ആര്‍ക്കിടെക്ചര്‍ പഠിച്ചാല്‍ ആവോളം സാധ്യതകള്‍

ആര്‍ക്കിടെക്ചര്‍ പഠിച്ചാല്‍ ആവോളം സാധ്യതകള്‍

ബുര്‍ജ് ഖലീഫ. മേഘപാളികളെ തൊട്ടുകിടക്കുന്ന ഈ അംബരചുംബി കാണുന്നവരുടെയെല്ലാം മനസ് കീഴടക്കുമെന്ന കാര്യമുറപ്പ്. 163 നിലയുള്ള പടുകൂറ്റന്‍ കെട്ടിടത്തിന്റെ ബാഹ്യസൗന്ദര്യത്തേക്കാള്‍ അത് കെട്ടിപ്പൊക്കിയ എന്‍ജിനിയറിങ് മികവ് ആലോചിച്ചാണ് നിങ്ങള്‍ അതിശയം കൊള്ളുന്നതെങ്കില്‍ ഉള്ളിലെവിടെയോ ഒരു ആര്‍കിടെക്റ്റ് ഒളിഞ്ഞുകിടപ്പുണ്ടെന്നാണര്‍ഥം. കെട്ടിടങ്ങളുടെ രൂപകല്പനയില്‍ താത്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ സാധ്യതയാണ് ആര്‍ക്കിടെക്ചര്‍. ലോകത്ത് ഇന്ന് ഏറ്റവും വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണ് കെട്ടിടനിര്‍മാണം. ആസൂത്രിത നഗരവത്കരണവും ആഗോളീകരണവും കെട്ടിടനിര്‍മാണ വ്യവസായത്തിന് വന്‍കുതിപ്പ് നല്‍കിയിട്ടുണ്ട്. അവികസിത രാജ്യങ്ങള്‍ പോലും കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ മത്സരിക്കുകയാണ്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ആര്‍കിടെക്റ്റിന് രാജ്യത്തിനകത്തും പുറത്തും ഇഷ്ടം പോലെ അവസരങ്ങളുണ്ട്. സ്വകാര്യമേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളിലും ഇപ്പോള്‍ ആര്‍കിടെക്റ്റിന് ജോലി സാധ്യത വര്‍ധിച്ചിരിക്കുന്നു. സ്വന്തമായി ആര്‍കിടെക്ചര്‍ സ്ഥാപനങ്ങള്‍ നടത്തുകയോ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുകയോ ചെയ്യാനും അവസരമേറെ.

എന്താണീ ആര്‍ക്കിടെക്ചര്‍?
കെട്ടിടങ്ങളുടെ പ്ലാനിങ്, രൂപകല്പന,നിര്‍മാണം എന്നിവയുടെ സമഗ്രപഠനമാണ് ആര്‍ക്കിടെക്ചര്‍. സൃഷ്ടിപരവും കലാപരവുമായ ശേഷി, ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, സൗന്ദര്യബോധം എന്നിവയുളളവര്‍ക്ക് ആര്‍ക്കിടെക്ചര്‍ കരിയറായി തിരഞ്ഞെടുക്കാം. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി. ആര്‍ക്), മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എം.ആര്‍ക്) എന്നീ രണ്ടു കോഴ്‌സുകളാണ് ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ പഠിക്കാനുള്ളത്. അഞ്ചുവര്‍ഷമാണ് ബി.ആര്‍ക് കോഴ്‌സിന്റെ കാലാവധി. മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച് അമ്പതുശതമാനത്തില്‍ കുറയാത്ത മാര്‍ക്കുമായി പ്ലസ്ടു ജയിച്ച ആര്‍ക്കും ബി.ആര്‍ക് പ്രവേശനത്തിന് അര്‍ഹതയുണ്ട്. ഇവര്‍ക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണമെന്ന് മാത്രം. സാധാരണ എന്‍ജിനീയറിങ് കോളേജുകളില്‍ ബി.ആര്‍ക് കോഴ്‌സ് നടത്താറില്ല. ഇതിനായി പ്രത്യേക കോളേജുകളുണ്ട്. പ്രവേശനത്തിനായി പ്രത്യേകമായ എന്‍ട്രന്‍സ് പരീക്ഷയും എഴുതേണ്ടതുണ്ട്.

ബി.ആര്‍കിന് പ്രവേശനം കിട്ടാന്‍
കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ നടത്തുന്ന പൊതു എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുക. എന്നാല്‍ ബി.ആര്‍ക് കോഴ്‌സിന് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) എന്ന പേരിലുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയെഴുതി കഴിവു തെളിയിക്കണം. ആര്‍ക്കിടെക്ചറല്‍ വിദ്യാഭ്യാസത്തിന്റെ ദേശീയനിയന്ത്രണ സംവിധാനമായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് ‘നാറ്റ’ പരീക്ഷയുടെ സംഘാടകര്‍. പ്ലസ്ടുവിന്റെ മാര്‍ക്ക്, നാറ്റ സ്‌കോര്‍ എന്നിവ 50:50 അനുപാതത്തില്‍ വിലയിരുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. രണ്ട് ഭാഗങ്ങളാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുണ്ടാകുക. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍ അധിഷ്ഠിത വിവരണാത്മക എഴുത്തുപരീക്ഷയും ഒരു മണിക്കൂര്‍ നേരത്തെ ഓണ്‍ലൈന്‍ പരീക്ഷയും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയില്‍ കെട്ടിടങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ചിത്രങ്ങള്‍ വരയ്ക്കാനുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് വിദഗ്ധരാണ് എഴുത്തുപരീക്ഷയിലെ ചിത്രങ്ങള്‍ വിലയിരുത്തി മാര്‍ക്കിടുക.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയില്‍ 40 മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ചോദ്യങ്ങളുണ്ടാകും. കെട്ടിടനിര്‍മാണത്തെക്കുറിച്ചുളള പ്രാഥമികവസ്തുതകള്‍, കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍, ഉദ്യോഗാര്‍ഥിയുടെ സൗന്ദര്യബോധവും നിരീക്ഷണപാടവും അളക്കുന്ന ചോദ്യങ്ങള്‍ എന്നിവയാണ് ഓണ്‍ലൈന്‍ പരീക്ഷയിലുണ്ടാകുക. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. എത്ര തവണ വേണമെങ്കിലും ‘നാറ്റ’ പരീക്ഷയെഴുതാന്‍ അവസരമുണ്ട്.

‘നാറ്റ’ സ്‌കോര്‍ നേടിയാല്‍
‘നാറ്റ’ എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം 40 ശതമാനം മാര്‍ക്ക് നേടിയാല്‍ ഉപരിപഠനത്തിനുള്ള യോഗ്യത ലഭിക്കും. രണ്ടുവര്‍ഷത്തേക്കാണ് ‘നാറ്റ’ സ്‌കോര്‍ കാര്‍ഡിന് സാധുതയുള്ളത്. അതിനുള്ളില്‍ ഏതെങ്കിലും ആര്‍ക്കിടെക്ചര്‍ കോളേജില്‍ അഡ്മിഷന്‍ നേടിയിരിക്കണം. കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ ബി.ആര്‍ക് പ്രവേശനത്തിനായി എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നില്ലെന്ന് മുമ്പേ പറഞ്ഞല്ലോ. എന്നാല്‍ ‘നാറ്റ’ യോഗ്യത നേടിയവര്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. വിവിധ കോളേജുകളിലെ ബി.ആര്‍ക് മെറിറ്റ് സീറ്റുകളിലേക്കുളള അലോട്ട്‌മെന്റ്, കൗണ്‍സലിങ് എന്നിവ എന്‍ട്രന്‍സ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടക്കുക. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിവിധ കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

പഠനം കേരളത്തില്‍
കേരളത്തില്‍ വിവിധ സര്‍ക്കാര്‍,സ്വകാര്യ കോളേജുകളും ആര്‍ക്കിടെക്ചര്‍ സ്‌കൂളുകളും ബി.ആര്‍ക് കോഴ്‌സ് നടത്തുന്നുണ്ട്. നാറ്റ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിലെ പ്രവേശനം. സ്വകാര്യകോളേജുകളില്‍ പ്രവേശനം നേടും മുമ്പ് അവിടുത്തെ കോഴ്‌സിന് ഏതെങ്കിലും സര്‍വകലാശാലയുടെയും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെയും അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം. കോളേജ് ഓഫ് എന്‍ജിനീയറിങ് (സി.ഇ.ടി.), ശ്രീകാര്യം, തിരുവനന്തപുരം (40 സീറ്റുകള്‍), ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, തൃശൂര്‍ (40), കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വെള്ളനാട്, തിരുവനന്തപുരം (120), ടി.കെ.എം. കോളേജ് ഓഫ് എന്‍ജിനീയറിങ്, കൊല്ലം (80), ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം (40), രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പാമ്പാടി, കോട്ടയം (40), ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, പാലക്കാട് (40), ഹോളി ക്രസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ആലുവ (40), ഏഷ്യന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വൈറ്റില, കൊച്ചി (40), സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, മൂവാറ്റുപുഴ (40), കെ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കുഴിവേലിപ്പടി, ആലുവ (40), ഐ.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചിറ്റിലപ്പള്ളി, തൃശൂര്‍ (40), തേജസ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, തൃശൂര്‍ (40), സ്‌നേഹ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, പാലക്കാട് (40), ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചേലേമ്പ്ര, മലപ്പുറം (40), എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്, കുറ്റിപ്പുറം (40), അല്‍-സലാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, പെരിന്തല്‍മണ്ണ, മലപ്പുറം (40), വേദവ്യാസ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മലപ്പുറം (40), ഏറനാട് നോളേജ് സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മഞ്ചേരി, മലപ്പുറം (40),കെ.എം.സി.ടി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, മണാശേരി, കോഴിക്കോട് (40), കെ.എം.സി.ടി. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കളന്‍തോട്, കോഴിക്കോട് (40), എം.ഇ.എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കക്കോടി, കോഴിക്കോട് (40), എന്നീ സ്ഥാപനങ്ങളിലാണ് നിലവില്‍ ബി.ആര്‍ക് കോഴ്‌സ് നടക്കുന്നത്.

കേരളത്തിന് പുറത്ത്
കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ബി.ആര്‍ക് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളും സര്‍വകലാശാലകളുമുണ്ട്. ന്യൂഡല്‍ഹിയിലെ ദി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, മുംബൈയിലെ ബല്‍വന്ത് സേത്ത് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, പനാജിയിലെ ഗോവ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, ഭാരത് യൂണിവേഴ്‌സിറ്റി, ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി, എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, മണിപ്പാലിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹരണം. ബി.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ആര്‍ക് എന്ന ഉപരിപഠനസാധ്യതയും ഈ സ്ഥാപനങ്ങള്‍ ഒരുക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, അര്‍ബന്‍ ഡിസൈന്‍, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിങ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ്, ബില്‍ഡിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട് പ്ലാനിങ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും സ്‌പെഷലൈസ് ചെയ്തുകൊണ്ടാണ് എം.ആര്‍ക് കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടത്.
റസല്‍

You must be logged in to post a comment Login