പ്രവാചകനിന്ദ; അവരുടെ ഭ്രാന്തും 'നമ്മുടെ' ചാവേറുകളും


പ്രവാചകനോടുള്ള സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാനാണോ സ്ത്രീകളടക്കം തെരുവില്‍ അലറുന്നത്? ജീവിതത്തിലുടനീളം പ്രവാചകനെ മറന്നവര്‍ക്ക് ആ നിത്യതേജസ്വിയുടെ പേരില്‍ ചാവേറാവാന്‍ എന്തവകാശം? ജനമനസ്സുകള്‍ പകുത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ നില്‍ക്കുന്നവരുടെ ഗൂഡാലോചനകള്‍ക്ക് തലവെക്കുന്ന ‘സലഫീ’ മനഃസ്ഥിതിയാണ് തീവ്രവാദത്തിന്റെ ഇന്ധനം. അതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ ഗതിവേഗവും. ശാഹിദ്

‘ഇന്നസന്‍സ് ഓഫ് മുസ്ലിം’ എന്ന വിവാദ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ദുശ്ശക്തികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണ്? ഈജിപ്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത സാംബസിലി എന്ന കോപ്റ്റിക്ക് ക്രിസ്ത്യാനിയുടെ തലതിരിഞ്ഞ ചിന്ത മാത്രമാണോ ഇത്? പ്രവാചകനെ നിന്ദിക്കാനും വിശ്വാസികളെ എരിപൊരി കൊള്ളിക്കാനും വേണ്ടി ഒരു മതഭ്രാന്തന്‍ അഞ്ചു ദശലക്ഷം ഡോളര്‍ സംഭരിച്ച്, ഇങ്ങനെ ഒരു സിനിമ പിടിക്കുമെന്ന് വിശ്വസിക്കാനാവുമോ?
സിനിമ സൃഷ്ടിച്ച പ്രക്ഷുബ്ധാവസ്ഥയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ആളിക്കത്തുമ്പോള്‍ അടുത്ത കാലത്തായി പല രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഇസ്ലാം ഭര്‍ത്സനത്തിന്റെ രീതിയും ലക്ഷ്യവും ആഴത്തില്‍ അപഗ്രഥിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ വിഷയത്തിന്റെ മര്‍മം തൊട്ടറിയാനും വിവാദങ്ങളുടെ പുകപടലങ്ങള്‍ക്കപ്പുറത്തെ സത്യങ്ങള്‍ കണ്ടെത്താനും സാധിക്കുകയുള്ളൂ.
ആഗോളതലത്തില്‍ ഇസ്ലാം ഭര്‍ത്സനത്തിനായി ജൂത ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തുന്ന വന്‍ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കാണാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല. സാംബാസിലി എന്ന മതഭ്രാന്തന്‍ മാത്രമല്ല കുറെ വര്‍ഗീയവാദികള്‍ കൂടി ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വേണം ബലമായി സംശയിക്കാന്‍. എഎഫ്ബി വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ദക്ഷിണ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സകരിയ ബുത്റോസ് ഹെനിന്‍ എന്ന കോപ്റ്റിക് ക്രൈസ്തവ പുരോഹിതനാണ് ഇമ്മട്ടിലൊരു പടം പിടിക്കുന്നതിന് പ്രചോദനം നല്‍കിയതത്രെ. ഇദ്ദേഹത്തെ പോലെ പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നവര്‍ വിരളമാണെന്നാണ് ലോസ് ആഞ്ചല്‍സ് ടൈംസ് പറയുന്നത്. മുസ്ലിംകളുടെ പ്രവാചകന്‍ ശവരതി ഇഷ്ടപ്പെടുന്നയാളാണെന്നും (ചലരൃീുവശഹല) സ്വവര്‍ഗരതിയുടെ ആശാനാണെന്നും കുഞ്ഞുങ്ങളെ പീഢിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്താറുണ്ടെന്നുമൊക്കെയാണത്രെ ഈ പുരോഹിതന്റെ അധ്യാപനങ്ങള്‍. വിവാദ സിനിമ നിര്‍മിക്കുന്നതില്‍ ഒരു പക്ഷേ, പ്രത്യേകമായി പങ്കുണ്ടാകില്ലെങ്കിലും സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നുപേരും ഇയാളുടെ അനുയായികളാണത്രെ. സിനിമയുടെ തിരിക്കഥാകൃത്ത് സ്റീവ് ക്ളീന്‍ (ടല്േല ഗഹലശി) സക്കറിയയെ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനോടാണ് ഉപമിക്കുന്നത്. സിനിമാ നിര്‍മാതാവ് സാം ബസിലിയും ഇയാളുടെ ശിഷ്യനാണത്രെ. അല്‍ജസീറ ചാനല്‍ തുടക്കത്തിലേ സംശയം പ്രകടിപ്പിച്ചത് പോലെ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയുടെ വികല ചിന്തയല്ലയിത്. പ്രത്യുത അമേരിക്കയും ഇസ്രയേലും കേന്ദ്രീകരിച്ച് യഹൂദ – ക്രൈസ്തവ ഫണ്ടമെന്റലിസ്റുകള്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണിത്. അതിന് നേതൃത്വം കൊടുത്തതാവട്ടെ സകരിയ്യ ബുത്റോസും. ഈജിപ്തിലായിരുന്നപ്പോള്‍ മുസ്ലിംകളെ ക്രിസ്തു മതത്തിലേക്ക് മാര്‍ഗ്ഗം കൂട്ടാന്‍ ശ്രമിച്ചതിന്റെ പേരില്‍ പലതവണ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട് ഇയാള്‍ക്ക്. അവസാനം ആസ്ട്രേലിയയിലേക്ക് ഓടിപ്പോവുകയാണുണ്ടായത്. അതിന് ശേഷവും ഓണ്‍ലൈനിലൂടെ അങ്ങേയറ്റം വിഷലിപ്തമായ ഇസ്ലാം ഭര്‍ത്സനം നടത്തുകയായിരുന്നു ബുത്റോസ്. മുസ്ലിംകളെ ഇസ്ലാമിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിപ്പിക്കുമെന്നാണത്രെ ഇയാളുടെ ദൃഢപ്രതിജ്ഞ. ഇതിലേക്കുള്ള മാര്‍ഗമായാണത്രെ ഇദ്ദേഹവും ശിഷ്യ•ാരും ചേര്‍ന്ന് പ്രവാചകനെ അപഹസിക്കുന്ന സിനിമ ഒരുക്കിയത്. “നൂറ് ജൂത•ാര്‍ സംഭാവന ചെയ്ത് അഞ്ചുദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ഈ പടം നിര്‍മിച്ചതെന്ന സാംബസിലിയുടെ ഭാഷ്യം അപ്പടി വിഴുങ്ങേണ്ടതില്ല. മീഡിയ ഫോര്‍ ക്രൈസ്റ് (ങലറശമ ളീൃ രവൃശ) എന്ന ഗ്രൂപ്പാണ് പടത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍. ഭ്രാന്തന്‍ നീക്കത്തില്‍ സയണിസ്റുകള്‍ ഡോളര്‍ വാരിക്കോരി നല്‍കിയിട്ടുണ്ടാവും. എന്നാല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പത്തിവിടര്‍ത്തിയ തീവ്ര വലതു ക്രൈസ്തവ യഹൂദ ദൂഷിത വലയമാണ് ഈ അധമ യത്നത്തിന് പിന്നിലെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ചുരുക്കത്തില്‍ മതഭ്രാന്ത് കൊണ്ട് കണ്ണില്‍ ഇരുട്ട് കയറിയ ഒരു ജനതയുടെ വികലവും വിനാശകരവുമായ ആവിഷ്കാരമായാണ് ഈ സിനിമയെ വിലയിരുത്തേണ്ടത്. അശ്ളീല ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരു പോര്‍ണോഗ്രാഫറെ മുത്തുനബിയെക്കുറിച്ച് സിനിമ എടുക്കാന്‍ ചുമതലപ്പെടുത്തിയവരുടെ മനസ്സ് എന്തുമാത്രം ഇരുണ്ടതാണെന്ന് ഒന്നാലോചിച്ചുനോക്കൂ.
ഒരു മതത്തെയും അതിന്റെ പ്രവാചകനെയും 160 കോടി ജനതയെയും ഇത്രമാത്രം വെറുക്കാന്‍ മാത്രം ക്രിസ്ത്യാനികളോടും ജൂതരോടും ഇസ്ലാമും മുസ്ലിംകളും എന്തപരാധമാണ് ചെയ്തത്? ‘ക്രൂഡേസ് മെന്റാലിറ്റി’ (കുരിശു യുദ്ധകാല മനോഗതി)യില്‍ നിന്ന് ഇതുവരെ പടിഞ്ഞാറന്‍ ലോകം മുക്തമായിട്ടില്ലേ? ഇത്തരം കുപ്രചാരണക്കാരുടെ യഥാര്‍ത്ഥ അജണ്ട എന്താണ്? കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണോ ലക്ഷ്യം? ഈ വക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരയുമ്പോഴാണ് ചരിത്രത്തിലേക്കും വര്‍ത്തമാനകാല രാഷ്ട്രീയ- സാമൂഹിക പരിസരങ്ങളിലേക്കും നമ്മുടെ ചിന്ത ഓടിക്കയറുന്നത്. ഇസ്ലാം ഭീകരരുടെയും അപരിഷ്കൃതരുടെയും മതമാണെന്നും നാഗരികമായ ഒരു മഹത്വവും അതിന് അവകാശപ്പെടാനില്ലെന്നും ക്രൈസ്തവ/ജൂത എഴുത്തുകാരും പുരോഹിതരും പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പ്രവാചക പുംഗവരെ മ്ളേച്ഛമായി ചിത്രീകരിക്കുന്ന പെയിന്റുകള്‍ ‘നവോത്ഥാന’ കാലഘട്ടത്തിലെ ഉദാത്തസൃഷ്ടികളായിരുന്നു. മൈക്കല്‍ ആഞ്ചലോയുടെ പെയിന്റുകളും ഇറാസ്മസിന്റെ കൃതികളും ഇസ്ലാമിനെയും പ്രവാചകനെയും അപഹസിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ വ്യാപകമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമും ക്രിസ്ത്യാനിറ്റിയും തമ്മിലുള്ള വൈരത്തിന്റെയും പരസ്പര അവിശ്വാസത്തിന്റെയും കഥകള്‍ കണ്ടെത്താന്‍ മുന്‍ നയതന്ത്ര പ്രതിനിധിയും എഴുത്തുകാരനുമായ തല്‍മീസ് അഹ്മദിന്റെ ‘സംഘടനത്തിലേര്‍പ്പെട്ട ഇബ്രാഹിമിന്റെ സന്തതികള്‍’ (അയൃമവമാ ീി മ ംമൃ) എന്ന പുസ്തകത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. ഒരു വേള ക്രിസ്ത്യാനിറ്റിയും ജൂതായിസവും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നുവെന്ന് രേഖകള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സയണിസത്തിന്റെ വ്യാപനവുമാണ് ഇസ്ലാമിനെ ഒരു പക്ഷത്തു നിര്‍ത്തി കൂട്ടായ അക്രമത്തിന് മറ്റു രണ്ടു മതങ്ങളെ സജ്ജമാക്കിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ അരങ്ങേറി എന്ന് പറയപ്പെടുന്ന ‘മതനവീകരണ’ സംരംഭങ്ങള്‍ (ഞലളീൃാമശീിേ) പോലും ഇസ്ലാം വിരുദ്ധ ക്രൈസ്തവ നീക്കങ്ങളുടെ ആകെത്തുകയായിരുന്നു. മതപരിഷ്കരണ വാദിയായി അറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥറുടെ രചനകളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും, എന്തുമാത്രം വിഷലിപ്തവും മുന്‍വിധിയോട് കൂടിയതുമാണ് അദ്ദേഹത്തിന്റെ ഇസ്ലാമിനോടുള്ള സമീപനമെന്ന്. നൂറ്റാണ്ട് നീണ്ടു നിന്ന കുരിശുയുദ്ധത്തില്‍ മുസ്ലിം രാഷ്ട്രീയ ശക്തിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പരാജയങ്ങളുടെ തിക്തസ്മരണകളാണ് ഇസ്ലാമിനോടുള്ള പടിഞ്ഞാറിന്റെ വീക്ഷണ ഗതിയെ ഇപ്പോഴും സ്വാധീനിക്കുന്നതെന്ന മുഹമ്മദ് അസദിന്റെ നിരീക്ഷണം നൂറുശതമാനം ശരിയാണെന്ന് തെളിയുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമന്റെ വിവാദമായ ഇസ്ലാം വിമര്‍ശനം പോലും സംശയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവായിരുന്നുവല്ലോ.
പ്രവാചകനെ അവമതിക്കുന്ന സിനിമക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുന്നത് കണ്ട് പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റനുമൊക്കെ പ്രക്ഷുബ്ധാവസ്ഥക്ക് തങ്ങള്‍ ഉത്തരവാദികളെ അല്ലെന്നും ഏതാനും മതദ്വേഷികളുടെ ചെയ്തി മാത്രമാണിതെന്നും പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്നതും നാം കണ്ടു. എന്നാല്‍, ഇന്നീ കാണുന്ന മതസംഘര്‍ഷങ്ങളില്‍ നിന്ന് ഇവര്‍ക്ക് എന്തെങ്കിലും തരത്തില്‍ തലയൂരാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ? ഇസ്ലാമിനെയും മുസ്ലിം നാഗരികതയെയും ആര്‍ക്കും ഏത് ആയുധമുപയോഗിച്ചും ആക്രമിക്കാം എന്ന ഭീകരാവസ്ഥ ആഗോള വ്യവസ്ഥിയാക്കി മാറ്റിയതിന് പിന്നില്‍ വന്‍ശക്തികളുടെ സാമ്രാജ്യത്വ രാഷ്ട്രീയമാണ് മുഖ്യപങ്ക് വഹിച്ചത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ക്രൈസ്തവേതരരെ മതത്തില്‍ മാര്‍ഗം കൂട്ടാന്‍ ‘പരിഷ്കരണ’ മുറവിളിയുമായി വന്നപ്പോള്‍ ആദ്യമായി ചെയ്തത് മതാചാരങ്ങളെയും ആചാര്യരെയും മോശമായ ഭാഷയില്‍ ചിത്രീകരിച്ച് നിഗ്രഹണം അനിവാര്യമാക്കുകയായിരുന്നു. തല്ലികൊല്ലേണ്ട വര്‍ഗം എന്ന ചിന്താഗതി പൊതുവെ സമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ സന്നിവേശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് രാഷ്ട്രീയാധിപത്യത്തിന് അടിത്തറ പാകിയത്. അതിന്റെ മറ്റൊരു രൂപമാണ് ഭീകരവിരുദ്ധ യുദ്ധ പ്രഖ്യാപനത്തിലൂടെ അമേരിക്ക കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടപ്പാക്കുന്നത്. അതിന്റെ ഉപോല്‍പന്നമാണ് പ്രവാചകനെ നിന്ദിക്കുന്ന സിനിമയും കാര്‍ട്ടൂണുകളും മിനാരങ്ങള്‍ക്ക് എതിരെ പോലും നടന്ന ഭരണകൂട നടപടികളും.
ലോകത്തിന്റെ മൂന്നിലൊന്ന് വരുന്ന ഊര്‍ജ്ജ സ്രോതസ്സ് സ്ഥിതി ചെയ്യുന്ന പശ്ചിമേഷ്യയുടെ മേലുള്ള ആധിപത്യം ഉറപ്പിക്കാന്‍ വന്‍ശക്തികള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളുടെ ഭാഗമാണ് മുസ്ലിംകളെ ഭീകരവാദികളായി ചാപ്പകുത്തിയുള്ള രാഷ്ട്രീയ പോരാട്ടമെന്ന് എല്ലാവര്‍ക്കുമറിയാം. ഈ രാഷ്ട്രീയ പോരാട്ടത്തിന് നീതീകരണം കണ്ടെത്താനും പ്രചാരണത്തിന് വ്യാപനം നല്‍കാനും കലയിലും സാഹിത്യത്തിലും കൂടി പ്രൊപ്പഗാണ്ട നടത്തേണ്ടി വരിക സ്വാഭാവികമാണ്. പ്രവാചകനെ മ്ളേച്ഛനായി ചിത്രീകരിക്കാന്‍ ചില കുരുട്ടുബുദ്ധികള്‍ക്ക് പ്രചോദനമാകുന്നത് ഈ രാഷ്ട്രീയാന്തരീക്ഷമാണ്. അതുകൊണ്ടായിരിക്കാം പ്രതിഷേധം അമേരിക്കക്ക് എതിരായ രോഷാഗ്നിയായി ആളിപ്പടര്‍ന്നതും യുഎസ് നയതന്ത്രാലയങ്ങള്‍ക്ക് ഭീഷണിയുണ്ടായതും.
‘മുല്ലപ്പൂവിപ്ളവം’ വഴി രാഷ്ട്രീയ മാറ്റം സാക്ഷാത്കരിക്കപ്പെട്ട ഈജിപ്തിലും ടുണീഷ്യയിലും ലിബിയയിലും യമനിലുമൊക്കെ പ്രതിഷേധത്തിന് എന്തുകൊണ്ട് ശക്തി കൂടി എന്ന ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ് വിവാദ സിനിമ ഒരു കാലഘട്ടത്തിന്റെ സാമ്രാജ്യത്വ രീതിശാസ്ത്രത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടുന്നത്. കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ലിബിയയിലേക്ക് ആളും ആയുധങ്ങളും അയച്ചു സഹായിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു അമേരിക്ക. ഖദ്ദാഫിക്ക് ആദ്യത്തെ തിരിച്ചടികള്‍ ഉണ്ടായത് ബെന്‍ഗാസിയില്‍ നിന്നാണ്. ഇതേ ബെന്‍ഗാസിയില്‍ സിനിമക്കെതിരായ പ്രതിഷേധം സായുധ ആക്രമണമായി മാറുകയും യുഎസ് അംബാസഡര്‍ ക്രിസ്റോഫര്‍ സ്റീവന്‍സ് അടക്കം നാല് അമേരിക്കന്‍ പൌര•ാര്‍ കൊല്ലപ്പെടുകയും ചെയ്തത് ഏറ്റവുമധികം ഞെട്ടിച്ചത് അമേരിക്കയെ തന്നെയാണ്. യുഎസ് നയതന്ത്ര പ്രതിനിധിയുടെ മരണത്തെ അപലപിച്ച വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റന്‍ ചോദിച്ച പ്രസക്തമായ ചോദ്യമിതാണ് : ഞാന്‍ എന്നോട് തന്നെ ചോദിച്ചു പോയി. എങ്ങനെ ഇത് സംഭവിച്ചു? അതും മോചനത്തിനായി ഞങ്ങള്‍ സഹായിച്ച ഒരു രാജ്യത്ത്, നശീകരണത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷിച്ച ഒരു നഗരത്തില്‍.”
‘മോചനം’ കൊണ്ട് ഹിലാരിയും ഒബാമയും വിവക്ഷിക്കുന്നത് എന്താണെന്ന് നമുക്കറിയാം. ലിബിയയിലെ ജനങ്ങളെ മോചിപ്പിക്കുകയായിരുന്നില്ല, പ്രത്യുത അറബ്- ഇസ്ലാമിക ലോകത്തെ എണ്ണം പറഞ്ഞ ഒരു സാമ്രാജ്യത്വ വിരുദ്ധനെ മിസൈല്‍ വര്‍ഷിച്ചു കൊല്ലുകയായിരുന്നു ജനാധിപത്യ സംസ്ഥാപനത്തിന്റെ മറവില്‍. ഖദ്ദാഫി ജീവിച്ചിരുന്നെങ്കില്‍ ക്രിസ്റോഫര്‍ സ്റീവന്‍സിന് ഈ ദുര്‍വിധി ഒരിക്കലും വന്നുപെടില്ലായിരുന്നു. ലെബനാനിലെ ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്റുല്ല 2008ന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത് ബെയ്റൂത്തില്‍ പ്രവാചക നിന്ദക്കെതിരായ കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യാനാണ്. ക്രിസ്തുമതവും, അമേരിക്കയുമാണ് ഈ ദുരന്തത്തിലെ ഒന്നാം പ്രതി എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. പ്രകോപനങ്ങളുണ്ടാക്കി മുസ്ലിം ലോകത്തെ കൂടുതല്‍ നശീകരണ മാര്‍ഗത്തിലേക്ക് തള്ളിവിടുകയാണ് സയണിസ്റ് നവയാഥാസ്ഥിതികരുടെ അജണ്ടയെന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് ഈ സംഭവവികാസങ്ങളുടെ അന്തിമവിശകലനം നല്‍കുന്ന പാഠം. മുസ്ലിംകള്‍ വികാരജീവികളും ആക്രമണകാരികളും കുഴപ്പക്കാരുമാണെന്ന് വരുത്തിത്തീര്‍ത്ത്, 160 കോടി ജനങ്ങളുടെ അന്തസ്സും ആഭിജാത്യവും കെടുത്തിക്കളയാനുള്ള കുബുദ്ധികളുടെ കുടില തന്ത്രങ്ങള്‍ വിജയിക്കുമ്പോഴാണ് പ്രവാചകന്റെ പേരുപറഞ്ഞ് നയതന്ത്ര പ്രതിനിധിയെ മിസൈല്‍ വര്‍ഷിച്ചു കൊല്ലുന്നത്. ഇസ്ലാം മതവും മുസ്ലിംവിശ്വാസികളും എന്തുമാത്രം ഹിംസാത്കമാണെന്ന് ഈജിപ്തിലെ കലാപവും പ്രക്ഷുബ്ധാവസ്ഥയും എടുത്തുകാണിച്ച് മുസ്ലിം ഭര്‍ത്സകര്‍ ആക്രോശിക്കുമ്പോള്‍ ഉചിതമായ മറുപടി നല്‍കാന്‍ പ്രയാസപ്പെടുന്ന പശ്ചാത്തലം വേദനാജനകമായി… മതഭ്രാന്ത•ാര്‍ ഉദ്ദേശിക്കുന്ന വഴിയിലൂടെ കാര്യങ്ങള്‍ നീങ്ങുന്നുവെന്നതാണ് ഈ ദുരന്തത്തിന്റെ ഏറ്റവും ഖേദകരമായ വശം. 2010ല്‍ ഖുര്‍ആന്റെ കോപ്പി കത്തിച്ച് മീഡിയയില്‍ നിറഞ്ഞു നിന്ന ഫ്ളോറിഡയിലെ പാതിരി ടെറിജെയിംസ് വിവാദ സിനിമക്ക് പ്രചാരണം നല്‍കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നുവത്രെ. പ്രവാചകന്‍ എന്ന ഉജ്ജ്വല വ്യക്തിത്വത്തിന്റെ അപ്രമാദിത്വം തകര്‍ത്ത്, മറ്റെല്ലാ വ്യക്തികളെയും പോലെ ദൌര്‍ബല്യങ്ങളുള്ള ഒരാളാണെന്ന് വരുത്തിതീര്‍ക്കാനുള്ള വൃത്തികെട്ട കളിയുടെ ഭാഗമാണ് ഈ നാടകങ്ങളെല്ലാം. അതിനായി ‘ഇന്റര്‍നാഷണല്‍ ജഡ്ജ്, മുഹമ്മദ് ഡേ’ കൊണ്ടാടാന്‍ പോലും ഈ മതമൌലികവാദികള്‍ ശട്ടം കെട്ടി. പ്രവാചകന്‍പോലും സാങ്കല്‍പികമായെങ്കിലും ജനകീയ വിചാരണക്ക് നിന്ന് കൊടുത്തു പറ്റൂ എന്ന ദുശ്ശാഠ്യത്തിന് പിന്നിലെ ദുഷ്ടത എന്നാലോചിച്ചു നോക്കൂ! കണ്ണാടിക്കൂട്ടിലിരുന്നാണ് ഈ മതഭ്രാന്ത•ാര്‍ കല്ലെറിയുന്നത്. ക്രിസ്ത്യാനിറ്റിക്ക് ഒന്നും നഷ്ടപ്പെടാനില്ല. 1440 സംവത്സരങ്ങള്‍ക്ക് ശേഷവും മുസ്ലിം വേദഗ്രന്ഥവും പ്രവാചകനും ആ ജീവിതമാര്‍ഗവും സുരക്ഷിതമാണ്. അതിലുള്ള അസൂയയാണ് സിനിമയായും കാര്‍ട്ടൂണായും ഇസ്ലാമിക ചിഹ്നങ്ങളോടുള്ള വിദ്വേഷമായും അണപൊട്ടിയൊഴുകുന്നത്.
ഇതിനെതിരെ എങ്ങനെ പ്രതികരിക്കണം? പ്രവാചക പുംഗവനോടുള്ള സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാന്‍ സ്ത്രീകളടക്കം തെരുവിലിറങ്ങേണ്ടതുണ്ടോ? ബെന്‍ഗാസിയില്‍ സംഭവിച്ചത് പോലുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടണോ? ഇസ്ലാമിന്റെ ശത്രുക്കള്‍ ഉദ്ദേശിച്ച വഴിയിലൂടെ പ്രകോപനത്തിന്റെ ആശയങ്ങള്‍ എടുത്തണിയണോ? ജീവിതത്തിലുടനീളം പ്രവാചകനെ മറന്ന ഒരു സമൂഹത്തിന് ആ നിത്യതേജസ്സിന്റെ പേരില്‍ ചാവേറാവാന്‍ എന്തവകാശം? അഫ്ഗാനില്‍ കഴിഞ്ഞ ദിവസം പന്ത്രണ്ട് വിദേശികളെ വകവരുത്തിയ ബോംബ്സ്ഫോടനത്തിന് പിന്നില്‍ ഒരു യുവതിയാണത്രെ. അങ്ങനെ എത്ര പേരെ കൊന്നാലാണ് പ്രവാചകനോടുള്ള കടപ്പാട് പൂര്‍ണമായും നിറവേറ്റപ്പെടുക? ഇവിടെ നമ്മുടെ മുന്നില്‍ ചില പാഠങ്ങളുണ്ട്. പ്രവാചകന്റെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍. തന്റെ കൊടിയ വിമര്‍ശകരോടും ആരോപണങ്ങള്‍ ഉന്നയിച്ച കപടവിശ്വാസികളോടു പോലും നബിതിരുമേനി സ്വീകരിച്ച നിലപാട് എന്തായിരുന്നു? കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്താല്‍ നഷ്ടം മുസ്ലിം സമൂഹത്തിന് തന്നെയായിരിക്കും. ഏതെങ്കിലുമൊരു പൊട്ടന്‍ സിനിമകൊണ്ട് തച്ചുടക്കപ്പെടാവുന്ന വ്യക്തിത്വമല്ല പ്രവാചകന്‍. കൊടിയ എതിര്‍പ്പുകളും അറ്റമില്ലാത്ത ശത്രുതയും നേരിട്ടാണ് ആമിനയുടെ പുത്രന്‍, ആട്ടിടയനായി വളര്‍ന്ന മുഹമ്മദ് മുസ്തഫ (സ) ആധുനിക ലോകത്തിന് തൌഹീദിന്റെ വെളിച്ചം പകര്‍ന്നത്. തമസ്സിന്റെ കാലവിശാലതക്ക് അറുതി വരുത്തിയ വ്യക്തിപ്രഭാവത്തെ നാലാംകിട സിനിമയിലൂടെ തകര്‍ത്തു കളയാമെന്ന ജല്‍പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും പ്രവാചക ജീവിതത്തിന്റെ ദീപ്തമായ ഏടുകളെ പുതുലോകത്തിന് മുന്നില്‍ അനാവൃതമാക്കുകയുമാണ് വേണ്ടത്. സ്വേഛാധിപതികളെ തൂത്തെറിഞ്ഞ സമീപകാല ജനകീയ മുന്നേറ്റത്തിന്റെ മാറ്റ് കുറക്കാനും ഈജിപ്തിലും മറ്റും മുസ്ലിം ക്രൈസ്തവ വിഭാഗീയത വളര്‍ത്താനുമുള്ള അവിശുദ്ധ നീക്കങ്ങള്‍ക്ക് ‘സലഫികള്‍’ തലവച്ചു കൊടുക്കുമ്പോള്‍ സ്വയം ചോദിച്ചു പോവുകയാണ്, റബ്ബേ, ഇവരുടെ തലയില്‍ കളിമണ്ണ് മാത്രമാണോ എന്ന്.

You must be logged in to post a comment Login