കുങ്കുമപ്പൂപോലുള്ള മനസ്സ്

മുരീദ്

അബൂയസീദുല്‍ ബസ്ത്വാമി(റ) ഹമദാന്‍ പട്ടണത്തില്‍ നിന്ന് ലേശം കുങ്കുമം വാങ്ങി. ജ•നാടായ ബസ്ത്വാമിലെത്തി കുങ്കുമപ്പൊതി അഴിച്ചുനോക്കിയപ്പോള്‍ അതിനകത്ത് രണ്ട് ഉറുമ്പുകള്‍ വെപ്രാളപ്പെടുന്നു. ഹമദാനിലെ കൂട്ടുകുടുംബത്തെക്കാണാതെ വെപ്രാളപ്പെടുകയായിരിക്കും അവ എന്ന് വിചാരിച്ച് ഖിന്നനായി ബസ്ത്വാമി ആ ഉറുമ്പുകളെ ഹമദാനില്‍ കൊണ്ടുവിടാനായി മാത്രം തിരിച്ചുപോയി.

വിശുദ്ധ ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറതുല്‍ ഫാതിഹ പാരായണം ചെയ്തുകൊണ്ടാണ് ഗുരു സംസാരം ആരംഭിച്ചത്. ഈ അധ്യായത്തെക്കുറിച്ച് പലപ്പോഴും ഗുരു സംസാരിക്കാറുണ്ട്. സാധകന്റെ ചുണ്ടില്‍ സദാസമയവും ഈ സപ്തവാക്യങ്ങള്‍ ഒരു പ്രാര്‍ത്ഥനയായി ഉണ്ടാവണമെന്ന് അദ്ദേഹം എപ്പോഴും ഉപദേശിക്കാറുമുണ്ട്. വചനപ്പൊരുളറിഞ്ഞവര്‍ അതില്‍ നിമഗ്നരാവുന്നു. അക്ഷരങ്ങളും വാക്കുകളുമായി ഭൂമിയിലേക്ക് ഇറങ്ങിവന്ന പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ സാധകന്റെ ഒഴിച്ചുകൂടാനാവാത്ത പാഥേയമത്രെ.
ദൈവ സാമീപ്യം കൊതിക്കുന്ന ഏതൊരു വ്യക്തിയും സ്വജീവിതത്തില്‍ സൂക്ഷ്മതയും ഭക്തിയും പുലര്‍ത്തിപ്പോരണം. വേദഗ്രന്ഥം ഭക്തിയും സൂക്ഷ്മതയും പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് വഴികാട്ടിയാവുക1. ദിവ്യജ്ഞാനവും അതിന്റെ അനുഭൂതിയും ഉള്‍ക്കൊള്ളുവാനും അനുഭവിക്കുവാനുമുള്ള പ്രഥമ വാതായനം വിശുദ്ധ വേദഗ്രന്ഥമാകുന്നു.
വിജനമായ ഒരിടത്ത് താമസിച്ചിരുന്ന ഒരു സൂഫിയോട് ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ ചോദിച്ചു: ‘ഈ വിജനതയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ സാമീപ്യം കൊതിക്കുന്നത് ആരോടാണ്?’ തന്റെ സാമീപ്യം ഉണ്ടായിരുന്ന വിശുദ്ധ ഖുര്‍ആന്റെ പ്രതി ചൂണ്ടിക്കൊണ്ട് സൂഫി പുഞ്ചിരി തൂകി. പിന്നീട് ആ ഖുര്‍ആന്‍ പ്രതി മടിയില്‍ വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ആതുരമായ എന്റെ മനസ്സിന്റെ ശമനവും അന്ധകാരം മുറ്റിയ എന്റെ പാതയിലെ വെളിച്ചവും ഇതാണ്2. ആകയാല്‍ ഖുര്‍ആന്റെ വെളിച്ചത്തിലാവണം ഭയഭക്തിയുടെയും സൂക്ഷ്മതയുടെയും പാഠങ്ങള്‍ അഭ്യസിക്കേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമെന്ന് ചുരുക്കം.
ഭയഭക്തിയും സൂക്ഷ്മതയും പരസ്പര പൂരകങ്ങളായ ശീലങ്ങളാണെന്ന് പറയാം. ഭയഭക്തിയാണ് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുവാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്. അറബിയില്‍ പൊതുവെ ഇത്തരം ഗുണങ്ങളെ ദ്യോതിപ്പിക്കുന്ന പദം ‘തഖ്വ’ എന്നതാണ്. വിശാലമായ ആശയത്തെയും സ്വഭാവത്തെയും ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയായാണ് തഖ്വ എന്ന പദം കണക്കാക്കപ്പെടുന്നത്. സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ശിര്‍ക്കില്‍ നിന്നു (ബഹുദൈവാരാധന) പരിപൂര്‍ണമായുള്ള മോചനത്തെ കുറിക്കുന്ന പദമാണ് തഖ്വ. എന്നാല്‍ ശിര്‍ക്കില്‍ നിന്നും മറ്റു പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയെന്നതാണ് തഖ്വയുടെ മറ്റൊരു മാനം. ശിര്‍ക്കില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതോടൊപ്പം ഉത്തരവാദിത്ത ബോധം നിലനിര്‍ത്തുകയെന്നതും തഖ്വയുടെ പരിധിയില്‍ പെടുന്നു. പ്രവാചക•ാരുടെ കാര്യത്തില്‍ തഖ്വയുടെ മാനവും അര്‍ത്ഥ വൈപുല്യവും സാധാരണക്കാരുടെ സങ്കല്‍പങ്ങളില്‍ വളരെ ഉയരത്തിലായിരിക്കും.3
സൃഷ്ടികളുമായുള്ള വ്യവഹാരങ്ങളില്‍ നിന്നാണ് ഒരു വ്യക്തിയുടെ തഖ്വ അളക്കപ്പെടുന്നത്. സഹജീവികളോടുള്ള സാധകന്റെ പെരുമാറ്റമാണ് തഖ്വയുടെ ഉരകല്ല് എന്നു പറയാം. ‘ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും കൂടുതല്‍ തഖ്വയുള്ളവരാണെ’ന്ന് വേദഭാഷ്യം4. അനുസരണയുടെ പക്ഷം ചേരുക; അനുസരണക്കേട് യാതൊരു ഘട്ടത്തിലും വരാതെ സൂക്ഷിക്കുക; സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ ദൈവസ്മരണയിലായിരിക്കുക; വിസ്മൃതിയുടെ മാറാലക്കെട്ടില്‍ അകപ്പെടാതെ മനസ്സിനെ സൂക്ഷിച്ചു കൊള്ളുകയും ചെയ്യുക. നന്ദിയുള്ളവനായിരിക്കുക; ഓരോ അനുഗ്രഹത്തിലും കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുക. ഒരിക്കലും കൃതഘ്നനാവാതിരിക്കുക. ദൈവത്തെ സൂക്ഷിക്കേണ്ട രൂപത്തില്‍ സൂക്ഷിച്ചുകൊള്ളുക5യെന്ന ഖുര്‍ആനിക അധ്യാപനത്തിന് സൂഫികള്‍ നല്‍കിയ വിശദീകരണമാണിത്.
വ്യക്തി ജീവിതത്തില്‍ സമൂല പരിവര്‍ത്തനം വരുമ്പോള്‍ അത് സാമൂഹിക വ്യവഹാരങ്ങളില്‍ പ്രതിഫലിക്കും. വ്യക്തികള്‍ സ്വമേധയാ പരിവര്‍ത്തനം വരുത്തുകയാണ് ഏറ്റവും പ്രധാനം. സച്ചരിതരായ പ്രപിതാക്കള്‍ വ്യക്തി ജീവിതം സ്ഫടിക സമാനമാക്കിയവരായിരുന്നു. അവരെ സമൂഹം ദിവ്യ•ാരെന്നും സൂഫികളെന്നും മറ്റും വിളിച്ചു. കാരണം അവരുടെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയും ഗുണപാഠവുമായിരുന്നു. തിരുനബിയുടെ ജീവിതമാണ് ഏറ്റവും നല്ല ഉദാഹരണം. നടന്നുപോകുന്ന വഴികളില്‍ മുള്ളു വിതറുകയും അവിടുത്തെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുമായിരുന്ന പെണ്‍കുട്ടിക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ സമാശ്വാസത്തിന്റെ വാക്കുമായി അവളുടെ രോഗശയ്യയില്‍ എത്തിയ വിശ്വഗുരുവിനെ ഓര്‍ത്തു നോക്കൂ. സഹജീവികളോട് സ്നേഹവും കാരുണ്യവും പ്രകടിപ്പിക്കുമ്പോഴാണ് അലൌകികമായ സ്പര്‍ശം മനുഷ്യ ഹൃദയങ്ങള്‍ തമ്മില്‍ സൃഷ്ടിക്കപ്പെടുകയെന്ന് പഠിപ്പിക്കുകയായിരുന്നല്ലോ ഗുരു.
അബൂ യസീദുല്‍ ബസ്ത്വാമി എന്ന സൂഫീ വര്യന്‍ ഒരിക്കല്‍ ഹമദാന്‍ പട്ടണത്തിലെ ഒരു കടയില്‍ നിന്ന് അല്‍പം കുങ്കുമം വാങ്ങി തന്റെ ജ•നാടായ ബസ്ത്വാമിലേക്ക് വന്നു. വീട്ടിലെത്തിയ ബസ്ത്വാമി കുങ്കുമപ്പൊതിയില്‍ രണ്ടു ഉറുമ്പുകള്‍ വെപ്രാളപ്പെടുന്നത് കണ്ടു. ഹമദാനിലെ തങ്ങളുടെ കുടുംബത്തെയും കൂട്ടുകാരെയും കാണാതെ ഉറുമ്പുകള്‍ വിഷമിക്കുമല്ലോ എന്നു കരുതി അദ്ദേഹം ഉറുമ്പുകളുമായി വീണ്ടും ഹമദാനിലേക്ക് യാത്ര തിരിച്ചുവത്രെ!6. മിണ്ടാപ്രാണികളോടു പോലും കാണിക്കുന്ന ഈ താദാത്മ്യം പ്രാപിക്കല്‍ വിമലമാനസരായ ശുദ്ധാത്മാക്കളില്‍ മാത്രമേ ദര്‍ശിക്കുവാന്‍ കഴിയുകയുള്ളൂ. കൈ നിറയെ താളിച്ചെടിയുമായി കുളക്കടവിലേക്ക് പോകുന്ന യുവാവിനെ തിരികെ വിളിച്ച് താളിച്ചെടികളില്‍ നിന്ന് അല്‍പം മാത്രമെടുത്ത് ബാക്കി മുഴുവന്‍ കുളക്കരയിലെ നനവുള്ള മണ്ണില്‍ കുഴിച്ചിടുവാന്‍ ഉപദേശിച്ച വയോവൃദ്ധനായ തേനു മുസ്ലിയാരുടെ മുന്നില്‍ അന്തം വിട്ടുനിന്ന ആ യുവാവിനോട് മുസ്ലിയാര്‍ പറഞ്ഞത്, ‘നിശ്ശബ്ദം, നിരന്തരം ദൈവിക സ്തോത്രം ചെയ്യുന്ന ചെടികള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. അവയില്‍ ജീവന്‍ കുടികൊള്ളുന്നുവെന്നും ഒരു ജീവനും അനാവശ്യമായി ഹനിക്കരുതെന്നു’മായിരുന്നു. സര്‍വ ജീവജാലങ്ങളോടും സഹിഷ്ണുതയോടും സര്‍വോപരി സൂക്ഷ്മതയോടും കൂടി പെരുമാറുന്ന അവസ്ഥയിലേക്ക് സാധകന്‍ വളര്‍ന്നു വരേണ്ടതുണ്ട്.
നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു കൊള്ളുക. പക്ഷേ, അമിതമാവരുതെന്നാണ് ഖുര്‍ആനിക അധ്യാപനം. ജീവിതത്തിന്റെ സകല വ്യവഹാരങ്ങളിലും പാലിക്കേണ്ട ഒരു പൊതു തത്വമായി ഈ സൂക്തത്തെ വായിക്കാവുന്നതാണ്. സൂക്ഷ്മതയിലും ഭക്തിയിലും പരിലസിക്കുന്ന വിശ്വാസവും കര്‍മവുമാണ് സാധകന്റെ ജീവിതത്തില്‍ പുലര്‍ന്നുവരേണ്ടതെന്ന് ചുരുക്കം. 
1. വിശുദ്ധ ഖുര്‍ആന്‍
2. രിസാലത്തു ഖുശൈരിയ
3. രിസാലത്തു ഖുശൈരിയ
4. വി. ഖുര്‍ആന്‍ 49:13
5. വി. ഖുര്‍ആന്‍ 3:102
6. രിസാലത്തു ഖുശൈരിയ

You must be logged in to post a comment Login