ഫലസ്തീനികളെ വിട്ട് ഇന്ത്യ ഇസ്രായേലിനെ ആശ്ലേഷിക്കുമ്പോള്‍

ഫലസ്തീനികളെ വിട്ട് ഇന്ത്യ ഇസ്രായേലിനെ ആശ്ലേഷിക്കുമ്പോള്‍

സയണിസ്റ്റ് പ്രസ്ഥാനം സ്വപനത്തില്‍ കണ്ട ‘വാഗ്ദത്ത ഭൂമിയില്‍ ‘ യഹൂദര്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1917നവംബര്‍ രണ്ടിനു അന്നത്തെബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ ബ്രിട്ടീഷ് സയണിസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റ് റോത്‌സ്‌ചൈല്‍ഡിനു എഴുതിയ ഒരു കത്തോടെയാണ്. ബ്രിട്ടീഷ് മന്ത്രിസഭ 1917 ഒക്‌ടോബര്‍ 31നു അംഗീകരിച്ച ആ കത്ത് 1922 ജൂലൈ 24നു ലീഗ് ഓഫ് നേഷന്‍സ് ( ഐക്യരാഷ്ട്രസഭയുടെ മുന്‍ അവതാരം ) സ്വീകരിച്ചതോടെ ഫലസ്തീന്റെ നിയന്ത്രണം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധീനതയിലേക്ക് മാറുകയായിരുന്നു. അവിടെനിന്നാണ് ഇസ്രയേല്‍ രാഷ്ട്രം ഉയിര്‍ക്കൊള്ളുന്നത്. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി സയണിസ്റ്റ് നേതാവിനു എഴുതിയ പരാമൃഷ്ട കത്താണ്’വാല്‍ഫര്‍ ഡിക്ലറേഷന്‍’ എന്ന പേരില്‍ ആധുനിക ലോക ചരിത്രത്തില്‍ ഇടം നേടിയത്. ഇവ്വിഷയകമായ തീരാവഞ്ചനയുടെ കഥയിലേക്ക് കടന്നുചെല്ലാനല്ല ശാഹിദ് ഉദ്യമിക്കുന്നത്.അറബ് ഇസ്‌ലാമിക ലോകത്തിന്റെ മാറിടത്തില്‍, അവരുടെ അറിവോ അനുമതിയോ കൂടാതെ, ജുതര്‍ക്കായി ഒരു രാജ്യം ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ , അന്ന് ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ കഴിയുന്ന ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രമേയങ്ങള്‍ നിരവധി പാസ്സാക്കി.1938ല്‍ മഹാത്മാ ഗാന്ധി രോഷാകുലനായി എഴുതി: ‘ അറബികളുടെ മേല്‍ജൂതന്മാരെ അടിച്ചേല്‍പിക്കുന്നത് തെറ്റും മനഷ്യത്വരഹീനവുമായ നടപടിയാണ്’. ജവഹര്‍ലാല്‍ നെഹ്‌റുവും പിറന്നമണ്ണില്‍നിന്ന് പിഴുതെറിയപ്പെടാന്‍ പോകുന്ന ഫലസ്തീനികള്‍ക്കൊപ്പമായിരുന്നു നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഇസ്രയേലിന്റെ പിറവിതൊട്ട് നമ്മുടെ രാജ്യം തത്ത്വാധിഷ്ഠിതമായ ഒരു നിലപാട് സ്വീകരിച്ചുകൊണ്ട് ആ രാജ്യത്തെ അകറ്റിനിര്‍ത്തി. 1949ല്‍ ഇസ്രയേലിനു അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയം യു.എന്നില്‍ വന്നപ്പോള്‍ ഇന്ത്യ എതിര്‍ത്ത് വോട്ട്‌ചെയ്തു. 1950ല്‍ ഇസ്രയേല്‍ രാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചെങ്കിലും ജൂതരാഷ്ട്രത്തോടുള്ള അസ്പൃശ്യത ശക്തമായി തുടര്‍ന്നു. 1955ല്‍ ബന്ദൂങ്ങ് സമ്മേളനത്തിലേക്ക് ഇസ്രയേലിനെ ക്ഷണിക്കണമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തത് നെഹ്‌റുവായിരുന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ ) ആദ്യമായി അംഗീകരിച്ച അറബിതര രാജ്യം ഇന്ത്യയാണ്. 1975ല്‍ ഡല്‍ഹിയില്‍ പി.എല്‍.ഒ ഓഫിസ് തുറക്കുകയുണ്ടായി. എണ്‍പതായപ്പോഴേക്കും പൂര്‍ണ നയതന്ത്രപദവി പ്രദാനം ചെയ്തു ജന്മഭൂമി വീണ്ടെടുക്കാനുള്ള ഫലസ്തീനികളുടെ പോരാട്ടത്തിനു ഇന്ത്യ ഹൃദയംഗമമായി പിന്തുണ നല്‍കി. 1996ല്‍ ഇന്ത്യ ഗസ്സയില്‍ പ്രതിനിധി ആസ്ഥാനം തുറന്നു. യശശ്ശരീരയായ ഇന്ദിര ഗാന്ധി പിതാവ് നെഹ്‌റുവിന്റെ പാത തന്നെയാണ് ഫലസ്തീന്‍ വിഷയത്തില്‍ പിന്തുടര്‍ന്നുപോന്നത്. എന്നാല്‍ രാജീവ് ഗാന്ധിയുടെ കാലമായപ്പോഴേക്കും സയണിസ്റ്റുകളോടുള്ള നിലപാടില്‍ ചെറിയ വ്യതിയാനം പ്രകടമാകാന്‍ തുടങ്ങിയിരുന്നു. അങ്ങനെയാണ്, 1985 സെപ്റ്റംബറില്‍ യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ആദ്യമായി മുഖാമുഖം കാണുന്നത്. പാക്കിസ്ഥാന്റെ ആണവപദ്ധതികളാണ് ഇത്തരമൊരു അടുപ്പത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ച ആദ്യ പ്രധാനമന്ത്രി എന്ന ‘ഖ്യാതി’ പി.വി. നരസിംഹറാവുവിനാണ്. സാമ്പത്തിക ഉദാരീകരണത്തിലൂടെ തുറന്നുവിട്ട മാറ്റങ്ങളും കശ്മീരില്‍ തീവ്രവാദി ഭീഷണി രൂക്ഷമായ സാഹചര്യവുമാണ് റാവുവിനെ ഇ
ത്തരമൊരു നയവ്യതിയാനത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു അന്ന് ഉയര്‍ന്നുകേട്ട ന്യായീകരണം. എന്നാല്‍, നയതന്ത്രബന്ധം സ്ഥാപിച്ചിട്ടും ജൂതരാഷ്ട്രവുമായി പരസ്യമായ ഇടപാടുകളും ആദാനപ്രദാനങ്ങളും നടത്താന്‍ കോണ്‍ഗ്രസ് ഭരണകൂടം മുന്നോട്ടുവരാതിരുന്നത് സ്വാതന്ത്ര്യലബ്ധി തൊട്ട് രാജ്യം അനുധാവനം ചെയ്യുന്ന തത്ത്വാധിഷ്ഠിതമായ ഒരു നയത്തില്‍നിന്നുള്ള അപഭ്രംശം ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കും എന്ന ആശങ്ക മൂലമായിരുന്നു. ഒരു രാഷ്ട്രത്തെ അംഗീകരിച്ചിട്ടും അതുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ കൂട്ടാക്കാതിരുന്ന ഇന്ത്യയുടെ ഉറച്ചതീരുമാനത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗഹനമായി പഠിച്ച് ഒരു ഗ്രന്ധം രചിച്ച നിക്കോളാസ് ബ്ലാരല്‍(Nicolas Blarel) അപൂര്‍വ സംഭവമായാണ് കാണുന്നത്. 42വര്‍ഷത്തെ കാത്തിരിപ്പ് നയതന്ത്ര ചരിത്രത്തിലെ തുല്യതയില്ലാത്ത രാഷ്ട്രീയ നീക്കമാണെന്ന് നിക്കോളാസ് ബ്ലാരല്‍ കുറിച്ചു. (The Evolution of India’s Israel Policy by Nicolas Blarel,Oxford University Press)ൈ നയതന്ത്രബന്ധം സ്ഥാപിച്ചതിലൂടെ വരുത്തിവെച്ച ക്ഷീണം മാറ്റാന്‍ പ്രധാനമന്ത്രി റാവു പി.എല്‍.ഒ നേതാവ് യാസിര്‍ അറഫാത്തിനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചത് നയതന്ത്രവൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ആലിംഗനത്തിന്റെ ആരംഭം
എന്നാല്‍, സയണിസ്റ്റ് രാഷ്ട്രവുമായി ഇന്ത്യ ആത്മാര്‍ഥമായ പരിരംഭണത്തിനു തുടക്കം കുറിക്കുന്നത് എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ്. 2000ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും സീനിയര്‍ കാബിനറ്റ് അംഗവുമായ എല്‍.കെ അദ്വാനി ഇസ്രായേല്‍ സന്ദര്‍ശിച്ചത് ലോകമൊന്നടങ്കം സാകൂതം വീക്ഷിച്ചു. ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യഇസ്രയേല്‍ കര്‍മസമിതി രൂപീകരിച്ചത് 2003ലാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അമേരിക്കന്‍ ജുവിഷ് കമ്മിറ്റിയെ അഭിസംബോധന ചെയ്തു സംസാരിച്ചത് ഇസ്‌ലാമിക തീവ്രവാദം നേരിടുന്ന വിഷയത്തില്‍ ഇന്ത്യക്കും ഇസ്രയേലിനും എങ്ങനെ കൈകോര്‍ക്കാം എന്നതിനെ കുറിച്ചായിരുന്നു. 2003ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാറോണ്‍ ഡല്‍ഹി സന്ദര്‍ശിച്ചു. ചരിത്രമാകുന്നത് എന്നാല്‍, ന്യൂഡല്‍ഹിതെല്‍അവീവ് നയതന്ത്ര മധുവിധു അധികകാലം ഇമ്മട്ടില്‍ നീണ്ടുനിന്നില്ല. 2004ല്‍ യു.പി.എയുടെ അധികാരലബ്ധിയോടെ ഇസ്രയേല്‍ ഇന്ത്യയുടെ റഡാറില്‍നിന്ന് തല്‍ക്കാലം അപ്രത്യക്ഷമായി. എല്ലാം അണിയറക്കു പിന്നിലായിരുന്നു. അതുകൊണ്ടാണ് 2010ല്‍ മണിശങ്കര്‍ അയ്യര്‍ പാര്‍ലമെന്റില്‍ ഇന്ത്യഇസ്രയേല്‍ ബന്ധത്തെ കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ ‘സ്‌റ്റേറ്റ് സീക്രറ്റ്’ ആയത് കൊണ്ട് ഉത്തരം നല്‍കാന്‍ സാധ്യമല്ല എന്ന മറുപടി വിദേശകാര്യമന്ത്രിയില്‍നിന്ന് കിട്ടിയത്. ഗോലാന്‍ കുന്നുകളില്‍നിന്ന് ഇസ്രയേല്‍ പിന്മാറി സമാധാനത്തിനുള്ള വഴി തുറന്നിടണമെന്ന മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ നിര്‍ദേശം ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രമേഖലയിലുള്ള പ്രത്യക്ഷമായ ഒരേറ്റുമുട്ടലായിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് പ്രചാരക് ആയ നരേന്ദ്രമോദിയുടെ അധികാരാരോഹണം ഇന്ത്യയിലെ സംഘ്പരിവാറിനെക്കാള്‍ ആഹ്ലാദിപ്പിച്ചിട്ടുണ്ടാവുക ഇസ്രയേലി ഭരണകൂടത്തെയും ലോകത്തെമ്പാടുമുള്ള സയണിസ്റ്റ് ആക്ടിവിസ്റ്റുകളെയും അനുഭാവികളെയുമായിരിക്കാം. കാരണം, ഇസ്രയേലുമായി ഉറ്റസൗഹൃദം സ്ഥാപിക്കുക മാത്രമല്ല, ന്യൂഡല്‍ഹിവാഷിംഗ്ടണ്‍തെല്‍അവീവ് അച്ചുതണ്ട് തീര്‍ക്കുന്നതിനെ കുറിച്ച് നേരത്തെ സ്വപ്‌നം കാണുന്നവരാണ് നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനിലിരിക്കുന്നവര്‍.2014മേയില്‍ അധികാരമേറ്റെടുത്ത മോദി സെപ്റ്റംബറില്‍ യു എന്‍ പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഉറ്റ സൗഹൃദം സ്ഥാപിച്ചത് ലോകമെങ്ങും പാട്ടാണ്. ഇന്ത്യഇസ്രായേല്‍ പ്രതിരോധ ബന്ധത്തിനു ഇനി ‘ആകാശമേ അതിരുള്ളൂ’ എന്ന നെതന്യാഹുവിന്റെ ആവേശപ്രകടനത്തില്‍ ഒരു സ്വപ്‌നസാഫല്യത്തിന്റെ ധ്വനി ശ്രവിക്കാം. ചക്രവാളം നിറഞ്ഞൊഴുകിയ ആ പ്രതീക്ഷയുടെ ആദ്യ സാക്ഷാത്ക്കാരമാവണം ജൂലൈ മൂന്നിനു ഇസ്രയേലിനു എതിരെ യു.എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ വോട്ടെടുപ്പുണ്ടായപ്പോള്‍ ഇന്ത്യ വിട്ടുനിന്നത്.

നയവ്യതിയാനത്തിന്റെ മലക്കംമറിച്ചില്‍
കഴിഞ്ഞവര്‍ഷം റമളാനില്‍ ലോകം നടുക്കത്തോടെ കണ്ടുകൊണ്ടിരുന്ന ഗസ്സയിലെ ഇസ്രയേലി ആക്രമണത്തിന്റെ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നു എന്നതാണ് മോദിയുടെ നയവ്യതിയാനത്തിന്റെ അനന്തരഫലം. 21,00ത്തിലേറെ ഫലസ്തീനികള്‍ ഇസ്രയേലി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 500കുഞ്ഞുങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. 1,500കുഞ്ഞുങ്ങള്‍ അനാഥരാവുകയും ചെയ്തു. കൊടിയ ആക്രമണത്തിന്റെ ഭീകരത കണ്ട് ലോക മനഃസാക്ഷി ഞെട്ടിത്തെറിച്ച ഒരു ഘട്ടത്തിലാണ് ന്യൂയോര്‍ക്ക് സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി മേരി മഗ്വാന്‍ ഡേവിസ് അധ്യക്ഷയായ അന്വേഷണ കമീഷനെ യു.എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍ നിയോഗിക്കുന്നത്. അത്തരമൊരു അന്വേഷണ സംഘത്തെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം വന്നപ്പോള്‍ അതിനു അനുകൂലമായി വോട്ട് ചെയ്ത രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 27നു യു.എന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഇസ്രയേലി സൈന്യത്തെയും ഫലസ്തീനിലെ ഹമാസ് പോരാളികളെയും ഒരുപോലെ കുറ്റപ്പെടുത്തുന്ന വിധം ‘തൂക്കമൊപ്പിച്ച’ ഭാഷ്യമാണ് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. സിവിലിയന്‍ ടാര്‍ഗെറ്റുകളാണെന്ന് ബോധ്യമുണ്ടായിട്ടും സ്ത്രീകളും കുഞ്ഞുങ്ങളും താമസിക്കുന്ന സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിന് സമാനമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. യു .എന്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കും മെഡിക്കല്‍ സംവിധാനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെ നടന്ന ആക്രമണങ്ങളെ കുറിച്ചൊന്നും അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാതിരുന്നത് ഈ സംഘര്‍ഷഭരിത മേഖലയില്‍ അതൊക്കെ സ്ഥിരം സംഭവമായത് കൊണ്ടാണെന്ന പരിഹാസ്യമായ ന്യായീകരണങ്ങളും റിപ്പോര്‍ട്ടില്‍നിന്ന് വായിച്ചെടുക്കാനുണ്ട്. ‘ഗസ്സ മുനമ്പിലെ എന്തും ഒരു ഭീഷണിയാണ്. ഈ പ്രദേശത്തെ ജനങ്ങളെ മുഴുവനും ഉന്മൂലനം ചെയ്തു സ്ഥലം കാലിയാക്കേണ്ടതുണ്ട്’ ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

ഇമ്മട്ടില്‍ അരങ്ങേറിയ അതിക്രൂരമായ ആക്രമണങ്ങളെ കുറിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് അയക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സില്‍ വോട്ടിനിട്ടപ്പോഴാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. ഇസ്രയേലിനെ സെന്‍ഷ്വര്‍ ചെയ്യാനുള്ള വോട്ടെടുപ്പില്‍ എട്ട് യൂറോപ്യന്‍ അംഗങ്ങളടക്കം 41രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോഴാണ് കെനിയ, എത്യോപിയ, പരാഗ്വെ, മെസിഡോണിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ മാറിനിന്നത്. സ്വാഭാവികമായും ഇസ്രയേലിന്റെ ‘ഗോദ്ഫാദര്‍ ‘ആയ അമേരിക്ക പ്രമേയത്തെ എതിര്‍ത്തും വോട്ട് ചെയ്തു. ഇസ്രയേലിന്റെ ആജന്മ മിത്രങ്ങളായ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രമേയത്തിനു അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോഴാണ് ബാല്‍ഫര്‍ പ്രഖ്യാപനം തൊട്ട് ഫലസ്തീനികള്‍ക്ക് വേണ്ടി വാദിക്കുകയും സയണിസ്റ്റ് ഗൂഢാലോചനക്ക് എതിരെ ആദര്‍ശാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുകയും ചെയ്തുവന്ന ഇന്ത്യ മലക്കം മറച്ചില്‍ നടത്തിയത്. ഇതിനു പിന്നില്‍ മോദിബെന്യാമിന്‍ ഗൂഡാലോചയായിരുന്നു. ഇസ്രയേലിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാവാം ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ‘ദി ജറൂസലം പോസ്റ്റ് ‘ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തെല്‍അവീവ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ഖ്യാതി തന്റെ നെറ്റിയില്‍ തുന്നിച്ചേര്‍ക്കാന്‍ ഈ വര്‍ഷാവസാനം ഇസ്രയേല്‍ സന്ദര്‍ശിക്കന്‍ പരിപാടി ആവിഷ്‌കരിച്ച മോദി സന്ദര്‍ശന വിജയനത്തിനായി ഇപ്പോഴേ കളമൊരുക്കുകയായിരുന്നു. ഈ വിഷയത്തില്‍ സയണിസവും ഹിന്ദുത്വവും ഒരേ തൂവല്‍ പക്ഷികളാവുന്നത് കടുത്ത മുസ്‌ലിം വിരുദ്ധതയാണെന്ന യാഥാര്‍ഥ്യം ലോകത്തെ ആരും പഠിപ്പിക്കേണ്ടതില്ല. ഇന്ത്യയുടെ പിഴച്ച നീക്കം ഫലസ്തീനികളെയും അവരുടെ പോരാട്ടത്തിനു പിന്തുണ നല്‍കുന്ന മനഃസാക്ഷി മരവിക്കാത്ത ലോകത്തെയും അദ്ഭുതപ്പെടുത്തുന്നതിനപ്പുറം സങ്കടപ്പെടുത്തി എന്ന് വിവിധ കോണുകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ വിളിച്ചറിയിക്കുന്നു. ‘ഞങ്ങള്‍ ഞെട്ടി. ഫലസ്തീനിയന്‍ ജനതയും നേതാക്കളും യു.എന്‍ പ്രമേയത്തില്‍ സന്തുഷ്ടരായിരുന്നു. പക്ഷേ വോട്ടിങ്ങിന്റെ കാര്യത്തില്‍ ഇന്ത്യയെടുത്ത നിലപാട് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു.ഡല്‍ഹിയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹയ്ജിയുടെ പ്രതികരണം ( ദി ഹിന്ദു’ പത്രവുമായുള്ള അഭിമുഖം, 2015 ജൂലൈ 6 ) ക്ഷതപ്പെടുത്തിയത് ഇതുവരെ ഫലസ്തീന്‍ വിഷയത്തില്‍ ഒരുരറച്ച തീരുമാനമെടുത്ത ഒരു രാജ്യത്തിന്റെ അഭിമാനത്തെയാണ്. നാണക്കേടിന്റെ പുതിയൊരു ചരിത്രത്തിന്റെ തുടക്കം മാത്രമാണിതെന്നാണ് അറിയുമ്പോഴാണ് ഒരു രാജ്യത്തിന്റെ ധാര്‍മികപതനമോര്‍ത്ത് അശ്രുപൊഴിക്കേണ്ടിവരുന്നത്.

ശാഹിദ്‌

You must be logged in to post a comment Login