ഒരു ശമ്പള വര്‍ധനവിന്റെ കഥ

കായക്കല്‍ അലി 

സദര്‍ മുഅല്ലിമിന് ഇരുപതു രൂപയും മറ്റധ്യാപകര്‍ക്ക് 15 രൂപയുമായിരുന്നു ശമ്പളം. ചായക്കും പലഹാരത്തിനും കൂടി 15 പൈസയും ആറ് മത്തിക്ക് 50 പൈസയും മിനിമം ബസ് ചാര്‍ജ് 20 പൈസയും ഒരു മാസത്തെ പത്രത്തിന്റെ വരിസംഖ്യ 3.60 രൂപയുമായിരുന്ന അക്കാലത്ത് വലിയ ശമ്പളമായിരുന്നു അത്.
മൂന്നരപ്പതിറ്റാണ്ടു മുമ്പ് നടന്ന സംഭവമാണ്.

പഠനം കഴിഞ്ഞ് അധ്യാപകനായി ജോലിയില്‍ കയറാന്‍ ഒരുങ്ങിയിരിക്കുന്ന കാലം. ആ സമയത്താണ് നാട്ടിലെ മദ്റസയില്‍ ഒരു മുഅല്ലിമിന്റെ ഒഴിവു വന്നത്. സ്കൂള്‍ ജോലിയില്‍ കയറുന്നതുവരെ മദ്റസയില്‍ പഠിപ്പിക്കാന്‍ വരണമെന്ന് കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മദ്റസാധ്യാപകനായി ചേര്‍ന്നു.
അന്നവിടെ അഞ്ചു ക്ളാസുകളും കാസര്‍കോട്ടുകാരനായ സദര്‍ മുഅല്ലിമടക്കം അഞ്ചധ്യാപകരാണുണ്ടായിരുന്നത്. സദര്‍ മുഅല്ലിമിന് ഇരുപതു രൂപയും മറ്റധ്യാപകര്‍ക്ക് 15 രൂപയുമായിരുന്നു ശമ്പളം.
ചായക്കും പലഹാരത്തിനും കൂടി 15 പൈസയും ആറ് മത്തിക്ക് 50 പൈസയും മിനിമം ബസ് ചാര്‍ജ് 20 പൈസയും ഒരു മാസത്തെ പത്രത്തിന്റെ വരിസംഖ്യ 3.60 രൂപയുമായിരുന്ന അക്കാലത്ത് വലിയ ശമ്പളമായിരുന്നു അത്.
അഞ്ചാറുമാസം പിന്നിട്ടപ്പോള്‍ ശമ്പളം കൂട്ടിക്കിട്ടണമെന്ന് സദര്‍ മുഅല്ലിമിന് ഒരാഗ്രഹം. ഇക്കാര്യം തനിച്ച് കമ്മിറ്റിയെ അറിയിക്കാന്‍ അദ്ദേഹത്തിനു വിഷമം. ഇതിനെ മറികടക്കാന്‍ അദ്ദേഹം ഞങ്ങളെ കൂട്ടുപിടിച്ചു. അങ്ങനെ ഒരു ദിവസം മദ്റസ വിട്ടശേഷം ഞങ്ങള്‍ അഞ്ചുപേരുമിരുന്ന് ശമ്പള വര്‍ധനവിനുള്ള ഹരജി തയ്യാറാക്കി.
ജീവിതച്ചെലവ് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സദര്‍മുഅല്ലിമിന്റെ ശമ്പളം 25 രൂപയും മറ്റുള്ളവരുടേത് 20 രൂപയുമാക്കി വര്‍ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് ജോലിയില്‍ തുടരാനാവില്ലെന്നുമായിരുന്നു ഹരജി.
ഹരജി നല്‍കി കമ്മിറ്റിയുടെ മറുപടിക്കായി ദിവസങ്ങളോളം ഞങ്ങള്‍ കാത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മറുപടി കിട്ടി. ഇന്നത്തെ അവസ്ഥയില്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ നിര്‍വാഹമില്ലെന്നും നിങ്ങളെല്ലാവരും പിരിഞ്ഞു പോകുന്നതില്‍ കമ്മിറ്റിക്ക് എതിര്‍പ്പില്ലെന്നുമായിരുന്നു മറുപടി.
മറുപടി വായിച്ച് അല്‍പം ജാള്യത തോന്നിയെങ്കിലും എല്ലാവരും ഊറിച്ചിരിച്ചു. പിന്നെ, അതെല്ലാം മറന്ന് ജോലിയില്‍ തുടരുകയും ചെയ്തു.
ആശ്ചര്യമെന്നു പറയട്ടെ, അടുത്ത മാസത്തെ ശമ്പളം കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും രണ്ടര രൂപ അധികമുണ്ടായിരുന്നു. 

You must be logged in to post a comment Login