കുടിയേറ്റം

Human migration (derived from Latin: migratio) is physical movement by humans from one area to another, sometimes over long distances or in large groups. Historically this movement was nomadic, often causing significant conflict with the indigenous population and their displacement or cultural assimilation. Only a few nomadic people have retained this form of lifestyle in modern times. Migration has continued under the form of both voluntary migration within one’s region, country, or beyond and involuntary migration (which includes the slave trade, trafficking in human beings and ethnic cleansing).

രാജീവ് ശങ്കരന്‍

പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന വിശ്വാസം കാലഹരണപ്പെട്ടുവെങ്കിലും ഭൂമിയില്‍ കേന്ദ്രസ്ഥാനം മനുഷ്യന്നാണെന്ന വിശ്വാസം തുരുമ്പെടുത്തിട്ടില്ല. കേന്ദ്രസ്ഥാനത്തുണ്ടാകുക എന്നത്, അതിനെ ചൂഴ്ന്നു നില്‍ക്കുന്ന എല്ലാറ്റിനും മേല്‍ അധീശത്വമുണ്ടാകുന്ന അവസ്ഥയിലേക്ക സ്വാഭാവികമായി പരിവര്‍ത്തിക്കപ്പെടും. കേന്ദ്രീകൃത ജനാധിപത്യം പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ കാലക്രമേണ ഏകാധിപത്യപ്രവണത കാട്ടുന്നത് ഉദാഹരണം. ബുദ്ധി, ശക്തി, വിഭവസ്രോതസ്സ് തുടങ്ങിയവയുടെ കേന്ദ്രീകരണം കുടിയേറ്റത്തിനോ കൈയേറ്റത്തിനോ അധിനിവേശത്തിനോ കാരണമാകുന്നത് കണ്‍മുന്നിലുണ്ട്.
ഭൂമിയുടെ കേന്ദ്ര സ്ഥാനത്താണ് മനുഷ്യനെന്ന അഹംബോധമാണ് ആദ്യത്തെ കുടിയേറ്റത്തിന്/കൈയേറ്റത്തിന് പ്രേരണയായിട്ടുണ്ടാവുക. ഇതര സൃഷ്ടികളെല്ലാം മനുഷ്യന്റെ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്ന വിശ്വാസം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇതര ജീവജാലങ്ങളുടെ ഇടത്തിലേക്കുള്ള കടന്നുകയറ്റം; അതിനെ കുടിയേറ്റമെന്നോ കൈയേറ്റമെന്നോ വിശേഷിപ്പിക്കേണ്ടത്? രണ്ടുമുണ്ടായിട്ടുണ്ടാകണം – അതിജീവനത്തിന് ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റവും കൈയൂക്കുകൊണ്ട് ആധിപത്യമുറപ്പിച്ച കൈയേറ്റവും തുടര്‍ച്ചയായി അധിനിവേശവും. അതിജീവനം ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്കപ്പുറത്തും കുടിയേറ്റത്തിന് വഴിയൊരുങ്ങിയിട്ടുണ്ട് – ഉടയോന്‍മാരായി മാറിയവര്‍ അടിമകളെ കച്ചവടം ചെയ്തപ്പോള്‍ മനഃപൂര്‍വമല്ലാത്ത കുടിയേറ്റമാണ് നടന്നത്. അത്തരക്കാര്‍ തുടര്‍വഴികളില്‍ മാറ്റിനിര്‍ത്തപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്തുവെന്നതാണ് ചരിത്രം. ചിലയിടങ്ങളില്‍ അത് നിറത്തിന്റെ പേരിലായിരുന്നു, മറ്റു ചിലയിടങ്ങളില്‍ തൊഴിലിന്റെ പേരിലും.
രാജ്യങ്ങള്‍ വിഭജിക്കപ്പെടുകയോ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്തപ്പോള്‍ നിസ്സഹായരായി പലായനം ചെയ്തവരും പിന്നീട് കുടിയേറ്റക്കാരെന്ന നാമത്തില്‍ വിശേഷിപ്പിക്കപ്പെട്ടു. വാഗ്ദത്ത ഭൂമി സ്വന്തമാക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചതും തിരിക്കുന്നതും കുടിയേറ്റ, കൈയേറ്റ, അധിനിവേശ വഴികളിലൂടെയാണ്. ലോകഗതിയെ മാറ്റിമറിച്ച, ഇപ്പോഴും മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റം ഇസ്രയേലെന്ന വാഗ്ദത്ത ഭൂമിയിലേക്ക് ജൂതര്‍ നടത്തിയതാണ്. ജൂത ജനതയുടെ രാജ്യാഗ്രഹത്തെ പിന്തുണക്കാന്‍ അന്നുമിന്നും അമേരിക്കയുണ്ടായിരുന്നു. കുടിയേറ്റം അധിനിവേശമായപ്പോള്‍ അഭയാര്‍ഥികളായത് ലക്ഷക്കണക്കിന് അറബ്വംശജര്‍. അധിനിവേശത്തിലൂടെ സ്വന്തമാക്കിയ ഇടം വ്യാപിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കുടിയേറ്റങ്ങളും കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതിനെ ചെറുത്ത് ഫലസ്തീന്‍ എന്ന രാഷ്ട്രം സാധിച്ചെടുക്കാനുള്ള സമരം തുടരുകയാണ് അറബ് വംശജര്‍. അനീതിയുടെ കറപുരണ്ട ഈ കുടിയേറ്റം, തീവ്രവാദത്തെക്കുറിച്ച് ഉത്കണ്ഠകൊള്ളുന്നവര്‍ കണക്കിലെടുക്കാറില്ല. ആണവോര്‍ജത്തിന്റെ സംഹാരശേഷി ആര്‍ജിച്ച രാജ്യങ്ങളെ ചെറു റോക്കറ്റുതിര്‍ത്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരിലെ ഭീകരവാദത്തെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അധിനിവേശവും കടന്ന് തുടരുന്ന കുടിയേറ്റത്തിന്റെ ആസുരതയില്‍ അലോസരപ്പെടുന്നില്ല.
കച്ചവടത്തിനെത്തിയവര്‍ കുടിയേറ്റക്കാരും കൈയേറ്റക്കാരും അനിധിവേശക്കാരുമായതിന്റെ ചരിത്രമാണ് ബഹുഭൂരിപക്ഷം പ്രദേശങ്ങള്‍ക്കും പറയാനുണ്ടാകുക. പലേടത്തും തദ്ദേശീയര്‍ തുടച്ചു നീക്കപ്പെട്ടു. തുടച്ചു നീക്കലുകള്‍ പലപ്പോഴും സുസംഘടിതമായ പദ്ധതിയിലൂടെയായിരുന്നു. ആസ്ത്രേലിയയില്‍ കുടിയേറിയ വെള്ളക്കാര്‍, അവിടുത്തെ ആദിമനിവാസികളില്‍ സന്താനോത്പാദനം നടത്തിയത് വംശോ•ൂലനം ലക്ഷ്യമിട്ട് മാത്രം. ആ കൊള്ളക്കാരുടെ പിന്‍മുറക്കാര്‍ ഇപ്പോഴത്തെ കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മൂന്നാം കിടക്കാരായി കണ്ട് ആക്രമിക്കുന്നു. മനുഷ്യ വിഭവശേഷിയുടെ അപര്യാപ്തത പരിഹരിക്കാന്‍ കുടിയേറ്റത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ തങ്ങളുടെ ഉപജീവനാവസരങ്ങള്‍ ഇല്ലാതാക്കാന്‍ വന്നവരായി കണ്ട് കുടിയേറ്റക്കാരെ പ്രതിരോധിക്കുന്നത്. ആദിമനിവാസികള്‍ക്ക് ഉയര്‍ത്താനാകാതെ പോയ പ്രതിരോധം.
വെള്ളക്കാരുടെ കുടിയേറ്റമോ അധിനിവേശമോ ന്യായീകരിക്കപ്പെടുന്ന കാഴ്ചയാണ് സമകാലിക ലോകത്തുമുള്ളത്. ആസ്ത്രേലിയയിലേതു പോലെ, വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിയ വെള്ളക്കാര്‍ അധികാരവും സമ്പത്തും കൈയടക്കി തദ്ദേശീയരായി മാറിയ കാഴ്ച മറ്റു രാജ്യങ്ങളിലുമുണ്ട്. ഇവരുടെ കൈയേറ്റങ്ങളില്‍ നിന്ന് തദ്ദേശ ജനതയെ സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണാധികാരികളെ ഏകാധിപതികളോ താന്തോന്നികളോ ആയി ചിത്രീകരിക്കുന്നത് പഴയ കാഴ്ചയല്ല. വെള്ളക്കാരുടെ സ്വത്തിന് പരിധി നിശ്ചയിക്കാന്‍ മുതിര്‍ന്നപ്പോള്‍, സിംബാബ്വെയുടെ റോബര്‍ട്ട് മുഗാബെ പാശ്ചാത്യ ഭരണകൂടങ്ങളുടെ കണ്ണില്‍ ഏകാധിപതിയായത് ഉദാഹരണം.
മനുഷ്യ വിഭവശേഷിക്കപ്പുറത്ത് ആയുധങ്ങളും സൈന്യവുമൊക്കെ കുടിയേറുന്ന കാഴ്ച പിന്നീട് കണ്ടു. സ്വന്തം താത്പര്യങ്ങളുടെ സംരക്ഷണത്തിന് വിവിധ മേഖലകളില്‍ അമേരിക്ക സൈനിക കേന്ദ്രം തുടങ്ങിയത് അങ്ങനെയാണ്. മേഖലകളില്‍ സൃഷ്ടിക്കപ്പെട്ട സംഘര്‍ഷങ്ങളില്‍ മൂന്നാം കക്ഷിയായി ഇടപെട്ടാണ് കുടിയേറ്റം സാധ്യമാക്കിയത് എന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തം. കമ്പോളവും സമ്പത്തും കുടിയേറ്റം ചെയ്യപ്പെടുന്നത് സമാന്തരമായി നടന്നു. കുത്തകക്കമ്പനികളുടെ ലാഭം ലാക്കാക്കിയുള്ള ഈ ശ്രമങ്ങള്‍ക്ക് സൈനിക അധിനിവേശത്തിലൂടെ ഭരണകൂടങ്ങള്‍ പാതയൊരുക്കി.
‘വിജയകര’മായ ഈ കുടിയേറ്റങ്ങളെല്ലാം ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷ്ടിച്ചു. അവരില്‍ വലിയൊരു വിഭാഗം വൈകാതെ കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെടും. പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്യും. അതിനു തെളിവാണ് ബര്‍മയിലെ റോഹിന്‍ഗ്യ മുസ്ലിംകള്‍. തലമുറകള്‍ക്കു മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ബര്‍മയിലെത്തിയവരാണ് റോഹിന്‍ഗ്യകള്‍. ഇപ്പോഴുള്ളവരെല്ലാം ബര്‍മയില്‍ ജനിച്ചു വളര്‍ന്നവര്‍. എന്നിട്ടും അവരെ കുടിയേറ്റക്കാരായി ആട്ടിയോടിക്കുന്നു. ആട്ടിയോടിച്ചിട്ടും പോകാത്തവരെ ചുട്ടെരിക്കുന്നു. പലായനം ചെയ്യേണ്ടിവരുന്നവര്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ അപ്രസക്തമാണ്. ജീവന്‍ മാത്രമേ പ്രസക്തമായുള്ളൂ. അങ്ങനെയെത്തുന്ന റോഹിന്‍ഗ്യകളെ പുറത്താക്കി തദ്ദേശീയരുടെ സ്വാസ്ഥ്യം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടി വരുന്നു ചില ഭരണകൂടങ്ങള്‍ക്ക്. ‘വിജയകര’മായ കുടിയേറ്റങ്ങള്‍ സൃഷ്ടിച്ച ലക്ഷക്കണക്കായ അഭയാര്‍ഥികള്‍ വരുംകാലത്ത് റോഹിന്‍ഗ്യകള്‍ക്ക് സമാനരാകുകയും അപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷങ്ങള്‍ അധിനിവേശാധിഷ്ഠിത കുടിയേറ്റക്കാര്‍ക്ക് ഗുണകരമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം!
കുടിയേറ്റക്കാരായോ അനധികൃത നുഴഞ്ഞുകയറ്റക്കാരായോ ചിത്രീകരിക്കപ്പെട്ട് സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്നവരുടെ ദാരുണ കഥയാണ് അസമില്‍ നിന്ന് കേള്‍ക്കുന്നത്; ഇറങ്ങിക്കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ചുട്ടുകരിക്കുന്നതിന്റെയും. എക്കാലത്തും കുടിയേറ്റത്തിന്റെ ഇരകളായ ഗോത്ര വിഭാഗമാണ് ഇവിടെ അടിച്ചിറക്കലിന് നേതൃത്വം നല്‍കുന്ന ബോഡോകള്‍. ഇവരുടെ ഇടത്തിലേക്ക് അതിക്രമിച്ചു കടന്നവരായി ആരോപിക്കപ്പെടുന്ന മുസ്ലിംകളില്‍ ഭൂരിഭാഗവും ബംഗ്ളാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. ബംഗ്ളാദേശി നുഴഞ്ഞുകയറ്റത്തിന്റെ പെരുപ്പിച്ച കണക്കുകള്‍ നിരത്തി ബോഡോകളെ അക്രമോത്സുകരാക്കുമ്പോള്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരെല്ലാം ദേശീയ വാദികളാണ്. ഉപജീവനാര്‍ഥം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറിക്കൊണ്ടിരിക്കെ തന്നെയാണ് കുടിയേറ്റമാരോപിച്ച് ഒരു ജനതതിയെ പുറംതള്ളാന്‍ ശ്രമം നടക്കുന്നത് എന്ന വൈരുദ്ധ്യവുമുണ്ട്.
അസമുള്‍പ്പെടെ രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പ്രധാന സ്വീകരണ വേദികളിലൊന്നായ കേരളം, കേരളമായി സംഘടിപ്പിക്കപ്പെടുന്നതിനു മുമ്പ് തന്നെ പുറംനോക്കികളുടെ സ്വന്തം ഇടമായിരുന്നു. കടലും കരയും കടന്നുള്ള യാത്രകള്‍. സിലോണ്‍, ബര്‍മ, മലായ്, ഗള്‍ഫ്, ആസ്ത്രേലിയ, കാനഡ എന്നിങ്ങനെ ഇന്നും തുടരുന്ന കുടിയേറ്റം. ആഭ്യന്തര കുടിയേറ്റങ്ങളും കുറവായിരുന്നില്ല. അവയെല്ലാം തദ്ദേശീയരെയോ ഇതര ജീവജാലങ്ങളെയോ നിഷ്കാസിതരാക്കിക്കൊണ്ടുള്ളതായിരുന്നു. ആ അനീതിക്ക് ഇനിയും പരിഹാരം കാണാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് ആദിവാസികളില്‍ വലിയൊരു വിഭാഗം ഇപ്പോഴും ഭൂരഹിതരായി തുടരുന്നത്. കുടിയേറ്റം സ്ത്രീശരീരങ്ങളിലേക്കുള്ള കൈയേറ്റം കൂടിയായി മാറിയതുകൊണ്ടാണ് ആദിവാസികളില്‍ അവിവാഹിതരായ അമ്മമാരുണ്ടായത്. മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല; ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെയും.
ബുദ്ധിയുള്ള, ചിരിക്കാനറിയുന്ന ജീവിയെന്ന അഹങ്കാരത്തില്‍ സ്വയം കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ച് ഇതര ജീവജാലങ്ങളെയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടവരില്‍ ചിലര്‍ നിറത്തിന്റെയും രക്തശുദ്ധിയുടെയും അടിസ്ഥാനത്തില്‍ ശ്രേഷ്ഠന്‍മാരായി ചമഞ്ഞ് സഹമനുഷ്യരെയും ആദേശം ചെയ്തതിന്റെ/ചെയ്യുന്ന കഥ തുടരുകയാണ്. അതിന്റെ രീതികളില്‍ രൂപഭേദമുണ്ടാകുന്നുവെന്ന് മാത്രം.

You must be logged in to post a comment Login