മനസറിഞ്ഞ് തൊഴില്‍

മനസറിഞ്ഞ് തൊഴില്‍

മനുഷ്യമനസ്സിനെ ആരോഗ്യത്തോടുകൂടി നിലനിര്‍ത്താന്‍ ഇന്ന് എല്ലാവരും ബദ്ധശ്രദ്ധരാണ്. അതുകൊണ്ടുതന്നെ ഇക്കാലത്ത് പ്രമുഖ സ്ഥാപനങ്ങളെല്ലാം സമ്മര്‍ദ്ദ നിയന്ത്രണത്തിനായി മന:ശ്ശാസ്ത്രത്തിന്റെയും മനശാസ്ത്രജ്ഞരുടെയും സഹായം തേടാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെന്നപോലെ വിവിധ സാമൂഹിക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഇന്ന് മന:ശാസ്ത്രജ്ഞര്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ആസ്പത്രികള്‍, കോടതി മുറികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ജയിലുകളില്‍വരെ മന:ശാസ്ത്രജ്ഞരുടെ സേവനം ആവശ്യമായി വരുന്നു. ഇതെല്ലാം മനശാസ്ത്ര വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നു. മന:ശാസ്ത്രപരമായ സമീപനം ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്ന മറ്റൊരു ഇടമാണ് വിദ്യാഭ്യാസമേഖല. പഠനവിഷയങ്ങളും പഠനരീതിയും എങ്ങനെയാകണമെന്ന് നിശ്ചയിക്കുന്നതില്‍ മന:ശാസ്ത്രത്തിന്റെ സ്വാധീനമുണ്ട്.

കോഴ്‌സുകള്‍
പ്ലസ് ടു വിജയകരമായി പൂര്‍ത്തിയാക്കിയ ഏതു വിദ്യാര്‍ഥിക്കും സൈക്കോളജി ബിരുദ പഠനത്തിന് ചേരാന്‍ അവസരമുണ്ട്. താരതമ്യേന കുറവാണെങ്കിലും കേരളത്തില്‍ സൈക്കോളജി പ്രധാനവിഷയമായി ബിരുദപഠന കോഴ്‌സുകളുള്ള കോളേജുകള്‍ ഉണ്ട്. പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെയും പ്ലസ് ടു മാര്‍ക്കിന്റെയും അടിസ്ഥാനമാക്കിയായിരിക്കും സൈക്കോളജി ബിരുദപഠനത്തിന് പ്രവേശനം. സോഷ്യോളജി, ഫിസിയോളജി തുടങ്ങിയ വിഷയങ്ങളുടെ സബ്‌സിഡിയറിയായും സൈക്കോളജി ബിരുദതലത്തില്‍ പഠിപ്പിക്കുന്നു.

സൈക്കോളജിയില്‍ പി.ജി. പഠനത്തിന് ചേരാന്‍, ചില സര്‍വ്വകലാശാലകള്‍ ഡിഗ്രി തലത്തില്‍ മന:ശാസ്ത്രം ഒരു വിഷയമായി പഠിച്ചിരിക്കണം എന്ന നിബന്ധന വെച്ചുപുലര്‍ത്തുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തേഞ്ഞിപ്പലം ക്യാമ്പസ് എന്നിവിടങ്ങളില്‍ മനഃശാസ്ത്രത്തിന് പി.ജി., എം.ഫില്‍, പി.എച്ച.്ഡി. പഠനത്തിനുള്ള സൗകര്യമുണ്ട.്

ക്ലിനിക്കല്‍ സൈക്കോളജി
മന:ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപെട്ട ശാഖകളിലൊന്നാണ് ക്ലിനിക്കല്‍ സൈക്കോളജി. മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അത് ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന വിഭാഗമാണ് ക്ലിനിക്കല്‍ സൈക്കോളജി. സാധാരണ മാനസികാസ്വസ്ഥ്യങ്ങള്‍ മുതല്‍ സ്‌കീസോഫ്രീനിയ, മാനിയ, ഡിപ്രഷന്‍ തുടങ്ങിയ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ വരെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ കൈകാര്യംചെയ്യുന്നു. വലിയ അക്കാദമിക് ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ആസ്പത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് തൊഴിലവസരമുണ്ട്. അതോടൊപ്പം സ്വകാര്യ പ്രാക്ടീസ് നടത്താനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് സ്വാതന്ത്ര്യമുണ്ട്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഉപരിപഠനത്തിന് പേരുകേട്ട സ്ഥാപനമാണ് റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡിയും സൈക്കോളജിക്കല്‍ മെഡിസിനിലും സൈക്യാട്രിക്ക് നഴ്‌സിങിലും ഡിപ്ലോമയും സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്ലും ഇവിടെയുണ്ട്.വിവരങ്ങള്‍ക്ക്:www.cipranchi.nic.in

പഠനം കേരളത്തിന് പുറത്ത്
മന:ശാസ്ത്ര പഠനശാഖയില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടത്തുന്ന ഒട്ടേറെ സര്‍വകലാശാലകളും സ്ഥാപനങ്ങളും കേരളത്തിന് പുറത്തുണ്ട്. ഡിഗ്രി കോഴ്‌സുകളേക്കാള്‍ എം.എ., പി.എച്ച്.ഡി. കോഴ്‌സുകളാണ് ഇവിടങ്ങളില്‍ പ്രധാനമായുള്ളത്.

സൈക്കോളജി പഠനത്തിനായുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥപനം ബാംഗ്‌ളൂരിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) തന്നെ. മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സൈക്കോളജിയില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു. മന:ശാസ്ത്രത്തില്‍ പി.ജിയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഇവിടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nimhans.kar.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

മന:ശാസ്ത്രപഠനത്തിന് സൗകര്യമൊരുക്കുന്ന മറ്റൊരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകള്‍ ഇവിടെ നടക്കുന്നു. വെബ്‌സൈറ്റ് : www.cipranchi.nic.in

നോയ്ഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സൈക്കോളജി ആന്‍ഡ് അലയഡ് സയന്‍സസില്‍ വിവിധ തലത്തിലുള്ള സൈക്കോളജി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ബി.എ. അപ്ലൈഡ് സൈക്കോളജി, എം.എ. അപ്ലൈഡ് സൈക്കോളജി, എം.എ. കൗണ്‍സലിങ് സൈക്കോളജി, പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി, പി.ജി. ഡിപ്ലോമ ഇന്‍ ഫാമിലി ആന്‍ഡ് ചൈല്‍ഡ് സൈക്കോളജി, മാസ്റ്റര്‍ ഓഫ് ഫിലോസഫി-സൈക്കോളജി (ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സൈക്കോളജി) എന്നിവയാണിവിടുത്തെ പ്രധാന കോഴ്‌സുകള്‍.

ഉത്തര്‍പ്രദേശിലെ ദീന്‍ധയാല്‍ ഉപാധ്യായ് ഗോരഖ്പുര്‍ യൂണിവേഴ്‌സിറ്റിയും മന:ശാസ്ത്രപഠനത്തിന് പേരുകേട്ട സര്‍വകലാശാലയാണ്. എം.എ. സൈക്കോളജി, എം.ഫില്‍ സൈക്കോളജി എന്നിവയാണിവിടുത്തെ കോഴ്‌സുകള്‍. പി.എച്ച്.ഡി. പഠനസൗകര്യവും ഇവിടെയുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ കീഴിലുള്ള നിരവധി കോളേജുകളിലും സൈക്കോളജിയില്‍ പഠനസൗകര്യമുണ്ട്.

പഠനം കേരളത്തില്‍
കോഴിക്കോട്ടെ ഫാറൂഖ് കോളേജ് (ബി.എസ്.സി. സൈക്കോളജി), കൈതപ്പൊയിലിലെ ലിസ കോളേജ് (ബി.എസ്.സി., എം.എസ്.സി. സൈക്കോളജി), വടകരയിലെ ശ്രീനാരായണ കോളേജ് (എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി), തൃശൂരിലെ സെന്റ് മേരീസ് കോളേജ് (എം.എസ്.സി. സൈക്കോളജി), പേരാമ്പ്രയിലെ സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), മലപ്പുറം എടക്കരയിലെ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), കൊണ്ടോട്ടി പുളിക്കലിലെ ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), മങ്കടയിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), തൃശൂര്‍ ഗവ. കോളേജ് (ബി.എസ്.സി. സൈക്കോളജി), ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ബി.എസ്.സി. സൈക്കോളജി), പുതുക്കാട്ടെ പ്രജ്യോതി നികേതന്‍ കോളേജ് (ബി.എസ്.സി. സൈക്കോളജി, എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി), പൂവത്തൂരിലെ മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി, എം.എസ്.സി. അപ്ലൈഡ് സൈക്കോളജി), കൊടകരയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ബി.എസ്.സി. സൈക്കോളജി), നിലമ്പൂരിലെ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ബി.എസ്.സി. സൈക്കോളജി), മഞ്ചേരിയിലെ എച്ച്.എം. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ബി.എസ്.സി. സൈക്കോളജി) എന്നിവയാണ് കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ മന:ശാസ്ത്രപഠനത്തിന് അവസരമൊരുക്കുന്ന പ്രമുഖ കോളേജുകള്‍.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പയ്യന്നൂരിലെ എ.ഡബ്ല്യു.എച്ച്. അല്‍-ബദര്‍ സ്‌പെഷല്‍ കോളേജ് (ബി.എസ്.സി. സൈക്കോളജി), കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് (ബി.എസ്.സി. സൈക്കോളജി), വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ബി.എസ്.സി. സൈക്കോളജി) എന്നിവിടങ്ങളില്‍ മന:ശാസ്ത്രപഠനത്തിന് സൗകര്യമുണ്ട്.

കോട്ടയത്തെ കുര്യാക്കോസ് ഏലിയാസ് കോളേജ് (ബി.എ. സൈക്കോളജി), ആലുവയിലെ യു.സി. കോളേജ് (ബി.എസ്.സി. സൈക്കോളജി) എന്നിവയാണ് എം.ജി. സര്‍വകലാശലായുടെ കീഴില്‍ സൈക്കോളജി കോഴ്‌സ് നടക്കുന്ന കോളേജുകള്‍.

കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വഴുതക്കാട് ഗവ. കോളേജ് ഓഫ് വിമന്‍ (ബി.എ. സൈക്കോളജി), കേശവദാസപുരത്തെ മഹാത്മഗാന്ധി കോളേജ് (ബി.എ. സൈക്കോളജി), ചെമ്പഴന്തിയിലെ ശ്രീനാരായണ കോളേജ്, കൊല്ലം എന്നിവിടങ്ങളില്‍ മനഃശാസ്ത്ര കോഴ്‌സ് നടത്തുന്നു.

കൗണ്‍സലിങ് സൈക്കോളജി
ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ പരസ്പരമോ ഒരാളുടെ ഉള്ളില്‍തന്നെയോ ഉണ്ടാകുന്ന മാനസികവും വൈകാരികവും സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന മന:ശ്ശാസ്ത്ര ശാഖയാണ് കൗണ്‍സലിങ് സൈക്കോളജി. കൗണ്‍സലിങ് സൈക്കോളജിസ്റ്റുകള്‍ താരതമ്യേന കുറച്ചുകൂടി ആരോഗ്യകരമായ മനസ്സുള്ളവരെയാണ് കൗണ്‍സലിങിനും ചികിത്സയ്ക്കുമായി പരിഗണിക്കുന്നത്.
എം.ജി. സര്‍വ്വകലാശാലയിലെ ബിഹേവിയറല്‍ സയന്‍സ് വകുപ്പില്‍ കൗണ്‍സലിങ് സൈക്കോളജി ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. സൈക്കോളജി, എജുക്കേഷന്‍, സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളിലൊന്നില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇവിടെ അപേക്ഷിക്കാം.

റസല്‍

You must be logged in to post a comment Login