വിള്ളല്‍ ചിരിക്കുന്നു


മാരുതന്റെ തലോടലേറ്റ് കുരുന്നില തലയാട്ടിച്ചിരിച്ചു
പിന്നെ, ജീവ വാതകത്തില്‍ മുങ്ങി നിവര്‍ന്നു.
നീലവാനത്തിന്റെ ഉത്തുംഗതയിലേക്ക് പച്ചിലകള്‍ ഗര്‍വ്വോടെ നോക്കി.
മധു നുകര്‍ന്ന് നിലവിട്ട് തത്തിക്കളിക്കുന്ന പൂവിനോട്, പൂവിതളുകള്‍
നാണത്തോടെ കെറുവിച്ചു
പഴമ്പുരാണങ്ങളുടെ കെട്ടുമാറാപ്പുകളില്‍ നിന്ന് പഴുത്തിലകള്‍,
അനുഭവ പാഠങ്ങളുടെ അക്ഷരത്തുള്ളികള്‍ കുടഞ്ഞിട്ടു.
കാഴ്ചക്കപ്പുറത്തെ പരിചയസ്രോതസ്സുകളില്‍ നിന്ന് തേന്‍വുകള്‍,
ഇശലുകളായി ചൊരിഞ്ഞു കൊണ്ടിരുന്നു.
മണ്ണിന്റെ ആഴവും ആര്‍ത്തിയും കേട്ടറിഞ്ഞ, പുഴുക്കുത്തേറ്റ ഇലകള്‍ വേപഥു പൂണ്ടു.
ഗൂഢഹാസം ഉള്ളിലൊതുക്കിയ ജലത്തുള്ളികള്‍, വിള്ളലുകളുടെ ഭംഗികൂട്ടി.
കറുത്ത ഉടുപ്പുകളും വെളുത്ത ഉടുപ്പുകളും വാഗ്വാദം തുടങ്ങി.
കൊടികള്‍ നിറങ്ങള്‍ കടുപ്പിച്ചു.
അതിര്‍വരമ്പുകളില്‍ അഗ്നി പൂത്തു.
ചോരപ്പാടുകള്‍ക്ക് ദേശത്തിന്റെ നിറം.
അവസരത്തിന്റെ അനിവാര്യതയില്‍, കാറ്റിന്റെ നിറവും വേഗവും മാറി.
കരിയിലകള്‍ പറന്നുയര്‍ന്നു.
മണ്ണ് നിവര്‍ന്നിരുന്നപ്പോള്‍, ജലകണങ്ങള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു.
വിള്ളലുകള്‍ ഇല്ലാതായി.
നാടും കാടും വീടുകളും അതിഥികളുടെ വരുതിയിലായി.
ഒരു നിശ്ശബ്ദത!
പിന്നെ പുതിയ വാഗ്വാദങ്ങള്‍ക്ക് തുടക്കം.

Leave a Reply

Your email address will not be published.