വീട്ടില്‍ മദ്‌റസക്കെത്ര നിലവാരമുണ്ട്?

വീട്ടില്‍ മദ്‌റസക്കെത്ര നിലവാരമുണ്ട്?

ഇന്ന് മദ്രസ തുറക്കുകയാണ്. നജീബ് അനസ്‌മോനെ വിളിച്ചു പറഞ്ഞു : ‘മോനേ! നമുക്കിന്ന് പോവാം. ഇന്നലെ വാങ്ങിയ തൊപ്പി ധരിച്ചോളൂ.’ അനസിന്റെ മുഖത്ത് പ്രത്യേക ഭാവമൊന്നുമില്ല. മദ്രസയില്‍ പോവാനായി അവന് പുതിയ ഡ്രസ്സുകളോ മറ്റോ വാങ്ങിയിട്ടുമില്ല. വീട്ടില്‍ നിന്ന് കുറച്ചു ദൂരമേ മദ്രസയിലേക്കുള്ളൂ. അനസ് പിതാവിന്റെ കയ്യില്‍ പിടിച്ചു നടന്നു. യാത്രയാക്കാന്‍ അനസിന്റെ ഉമ്മ നസീമ വാതില്‍ക്കല്‍ വന്നില്ല. മോന്‍ ഇടക്കിടെ ബാപ്പാന്റെ കൂടെ അങ്ങാടിയില്‍ പോവാറുണ്ട്. അതുപോലൊരു പോക്ക് എന്നേ നസീമക്കും തോന്നിയുള്ളൂ.നജീബിനപ്പോള്‍ താന്‍ ആദ്യമായി മദ്രസയില്‍ പോയത് ഓര്‍മവന്നു. ബാപ്പ പുതിയ ഡ്രസ്സുകളും ചെരിപ്പുമൊക്കെ വാങ്ങിത്തന്നിരുന്നു. തലയില്‍ പുതിയ ഉറുമാല്‍ കെട്ടിത്തന്നു. പോകുന്നതിന്റെ തലേന്ന് ജുമുഅത്ത് പള്ളിയിലെ ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയി. മുമ്പിലിരുപ്പിച്ച് ദുആ ചെയ്തു തന്നു. പിറ്റേന്ന് സുബ്ഹി ജമാഅത്തിന് ബാപ്പയോടൊപ്പം പള്ളിയില്‍ പോയി. ഉമ്മ മധുര പലഹാരം ഉണ്ടാക്കി വെച്ചിരുന്നു. പള്ളിയില്‍ നിന്ന് വന്ന് ഞങ്ങളൊന്നിച്ച് ചായയും പലഹാരവും കഴിച്ചു. അതിനിടെ ഉമ്മ വാപ്പാനോട് പറഞ്ഞു: മോനെ നല്ലോണം പഠിപ്പിക്കാന്‍ ഉസ്താദിനോട് പറയണം. അവന് നല്ല അറിവുണ്ടാവട്ടെ. നല്ല മോനായി വളരട്ടെ. അഞ്ച് വഖ്ത് നിസ്‌കാരമൊക്കെ നിര്‍വഹിച്ച് മോന്‍ നമുക്കൊക്കെ ദുആ ചെയ്യുന്നവനാവണം. പിന്നെയും എന്തൊക്കെയോ ആഗ്രഹങ്ങള്‍ പറഞ്ഞ് ഉമ്മ തേങ്ങി. ബാപ്പ പറഞ്ഞു. അവന്‍ നല്ലവനായിത്തീരാന്‍ ഞാന്‍ ബല്ല്യഉസ്താദിനോട് ദുആ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.

അന്ന് മദ്രസയിലേക്ക് പുറപ്പെടുമ്പോള്‍ ഉമ്മ ഒരു കടലാസ് പൊതി തന്നു. ഉസ്താദുമാര്‍ക്കുള്ള പലഹാരമായിരുന്നു അത്. മദ്രസയിലെത്തിയപ്പോള്‍ സദര്‍ ഉസ്താദ് ഞങ്ങളെ സ്വീകരിച്ചു. എന്റെ കൈപിടിച്ചു അവിടെയുണ്ടായിരുന്ന ഒരു ബഞ്ചിലിരുത്തി. ബാപ്പയും ഉസ്താദും തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. ഇടക്കിടെ എന്റെ മുഖത്ത് നോക്കി ഉസ്താദ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അതിനിടെ പുതിയ കൂട്ടുകാര്‍ വന്നുകൊണ്ടിരുന്നു. അവരെയൊക്കെ ഉസ്താദ് സ്വീകരിക്കുന്നു. എന്തുനല്ല ഉസ്താദ്. എല്ലാവരും വന്നുകഴിഞ്ഞപ്പോള്‍ ഉസ്താദ് ദുആ ചെയ്തു. ഞങ്ങളും ബാപ്പമാരും ആമീന്‍ പറഞ്ഞു. ഉസ്താദ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ബിസ്‌ക്കറ്റുകള്‍ തന്നു. പിന്നെ ഞങ്ങളെല്ലാവരെയും ഒരു ക്ലാസിലിരുത്തി. അന്നു ഉസ്താദ് ചെയ്ത ഉപദേശം ഇപ്പോള്‍ ഓര്‍മയുണ്ട്: നമ്മള്‍ പരസ്പരം കാണുമ്പോള്‍ സലാം പറയണം. വീട്ടില്‍ ചെല്ലുമ്പോഴും പോരുമ്പോഴും സലാം പറയണം.

അങ്ങനെ മദ്രസ വിട്ടപ്പോള്‍ പുതിയ സ്ലേറ്റും കയ്യില്‍ പിടിച്ച് ഞാന്‍ വീട്ടിലേക്കു ഓടി വന്നു. ഉമ്മ വാതില്‍ക്കല്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒത്തിരി ദൂരെ നിന്നു തന്നെ വിളിച്ചു പറഞ്ഞു: അസ്സലാമു അലൈക്കും. ഉമ്മ മുറ്റത്തിറങ്ങിവന്നു എന്നെ വാരിയെടുത്തു ചുംബിച്ചു. ശേഷം ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.വൈകുന്നേരം ബാപ്പ വന്നപ്പോള്‍ ഞാന്‍ മദ്രസയിലെ വിശേഷങ്ങളൊക്കെ പറഞ്ഞു. പെരുത്തിഷ്ടായി.

അന്ന് ഉമ്മയുടെയും ബാപ്പയുടേയുമൊക്കെ ആഗ്രഹം എത്ര വലുതായിരുന്നു. മദ്രസയില്‍ പോയി നല്ല അറിവുകള്‍ നേടണം. സല്‍സ്വഭാവിയാകണം. അഞ്ചുനേരം നിസ്‌കരിച്ചു ഉമ്മാക്കും ബാപ്പാക്കുമൊക്കെ ദുആ ചെയ്യുന്നവരാവണം. ഇങ്ങനെ എന്തെല്ലാം മോഹങ്ങള്‍; ഇരവുകള്‍.

ഇന്ന് പക്ഷേ, അതൊക്കെ മാറിയില്ലേ. അംഗനവാടിയില്‍ ചേര്‍ക്കുന്ന സ്ഥാനം പോലും മദ്‌റസക്കില്ലാതെ പോയിരിക്കുന്നു. സ്‌കൂളുകളില്‍ ചേര്‍ക്കുമ്പോഴുള്ള മുന്നൊരുക്കം എത്രകേമമാണ്. അതിലെന്തെങ്കിലും കുറവു വരുന്നത് നമുക്കെന്തൊരു ആധിയാണ്. ഭൗതിക പഠനകാര്യത്തില്‍ വല്ല ന്യൂനതയും വന്നേക്കുമോ എന്ന കാര്യത്തില്‍ ഒരു ബേജാറുതന്നെ നമ്മെപിടികൂടിയിരിക്കുന്നു.

ഈ ലോകത്തെ സുഖജീവിതം മാത്രമാണ് നാം മുന്നില്‍ കാണുന്നത്. കുട്ടികളെയും നാം ആ വഴിക്കു തിരിച്ചു വിടുന്നു. അവര്‍ക്കിവിടെ സുഖമായി ജീവിക്കാന്‍ വഴിയുണ്ടാക്കണം. പരമപ്രധാനമായി അതുമാത്രമേ നാം മുന്നില്‍ കാണുന്നുള്ളൂ.

അവസാനിക്കാത്ത മറ്റൊരു ജീവിതം വരാനിരിക്കുന്നുവെന്ന സത്യം മനസ്സിന്റെ ഒരു കോണിലുമില്ല. അതുകൊണ്ട് കുട്ടികളിലും അതിന്റെ ലാഞ്ചനയില്ല. പരലോക ജീവിതത്തെക്കുറിച്ചുള്ള വിചാരം പഴഞ്ചനായിരിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് മതപരമായ അറിവിനെ നാം രണ്ടാമതായിക്കാണുന്നത്. മതപരമായ സംസ്‌കാരം പുഛമായി തോന്നുന്നത്. സല്‍സ്വഭാവത്തിനു പുതിയ അര്‍ത്ഥ തലങ്ങളാണ് നാം കല്‍പിച്ചു കൊടുക്കുന്നത്.

മദ്രസയില്‍ നിന്നു നേടുന്ന ചുരുക്കം അറിവുകള്‍ പോലും പരലോക വിജയത്തിനു വേണ്ടിയുള്ളതാണ്. പരലോകത്തെ ജീവിതമാണ് സത്യം. ശാശ്വതമായ സത്യം. അവിടെ മരണമില്ലല്ലോ. വിശ്വസിക്കുകയും അല്ലാഹുവിന്റെ ഇഷ്ടം പോലെ ജീവിക്കുകയും ചെയ്തവന് എന്നെന്നും സന്തോഷം. അല്ലാത്തവര്‍ക്ക് പ്രയാസമേറിയ ജീവിതം. എങ്കില്‍ അവിടത്തെ ജീവിത വിജയം തന്നെയാണ് ചിന്തിക്കുന്നവരുടെ പ്രധാന വിഷയം. അതിനെക്കുറിച്ച് ചെറിയ ധാരണയെങ്കിലും തരുന്ന പ്രാഥമിക കലാലയമാണ് നമ്മുടെ മദ്രസകള്‍. അതിനാല്‍ ബുദ്ധിമാന്‍മാര്‍ ഈ പാഠശാലകളെ ഒരിക്കലും ചെറുതായിക്കാണുകയില്ല. അതിന്റെ പരിപോഷണം അവരുടെയെല്ലാം പ്രധാന വിഷയം തെന്നെയായിരിക്കും.

 PP Abdul Razaq Darimi

You must be logged in to post a comment Login