വായിച്ചു തീരാത്ത ഇതിഹാസം

വായിച്ചു തീരാത്ത ഇതിഹാസം

‘പണ്ടുപണ്ട്, ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ് ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്‌വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‍ക്കട്ടെ.
എനിക്കു പോകണം. അനുജത്തി പറഞ്ഞു.
അവളുടെ മുന്നില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കര്‍മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.

അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാല്‍ കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവെച്ച്. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്‌വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന് ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചെമ്പകം പറഞ്ഞു: അനുജത്തീ, നീയെന്നെ മറന്നുവല്ലോ…’ (ഖസാക്കിന്റെ ഇതിഹാസം)

മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവു തന്നെയായിരുന്നു ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം.’ നോവല്‍ ഭാവുകത്വത്തെ മാത്രമല്ല, നിരൂപണ കലയുടെയും കൂടി അപനിര്‍മിതിക്ക് ഖസാക്കിന്റെ കഥായനങ്ങള്‍ ഹേതുവായി. അത്രമേല്‍ നോവല്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇഴകീറി പരിശോധിച്ച് ഖണ്ഡനങ്ങളുണ്ടായി. ഖണ്ഡനങ്ങള്‍ക്ക് മണ്ഡനങ്ങള്‍ വന്നു. എന്നിട്ടും പന്ത്രണ്ടുവര്‍ഷത്തെ സൂക്ഷ്മനിരീക്ഷണത്തിന്റെയും അനുഭവാവിഷ്‌കാരത്തിന്റെയും അതുല്യ കൃതിയായി വന്ന ഈ രചന എല്ലാം അതിജയിച്ചു. ഖസാക്കിന് മുമ്പും ശേഷവുമെന്ന് മലയാള സാഹിത്യ ചരിത്രത്തെ രണ്ടായി പകുത്ത് ഒരു പുഴയായി അതൊഴുകി.

വളരെ അപൂര്‍വം രചനകള്‍ മാത്രം നല്‍കുന്ന ഒരു വായനാനുഭവം ഖസാക്കിന്റെ ഇതിഹാസം മോഹനമായി തന്നെ നല്‍കി. വായനയിലൂടെയുള്ള തിരിച്ചറിവ്, പ്രചോദനം, അവബോധം അങ്ങനെ തുടങ്ങിയ തലങ്ങളില്‍ നിന്നൊക്കെ മാറി ഇത് ഓരോരുത്തരെയും ഖസാക്കുകാരനാക്കി ജീവിപ്പിച്ചു.

മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ മലയാള സാഹിത്യത്തില്‍ പരീക്ഷിക്കപ്പെടാത്ത കാലത്ത് തന്നെ ലളിതമായ വാങ്മയചിത്രങ്ങള്‍ അവതരിപ്പിക്കുന്നതിലും വായനക്കാരനെ വശീകരിക്കുന്നതിലും ഒ വി വിജയന്‍ ഈ സുപ്പര്‍ റിയലിസത്തിന്റെ പൊടിക്കൈകള്‍ തന്നെ ഉപയോഗപ്പെടുത്തി വിജയിച്ചു. അഥവാ ഫാന്റസിയുടെ അല്ലെങ്കില്‍ അത്രത്തോളം മെച്ചപ്പെടാത്ത മിത്തിന്റെ സാന്നിധ്യം കൂട്ടിക്കെട്ടിയുണ്ടാക്കിയ പുതിയ ആഖ്യാനം ആരെയും മടുപ്പിച്ചില്ല എന്ന് സാരം. യാഥാര്‍ത്ഥ്യവും പ്രതീതിയും കലര്‍ത്തുന്ന ആഖ്യാനം. സ്വപ്‌നങ്ങളുടെ അനേകങ്ങളായ ആവിഷ്‌കാരങ്ങള്‍, മിത്തുകളുടെ സ്വാധീനം തുടങ്ങിയവ ഖസാക്കിന്റെ ഇതിഹാസത്തില്‍ വന്നു ചേരുന്ന മാജിക്കല്‍ റിയലിസത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍ കാലാന്തരങ്ങളുടെ സമര്‍ത്ഥമായ സാങ്കേതികാവതരണത്താല്‍ മാജിക്കല്‍ റിയലിസം കൂടുതല്‍ പ്രകടമായ മാര്‍ക്ക്വേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി’ലേതുപോലെ ഖസാക്കിന്റെ ഇതിഹാസത്തില്‍ കണ്ടെത്തുക വയ്യ. സങ്കീര്‍ണവും പിന്തുടരാന്‍ പ്രയാസകരവുമായ കഥാ സന്ദര്‍ഭങ്ങളുടെയും സാഹചര്യങ്ങളുടെയും ആധിക്യവും ഖസാക്കിന്റെ ഇതിഹാസത്തില്‍ കാണില്ല. എന്നാല്‍ മാജിക്കല്‍ റിയലിസത്തിന്റെ പട്ടികയിലേക്ക് ഖസാക്കിന്റെ ഇതിഹാസം എടുക്കുന്നത് സൈദ്ധാന്തിക സാധ്യതകള്‍ വെച്ചുനോക്കുമ്പോള്‍ അടിസ്ഥാനപരമായിത്തന്നെ തെറ്റാണെന്ന് പറുന്നവരുണ്ട്. പാലക്കാട് ജില്ലയിലെ തസ്രാക്ക് എന്ന ഗ്രാമമാണ് ഖാസാക്കായിത്തീര്‍ന്നതെന്നും വിജയന്റെ സഹോദരി ഒ വി ശാന്ത ഏകാധ്യാപകയായി അവിടെ തൊഴില്‍ നോക്കുന്ന കാലത്ത് കുറച്ചുനാള്‍ വിജയന്‍ അവര്‍ക്കൊപ്പം താമസിക്കുകയും അക്കാലത്തിന്റെ അനുഭവങ്ങളെ കൂട്ടിയിണക്കിയതാണ് ഖസാക്കെന്നും ഗവേഷകരായ ചില പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. എന്നാല്‍ മറ്റേത് നോവലിസ്റ്റിനെ പോലെയും ചുറ്റുപാടുകളില്‍ നിന്നും താനനുഭവിക്കുന്ന കാര്യങ്ങളെ സ്വരുക്കൂട്ടുക മാത്രമാണ് വിജയന്‍ ചെയ്തതെന്നും തസ്രാക്കും ഏകാധ്യാപക വിദ്യാസയം നല്ല കഥാമൂലങ്ങളായിത്തീര്‍ന്നു എന്നേയുള്ളുവെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.

സര്‍ റിയലിസത്തിന്റെ ഒട്ടേറെ സാധ്യതകള്‍ വിജയന്‍ കൊണ്ടുവരുന്നുണ്ട്. മിയാന്‍ ശൈഖിന്റെ പാണ്ടന്‍ കുതിര ആബിദക്കുമുന്നില്‍ വരുന്നതും അവളെയും കൊണ്ട് പറക്കുന്നതും, പിന്നീടൊരിക്കല്‍ അവളൊരു തുമ്പിയായിത്തീരുന്നതുമൊക്കെ ഇതിനുദാഹരണമങ്ങളാണ്. ഖസാക്കിന്റെ മിത്തുകളും നോവലിലെ കഥാപാത്രങ്ങളുടെ സ്വപ്‌നാടനങ്ങളും ദാര്‍ശനികമായ സംഗതികള്‍ അവതരിപ്പിക്കുന്ന ചില ഭാഗങ്ങളും സര്‍ റിയലിസത്തിന്റേതായ ചിട്ടയിലാണ്. ഈ സാധ്യതകളുടെ സാന്നിധ്യം തന്നെയാണ് ഖസാക്കിന്റെ ഇതിഹാസത്തെ മാജിക്കല്‍ റിയലിസത്തിന്റെ ഉല്‍പ്പത്തി ഗ്രന്ഥമായി മലയാള സാഹിത്യത്തില്‍ എടുക്കാനാകുമെന്ന് പറയുന്നതിന് പിന്നിലുള്ള ഒരു കാര്യം. ജി മധുസൂദന്‍ ‘ഭാവുകത്വം 21-ാം നൂറ്റാണ്ടില്‍’ എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നത് ദാര്‍ശനികതയെക്കാളും ഭാഷാസൗന്ദര്യശില്‍പങ്ങളുടെ കരുത്താണ് ഖസാക്കിന്റെ ഇതിഹാസത്തിലുള്ളത് എന്നാണ്. വസൂരി രോഗം വരുമ്പോള്‍ ജമന്തിപ്പൂക്കള്‍ വിരിഞ്ഞുപൊട്ടി എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങള്‍ അതില്‍ കാണാനാകും.

ഖസാക്കിന്റെ ദാര്‍ശനികതയും സ്‌നേഹമെന്ന വികാരത്തെ സംബന്ധിക്കുന്ന പ്രമേയത്തിന്റെ താല്‍പര്യവും ഖസാക്കിന്റെ പ്രകൃതിയും മുസ്‌ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ച വിധവും ഖസാക്കിന്റെ ഇതിഹാസത്തിന്ന് അത്തരമൊരു തലത്തിലേക്ക് കൂടി ആയുസ്സ് നീട്ടിനല്‍കി. ഓരോ വായനക്കാരനും തന്റേതായ ഭാവന സ്വാതന്ത്ര്യത്തിലൂടെ കൂടെക്കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു മാന്ത്രികത വരികള്‍ക്കുള്ളില്‍ കിടക്കുന്നതുകൊണ്ട് തന്നെ ഇനിയുമൊരുപാട് ചര്‍ച്ചകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അവസരമുണ്ട്. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തൊക്കെയോ നല്‍കുന്ന ഈ പുസ്തകം അനേകം ചില്ലുവാതിലുകളുള്ള, പൊരുളായ ചിലതൊക്കെ പൂട്ടിവെച്ച ആഴക്കിണര്‍ പോലെ നിഗൂഡമായിക്കിടക്കുന്നു.

സ്‌നേഹത്തിന്റെ ഖസാക്ക്; അവിഹിതത്തിന്റെയും
സ്‌നേഹത്തിന്റെ ഇതിഹാസമായിരുന്നു ഈ നോവല്‍. നമുക്ക് പരിചിതമായ കുറേ ഭാവങ്ങള്‍ സ്‌നേഹത്തിന്റെതായി വിജയന്‍ എഴുതിക്കാണിച്ചു. പരിചിതമല്ലാത്ത തലങ്ങളെക്കുറിച്ചും പറഞ്ഞു. സ്‌നേഹത്തിന്റെ നിരര്‍ത്ഥകതയെ പറ്റി ഖസാക്കിന്റെ ഇതിഹാസം നിസ്സഹായത പൂണ്ടു. സായാഹ്നത്തില്‍ നടക്കാന്‍ പോയ രണ്ട് ബിന്ദുക്കളുടെ കഥ അതാണ്. വിജയന്‍ അവിടെ ചേര്‍ക്കുന്നു: ഇത് കര്‍മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.
രവിയെന്ന അമ്മയില്ലാതെ വളരുന്ന മകനോടുള്ള അഛന്റെ സ്‌നേഹം. മരണം ആസന്നമാകുന്ന സമയത്ത് മകനെ ഒരിക്കല്‍ കൂടി കാണാന്‍ കൊതിക്കുന്ന അഛന്‍, പക്ഷേ രവി വളരും തോറും അഛനില്‍ നിന്നകന്നുപോകുന്നത് കാണാം. ചിറ്റമ്മയുടെ വരവോടെ അഛനോടുള്ള സ്‌നേഹക്കുറവ് പ്രകടമാവുകയും ചെയ്യുന്നു. ചിറ്റമ്മക്ക് രവിയോട് തോന്നുന്നത് വാത്സല്യത്തില്‍ കവിഞ്ഞ സ്‌നേഹഭാവമാണ്. തന്റെ ഭര്‍ത്താവിന്റെ മകനോട് ഉണ്ടാവാന്‍ പാടില്ലാത്ത ഒന്ന്. രവി തന്റെ അപരാധത്തില്‍ ബോധവാനാകുന്നതോടെ വീടുമായി അകലം കൂട്ടാന്‍ ശ്രമിക്കുകയാണ്. രവിയുടെ ഈ അപകര്‍ഷത പിന്നീട് അയാളെ നിരന്തരം പിന്തുടരുകയാണ് താനും. എന്നാലത് തെറ്റുകളില്‍ നിന്ന് തിരിച്ചുപോരാനുള്ള കാരണമാകുന്നുമില്ല. സ്‌നേഹത്തിന്റെ വൈരുദ്ധ്യങ്ങള്‍ ഖസാക്കിലെ മറ്റനേകം കഥാപാത്രങ്ങളെയും പൊതിഞ്ഞിരിക്കുന്നതായി കാണാം. ഓരോ വീടും ഈ വൈരുദ്ധ്യത്തിന്റെ ചൂടില്‍ വേവുന്നു. ഖസാക്കിലെ കരിമ്പനകളും പോതിയുടെ പുളിയും അരശുപൂക്കളുടെ വീഴ്ചയും ചെതലിയും രാജാവിന്റെ പള്ളിയും അറബിക്കുളവും വയലും വരമ്പുകളുമൊക്കെ ഈ സ്‌നേഹത്തിന്റെ സുഖകരവും അതുപോലെത്തന്നെ തീര്‍ത്തും അസുഖകരവുമായ വിശുദ്ധാനുഭവങ്ങളെ നിരന്തരം വഹിച്ചുകൊണ്ടിരിക്കുന്നു.

ചാന്തുമ്മക്കും ചാന്തുമുത്തുവിനും കുഞ്ഞുനൂറുവിനോടുമുള്ള സ്‌നേഹം വാല്‍സല്യത്തിന്റേതാണ്. കലര്‍പ്പില്ലാത്ത ഭാവിയെക്കുറിച്ചുള്ള ആശകളുടെയും സ്വപ്‌നങ്ങളുടെയും ആശങ്കകളുടെയും അവലംബമായ കരുതലായി അത് നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നു. എന്നിട്ടും അവരുടെ ദാരിദ്ര്യത്തിനറുതിവരുത്താനാവാതെ കുഞ്ഞുനൂറുവും ഏട്ടനോടുള്ള സ്‌നേഹത്തില്‍ വിശ്വസിച്ച് വളര്‍ന്ന ചാന്തുമുത്തുവും വസൂരി വന്ന് മരിക്കുമ്പോള്‍ ആ കരുതലിന്റെയും വാത്സല്യത്തിന്റെയും അത്യധികം ദയനീയമായ നിസ്സഹായതയില്‍ വായനക്കാരന്റെ മനസ്സ് കരയാനാവുന്നു. മാധവന്‍നായര്‍ക്ക് അപ്പുക്കിളിയെന്ന ബുദ്ധിമാന്ദ്യമുള്ള ആളോട് തോന്നുന്ന സ്‌നേഹവും നിസ്വാര്‍ത്ഥതയുടെതാണ്. തനിക്കാരുമില്ലാതിരുന്നിട്ടും ഉറ്റവരും ഉടയവരും ഇല്ലാതാകുന്ന കിളിയെ കൂടെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും മാധവന്‍ നായര്‍ മെനക്കെടുന്നു. രവിയുടെ സ്‌കൂളില്‍ അപ്പുക്കിളിയെ ചേര്‍ക്കാന്‍ വരുമ്പോള്‍ അയാള്‍ പറയുന്നത്: ‘ഒന്നും പഠിപ്പിക്കാനല്ല, അലയാതിരിക്കാനാണ്’ എന്നാണ്. ഇരുപത് വയസ്സുള്ള കിളിക്ക് കിടക്കാന്‍ വേണ്ടി തൊട്ടിലുകെട്ടി വീടുകൂടിയായ തന്റെ ഒറ്റമുറിക്കടയുടെ ഇടുക്കില്‍ മാധവന്‍ നായര്‍ താമസിക്കുന്നു.

അപ്പുക്കിളിയോട് അവന്റെ അമ്മ നീലിക്കുള്ള സ്‌നേഹവും ഇതുപോലെ ശുദ്ധമാണ്. കല്യാണം കഴിച്ചിട്ടും പ്രസവിക്കാതിരുന്ന അവളുടെ നാല് ചേച്ചിമാരുടെയും ദുഃഖം തീരുന്നത് കല്യാണം കഴിക്കാത്ത നീലി പ്രസവിക്കുമ്പോഴാണ്. നാച്ചിയും പാച്ചിയും കോച്ചിയും കാളിയും തങ്ങളുടെ മകനെപ്പോലെ അപ്പുക്കിളിയെ നോക്കുന്നു. കൊഞ്ചിച്ചും കളിപ്പിച്ചും കിളിയുടെ ചിറകുകള്‍ മുരടിക്കുന്നത് അറിയാതെയും അറിയിക്കാതെയും അവരവനെ വളര്‍ത്തുന്നു. പക്ഷേ, നീലിക്കുമാത്രം തന്റെ കിളിയെ ഓര്‍ത്ത് ദണ്ണപ്പെടേണ്ടിവരുന്നു. തന്റെ ഏട്ടത്തി കാളിയുടെ കെട്ടിയവനില്‍ പിഴച്ചുണ്ടാകുന്ന കുഞ്ഞിനോടുള്ള സ്‌നേഹവും കുറ്റബോധവും ഇടകലര്‍ന്ന വികാരം അവളെ തുടര്‍ന്നങ്ങോട്ട് മുഴുവന്‍ വേട്ടയാടിയിരിക്കണം. മാധവന്‍ മുത്താരുടെ സ്‌നേഹവും ഖാലിയാരുടെ മന്ത്രവും അപ്പുക്കിളിയെ ചൊല്ലിയുള്ള അന്യരുടെ സഹതാപങ്ങളും നീലിക്ക് വേദനയാണ് സമ്മാനിക്കുന്നത്.

തിത്തിബിയുമ്മക്ക് അവരുടെ ഭര്‍ത്താവ് മൊല്ലാക്കയോടും ആബിദയോടും നൈസാമലിയോടും കുഞ്ഞു മൈമൂനയോടുമൊക്കെ തോന്നുന്ന സ്‌നേഹം ഒന്നും തിരിച്ചാഗ്രഹിക്കാത്ത ഉദാത്തമായ ഒന്നാണ്.
എന്നാല്‍ നൈസാമലിക്ക് മൈമൂനയോടുള്ളത് മാംസനിബദ്ധമായ അനുരാഗമാണ്. ആദര്‍ശപ്രണയമല്ല. അയാളുടെ പരസ്ത്രീ ബന്ധങ്ങള്‍ അത് വ്യക്തമാക്കുന്നു. കൂമന്‍കാവില്‍ ബിഡീത്തെറുപ്പുകാരനായി ജോലി നോക്കുമ്പോള്‍ കമ്പനി മുതലാളിയുടെ ഭാര്യയുമായി നൈസാമലി ബന്ധം സ്ഥാപിക്കുന്നുണ്ടെന്ന് നോവലില്‍ സൂചിപ്പിക്കുന്നു. അങ്ങനെയാണയാള്‍ പുതുതായി ഒരു കമ്പനി തുടങ്ങുന്നത് തന്നെ. ശേഷം, തന്നെ കാത്തിരിക്കുന്ന മൈമൂനയെക്കാണാന്‍ വേണ്ടി മാത്രമല്ല നൈസാമലി ഖസാക്കില്‍ വരുന്നത്. മൊല്ലാക്കയോടുള്ള ദേഷ്യം തീര്‍ക്കാന്‍ കൂടിയാണ്. മൈമൂനക്ക് ഭര്‍ത്താവുണ്ടായിരിക്കെത്തന്നെ ഒരു നാടോടിയെപ്പോലെ തൊഴിലുനോക്കുന്ന മുങ്ങാന്‍കോഴിയെന്ന് വിളിപ്പേരുള്ള ചുക്രുരാവുത്തറില്ലാത്ത നേരം നോക്കി നൈസാമലി മൈമൂനയെ പ്രാപിക്കുന്നു. മൈമൂന തരം കിട്ടുമ്പോഴൊക്കെ അറബിക്കുളത്തില്‍ ചെന്ന് നീരാടി രാജാവിന്റെ പള്ളിയില്‍ അയാള്‍ക്കൊപ്പം ശയിക്കുന്നു. അവള്‍ ഭര്‍ത്താവിനെയും അയാളെയും വഞ്ചിക്കുകയാണ്. അവള്‍ രവിക്കും വഴിപ്പെടുന്നു.
രവി പത്മയെ പ്രണയിക്കുന്നു. മൈമൂനയെ പ്രാപിക്കുന്നു. ചിന്തുമ്മയെ ആഗ്രഹിക്കുന്നു. കേശിയെയും ചെതലിമലയിലെ വാറ്റുകാരി പെണ്ണുങ്ങളെയും വ്യഭിചരിക്കുന്നു. കുഞ്ഞാമിനയെയും ആബിദയെയും താലോലിക്കുന്നു. ചിറ്റമ്മയോടും ആശ്രമത്തിലെ സ്വാമിനിയോടും രതിക്രീഡകള്‍ നടത്തുമായിരുന്ന അയാള്‍ ഒരു തെറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് താല്‍പര്യപൂര്‍വം നീങ്ങുന്നു. തനിക്ക് അപകര്‍ഷത മാത്രം നല്‍കുന്ന ഇത്തരം സ്‌നേഹങ്ങളുടെ ആലിംഗനങ്ങളില്‍ നിന്നയാള്‍ മുക്തനാവുന്നേയില്ല. ഇവിടെ പത്മ രവിയെ തിരിച്ചു വഞ്ചിക്കുന്നു. പ്രിന്‍സ്റ്റണിലെ സായിപ്പുമാരുമായോ രവിയുടെ ചിറ്റമ്മയോടൊത്ത് നീന്തുമ്പോഴോ ഉറങ്ങുമ്പോഴോ അവളത് ചെയ്തിരിക്കണം. ചാന്തുമ്മ അവളുടെ രാവുത്തരെ വഞ്ചിച്ചുവെന്ന് പുളിങ്കൊമ്പത്തെ പോതി തെളിയിക്കുന്നു. പിന്നീട് അവര്‍ രവിയുടെ കൈകളില്‍ കൂമ്പുന്നു. മൈമൂനയും ചിറ്റമ്മയും അവരുടെ കാമുകനെയും ഭര്‍ത്താക്കന്മാരെയും വഞ്ചിക്കുന്നു.

കുപ്പുച്ചന് ലക്ഷ്മിയോട് തോന്നുന്നത് സ്‌നേഹമാണ്. താന്‍ കള്ളുചെത്ത് നിര്‍ത്തിയത് അവര്‍ക്കുവേണ്ടിയായിരുന്നിട്ടും തന്നെ വിട്ടുപോയ ലക്ഷ്മിയെ അയാള്‍ സ്ഥിരമായി മനസ്സുകൊണ്ട് വരിക്കുന്നു. പിന്നീട് മകന്റെ ഭാര്യയായ കേശി. ഇങ്ങനെ ഖസാക്കിലെ സ്ത്രീകളൊക്കെയും പരപുരുഷ ബന്ധങ്ങളിലും പുരുഷന്മാര്‍ പരസ്ത്രീകളുടെ ഉദാരതയിലും തത്പരരാണെന്നോ ഖസാക്കിന്റെ ജീവിതങ്ങളൊക്കെയും അവിഹിതബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നോ നോവല്‍ പറഞ്ഞുവെക്കുന്നു.

ജഡികമായ സ്‌നേഹത്തിന്റെ നിരര്‍ത്ഥകതയെയോ ലൗകികമായ ജീവിതത്തിലെ സുഖപരതകളുടെ നശ്വരസാധ്യതകളെക്കുറിച്ചോ ആണ് വിജയന്‍ പറയുന്നത്. എല്ലാം നൈമിഷികങ്ങളായ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സാധ്യതകളായി ഒടുങ്ങുന്നുവെന്നാണ് വിജയന്‍ പറയാതെ പറയുന്നത്. സായാഹ്നത്തില്‍ നടക്കാന്‍ പോയ രണ്ട് ബിന്ദുക്കളുടെ കഥയില്‍, ചേച്ചി ചെമ്പകമരമായും അനുജത്തി കാലില്‍ തണ്ടയിട്ട കണ്ണില്‍ സുറുമയിട്ട പാവാടക്കാരിയുമാകുന്നു. പണ്ട് പായല്‍പൊട്ടുകളായിരിക്കെ അസ്തമയശോഭയില്‍ അഭിരമിച്ചു നില്‍ക്കുന്ന താഴ്‌വര വിട്ട് പോവാന്‍ അനുജത്തി കൊതി പറയുന്നുണ്ട്. ചേച്ചിക്ക് ആ താഴ്‌വാരം മതിയായിരുന്നു. എന്നിട്ടും അനുജത്തിയെ, തന്നെ മറക്കില്ലെന്ന വാക്കിനു പുറത്ത് അവള്‍ യാത്രയാക്കുന്നു. ഒടുക്കം പെണ്‍കുട്ടിയായി മാറിയ അനുജത്തി താഴ്‌വരയിലെത്തി ഒറ്റക്കുനിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ച് പൂവിറുക്കുന്നു. അവള്‍ ചേച്ചിയെ മറക്കുന്നു. ചേച്ചി പറയുന്നു: ‘അനുജത്തീ, നീയെന്നെ മറന്നുവല്ലോ.’ ഇതാണ് വിജയന്റെ ദര്‍ശനം. സ്‌നേഹത്തിന്റെ കൂടെ പലപ്പോഴും കലരാറുള്ള സ്വര്‍ത്ഥതയോടുള്ള വിജയന്റെ കാഴ്ചപ്പാട് നോവലിലുടനീളം കാണുമ്പോള്‍ ഈ കഥ ശക്തമായ ബിംബമായിത്തീരുന്നു.

എന്നാല്‍ തിരികെ ഒന്നുമാഗ്രഹിക്കാത്ത സ്‌നേഹങ്ങളും കൊടുക്കല്‍ വാങ്ങലുകളുമാണ് നോവലില്‍ മുഴുക്കെ കാണുന്നത്. ആത്മീയത പോലും ശാരീരികവും ജൈവീകവുമായ സുഖചേതനകളെ നശിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറുന്നതായി നോവല്‍ സമര്‍ത്ഥിക്കുന്നു. ഖാലിയാരുടെ പരസ്ത്രീ ബന്ധങ്ങളെ ആരാധനാലയത്തിനകത്തേക്കും മന്ത്രണത്തിലേക്കുമൊക്കെ നീട്ടുമ്പോഴും വെളുത്ത് തടിച്ച കാമം പിടിച്ച സ്വാമിനികളുടെ ആശ്രമങ്ങളെന്ന് പ്രയോഗിക്കുമ്പോഴും വിജയനത് കൃത്യമായി തുറന്നടിക്കുകയാണ് ചെയ്യുന്നത്. കപട ആത്മീയതയുടെ മുഖാവരണങ്ങളായിരിക്കാം വിജയന്‍ പൊളിച്ചെഴുതുന്നത്.

എന്‍ എസ് അബ്ദുല്‍ഹമീദ്‌

You must be logged in to post a comment Login