സലഫിസത്തിന്റെ ജീര്‍ണ മുഖങ്ങള്‍

സലഫിസത്തിന്റെ  ജീര്‍ണ മുഖങ്ങള്‍

അധികാരസ്ഥാനമാനങ്ങള്‍ക്കുവേണ്ടിഏതറ്റംവരെപോകാനുംസലഫികള്‍തയ്യാറാവുന്നതിന്റെ തെളിവാണല്ലോകേരളത്തിലെമുജാഹിദുകള്‍ക്കിടയിലെഭിന്നിപ്പുംപിളര്‍പ്പും. ഏറ്റവുമൊടുവിലായി, ഈജിപ്തിലുംസലഫികള്‍പിളര്‍പ്പിന്റെവക്കിലെത്തിയിരിക്കുകയാണ്.
ശാഹിദ്

സമീപകാലത്ത് ആഗോളമാധ്യമങ്ങളില്‍ ‘സലഫിസം’ ചര്‍ച്ചാവിഷയമായത് ഈജിപ്തിലെ പൊതു തെരഞ്ഞെടുപ്പില്‍ അല്‍നൂര്‍ പാര്‍ട്ടി ഇരുപത്തിയഞ്ച് ശതമാനത്തോളം സീറ്റ് നേടിയപ്പോഴാണ്. 1984 തൊട്ട് അലക്സാണ്ടറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അദ്ദഅ്വത്തുല്‍ സലഫിയ’ എന്ന മതപ്രസ്ഥാനത്തിന്റെ കീഴില്‍ 2011ല്‍ അല്‍നൂര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ആദ്യമൊന്നും ആരുമത് ഗൌരവത്തിലെടുത്തിരുന്നില്ല. ഭദ്രമായ സംഘടനാ സെറ്റപ്പോ രാഷ്ട്രീയ ദിശാബോധമോ ഇല്ലാതെ നാലായിരത്തോളം വരുന്ന പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം വഴി അനുയായികളെ തങ്ങളുടെ ചിറകിനടിയില്‍ നിര്‍ത്തുന്ന ഈ വിഭാഗത്തെ വളരെ സംശയദൃഷ്ടിയോടെയാണ് ജനം നോക്കിക്കണ്ടത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയാധിപത്യം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നു കണ്ട അമേരിക്കയും ഇസ്രയേലുമൊക്കെ സലഫികളുടെ മുന്നേറ്റത്തെ രഹസ്യമായി സഹായിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അധികം താമസിയാതെ ഈജിപ്തിലെ സലഫികള്‍ അവരുടെ ഹിംസാത്മകവും നിഷേധാത്മകവുമായ മുഖങ്ങള്‍ പുറത്തെടുത്തു തുടങ്ങിയത് ആഗോള മീഡിയ കൌതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. ഇത് ഈജിപ്തിന്റെ പ്രത്യേകത കൊണ്ടോ ആഗോള രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടോ അല്ല, മറിച്ച് സലഫിസത്തിന്റെ ജ•വൈകല്യം കൊണ്ടാണെന്ന് സത്യസന്ധമായ ഒരന്വേഷണത്തില്‍ കണ്ടെത്താനാവും. അധികാരത്തിനു മുന്നില്‍ പരസ്പര സാഹോദര്യവും തൌഹീദും ആവിയായി ബാഷ്പീകരിച്ചു പോകുന്ന കേരളീയ അനുഭവത്തില്‍ നിന്ന് ഈ പ്രവണതയെ ആഴത്തില്‍ അപഗ്രഥിക്കാവുന്നതേയുള്ളൂ. ‘സലഫികള്‍’ എന്ന പേരില്‍ സ്വയം ഊറ്റം കൊള്ളാറുള്ള കേരളത്തിലെ മുജാഹിദുകളുടെ ഏറ്റവും ഒടുവിലത്തെ അവസ്ഥാ വിശേഷവും സംഘടനക്കകത്ത് രൂക്ഷമായിത്തുടരുന്ന ഉരുള്‍പൊട്ടലും പരിശോധിച്ചാല്‍ തന്നെ ഈ പുരോഗമനേച്ഛുക്കളുടെ കപടമുഖം അഴിച്ചുമാറ്റാനാകും. മുഹമ്മദ്ബിന്‍ അബ്ദുല്‍ വഹാബ് പതിനെട്ടാം നൂറ്റാണ്ടില്‍ നജ്ദില്‍ നിന്ന് (സഊദി തലസ്ഥാനമായ റിയാദിനടുത്ത്) തുടക്കംകുറിച്ച ‘വഹാബിസം’ കാലാന്തരേണ സലഫിസമായി രൂപാന്തരപ്പെട്ടപ്പോള്‍ അത് മുസ്ലിം ലോകത്ത് സൃഷ്ടിച്ച കാലുഷ്യം പ്രതിപാദിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ‘സലഫുസ്വാലിഹീങ്ങളുടെ പാത’ പിന്‍പറ്റുന്നവര്‍ എന്ന വിവക്ഷയോടെ സ്വയം ചാര്‍ത്തിയ സലഫി നെറ്റിപ്പട്ടം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഈ വിഭാത വേളയില്‍ തീവ്രതയുടേയും ഭീകരവാദത്തിന്റെയും മതകാര്‍ക്കഷ്യത്തിന്റെയും പര്യായമായി വ്യവഛേദിക്കപ്പെടാറുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ മറ്റാരുമല്ല.
കേരളത്തില്‍ 1921ലെ ബ്രിട്ടീഷ് വിരുദ്ധ മാപ്പിള പ്രക്ഷോഭത്തിന് ശേഷം നാമ്പെടുത്ത പുത്തനാശയ പ്രചാരണങ്ങളില്‍ സലഫിസം കയറിവന്ന വഴി ഈ കോളത്തില്‍ തന്നെ പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടതാണ്. പാശ്ച്യാത്യാധിനിവേശവും നവീകരണ ചിന്തയും ഒരു വിഭാഗം പണ്ഡിത•ാരെ മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിലേക്കും ഈജിപ്തിലെ മുഹമ്മദ് അബ്ദുവിലേക്കും തിരിച്ചുവിട്ടപ്പോള്‍ ‘പുരോഗമന’ത്തിന്റെ കുറെ പിത്തലാട്ടങ്ങള്‍ കഥയറിയാതെ നമ്മുടെ നാട്ടിലും അരങ്ങേറി. പതിറ്റാണ്ടുകള്‍ നീണ്ട മുജാഹിദ് പ്രവര്‍ത്തനം ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്ന് വറ്റെടുത്ത് വേവ് നോക്കാന്‍ ജിന്ന് ബാധിച്ച ഏതാനും യുവപണ്ഡിത•ാരെയും പീഡനം ‘ഇബാദത്തായി’ എടുത്ത നേതാക്കളെയും കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി. ‘യാഥാസ്ഥിതികരും’ ‘പഴഞ്ച•ാരു’മായ സുന്നികള്‍ സാമ്രാജ്യത്വവും സയണിസവും നവലിബറല്‍ സാമ്പത്തിക വ്യവസ്ഥയും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഗഹനമായ പഠനത്തിലും പരിചിന്തനങ്ങളിലും ഏര്‍പ്പെട്ട് സാംസ്കാരിക അധിനിവേശത്തിനെതിരെ സാര്‍ത്ഥക പ്രതിരോധം തീര്‍ക്കുമ്പോള്‍, ഈ ജിഹാദികള്‍ ‘ഭൂത പ്രേത പിശാചുക്കളു’ടെ പേരില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ഇസ്ലാഹികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ പോലും ജിന്നിനെ കേന്ദ്രീകരിച്ചാണത്രെ. കാര്‍ക്കിച്ചു തുപ്പുന്നതും ചൂടുവെള്ളം മറിക്കുന്നതും മലമൂത്രവിസര്‍ജ്ജനം നടത്തുന്നതും ജിന്നുകളുടെ മേല്‍ അല്ലാതിരിക്കാനുള്ള ബലതന്ത്രം നെയ്യുന്ന തിരക്കിലാണ് ഈ പുരോഗമന കേസരികള്‍. ജിന്ന് ബാധ എങ്ങനെ ഒഴിപ്പിക്കാം എന്നതിനെക്കുറിച്ച് ചില അറബ് രാജ്യങ്ങളില്‍ നിന്നാണത്രെ ഏറ്റവും അത്യാധുനികമായ ആശയങ്ങള്‍ ഇക്കൂട്ടര്‍ക്ക് ഇറക്കുമതി ചെയ്തു കിട്ടുന്നത്.
ഭദ്രമായ അടിത്തറയില്ലാത്ത ഒരാശയത്തിന്റെ പേരില്‍ കെട്ടിപ്പടുത്ത സലഫിസം ഇസ്ലാമിന്റെ മുഖം എന്തുമാത്രം വികൃതമാക്കി എന്ന് ആഴത്തില്‍ പരിശോധിക്കേണ്ട സമയമാണിത്. അല്‍ഖാഇദ എന്ന ഭീകരപ്രസ്ഥാനം സലഫിസത്തിന്റെ മികച്ച സംഭാവനയാണ്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ബുദ്ധിയും ചില അറബു രാജ്യങ്ങളുടെ പണവും കൊണ്ടാണ് 1980കളില്‍ അഫ്ഗാന്റെ കുന്നുകള്‍ക്കിടയില്‍ നിന്ന് ഒരു പറ്റം ‘മുജാഹിദുകളെ’ ആസൂത്രിതമായ പരിശീലനങ്ങളിലൂടെ പടച്ചു വിട്ടത്. മക്കയിലെ പ്രശസ്തനായ ബിന്‍ലാദിന്‍ കുടുംബത്തില്‍ നിന്ന് ഉസാമ എന്ന എഞ്ചിനീയര്‍ അതിന്റെ നേതൃത്വത്തിലെത്തുന്നത് സലഫി പണ്ഡിത•ാരുടെ പ്രചോദനം മുഖാന്തരമാണ്. സോവിയറ്റ് റഷ്യയെ നേരിടുന്നതിന് അമേരിക്ക ‘ജിഹാദ്’ ഉപയോഗപ്പെടുത്തിയപ്പോള്‍ അതിന് എല്ലാ ഒത്താശയും നല്‍കിയത് സലഫികള്‍ക്ക് സ്വാധീനമുള്ള രാഷ്ട്രങ്ങളാണ്. സുന്നി തുര്‍ക്കിയോ സദ്ദാം ഹുസൈനോ, എന്തിന് ഷിയാ ഇറാനോ ആ ഉദ്യമത്തില്‍ പങ്കാളികളായിരുന്നില്ല. 2001 സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണ്‍ ആസ്ഥാനവും വിമാനം കയറ്റി ആക്രമിച്ച ഇരുപത്തൊന്ന് സംഘത്തിലെ 19 പേരുടെയും വിശ്വാസ പ്രത്യയശാസ്ത്രം സലഫിസമാണ്. പാശ്ചാത്യന്‍ രാജ്യങ്ങളിലെ മികച്ച സാങ്കേതിക കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ ഈ യുവാക്കളെ ‘ജിഹാദി’ മാര്‍ഗത്തില്‍ തള്ളിവിട്ടത് തീവ്രമായ മതവികാരമാണ്. ജിഹാദ് ഇല്ലെങ്കില്‍ ‘ഈമാന്‍’ പൂര്‍ണമാവില്ലെന്ന് ഒരു വേള അനുയായികളെ പഠിപ്പിച്ച സലഫി പണ്ഡിതര്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പ്രഹരമേറ്റപ്പോഴാണ് തങ്ങളുടെ പോരാട്ട മനോഭാവത്തില്‍ മാറ്റം വരുത്തിയത്.
സലഫി ഇസ്ലാമിന്റെ മറവിലാണ് ഏതാനും മുസ്ലിം രാജ്യങ്ങള്‍ രാജവാഴ്ച നിലനിര്‍ത്തിപ്പോകുന്നത്. ഉസ്മാനിയ്യ ഖിലാഫത്തിന്റെ സ്വാധീനവലയത്തില്‍ നിന്ന് വിമുക്തമാവുക എന്ന ദൃഢലക്ഷ്യവുമായാണ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് റിയാദിനടുത്ത ദര്‍ഇയ്യയില്‍ ഇരുന്ന് തന്റെ ചിന്താപദ്ധതിക്ക് രൂപം നല്‍കിയത്. ‘ഖബര്‍പൂജ’യുടെ പേരില്‍ മഖ്ബറകള്‍ തകര്‍ത്തു കൊണ്ട് അദ്ദേഹം തുടങ്ങിവച്ച പോരാട്ടം ഒടുവില്‍ എത്തിപ്പെട്ടത് ഖിലാഫത്തിന്റെ വിപാടനത്തിന്നായി അണിയറയില്‍ ഗൂഢ നീക്കങ്ങള്‍ ആസൂത്രണം ചെയ്ത ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തത്തിലാണ്. മുഹമ്മദ് അബ്ദു, അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയുടെ തലവനായിരുന്നപ്പോള്‍ പല തവണ വിദേശയാത്ര നടത്തിയത് ബ്രിട്ടീഷുകാരുടെ ഈ ദൌത്യത്തിലാണെന്ന് കാണാം. ഇന്നും പാശ്ചാത്യ ശക്തികളോട് കാണിക്കുന്ന വിധേയത്വത്തിന്റെ മൂലകാരണം സലഫിസത്തിന്റെ പടിഞ്ഞാറിനോടുള്ള ജ•നാലുള്ള താല്‍പര്യ മനോഭാവമാണ്.
ഒരു ഭാഗത്ത് ഇസ്ലാമിന്റെ ക്ളാസിക്കല്‍ കാലഘട്ടത്തില്‍ നിന്ന് വീര്യം ഉള്‍ക്കൊള്ളാനുള്ള ആഹ്വാനവും മറുഭാഗത്ത് പടിഞ്ഞാറന്‍ പരദേശികളുടെ ചുമലില്‍ താങ്ങി നടക്കാനുള്ള ആവേശവും കൂടിക്കലരുന്ന ദൌര്‍ബല്യത്തില്‍ നിന്ന് ഇതുവരെ സലഫികള്‍ മോചിതരായിട്ടില്ല എന്ന് ചരിത്രം പറയുന്നു. വര്‍ത്തമാന കാലയാഥാര്‍ത്ഥ്യങ്ങള്‍ സമര്‍ത്ഥിക്കുന്നതും വരുംകാലം സൂചന നല്‍കുന്നതും മറ്റൊന്നുമല്ല. സലഫി വിചാരധാരയുടെ സ്വാധീനവലയത്തില്‍ പെടാത്ത രാഷ്ട്രങ്ങള്‍ക്കേ സാമ്രാജ്യത്വത്തിനോടും ഇസ്ലാമിന്റെ ശത്രുക്കളോടും ആര്‍ജവത്തോടെ പോരാടാനും ശിരസ്സുയര്‍ത്തി സംസാരിക്കാനും ധൈര്യവും സ്ഥൈര്യവും കൈമുതലായുള്ളൂ. തുര്‍ക്കി തന്നെയാണ് മികച്ച ഉദാഹരണം. അര്‍ബക്കാന്റെ ചിന്താപദ്ധതിയില്‍ നിന്ന് ഊര്‍ജം നുകരുന്ന ജസ്റിസ് അന്റ് ഡവലപ്മെന്റ് പാര്‍ട്ടിയുടെ അമരക്കാരന്‍ ത്വയ്യിബ് ഉര്‍ദുഗാന്‍ ഒരു ദശകം കൊണ്ട് സാക്ഷാത്കരിച്ച പരിവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ന്ന ‘സുന്നിസ’ത്തെ വഹാബികള്‍ക്ക് അസൂയയോടെ മാത്രമേ കാണാനാവൂ. അങ്കാറയും ഇസ്തംബൂളും അള്‍ട്രാ സെക്കുലറിസത്തെ പുല്‍കി മുസ്തഫ കമാല്‍ പാഷയുടെ മതവിരുദ്ധ ചിന്താഗതിയെ അനുധാവനം ചെയ്തപ്പോള്‍ അനാതോലിയയിലെ മദ്രസകളിലും പള്ളികളിലും അവശേഷിച്ച ഇസ്ലാമിക ചൈതന്യത്തില്‍ നിന്നാണ് അര്‍ബകാന്‍ മതമൂല്യങ്ങളുടെ പുനരുത്ഥാനം സാധ്യമാക്കിയത്. നാറ്റോ സഖ്യത്തില്‍ അംഗമായിരുന്നിട്ടും അമേരിക്കയുടെ ചൊല്‍പടിക്കു കീഴില്‍ നില്‍ക്കാന്‍ ഉര്‍ദുഗാന്‍ ഒരിക്കലും തയ്യാറായില്ല, എന്നു മാത്രമല്ല തന്ത്രപൂര്‍വ്വം ഇസ്ലാമിക ചിന്തകളെ തുര്‍ക്കിയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡും തുണീഷ്യയിലെ റാഷിദ് ഗനൂഷിയുമൊക്കെ ഇന്ന് തുര്‍ക്കിയെ മാതൃകയാക്കി എടുക്കുന്നുണ്ടെങ്കില്‍ വിജയിക്കുന്നത് ‘യാഥാസ്ഥിതിക’സുന്നികളാണ്; പരാജയപ്പെടുന്നത് രാഷ്ട്രീയ ഇസ്ലാമിന്റെ പേരില്‍ വാചാടോപം നടത്തുന്ന ‘പുരോഗമന വാദികളും.’
സലഫികളുടെ തീവ്രാവേശം ലോകത്താകമാനം ഇന്ന് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. അല്‍ഖാഇദയുടെ പ്രത്യയശാസ്ത്രം ഇന്നും സലഫിസമാണ്. വിവാദ സിനിമയുടെ പേരില്‍ പല രാജ്യങ്ങളിലും സ്ത്രീകളെയും കുട്ടികളെയും വരെ തെരുവിലിറക്കിയതിനു പിന്നിലും ഈ ശക്തികളുണ്ട്. സഊദിയിലാണെങ്കില്‍ എല്‍കെജി ക്ളാസുകളില്‍ പോലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തണമെന്ന് ശഠിക്കുന്ന ഇക്കൂട്ടര്‍ ഈജിപ്തിലും യമനിലും സ്ത്രീകളെ തന്നെ പ്രക്ഷോഭ മുഖത്ത് ഒരുക്കി നിര്‍ത്തുന്നു. കേരളം പോലുള്ള സ്ഥലങ്ങളില്‍ സലഫികള്‍ അവരുടെ പുരോഗമന മുഖം അനാവൃതമാക്കിയിരുന്നത് സ്ത്രീകളുടെ പൊതുരംഗപ്രവേശത്തിന്റെയും വിദ്യാഭ്യാസ പുരോഗതിയുടെയും കാര്യം പറഞ്ഞാണ് അറബ് ഇസ്ലാമിക ലോകത്ത് ജില്‍ബാബിനും അബായക്കും വേണ്ടി പോരാടുന്ന സലഫികള്‍ രാജ്യാതിര്‍ത്തി കടക്കുമ്പോള്‍ ഔറത്തിന്റെ നഗ്നതയുടെ കാര്യത്തില്‍ ഉദാരത കാണിക്കുന്നു. ഉല്‍ക്കര്‍ഷേച്ഛുക്കളായി പൊതുസമൂഹത്തിന് മുന്നില്‍ ഞെളിയാന്‍ ഏതു മുഖംമൂടിയും ഏതു വേഷവും എടുത്തണിയാന്‍ മടിയില്ലാത്ത ഇസ്ലാഹി വിഭാഗം സലഫുസ്വാലിഹീങ്ങളുടെ വഴി താണ്ടിയാണത്രെ പരസ്പരം പോരടിക്കുന്നതും സഹോദര സംഘടനകള്‍ക്ക് യഥേഷ്ടം പാരവെക്കുന്നതും. ഗള്‍ഫ് രാജ്യങ്ങളില്‍, വിശിഷ്യാ സഊദി അറേബ്യയില്‍ ഏറ്റവും വലിയ പാരവെപ്പുകാര്‍ അവിടുത്തെ ഇസ്ലാഹി സെന്ററുകളായത്, ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാണ്.
അധികാര സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെ പോകാനും സലഫികള്‍ തയ്യാറാവുന്നതിന്റെ തെളിവാണല്ലോ കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ ഭിന്നിപ്പും പിളര്‍പ്പും. ആശയതലത്തില്‍ ഇക്കൂട്ടര്‍ക്കിടയില്‍ ഒരു കാര്യത്തിലും അഭിപ്രായാന്തരമില്ലെന്നിരിക്കെ, തലപ്പത്തിരിക്കുന്ന ഏതാനും നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരിലാണ് സംഘടന പിളരുന്നത്. ഏറ്റവുമൊടുവിലായി, ഈജിപ്തിലും സലഫികള്‍ പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. അധികാരത്തിന്റെ അയലത്ത് എത്തിയപ്പോഴേക്കും അദ്ദഅ്വതുസ്സലഫിയയിലെ ഒരു വിഭാഗം നേതാക്കള്‍ അല്‍നൂര്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരെ പടവാളോങ്ങിയത് ശൈശവദശയില്‍ തന്നെ സലഫിരാഷ്ട്രീയത്തെ തളര്‍ത്തുന്ന അധികാരാര്‍ത്തിയെ തുറന്നു കാണിച്ചു. അല്‍നൂര്‍ ചെയര്‍മാന്‍ ഇമാദ് അബ്ദുല്‍ ഗഫൂറും അല്‍സലഫി നേതാവ് യാസിര്‍ ബുര്‍ഹാനിയും തമ്മിലാണ് അധികാരവടംവലി ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ടിപിടിച്ചെടുക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമങ്ങള്‍ക്കിടയില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇമാദ് അബ്ദുല്‍ ഗഫൂറാവട്ടെ പ്രസിഡന്റ് മുര്‍സിയുടെ സഹായികളില്‍ ഒരാളായി നിയമിതനായിരിക്കുകയാണ്. ആ തക്കം നോക്കിയാണ് താഴെ തട്ടിലുള്ള സംഘടനാ സെറ്റപ്പ് തങ്ങളുടെ വരുതിയിലാക്കാന്‍ മറുവിഭാഗം നീക്കങ്ങള്‍ ആരോപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മേല്‍ അല്‍ സലഫിയയുടെ സ്വാധീനം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തെ എതിര്‍വിഭാഗം നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം കണ്ടെത്താന്‍ ഇസ്ലാമി പണ്ഡിതന്‍ ശൈഖ് സഊദ് അബ്ദുല്‍ അസീസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇഖ്വാനികള്‍ക്കും സലഫികള്‍ക്കും അധികാര രാഷ്ട്രീയത്തെ അവരുടെ നിലവിലെ ആശയഗതിയില്‍ നിന്നു കൊണ്ട് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വിവരമുള്ളവര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയതാണ്. അധികാരം കൈയില്‍ വന്നതോടെ, ശരീഅത്തിലേക്കുള്ള വഴിമാറ്റം മെല്ലെമതി എന്ന് ഇഖ്വാനികള്‍ വാദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സലഫികളാവട്ടെ എത്രയും പെട്ടെന്ന് ശരീഅത്ത് നടപ്പാക്കണമെന്നും വാദിക്കുന്നു. കര്‍മശാസ്ത്ര വിശ്വാസ കാര്‍ക്കശ്യം ഈജിപ്തില്‍ ഗുരുതര പ്രത്യാഘാതമുളവാക്കും എന്ന മുന്നറിയിപ്പ് ബ്രദര്‍ഹുഡിനെ ഭയപ്പെടുത്തുന്നുണ്ട്. ഇസ്ലാമിന്റെ രാഷ്ട്രീയത്തെ കാലോചിതമായി വ്യാഖ്യാനിക്കാതെ, ഹസനുല്‍ബന്നയുടെയും സയ്യിദ്ഖുതുബിന്റെയും ജിഹാദി പ്രത്യയശാസ്ത്രങ്ങളില്‍ നിന്നു കൊണ്ട് കൈകാര്യം ചെയ്യാനാവില്ലെന്ന് തുണീഷ്യന്‍ വിപ്ളവാചാര്യന്‍ റാഷിദ് ഗനൂഷിയുടെ താക്കീതില്‍ ഇരുകൂട്ടര്‍ക്കും പാഠമുണ്ട്. ഇസ്ലാമിക സാമ്പത്തിക കാഴ്ചപ്പാടിന് സ്കാന്‍ഡിനോവിയന്‍ കമ്യൂണിസ്റ് പാര്‍ട്ടികളുടെ സമ്പദ് വീക്ഷണങ്ങളോടാണ് സാമ്യമെന്നും മതമൌലികവാദപരമായ ചിന്താഗതിയുമായി ഒരു മത ചിന്തക്കും സമൂഹത്തില്‍ അതിജീവിക്കാനാവില്ലെന്നും ഗനൂഷി അഭിപ്രായപ്പെട്ടത് രാഷ്ട്രീയ ഇസ്ലാമിന്റെ മറവില്‍ കാര്‍ക്കഷ്യ നിലപാട് മുറുകെ പിടിക്കുന്ന വിഭാഗത്തിനുള്ള മുന്നറിയിപ്പാണ്.
‘മുല്ലപ്പൂ വിപ്ളവം’ പരത്തിയ ഉണര്‍വ് ഈജിപ്തിലും യമനിലുമൊക്കെ മതശക്തികളെ അധികാരത്തിലെത്തിച്ചിട്ടുണ്ടെങ്കിലും ‘ഇസ്ലാമിക ആക്ടിവിസം’ എന്നാല്‍ അധികാരമാണെന്ന് തെറ്റിദ്ധരിച്ചവരാണ് ഇഖ്വാനികളും സലഫികളും. ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇസ്ലാം അതിന്റെ സക്രിയമുഖം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് അധികാരത്തിന്റെ ഭാഷയിലൂടെ മാത്രമായിരുന്നില്ല. മുസ്ലിം രാഷ്ട്രീയ ശക്തികള്‍ ക്ഷയോ•ുഖമായിക്കൊണ്ടിരുന്ന ഒരു കാലയളവിലാണ് ചിന്താപരമായ ആക്ടിവിസത്തിലൂടെ ഇമാം ഗസ്സാലി കാലഘട്ടത്തിന്റെ രോഗത്തിന് മറുമരുന്നു വിധിച്ചത്. ദല്‍ഹി സുല്‍ത്താന്‍ഭരണം അസ്തമയഘട്ടത്തിലേക്ക് കടന്ന ചരിത്രയാമങ്ങളിലാണ് ശൈഖ് നിസാമുദ്ദീന്‍ ഔലിയ സ്നേഹ സൌഭ്രാത്രത്തിന്റെ വിശിഷ്ടമായ സക്രിയത കാണിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക പ്രചാരണത്തിന് വഴിയൊരുക്കിയത്; അതും അധികാര സ്ഥാനമാനങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നുകൊണ്ട്. ‘രാഷ്ട്രീയ ഇസ്ലാമില്‍’ ഇസ്ലാമിക ആക്ടിവിസത്തെ ഒതുക്കി നിര്‍ത്താനുള്ള ഇഖ്വാനികളുടെയും സലഫികളുടെയും ദുര്‍ബലമായ ശ്രമങ്ങളെ നോക്കി ഈജിപ്തിലെ പണ്ഡിതനും ഗ്രന്ഥകാരനുമായ മുസ്തഫ സലാമ പറഞ്ഞത് ധര്‍മസ്ഥാപനങ്ങളുടെ നടത്തിപ്പും പ്രബോധന- പ്രചാരണ പരിപാടികളുമെല്ലാം ഇസ്ലാമിക ആക്ടിവിസത്തിന്റെ ഭാഗമാണെന്നാണ്. അധികാര രാഷ്ട്രീയം കൈയാളുന്ന മതകൂട്ടായ്മകളെ മാത്രമല്ല ഇസ്ലാമിസ്റുകള്‍ എന്നു വിശേഷിപ്പിക്കേണ്ടത്. സലഫികള്‍ ഈ ദിശയില്‍ ഘടികാരത്തെ പിറകോട്ട് ചലിപ്പിക്കുന്നതായാണ് ഇതഃപത്യന്ത അനുഭവം. സഊദി, സിറിയ, തുണീഷ്യ ലിബിയ എന്നിവിടങ്ങളിലാണ് സലഫികള്‍ക്ക് മേല്‍ക്കൈയുള്ളത്. തുണീഷ്യയില്‍ ബിന്‍ അലിക്കെതിരായ പ്രക്ഷോഭത്തില്‍ ഭാഗഭാക്കായിരുന്നുവെങ്കിലും വിപ്ളവാനന്തരം അവര്‍ സ്വീകരിച്ച നിഷേധാത്മക നിലപാട്, ജനങ്ങളില്‍ നീരസം വളര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിറിയയിലാവട്ടെ, ഇന്നത്തെ കാലുഷ്യത്തിന് വലിയൊരളവോളം സലഫികളും ഉത്തരവാദികളാണ്. അലവി ഷിയാ വിഭാഗത്തിന്റെ മേധാവിത്തത്തിനെതിരെ ആയുധമെടുക്കാനും ചോര ചിന്താനും മറു വിഭാഗത്തിന് പ്രേരണ നല്‍കുന്ന സലഫികള്‍ക്കും അവരെ പിന്തുണക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കും, പക്ഷേ, ഇതുവരെ ലക്ഷ്യപ്രാപ്തിയുടെ അടുത്തൊന്നും എത്താനായിട്ടില്ല. കര്‍മപഥത്തിലെ തീവ്രത കൊണ്ട് മാത്രം വിജയപീഠങ്ങളില്‍ കയറിപ്പറ്റാന്‍ കഴിയില്ലെന്ന് ഈ വിഭാഗത്തിന് തിരിച്ചറിവുണ്ടായി വരികയാണ്.
വഹാബിസത്തില്‍ നിന്ന് ഊര്‍ജ്ജം നുകര്‍ന്ന സലഫിസം യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ഇബ്നു സഊദിന്റെ രാഷ്ട്രീയാധികാരം പുനഃസ്ഥാപിച്ചെടുക്കുകയായിരുന്നു അതിന്റെ ആത്യന്തിക ലക്ഷ്യം. അതേ സമയം, ഉസ്മാനിയ ഖിലാഫത്തുമായി ആശയതലത്തില്‍ വേര്‍പിരിയാന്‍ വേണ്ടിയാണ് മഖ്ബറ തകര്‍ക്കലും മരം മുറിക്കലും അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. സഊദി അറേബ്യ പോലുള്ള ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ സലഫി പ്യൂരിറ്റാനിസം എന്തുമാത്രം കടമ്പകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഹമ്മദ് അസദ് മക്കയിലേക്കുള്ള പാതയില്‍ എഴുതിയിട്ടുണ്ട്. കാലത്തിന്റെ കുളമ്പടി ശബ്ദം കേള്‍ക്കാന്‍ കാതുകൊടുക്കാത്ത അറുപഴഞ്ചന്‍ ചിന്താഗതിയുമായി ഇവര്‍ എവിടെയുമെത്താന്‍ പോകുന്നില്ല എന്ന അദ്ദേഹത്തിന്റെ ശാപവചനങ്ങള്‍ ഇന്നും മണല്‍ക്കാടിന്റെ വന്യതയില്‍ പ്രതിധ്വനിക്കുന്നുണ്ട്.

You must be logged in to post a comment Login