റശീദ് ഇല്ലാത്തതാണോ എല്ലാത്തിനും കാരണം?


ഉദ്യോഗ സ്ഥാനങ്ങളില്‍ തുല്യപ്രാതിനിധ്യമില്ലാത്തതിനെപ്പറ്റി പരിഭവിക്കുന്ന വലിയൊരു പോസ്റര്‍. സമുദായ പ്രാതിനിധ്യം പരിധിയില്‍ കവിഞ്ഞ് നില്‍ക്കുന്ന, കൊടും കുറ്റവാളികളെ ചിത്രസഹിതം അടയാളപ്പെടുത്തിയ പോലീസിന്റെ നോട്ടീസ് ബോര്‍ഡ്. മറ്റൊരു താലൂക്കിലെ കുറ്റവാളികളുടെ ആല്‍ബം. മൂന്നും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഖുര്‍ആന്‍ ഉന്നയിച്ച ചോദ്യം അസ്ഥാനത്തല്ല; നിങ്ങളില്‍ ഒരു ‘തന്റേടി’യുമില്ലേ?

ഫൈസല്‍ അഹ്സനി ഉളിയില്‍

രംഗം-ഒന്ന്
ഓടിക്കൊണ്ടിരിക്കുന്ന ബസിന് പെട്ടെന്നൊരു കാലുളുക്ക്. അരികില്‍ ഒതുക്കി നിര്‍ത്തി. ടയറുമാറ്റ ശസ്ത്രക്രിയ നടക്കവെ, യാത്രക്കാരെല്ലാം വെറുതെ വെളിയിലോട്ട് നോക്കിയിരിക്കുകയാണ്. തൊട്ടടുത്ത ചുമരില്‍ ഒരു ബഡാ പോസ്റര്‍: തുല്യ പ്രാതിനിധ്യം നല്‍കാതെ ഒരു സമുദായത്തെ മാത്രം ഒഴിച്ചു നിര്‍ത്തിയത് കൃത്യമായ കണക്കു വച്ച് വാദിച്ചെടുക്കുന്ന ഒരു വമ്പന്‍ കുറ്റപത്രം. ആളുകള്‍ അത് അലോസരത്തോടെ വായിക്കുകയാണ്.
രംഗം: രണ്ട്
പതിമൂന്നു മിനിറ്റിന് ശേഷം അതേ ബസ് പാളയത്തെത്തുന്നു. യാത്രക്കാരില്‍ ചിലര്‍ റെയില്‍വെ സ്റേഷനില്‍ എത്തുന്നു. ഇപ്പോള്‍ ഉള്ളത് മൂന്നാമത്തെ പ്ളാറ്റ്ഫോമില്‍. ഏകദേശം മധ്യഭാഗത്ത്, സുരക്ഷാ ഓഫീസിന് പുറത്തുള്ള ചുമരില്‍ ഒരു വമ്പന്‍ നോട്ടീസ് ബോര്‍ഡ്; റെയില്‍ കൊള്ളയില്‍ ബ്ളേക്ബെല്‍റ്റ് നേടിയ മഹാ•ാരുടെ പേരും ഫോട്ടോയും മട്ടത്തില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു. നോക്കുമ്പോള്‍ മാവേലി നാടു വാണീടും കാലം പോലെ എല്ലാ മനുഷ്യരും തുല്യരായി അതിലുണ്ട്. വ്യത്യസ്ത ജാതി മത വിഭാഗങ്ങള്‍ ഒരു പൂങ്കാവനത്തിലെ വിടര്‍ന്ന പൂക്കള്‍ മാതിരി അണിനിരന്ന മതേതര ഇന്ത്യയുടെ (ഇഖ്ബാല്‍) ഒരു ടിപ്പിക്കല്‍ മിനിയേച്ചര്‍. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം വെളിപ്പെടും; ഏതു സമുദായത്തെ മാറ്റി നിര്‍ത്തിയതിനെതിരെയാണോ ആദ്യത്തെ ബഡാ പോസ്റര്‍ ക്ഷോഭിച്ചത്, ആ സമുദായം ഈ നോട്ടീസ് ബോര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ, ഈയടുത്ത കാലത്തൊന്നും ആര്‍ക്കും അനുഭവിക്കാന്‍ കഴിയാത്ത വിധം മുന്നിട്ടു നില്‍ക്കുന്നു. പക്ഷേ ഈ ബോര്‍ഡ് ആരുമത്രയങ്ങ് ശ്രദ്ധിക്കുന്നില്ല. ആരെയും അലോസരപ്പെടുത്തുന്നുമില്ല.
ആയതിനാല്‍ സമയം കിട്ടുകയാണെങ്കില്‍ ഒരു പ്ളാറ്റ്ഫോം ടിക്കറ്റെടുത്ത് ആ ബോര്‍ഡൊന്ന് പഠിക്കണം, താത്പര്യമുള്ളവര്‍.
രംഗം: മൂന്ന്
ദഅവ വിദ്യാര്‍ത്ഥികളുടെ ഒരു അലുംനി സംഗമം. അടിയന്തിരമായി പ്രബോധകശ്രദ്ധ പതിയേണ്ടുന്ന മേഖലകളെ പറ്റിയുള്ള ചര്‍ച്ച. തിരുവമ്പാടി, ബംഗ്ളാദേശ് കോളനി, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലൂടെ കയറിമറിഞ്ഞ് കാശ്മീരിലെ കന്യാ മിഷിനറിയില്‍ ഉടക്കി ഒരൊറ്റ ചാട്ടം; അങ്ങ് മലാവി, ഉറുഗ്വേ, പെറു, നിക്ക്വരാഗ, ഒടുക്കം വെനിസ്വേല വരെ. കാര്യവും നര്‍മവും ഇഴചേര്‍ന്നുള്ള ചര്‍ച്ച ആന്തരികമായി തണുത്തങ്ങനെ പോവുമ്പോള്‍ ഇക്കഴിഞ്ഞ കൊല്ലം മാത്രം പുറത്തിറങ്ങിയ ഒരു പാവം പൂര്‍വ വിദ്യാര്‍ത്ഥി ഒരു ആല്‍ബം സദസ്സിലേക്ക് മലര്‍ത്തിവച്ചു. പത്തെമ്പത്താറ് കണ്ണുകള്‍ അതിലേക്ക് നോക്കി. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പത്രത്തില്‍ അടിച്ചു വന്ന പോലീസ് കേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ പേരുവിവരങ്ങള്‍ വാര്‍ത്താ സഹിതം മുറിച്ചൊട്ടിച്ച ഒരു വൃത്തി കുറഞ്ഞ ആല്‍ബമായിരുന്നു അത്. മറ്റേതു വിഷയത്തിലും വര്‍ഗീയതയുണ്ടെങ്കിലും പിടിച്ചുപറി, കൊല, കൊള്ള, കഞ്ചാവു വാണിഭം ആദിയായവയില്‍ എല്ലാ മതക്കാരും ഉത്സാഹത്തോടെ കൈകോര്‍ക്കുന്നു എന്നതിനപ്പുറം സകലരെയും പിന്നിലാക്കി മുസ്ലിംകള്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് ആല്‍ബം കരഞ്ഞു പറയുന്നുണ്ട്. ശേഖരിക്കപ്പെട്ട വാര്‍ത്തകളൊക്കെ മലപ്പുറം ജില്ലയിലെ ഒരു താലൂക്കിനകത്തുള്ളത് മാത്രമായിരുന്നു എന്ന് ആരും കണ്ടുപിടിക്കാഞ്ഞതിനാല്‍ ആല്‍ബക്കാരന്‍ തന്നെ വെട്ടിത്തുറന്ന് അതു വെളിപ്പെടുത്തി. അതിന്റെ അര്‍ഥമുന ഇതായിരുന്നു: തിരുവമ്പാടി ടു വെനിസ്വേല-ഒ കെ. വേണമായിരിക്കാം. വേണ്ടെന്നു പറയുന്നില്ല. പക്ഷേ പുറത്തേക്ക് പൊട്ടിയൊലിക്കുന്ന സ്വന്തം സെപ്റ്റിക് ടാങ്ക് കോരി വൃത്തിയാക്കിയതിനു ശേഷം പോരേ അയല്‍ക്കാരന്റെ മുറ്റമടിച്ചു കൊടുക്കാന്‍?
രംഗം: നാല്
ബുര്‍ദ ആസ്വാദനം നടക്കുന്നു എന്നു പറഞ്ഞാല്‍ പ്രസംഗമല്ല, എഴുത്താണ്. മലയാളത്തില്‍ ബുര്‍ദയെ അധികരിച്ച് വിരചിതമായതില്‍ ഏറ്റവും കരുത്തുറ്റ രചന. നഫ്സിന്റെ ദോഷചോദനകളെ വിമര്‍ശിക്കുന്ന ‘ഫ ഇന്ന അമ്മാറത്തീ ബിസ്സൂഇ മത്തഅളത്….’ എന്ന വരിയാണ് വിശദീകരിക്കപ്പെടുന്നത്. നമ്മളീ കണ്ടു നില്‍ക്കുന്ന ത്രിദൃശ്യങ്ങളുടെ ദാഉും ദവാഉം ചൂണ്ടുവിരല്‍ കൊണ്ട് ഹൃദയത്തില്‍ തൊടുന്ന ഭാഷയിലാണ് ആഖ്യാനം.
അമുസ്ലിംകളെക്കാള്‍ കൂടുതലായി മതപ്രഭാഷണം അരങ്ങേറുന്നത് കേരളീയ സമുദായത്തില്‍ മുസ്ലിംകള്‍ക്കിടയിലാണ്. മഹല്ല് പരിധിയിലെ താമസക്കാര്‍ക്കിടയില്‍ കുറ്റകൃത്യവും അത് സംബന്ധമായ കേസുകളും പരിശോധിക്കുമ്പോള്‍ ഈ വഅളുകള്‍…? എന്നതാണ് കാരണം….. ചില അമുസ്ലിംകള്‍ക്ക് എല്‍ പി, യു പി തലത്തിലുള്ള മത വിദ്യാഭ്യാസം പോലുമില്ലാതിരുന്നിട്ടും കുറ്റകൃത്യത്തില്‍ പ്രാദേശികമായി ഉയര്‍ച്ച കാണാത്തതിന്റെ കാരണം…? ഈ ദുരവസ്ഥക്ക് അറുതി വരുത്താന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളീയ മണ്ണില്‍ ജയില്‍ നിറയുന്നത് ഭൂരിഭാഗവും മുസ്ലിംകളെ കൊണ്ടായിരിക്കും…. മാത്രമാണ് പരിഹാര നടപടി…. പാഠ്യ വിഷയങ്ങള്‍ മാത്രമല്ല ആവശ്യം….. കുട്ടിയുമായി ഇടപഴകുന്നവര്‍ മേല്‍ പറഞ്ഞ അമ്മാറത്ത് ശരീരക്കാരാണെങ്കില്‍ കുട്ടിക്ക് വിദ്യ കിട്ടും; ശിക്ഷണം കിട്ടില്ല. എല്ലാം നുരകളും പതകളുമാവുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തി പ്രാദേശിക ക്രിമിനല്‍ വാര്‍ത്തകള്‍ തലക്കെട്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുമായി ഇടപഴകുന്നവരെല്ലാം………. സ്റേജില്‍ കയറുന്നവര്‍, ഉപദേശിക്കുന്നവര്‍…. അമ്മാറത്തുകാരല്ലാതായാല്‍ നാട് രക്ഷപ്പെട്ടു.
പുറം സൂചനകള്‍ മാത്രം വായിച്ച് ഉള്‍പ്പരിപ്പ് മറച്ചുപിടിച്ചതു കൊണ്ട് കഷ്ടപ്പെട്ട് കണ്ടെടുക്കുന്ന പാരായണ ഫലങ്ങള്‍ വെറുതെ കൊടുക്കുന്നതിലുള്ള മടികൊണ്ട് മാത്രമല്ല, നേര്‍ വായനയിലൂടെയുള്ള തുറസ്സും പുണ്യവും കിട്ടിക്കോട്ടെ എന്ന ഔദാര്യബോധം കൊണ്ടു കൂടിയാണ്! (ബഹുവന്ദ്യരായ ബശീര്‍ ഫൈസി വെണ്ണക്കോട് രചിച്ച ‘ഖസ്വീദത്തുല്‍ ബുര്‍ദ ആശയം, അനുരാഗം, അടിയൊഴുക്കുകള്‍’ എന്ന ആഴമേറിയ പഠനത്തില്‍ നിന്നാണ് മുകളിലുദ്ധരിച്ച മിന്നായങ്ങള്‍. അധിക വായനക്ക് പ്രസ്തുത പുസ്തകത്തിന്റെ അമ്പത്താറു മുതല്‍ അമ്പത്തെട്ടു കൂടിയ പേജുകള്‍ – പ്രത്യേകിച്ചും അവയ്ക്കപ്പുറവുമിപ്പുറവുമുള്ളവ പൊതുവായും ശ്രദ്ധയോടെ വായിക്കുക.)
സമൃദ്ധിക്കു മധ്യേയുള്ള കൊടും ദാരിദ്യ്രം-ഇതാണ് നമ്മളിന്നനുഭവിക്കുന്ന കടുത്ത ദീനം. മുതവല്ലി മുതല്‍ മുതഅല്ലിം വരെ നാടായ നാടുകളിലെല്ലാം സജീവമാണ്. വര്‍ക്ഷോപ്പുകളും കാമ്പയിനുകളും നിശാ സംഗമങ്ങളും എല്ലാം മുറക്ക് നടക്കുമ്പോഴും പക്ഷേ, മറുഭാഗത്ത് സമുദായത്തിന്റെ പ്രതിച്ഛായ നുരുമ്പും വിധം ആത്മീയമായി നാം ദ്രവിക്കുന്നു. ആത്മീയമായി ബലമില്ലാത്ത ഒരു സമൂഹം ആളെണ്ണമുണ്ടായിട്ടും കാര്യമില്ല-കുത്തൊഴുക്കിലെ ചണ്ടി പോലെ വില കെട്ടതാണ്. ആത്മീയബലം കനത്തിലുണ്ടോ, മുപ്പതിനായിരമല്ല മുപ്പത് കോടി വന്നാലും വെറും മുന്നൂറ്റിപ്പതിമൂന്ന് മതിതാനും.
നാം നാമല്ലാതായിത്തീര്‍ന്നിട്ടും, പക്ഷേ, മറ്റുള്ളവര്‍ നമ്മെ നാമായി അംഗീകരിച്ചു കൊള്ളണമെന്ന് ശഠിക്കുന്നു. ഒരുതരം തമാശയാണ് നമ്മളിപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. ‘ഗുസ്സാഉസ്സൈല്‍’ ഒഴുക്കുവെള്ളത്തിലെ ചണ്ടി എന്ന ചീത്തപ്പട്ടം റസൂല്‍ (സ) ചാര്‍ത്തിത്തന്നത്. ആത്മീയമായി അകം ചത്ത, എന്നാല്‍ ബാഹ്യമായി വേഷം കെട്ടിയ ഈ നമ്മള്‍ക്കു തന്നെയാണ്. ഒഴുക്കുവെള്ളത്തിലെ ചണ്ടി എന്ന വിഷയത്തില്‍ നാം നമുക്കു തന്നെ ക്ളാസെടുക്കുകയും എങ്ങനെ ആഴിക്കടിയിലെ മുത്തുകള്‍ ആയിത്തീരാമെന്ന് ചിന്തിക്കുകയുമായിരിക്കും, നീതി ചോദിച്ചുള്ള സ്റാറ്റി-പോസ്ററുകള്‍ ഒട്ടിക്കുന്നതോടൊപ്പം നമുക്ക് ചെയ്യാനുള്ള ഒരു ജോലി. ചണ്ടിപ്പട്ടം നേടിയെടുത്ത നാളുകളിലെ മുസല്‍മാന്റെ അവസ്ഥ ആരംഭ റസൂല്‍(സ) വിശദീകരിച്ചത് തീന്‍ മേശയില്‍ വിളമ്പപ്പെട്ട സദ്യപോല്‍ എന്നാണ്. മറ്റു സകലരും ചുറ്റുവട്ടത്തിരുന്ന് ആര്‍ത്തിയോടെ കൈ നീട്ടും. വെന്ത് കിടക്കുന്ന നമ്മുടെ ഇറച്ചിയെ എല്ലുകളില്‍ നിന്ന് നുള്ളി പ്പൊളിച്ചെടുത്ത് അടരുകളായി അവര്‍ അടിച്ചു മാറ്റും. അതാണല്ലോ പച്ചക്ക് നമ്മളിന്ന് കണ്ടുകൊണ്ടിരിക്കുന്നതും.
സമുദായ നവജാഗരണത്തിന്റെ ചതുരംഗപ്പലകക്കു മേല്‍ ബുദ്ധിയോടെ കരുനീക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സഹായകമാവുന്ന ചതുര്‍രംഗങ്ങളാണ് ഇതുവരെ പറഞ്ഞൊടുക്കിയത്. ശരീരം തരാന്‍, ശഹീദുകളാകാന്‍ ആളുകളെമ്പാടുമുണ്ട്. തത്ക്കാലം നമുക്കിപ്പോള്‍ വേണ്ടത് കബന്ധങ്ങളല്ല, രക്തമല്ല, മാംസമല്ല. അല്ലാഹു ഖുര്‍ആനില്‍ ഒരിടത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, ബലിയെ പരാമര്‍ശിക്കവെ. അല്ലാഹുവിന്റെ നിലപാടു തന്നെയാണ് നമുക്കും വേണ്ടത്. -തഖല്ലഖൂ ബി അഖ്ലാഖില്ലാഹ്! നമുക്ക് മനുഷ്യ മാംസത്തെക്കാള്‍ ആവശ്യം അവന്റെ മനസ്സാണ്. അവന്റെ കട്ടിച്ചോരയെക്കാള്‍ അവന്റെ തലച്ചോറും. മനസ്സും മസ്തിഷ്കവും കുഴഞ്ഞുറച്ചൊരു കിടിലന്‍ കോട്ടയാണ് നമുക്കിന്നാവശ്യം. വികാരാംശത്തെക്കാള്‍ വിചാരംശത്തിന് പ്രാമുഖ്യം കൊടുക്കുന്നവരായി നമ്മള്‍ മാറിയെങ്കിലേ അത് സാധ്യമാവൂ. അങ്ങനെയുള്ള ഒരാളിന് അറബിയില്‍ പറയുക ‘റശീദ്’ എന്നാണ്. ഖുര്‍ആനില്‍ അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്; ‘നിങ്ങളില്‍ ഒരൊറ്റ റശീദും ഇല്ലാതെ പോയോ?’ ഉള്ളുണര്‍ത്തുന്ന ഒരു കാമ്പയിന്‍ നടത്താന്‍, ഒരു പ്രബന്ധ മത്സരമോ പ്രസംഗ മത്സരമോ ഒരുക്കാന്‍ ഏറ്റവും പറ്റിയ പ്രമേയമായി ഖുര്‍ആന്റെ ‘റജ്ലുന്‍ റശീദ്’ നമുക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ആശയ ലോകങ്ങളുടെ സര്‍ഗാത്മകമായ ന്യൂക്ളിയര്‍ഫ്യൂഷനുകളിലൂടെ പരിവര്‍ത്തനത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ നമ്മിലേക്ക് പൊട്ടിച്ചിതറിയെങ്കിലോ, അല്ലേ? പ്രതീക്ഷ വേണം നമുക്ക്. നാളെകളില്‍ ന•യുടെ പൊന്‍പ്രഭാതം പൊട്ടിവിടരുമെന്ന പ്രതീക്ഷ. ആയതിലേക്കുള്ള ഇടുക്കങ്ങളാണ് ഈ ഇരുട്ടുകളെന്ന് നാം തിരിച്ചറിയണം. തീര്‍ച്ചയായും ഞെരുക്കത്തോട് തൊട്ടു തന്നെ എളുപ്പം വരാനുണ്ട് എന്ന് ഖുര്‍ആനില്‍ ഉണ്ട്. മാത്രവുമല്ല, നിങ്ങളില്‍ റശീദില്ലേ എന്നു ചോദിച്ച അതേ ഹൂദ് സൂറത്തില്‍ ഒന്നു രണ്ട് സൂക്തം കഴിഞ്ഞ് മറ്റൊരു ചോദ്യമുണ്ട്; ‘പ്രഭാതം ഇങ്ങടുത്ത് പോയില്ലേ’ എന്ന്. ശരീര പ്രകൃതിയില്‍ മാത്രമാണ് അതൊരു ചോദ്യമായി തോന്നുന്നത്. ഉള്ള് കൊണ്ട് അത് ചോദ്യമേ അല്ല. ഉത്തരമാണ്.നല്ല നാളെയെക്കുറിച്ചുള്ള സുവാര്‍ത്തയാണ്. പക്ഷേ കഷ്ടതകളുടെ അനുഭവ തിക്തതകളിലൂടെ തുഴഞ്ഞേ ഐശ്വര്യത്തിന്റെ തീരമണയാനാകൂ എന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 

You must be logged in to post a comment Login