ഖുര്‍ആന്‍: അമാനുഷഭാവങ്ങളുടെ അനന്തലോകം

ആബിദ് അഹ്സനി കോട്ടപ്പുറം


മലയാളിയും അറബിയും ഇംഗ്ളീഷുകാരനും ഒക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഹിറാ ഗുഹയില്‍ നിന്ന് അതെങ്ങനെ കേട്ടുവോ അതുപോലെ തന്നെയാണ്. ഇങ്ങനെ ആദ്യ ശബ്ദത്തില്‍ തന്നെ കേള്‍ക്കുന്ന, വായിക്കപ്പെടുന്ന മറ്റൊന്നില്ല.


പതിനാലു നൂറ്റാണ്ടിലേറെയായി വലിയ ഒരു സമൂഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച് വിശുദ്ധ ഖുര്‍ആന്‍ നിത്യവിസ്മയമായി, മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു. അമാനുഷ ഗ്രന്ഥമായി ഖുര്‍ആന്‍ വിലയിരുത്തപ്പെടുന്നത് അനന്തവിശാലമായ അതിന്റെ ആശയ സംപുഷ്ടതയെ മാത്രം മാനദണ്ഡമാക്കിയല്ല. മറിച്ച് വൈവിധ്യ പൂര്‍ണമായ തലങ്ങളിലൂടെയാണ് അത് അതിന്റെ നിത്യവസന്തം നമുക്ക് വെളിപ്പെടുത്തുന്നത്.
ഭാഷാപരമായ സവിശേഷതയില്‍ തുടങ്ങുന്നു അതിന്റെ വേറിട്ടു നില്‍പ്. മൂലഗ്രന്ഥത്തിന്റെ ഭാഷയില്‍ തന്നെയാണ് അതിപ്പോഴും വായിക്കപ്പെടുന്നത്. മലയാളിയും അറബിയും ഇംഗ്ളീഷുകാരനും ഒക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഹിറാ ഗുഹയില്‍ നിന്ന് അതെങ്ങനെ കേട്ടുവോ അതുപോലെ തന്നെയാണ്. ഇങ്ങനെ ആദ്യ ശബ്ദത്തില്‍ തന്നെ കേള്‍ക്കുന്ന, വായിക്കപ്പെടുന്ന മറ്റൊന്നില്ല. പാരായണ രീതിയിലും ഈയൊരു കെട്ടുറപ്പ് ഖുര്‍ആനുണ്ട്. ഏഴ് അംഗീകൃത രീതിക്കപ്പുറം മറ്റൊരു രീതിയില്ല.
ഒരു നാട്ടിലേക്കും പരദേശികളായ പ്രവാചക•ാര്‍ വന്നിട്ടില്ല. അതാത് സമൂഹങ്ങള്‍ക്കിടയില്‍ നിന്നു തന്നെയായിരുന്നു അവരൊക്കെയും വന്നത്. മുഹമ്മദ് നബി (സ)യും വ്യത്യസ്തരല്ല. നാല്പതു വയസ്സ് മക്കയില്‍ ജനകീയ ബന്ധങ്ങളോടെ ജീവിച്ച ശേഷമാണ് അവിടുത്തേക്കു ദിവ്യബോധനം കിട്ടുന്നത്. ആ പ്രവാചകന് എഴുത്തും വായനയും വശമില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ മുഹമ്മദ് നബി(സ)ക്ക് അവതരിച്ചത് കൃത്രിമമാണെന്ന് പറയാന്‍ അവര്‍ക്ക് പറ്റിയില്ല. ഒന്നുമറിയാത്തയാള്‍ വന്നിട്ട് എല്ലാമടങ്ങിയ ഖുര്‍ആന്‍ ഓതുമ്പോള്‍ ജനത്തിന് കേട്ടുനിന്നാസ്വദിക്കാനും അത്ഭുതപ്പെടാനും പറ്റിയെങ്കില്‍ അത് ഖുര്‍ആന്റെ കൂടി അമാനുഷ ഭാവമാണ്. അവരുടെ ആ തിരിച്ചറിവിനെ ചൂണ്ടിയാണ് ഖുര്‍ആന്‍ ചോദിക്കുന്നത്:
“ഈ ഖുര്‍ആന്‍ ഇയാള്‍ സ്വയം രചിച്ചതാണെന്നാണോ ഇവര്‍ പറയുന്നത്? അവരാകട്ടെ വിശ്വസിക്കുന്നുമില്ല. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍ ഇതുപോലൊരു വചനം രചിച്ചു കൊണ്ട് വരട്ടെ.” (ഖുര്‍ആന്‍). ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ അബൂസുഫ്യാന്‍ പ്രവാചകരെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കവെ ഹിര്‍ഖല്‍ ചോദിച്ചു:
‘ഈ വചനങ്ങള്‍ മുമ്പ് ആരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടോ?’
‘ഇല്ല, മുഹമ്മദിനു മുമ്പ് മറ്റൊരാളും ഈ വചനങ്ങള്‍ പറഞ്ഞിട്ടില്ല.’
‘മറ്റൊരാള്‍ ഈ വചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ മുഹമ്മദ് നബി തനിക്ക് മുമ്പ് ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍ പറയുക മാത്രമാണെന്ന് അനുമാനിക്കാമായിരുന്നു.’ (ബുഖാരി-7).
‘പ്രവാചകരേ, ഇതിനു മുമ്പ് ഒരു ഗ്രന്ഥവും താങ്കള്‍ വായിച്ചിട്ടില്ല. സ്വന്തം കൈ കൊണ്ട് എഴുതിയിരുന്നുമില്ല. അങ്ങനെയെങ്കില്‍ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു.’ (29:48). സംശയത്തിന്റെ പഴുതുകളടച്ചുള്ള ഖുര്‍ആന്റെ അനിഷേധ്യ പ്രഖ്യാപനമാണിത്.
ഏതെല്ലാം സവിശേഷതകളാലാണോ ഖുര്‍ആന്‍ ഒരു ദിവ്യാത്ഭുതം ആയി ഗണിക്കപ്പെടുന്നത്, ആ സവിശേഷതകളില്‍ ഒന്നിലെങ്കിലും ഖുര്‍ആനോട് കിടപിടിക്കുന്ന ഒരു മനുഷ്യരചന ഇന്നോളം ഉണ്ടായിട്ടില്ല. ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി ഖുറൈശികളോട് മാത്രമായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള നിഷേധികളോടായിരുന്നു. മക്കയില്‍ അവതരിച്ച മൂന്നു സൂറത്തുകളിലും (യൂനുസ്-33, ഹൂദ്-13, ഇസ്റാഅ്-88) മദീനയില്‍ ഇറങ്ങിയ അല്‍ബഖറ(22)യിലും ഒരു വെല്ലുവിളി ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. സമാനമായ ഗ്രന്ഥം ആവാമോ എന്നായിരുന്നു ആദ്യ വെല്ലുവിളി. പിന്നെ പത്തെണ്ണമെങ്കിലും പറ്റുമോ എന്നായി. അവസാനം ഏതെങ്കിലും ഒരധ്യായത്തിന്റെ വ്യാപ്തിയുള്ള ഒരധ്യായമെങ്കിലും കഴിയുമോ എന്നു ചോദിച്ച് ഖുര്‍ആന്‍ നിഷേധികളെ നിലംപരിശാക്കി.
അറബി സാഹിത്യത്തില്‍ ആധുനിക സര്‍വകലാ ശാലകളില്‍ പാഠ്യപുസ്തകമായി അംഗീകരിച്ചുവരുന്നത് പതിനാലു നൂറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട അറബി ക്ളാസിക് കൃതികളെയാണ്. അവയുടെ സാഹിത്യഭംഗിയും ഭാഷയിലെ ആധികാരികതയും ആസ്വാദ്യമികവുമാണ് ഇന്നും ആ കൃതികളെ സജീവമാക്കി നിലനിര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആന്‍ ഇറങ്ങുന്നത് അറബി സാഹിത്യത്തിന്റെ പൂര്‍ണ വസന്തത്തിലാണ്. പിന്നീട് അവിടുന്നിങ്ങോട്ടുള്ള നൂറ്റാണ്ടുകളില്‍ ആ ഭാഷയെ സക്രിയമാക്കിയത് ഖുര്‍ആനായിരുന്നു. ഈ വലിയ കാലയളവിനുള്ളില്‍ പലവിധ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നുവെങ്കിലും പ്രഭാഷണങ്ങളിലും പ്രബന്ധങ്ങളിലും കഥാകഥനങ്ങളിലും ഇന്നും ഖുര്‍ആന്‍ ശൈലി തന്നെയാണ് അംഗീകരിക്കപ്പെട്ടു പോരുന്നത്. ഖുര്‍ആന്റെ ഒരു പദമോ ശൈലിയോ ഇന്നോളം ആരും കാലോചിതമല്ലെന്ന് പറഞ്ഞ് തള്ളിയിട്ടില്ല. ചുരുക്കത്തില്‍ ഖുര്‍ആന്‍ അവതരിച്ച ഭാഷയുടെ സാഹിത്യ ശ്രേണി ബന്ധങ്ങളിലെ നിത്യഹരിതകമാണ് ഖുര്‍ആന്‍.
തുടക്കം മുതല്‍ ഒടുക്കം വരെ ഖുര്‍ആനിക പദങ്ങളെ വിന്യസിച്ചിട്ടുള്ളത് ചെത്തിയുരച്ച് പാകപ്പെടുത്തിയ രത്നങ്ങള്‍ കോര്‍ത്ത മാലകളെ വെല്ലും വിധത്തിലാണ്. ഭാഷ അറിയാവുന്ന ആര്‍ക്കും അതു കേട്ടാല്‍ ആ അനുഭൂതിയില്‍ ലയിക്കാതിരിക്കാനാവില്ല. കടുത്ത വിരോധികളുടെ ഹൃത്തടത്തെ പോലും ഖുര്‍ആന്റെ ശബ്ദവീചികള്‍ തരളിതമാക്കുന്നു. കേട്ടവര്‍ക്കു വീണ്ടും കേള്‍ക്കുവാനുള്ള ആസക്തി വര്‍ധിക്കുന്നു. ഖുര്‍ആന്‍ കട്ടുകേള്‍ക്കുന്ന നിഷേധികളുടെ എത്രയും കഥകള്‍ കൊണ്ട് സമ്പന്നമാണ് ചരിത്രം. ലേഖനദൈര്‍ഘ്യം ഭയന്ന് ആ ഭാഗം വിടുന്നു.
വിഷയ വൈപുല്യമാകട്ടെ ഖുര്‍ആന്റെ അമാനുഷികതയെ ഏറ്റവും കൂടുതല്‍ ബോധ്യപ്പെടുത്തും വിധം അത്ഭുതാവഹമാണ്. അഖിലാണ്ഡത്തെയാകമാനം ചൂഴ്ന്നു നില്‍ക്കുന്ന വിഷയ സമുച്ചയത്തെക്കുറിച്ചാണ് ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നത്. അനുമാനങ്ങളെയും നിഗമനങ്ങളെയും ആസ്പദമാക്കിയല്ല അതിന്റെ വിവരണം. ജ്ഞാനമെന്ന നിലയില്‍ ഖുര്‍ആന്‍ ആവതരിപ്പിച്ച യാഥാര്‍ത്ഥ്യങ്ങളിലൊന്നു പോലും ഇന്നുവരെ തെറ്റാണെന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല.
ത്രികാല ജ്ഞാന ബന്ധിതമായ വിഷയങ്ങളായതിനാല്‍ ഖുര്‍ആന്‍ സൂചിപ്പിച്ച ശാസ്ത്രീയവും സാമൂഹികവും ഭൌതികവും അഭൌതികവുമായ ഒട്ടേറെ വിഷയങ്ങളിലേക്ക് മനുഷ്യരാശി ഇനിയും എത്തിപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ ഇറങ്ങിയ കാലഘട്ടം മുതല്‍ ഇന്നേവരെയുള്ള മഹാപണ്ഡിത•ാരുടെ മുമ്പിലും ഖുര്‍ആനിക ജ്ഞാന സുധയെ അദ്വിതീയമാക്കിയത് വിഷയവൈപുല്യം തന്നെ. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് ഒരാള്‍ കണ്ടെത്തിയ ഫലങ്ങളെ കേവല സൂചനയിലൂടെ അപഗ്രഥിക്കുന്ന ഖുര്‍ആനിക മാസ്മരികതക്കു മുമ്പില്‍ ധിഷണാശാലികള്‍ തളര്‍ന്നുപോയി.
ഒരമാനുഷ ഗ്രന്ഥത്തിന് മാത്രമേ മനുഷ്യവര്‍ഗത്തിന്റെ ചിന്തയെയും സംസ്കാരത്തെയും ഇത്രമാത്രം ആഴത്തിലും വിശാലതയിലുമായി മാറ്റിമാറിക്കാന്‍ കഴിയൂ.
ഒരു പുസ്തക രൂപത്തില്‍ ആയിരുന്നില്ല ഖുര്‍ആന്റെ അവതരണം. ഇരുപത്തിമൂന്നു കൊല്ലത്തെ കാലദൈര്‍ഘ്യം വചനപ്പൊരുളുകളിലെവിടെയും വൈരുദ്ധ്യത്തിന്റെ കണികകള്‍ വിതറിയിട്ടില്ല. ഒന്നാം വര്‍ഷമിറങ്ങിയവ ഇരുപത്തിമൂന്നാം വര്‍ഷമിറങ്ങിയതുമായി അങ്ങേയറ്റം ഇണങ്ങിച്ചേര്‍ന്നിരിക്കുന്നതായി കാണാം. ഒരേ സൂക്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവതരണ പശ്ചാത്തലങ്ങള്‍ ഭിന്നമായതിനാല്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നേയില്ല. മറ്റു വേദഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളെ തുറന്നു കാണിക്കുന്ന ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും നമുക്കുമുന്നില്‍ നിരവധിയാണ്. അല്ലാഹു ചോദിക്കുന്നു:
‘ഖുര്‍ആനെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍ നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അതില്‍ അവര്‍ നിരവധി വൈരുധ്ധ്യങ്ങള്‍ കാണുമായിരുന്നു.’
പ്രവാചകരുടെ സ്വന്തം ഭാഷണങ്ങളെ ദിവ്യസന്ദേശങ്ങളുമായി കൂടിക്കലരാതെ വേര്‍തിരിച്ചു വച്ചതും അമാനുഷ ദൃഷ്ടാന്തം തന്നെയാണ്. സഹജ ഭാവങ്ങളില്‍ നിന്ന് വ്യത്യസ്തമായി വരുന്ന ദിവ്യബോധനങ്ങളെ അതാതു സമയങ്ങളില്‍ രേഖപ്പെടുത്തി ലിഖിതമാക്കി വെക്കാന്‍ അനുയായികളെ പ്രവാചകര്‍ ചുമതലപ്പെടുത്തിയിരുന്നതായി കാണാം. ആ ലിഖിത രൂപങ്ങളെ വ്യത്യാസങ്ങളേതുമില്ലാതെ ഒരൊറ്റ ഘടനയാക്കുക മാത്രമാണ് അനുചര•ാര്‍ ചെയ്തത്. അതാകട്ടെ ഘടനാപരമായ മാറ്റവുമല്ലായിരുന്നു.
ഹസ്റത്ത് ഉസ്മാന്‍(റ)വിന്റെ കാലഘട്ടം മുതല്‍ ഇന്നോളം പല നൂറ്റാണ്ടുകളായി എഴുതപ്പെട്ട മുസ്ഹഫുകളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. എന്നിട്ടും അതിലൊന്നില്‍ പോലും വെട്ടും തിരുത്തും പാകപ്പിഴകളും ചൂണ്ടിക്കാണിക്കാനാര്‍ക്കും പറ്റിയിട്ടില്ലെന്നത് എന്നത്തെയും ലോകാത്ഭുതമായി ഇന്നും നിലനില്‍ക്കുന്നു.

You must be logged in to post a comment Login