തീയുണ്ടകള്‍ക്കുതാഴെ കുട്ടികളുടെ ജീവിതം


കെ സി ശൈജല്‍

സപ്തംബര്‍ 16ന് സിറിയയില്‍ ഔദ്യോഗികമായി പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം. സ്കൂളിലേക്ക് ചെന്ന റവാന്‍ മുസ്തഫയ്ക്ക് അവിടെ കാണാനുണ്ടായിരുന്നത് തകര്‍ന്നുവീണ കല്‍ക്കൂമ്പാരമായിരുന്നു. തകര്‍ന്ന ചുമരുകള്‍ക്കും കത്തിയമര്‍ന്ന പുസ്തകങ്ങള്‍ക്കും ചിതറിക്കിടക്കുന്ന ജനല്‍ചില്ലുകള്‍ക്കുമിടയില്‍ കണ്ണ് പായിച്ചു കൊണ്ട് റവാന്‍ സങ്കടത്തോടെ പറഞ്ഞു ; “എന്റെ വര്‍ക്കു ബുക്കുകളെങ്കിലും കിട്ടുമോന്നറിയാന്‍ വന്നതാ. കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍ ഇത്താത്ത പഠിപ്പിച്ചുതരുമായിരുന്നു.”

അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ (റിയാദ്) ഈജിപ്തുകാരിയായ എന്റെ പ്രിയ വിദ്യാര്‍ത്ഥിനി റവാന്‍ മൂന്ന് മാസത്തിലേറെ നീണ്ട അവധിക്കു ശേഷം ഈ സപ്തംബര്‍ മൂന്നാം വാരമാണ് സ്കൂളില്‍ തിരിച്ചെത്തിയത്. തെഹ്രീര്‍ ചത്വരത്തിലെ മുല്ലപ്പൂ വിപ്ളവം വിജയകരമായി അര്‍ദ്ധ വിരാമമിട്ടതും അഹ്മദ് മുര്‍സി അധികാരമേറ്റതും ഇക്കാലയളവിലായിരുന്നെങ്കിലും അതൊന്നും അവളെ സ്പര്‍ശിച്ചിരുന്നതേയില്ല. എന്നാല്‍ അമ്മയുടെ നാട്ടില്‍ അവധിക്കാലത്ത് താന്‍ നട്ടുനനച്ച പൂച്ചെടികളെക്കുറിച്ചും മുത്തശ്ശി ചൊല്ലിപ്പഠിപ്പിച്ചുകൊടുത്ത നാടന്‍ പാട്ടുകളെക്കുറിച്ചും അവള്‍ക്ക് ഏറെ പറയാനുണ്ടായിരുന്നു.
മുല്ലപ്പൂക്കള്‍ ചിതറിവീഴും പോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് റവാന്‍ എന്നെ വിട്ട് തന്റെ കളിക്കൂട്ടുകാരികള്‍ക്കിടയിലേക്ക് നടന്നുമാറുമ്പോള്‍ ഹതഭാഗ്യയായ മറ്റൊരു റവാന്റെ ചിത്രമായിരുന്നു എന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്. ഇനിയും എങ്ങുമെത്തിയിട്ടില്ലാത്ത രക്തരൂക്ഷിതമായ ദമസ്ക്കസ് വിപ്ളവത്തിന്റെ പരശ്ശതം ഇരകളിലൊരാളായ റവാന്‍ മുസ്തഫ എന്ന സിറിയന്‍ ബാലികയെക്കുറിച്ച് പ്രമുഖ മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തകന്‍ ഡെയ്ന്‍ ഗാവ്ലാക് എഴുതിയ ലേഖനം ഞാന്‍ വായിച്ചത് അതിന്റെ തലേദിവസം മാത്രമായിരുന്നു.
സപ്തംബര്‍ 16ന് സിറിയയില്‍ ഔദ്യോഗികമായി പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം. തന്റെ സ്കൂള്‍ തേടിച്ചെന്ന റവാന്‍ മുസ്തഫയ്ക്ക് അവിടെ കാണാനുണ്ടായിരുന്നത് തകര്‍ന്നുവീണ കല്‍ക്കൂമ്പാരമായിരുന്നു. ബശാറുല്‍ അസദ് എന്ന ഏകാധിപതിയുടെ സൈന്യം ബോംബുവര്‍ഷിച്ച് ചാമ്പലാക്കിയ അസംഖ്യം കെട്ടിടങ്ങളില്‍ ഒന്നുമാത്രമാണ് റവാന്റെ സ്കൂള്‍. തകര്‍ന്ന ചുമരുകള്‍ക്കും കത്തിയമര്‍ന്ന പുസ്തകങ്ങള്‍ക്കും ചിതറിക്കിടക്കുന്ന ജനല്‍ചില്ലുകള്‍ക്കുമിടയില്‍ കണ്ണ് പായിച്ചു കൊണ്ട് റവാന്‍ സങ്കടത്തോടെ പറഞ്ഞു ; “എന്റെ വര്‍ക്കു ബുക്കുകളെങ്കിലും കിട്ടുമോന്നറിയാന്‍ വന്നതാ. കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍ ഇത്താത്ത പഠിപ്പിച്ചുതരുമായിരുന്നു.”
റവാന്‍ മുസ്തഫയ്ക്ക് ഏറ്റവും ചുരുങ്ങിയത് ഇനിയൊരു വര്‍ഷം സ്കൂള്‍ ഇല്ല. എന്നാല്‍ ഈ തകര്‍ന്ന കപ്പലില്‍ റവാന്‍ ഒറ്റക്കല്ല. റവാന്‍ ഉള്‍പ്പെടുന്ന ദുരന്തഭൂപടത്തിന്റെ വ്യാപ്തി ഒരു എഡ്യുക്കേറ്റര്‍ എന്ന നിലയ്ക്ക് എന്റെ മനസ്സമാധാനത്തെ വല്ലാതെ പിടിച്ചുലയ്ക്കുകയാണ്. യൂണിസെഫിന്റെ മേഖലാ വിദ്യാഭ്യാസ ഉപദേഷ്ടാവ് ക്രൈസ്റ്റി വെളിപ്പെടുത്തുന്നത് സിറിയക്കുള്ളില്‍ തന്നെ വാസസ്ഥലങ്ങള്‍ വിട്ടോടിപ്പോരേണ്ടിവന്ന കുടുംബങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഈ വര്‍ഷം വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്നാണ്. സിറിയയുടെ അതിര്‍ത്തികളില്‍ യുഎന്‍ റജിസ്റര്‍ ചെയ്തിട്ടുള്ള രണ്ടര ലക്ഷത്തിലേറെ അഭയാര്‍ത്ഥി കുടുംബങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കുട്ടികള്‍ ഇതിനു പുറമെ വരും. ജോര്‍ദ്ദാന്‍, തുര്‍ക്കി, ലബനോണ്‍, ഇറാഖ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് ഓടിപ്പോയിട്ടുള്ള, എവിടെയും രജിസ്റര്‍ ചെയ്തിട്ടില്ലാത്ത, അഭയാര്‍ത്ഥികളുടെ കാര്യത്തിലാവട്ടെ, അവരുടെ എണ്ണം ലക്ഷം കവിയുമെന്ന് മാത്രമേ അറിവുള്ളൂ. സിറിയന്‍ വിദ്യാഭ്യാസ മന്ത്രി ഹസ്വാന്‍ അല്‍ വാസിന്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് തന്നെ രണ്ടായിരത്തി എണ്ണൂറോളം സ്കൂളുകളാണ് ഇതിനകം തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞത്.
“എനിക്കെന്റെ സ്കൂളില്‍ തിരിച്ചു പോകണം. എന്റെ സ്കൂള്‍ എനിക്കത്രയ്ക്കിഷ്ടമാണ്. ഞാനീ വര്‍ഷം നാലാം ക്ളാസിലേക്ക് പാസ്സായതാ…” മറ്റൊരു സ്കൂളില്‍ അഭയാര്‍ത്ഥിയായിക്കഴിയുന്ന മുഹമ്മദ് റകാനി എന്ന പത്ത് വയസ്സുകാരന്റെ കരച്ചിലിന് മുമ്പില്‍ നിസ്സഹായനായിപ്പോകുന്നു. അലപ്പോയിലെ വിപ്ളവപ്രവര്‍ത്തകന്‍ സെയ്ഫ് അല്‍ ഹഖിന്, എന്നാല്‍ പറയാനുള്ളത് കൂടുതല്‍ ദയനീയമായ മറ്റു ചില കാര്യങ്ങളാണ്. “നിസ്സഹായരും മര്‍ദ്ദിതരുമായ ഈ ജനതയ്ക്ക് മരുന്നും ഭക്ഷണവും അഭയകേന്ദ്രവുമൊരുക്കുകയെന്നതാണ് ഇപ്പോള്‍ എന്റെ മുമ്പിലുള്ള അടിയന്തര ദൌത്യം. അലപ്പോ പ്രവിശ്യയില്‍ ഒരിടത്തും ഒരൊറ്റ സ്കൂള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എല്ലാം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ചിലയിടങ്ങളില്‍ ഞങ്ങള്‍ അണ്ടര്‍ ഗ്രൌണ്ടില്‍ ഇംഗ്ളീഷും കമ്പ്യൂട്ടറും മറ്റും ഉള്‍പ്പെടുത്തി താല്‍ക്കാലിക ക്ളാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാലും ഏത് നിമിഷവും ബോംബുകള്‍ വന്നുവീഴുമെന്ന ഭീതിയിലാണ് എല്ലാവരും.” സെയ്ഫ് ഇത് പറയുമ്പോള്‍ ഔദ്യോഗിക കണക്കുകളനുസരിച്ച് തന്നെ ഇക്കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഇരുപത്തിമൂന്നായിരം മനുഷ്യരുടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിയെത്തിക്കാണും.
അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ചെന്തീ തിന്നുതീര്‍ക്കുന്ന ബാലകാണ്ഡങ്ങള്‍ സിറിയന്‍ വിപ്ളവത്തിന്റേത് മാത്രമല്ല, മറിച്ച് ഒരാഗോള യാഥാര്‍ത്ഥ്യമാണിന്ന്. ഇരുപത് വര്‍ഷക്കാലമായി തുടര്‍ന്നു വരുന്ന ഇറാഖി അധിനിവേശത്തിനിടയില്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും മുകളില്‍ ഏത് നേരവും ബോംബ് വന്നു വീഴാമെന്നിരിക്കെ ഒരു രാജ്യത്ത് എങ്ങനെ അച്ഛനമ്മമാര്‍ മക്കളെ സമാധാനത്തോടെ വിദ്യാലയങ്ങളിലേക്കയക്കും? സീനിയര്‍ ബുഷിന്റെ കാലത്ത് പത്തുവര്‍ഷക്കാലമായിരുന്നു കടുത്ത ഉപരോധത്തിനു കീഴില്‍ ഇറാഖ് ഞെരിഞ്ഞമര്‍ന്നത്. യൂണിസെഫിന്റെ കണക്കുകളനുസരിച്ച് ഓരോ മാസവും അയ്യായിരം കുട്ടികള്‍ വീതമാണ് പോഷകാഹാരക്കുറവും അനുബന്ധ രോഗങ്ങളും നിമിത്തം അന്ന് ഇറാഖില്‍ മരണമടഞ്ഞു കൊണ്ടിരുന്നത്. അധിനിവേശത്തിന്റെ ആരംഭദശയില്‍ ഇറാഖ് സന്ദര്‍ശിച്ച പ്രസിദ്ധ കോളമിസ്റ് റംസി ബാറുദ് നൊമ്പരത്തോടെ ഇന്നും ഓര്‍ക്കുന്നത്, ബഗ്ദാദിലെ ആശുപത്രികളുടെ ഇടനാഴികളില്‍ നിറഞ്ഞു നിന്നിരുന്നത് മരുന്നിന്റെയല്ല, മരണത്തിന്റെ നടുക്കുന്ന ഗന്ധമായിരുന്നു എന്നാണ്. ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് പ്രസിഡന്റുമാര്‍ പലകുറി മാറിമറിഞ്ഞുവെങ്കിലും തൊണ്ണൂറ്റിയേഴ് ശതമാനം സാക്ഷരതയുണ്ടായിരുന്ന ഇറാഖില്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മൌലികാവകാശങ്ങള്‍ സമാധാനം പോലെ തന്നെ അകന്നു നില്‍ക്കുകയാണ്.
ഇരുപത് ലക്ഷം പൌര•ാര്‍ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധത്തിന് പിറകെ രാഷ്ട്രത്തിന്റെ വിഭജനത്തിനു ശേഷം ഇപ്പോഴും ചോരപ്പുഴയൊഴുകുന്ന ദക്ഷിണ – ഉത്തര സുഡാന്‍ രാഷ്ട്രങ്ങള്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ നിന്നുള്ള എരിഞ്ഞു തീരുന്ന ബാല്യങ്ങളുടെ ഉദാഹരണമാണ്. ‘മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേര്‍സി’ന്റെ മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഹെലന്‍ പാറ്റേര്‍സര്‍ സുഡാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രസ്താവിച്ചത് അടുത്തിടെ മാത്രം പലായനം ചെയ്ത 170000 അഭയാര്‍ത്ഥികളില്‍ ഇരുപത്തിയെട്ട് ശതമാനം കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം പോലും ലഭ്യമല്ല എന്നാണ്. വിദ്യാഭ്യാസം എന്നത് തല്‍ക്കാലം അവര്‍ക്ക് അസാധ്യമായ ഒരു സ്വപ്നം മാത്രമാണെന്നര്‍ത്ഥം.
പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ നിന്നുള്ള വാര്‍ത്തകളും ഒട്ടും ശുഭോദര്‍ക്കമല്ല. യുഎന്‍ കോ-ഓര്‍ഡിനേഷന്‍ ഓഫീസിന്റെ ആഗസ്റിലെ കണക്കനുസരിച്ച് നാലു ലക്ഷത്തി മുപ്പത്തയ്യായിരം അഭയാര്‍ത്ഥികളാണ് മാലിയില്‍ നിന്ന് അയല്‍ നാടുകളിലേക്ക് രക്ഷതേടി ഓടിച്ചെന്നത്. ഈ ഔദ്യോഗിക സംഖ്യയ്ക്ക് ഉള്ളില്‍ തന്നെ എത്രായിരം കുട്ടികള്‍ക്ക് സ്കൂള്‍ ഓര്‍മയായി മാറിയിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രത്തിനുള്ളിലാവട്ടെ ഇതിന്റെ ഇരട്ടിയിലേറെ കുട്ടികള്‍ ആഹാരം പോലും ലഭിക്കാതെ അറ്റമില്ലാത്ത മരുഭൂമിയില്‍ ഗതികെട്ടലഞ്ഞ്, മരിച്ചു വീഴുന്നതായി വേള്‍ഡ് ഷൂഡ് പ്രോഗ്രാം വേദനയോടെ അറിയിക്കുന്നു.
മാലിയുടെ, സിറിയയുടെ, ഇറാഖിന്റെ, ഫലസ്തീനിന്റെ, സുഡാന്റെ, ബര്‍മയുടെ, യെമന്റെ, കാശ്മീരിന്റെ, അസമിന്റെ, ശിവകാശിയുടെ – ലോകത്തിന്റെ വിവിധ കോണുകളില്‍ ചോരപ്പുഴകളും വറുതിയുടെ കണ്ണീര്‍ച്ചാലുകളും നീന്തിക്കയറുകയാണ് പരശ്ശതം ബാല്യങ്ങള്‍. റംസി ബാറൂദ് ആത്മ നൊമ്പരത്തോടെ അഭിപ്രായപ്പെട്ടത് പോലെ, ഇവരില്‍ മാധ്യമശ്രദ്ധ നേടുന്ന കുട്ടികളുടെ / സമൂഹങ്ങളുടെ ദുരന്ത ചിത്രങ്ങള്‍ മാത്രം ലോകം അറിയുന്നു; നാഷണല്‍ ജോഗ്രഫിയ്ക്കും ബിബിസിയ്ക്കും അതൊരു വാര്‍ത്താ വിഭവമാകുന്നു; ഫെയ്സ് ബുക്കില്‍ ഒരു പാടു ഷെയറുകളും ലൈക്കുകളും നേടുന്ന പോസ്റുകളാകുന്നു. അതിനപ്പുറം എണ്ണമറ്റ കുഞ്ഞുങ്ങള്‍, അടിക്കുറിപ്പുകളില്ലാത്ത നിഴല്‍ ചിത്രങ്ങള്‍ പോലെ അനുനിമിഷം ജീവിതത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കൊട്ടാരം പോലുള്ള ഒരു കാറില്‍, തനിക്ക് സ്വന്തമായ സര്‍വൈശ്വര്യങ്ങളും പ്രകാശിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയുമായി വന്നിറങ്ങുന്ന എന്റെ പ്രിയ വിദ്യാര്‍ത്ഥിനി റവാന്‍ അറിയില്ലായിരുന്നു, അവളെത്രമാത്രം ഭാഗ്യവതിയാണെന്ന്. എന്നാല്‍ സിറിയക്കാരിയായ റവാന്‍ മുസ്തഫയുടെ കഥകേട്ട മാത്രയില്‍ തന്നെ അവളുടെ തുടുത്ത മുഖം അപ്പാടെ വാടിപ്പോയി. അല്ലെങ്കിലും നാം മുതിര്‍ന്നവര്‍ക്കാണല്ലോ തിരിച്ചറിവുകള്‍ തീര്‍ത്തും നഷ്ടമായിപ്പോയത്. 

You must be logged in to post a comment Login