സ്വര്‍ഗത്തോപ്പ്


പുല്ലമ്പാറ ശംസുദ്ദീന്‍

ബാദൂര്‍ പൊയ്ക്കോളൂ. നിങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴൊക്കെ ഈ മകനുണ്ടാകും. നിങ്ങള്‍ ഇവനെ എന്നെ ഏല്‍പിച്ചു. ഞാന്‍ ഇവനെ അല്ലാഹുവിനെ ഏല്‍പിക്കുകയാണ്. ബാദൂറിനു സന്തോഷമായി. അതിലേറെ സന്തോഷിച്ചത് ലുഖ്മാനാണ്.

ഗ്രാമത്തിന്റെ ഒരു ഒഴിഞ്ഞ ഭാഗം. കുന്നിന്‍ ചെരിവില്‍ കാട്ടുകമ്പുകള്‍ കൊണ്ട് തൂണുകള്‍ നല്‍കി ഒരു പര്‍ണശാല. ഈത്തപ്പനയോല വിരിച്ച് പുല്ലുപാകിയ മേല്‍ക്കൂര. മേല്‍ക്കൂരക്കു കീഴില്‍ കുറെയേറെ വിദ്യാര്‍ത്ഥികള്‍. വിദ്യാലയത്തിനു മുന്നില്‍ വിശാലമായ മണല്‍പ്പരപ്പ്. ശാന്തത തളം കെട്ടിനില്‍ക്കുന്ന ചുറ്റുപാടുകള്‍. മനോഹരമായ ഗ്രാമഭംഗി.
ആ പാഠശാലയുടെ തുറസ്സായ ഹാളില്‍ താടിയും തലപ്പാവുമുള്ള ഒരു മനുഷ്യന്‍; ആത്മീയ ഗുരു. ഗുരുവിന്റെ മുന്നില്‍ കുറെ വിദ്യാര്‍ത്ഥികള്‍. നല്ല മുഖ ശോഭ. ബാല•ാര്‍ മുതല്‍ യൌവനം മുറ്റിനില്‍ക്കുന്നവര്‍ വരെയുണ്ട് കൂട്ടത്തില്‍. ഗുരുവിന്റെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അപ്പാടെ സ്വീകരിക്കാന്‍ സന്നദ്ധരാണവര്‍.
കൂട്ടത്തിലൊരാളായി ലുഖ്മാനുമുണ്ട്. കൂട്ടത്തില്‍ പ്രായം നന്നെ കുറഞ്ഞ കുട്ടി. അവന്‍ അവിടെ എത്തിയിട്ട് ദിവസങ്ങളേ ആയുള്ളൂ. പിതാവ് ബാദൂര്‍ വളരെ നിര്‍ബന്ധിച്ചാണ് ഗുരുവിനെ ഏല്‍പിച്ചത്. ഈ പ്രായത്തില്‍ പര്‍ണശാലയുടെ ചിട്ടകള്‍ക്കു വിധേയനാവാനാകുമോ എന്നായിരുന്നു ഗുരുവിന്റെ സംശയം. പകല്‍ വ്രതവും രാത്രിയില്‍ നിസ്കാരങ്ങളും പ്രാര്‍ത്ഥനകളുമായി അവനെ പരീക്ഷിക്കുകയാണ് ഗുരു. ഒന്നിലും അവന്‍ പിന്നാക്കം പോയില്ല. ഗുരുവിന്റെ ഏതു കല്‍പനയും ശിരസാവഹിക്കും. എല്ലാ കാര്യങ്ങളിലും തൃപ്തനാണവന്‍.
രണ്ടാഴ്ച കഴിയുമ്പോള്‍ ബാദൂറിനെ പര്‍ണശാലയില്‍ വരാന്‍ ശട്ടം കെട്ടിയിരുന്നു ശൈഖ്. പാകമാകാതെ വന്നാല്‍ തിരിച്ചയക്കാന്‍ തന്നെയായിരുന്നു തീരുമാനം. ബാദൂര്‍ വന്നപ്പോള്‍ ഗുരു ലുഖ്മാനെ തന്റെ അരികിലിരിക്കാന്‍ വിളിച്ചു.
“ലുഖ്മാന്‍, നിനക്കിവിടം ബുദ്ധിമുട്ടായി തോന്നുന്നെങ്കില്‍ ബാപ്പയുടെ കൂടെ പോയ്ക്കോളൂ. കുറച്ചു കാലം കൂടി കഴിഞ്ഞു വന്നാല്‍ മതി.” ശൈഖ് അവനെ തലോടിക്കൊണ്ട് പറഞ്ഞു.
ഇതുകേട്ടപ്പോള്‍ ബാദൂറിനു വല്ലാത്ത ദു:ഖം തോന്നി. തന്റെ പ്രതീക്ഷകളുടെ അസ്ഥിവാരമാണിളകുന്നത്. മകന്‍ അല്ലാഹുവിന്റെ ഉത്തമദാസനും ഒരുത്തമ സൂഫിയുമായിത്തീരണമെന്നാണ് ആ ബാപ്പയുടെ ആഗ്രഹം. ഉത്തമനായ ഒരു മകനുണ്ടെങ്കില്‍ സ്വര്‍ഗത്തിലെത്താന്‍ എളുപ്പമാണെന്നു ബാദൂറിനറിയാം. പ്രിയപ്പെട്ടവനപേക്ഷിച്ചാല്‍ ഉപേക്ഷിക്കുന്നവനല്ല റബ്ബ്.
ബാദൂര്‍ തന്റെ പ്രിയപ്പെട്ടവളെപറ്റിയും ഓര്‍ത്തുപോയി. അവര്‍ക്കും മകന്‍ ഒരു സ്വീകാര്യനായ പണ്ഡിതനാകണമെന്നാണു മോഹം. അതുകൊണ്ടാണ് പ്രപഞ്ചത്തിന്റെ വശ്യതകളില്‍ വീണുരുളും മുമ്പ് യോഗ്യനായ ഒരു ശൈഖിന്റെയടുത്ത് അവനെ എത്തിച്ചത്. മഹ്ശറയിലെ വിധി നിര്‍ണയ ദിവസം വിചാരണ കൂടാതെ സ്വര്‍ഗത്തിലെത്താന്‍ മകന്‍ പ്രാപ്തനാകണം. ഒരു മകനു വേണ്ടി ഭൂമിയില്‍ വച്ച് മാതാപിതാക്കള്‍ക്കു ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമതാണ്. കാരണം മാതാപിതാക്കളെ സ്വര്‍ഗത്തിലെത്തിക്കാനുള്ള വഴി കൂടി ഒരുങ്ങും.
‘ഗുരോ, ലുഖ്മാന്‍ അങ്ങയോടൊപ്പം നില്‍ക്കണമെന്നു തന്നെയാണു ഞങ്ങളുടെ ആഗ്രഹം.’ ബാദൂര്‍ പറഞ്ഞു.
‘ലുഖ്മാന്‍ വളരെ ചെറുപ്പമാണു ബാദൂര്‍. നിങ്ങളുടെ ആഗ്രഹം പറഞ്ഞു. പക്ഷേ ഇവിടെ ലുഖ്മാന്റെ താത്പര്യം കൂടി അറിയേണ്ടതുണ്ട്. ഇവിടെ ആര്‍ക്കും ഒരു വിട്ടുവീഴ്ചയും ഞാന്‍ അനുവദിക്കില്ല. എന്റെ മുന്നില്‍ എല്ലാ ശിഷ്യ•ാരും തുല്യരാണ്. സ്വയം അധ്വാനിച്ചു മുന്നേറുന്നവര്‍ക്ക് ചിലപ്പോള്‍ പ്രത്യേക പരിഗണന കിട്ടിയെന്നും വരാം. അതു സ്വന്തം കഴിവുകളുടെ അംഗീകാരമാണ്.’
‘നീ എന്തു തീരുമാനിച്ചു?’
‘ഗുരോ, ഞാനിവിടെ നിന്നോളാം.’
‘അതെന്താ, ഇവിടുത്തെ ബുദ്ധിമുട്ടുകള്‍ നിന്നെക്കൊണ്ട് താങ്ങാനാവുമെന്ന് തോന്നുന്നുണ്ടോ?’
‘എല്ലാം ഞാന്‍ സഹിച്ചുകൊള്ളാം. അറിവിന്റെ സദസ്സുകള്‍ സ്വര്‍ഗപൂന്തോപ്പുകളാണെന്ന് അങ്ങുതന്നെ പഠിപ്പിച്ചുണ്ടല്ലോ. സ്വര്‍ഗം വിട്ടുപോകാന്‍ ആരാണ് ഇഷ്ടപ്പെടുക!’
ശൈഖ് ലുഖ്മാന്റെ മൂര്‍ദ്ദാവില്‍ തലോടിക്കൊണ്ട് പറഞ്ഞു: ‘ഉവ്വോ, എങ്കില്‍ എന്നോടൊപ്പം നിന്നോളൂ. അല്ലാഹു നിന്നെ അവന്റെ പ്രിയപ്പെട്ടവനായി ഉയര്‍ത്തട്ടെ. എന്നാല്‍ ബാദൂര്‍ പൊയ്ക്കോളൂ. നിങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴൊക്കെ ഈ മകനുണ്ടാകും. നിങ്ങള്‍ ഇവനെ എന്നെ ഏല്‍പിച്ചു. ഞാന്‍ ഇവനെ അല്ലാഹുവിനെ ഏല്‍പിക്കുകയാണ്.’ ബാദൂറിനു സന്തോഷമായി. അതിലേറെ സന്തോഷിച്ചത് ലുഖ്മാനാണ്.
ഒരു ദിവസം ശൈഖ് പറഞ്ഞു:
‘അല്ലാഹു അല്ലാതെ എന്തൊക്കെയുണ്ടോ അതൊക്കെ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതില്‍ ആരെങ്കിലും ഏറ്റവും കൂടുതല്‍ ഔദാര്യങ്ങള്‍ നല്‍കി അല്ലാഹുവിന്റെ ദീനില്‍ പ്രവേശിച്ചാല്‍, അതായത് ഒരാള്‍ മുസ്ലിമായാല്‍ അവന്‍ അല്ലാഹുവിന്റെ ഇഷ്ടദാസനായി. അവന്റെ ഇഷ്ടദാസ•ാരെല്ലാം വിജയികളാണ്. എന്നാല്‍ ഞാന്‍ ദീനില്‍ തന്നെയാണോ എന്നു സംശയിച്ചു പോകാറുണ്ട്. ‘
ശിഷ്യ•ാര്‍ വിസ്മയപൂര്‍വം ഉസ്താദിന്റെ മുഖത്തേക്കു നോക്കി. എന്തേ ഉസ്താദിന് ഇങ്ങനെയൊരു സംശയമുണ്ടാവാന്‍?
‘നമ്മളൊക്കെ മുസ്ലിംകളാണല്ലോ പിന്നെന്തേ?’
ലുഖ്മാന്‍ വിഷാദത്തോടെ ചോദിച്ചു. ശൈഖ് കണ്ണു തുറന്ന് ശിഷ്യനെ നോക്കി. എന്നിട്ട് പറഞ്ഞു.
‘ലുഖ്മാന്‍, എല്ലാ മനുഷ്യരും മുസ്ലിമായേ ജനിക്കാറൂള്ളൂ. മുസ്ലിം മാതാപിതാക്കളായാല്‍ മക്കളൊക്കെ മുസ്ലിംകളാണെന്നു തന്നെ പറയാറുണ്ട്; കുപ്പികളിലൊട്ടിച്ച ലേബല്‍ പോലെ. മുസ്ലിം എന്ന ലേബലുള്ളതുകൊണ്ടോ തൌറാത്ത് നമ്മുടെ വേദഗ്രന്ഥമാണെന്ന് പറഞ്ഞതുകൊണ്ടോ ദാവൂദ്നബി(അ) ഇപ്പോള്‍ നമ്മുടെ പ്രവാചകനാണെന്നു മൊഴിഞ്ഞതു കൊണ്ടോ മാത്രം ഒരാളും മുസ്ലിമാകുകയില്ല.’
‘ഇങ്ങനെയൊക്കെ ചെയ്യാനല്ലേ അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുള്ളൂ?’ ശിഷ്യന്‍ ചോദിച്ചു.
ഇതു ദീനിന്റെ കുറുക്കുവഴികള്‍ തേടുന്ന പാമര•ാരുടെ ചിന്ത. ഒരാളായിരം വട്ടം വേദഗ്രന്ഥം വായിച്ചാലും ആവര്‍ത്തിച്ചതു മന:പാഠമാക്കിയാലും ഒരാള്‍ ‘ദാവൂദ് നബി(അ), എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഓടി നടന്നാലും അവന്‍ മുസ്ലിമായി ക്കൊള്ളണമെന്നില്ല.’
‘അതെന്താ?’ ലുഖ്മാന്‍ ചോദിച്ചു.
‘നാവു മുസ്ലിമായതു കൊണ്ടുമാത്രം ഒരാള്‍ മുസ്ലിമാവുകയില്ല എന്നതു തന്നെ കാരണം. ഹൃദയം മുസ്ലിമാവുകയും അതനുസരിച്ചു തന്നെ അവന്റെ പ്രവര്‍ത്തനങ്ങളാവുകയും വേണം. ഹൃദയം പൂര്‍ണമായും മുസ്ലിമാകാത്തിടത്തോളം അവന്‍ തികഞ്ഞ വിശ്വാസിയാവുകയില്ല. തികഞ്ഞ വിശ്വാസിയുടെ ഹൃദയത്തില്‍ അല്ലാഹുവിനു മാത്രമേ സ്ഥാനമുണ്ടാവുകയുള്ളൂ. അവന്റെ കല്‍പനകള്‍ മാത്രമേ പ്രവര്‍ത്തനങ്ങളായി പുറത്തിറങ്ങൂ. അപ്പോ ശൈത്താന്‍ അവന്റെ നിത്യശത്രുവും ശപിക്കപ്പെട്ടവനുമായി മാറും. അപ്പോഴവന്‍ അല്ലാഹുവിന്റെ കേവലമൊരടിമ മാത്രമാണു നാമെന്ന് അറിയും. ആ അറിവോടെ നാം ചെയ്യുന്നതൊക്കെ ആരാധനകളില്‍ പെടുകയും ചെയ്യും. അവന്‍ നമ്മെ സര്‍വദാ കണ്ടുകൊണ്ടിരിക്കുകയാണെന്ന് നാം അറിയും. ചെറു തെറ്റുകള്‍ പോലും ചെയ്യാന്‍ ഭയക്കും. യജമാനനെ ധിക്കരിക്കാനാവില്ല. ലുഖ്മാന്‍, ഉഗ്രപ്രതാപിയായ ഒരു യജമാനന്റെ മുന്നില്‍ നിസ്സാരനായ ഒരു അടിമ പൊട്ടിച്ചിരിക്കുമോ?’
‘ഇല്ല ഗുരോ, അതിനൊരാള്‍ക്കും ധൈര്യം വരില്ല.’
‘എങ്കില്‍ നിങ്ങളും പൊട്ടിച്ചിരിക്കരുത്. ഒരൊറ്റ പ്രവാചകനും മന്ദഹസിക്കുകയല്ലാതെ പൊട്ടിച്ചിരിച്ചിട്ടില്ല. നിങ്ങള്‍ സ്വയം അഹങ്കരിക്കുകയോ ധിക്കാരപൂര്‍വം കാല്‍പാദങ്ങള്‍ ചലിപ്പിക്കുകയോ അരുത്. അഹങ്കാരത്തിന്റെ കണിക പോലും ഒരാളുടെ ഹൃദയത്തിലിടം പിടിക്കരുത്. അവനു സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയാതെ വരും. എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതുകൊണ്ടുതന്നെ മറ്റൊരാളോടും വിദ്വേഷം പുലര്‍ത്താനും പാടില്ല.’
‘ഇങ്ങനെയൊക്കെയുള്ളവരേ മുസ്ലിമാവുകയുള്ളോ?’ ലുഖ്മാന്‍ ചോദിച്ചു.
‘അതെ, ലുഖ്മാന്‍. മുസ്ലിം എന്ന പദം തന്നെ അനുസരണയുള്ളവന്‍ എന്നാണ്. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പൂര്‍ണമായും അനുസരിക്കുന്നവര്‍. അല്ലാത്തവരെപറ്റി കുറെയൊക്കെ അനുസരിക്കുന്നവര്‍ പിന്നെയൊക്കെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവര്‍, എന്നൊക്കെയേ പറയാനാവൂ. കപടവിശ്വാസികളും വിശ്വാസികള്‍ക്കിടയിലുണ്ടോ എന്നു ഭയക്കണം.’
‘തീരെ അനുസരിക്കാത്തവരെക്കാള്‍ നല്ലവര്‍ കുറെയെങ്കിലും അനുസരിക്കുന്നവരല്ലേ?’
‘അല്ല ലുഖ്മാന്‍. പൂര്‍ണമായും അനുസരിക്കാത്തവന്‍ നിഷേധിയും ധിക്കാരിയുമായിരിക്കും. അവന്‍ അറിവില്ലാത്തവനോ അറിയാന്‍ ആഗ്രഹിക്കാത്തവനോ ആകാം. കുറെയൊക്കെ അനുസരിക്കുന്നവന്‍ അറിവുള്ളവനോ അറിവു നേടാന്‍ വഴികളുള്ളവനോ ആണ്.’ (തുടരും)

You must be logged in to post a comment Login