നൈലിന്റെ തീരത്തെ ഖുര്‍ആന്‍ ശലഭങ്ങള്‍

നൈലിന്റെ തീരത്തെ ഖുര്‍ആന്‍ ശലഭങ്ങള്‍

‘ബ’ കസ്‌റ ‘ബി’, സീന്‍ സുകൂന്‍ ‘സ്’- ബിസ്. ‘മീം’ കസ്‌റ ‘മി’- ബിസ്മി… ആംഗ്യപ്പാട്ട് പാടുന്ന രസത്തിലും താളത്തിലും കുരുന്നുകള്‍ കൈമുദ്രകളുടെ അകമ്പടിയോടെ ബിസ്മി ഓതുകയാണ്. ഓരോ ക്ലാസിലും രണ്ട് അദ്ധ്യാപികമാര്‍ അവരുടെ സഹായത്തിനുണ്ട്.

മൂന്നു വയസ്സുള്ള കുട്ടികളാണ് ഏറ്റവും ചെറിയ ക്ലാസ്സില്‍. മൂന്നു വര്‍ഷം കൊണ്ട് കുട്ടികള്‍ ഖുര്‍ആന്‍ മുഴുവനും ഓതാന്‍ പഠിക്കുന്നു. അഞ്ച് ജുസ്അ് എങ്കിലും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ചില നഴ്‌സറികളില്‍ സ്വഹീഹുമുസ്‌ലിമില്‍ നിന്ന് തെരഞ്ഞെടുത്ത കുറെ ഹദീസുകളും ഈ പ്രായത്തിലുള്ള കുട്ടികള്‍ കാണാതെ പഠിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ നാം ചൊല്ലുന്ന ദിക്‌റുകളും അവര്‍ക്ക് ഹൃദിസ്ഥം.

ഇതെല്ലാം അത്ഭുതം തന്നെ.

തജ്‌വീദിന്റെ നിയമങ്ങള്‍ വളരെ കൃത്യമായി അവര്‍ നമുക്ക് പറഞ്ഞുതരുന്നു എന്നു കൂടി വന്നാലോ? ഞെട്ടിപ്പോവുക തന്നെ ചെയ്യും. ഖുര്‍ആന്‍ പാരായണശാസ്ത്രത്തിലെ നിര്‍വചനപ്രായത്തിലുള്ള തത്വങ്ങള്‍(ഖാഇദകള്‍) ഐസ്‌ക്രീം നുണയുന്ന ലാഘവത്തോടെയാണ് ഈ കുഞ്ഞുങ്ങള്‍ പഠിക്കുന്നതും പറയുന്നതും.

പറഞ്ഞുകേട്ടപ്പോള്‍ വിശ്വസിക്കാന്‍ മടിച്ച സംഗതികളാണ് സ്വപ്നത്തിലെന്ന പോലെ കണ്‍മുന്നില്‍ ഇതള്‍ വിടര്‍ന്നത്.

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയെ പ്രതിനിധീകരിച്ച് ഡോ. അബൂബക്കര്‍ നിസാമി, എം അബ്ദു മാനിപുരം എന്നിവരോടൊപ്പം ഈജിപ്തിലെ ഖുര്‍ആന്‍ നഴ്‌സറികള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ വിസ്മയാനുഭവങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

രാഷ്ട്രീയസ്ഥിതി എത്രതന്നെ കലുഷിതമാണെങ്കിലും ജനങ്ങളുടെ സാധാരണ ജീവിതത്തെ വല്ലാതെയൊന്നും അത് അലങ്കോലപ്പെടുത്തുന്നതായി തോന്നിയില്ല. കലാപങ്ങളുടെ വാര്‍ത്തകള്‍ ചാനലുകളിലും പത്രങ്ങളിലും നിറയുമ്പോഴും ജനജീവിതം മുറപോലെ മുന്നോട്ട് പോവുന്നു. കൈറോവിലെ പ്രധാന സര്‍വകലാശാലകളിലൊന്നായ ഐനുശ്ശംസ് സര്‍വകലാശാലയില്‍ ജംഇയ്യത്തു ഖബസു മിന്‍ന്നൂര്‍ എന്ന സന്നദ്ധ വിദ്യാഭ്യാസ സംഘടന 2014 ഫെബ്രുവരി 22, 23 തിയ്യതികളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിക്കുന്നതിനായാണ് ഞങ്ങള്‍ ഈജിപ്തില്‍ എത്തിയത്. അറബിഭാഷയും ഖുര്‍ആനും പ്രീ പ്രൈമറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനുള്ള വ്യത്യസ്ത രീതികളെക്കുറിച്ചായിരുന്നു സെമിനാര്‍. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ തങ്ങള്‍ പിന്തുടരുന്ന പഠനസമ്പ്രദായം സെമിനാറില്‍ അവതരിപ്പിച്ചു. ഓരോ പഠന സമ്പ്രദായത്തെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകളും നടന്നു. ഈജിപ്തിനു വെളിയില്‍ നിന്ന് ഇന്ത്യക്കാരായ ഞങ്ങളൊഴികെ ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. അബ്ദു മാനിപുരം ഇംഗ്ലീഷില്‍ അവതരിപ്പിച്ച പ്രബന്ധം ഡോ. അബൂബക്കര്‍ നിസാമി അറബിയിലേക്ക് പരിഭാഷപ്പെടുത്തി.

ഈജിപ്തിലെ ഖുര്‍ആന്‍ നഴ്‌സറികളുടെ വ്യാപ്തി ബോധ്യപ്പെട്ടത് സെമിനാറിലെ അവതരണങ്ങളില്‍ നിന്നാണ്. അവതരണങ്ങളില്‍ വ്യത്യസ്തതയും മികവും പുലര്‍ത്തിയ ആറ് സ്ഥാപനങ്ങളുടെ അധികൃതരുമയി ബന്ധപ്പെട്ട് അവരുടെ നഴ്‌സറികള്‍ സന്ദര്‍ശിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതീവ സന്തോഷത്തോടെ അവര്‍ ഞങ്ങളെ സ്വീകരിക്കാന്‍ തയാറായി. പിന്നീട് ധാരാളം പേര്‍ ഞങ്ങളെ അവരവരുടെ സ്ഥാപനങ്ങളിലേക്ക് ക്ഷണിച്ചുവെങ്കിലും സമയപരിമിതി കാരണം സ്‌നേഹപൂര്‍വം ആ ക്ഷണങ്ങള്‍ നിരസിക്കേണ്ടി വന്നു.
ഞങ്ങള്‍ താമസിക്കുന്ന കൈറോ പട്ടണത്തില്‍ നിന്നും വളരെ അകലെയായിരുന്നു ഞങ്ങള്‍ക്കു സന്ദര്‍ശിക്കേണ്ട നഴ്‌സറികള്‍. മിക്ക ദിവസങ്ങളിലും സുബ്ഹിക്ക് മുമ്പേ തയാറായി പുറപ്പെടുകയും അര്‍ധരാത്രി തിരിച്ചെത്തുകയും ചെയ്യേണ്ടതായി വന്നു. പക്ഷേ ഓരോ യാത്രയും അനുഭവങ്ങളുടെ പുതിയ വഴികളിലൂടെയാണ് ഞങ്ങളെ കൊണ്ടുപോയത്. ശൈശവത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിന് ഈജിപ്തിലെ വിശ്വാസികള്‍ വലിയ പ്രാധാന്യം കല്പിക്കുന്നതിന്റെ തെളിവായിരുന്നു ഖുര്‍ആന്‍ പ്രീ സ്‌കൂളുകളുടെ എണ്ണപ്പെരുപ്പം. മിക്കവാറും എല്ലാ ഗ്രാമങ്ങളിലുമുണ്ട് ഇത്തരത്തിലുള്ള സ്‌കൂളുകള്‍. ഖുര്‍ആന്‍ ഈജിപ്തിലെ ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന് ടാക്‌സി, മെട്രോ, ടെംപോ, ബസ് യാത്രകളില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ചായമക്കാനികളിലും പൊതു സ്ഥലങ്ങളിലുമെല്ലാം ഏറ്റവുമധികം കേട്ടത് ടേപ്പ് റെക്കോര്‍ഡറുകളില്‍ നിന്നുയരുന്ന ഖുര്‍ആന്‍ പാരായണമാണ്. നാം ഉപേക്ഷിച്ചു കഴിഞ്ഞ ഓഡിയോ കാസറ്റും വീഡിയോ പ്ലെയറും ഈജിപ്തുകാര്‍ കൈയൊഴിഞ്ഞിട്ടില്ല. മെട്രോയിലെ യാത്രികര്‍ നിന്നും ഇരുന്നും മുസ്ഹഫ് കൈയില്‍ പിടിച്ച് ശബ്ദം കേള്‍പ്പിക്കാതെ ഓതിക്കൊണ്ടിരിക്കുന്നതായും കണ്ടു.

അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് പാശ്ചാത്യ സംഗീതത്തെ അനുസ്മരിപ്പിക്കുന്ന അറബി സംഗീതം ഉയര്‍ന്നുകേട്ടത്. നൈല്‍ നദിയിലെ ഉല്ലാസ ബോട്ട് സര്‍വീസുകളില്‍ അടിപൊളി അറബിപ്പാട്ടുകള്‍ തിമര്‍ക്കുന്നുണ്ടായിരുന്നു. ഈ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിസ്വ്‌റ് ഗ്രാമ-നഗരഭേദമന്യേ ഖുര്‍ആന്‍ മയമാണെന്നു പറയാം.

ഞങ്ങള്‍ അവസാനമായി സന്ദര്‍ശിച്ച മനൂഫിയ പ്രോവിന്‍സിലെ അറബുല്‍ഖുര്‍ആന്‍ എന്ന ഗ്രാമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പ്രീ സ്‌കൂള്‍ സന്ദര്‍ശനാനുഭവം പങ്കുവെക്കുന്നതാവും ഉചിതം. കാരണം ഖുര്‍ആന്‍ പ്രീസ്‌കൂള്‍ എന്ന ആശയത്തിന്റെ വിത്ത് ആദ്യമായി മുളച്ചതും ഫലവൃക്ഷമായി വളര്‍ന്നതും ഈ ഗ്രാമത്തിന്റെ ഉര്‍വരതയിലാണ്. ‘അറബുര്‍റംല്’ എന്നായിരുന്നു ഈ ഗ്രാമത്തിന്റെ പേര്. നാല്‍പതിനായിരം ജനങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ അമ്പത് ദാറുല്‍ഖുര്‍ആന്‍ മദ്‌റസകള്‍ ഉണ്ട്. നാലായിരത്തിലധികം കുട്ടികള്‍ ഈ മദ്‌റസകളില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കുന്നു. സ്‌കൂള്‍ അവധിക്കാലങ്ങളില്‍ ഖുര്‍ആന്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം അയ്യായിരം കവിയും.

‘നൂറുല്‍ബയാന്‍’ എന്ന പ്രസ്ഥാനമാണ് ഈ ഗ്രാമത്തെ ‘അറബുര്‍റംലി’ല്‍ നിന്ന് ‘അറബുല്‍ഖുര്‍ആ’നായി പരിവര്‍ത്തിപ്പിച്ചത്. നെല്ലും പച്ചക്കറിയും കൃഷിചെയ്ത് ജീവിക്കുന്ന ഇടത്തരക്കാരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ജനങ്ങളില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും മുസ്‌ലിംകളാണ്. ബാക്കി അഞ്ച് ശതമാനം ക്രിസ്ത്യാനികളും.

കൊച്ചു വിദ്യാര്‍ത്ഥികള്‍ക്കു പുറമേ മുതിര്‍ന്നവര്‍ക്കും ഖുര്‍ആന്‍ പഠിക്കുന്നതിനുള്ള സൗകര്യം നൂറുല്‍ബയാന്‍ ഒരുക്കിയിട്ടുണ്ട്. ഖുര്‍ആന്‍ നിശാപാഠശാലകള്‍ മുതിര്‍ന്നവര്‍ക്കുവേണ്ടി നൂറുല്‍ബയാന്‍ നടത്തുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനക്ലാസും ഇവര്‍ നടത്തി വരുന്നു. ഓരോ വര്‍ഷവും ആയിരം ഹാഫിളുകള്‍ ഈ ഗ്രാമത്തില്‍ നിന്നു മാത്രം നൂറുല്‍ബയാന്റെ ശിക്ഷണത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നു. ഇവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടും.

അറബുല്‍ഖുര്‍ആന്‍ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഖുര്‍ആനെ സ്‌നേഹിക്കുന്നവരാണെന്ന്(കുല്ലു അഹ്‌ലിഹാ യുഹിബ്ബൂനല്‍ ഖുര്‍ആന്‍) എന്ന് നൂറുല്‍ബയാന്റെ മേധാവി ശൈഖ് ഉസ്വാം യൂസുഫ് ഞങ്ങളോട് പറഞ്ഞു. ശൈഖ് വളരെ ക്ഷീണിതനായിരുന്നു. നൂറുല്‍ബയാന്റെ കേരളഘടകം സ്ഥാപിക്കുന്നതിനായി ഇദ്ദേഹം നേരത്തെ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ ഖുര്‍ആന്‍ പഠനം വ്യാപിപ്പിക്കുക നൂറുല്‍ബയാന്റെ ലക്ഷ്യമാണെന്നദ്ദേഹം പറഞ്ഞു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുല്‍ബയാന്റെ ഖുര്‍ആന്‍ പ്രീ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഞങ്ങള്‍ നൂറുല്‍ബയാന്റെ അതീവ ലളിതമായി സംവിധാനിച്ചിട്ടുള്ളതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ ആസ്ഥാനത്ത് ശൈഖ് ഉസ്വാം യൂസുഫുമായി സംസാരിച്ചുകൊണ്ടിരിക്കെ ജര്‍മനിയില്‍ നിന്നും അള്‍ജീരിയയില്‍ നിന്നുമുള്ള രണ്ടു പ്രധാന വ്യക്തികള്‍ അവിടെ വന്നു. ജര്‍മനിയില്‍ നിന്നു വന്ന ആള്‍ ചെറുപ്പക്കാരനായ ഒരു നവമുസ്‌ലിം ആണ്. അള്‍ജീരിയയില്‍ നിന്നു വന്ന ആള്‍ ഫ്രാന്‍സിലെ നൂറുല്‍ബയാന്‍ പഠനകേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന പണ്ഡിതനും.

ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുല്‍ബയാന്‍ ഖുര്‍ആന്‍ പ്രീസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ നിന്നു ചെറിയ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള നൂറുല്‍ബയാന്‍ രീതി ഞങ്ങള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു.

പൂര്‍ണമായും നൂറുല്‍ബയാന്‍ രീതി പിന്തുടരുന്ന ഖുര്‍ആന്‍ പ്രീ സ്‌കൂളുകളിലായിരുന്നു ഞങ്ങളുടെ പ്രഥമ സന്ദര്‍ശനം. ഗുമാസതുല്‍കുബ്‌റാ എന്ന പേരുള്ള ഒരു നാട്ടിന്‍ പുറത്തായിരുന്നു അത്. തഹ്‌രീര്‍ സ്‌ക്വയറില്‍ നിന്ന് മെട്രോയില്‍ ആദ്യം ജമാല്‍ അബ്ദുന്നാസറില്‍ എത്തി. അവിടെ നിന്ന് മെട്രോയില്‍ തന്നെ ഹുല്‍വാനിലേക്ക് പോയി. നേരത്തെ ഈ യാത്ര ഏര്‍പ്പാടു ചെയ്തതു തന്നെ കൈറോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ശൈഖ് മുഹമ്മദ് ഹുസൈന്‍ (ഫെയ്‌സ് ബുക്ക് സൗഹൃദം നിലനിര്‍ത്തുന്ന ഇദ്ദേഹം ഇപ്പോള്‍ ഇറ്റലിയിലാണ്) അവിടെ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വീണ്ടും ടാക്‌സിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താണ് ഗുമാസതുല്‍കുബ്‌റയിലെത്തിയത്. സാധാരണക്കാരായ ആളുകള്‍ അധികവും ഇവിടെ കഴുതപ്പുറത്ത് സഞ്ചരിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാഴ്ചയായിരുന്നു.

ഞങ്ങള്‍ ചെന്നപ്പോള്‍ മദ്‌റസയിലേക്ക് കുട്ടികള്‍ എത്തുന്നേയുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒരു ദിവസത്തെ പഠനപ്രവര്‍ത്തനങ്ങള്‍ ആദ്യാവസാനം നിരീക്ഷിക്കാന്‍ അവസരം ലഭിച്ചു. പതിനാല് വര്‍ഷമായിട്ടേയുള്ളൂ ഈ പ്രീ സ്‌കൂള്‍ ആരംഭിച്ചിട്ട്. ക്ലാസുകള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പു തന്നെ അധ്യാപകരായ റഫ്അത്, മുഹമ്മദ് എന്നിവരുമായി പഠനരീതിയെക്കുറിച്ച് ചര്‍ച്ചചെയ്ത് ഏകദേശ ധാരണ ഉണ്ടാക്കി.

മൂന്നാമത്തെ വയസ്സിലാണ് എല്ലാ നൂറുല്‍ബയാന്‍ പ്രീ സ്‌കൂളുകളിലുമെന്ന പോലെ ഇവിടെയും കുട്ടികളെ പ്രവേശിപ്പിക്കുന്നത്. കുട്ടികളെ ബുദ്ധി നിലവാരം(ഐ ക്യു) അനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിക്കുന്നു. ഈ മൂന്നു വിഭാഗത്തില്‍ പെടുന്നവര്‍ക്കും വ്യത്യസ്തബോധന രീതികളാണ് അവലംബിക്കുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് ക്ലാസ് സമയം. മൂന്നു വര്‍ഷമാണ് പഠനകാലം. ആറു വയസ്സു പൂര്‍ത്തിയാകുന്നതോടെ കുട്ടികള്‍ സാധാരണ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേരുന്നു.

ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് പഠനം. ഒരു ക്ലാസില്‍ രണ്ട് അദ്ധ്യാപികമാര്‍. കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. ഓരോ ക്ലാസും മനോഹരമായി അലങ്കരിച്ചിരിക്കുന്നു. കുട്ടികള്‍ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് പഠന പ്രക്രിയയില്‍ പങ്കാളികളാവുന്നു. രസകരമായ കളികളിലൂടെയാണ് അക്ഷരപഠനം. ചൂണ്ടലിട്ട് അക്ഷരം പിടിക്കുക, കളിത്തോക്ക് കൊണ്ട് അക്ഷരങ്ങളെ വെടിവെക്കുക തുടങ്ങിയ ഗെയിമുകള്‍ കുട്ടികളെ പെട്ടെന്ന് അക്ഷരങ്ങളുമായി ഇണക്കുന്നു. ഇതിനായി പ്രത്യേക കിറ്റ് ഉണ്ട്. അറബി അക്ഷരമാല(ഹര്‍കത്ത്, മദ്ദ്, ശദ്ദ് ഇവയോടു കൂടി വരുന്ന വിവിധ രൂപങ്ങള്‍ സഹിതം), ഖുര്‍ആനില്‍ നിന്നു തെരഞ്ഞെടുത്ത പദങ്ങള്‍ ആധാരമാക്കിയുള്ള കൂട്ടക്ഷരവായന, എഴുത്ത്, ഖുര്‍ആന്‍ വാക്യങ്ങള്‍ ആധാരമാക്കിയുള്ള വാക്യ വായന, ചെറിയ ഖുര്‍ആന്‍ അധ്യായങ്ങളില്‍ നിന്നു തുടങ്ങി വലിയ അധ്യായങ്ങളിലേക്ക് പുരോഗമിക്കുന്ന ഓത്തും മനഃപ്പാഠവും ഖുര്‍ആന്‍ പാരായണശാസ്ത്ര നിയമങ്ങള്‍, മതാനുഷ്ഠാനങ്ങള്‍, ആചാരമര്യാദകള്‍, നിത്യജീവിതത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ ഇവയാണ് പാഠ്യപദ്ധതി. ഇവയ്ക്കുപുറമേ സാധാരണ പ്രീസ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമായ ഗണിതം, ഇംഗ്ലീഷ്, പരിസ്ഥിതി പഠനം എന്നിവയും കുട്ടികള്‍ പഠിക്കുന്നുണ്ട്. കളികളിലൂടെയാണ് പഠനം. ഞങ്ങള്‍ സന്ദര്‍ശിച്ച ഒരു ക്ലാസിലും കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കം അനുഭവിക്കുന്നതായി തോന്നിയില്ല.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആനിലെ ഏതു ഭാഗം മറിച്ചു കൊടുത്താലും ഓതാന്‍ സാധിക്കുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നതു സത്യമാണ്. നാം മദ്‌റസയില്‍ ചേര്‍ക്കുന്ന പ്രായത്തിലുള്ള കുട്ടികളാണ് ഖുര്‍ആന്‍ മുഴുവനായി നോക്കി പാരായണം ചെയ്യാനുള്ള കഴിവ് നേടുന്നത്.

ഞങ്ങള്‍ തന്നെ കുട്ടികള്‍ക്ക് മുസ്വ്ഹഫിലെ പല ഭാഗങ്ങളും നിവര്‍ത്തിക്കൊടുത്ത് ഓതാനാവശ്യപ്പെടുകയുണ്ടായി. ശങ്കയൊന്നുമില്ലാതെ അവര്‍ ആ ഭാഗങ്ങള്‍ അയത്‌ന ലളിതമായി പാരായണം ചെയ്തു. അഞ്ച് ജുസ്ഇല്‍ താഴെയുള്ള ഏതു ഭാഗവും കാണാതെ ഓതുവാനും അവര്‍ക്ക് കഴിയുമായിരുന്നു.
സ്ഥാപനാധികൃതര്‍ വിദേശ അതിഥികളായ ഞങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക വിരുന്നിനു ശേഷം രണ്ടരമണിയോടെ ഞങ്ങള്‍ ഗുമാസത്തുല്‍കുബ്‌റ വിട്ടു.

നൂറുല്‍ബയാന്റെ സാമ്പ്രദായിക ബോധനരീതികളില്‍ ഗുണകരമായ മാറ്റം വരുത്തി ഈ പഠനരീതിയെ വികസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നൂറുല്‍ബയാന്‍ അല്‍ ഫുസ്ത്വാ അതിലൊന്നാണ്. ഫുസ്വ്ഹാ ഗ്രാമത്തിലാണ് ഇവരുടെ മാതൃകാ സ്‌കൂള്‍. റംസീസില്‍ നിന്ന് മെട്രോ വഴി മുനീബിലെത്തി അവിടെ നിന്ന് ഒന്നര മണിക്കൂര്‍ ടാക്‌സിയില്‍ സഞ്ചരിച്ചാണ് ഫുസ്ത്വയില്‍ എത്തിയത്. കൈറോവില്‍ നിന്ന് എണ്‍പത്തിയാറ് കിലോമീറ്റര്‍ അകലെയാണീ സ്ഥലം. നൂറുല്‍ബയാന്റെ ഖുര്‍ആന്‍ ബോധന സമ്പ്രദായത്തോട് ശുദ്ധ അറബി ഭാഷാ പരിശീലനം കൂടി ചേര്‍ത്തു വികസിപ്പിച്ചതാണ് ഇവരുടെ രീതി. ശുദ്ധ അറബിയെ സൂചിപ്പിക്കുന്ന ഫുസ്വ്ഹാ എന്ന വാക്ക് നൂറുല്‍ബയാനോട് ചേര്‍ത്തുവച്ചിരിക്കുന്നതില്‍ നിന്നുതന്നെ ഇതു മനസ്സിലാക്കാം. ഈജിപ്തിലെ ഗ്രാമീണ അറബിയാണ് കുട്ടികള്‍ സ്വാഭാവികമായും പഠിക്കുക. അതിനു പകരം മാനക അറബി പഠിപ്പിക്കുന്നതിനു ഇവര്‍ പ്രാധാന്യം നല്‍കുന്നു. ഇതിനായി സിറിയക്കാരായ മൂന്ന് അധ്യാപകരെ ഈ സ്‌കൂളില്‍ നിയമിച്ചിട്ടുണ്ട്. അതിലൊരാള്‍ ബാലസാഹിത്യകാരനാണ്.

ഇവിടത്തെ ക്ലാസുകളില്‍ പഠനം രസകരമാക്കുന്നതിന് മള്‍ട്ടിമീഡിയയും വര്‍ക്കിംഗ് മോഡലുകളും സജ്ജീകരിച്ചിരിക്കുന്നതായി കണ്ടു. കൊച്ചു കൊച്ചു കഥകളിലൂടെയാണ് മാനക അറബി പഠിപ്പിക്കുന്നത്. പാവകളിയാണ് കഥാവതരണത്തിന് അധ്യാപികമാര്‍ അവലംബിക്കുന്നത്. കഥയിലെ സംഭാഷണസന്ദര്‍ഭങ്ങള്‍ കുട്ടികള്‍ അഭിനയിച്ചവതരിപ്പിക്കുന്നത് അതീവ തന്‍മയത്വത്തോടെയാണ്. അക്ഷരങ്ങള്‍ പഠിക്കുമ്പോള്‍ നൂറുല്‍ബയാന്‍ രീതി നിലനിര്‍ത്തിക്കൊണ്ട് കുട്ടികള്‍ താളത്തില്‍ കൈമുദ്രകള്‍ കാണിക്കുന്നുണ്ട്. ‘അ’ എന്നു പറയുമ്പോള്‍ അലിഫിനു മുകളില്‍ ഫതഹ് വരക്കുന്നതുപോലെ അന്തരീക്ഷത്തില്‍ കൈകൊണ്ട് മുദ്രകാണിക്കുന്നു. ‘ ഇ’ എന്നു പറയുമ്പോള്‍ കൈ അന്തരീക്ഷത്തിലെ സാങ്കല്‍പിക അലിഫിന്റെ താഴേക്ക് ചലിക്കുന്നു. ‘ഉ’ എന്ന് പറയുമ്പോള്‍ മുഷ്ടി അറബിയിലെ ‘ഉകാര'(ളമ്മ്) ത്തിന്റെ ആകൃതി പ്രാപിക്കുന്നു. ‘ബ-കസ്‌റ ബി…’ എന്നിങ്ങനെ ബിസ്മി ചൊല്ലിത്തീരുമ്പോഴേക്ക് ഹസ്തചലനങ്ങള്‍ കൊണ്ട് അന്തരീക്ഷത്തിലും ബിസ്മി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കും. ശദ്ദിനും മദ്ദിനും തന്‍വീനിനും പ്രത്യേകം മുദ്രകളുണ്ട്.

ദിവസം ആറുമണിക്കൂറാണ് ഇവിടെ ക്ലാസ് സമയം. ഇവര്‍ക്ക് സ്വന്തമായി അധ്യാപകപരിശീലന പരിപാടിയുണ്ട്. നൂറുല്‍ബയാനിലും ഫുസ്വ്ഹയിലും ഇവര്‍ പരിശീലനം നല്‍കുന്നു. അധ്യാപകര്‍ ക്ലാസില്‍ മാനക ഭാഷയേ സംസാരിക്കാവൂ എന്ന് ഇവര്‍ നിഷ്‌കര്‍ഷിക്കുന്നു. ഇവരുടെ കീഴിലുള്ള ഇതേ ഗ്രാമത്തിലെ മറ്റൊരു സ്‌കൂള്‍ കൂടി ഞങ്ങള്‍ സന്ദര്‍ശിച്ചു.

നൂരുല്‍ബയാനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഉമ്മുസ്വലാഹ് എന്ന വനിത 2004ല്‍ സ്ഥാപിച്ച സ്‌കൂള്‍ ആണ് സനാബിലുല്‍ഖൈര്‍. സഹ്‌ലു ഹംസ എന്ന ഗ്രാമത്തിലാണ് ഈ സ്‌കൂള്‍. ഇവരുടെ കീഴില്‍ മറ്റൊരു സ്‌കൂള്‍ കൂടിയുണ്ട്. സ്ഥാപകയുടെ മകള്‍ സ്വബാഹ് അലിയാണ് ഉമ്മ സ്ഥാപിച്ച സ്‌കൂള്‍ നടത്തുന്നത് .ഉമ്മ മറ്റൊരു സ്‌കൂള്‍ സ്ഥാപിച്ച് അവിടേക്ക് മാറിയിരിക്കുകയാണ്. വിദേശസന്ദര്‍ശകരുണ്ടെന്നറിഞ്ഞ് സ്ഥാപക മാതൃസ്ഥാപനത്തില്‍ നിന്ന് വന്നെത്തി ഞങ്ങളുമായി ആശയവിനിമയം നടത്തി. വശ്യമായ പെരുമാറ്റമാണ് ഉമ്മയുടെതും മകളുടേതും. നൂറുല്‍ബയാന്റെ ടെലിവിഷന്‍ പ്രോഗ്രാം കണ്ടാണ് ഇവര്‍ക്ക് ഖുര്‍ആന്‍ പ്രീ സ്‌കൂള്‍ എന്ന ആശയത്തില്‍ താല്‍പര്യം ജനിച്ചതെന്ന് അവര്‍ പറഞ്ഞു. അവരുടെ ട്രെയിനിംഗ് നേടിയതിനു ശേഷം സ്വന്തമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കി. രണ്ടര വയസ്സുമുതല്‍ നാലു വയസ്സുവരെയാണ് ഇവിടത്തെ പഠനകാലം. പഠനം പൂര്‍ത്തിയാവുന്നതോടെ കുട്ടി ഖുര്‍ആന്‍ ഒരു ജുസ്അ് മനഃപാഠമാക്കിയിരിക്കും. ഖുര്‍ആന്‍ മുഴുവനായി ഓതാന്‍ പഠിക്കുകയും ചെയ്യുന്നു. ശേഷം കു്ട്ടികള്‍ സാധാരണ സ്‌കൂളില്‍ ചേരുന്നു.

‘ഫത്ഹുര്‍റഹ്മാന്‍ ഫീ തഅ്‌ലീമില്‍ഖുര്‍ആന്‍ അലാ മന്‍ഹജി നൂറുല്‍ബയാന്‍; എന്നാണ് സനാബീലുല്‍ഖൈര്‍ സ്‌കൂള്‍ തങ്ങളുടെ പാഠ്യപദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. ആദ്യം വായന, പിന്നീട് എഴുത്ത്. ഇതാണ് രീതി. മനോഹരമായ ചിത്രങ്ങളും അക്ഷരച്ചാര്‍ട്ടുകളും കൊണ്ട് സ്‌കൂള്‍ ആകെ അലങ്കരിച്ചതായി കണ്ടു. കുട്ടികളുടെ മനം കവരുന്ന അന്തരീക്ഷമാണ് സ്‌കൂളിന്റേത്. വിവിധ ഡിവിഷനുകളിലായി നൂറ്റി നാല്‍പത് കുട്ടികള്‍ പഠിക്കുന്നു. ഓരോ ക്ലാസിനും ഖാഅതുസ്വിദ്ഖ്, ഖാഅതുല്‍അമാനഃ, ഖാഅതുല്‍ഇഖ്‌ലാസ് എന്നിങ്ങനെയുള്ള പേരുകള്‍ നല്‍കിയിട്ടുണ്ട്.

എല്ലാ ക്ലാസുകളിലും ഞങ്ങള്‍ കയറുകയുണ്ടായി. ഒരു ക്ലാസില്‍ അധ്യാപിക ബോര്‍ഡില്‍ വലിയ ഒരാപ്പിളിന്റെ ചിത്രം വരച്ചു. കുട്ടികളോട് അവര്‍ അതില്‍ അക്ഷരങ്ങള്‍ നിറക്കാന്‍ പറഞ്ഞു. കുട്ടികള്‍ അറബിഭാഷയിലെ അക്ഷരങ്ങള്‍ ക്രമത്തിലെഴുതി ആപ്പിള്‍ നിറച്ചു. മറ്റൊരു ക്ലാസില്‍ കുട്ടികള്‍ സൂറതുസല്‍സല നോക്കി ഓതാന്‍ പഠിക്കുകയാണ്. സ്‌കൂളില്‍ ചേര്‍ന്ന് ഏഴുമാസം മാത്രം പൂര്‍ത്തിയാക്കിയ കുട്ടികളാണിവര്‍. മറ്റൊരു ക്ലാസിലെ ബോര്‍ഡില്‍ കണ്ടത് തജ്‌വീദിലെ ഇള്ഹാര്‍, ഇദ്ഗാം നിയമം പഠിപ്പിക്കുന്നതിനുള്ള ചാര്‍ട്ടുകളാണ്. രണ്ടു ഗണത്തിലും വരുന്ന അക്ഷരങ്ങള്‍ വെവ്വേറെ നിറങ്ങളില്‍ മനോഹരമായി ചാര്‍ട്ടില്‍ പതിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ക്ലാസില്‍ കയറിയപ്പോള്‍ ടീച്ചര്‍ ഒരു ആയത്ത് ഓതി കുട്ടികളോട് അത് ഏതു സൂറത്തിലുള്ളതാണ് എന്നു ചോദിക്കുന്നു. കുട്ടിള്‍ കൂട്ടത്തോടെ ശരിയായ ഉത്തരം പറഞ്ഞു. തുടര്‍ന്ന് ടീച്ചര്‍ ചോദിച്ചത് ആ സൂറത്തിന്റെ തുടക്കം എങ്ങനെയാണ് എന്നായിരുന്നു. കുട്ടികള്‍ ഓതി. ആ ആയത്തില്‍ എന്തെല്ലാം തജ്‌വീദ് നിയമങ്ങളാണ് ഉള്ളത് എന്നായിരുന്നു ടീച്ചറുടെ അടുത്ത ചോദ്യം. ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് കുട്ടികള്‍ ആയത്തിന്റെ തജ്‌വീദ് നിയമങ്ങള്‍ കിളി പാടുന്നപോലെ വിശദീകരിച്ചു.

‘ഖാഅതുല്‍വഫാഅ്’ എന്ന നാമഫലകമുള്ള ക്ലാസില്‍ ഏറെ രസകരമായ പഠന പ്രക്രിയക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. ചരിത്രമാണ് പഠന വിഷയം. പഠിപ്പിക്കുന്ന പാഠം ഹിജ്‌റ. കഅ്ബയുടെ മോഡല്‍ ക്ലാസില്‍ ഒരിടത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിനു ചുറ്റും പഴയ മക്കാ നഗരിയുടെ മാതൃക. മറ്റൊരു മൂലയില്‍ ഈത്തപ്പനകള്‍ക്കപ്പുറം യസ്‌രിബ് നഗരി. മാര്‍ഗമധ്യേ സൗര്‍പര്‍വതം. ഹിജ്‌റയുടെ യാഥാപഥം അടയാളപ്പെടുത്തിയ മരുഭൂ പരിസരം. ഹിജ്‌റ ഒരു പ്രവര്‍ത്തനമായാണ് കുട്ടികള്‍ അഭ്യസിക്കുന്നത്.

പഠന സാമഗ്രികളുടെ ഒരു കലവറ തന്നെയുണ്ട് സനാബീലുല്‍ഖൈര്‍ സ്‌കൂളില്‍. മസ്ജിദുല്‍അഖ്‌സ്വയുടെയും മദീന മുനവ്വറയുടെയുമെല്ലാം മോഡലുകള്‍ അതില്‍ കണ്ടു. ഹജ്ജ് കുട്ടികള്‍ പഠിക്കുന്നത് ക്ലാസ് റൂമില്‍ ഹജ്ജ് നിര്‍വഹിച്ചുകൊണ്ടാണ്. അതിനുവേണ്ട രംഗസജ്ജീകരണം ക്ലാസില്‍ ഒരുക്കുന്നു. എല്ലാറ്റിനും ആവശ്യമായ മോഡലുകള്‍ മുന്‍കൂട്ടി തയ്യാറാക്കി വെച്ചിട്ടുണ്ട്. വരാന്തകളിലും ഇടവഴികളിലും വിവിധ തരത്തിലുള്ള സ്വയം പഠന സാമഗ്രികള്‍ കലാപരമായി വിന്യസിച്ചിരിക്കുന്നു. ഒഴിവുവേളകളില്‍ കുട്ടികള്‍ക്ക് വായിച്ചു രസിക്കാനുതകുന്ന ചിത്രകഥകള്‍ കുട്ടികള്‍ക്കു വായിക്കാന്‍ പറ്റിയ ഉയരത്തില്‍ ചുമരുകളില്‍ പതിച്ചിരിക്കുന്നു.

നൂറുല്‍ബയാന്റെതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പഠനരീതി പിന്തുടരുന്ന സ്ഥാപനമാണ് ആശിറു മിന്‍ റമളാന്‍ എന്ന സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ദാറു ഖുലഫാഉര്‍റാശിദീന്‍. ഞങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും വ്യവസ്ഥാപിതമാണ് ഇവരുടെ പഠന സമ്പ്രദായം. ഖുര്‍ആന്‍, തജ്‌വീദ്, ഹദീസ്, അറബി വ്യാകരണം എന്നിവ ഇവര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്നു വര്‍ഷം കൊണ്ട് വായന, എഴുത്ത്, ഖുര്‍ആന്‍ ഓത്ത്, മനഃപാഠം എന്നിവ പഠിപ്പിക്കുന്നു.

നൂറുല്‍ബയാനിലേതുപോലെ ബ-കസ്‌റ- ബി മട്ടിലുള്ള അക്ഷര പഠനമില്ല. ആംഗ്യം കാണിച്ചുള്ള പഠനവും ഇവര്‍ അംഗീകരിക്കുന്നില്ല. ‘കുല്ലുമന്‍ നത്വഖ ഖറഅ’ എന്നാണ് ഇവര്‍ തങ്ങളുടെ പാഠ്യപദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് ക്ലാസ് സമയം. നാല്പതു മണുക്കൂര്‍കൊണ്ട് കുട്ടി ഖുര്‍ആന്‍ നോക്കി ഓതാന്‍ പഠിക്കുന്നു. നാനൂറ് മണിക്കൂര്‍ കൊണ്ട് അഞ്ച് ജുസ്അ് മനഃപാഠമാക്കുന്നു. ഓരോ ക്ലാസിലേക്കും ശാസ്ത്രീയമായ പാഠപുസ്തകങ്ങള്‍ ഇവര്‍ക്കുണ്ട്. സ്ഥാപനത്തോടനുബന്ധിച്ച് ഒരു അധ്യാപക പരിശീലന കേന്ദ്രവും ഉണ്ട്. പ്രത്യേകമായ ട്രെയിനിംഗ് മാന്വലും ഇവര്‍ വികസിപ്പിച്ചിരിക്കുന്നു.

ക്ലാസുകളും ട്രെയ്‌നിംഗ് സെന്ററും സന്ദര്‍ശിച്ചതിനു ശേഷം ഞങ്ങള്‍ ഈ പാഠ്യപദ്ധതിയുടെ ഉപജ്ഞാതാവായ ശൈഖ് ഇബ്‌റാഹിം അഹ്മദുമായി വിശദമായി ആശയവിനിമയം നടത്തി. അല്‍ അസ്ഹര്‍ സര്‍വകലാശാല മുന്‍ പ്രൊഫസറായ ഇദ്ദേഹം മനഃശാസ്ത്രത്തിലും പ്രത്യേക വൈദഗ്ധ്യം സമ്പാദിച്ചിട്ടുള്ള സാത്വികനായ പണ്ഡിതനാണ്. എട്ടു വര്‍ഷം മുമ്പാണ് ഇദ്ദേഹം ഈ രംഗത്തേക്കു വന്നത്. ഇദ്ദഹത്തിന്റെ നേതൃത്വത്തിലുള്ള ‘നുഹ ഗ്ലോബല്‍ ട്രെയിനിംഗ് സെന്ററി’ന്റെ കീഴില്‍ പത്ത് പ്രീ സ്‌കൂളുകള്‍ ഉണ്ട്. ഇതിനകം രണ്ടായിരം കുട്ടികള്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഓരോ വര്‍ഷവും ആയിരത്തി അഞ്ഞൂറ് കൂട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു.

‘സംസാരിക്കാന്‍ കഴിയുന്ന ആര്‍ക്കും വായിക്കാന്‍ കഴിയും’ എന്നതാണ് ‘കുല്ലുമന്‍ നത്വഖ ഖറഅ’ എന്നു പേരിട്ടിരിക്കുന്ന ഈ പഠന സമ്പ്രദായത്തിന്റെ അടിസ്ഥാന ആശയം.

ചിത്രം ഒന്നില്‍ കാണിച്ചതുപോലെയുള്ള പഠനപ്രക്രിയാ ബന്ധത്തെ ആസ്പദമാക്കിയാണ് ശൈഖ് ഇബ്‌റാഹിം അഹ്മദ് തന്റെ പാഠ്യപദ്ധതി വിശദീകരിക്കുന്നത്. പഠിപ്പിക്കപ്പെടുന്ന വസ്തുതകളെയാണ് ‘അറിവ്’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. അറിവ് കുട്ടി സ്വായത്തമാക്കുന്നത് തന്റെ സവിശേഷമായ സിദ്ധികളിലൂടെയാണ്. കുട്ടിക്ക് സംസാരിക്കാനാവും. സംസാരിക്കാനുള്ള തന്റെ സിദ്ധി പ്രയോഗിക്കുമ്പോഴാണ് കുട്ടി സംസാരിച്ചു തുടങ്ങുന്നത്. അനുകൂലമായ അന്തരീക്ഷത്തില്‍ സ്വയം പ്രവര്‍ത്തനക്ഷമമാവുന്ന സിദ്ധിയാണിത്. സംസാരിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കേണ്ടതില്ല. കുട്ടിക്ക് സംസാരിക്കാന്‍ ഇഷ്ടമാണ്. ആ ഇഷ്ടമാണ് കുട്ടിയെക്കൊണ്ട് സംസാരിപ്പിക്കുന്നത്. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭാഷ പിടിച്ചെടുക്കുകയാണ് കുട്ടി. അത് കുട്ടിയെ ആഹ്ലാദിപ്പിക്കുന്നു.

ഖുര്‍ആന്‍ അറിയുന്നവരുമായി സഹവസിക്കാന്‍ അവസരമുണ്ടാക്കിയാല്‍ കുട്ടി ഖുര്‍ആന്‍ ഇഷ്ടപ്പെടും. ഇഷ്ടപ്പെടുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുമായി വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കുട്ടിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ കുട്ടിക്ക് ഖുര്‍ആന്‍ ഇഷ്ടമാകും. അതിനാല്‍ ഓതാന്‍ അറിയുന്ന അധ്യാപകരുമായി അവര്‍ക്ക് അവസരം ഒരുക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ സ്വഭാവവും പ്രകൃതവും അഭിരുചികളും നന്നായി അറിയാവുന്ന അധ്യാപികമാരെയാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. അതിന് അവര്‍ക്ക് മതിയായ പരിശീലനം നല്‍കണം.

സംസാരിക്കാനറിയുന്ന കുട്ടി വായിക്കാനും ഇഷ്ടപ്പെടും. ഓരോ വസ്തുവിനും ഓരോ പേരുണ്ട് എന്ന് കുട്ടി തിരിച്ചറിയുന്നു. അതേപോലെയാണ് കുട്ടി ലിഖിതാക്ഷരങ്ങളെ ശബ്ദങ്ങളുമായി ബന്ധിപ്പിക്കുന്നത്. കസേര എന്ന വസ്തുവിന്റെ പേര് കസേര എന്നാണെന്ന് ആഹ്ലാദപൂര്‍വം മനസ്സിലാക്കുന്ന കുട്ടി അലിഫ് എന്ന അക്ഷരരൂപം അലിഫ് ആണെന്നും തിരിച്ചറിയുന്നതും അതേ സന്തോഷത്തോടെയാണ്. ഓരോ വസ്തുവിന്റെയും പേര് പഠിക്കുന്നതുപോലെ എളുപ്പത്തില്‍ കുട്ടിക്ക് ഓരോ അക്ഷരത്തെയും അവയെ പ്രതിനിധാനം ചെയ്യുന്ന ശബ്ദവുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. ഇതിനു വേണ്ട പഠനാന്തരീക്ഷം ഒരുക്കാനുള്ള വൈദഗ്ധ്യമാണ് അധ്യാപികമാര്‍ നേടേണ്ടത്. പഠനം പാല്‍പ്പായസം തന്നെയാവണം കുട്ടികളെ സംബന്ധിച്ചിടത്തോളം. കണ്ണുരുട്ടലും വടിയും ഭീഷണിയും കുട്ടിയുടെ സ്വാഭാവികമായ പഠനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക.

കുട്ടി സംസാരിക്കാന്‍ പഠിക്കുന്ന അതേ സ്വാഭാവികതയോടെയും ആനന്ദത്തോടെയും വായിക്കാനും പഠിക്കുന്നു എന്നതാണ് ‘കുല്ലു മന്‍ നത്വഖ ഖറഅ’ മുന്നോട്ടു വെക്കുന്ന സിദ്ധാന്തം. നാല്‍പതു മണിക്കൂര്‍ കൊണ്ട് കുട്ടികള്‍ അറബി അക്ഷരങ്ങള്‍ സ്വരചിഹ്നങ്ങള്‍ സഹിതം പഠിക്കുന്നു എന്ന് ഈ സമ്പ്രദായത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു. ഈ അവകാശവാദം സത്യമണെന്ന് സ്‌കൂളുകള്‍ തെളിവ് തരുന്നുമുണ്ട്.

നൂറുല്‍ബയാനും ഈ സമ്പ്രദായവും തമ്മിലുള്ള പ്രധാന വ്യത്യാസം ‘ബ-കസ്‌റബി’ എന്ന മട്ടിലുള്ള ചൊല്ലിപ്പഠിപ്പിക്കലും ഹസ്തമുദ്രാ വിക്ഷേപങ്ങളും ഇതില്‍ ഇല്ല എന്നതാണ്. അതൊരനാവശ്യമാണെന്നാണ് ശൈഖ് ഇബ്‌റാഹീമിന്റെ പക്ഷം. നൂറുല്‍ബയാനെ അദ്ദേഹം വിമര്‍ശിക്കുന്നില്ല. തന്റേതു വ്യത്യസ്തമായ രീതിയാണെന്നേ അദ്ദേഹം പറയുന്നുള്ളൂ. ‘ബ’ എന്നാല്‍ ‘ബാഅ്’, ഫത്ഹ ‘ബ’ യല്ല. ‘ബ’ തന്നെയാണ് ‘ബി’ എന്നാല്‍ ‘ബാഅ്’ കസറ ‘ബി’ യല്ല. ‘ബി’ തന്നെയാണ്. പൂച്ചയെ പൂച്ചയായും സിംഹത്തെ സിംഹമായും കുട്ടി തിരിച്ചറിയുന്നതു പോലെ ‘ബ’ യെ ‘ബ’ ആയും ‘ബി’യെ ‘ബി’ ആയും തിരിച്ചറിയും. അനാവശ്യമായ സങ്കീര്‍ണത കുട്ടിയുടെ മനസ്സില്‍ സൃഷ്ടിക്കുകയാവും അക്ഷര നിയമങ്ങള്‍ കൂടി അക്ഷരത്തോട് ചേര്‍ത്തു പഠിക്കുമ്പോള്‍ സംഭവിക്കുക എന്ന് ശൈഖ് ഇബ്‌റാഹിം അഭിപ്രായപ്പെടുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കുട്ടി ല കസ്‌റ ലി എന്ന മട്ടില്‍ ഓതിപ്പോവാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു. ശരിയായ പാരായണമല്ല അതെന്നു പറയേണ്ടതില്ലല്ലോ. പറയുന്നത്‌പോലെ വായിക്കുക എന്ന തത്വത്തിനും ഇതെതിരാക്കുന്നു. ‘ബ’ കസ്‌റ ‘ബി’ എന്നു പറയാറില്ല. ‘ബി’ എന്നേ പറയാറുള്ളൂ. വായനയും അങ്ങനെ ആവണം.

മനഃശാസ്ത്ര തത്വങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ പരിശീലന മൊഡ്യൂള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിസ്താരഭയം മൂലം അതിലേക്ക് ഇവിടെ പ്രവേശിക്കുന്നില്ല. ഉരുവിട്ടു പഠിക്കല്‍ രീതിക്കപ്പുറം ആശയം ഗ്രഹിച്ചു പഠിക്കുക എന്ന തത്വമാണ് കുല്ലു മന്‍ നത്വഖ ഖറഅയുടേത് എന്നുകൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. പഠന പ്രക്രിയയില്‍ ബുദ്ധിയും ഹൃദയവും ശരീരവും പങ്കുവഹിക്കണം. ആചാര മര്യാീകള്‍ മാത്രം ശീലിച്ചതുകൊണ്ടാവില്ല. അത് ഹൃദയത്തില്‍ നിന്ന് വരുന്നതാവണം എന്ന് ശൈഖ് ഇബ്‌റാഹിം പറയുന്നു. ആത്മീയം(റൂഹിയ്യ്), ഹൃദയപരം(ഖല്‍ബിയ്യ്), സാമൂഹികം(ഇജ്തിമാഇയ്യ്), ചിന്താപരം(ഫിക്‌രിയ്യ്), മാനസികം(നഫ്‌സിയ്യ്) എന്നീ പരിശീലന മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ആത്മീയ പരിശീലനം സിദ്ധിച്ചവരായിരിക്കണം അ്ധ്യാപകര്‍ എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. അധ്യാപനത്തെ ഒരു തൊഴില്‍ മാത്രമായി കാണുന്നവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാനാവില്ല.

അവസാനമായി ഞങ്ങള്‍ ഈജിപ്തില്‍ വിമാനമിറങ്ങിയ ദിവസം തന്നെ പരിചയപ്പെട്ട ‘ഖബ്‌സുന്‍ മിന്‍ നൂര്‍’ എന്ന സന്നദ്ധസംഘടന പിന്തുടരുന്ന പഠന രീതിയെക്കുറിച്ചുകൂടി സൂചിപ്പിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.(ഐനുശ്ശംസ് യൂണിവേഴ്‌സിറ്റിയിലെ സെമിനാര്‍ സംഘടിപ്പിച്ചത് ഇവരാണ്). അറുനൂറ് വര്‍ഷം മുമ്പ് ബാഗ്ദാദില്‍ നിലനിന്നിരുന്ന ഖാഇദ ബഗ്ദാദിയ്യ എന്ന അറബി ഭാഷാ പഠന രീതി പുനരുജ്ജീവിപ്പിക്കുകയാണ് ഇവര്‍. അറബി ഭാഷ നന്നായി പഠിച്ചാല്‍ മാത്രമേ ഖുര്‍ആന്‍ സ്വയം പഠിക്കാനാവൂ എന്നതാണ് ഇവരുടെ നിലപാട്. അതിനാല്‍ ചെറുപ്പത്തിലേ അറബി ഏറ്റവും മികച്ച നിലയില്‍ പഠിപ്പിക്കുന്നതില്‍ ഇവര്‍ ശ്രദ്ധിക്കുന്നു. തജ്‌വീദും പാരായണ നിയമങ്ങളും അനുബന്ധ വിഷയങ്ങള്‍ മാത്രമായേ ഇവര്‍ പരിഗണിക്കുന്നുള്ളൂ. മുപ്പതു ദിവസം കൊണ്ട് അക്ഷരങ്ങള്‍, ആറുദിവസം കൊണ്ട് സ്വരചിഹ്നങ്ങള്‍, ആറുദിവസം കൊണ്ട് മദ്ദുകള്‍, ആറു ദിവസം കൊണ്ട് തന്‍വീനുകള്‍, രണ്ടു ദിവസം കൊണ്ട് സുകൂന്‍, ആറു ദിവസം കൊണ്ട് ശദ്ദുകള്‍ ഇങ്ങനെ അക്ഷര പഠനത്തിന് ഒരു ക്രമം ഇവര്‍ ദീക്ഷിക്കുന്നു. മനോഹരമായി രൂപകല്‍പന ചെയ്യപ്പെട്ട പാഠപുസ്തകം ഇവര്‍ക്കുണ്ട്. പാട്ടുകളിലൂടെ തജ്‌വീദ് പഠിപ്പിക്കുന്നു.

സാക്ഷരത വളരെ കുറവായ ഈജിപ്തില്‍ മഹത്തായ അക്ഷര വിപ്ലവം സൃഷ്ടിക്കുക കൂടിയാണ് ഖുര്‍ആന്‍ പ്രീ സ്‌കൂളുകള്‍. തങ്ങളുടെ പ്രയത്‌നം ഏറെ ഫലം ചെയ്യുന്നുവെന്ന സന്തോഷം ഓരോ പഠന സമ്പ്രദായത്തിന്റെയും വക്താക്കള്‍ പങ്കിടുന്നു.

എ കെ അബ്ദുല്‍മജീദ്

abdulmajeedak@gmail.com

You must be logged in to post a comment Login