍ ചിതറി…’

നിര്‍ത്ത്, നിര്‍ത്ത്!!! മറ്റെന്തെല്ലാം കാര്യങ്ങള്‍ ചിന്തിക്കാനുണ്ട് മനുഷ്യന്. എന്നിട്ട് നീയെന്തിനാ ചങ്ങാതീ ഈ നിലക്ക് നെഗറ്റീവായിച്ചിന്തിച്ച് സ്വയം ഉരുകുന്നത്. നീ ഇതുനോക്ക്! ഞാന്‍ എന്റെ മുട്ടും കൈയില്‍ തിണര്‍ത്ത ഒരു ഉണല്‍ കാണിച്ചു. ഇത് കണ്ടോ. ഒരരിമൊട്ടായി വെള്ളം നിറഞ്ഞ് നില്‍ക്കുകയാണ്. എനിക്കിതിനെ മൈന്റ് ചെയ്യാതെ വെറുതെ വിടാം. അല്ലെങ്കില്‍ എനിക്കിതിനെ മാന്തിപ്പൊട്ടിച്ച് ചൊറിഞ്ഞ് ചുരണ്ടി ചോരവരുത്തിക്കാം. നാളെയിതൊരു പുണ്ണായി മാറും. മറ്റന്നാള്‍ എനിക്കതിന്റെ പൊറ്റ അടര്‍ത്തി പിന്നെയും മാന്തിപ്പൊളിക്കാം. അപ്പോള്‍ അതൊരു പെരുംപുണ്ണായി പുറത്തുവരും. പക്ഷേ ചങ്ങാതീ, ഞാനതിന് നില്‍ക്കേണ്ട കാര്യമുണ്ടോ?

വാസ്തത്തില്‍ നീ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. നീ ജീവിതത്തിന്റെ പ്രഭാവലയത്തില്‍ നിന്ന് തലവെട്ടിച്ച്, ഇത്തരം ചിന്തകളുടെ ഇരുളില്‍ തല പൂഴ്ത്തിവെക്കുന്നു. മക്കള്‍ മദ്‌റസയിലേക്ക് പോവുമ്പോള്‍ ജീപ്പു കയറിയിറങ്ങിയ അവരുടെ മയ്യിത്തായിരിക്കുമോ ഇനി വീട്ടില്‍ തിരിച്ചെത്തുക എന്ന് ചിന്തിക്കുന്നു. നീ യാത്ര ചെയ്യുന്ന ട്രെയിന്‍ ഓരോ പാലം കടക്കുമ്പോഴും ഇതാ കടലുണ്ടി ആവര്‍ത്തിക്കാന്‍ പോവുന്നു, എന്ന് ചിന്തിക്കുന്നു. നീ കയറിയ സൂപ്പര്‍ഫാസ്റ്റ് കുതറിപ്പായുമ്പോള്‍ പൂക്കിപ്പറമ്പ് മോഡല്‍ തീപ്പിടുത്തം പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു. എന്തിനധികം, ഒരതിഥിയായി ചെല്ലുന്നിടത്തുനിന്ന് ഒരു ജ്യൂസ് ഗ്ലാസ് നിനക്ക് വെച്ചുനീട്ടുമ്പോള്‍ അത് കൈയില്‍ നിന്ന് വീണ് നൂറു കഷ്ണമായി ചിതറിയേക്കുമെന്നും സുഹൃത്തിന്റെ കുഞ്ഞിനെ ആരമ്പത്തില്‍ കൈയില്‍ തരുമ്പോള്‍ അത് പിടിവിട്ട് തറയില്‍ വീണ് തല പൊട്ടുമെന്നൊക്കെ വെറുതെ നീ ശങ്കിക്കുന്നു. നീ ഒരു മരപ്പൊട്ടനാണെന്ന് ഞാന്‍ പറയുന്നില്ല. നിനക്കൊരു ബിഹാവിയറല്‍ തകരാറുണ്ടെന്ന് പറഞ്ഞിട്ട് നീ അംഗീകരിക്കുന്നുമില്ല.

സുഹൃത്തെ, ഇതൊരു സൈക്കോ തകരാറാണെന്ന് നീ മനസ്സിലാക്കാന്‍ ശ്രമിക്ക്. സമയമെടുത്തുള്ള തെറാപ്പിയിലൂടെ മാത്രമേ ഇതില്‍ നിന്ന് അഴിഞ്ഞ് പോരാന്‍ നിനക്കാവൂ. നീ അതിന് ശ്രമിക്കാത്ത പക്ഷം നിന്റെ ജീവിതം കട്ടപ്പുകയായി മാറും. ബിഹാവിയറല്‍ തകരാറുകളുടെ ഒരു പ്രശ്‌നം അതിനെ നിഷ്‌കരുണം ചുരണ്ടിയെറിഞ്ഞില്ലെങ്കില്‍ അത് മരിക്കുവോളം പിന്നാലെ പോരും. നരകേറി കൂനൊടിഞ്ഞാലും ആ ദുശ്ശീലങ്ങള്‍ നിന്നെ വിടില്ല. എനിക്കവനോട് ജനാര്‍ദ്ദനന്‍ മാഷുടെ കഥ പറയണമായിരുന്നു. അതിലേക്കുള്ള മുഖവുരയായി, അവന്‍ മദ്‌റസ പഠിപ്പിക്കുന്ന വേളയില്‍ മോഷണ സ്വഭാവമുള്ള കുട്ടികളെ എപ്പോഴെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചു ഞാന്‍. അവന്‍ രണ്ട്മൂന്ന് അനുഭവങ്ങള്‍ പറഞ്ഞതും അവരെയൊക്കെ തച്ചുചാറാക്കി എന്നത് പങ്കു വെച്ചതും എനിക്കനുകൂലമായി വന്നു. സെക്രട്ടറിയുടെ സമ്പന്നനായ അനുജന്റെ മകനായിരുന്നു, ഒരു കുട്ടി മോഷ്ടാവ്. അവന്‍ കക്കുന്നതോ, പണമോ പൊന്നോ ഒന്നുമല്ല; ചോക്ക്‌പൊട്ട്, ഡസ്റ്റര്‍, ഉസ്താദിന്റെ ഉറുമാല്‍… അങ്ങനെ എന്തെങ്കിലും. എന്തെങ്കിലും കക്കണം എന്നേയുള്ളൂ. ഇന്നത് എന്ന നിര്‍ബന്ധം ഇല്ല. നാട്ടിലും മറുനാട്ടിലുമായി സമ്പത്ത് കുമിഞ്ഞ ഉപ്പാന്റെ മോന് കക്കേണ്ടുന്ന ആവശ്യമേ ഇല്ല.

ഞാനതില്‍ പിടിച്ചുകേറി. സുഹൃത്തെ, ക്ലെപ്‌ടോമാനിയ എന്ന ചേഷ്ടാദീനമാണത്. അതിനെ അതിന്റെതായ രീതിയില്‍ ചികിത്സിക്കണം. അടിച്ചിട്ടും കൊന്നിട്ടും ഒന്നും കാര്യമില്ല. നിനക്ക് ഞാന്‍ ഒരു മാഷിന്റെ കഥ പറഞ്ഞുതരാം. കൂത്തുപറമ്പിനടുത്തുള്ള തൊക്കിലങ്ങാടിയില്‍ ദര്‍സില്‍ പഠിക്കുന്ന കാലത്ത് ചെലവുകുടിയിലെ സുഹൃത്താണ് എനിക്കത് പച്ചക്ക് കാണിച്ചു തരുന്നത്. ഞാനും അവനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ ഉപ്പാക്ക് പലചരക്ക് സാമാനങ്ങളുടെ കച്ചോടമാണ്. വര്‍ക്കലക്കാരനായ ജനാര്‍ദ്ദനന്‍ മാഷ് ആ കടയില്‍ നിന്നാണ് സാധനം വാങ്ങാറ്. കടയില്‍ വന്നാല്‍ ധാന്യച്ചാക്കുകളുടെ മറപറ്റി പമ്മിപ്പമ്മിയൊരു കളിയുണ്ട് മാഷിന്. വളരെ സാഹസപ്പെട്ട് എന്തെങ്കിലും ഇസ്‌കുകയായിരിക്കും അന്നേരം മാഷ്. പീടികക്കാരന്‍ അസ്സൈനാര്‍ക്ക ഇതു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിച്ചതാണ്. പത്തുമുപ്പത്തിനാല് വര്‍ഷം മുമ്പാണ് വാദ്യാര്‍ജോലി തേടി വര്‍ക്കലയില്‍ നിന്നും മാഷ് കൂത്തുപറമ്പിലെത്തിയത്. മാഷിന്റെ കക്കുരോഗം ഒരു രഹസ്യമാക്കി വെച്ചിരിക്കുകയാണ് അസൈനാര്‍ക്ക. മാഷല്ലേ, അഭിമാനം കുറയണ്ട എന്നുകരുതിയിട്ട്. ചില വൈകുന്നേരങ്ങളില്‍ മകന്‍ മഅ്‌റൂഫിനെ കടയിലിരുത്തി പുറത്ത് പോവുമ്പോള്‍ പ്രത്യേക നിര്‍ദേശവും കൊടുക്കും: മാഷ് കാണാതെയെടുക്കുന്ന സാധനത്തിന്റെ വില കൂട്ടിക്കോ, അത് ഉറക്കെ പറയരുത്.

മഅ്‌റൂഫ് എന്നെ വിളിച്ചു ഒരുനാള്‍; നിനക്കൊരു വിറ്റ് കാണണമെങ്കില്‍ അസ്വര്‍ നിസ്‌കരിച്ച് പീടികയില്‍ വാ. അവനെനിക്ക് ചില ക്ലൂകള്‍ തന്നു. ഞാന്‍ എന്തോ ചില സാധനങ്ങള്‍ വാങ്ങാന്‍ വന്ന സാധാരണക്കാരന്റെ മട്ടില്‍ ഓരോരോ സാധനങ്ങള്‍ നോക്കിക്കൊണ്ടിരുന്നു. പക്ഷേ എന്ത് നോക്കുമ്പോഴും എന്റെ ഒരു കണ്ണ് ജനാര്‍ദനന്‍ മാഷുടെ വലതുകൈയില്‍ പറ്റിച്ചുവെച്ചിരുന്നു. മാഷ് ഇപ്പോള്‍ ഉള്ളത് തേങ്ങപ്പിണ്ണാക്കിന്റെ ചാക്കിനരികിലാണ്. മാഷ് രണ്ടുകഷ്ണം പിണ്ണാക്ക് ഇറുക്കിയെടുത്ത് അരയില്‍ തിരുകിക്കയറ്റിക്കഴിഞ്ഞു. അടുത്ത ഉന്നം തക്കാളിയാണ്. എന്റെ വലതുകൈ ചെയ്യുന്ന കാര്യങ്ങളൊന്നും എന്റെ അറിവോടും സമ്മതത്തോടും കൂടി അല്ലായ്കയാല്‍ ഞാനതിനൊന്നും ഉത്തരവാദിയല്ല എന്ന ഭാവത്തില്‍ പകുതി ആളുകണ്ടും പകുതി ആളു കാണാതെയും ചെമന്നൊരു തക്കാളി മാഷ് അരയില്‍ തിരുകി. അടുത്തത് മുട്ടയാണ്. സോഷ്യല്‍ സയന്‍സിന്റെ ക്ലാസില്‍ ഞങ്ങള്‍ക്ക് പൗരധര്‍മവും മൂല്യമീമാംസയും പഠിപ്പിച്ച് നോട്ട് പറഞ്ഞു തരുന്ന സാക്ഷാല്‍ ജനാര്‍ദ്ദനന്‍ മാഷ്, ലക്ഷണമൊത്തൊരു കോഴിമുട്ടയെടുത്ത് കോന്തലയില്‍ ഇറുക്കുന്നത് മനോഹരമായി ഞാനും മഅ്‌റൂഫും അന്തം വിട്ടു നോക്കിനിന്നു. കോഴിമുട്ട ഇസ്‌കലിലാണ് മാഷുടെ വിരുതെന്ന് അസൈനാര്‍ക്ക പറയാറുണ്ടത്രേ.

ചെറുപ്പത്തില്‍ എപ്പോഴോ പിടിപെട്ട ഈ കക്കുദീനം പഠിച്ചു മാഷായി നരച്ച് പിരിയാനായിട്ടും വിട്ടുപോവാത്തത് കാണുന്നില്ലേ എന്ന് നിന്നോട് ഞാന്‍ മൊഴിഞ്ഞുപറയുന്നത്, ബിഹാവിയറല്‍ ദീനങ്ങളുടെ അള്ളിപ്പിടി സ്വഭാവത്തിന്റെ ആഴം നിന്നെ ബോധ്യപ്പെടുത്താനാണ്. ശരിയായ നേരത്ത് ഉചിതമായ ചികിത്സനല്‍കി മാറ്റിയെടുത്തില്ലെങ്കില്‍ ജീവിതം തന്നെ താറുമാറായിപ്പോകും, ഇത്തരം ശീലക്കേടുകളാല്‍. ഇത് നീ നല്ലോണം മനസ്സിലാക്കി ഞാന്‍ പറയുമ്പോലെ ചെയ്താല്‍ നിനക്ക് രക്ഷപ്പെടാം. അല്ല നിന്റെ ഈ മുഷ്‌കും ഈ നിഷേധവും, ഈ ധിക്കാരവും, ഈ സംശയവും വെച്ച് നീ മുന്നോട്ട് പോവുകയാണെങ്കില്‍ നീ ഒരു കാലത്തും കരപറ്റുമെന്ന് കരുതരുത്. നീ ഒടുവില്‍ ചോദിച്ച ഈ ചോദ്യങ്ങള്‍ മറ്റൊരാളോടായിരുന്നെങ്കില്‍ നിന്നെ നുള്ളി ഇറച്ചിയെടുത്തേനെ. പക്ഷേ എന്റെ സ്വഭാവമുദ്ര സൗമ്യത ആയതുകൊണ്ട് ഞാനതിനെല്ലാം അക്കമിട്ട് നിനക്ക് മറുപടി പറഞ്ഞുതരാം. നീ ഇവിടെ പുറത്ത് തന്നെ ഇരിക്ക്. ഞാനൊന്നകത്തുപോയി വരാം. എനിക്ക് പനിക്കുന്നതിന് പുറമേ വയറത്ര ശരിപോരാ എന്ന് നിന്നോട് പറഞ്ഞിട്ടില്ലേ. ഞാന്‍ തിരിച്ചുവരുംവരെ നല്ലതുമാത്രം ചിന്തിച്ച് നീ ഈ പുറത്ത് കാത്തിരി!

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login