അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

അച്ഛനമ്മമാരിരിക്കെ അനാഥരാവുന്ന മക്കള്‍

കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ വിജയന്‍, പത്താംക്ലാസ് പരീക്ഷയില്‍ ആദ്യ തവണ തോറ്റെങ്കിലും ഒഴുക്കിനെതിരെ നീന്തി കാക്കിക്കുള്ളില്‍ പുതിയ മേല്‍വിലാസം തരപ്പെടുത്തിയ ഐ പി എസുകാരനാണിന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സി എന്‍ എന്‍ – ഐ ബി എന്‍ പോയ വര്‍ഷത്തെ ‘ഇന്ത്യന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നല്‍കിയ പി വിജയന്‍ ഐ പി എസ്. നിലവില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡി ഐ ജി. പത്താംക്ലാസ് പരീക്ഷ തോല്‍ക്കുമ്പോള്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയിരുന്ന വലിയൊരു സമൂഹം പരിസരത്തുണ്ടായിരുന്ന കാലത്താണ് വിജയനും പത്തില്‍ തോറ്റത്. തോല്‍വിയുടെ നിരാശയില്‍ ആത്മഹത്യക്കു കയറു തേടി പോകുന്നതിനു പകരം വിജയന്‍ പോയത് കേളുക്കുട്ടി കോണ്‍ട്രാക്റ്ററുടെ സംഘത്തില്‍ കല്ല് ചുമക്കാന്‍. നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രം നഷ്ടപ്പെട്ടതെല്ലാം വിജയന്‍ തിരിച്ചുപിടിച്ചു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുതല്‍ അമിത്ഷാ, അരുണ്‍ ജെയ്റ്റ്‌ലി, ആമിര്‍ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി മിന്നും താരങ്ങളെ പോലും മലര്‍ത്തിയടിച്ച് ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിലേക്ക് നടന്നടുത്തപ്പോഴും പഴയതൊന്നും മറക്കുന്നില്ല വിജയന്‍. പുതിയ ലോകത്തോടുള്ള പൊരുത്തപ്പെടലില്‍ നഷ്ടമാകുന്ന നന്മകള്‍ അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നു. ഈ തിരിച്ചറിവുകളില്‍ നിന്ന് വിജയന്‍ ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കി. കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പലതും. നിയമവ്യവസ്ഥയെ മാനിച്ച് ആരോഗ്യമുള്ള മനസ്സും ശരീരവും സൃഷ്ടിച്ച് ലക്ഷ്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തന്നെയാണിതില്‍ പ്രധാനം. വഴിതെറ്റിപ്പോയ കുട്ടികളെ രക്ഷിതാക്കളുടെ സഹായത്തോടെ സന്മാര്‍ഗത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ അഥവാ ഒ ആര്‍ സി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുന്ന ‘നന്മ എജ്യുക്കേഷണല്‍ ട്രസ്റ്റ് ‘ …..വിജയന്റെ ജീവിതം നമ്മുടെ സ്‌കൂളുകളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പാഠ്യവിഷയം പോലും ആയിക്കഴിഞ്ഞു. കുട്ടികളെക്കുറിച്ച് ആകുലപ്പെടുന്ന രക്ഷിതാക്കളുടെ പരിസരത്തു നിന്ന് പി വിജയനുമായി കുറച്ചു നേരം സംസാരിച്ചു.

പോലീസ് ജീവിതത്തില്‍ വേഷങ്ങള്‍ പലതാണെങ്കിലും കുട്ടികളുമായി ബന്ധപ്പെട്ടതാണല്ലോ, താങ്കളുടെ പ്രധാന ഇടപെടലുകള്‍. എന്താണ് നമ്മുടെ കുട്ടികള്‍ക്കു സംഭവിക്കുന്നത്?
കുട്ടികള്‍ക്ക് ഒന്നും സഭവിച്ചിട്ടില്ല. എല്ലാകാലത്തെയും പോലെ അവര്‍ ജീവിക്കുന്നു. പക്ഷേ, രക്ഷിതാക്കളും അധ്യാപകരും സമൂഹവുമാണ് പ്രശ്‌നക്കാര്‍. ജീവിതത്തിലെ പ്രാധാന്യങ്ങളെ അവര്‍ കുട്ടികള്‍ക്കു മുന്നില്‍ മാറ്റിമറിച്ചു. പണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന ബോധം കുട്ടികളില്‍ ഉറപ്പിക്കപ്പെടുന്നു. ഇന്ന് 40 വയസ്സു കഴിഞ്ഞ മാതാപിതാക്കള്‍ കുട്ടികളെ അളക്കുന്നത് സ്വന്തം കുട്ടിക്കാലത്തെ അനുഭവങ്ങളും അറിവും വെച്ചാണ്.

എന്നാല്‍, അവരുടെ കാലത്തില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടികളുടെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നത്! മൊബൈല്‍ മുതല്‍ ഇന്റര്‍നെറ്റ് വരെ, സ്വകാര്യവത്കരണം മുതല്‍ ആഗോളവത്കരണം വരെ. സാധ്യതകളുടെ വിശാലമായ ഈ ലോകത്ത് ഇപ്പോള്‍ ചെറുപ്രായത്തില്‍ ശരി തെറ്റുകളിലേക്ക് എളുപ്പത്തില്‍ എത്തുന്നു. രക്ഷിതാക്കളെ പോലെ തന്നെ കുട്ടികളും സ്വാര്‍ഥരാകുന്നു. ചുറ്റിലും ഒരു സമൂഹമുണ്ടെന്ന് നാം ബോധ്യപ്പെടുത്തിക്കൊടുക്കുന്നില്ല. തനിക്കുവേണ്ടി മാത്രമല്ല താന്‍ ജീവിക്കേണ്ടത് എന്ന് ഓരോ കുട്ടിയും തിരിച്ചറിയണം.

സാമൂഹിക ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ പറ്റില്ല. അങ്ങനെയിരിക്കെ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാന്‍ കഴിയും. കുറ്റകൃത്യങ്ങളിലേക്കു വരെ കുട്ടികള്‍ വലിച്ചിഴക്കപ്പെടുകയാണല്ലോ.

നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ഒറ്റമൂലികളൊന്നും നിര്‍ദേശിക്കാനില്ല. കുറ്റകൃത്യങ്ങളിലേക്കു വഴുതുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ഇത് കുട്ടികളുടെ പിഴവാണോ അല്ലെങ്കില്‍ നമുക്ക് പറ്റിയ പിഴവോ എന്നതിനെ കുറിച്ച് ആത്മവിശകലനം നടത്തേണ്ടതുണ്ട്. ഒരു കുട്ടിയും കള്ളനായി ജനിക്കുന്നില്ല, ഒരമ്മയും ഒരു ക്രിമിനലിനു ജന്മം കൊടുക്കുന്നുമില്ല. ഒരു കുട്ടിയും കള്ളന്റെ മുഖവുമായി ജനിക്കുന്നില്ല. കുട്ടികള്‍ ജനിക്കാറുള്ളത് ദൈവത്തിന്റെ മുഖവുമായാണെന്ന് പറയാറുണ്ട്. അങ്ങനെയാണെങ്കില്‍ അവിടെ നിന്ന് ഈ ക്രിമിനല്‍ സ്വഭാവത്തിലേക്കു വ്യതിചലിക്കുന്നതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്. ഈ കാരണങ്ങളെയാണ് ഇല്ലാതാക്കേണ്ടതും. കുട്ടികള്‍ക്ക് എല്ലാ ഭൗതികമായ സാഹചര്യങ്ങളും ഉണ്ടാക്കി കൊടുക്കും. എന്നാല്‍, സ്വഭാവ രൂപീകരണത്തിന് ആവശ്യമായ സാഹചര്യം ഒരുക്കി കൊടുക്കുകയുമില്ല. ഉദാഹരണത്തിന് കുട്ടികള്‍ക്കു പുസ്തകം വാങ്ങിച്ചു കൊടുക്കുക, വസ്ത്രം വാങ്ങിച്ച് കൊടുക്കുക, ഭക്ഷണം വാങ്ങിച്ച് കൊടുക്കുക എന്നിവയില്‍ ശ്രദ്ധിക്കും. എന്നാല്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് എന്ത് ചെയ്യുന്നുവെന്ന് നോക്കുമ്പോഴാണ് പ്രശ്‌നം.

നല്ല അന്തരീക്ഷവും നല്ല വ്യക്തികളെയും പരിചയപ്പെടുത്തിക്കൊടുക്കുന്നതിനോ, സ്വയം അവര്‍ക്ക് മാതൃകയാകുന്ന രീതിയില്‍ ജീവിക്കുന്നതിനോ നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ പറയുന്നതും ചെയ്യുന്നതുമായ ചെറുതും വലുതുമായ കള്ളത്തരങ്ങളോ ശരികേടുകളോ കുട്ടികള്‍ കണ്ടാല്‍ അവര്‍ അത് പരീക്ഷിക്കുക സ്വാഭാവികമാണ്. കുട്ടികളുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ഗൃഹാന്തരീക്ഷമാണ്. നമ്മുടെ ഭാഗത്തു നിന്ന് കുട്ടികള്‍ക്കു കൊടുക്കുന്നതും നമ്മള്‍ നല്‍കുന്ന മുന്‍ഗണനയുമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകം.

രക്ഷിതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമുണ്ടോ? അവര്‍ പലതിനും നിര്‍ബന്ധിക്കപ്പെടുകയല്ലേ?
ഞാന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. കേരളത്തിലെ സമ്പൂര്‍ണ്ണ വ്യക്തിത്വ നിര്‍മ്മാണത്തിന് അനിവാര്യമായ ഒരു പദ്ധതിയാണത്. കുട്ടികളുടെ വികസനത്തിനു വേണ്ടി പോലീസും വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ഈ പദ്ധതിയെക്കുറിച്ച് അടുത്തകാലം വരെ നമ്മുടെ രക്ഷിതാക്കള്‍ക്കു വലിയ ബോധമില്ലായിരുന്നു. പലരും അയക്കുന്നു, അതിനാല്‍ ഞാനും എന്നതായിരുന്നു സ്ഥിതി. ഗ്രേസ് മാര്‍ക്ക് കിട്ടുമോ സര്‍വീസില്‍ റിസര്‍വേഷന്‍ കിട്ടുമോയെന്ന് നോക്കിയാണ് പലരും കുട്ടികളെ അയച്ചത്. കുറച്ചു മാര്‍ക്ക് കിട്ടുന്നതാണോ അല്ലെങ്കില്‍ ഒരു ജോലിക്ക് സഹായകരമാകുമെന്നതാണോ പ്രധാനം? ഏതു ജോലിയും ഏതു സാഹചര്യവും നേരിടാന്‍ കഴിവുള്ള ഒരു വ്യക്തിയെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് പ്രധാനം. യൂത്ത് ഡവലപ്‌മെന്റ് ഏജന്‍സിയെല്ലാം ഇങ്ങനെയാണ്. നമ്മള്‍ ഇതിനെ ഗ്രേസ് മാര്‍ക്കായി മാത്രം കാണരുത്. എല്ലാകാര്യത്തിലും ഇതൊക്കെയാണ് സംഭവിക്കുന്നത്.

അണുകുടുംബം എന്ന സ്ഥിതിവിശേഷം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ വളരുന്ന പശ്ചാത്തലത്തെ ഇത് എത്രമാത്രം സ്വാധീനിക്കുന്നുണ്ട്.
സ്വാര്‍ത്ഥത വര്‍ധിച്ചുവരുന്നത് കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. ഞാനും ഭാര്യയും കുട്ടിയും എന്ന നിലയിലേക്ക് നമ്മള്‍ ചുരുങ്ങുകയാണ്. സ്വന്തം അച്ഛനും അമ്മയും പോലും നമ്മുടെ റഡാറിന് പുറത്തായിരിക്കും. സഹോദരങ്ങളുടെ കാര്യം പറയുകയും വേണ്ട. സ്വന്തം അച്ഛനോടും അമ്മയോടും നമ്മള്‍ ഇങ്ങനെ കാണിക്കുമ്പോള്‍ എങ്ങനെയാണ് മറ്റുള്ളവരെ സ്‌നേഹിക്കുന്നതെന്ന് നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിയുന്നില്ല. സ്‌നേഹം പകരേണ്ടത് എങ്ങനെയെന്ന് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഇന്‍ഡോര്‍ കുട്ടികളായി അവരെ ഇതു രൂപാന്തരപ്പെടുത്തും. വീടിനകത്തെ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും മൊബൈലിലും ഗെയിമിലും കഴിഞ്ഞ് കൂടേണ്ടി വരുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥ. പുറം ലോകത്തെ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ അവരിലേക്ക് എത്തുന്നില്ല. കുട്ടികളെ ഇത് അപകടരമായ സ്വാര്‍ത്ഥതയിലേക്കെത്തിക്കും. ഇങ്ങിനെ വരുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ആനന്ദം കിട്ടുന്ന വഴികള്‍ തേടും. ഈ ആനന്ദത്തിനായി മദ്യത്തിലേക്കും മയക്കുമരുന്നിലേക്കുമെല്ലാം ചിലര്‍ നീങ്ങും. ഇതിനു പണം കണ്ടെത്തുക മോഷണം വഴിയാകും. ഇങ്ങനെപോകുന്നവര്‍ വളരെ കുറവല്ല. എല്ലാവരും അങ്ങനെയെന്ന് പറയുന്നുമില്ല.

സമയമില്ലായ്മ രക്ഷിതാക്കളെ വല്ലാതെ അലട്ടുന്നുണ്ട്. ജോലിത്തിരക്കുകളും മറ്റും പലതിനു നേരെയും കണ്ണടക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു.
കുട്ടികള്‍ക്കു വേണ്ടി ചെലവഴിക്കാന്‍ സമയമില്ല എന്ന വാദം പലപ്പോഴും ഉയര്‍ന്നു വരാറുള്ളതാണ്. കുട്ടികളുടെ മനസ്സിലെന്താണ്, അവരുടെ സ്‌കൂളിലെന്തു നടക്കുന്നു, അവരുടെ കൂട്ടുകാര്‍ ആരൊക്കെ, അവര്‍ സ്‌കൂളിലേക്കാണോ പോകുന്നത്, മറ്റെവിടെയെങ്കിലും പോകുന്നുണ്ടോ, അവരുടെ വരുമാന മാര്‍ഗം എന്തെല്ലാമാണ്? ഇതൊന്നും അറിയാനോ അന്വേഷിക്കാനോ നമുക്ക് സമയമില്ല. യഥാര്‍ഥത്തില്‍ സമയമില്ലായ്മയല്ല പ്രശ്‌നം, സമയമില്ലായ്മ നമ്മള്‍ അഭിനയിക്കുകയാണ്. ഈ സമയമില്ലായ്മ കുറെ കഴിയുമ്പോള്‍ കൈവിട്ട് പോകുന്നതായി കാണുകയും അപ്പോള്‍ പിന്നെ എത്ര സമയമുണ്ടായിട്ടും കാര്യമില്ല എന്ന അവസ്ഥയിലെത്തുകയും ചെയ്യും.

മറ്റൊന്ന് ആത്മീയതയുടെ പരാജയമാണ്. അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടാകും. എന്നാല്‍ ആത്മീയ പ്രഭാവമുള്ളവരുടെ എണ്ണം താരതമ്യേന കുറഞ്ഞു വരികയാണ്. ആത്മീയ പ്രഭാവമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അവന്‍ പ്രപഞ്ചത്തെ മൊത്തത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും എല്ലാത്തിനെയും ദൈവത്തിന്റെ സൃഷ്ടിയായി കാണാന്‍ ശ്രമിക്കുകയും ചെയ്യും. ഇങ്ങനെ ആത്മീയ പ്രഭാവമുള്ള ഒരാള്‍ വിശാലമായ ചിന്തയുടെ ഉടമയായിരിക്കും. വിശ്വാസത്തിന്റെ പേരില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും വര്‍ധിച്ച് വരുന്നതില്‍ കാര്യമില്ല. എല്ലാദിവസവും വ്രതമെടുക്കുന്നു, അമ്പലത്തിലും പള്ളിയിലും പോകുന്നു, പക്ഷെ, അതിനെ തുടര്‍ന്നുള്ള പെരുമാറ്റ രീതിയും ജീവിതത്തോടുള്ള കാഴ്ച്ചപാടും അനുകരണീയമായതോ ആത്മീയതയാല്‍ പ്രചോദിതമായതോ അല്ല.

വര്‍ധിച്ച് വരുന്ന കുടുംബപ്രശ്‌നങ്ങളും വീടിനകത്തെ ഛിദ്രാവസ്ഥയും കുട്ടികളെ ബാധിക്കുന്ന പ്രശ്‌നം തന്നെയാണ്. അച്ഛനും അമ്മയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും അതിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങളും കുട്ടികളെയും സ്വാധീനിക്കുന്നു. കുടുംബ കോടതിയിലെ വര്‍ധിച്ചു വരുന്ന കേസുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ആരുടെ ഈഗോയാണ് മികച്ചതെന്ന കാര്യത്തില്‍ അച്ഛനും അമ്മയും പരസ്പരം മത്സരിക്കുമ്പോള്‍ കുട്ടികള്‍ അനാഥരാകുന്നു. യത്തീംഖാനകളില്‍ കഴിയുന്നവരല്ല ശരിക്കും അനാഥര്‍, മറിച്ച് വീടിനകത്ത് ശ്രദ്ധകിട്ടാതെ കഴിയേണ്ടി വരുന്ന എത്രയോ അനാഥര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അവര്‍ പലപ്പോഴും തങ്ങള്‍ക്കു കിട്ടുന്ന അവഗണനയോ അശ്രദ്ധയോ മൂലം വഴിതെറ്റിപ്പോകുന്നു. ഈ രീതിയില്‍ അത്തരം ചിന്തിപ്പിക്കാനും വഴി തെറ്റിക്കാനും ഒരുപാട് ആളുകള്‍ സമൂഹത്തിലുണ്ട്. കുട്ടികള്‍ അവരുടെ കൈകളിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയുമുണ്ട്.

കുട്ടികള്‍ വളരുന്ന അന്തരീക്ഷവും സാമൂഹ്യപശ്ചാത്തലവുമെല്ലാം ഏറെ മാറിയിട്ടുണ്ട്. ഈ വസ്തുത ഉള്‍ക്കൊള്ളാതെയുള്ള വിമര്‍ശനത്തിന് എത്രത്തോളം നീതി പുലര്‍ത്താന്‍ കഴിയും?
നമ്മുടെ സ്വാര്‍ത്ഥതയാണ് ഇതിനകത്തെ പ്രശ്‌നം. നേരത്തെ മൊത്തം ഒരു ഗ്രാമമായിരുന്നു ഒരു കുട്ടിയെ വളര്‍ത്തിയിരുന്നതെങ്കില്‍, ഇന്ന് ഒരു അച്ഛനും അമ്മക്കും മാത്രമായി വളര്‍ത്തേണ്ട അവസ്ഥ വന്നിട്ടുണ്ട്. പക്ഷെ, അന്നും ഉപജീവനത്തിന് എല്ലാവരും ജോലിക്കു പോയിരുന്നു. പല പ്രശ്‌നങ്ങളിലും എല്ലാവരും ഇടപെട്ടിരുന്നു. എന്നാലും സമൂഹത്തിന് ഒരു കൂട്ടുത്തരവാദിത്വമുണ്ടായിരുന്നു. കൂട്ടായ ഒരു സ്‌നഹമുണ്ടായിരുന്നു. ഇന്ന് കൂട്ടായ സ്‌നേഹമില്ലാത്തതിനാല്‍ സ്ഥിതി ഇതല്ല. സ്‌കൂളിലോ കോളജിലോ പോകുന്ന കുട്ടി നാലു മണിക്ക് വരുന്നു. ജോലിക്ക് പോകുന്ന അമ്മ അഞ്ചു മണിക്കോ ആറു മണിക്കോ വരുന്നു. ജോലിയും മറ്റു പരിപാടികളുമെല്ലാം കഴിഞ്ഞ് അച്ഛന്‍ രാത്രി എട്ടു മണിക്കു വരുന്നു. പണ്ട് കൂട്ടുകുടുംബത്തിലുള്ളവര്‍ നോക്കുമായിരുന്നു. ഇന്ന് കൂട്ടുകൂടുംബത്തേക്കാള്‍ സൗകര്യമുണ്ട്. പക്ഷെ, അത് ഉപയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല. ഉദാഹരണത്തിന് പത്തോ നൂറോ കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റുകളിലാണ് ഇന്നത്തെ നഗര ജീവിതം. ഗ്രാമങ്ങളിലാണെങ്കിലും വീടുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു. പക്ഷെ, മനസ്സുകള്‍ തമ്മിലുള്ള അകലം കൂടി. റസിഡന്‍സ് അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. വെറും അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നതിനപ്പുറം കുട്ടികളുടെ കാര്യത്തിലെങ്കിലും ഒരു കൂട്ടായ്മ രൂപപ്പെടുത്തണം. കുട്ടികളെങ്കിലും കൂട്ടായ സ്വത്താണെന്ന ധാരണയുണ്ടായാല്‍ കുറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു?
കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. ഇന്നത്തെ അഞ്ചു വയസ്സുകാരനും 20 വര്‍ഷം മുമ്പുള്ള 20 വയസ്സുകാരനും തുല്ല്യരാണ്. ഇന്‍ഫര്‍മേഷന്‍ ലെവലില്‍ അഞ്ച് വയസുകാരന്‍ കുറച്ചു കൂടി മെച്ചപ്പെട്ടിരിക്കും. പണ്ട് ടീച്ചറായിരുന്നു അറിവിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍. അന്നു ടീച്ചറിലൂടെയായിരുന്നു അറിവുകള്‍ നേടിയിരുന്നത്. ക്ലാസ് റൂം ആയിരുന്നു നമ്മുടെ പഠന കേന്ദ്രം. ഇന്നതു മാറി. ഓരോ കുട്ടിയും അറിവിന്റെ ഭണ്ഡാരവുമായി നടക്കുകയാണ്. അറിവിന്റെ റിസര്‍വോയര്‍ തന്നെ ഉണ്ടെന്നതാകും ശരി. അവന്റെ കൈയില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണോ ഐ പാഡോ ടാബ്ലെറ്റോ ഉണ്ടാകും. ഇതുപോലെ തന്നെയാണ് വിവിധ ചാനലുകളിലൂടെ കിട്ടുന്ന അറിവുകള്‍.

ഇന്ന് ഇന്‍ഫര്‍മേഷന്‍ വിരല്‍ തുമ്പിലാണ്. അവരുടെ സ്വദേശം ടെക്‌നോളജിയാണ്. നാം ഡിജിറ്റല്‍ ലോകത്തേക്കു കുടിയേറിയവരാണ്. കുട്ടികളാകട്ടെ ആ ഡിജിറ്റല്‍ വേള്‍ഡില്‍ ജനിച്ചു വളരുന്നവരാണ്. അവരുടെ ഭാഷയില്‍ നമ്മള്‍ കാലഹരണപ്പെട്ട പൗരന്മാരാണ്. ഈ രണ്ട് സിറ്റിസണ്‍സ് തമ്മിലുള്ള ഒരു ഗ്യാപ് ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ ഡിജിറ്റല്‍ ഗ്യാപ് എങ്ങിനെ മറികടക്കാന്‍ കഴിയുമെന്നതാണ് പ്രശ്‌നം.

കുട്ടികളുടെ കൈവശമുള്ള അറിവു വിവേകത്തിന്റെ ലെവലിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഈ അറിവിനെയെല്ലാം നിഷേധിക്കുകയല്ല വേണ്ടത്, ഈ സോഴ്‌സിനെ പക്വമായി ഉപയോഗിക്കുകയും അതിനെ വകതിരിവോടെ കാണാനും കഴിയണം. ആ രീതിയില്‍ നമുക്ക് അവരെ ഗൈഡ് ചെയ്യാനും കഴിയണം.

ഒരു വീട്ടില്‍ മൂന്നു പേരുണ്ടെങ്കില്‍ മൂന്നു ടി വിയെന്നതാണ് അവസ്ഥ. മകന്‍ ഏതെങ്കിലും കാര്‍ട്ടൂണ്‍ ചാനല്‍ കാണും, അച്ഛന്‍ ന്യൂസോ സിനിമയോ കണ്ടിരിക്കും. അമ്മക്ക് സീരിയലിലാകും കമ്പം. മൂന്നു പേരും മൂന്നു ലോകത്ത് ജീവിക്കുന്ന അവസ്ഥ. കാര്‍ട്ടൂണ്‍ ചാനലിനു വേണ്ടി നിര്‍ബന്ധം പിടിക്കുന്ന കുട്ടിക്ക് ഒരു ടി വി വാങ്ങിച്ചു കൊടുത്ത് പ്രശ്‌നം പരിഹിരിക്കുന്നതോടെ ഷെയര്‍ ചെയ്യാനുള്ള സാഹചര്യമാണ് ഇല്ലാതാവുന്നത്. നാട്ടില്‍ ഇറങ്ങിയാല്‍ പിന്നെ ഇവര്‍ക്ക് ഒന്നും ഷെയര്‍ ചെയ്യാന്‍ കഴിയില്ല. ബസില്‍ കയറിയാലും റോഡില്‍ വാഹനവുമായി ഇറങ്ങിയാലും ഇതു തന്നെയാകും അവസ്ഥ. റോഡ് തന്റേത് മാത്രമെന്ന അഹങ്കാരവുമായി ചിലര്‍ ബൈക്ക് ഓടിക്കുന്നത് ഇതിന്റെയൊക്കെ പരിണിത ഫലമാണ്.

സാങ്കേതികവിദ്യയുടേതു പോലെ തന്നെയാണ് സോഷ്യല്‍ മീഡിയയുടെ സ്വാധീനവും. ഫെയ്‌സ് ബുക്ക് അക്കൗണ്ടോ വാട്ട്‌സ് ആപ്പോ ഇല്ലാത്തവര്‍ വിരളം. ഇതിനെ എങ്ങനെയാണ് കാണുന്നത്?
ഫെയ്‌സ് ബുക്കും വാട്ട്‌സ് ആപ്പും വല്ലാതെ വ്യാപിച്ച് പുതിയൊരു സംസ്‌കാരം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ഇതില്‍ പതിയിരിക്കുന്ന അപകടം വളരെ വലുതാണ്. ഇതിനെ പൂര്‍ണ്ണമായി നിരാകരിക്കാനോ മുഖം തിരിക്കാനോ കഴിയില്ല. എന്നാല്‍, അടച്ചിട്ട മുറിയിലെ ചാറ്റിംഗ് ഉള്‍പ്പെടെയുള്ളത് തടഞ്ഞില്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തലാകും. വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും ഫോട്ടോ കൈമാറുന്നവര്‍ വലിയ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. ഇത്തരം ചാറ്റിംഗിലൂടെ പെണ്‍കുട്ടികളെ വലയിലാക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. മുമ്പൊരു റൊമാന്‍സായിരുന്നെങ്കില്‍, ഇപ്പോള്‍ ഒരു മടിയുമില്ലാതെ സ്വകാര്യഭാഗങ്ങള്‍ പോലും ഫോട്ടോയെടുത്ത് നല്‍കുന്ന സംസ്‌കാരം വളര്‍ന്നു വരികയാണ്. സൗഹൃദ രൂപേണ തുടങ്ങുന്ന ചാറ്റിംഗുകള്‍ ഫോട്ടോകള്‍ കൈമാറുന്നതിലേക്കും പിന്നീട് രഹസ്യഭാഗങ്ങളുടെ ഫോട്ടോ പോലും കൈമാറുന്നതിലേക്കുമെത്തുന്നു. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് പലര്‍ക്കായി പങ്കുവെക്കപ്പെടുന്നു. വലിയ ദുരന്തത്തിലാകും പിന്നീട് ഇതെല്ലാം കലാശിക്കുന്നത്. ഈ പ്രവണത വലിയതോതില്‍ വര്‍ധിക്കുകയാണ്. നാട്ടിന്‍ പുറത്തെ പഞ്ചാരയടി എന്ന പ്രയോഗം ഡിജിറ്റല്‍ പഞ്ചാരയടിയായി രൂപമാറ്റം സംഭവിച്ചിരിക്കുകയാണ്.

മുമ്പെല്ലാം ഒരു റൊമാന്‍സിന്റെ ഭാഗമായിരുന്നത് ഇന്ന് ഡിജിറ്റല്‍ എന്‍ജോയ്‌മെന്റ് ആയി മാറുകയാണ്. കീ ബോര്‍ഡിലൂടെ കൈമാറുന്നതിന്റെയെല്ലാം നഷ്ടം പെണ്‍കുട്ടികള്‍ക്കാണെന്ന തിരിച്ചറിവു കൂടി ഉണ്ടാകേണ്ടതുണ്ട്.

സര്‍വീസ് ജീവിതത്തിനിടെ സാങ്കേതികത വഴിതെറ്റിച്ച കുട്ടികളെ കണ്ടെത്തിയ സംഭവം ഏതെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുമോ.
എണ്ണമറ്റ സംഭവങ്ങളുണ്ട്. ഒന്ന് തിരഞ്ഞെടുക്കാന്‍ തന്നെ പ്രയാസം. കോഴിക്കോട്ടെ ഒരു പയ്യനെ പിടിച്ചതാണ് ഓര്‍മ്മയില്‍ വരുന്നത്. രക്ഷിതാക്കള്‍ പ്രതീക്ഷയോടെ യു കെയിലേക്ക് എന്‍ജിനീയറിംഗിന് വിട്ട കുട്ടി അവിടെ കറങ്ങി നടന്നു. ഇതിനിടെ നാല്‍പത് ലക്ഷം രൂപയോളം കടം വരുത്തി. ഇത് എങ്ങനെ വീട്ടുമെന്ന് അറിയാതെ വലഞ്ഞു. ഒടുവില്‍ കണ്ടെത്തിയ ഐഡിയ കോഴിക്കോട്ടെ ഒരു ഡയമണ്ട് കട ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. ഇതിനാവശ്യമായ സാമഗ്രികള്‍ ശേഖരിച്ച് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. പിടിയിലായപ്പോള്‍ അവന്റെ മറുപടി സിമ്പിളായിരുന്നു. എല്ലാം എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയെന്നായിരുന്നു മറുപടി.

ആലപ്പുഴയില്‍ ഒരു കൊലപാതക കേസില്‍ പിടിക്കപ്പെട്ടയാള്‍ കൊലപാതകം നടത്തേണ്ടതും മുങ്ങേണ്ടതും എങ്ങനെയാണെന്നു മനസിലാക്കിയത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത് മറ്റൊരു സംഭവം.

കുട്ടികളോടുള്ള സ്‌നേഹം പലപ്പോഴും അവര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യവുമായി ചേര്‍ത്ത് അളക്കുന്നവരുണ്ട്. ഇതിനെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
ഒരു നിയന്ത്രണവുമില്ലാതെ സ്‌നേഹം കൊടുക്കുന്നുവെന്നത് സൗകര്യപൂര്‍വ്വം പറയുന്നതും ചെയ്യുന്നതുമാണ്. ഒരു കുട്ടി പതിനെട്ടു വയസ്സു വരെ നമ്മുടെ പരിചരണത്തില്‍ വളരേണ്ടതാണ്. അതാണ് ഇന്ത്യന്‍ നിയമം പറയുന്നത്. പതിനെട്ടു വയസ്സു വരെ കുട്ടി തന്നെയാണ്. പരിചരണത്തില്‍ ആവശ്യമായ സ്വാതന്ത്ര്യം കൊടുക്കുന്നത് അപകടത്തില്‍ വീഴാന്‍ വേണ്ടിയല്ല. സ്വാതന്ത്ര്യം അനുഭവിക്കാന്‍ പഠിപ്പിക്കുകയാണ്. എന്തും പഠിപ്പിക്കുമ്പോള്‍ പഠിപ്പിക്കുന്നവന്റെ ശ്രദ്ധ അതില്‍ വേണം. ആ സ്വാതന്ത്ര്യം വഴിവിട്ട് പോകുന്നുണ്ടോ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നറിയാന്‍ കഴിയണം. അതില്ലാതെ വരുമ്പോഴാണ് അപകടത്തില്‍ വീഴുന്നത്.

നിയന്ത്രണങ്ങള്‍ പലതും സ്വാതന്ത്ര്യ നിഷേധമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കോട്ടയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയവരെ പിടിച്ച പോലീസ് നടപടി വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി.
സ്വാതന്ത്ര്യത്തെക്കുറിച്ചുയരുന്ന വാദങ്ങളാണിതൊക്കെ. പ്രായോഗികമായ തലത്തില്‍ നടക്കുന്ന കാര്യങ്ങളോ പ്രായോഗികമെന്നു പറയുന്നതോ അതിന്റെ അനന്തരഫലങ്ങളോ തനിക്ക് ബാധകമല്ല, ഞാന്‍ ഒരു സ്വതന്ത്രചിന്തയുടെ വക്താവാണെന്നു പറയുന്ന ചിലരുണ്ട്. അവര്‍ക്ക് ഏതു തരത്തിലുള്ള സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കണം. ഈ ലോകത്തുള്ള എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോട് വലിയ താല്‍പര്യമാണ്. ഇത്തരത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ അമിതമായ ഉപയോഗം ദുരുപയോഗത്തിലേക്ക് നീങ്ങുകയും ഒരു പക്ഷെ അത് അപക്വമായ രീതിയില്‍ ജീവിതത്തിന്റെ അവസാനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന അറിവില്‍ നിന്നാണ് ചില ചട്ടക്കൂടുകളൊക്കെ വെച്ചത്. നമുക്ക് ഏതു രീതിയിലും പോകാം. പക്ഷെ ഇതൊന്നും ശാശ്വതമല്ലെന്ന് മനസ്സിലാക്കിയാണ് സമൂഹം ചില ചട്ടക്കൂടുകളുണ്ടാക്കിയത്. ഇത് വലിച്ചു പൊട്ടിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഭയപ്പെട്ടിരുന്ന പലതും സംഭവിക്കുമെന്ന തിരിച്ചറിവു വേണം.

എല്ലാവരുടെയും കാല് തീയില്‍ വെച്ചത് കൊണ്ടല്ല, തീയില്‍ നിന്ന് പോള്ളലേല്‍ക്കുമെന്ന് മനസ്സിലായത്. ചിലര്‍ക്ക് പൊള്ളലേറ്റതു കൊണ്ടാണ്. നിയമം ലംഘിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തും മനസ്സിലാക്കണം. ആവേശത്തിന്റെ പുറത്ത് പറയുന്നവര്‍ പലരുടെയും ജീവിതം നഷ്ടപ്പെടുത്തുന്നുവെന്ന് തിരിച്ചറിയണം.

കുട്ടികളുടെ കാര്യത്തില്‍ ആകുലപ്പെടുന്നവരാണ് പ്രവാസികള്‍, എന്താണ് അവര്‍ക്ക് നല്‍കാനുള്ള ഉപദേശം?
കഴിഞ്ഞ ദിവസം ഞാന്‍ ബഹ്‌റൈനില്‍ പോയിരുന്നു. അവിടെ കാണാന്‍ കഴിഞ്ഞത് ഒരു മുറിക്കകത്ത് അധിവസിക്കുന്ന കുട്ടികളെയാണ്. ഇന്‍ഡോര്‍ കുട്ടികള്‍ എന്ന് പറയുന്നത് ഇവരെയാണ്. ഇന്‍ഡോര്‍ പ്ലാന്റ്‌സ് സൂര്യപ്രകാശം തട്ടിയാല്‍ വാടും. അതുപോലെ ഇന്‍ഡോര്‍ കുട്ടികളും പുറത്തു വരുമ്പോള്‍ തളരും. ഇന്‍ഡോര്‍ കുട്ടികളായി വിദേശത്ത് കഴിയുന്ന പലരും പിന്നീട് ഹയര്‍സ്റ്റഡീസിനായി നാട്ടില്‍ വരാറുണ്ട്. അങ്ങിനെ വരുന്ന പലര്‍ക്കും ഇവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയില്ല.

കുട്ടികള്‍ക്ക് പണം കൊടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഒന്നും കൊടുക്കാതിരിക്കുന്നതു തെറ്റാണ്. ആവശ്യം എന്തെന്നും എത്ര പണം വേണമെന്നും മനസ്സിലാക്കിയാകണം നല്‍കേണ്ടത്. സ്‌നേഹത്തിനു പകരം പണം കൊണ്ട് നഷ്ടപരിഹാരം നല്‍കുന്ന സ്ഥിതി പാടില്ല. എനിക്കു കുട്ടിയെ നോക്കാന്‍ വയ്യ, പകരം കുറെ പണം നല്‍കാമെന്നു ചിന്തിക്കുന്നവരുണ്ട്. അതു വിഷം വാങ്ങി നല്‍കുന്നതിനു തുല്ല്യമാണ്. സ്‌കൂളില്‍ ബൈക്കുമായി വരുന്ന കുട്ടികളുണ്ട്. രക്ഷിതാക്കളാണ് അത് വാങ്ങി നല്‍കുന്നത്. പതിനെട്ടു വയസ്സാകാത്ത കുട്ടിക്ക് ബൈക്കു കൊടുക്കരുതെന്നു പറയുന്നത് മാനസിക പക്വത വരാത്ത കുട്ടികളായതു കൊണ്ടാണ്. മാനസിക പക്വത വരാത്ത കുട്ടിക്കു ബൈക്കു നല്‍കുമ്പോള്‍ അതില്‍ അപകടം പതിയിരിക്കുന്നുവെന്ന് മനസിലാക്കണം. ഇതിലൂടെ ഒരു ദുരന്തത്തിനു കൂട്ടുനില്‍ക്കുകയാണ്. നല്‍കുന്ന പണം മദ്യത്തിനോ മയക്കുമരുന്നിനോ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. ഇതൊക്കെക്കൊണ്ടാണ് പണം വിഷമാണെന്ന് പറയുന്നത്. ഇക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. സ്‌നേഹത്തെ പണം കൊണ്ട് കോമ്പന്‍സേറ്റ് ചെയ്യാതിരിക്കുക, ഉത്തരവാദിത്വത്തെ ഔട്ട്‌സോഴ്‌സ് ചെയ്യാതിരിക്കുക.

പി. വിജയന്‍ ഐപിഎസ്/ കെ എം ബഷീര്‍

You must be logged in to post a comment Login