എച്ച്ആര്‍ രംഗത്ത് കേമന്‍മാരാകാന്‍

എച്ച്ആര്‍ രംഗത്ത് കേമന്‍മാരാകാന്‍

ഓരോ സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ അവിടെ കഠിനാധ്വാനം ചെയ്ത ജീവനക്കാരുടെ വിയര്‍പ്പുകൂടിയുണ്ട്. അത് കൃത്യമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ മാനേജ്‌മെന്റ് സംസ്‌കാരം. തൊഴിലാളികളെ ശത്രുക്കളായി കണ്ടിരുന്ന പഴഞ്ചന്‍ സിദ്ധാന്തങ്ങളൊക്കെ കമ്പനികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് മികച്ച പ്രവര്‍ത്തനശേഷി ഉറപ്പുവരുത്തുക എന്നതാണ് ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം നയം. അതിന്റെ ഭാഗമായി ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.) എന്ന പ്രത്യേകവിഭാഗം തന്നെ എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നു. മുമ്പ് പേഴ്‌സണല്‍ മാനേജ്‌മെന്റ്, ലേബര്‍ വെല്‍ഫെയര്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നൊക്കെയുള്ള പേരുകളിലായിരുന്നു ഈ വകുപ്പുകള്‍ അറിയപ്പെട്ടിരുന്നത്.

ഒരു സ്ഥാപനത്തിലെ മനുഷ്യശേഷിയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നവരെയാണ് ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (എച്ച്.ആര്‍.എം.) പ്രൊഫഷനലുകള്‍ എന്ന് വിളിക്കുന്നത്. കമ്പനിയുടെ സ്വഭാവത്തിന് യോജിച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതില്‍ തുടങ്ങി അവര്‍ക്ക് പരിശീലനം നല്‍കി മികച്ച ജീവനക്കാരായി മാറ്റിയെടുക്കുന്നതുവരെയുള്ള ഉത്തരവാദിത്തം എച്ച്.ആര്‍. എക്‌സിക്യൂട്ടീവിന്റേതാണ്.

മുമ്പൊക്കെ സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമിന്റെ സ്‌പെഷലൈസേഷന്‍ വിഷയമായിരുന്നു ഹ്യുമന്‍ റിസോഴ്‌സസ് (എച്ച്.ആര്‍.) മാനേജ്‌മെന്റെങ്കില്‍ ഇപ്പോഴത് സ്വതന്ത്രമായ പഠനശാഖയായി വികസിച്ചുകഴിഞ്ഞു. പ്രൊഫഷനല്‍ മികവിന് പുറമെ ആകര്‍ഷകമായ വ്യക്തിത്വം കൂടിയുള്ളവര്‍ക്കേ ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കൂ. വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന ജീവനക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ അനുതാപപൂര്‍വം കേട്ട് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിവുള്ളവനാകണം എച്ച്.ആര്‍. എക്‌സിക്യൂട്ടീവ്.

എച്ച്ആര്‍ എക്‌സിക്യൂട്ടീവിന്റെ ജോലികള്‍

ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം, ജോലിയിലെ മികവ് വിലയിരുത്തല്‍, പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍, തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കല്‍ എന്നിവയെല്ലാം എച്ച്.ആര്‍. വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. അതില്‍ റിക്രൂട്ട്‌മെന്റ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴിയും പത്രപരസ്യങ്ങള്‍ വഴിയും ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റകള്‍ തരംതിരിച്ച് അവരില്‍ നിന്ന് യോഗ്യരായവരെ അഭിമുഖത്തിലൂടെ കണ്ടെത്തുന്ന പ്രക്രിയയാണ് റിക്രൂട്ട്‌മെന്റ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് കമ്പനിയുടെ രീതികളെക്കുറിച്ചും തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും പരിശീലനം നല്‍കേണ്ടതും എച്ച്.ആര്‍. വിഭാഗമാണ്. ഓരോ ജീവനക്കാരനും പ്രത്യേകമായ കഴിവുകളും താത്പര്യങ്ങളുമുണ്ടാകും. അത് കൃത്യമായി കണ്ടെത്തി അതിനു പറ്റിയ വിഭാഗത്തിലേക്ക് നിയോഗിച്ചാല്‍ ജീവനക്കാരുടെ ഉല്പാദനക്ഷമത ഏറെ വര്‍ധിക്കും. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി അവര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്യുന്നതും എച്ച്.ആര്‍. വിഭാഗമാണ്.

ഹ്യുമന്‍ റിസോഴ്‌സസില്‍ സ്‌പെഷലൈസേഷനോടെയുള്ള എം.ബി.എ. ആണ് എച്ച്.ആര്‍. എക്‌സിക്യുട്ടീവുകള്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു.), എല്‍.എല്‍.ബി. ബിരുദങ്ങളുള്ളവരെയും എച്ച്.ആര്‍. വിഭാഗത്തിലേക്ക് പരിഗണിക്കുമെങ്കിലും മുന്‍നിര കമ്പനികളെല്ലാം എച്ച്.ആര്‍. എം.ബി.എക്കാരെ തിരഞ്ഞെടുക്കാനാണ് താത്പര്യപ്പെടാറ്. ബിരുദമാണ് എം.ബി.എ. കോഴ്‌സിന് ചേരാന്‍ ആവശ്യമായ യോഗ്യത. വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും പ്രത്യേകമായി നടത്തുന്ന പ്രവേശനപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍,അഭിമുഖം എന്നീ കടമ്പകള്‍ കടന്നാലേ പേരുകേട്ട സ്ഥാപനങ്ങളില്‍ എം.ബി.എ. അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.

മികവിന്റെ പര്യായമായി ഐഐഎം

മാനേജ്‌മെന്റ് പഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സാധ്യതയൊരുക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.). കോഴിക്കോട്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഇന്‍ഡോര്‍, ലഖ്‌നൗ,റായ്പുര്‍,റാഞ്ചി,റോത്തക്ക്,ഷില്ലോങ്, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, കാശിപ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 13 ഐ.ഐ.എം. ക്യാമ്പസുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം കൂടി മൂവായിരത്തിനടുത്ത് സീറ്റുകളുണ്ട്. എല്ലാവര്‍ഷവും ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. മിടുക്കരില്‍ മിടുക്കര്‍ക്ക് മാത്രമേ ഉയര്‍ന്ന കാറ്റ് സ്‌കോര്‍ നേടി ഐ.ഐ.എമ്മില്‍ സീറ്റുറപ്പിക്കാനാകൂ. കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റിഅമ്പതോളം ബിസിനസ് സ്‌കൂളുകള്‍ എം.ബി.എ. പ്രവേശനം നടത്തുന്നുണ്ട്. ഐ.ഐ.എമ്മില്‍ സീറ്റ് കിട്ടിയില്ലെങ്കിലും ‘കാറ്റ്’ പരീക്ഷയിലെ മികച്ച സ്‌കോറുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ എം.ബി.എയ്ക്ക് ചേരാമെന്നര്‍ഥം.

50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ ആര്‍ക്കും ‘കാറ്റ്’ പരീക്ഷയെഴുതാം. അവസാനവര്‍ഷ ബിരുദപരീക്ഷയ്ക്കിരിക്കുന്നവര്‍ക്കും ‘കാറ്റ്’ എഴുതാവുന്നതാണ്. ഉയര്‍ന്നപ്രായപരിധിയില്ല. ‘കാറ്റ്’ പരീക്ഷയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഡാറ്റ ഇന്റര്‍പ്രറ്റേഷന്‍ എന്നിവയിലെ കഴിവ് അളക്കുമ്പോള്‍ രണ്ടാം ഭാഗത്ത് വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാകുക. 140 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഖ്യം.

കോഴിക്കോട് കുന്ദമംഗലത്തുള്ള ഐ.ഐ.എം. കാമ്പസില്‍ 360 സീറ്റുകളാണുള്ളത്. ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനുള്ള അവസരവും ഇവിടെയുണ്ട്. കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിമാസശമ്പളം നല്‍കി കൊണ്ടുപോകാനായി കമ്പനികള്‍ കാത്തിരിക്കും എന്നതാണ് ഐ.ഐ.എമ്മുകളുടെ ആകര്‍ഷണം.

ഐഐടികളിലും പഠനാവസരം

എന്‍ജിനിയറിങ് പഠനത്തിന് പേരുകേട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ക്യാമ്പസുകളിലും മികച്ച രീതിയില്‍ എം.ബി.എ. പഠനത്തിന് അവസരമുണ്ട്. ഡല്‍ഹി, കാണ്‍പൂര്‍,മദ്രാസ്,റൂര്‍ക്കി, ബോംബെ, ഖരഗ്പുര്‍ എന്നിവടങ്ങളിലെ ഐ.ഐ.ടി. ക്യാമ്പസുകളില്ലൊം മാനേജ്‌മെന്റ് പഠനകോഴ്‌സുകള്‍ കൂടി നടക്കുന്നു. എന്‍ജിനിയറിങില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദമോ ഉള്ളവര്‍ക്ക് ഐ.ഐ.ടികളിലെ എം.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം. ബോംബെ ഐ.ഐ.ടിയിലെ എസ്.ജെ. മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ വിനോദ് മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ എം.ബി.എ. പ്രോഗ്രാമുകളാണ് ഇവയില്‍ ഏറ്റവും പേരുകേട്ടത്. എല്ലായിടങ്ങളിലും ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനുമുണ്ട്.

എന്‍ഐടികളിലും പഠിക്കാം

ഐ.ഐ.എമ്മും എന്‍.ഐ.ടിയും കഴിഞ്ഞാല്‍ ഹ്യുമന്‍ റിസോഴ്‌സസ് എം.ബി.എ. പഠനത്തിനുളള മറ്റൊരു മികച്ച സാധ്യതയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) ക്യാമ്പസുകള്‍. കേരളത്തിലെ ഏക എന്‍.ഐ.ടിയായ കോഴിക്കോട്ടും എം.ബി.എ. കോഴ്‌സ് നടത്തുന്നു. എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘കാറ്റ്’ സ്‌കോര്‍ വഴിയാണ് തിരഞ്ഞെടുപ്പ്. ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിന് പുറമെ പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ബിസിനസ് അനലറ്റിക്‌സ് ആന്‍ഡ് സിസ്റ്റംസ് എന്നീ വിഷയങ്ങളിലാണ് സ്‌പെഷലൈസേഷനുള്ള അവസരം.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ എന്‍.ഐ.ടി. ക്യാമ്പസിലും ഹ്യുമന്‍ റിസോഴ്‌സസില്‍ സ്‌പെഷലൈസേഷനോടെ എം.ബി.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയും എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘കാറ്റ്’ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് അഡ്മിഷന്‍.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, പുനെയിലെ സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ്, മുംബൈയിലെ എക്‌സ്.എല്‍.ആര്‍.ഐ. എന്നിവയാണ് കേരളത്തിന് പുറത്ത് മികച്ച രീതിയില്‍ എം.ബി.എ. പഠനം നടക്കുന്ന സ്ഥാപനങ്ങള്‍. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടക്കുന്ന എം.എ. ഹ്യുമന്‍ റിസോഴ്‌സസ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ് എന്ന കോഴ്‌സ് എച്ച്.ആര്‍. എം.ബി.എയ്ക്ക് തത്തുല്യമായി പരിഗണിക്കപ്പെടാറുണ്ട്.

പഠനം കേരളത്തില്‍
കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ എം.ബി.എ. കോഴ്‌സ് നടക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ ഹ്യുമന്‍ റിസോഴ്‌സസ് പഠനത്തില്‍ സ്‌പെഷലൈസേഷനുമുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള അക്കാദമിക് മികവൊന്നും നമ്മുടെ സര്‍വകലാശാലകളിലെ എം.ബി.എ. കോഴ്‌സുകള്‍ക്കില്ല എന്നതൊരു യാഥാര്‍ഥ്യം തന്നെയാണ്. എന്നിരുന്നാലും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എം.ബി.എ. പഠിച്ചിറങ്ങിയ എത്രയോ മിടുക്കര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ എച്ച്.ആര്‍. എക്‌സിക്യൂട്ടീവുമാരായി ജോലി ചെയ്യുന്നു. സര്‍കലാശാല സെന്ററുകള്‍ക്ക് പുറമെ വിവിധ കോളേജുകളും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും എം.ബി.എ. പഠനത്തിന് സൗകര്യമൊരുക്കുന്നു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് എഞ്ചിനിയറിങിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊല്ലത്തെ ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കൊച്ചി കുസാറ്റ് സര്‍വകലാശാലയുടെ കീഴിലള്ള ദി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കൊച്ചി കാക്കനാട്ടുള്ള രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് ക്യാമ്പസിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ എം.ബി.എ. അഡ്മിഷന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല പേരാണ്. ഇവയ്ക്ക് പുറമെ വിവിധ ജില്ലകളിലായി അമ്പതിലേറെ എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വേറെയുമുണ്ട്. സര്‍വകലാശാലയുടെ അംഗീകാരമുണ്ടോയെന്ന് ഉറപ്പുവരുത്തി വേണം ഇത്തരം സ്വകാര്യസ്ഥാപനങ്ങളില്‍ പഠനത്തിന് ചേരാന്‍.

റസല്‍

You must be logged in to post a comment Login