നേരമ്പോക്കിന്റെ നേര്

നേരമ്പോക്കിന്റെ നേര്

ആളുകളെ നോക്കിയിട്ടുണ്ടോ? ചിലരെപ്പോഴും ബിസിയാണ്. ചിലരോ? (ആര്‍ക്കാണ് മറ്റുള്ളവരെ നോക്കാന്‍ നേരം? അവനവന്റെ കാര്യത്തിനു തന്നെ സമയമില്ല. എന്നിട്ടാണിപ്പോ ആള്‍ക്കാരെ ശ്രദ്ധിക്കുന്നത് എന്നല്ലേ? അതുതന്നെയാണ് പറയുന്നത്)
ചിലര്‍ക്ക് തിരക്കോട് തിരക്ക്. ഒന്നിനും സമയമില്ല. നേരെ ചൊവ്വെ ഒന്നു ഭക്ഷണം കഴിക്കാന്‍, ഉറങ്ങാന്‍, കുടുംബാംഗങ്ങള്‍ തമ്മിലൊന്ന് മിണ്ടിപ്പറയാന്‍- ഒന്നുമില്ല. ആരാധനക്കോ, പറയേണ്ടതുമില്ല. അതൊരു കൂട്ടര്‍.
എന്നാല്‍ മറ്റു ചിലരുണ്ട്. അവര്‍ക്ക് സമയം ബാക്കിയാണ്. അവരുടെ കാര്യം മറ്റവരുടെതിനെക്കാള്‍ കഷ്ടം. അവര്‍ നേരംപോക്കിന് വഴി തേടുന്നവര്‍.
ചിലര്‍ വെറുതെ നടക്കും. വെറുതെ ഇരിക്കും. അല്ലെങ്കില്‍ പ്രയോജനമില്ലാത്ത എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ചോദിച്ചാല്‍ മറുപടി: ‘നേരം പോകണ്ടേ?’
രണ്ടും അപകടമാണ്.
ഒന്നിനും സമയമില്ലാത്തവരാകരുത്. കാര്യങ്ങള്‍ക്ക് ശരിയായ പ്ലാനില്ലാത്തതാണ് സമയക്കുറവിന് ഒരു കാരണം. നമ്മുടെ തിരക്കിനനുസരിച്ച് സമയത്തിനു വിശാലമാകാന്‍ കഴിയില്ല. നമ്മെ പറ്റിക്കാന്‍ സമയം ദൈര്‍ഘ്യം കുറക്കുന്നുമില്ല. സമയം അതിന്റെ കൃത്യതയോടെ പോയിക്കൊണ്ടിരിക്കും. പിഴക്കുന്നത് നമുക്കാണ്.
നമ്മുടെ ജോലികള്‍ സമയത്തിനനുസരിച്ച് ക്രമീകരിക്കുന്നതിലാണ് മിടുക്ക്. കര്‍ത്തവ്യങ്ങളൊന്നും അപ്രധാനമല്ല. അതിനൊക്കെ സമയം കണ്ട് ഒരു ടൈം ടേബിളായാല്‍ കാര്യമൊക്കെ നടക്കും.
ആവശ്യമായ മുഴുവന്‍ കാര്യങ്ങള്‍ക്കും ആരാധന പോലുള്ള അനിവാര്യകാര്യങ്ങള്‍ക്കും അതില്‍ സമയം നിശ്ചയിക്കണം. അനാവശ്യത്തിനുള്ള സമയം അനുവദിക്കാതിരിക്കാനും ശ്രദ്ധവേണം. ഇല്ലെങ്കില്‍ അനുവദിച്ചതിന്റെ ഇരട്ടി അതപഹരിക്കും.
പിന്നെ സമയത്തിലുമുണ്ടൊരു ബറകത്ത്. സമ്പത്തിലും സന്താനങ്ങളിലുമൊക്കെയുള്ളതുപോലെ. അത് അല്ലാഹു നല്‍കുന്ന ഒരനുഗ്രഹമാണ്. അതിനായി പ്രാര്‍ത്ഥിക്കണം.
കുറഞ്ഞ കാലം കൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത മഹാ പ്രതിഭകളുണ്ടല്ലോ. അവരൊക്കെ ആ ഭാഗ്യം കിട്ടിയവര്‍. പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ സഹായം പടച്ചവനില്‍ നിന്നുമുണ്ടാവും.
ഇനി സമയം കൂടുതലുള്ളവരുടെ കാര്യം.
നിങ്ങള്‍ അക്കൂട്ടത്തിലാണോ? ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും സമയമുണ്ടോ? അതോ ചെയ്യേണ്ടതു പലതും അവഗണിച്ചു സമയം ബാക്കിയുണ്ടണ്ടോ.
ഒരു കാര്യമുറപ്പ്. കളയാന്‍ മാത്രം സമയം ആര്‍ക്കുമില്ലെന്നതാണ് നേര്. അല്ലെങ്കില്‍ ഉള്ള സമയത്ത് ഉപയോഗപ്രദമായ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനിരിക്കുന്നു. പിന്നെങ്ങനെ സമയം ബാക്കിയാവും. നേരം പോകണ്ടേ എന്ന പരിഭവം എങ്ങനെയുണ്ടാകും?
വീട്ടുജോലികളൊക്കെ തീര്‍ന്നു. കുട്ടികളൊക്കെ പഠനത്തിനും മറ്റും പോയി. ഇനി പണിയൊന്നുമില്ല. ഇതാണ് സമയംകൊല്ലികളുടെ ഭാവം.
സത്യത്തില്‍ സ്ഥിതിയെന്താണ്? നശ്വരവീട്ടിലെ ജോലിയല്ലേ തീര്‍ന്നുള്ളൂ? അനശ്വര വീട് വരാനുണ്ടല്ലോ. അവിടേക്കായി എന്തെല്ലാം ഒരുക്കങ്ങള്‍ ചെയ്യാനുണ്ട്?
കൃത്യമായി നിസ്‌കരിച്ചോ, ഖളാആക്കാതെ? ഖുര്‍ആന്‍ പാരായണം ചെയ്‌തോ? ഹദ്ദാദ്, സ്വലാത്ത്, ദിക്‌റുകള്‍? ഇതൊക്കെ പതിവായി ചെയ്യേണ്ടത് ചെയ്‌തോ?
പലരുടെയും സമയബാക്കി ഇതൊന്നും പരിഗണിക്കാതെയാണ്. രണ്ടു നേരത്തെ നിസ്‌കാരം ഒന്നിച്ചാക്കുന്നവരുണ്ട്. ളുഹ്‌റിന്റെ അവസാനസമയമാകാന്‍ കാത്തിരിക്കും. എങ്കില്‍ ഉടനെ അസ്വ്‌റുമാകാമല്ലോ. അതാണ് നോട്ടം. മഗ്‌രിബ് ഇശാഇന്റെ അല്‍പം മുമ്പ്. ഉടന്‍ ഇശാഉം നിസ്‌കരിക്കാന്‍. നിസ്‌കാരക്കുപ്പായമഴിച്ച് വീണ്ടുമിടാതെയും വുളൂഅ് ഒന്നില്‍ ഒതുക്കിയുമൊക്കെ ചില ലാഭങ്ങളാണ് കാണുന്നത്.
ജോലിത്തിരക്കില്‍ ഇങ്ങനെ സംഭവിച്ചാല്‍ ആകാമെന്നല്ലാതെ ആക്കാന്‍ കാത്തിരിക്കരുത്. ശ്രേഷ്ഠകര്‍മം ഏതെന്നു ചോദിച്ചപ്പോള്‍ ഒരിക്കല്‍ നബി(സ്വ) നല്‍കിയ മറുപടി ‘ആദ്യസമയത്തു നിസ്‌കരിക്കല്‍’ എന്നായിരുന്നു. സമയമുണ്ടായിരിക്കെ എന്തിന് ശ്രേഷ്ഠമായത് ഒഴിവാക്കണം?
ഇതൊക്കെ ചെയ്തിട്ടും സമയമുണ്ടെന്നാണോ? നല്ലത്. അതാവശ്യം തന്നെയാണ്. അങ്ങനെയൊരു സമയം ഉണ്ടാകേണ്ടതു തന്നെയാണ്. എന്തിനെന്നോ? വായിക്കാന്‍.
ദിനപത്രം, വാരിക, മാസിക മാത്രമല്ല പുസ്തകവായനക്കും കുറച്ചു സമയമുണ്ടാകണം. അറിവാണ് ആത്മാവിന്റെ ഭക്ഷണം. ദേഹത്തിന് എന്നും ഭക്ഷണം കൊടുക്കും പോലെ ആത്മാവിനും എന്നുമത് വേണം. ഒരു നിബന്ധനയുണ്ട്. വായിക്കുന്നത് നല്ലതാവണം. ശരീരത്തിനു നല്ല ഭക്ഷണമല്ലേ കൊടുക്കാറുള്ളൂ. എങ്കില്‍ ആത്മാവിനു നല്‍കുന്നതും നല്ലതാവണം.
സ്ത്രീകളെ ലക്ഷ്യമാക്കിയിറങ്ങുന്ന വിഷപ്പേജുകളുണ്ട്, വര്‍ണപ്പൊലിമയോടെ. സ്ത്രീകളെ നാണം കെട്ട പരിഷ്‌കാരികളാക്കാനേ അവ ഉപകരിക്കൂ. അവ വീട്ടില്‍ കടക്കാതെ നോക്കണം. നല്ലതു വായിച്ചാല്‍ ഇരു ലോകത്തും നേട്ടമുണ്ട്.
ചെയ്യേണ്ടതൊക്കെ ചെയ്‌തെന്നുവരുത്തി ടി വിക്കു മുന്നില്‍ തപസിരിക്കുന്നവരുണ്ട് വീട്ടുകാരികളില്‍. സീരിയല്‍ ഓരോന്നിന്റെയും സമയമവര്‍ക്ക് കൃത്യമായറിയും(ഒരു നിസ്‌കാരത്തിന്റെ പോലും സമയമറിയില്ല!)’നല്ല സിനിമ’ ഏതു ചാനലിലെന്നുമറിയും. പിന്നെ സമയബോധമില്ലാതെ അതിനു മുമ്പില്‍.
ഇവര്‍ സത്യമായും സമയത്തെ കൊല്ലുക തന്നെയാണ്. ക്രൂരമായ കൊല. നല്ലതിനൊന്നും പ്രയോജനപ്പെടുത്താതെ അവരുടെ സമയം മരിച്ചുപോകുന്നു!
‘രണ്ടനുഗ്രഹങ്ങള്‍. ഏറെയാളുകളും അതില്‍ വഞ്ചിതരായിപ്പോകുന്നു. ആരോഗ്യവും ഒഴിവുവേളയു’മാണത് എന്ന് നബി(സ്വ).
ചോദ്യനാള്‍ വരുന്നുണ്ട്. ആയുസ്സ് എങ്ങനെ തീര്‍ത്തു എന്ന് അന്ന് നാഥനോട് ബോധിപ്പിക്കേണ്ടി വരും. നാലു കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാതെ കാലുകളൊന്ന് മാറ്റിവെക്കാന്‍ പറ്റില്ല അന്ന്. ആയുസ്സും ആരോഗ്യവും എങ്ങനെ കളഞ്ഞു. അറിവുകൊണ്ടെന്തുചെയ്തു. ധനം എങ്ങനെയുണ്ടാക്കി, എന്തില്‍ ചെലവഴിച്ചു… ഇവ നാലിനും മറുപടി കണ്ടുകൊള്ളുക.
സമയം കൊല്ലുന്നവര്‍ ആയുസ്സിനെയാണ് നശിപ്പിക്കുന്നത്. ശരിക്കും ആത്മഹത്യയതാണ്. ആത്മാവിനെ അപകടത്തിലാക്കി ദേഹം ഭൂമിയിലുണ്ടായിട്ടെന്തുകൊര്യം?
പരലോകത്ത് സന്തോഷിക്കാന്‍ വകയുള്ളവര്‍ ആരെന്ന് നബി(സ്വ) പറഞ്ഞതിങ്ങനെയാണ്: ‘ദീര്‍ഘായുസ്സ് ലഭിക്കുകയും കര്‍മങ്ങള്‍ നന്നാവുകയും ചെയ്തവര്‍.’
നന്മയൊന്നും ചെയ്യാതെ വിലപ്പെട്ട സമയം നശിപ്പിക്കുന്ന നേരം പോക്കുകാരുടെ കാര്യം പോക്കാണെന്ന് മനസ്സിലായോ?

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login