എങ്ങനെയാണ് മലയാളിയുടെ നെല്ല് ഉണങ്ങിക്കരിഞ്ഞത്?

എങ്ങനെയാണ് മലയാളിയുടെ നെല്ല്  ഉണങ്ങിക്കരിഞ്ഞത്?


മലയാളിക്ക് പണം സുസ്ഥിര വികസനത്തിന് വിനിയോഗിക്കാനുള്ള ശ്രദ്ധയില്ല. മാധ്യമങ്ങളും കമ്പോളവും അവനെ വഴിതെറ്റിക്കുകയാണ്. ഇതുകൊണ്ടാണ് നെല്ല് പോയി അപ്പാര്‍ട്ട്മെന്റ് വരുന്നത്. പാലും മുട്ടയും പോയി ലൈംഗികോത്തേജക ഔഷധങ്ങള്‍ വരുന്നത്.

രാജീവ് ശങ്കരന്‍

കേരളത്തില്‍ നെല്‍കൃഷി വന്‍തോതില്‍ കുറയുകയാണെന്ന ആശങ്ക ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെല്‍കൃഷി സംരക്ഷിക്കുന്നതിന് നിയമ നിര്‍മാണമുള്‍പ്പെടെ നടപടികള്‍ ഭരണകൂടം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലവത്താകുന്നില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പ് നടത്തിയ സ്ഥിതിവിവരക്കണക്കെടുപ്പ് കൂടുതല്‍ പരിഭ്രാന്തി വളര്‍ത്തുകയാണ്. 2001 – 02 മുതല്‍ 2011 – 12 വരെയുള്ള പത്തു വര്‍ഷത്തിനിടെ ഇല്ലാതായത് 1.09 ലക്ഷം ഹെക്ടറിലെ കൃഷിയാണ്. ആകെയുള്ളതിന്റെ 34 ശതമാനം കൃഷിഭൂമിയാണ് ഇല്ലാതായത്. അത് നികത്തപ്പെടുകയോ തരിശിടപ്പെടുകയോ ചെയ്തു. അരി മുഖ്യാഹാരമായ ഒരു പ്രദേശത്താണ് നെല്‍കൃഷി ഇത്തോതില്‍ ചുരുങ്ങുന്നത് എന്നത് വൈരുദ്ധ്യമാണ്. ഏത് കമ്പോളത്തിലും തിരക്കേറ്റും വിധത്തില്‍ സമ്പന്നമായി നില്‍ക്കുന്നുണ്ട് മലയാളിയുടെ മടിശ്ശീല എന്നതാണ് ഇതിന്റെ മറുപുറം. സ്വര്‍ണത്തിന്റെ വില ദിനേനയെന്നോണം ഉയര്‍ന്നിട്ടും കേരളത്തിലെ ജ്വല്ലറികളില്‍ കണ്ടുവരുന്ന വലിയ തിരക്കും ഉപഭോക്താക്കളുടെ ഒഴുക്ക് പ്രതീക്ഷിച്ച് വിപുലീകരിക്കപ്പെടുന്ന വില്‍പ്പനശാലകള്‍ ലാഭത്തിലോടുന്നതും മാത്രം മതി ഈ മറുപുറത്തെ മനസ്സിലാക്കാന്‍. ആവശ്യങ്ങള്‍ പാലിക്കാന്‍ പാകത്തില്‍ ഉത്പാദനമില്ല, അതേസമയം ആവശ്യത്തിലധികം ഉപഭോഗം നടക്കുകയും ചെയ്യുന്നു.
കമ്പോളം ഇത്ര എളുപ്പത്തില്‍ സ്വാധീനിക്കുകയും അതിന്റെ രീതിമര്യാദകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതില്‍ ഇത്ര തിടുക്കം കാട്ടുകയും ചെയ്ത മറ്റൊരു ജനവിഭാഗം ഇന്ത്യന്‍ യൂനിയനില്‍ വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. ഏത് പുതിയ ഉത്പന്നത്തിന്റെയും പരീക്ഷണ വേദിയായി ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണവും ഇതുതന്നെ. ഇത്തരത്തിലൊരു സമൂഹമായി കേരളം രൂപാന്തരപ്പെട്ടതിന് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് അധിനിവേശ ശക്തികളെത്തിയ കാലത്തോളം പഴക്കമുണ്ടെന്നു വേണം കരുതാന്‍. അധിനിവേശം അതിന്റെ പുതിയ ആയുധവുമായി രംഗ പ്രവേശം ചെയ്തപ്പോള്‍ മലയാളി എളുപ്പത്തില്‍ വഴങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. കച്ചവടത്തിനെത്തിയവര്‍ ഭരണാധിപരായി മാറിയ പഴയകാലത്തു തന്നെ നാണ്യ വിളകളുടെ പ്രാധാന്യം മലയാളി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അന്നത്തിന് പ്രധാനമായ അരിയില്‍ നിന്ന് സുഗന്ധ വിളകളിലേക്കും പിന്നീട് റബ്ബറിലേക്കും ശ്രദ്ധ തിരിച്ചത്. മലായിലും സിലോണിലും റങ്കൂണിലുമൊക്കെ തൊഴില്‍ അന്വേഷിച്ചു പോയി ആ വിപണിയുടെ വൈവിധ്യവത്കരണത്തിന് നൂറ്റാണ്ടു മുമ്പ് തന്നെ മലയാളികള്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ തീരമന്വേഷിച്ചെത്തിയ പാശ്ചാത്യരുടെ പാത പിന്തുടരുകയാണ് ഇതിലൂടെ ചെയ്തത് എന്ന് വ്യാഖ്യാനിക്കാവുന്നതാണ്.
സ്വതന്ത്ര പരമാധികാരരാജ്യമായ ഇന്ത്യന്‍ യൂനിയനിലെ ഭരണകൂടങ്ങള്‍ ആഭ്യന്തര കമ്പോളങ്ങളെ സംരക്ഷിച്ചും ദാരിദ്യ്രനിര്‍മാര്‍ജനം സാധ്യമാക്കും വിധത്തില്‍ വിപണി ക്രമീകരിച്ചും മുന്നോട്ടുനീങ്ങിയപ്പോള്‍ മലയാളികള്‍ അതിനൊപ്പിച്ച് മുന്നോട്ടുപോയത് കുറച്ചു കാലം മാത്രം. മുന്‍കാലത്തെപ്പോലെ തൊഴില്‍വിപണിയുടെ വ്യാപനത്തിനാണ് നാം ആദ്യം ശ്രമിച്ചത്. നിയമാനുസൃതമല്ലാതെ കടല്‍ കടന്ന് ഗള്‍ഫെന്ന പുതിയ ഭൂമികയില്‍ സാധ്യതകള്‍ തേടിപ്പോയി. ഇത്തരം യാത്രകള്‍ നിയമവിധേയമായി നടത്തുന്നതിനുള്ള പ്രയാസം കുറഞ്ഞതോടെ ആ വഴിക്ക് ഒഴുകിയത് ലക്ഷങ്ങള്‍. അത്തരം യാത്രകള്‍ നാട്ടിലേക്ക് എത്തിച്ച സമ്പത്ത് സാമൂഹിക സൌകര്യങ്ങളുടെ വികാസത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം ഉപഭോഗതൃഷ്ണകളെ ജ്വലിപ്പിച്ചു നിര്‍ത്തുകയും ചെയ്തു. മാഞ്ചസ്ററിലെ യന്ത്രത്തറികളെ വെല്ലുന്ന തുണിത്തരങ്ങള്‍ കേരളത്തിലെ കൈത്തറികളില്‍ നിന്നുത്പാദിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും പേര്‍ഷ്യയില്‍ (ഇന്നത്തെ ഗള്‍ഫ് രാജ്യങ്ങളെയാകെ സൂചിപ്പിക്കാന്‍ അന്ന് മലയാളികള്‍ക്കുണ്ടായിരുന്ന വാക്ക്) നിന്നെത്തുന്ന അരയിലുറക്കാത്ത ലുങ്കിക്കു മുന്നില്‍ കൊതിയോടെ നിന്നിരുന്നു മലയാളി. കള്ളക്കടത്ത് സാധനങ്ങളുടെ വലിയ വിപണി കേരളത്തില്‍ രൂപപ്പെട്ടിരുന്നു. കടല്‍ കടന്നെത്തിയവരോട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാട്ടിയ അത്ഭുതം കലര്‍ന്ന ആദരവും വിധേയത്വവും പുതിയ കാലത്ത് കടല്‍ കടന്നെത്തിയ ഉത്പന്നങ്ങളോട് നാം കാട്ടി. നാഷനല്‍ പാനസോണിക്കിന്റെ പാട്ടുപെട്ടിയെ (ടേപ് റെക്കോര്‍ഡര്‍) സാത്ഭുതം ഇമചിമ്മാതെ നോക്കി നിന്ന കാലം മധ്യവയസ്സ് പിന്നിട്ടവരുടെ ഓര്‍മകളിലുണ്ടാകും. സവിശേഷമായ ഈ സാമൂഹിക സാഹചര്യം കണക്കിലെടുത്തു വേണം സമകാലിക മലയാളിയുടെ ഉപഭോഗ രീതികളെയും അതിലേക്ക് അവനെ വലിച്ചാഴ്ത്തുന്ന പ്രലോഭനങ്ങളെയും കാണാന്‍,
1991ല്‍ ഇന്ത്യന്‍ യൂനിയന്റെ ധനകാര്യ മന്ത്രിപദം ഏറ്റെടുത്ത ഡോ. മന്‍മോഹന്‍ സിംഗ്, കമ്പോളങ്ങള്‍ തുറന്നു നല്‍കാന്‍ തീരുമാനിച്ചു. തുറന്ന് നല്‍കലിന്റെ പ്രയോജനം രാജ്യത്തിലേക്ക് പ്രവേശിക്കുന്ന കമ്പനികള്‍ക്കുണ്ടാകാന്‍ പാകത്തില്‍ നയ, നിയമങ്ങള്‍ പരിഷ്കരിക്കാനും നിശ്ചയിച്ചു. കമ്പോളത്തിലേക്ക് ഉത്പന്നങ്ങളെത്തിയാല്‍ മാത്രം പോര, അത് വാങ്ങുന്നതിനുള്ള ശേഷി ജനങ്ങളിലുണ്ടായാല്‍ മാത്രമേ വിപണിയിലധിഷ്ഠിതമായ സമ്പദ്വ്യവസ്ഥക്ക് വിജയിക്കാനാകൂ. ഗൃഹോപകരണ, വാഹന വായ്പകള്‍ ഉദാരമായി വിതരണം ചെയ്യാന്‍ പാകത്തില്‍ നിയമത്തില്‍ മാറ്റം വരുത്തി. അക്കൌണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയാല്‍, ചെക്ക് നല്‍കിയയാളിന് പിഴ ശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി വന്നത് അക്കാലത്താണ്. വിപണി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജമേകുക എന്നതായിരുന്നു ഈ ഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം. പതിനേഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഗൃഹോപകരണ, വാഹന വിപണികള്‍ കൈവരിച്ച വലിയ നേട്ടത്തിനു പിറകില്‍ ഈ ഭേദഗതിയുടെ കരുത്തുണ്ട്.
ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ നയ, നിയമ ഭേദഗതിയിലൂടെ വിപണിക്ക് അവസരം തുറന്നു നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ അതിനു വേണ്ട ഒത്താശ ചെയ്ത് കൊടുത്തു. പരസ്യ വിപണിയിലുണ്ടായ വിസ്ഫോടനം അച്ചടി മാധ്യമങ്ങളുടെ ലാഭത്തില്‍ വലിയ മാറ്റമാണ് വരുത്തിയത്. ആ ലാഭത്തിന് അനുസൃതമായി അവര്‍ വിപണിക്ക് അനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്തു. അച്ചടി മാധ്യമങ്ങള്‍ക്ക് പരിമിതമായ തോതിലെങ്കിലും വരിസംഖ്യയുണ്ടായിരുന്നു. അത് പോലും സ്വന്തമായില്ലാതെ വികസിക്കാന്‍ തുടങ്ങിയ ദൃശ്യമാധ്യമങ്ങള്‍ വിപണിയെ വല്ലാതെ ആശ്രയിച്ചു. വലിയ വീടും ആഡംബര സമൃദ്ധിയുമാണ് അപകര്‍ഷതാ ബോധത്തെ മറികടക്കാനുള്ള വഴിയെന്ന് തെറ്റിദ്ധരിച്ച പുതിയ മലയാളിയെ സമ്മര്‍ദ്ദത്തിലാഴ്ത്തുക എന്നത് ദൃശ്യ മാധ്യമങ്ങളെ സംബന്ധിച്ച് അത്ര പ്രയാസമുള്ള സംഗതിയായിരുന്നില്ല. വീടുകളെക്കുറിച്ചുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാത്ത ചാനലുകള്‍ മലയാളത്തില്‍ കുറവാണ്. മലയാളി വീടുകള്‍ക്കായി നടത്തുന്ന നിക്ഷേപത്തിന്റെ അളവിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാണ് ഇത്തരം പരിപാടികള്‍ ഉണ്ടാകുന്നത്. അറിവ് നല്‍കുക എന്നതിനപ്പുറം പുതിയ വിപണി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത് എന്നതാണ് വാസ്തവം. അതിന് എത്രത്തോളം വ്യാപ്തിയുണ്ടെന്ന് മനസ്സിലാകണമെങ്കില്‍ കേരളത്തിലെ നിര്‍മാണ മേഖല കഴിഞ്ഞ ഒരു ദശകത്തിനിടെ കൈവരിച്ച വളര്‍ച്ച വിലയിരുത്തിയാല്‍ മതി. വീട്ടിലേക്ക് കൊണ്ടുവരുന്ന സാധന സാമഗ്രികളുടെ വിപണിനിര്‍ണയം കൂടി ഇത്തരം പരിപാടികളിലൂടെ നടക്കും. സ്വീകരണ മുറിയിലും കിടപ്പറയിലും വെക്കുന്ന ചെറിയ ടെലിവിഷനുകളെയും ഇരിപ്പു മുറിയില്‍ വെക്കുന്ന എല്‍ ഇ ഡി/പ്ളാസ്മയെയും കുറിച്ച് വിശദീകരിക്കപ്പെടുമ്പോള്‍ വിപണി കടന്നെത്തുകയാണ്. ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുന്നവരില്‍ ടെലിവിഷന്‍ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം ജനിക്കുകയാണ്. ഇതുപോലെ തന്നെയാണ് ഡൈനിംഗ് ഹാളിലെ വലിയ ഫ്രിഡ്ജും കിടപ്പുമുറിയിലെ ചെറിയ ഫ്രിഡ്ജും പരിചയപ്പെടുത്തുക. ആവശ്യകതയോ സൌകര്യമോ നോക്കാതെ ഇതെല്ലാം വാങ്ങിക്കൂട്ടുന്നതിന് തിരക്കുന്ന സമൂഹത്തിന്റെ നിര്‍മിതിയാണ് നടക്കുന്നത്.
ഈ കമ്പോളത്തിലേക്ക് ഒഴുകുന്ന പണത്തിന്റെ പ്രധാന പങ്ക് പ്രവാസികളുടേതാണ് എന്നതാണ് വാസ്തവം. സാംസ്കാരികമോ സാമൂഹികമോ വിദ്യാഭ്യാസപരമോ ആയ ഉന്നമനത്തിന് ചെലവിടുന്നതിനെക്കാള്‍ അധികം പണം ഇത്തരം ഭൌതിക ആഢംബരത്തിനു വേണ്ടി ചെലവഴിക്കപ്പെടുന്നുവെന്നതാണ് വാസ്തവം. ആളോഹരി വരുമാനം കൂടുന്നതിനനുസരിച്ച് ഉപഭോഗത്തിന്റെ അളവും വര്‍ധിക്കുന്നു. ഇത് മനസ്സിലാക്കിത്തന്നെയാണ് വിപണിയെ നിയന്ത്രിക്കുന്നവരുടെ നീക്കങ്ങള്‍. അതിന്റെ പ്രതീകങ്ങളാണ് ഷോപ്പിംഗ് മാളുകള്‍. അവിടം സന്ദര്‍ശിക്കുന്നവരാരും സ്വന്തം ആവശ്യത്തിനനുസരിച്ചുള്ള വാങ്ങലുകളല്ല നടത്തുന്നത്. വലിയ ശേഖരം മുന്നോട്ടുവച്ച് കുറച്ചെങ്കിലും വാങ്ങിപ്പിക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കപ്പെടുന്നു. പരസ്യങ്ങളില്‍ കാണുന്ന വലിയ ആഢംബരങ്ങള്‍ നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്നതാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. ഈ ചേരും പടി ചേര്‍ക്കലിലാണ് ഉപഭോഗാസക്തരായ ഒരു സമൂഹം സുഖമാസ്വദിച്ച് പതഞ്ഞുകിടക്കുന്നത്.
രണ്ട് ലോക സുന്ദരിപ്പട്ടങ്ങള്‍ക്ക് പിറകെ സൌന്ദര്യവര്‍ധക വസ്തുക്കളുടെ വലിയ വിപണി ഇന്ത്യയില്‍ തുറന്നുവെക്കപ്പെട്ടു. സൌന്ദര്യത്തിനു പിറകിലുള്ള പണത്തിന്റെ പങ്കിനെക്കുറിച്ച് ബോധ്യമുണ്ടായ നഗരജനത അവിടേക്ക് ഇരമ്പിയെത്തി. ഈ ഉത്പന്നങ്ങളെ ഗ്രാമങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ദൌത്യം അവരേറ്റെടുക്കുകയും ചെയ്തു. ലോക സുന്ദരി മത്സരങ്ങള്‍ക്കും അതിലെ ജയ പരാജയങ്ങള്‍ക്കും വലിയ പ്രാമുഖ്യം നല്‍കിയ മാധ്യമങ്ങള്‍ ഈ വിപണിവ്യാപനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. സ്വകാര്യത, വ്യക്തി സ്വാതന്ത്യ്രം, സ്ത്രീ പുരുഷ സമത്വം എന്നിങ്ങനെ ആഘോഷിക്കപ്പെട്ട പുതിയ ആശയങ്ങള്‍ക്കെല്ലാമൊപ്പം പുതിയ വിപണികള്‍ വികസിക്കപ്പെട്ടുവെന്നതാണ് വസ്തുത; ലൈംഗിക സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഉദ്ഘോഷത്തിനു പിറകെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം മൂലം ഗര്‍ഭമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഗുളിക വിപണനം ചെയ്യപ്പെട്ടത് പോലെ, ഡിമെന്‍ഷ്യ എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന രോഗത്തിന് അല്‍ഷെമേഴ്സ് എന്ന പുതിയ പേരിട്ട് വിപണനം ചെയ്ത ശേഷം പുതിയ മരുന്ന് വിപണിയില്‍ കൊണ്ടുവന്നത് പോലെ. ഇവക്കെല്ലാം നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ ഏതളവില്‍ സഹായം ചെയ്തുവെന്ന് ആലോചിക്കുക,
2008ല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നതിനെത്തുടര്‍ന്ന് ആരംഭിച്ച സാമ്പത്തിക മാന്ദ്യം കേരളത്തെ വലിയ തോതില്‍ ബാധിക്കുമെന്നാണ് കരുതപ്പെട്ടത്. ഇന്ത്യയെ പൊതുവില്‍ ബാധിച്ച മാന്ദ്യം കേരളത്തില്‍ വലിയ ആഘാതമുണ്ടാക്കിയില്ലെന്നതാണ് വസ്തുത. ഇതര നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചെല്ലാം സംശയങ്ങള്‍ ജനിച്ച പ്രവാസി സമൂഹം ഇന്ത്യയിലെ പൊതു മേഖലാ ബേങ്കുകളുടെ കേരളത്തിലെ ബ്രാഞ്ചുകളെ കൂടുതലായി ആശ്രയിച്ചു. പ്രതിവര്‍ഷം എത്താറുള്ളതിന്റെ ഇരട്ടിയോളം പണം മാന്ദ്യ സമയത്ത് കേരളത്തിലേക്ക് ഒഴുകിയെത്തി. ഇത്രയും ധനം സമാഹരിക്കുന്നതിന് കേരളത്തിലെ ജനതക്ക് വലിയ പ്രയാസമില്ലെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പക്ഷേ, അത് ഉത്പാദന കേന്ദ്രീകൃതമായി വിനിയോഗിക്കുന്നതിനോ സുസ്ഥിരമായ വികസനത്തിന്റെ പാത തുറക്കുന്നതിനോ അവര്‍ക്ക് സാധിക്കുന്നില്ല. അല്ലെങ്കില്‍ അതിലേക്ക് ശ്രദ്ധയൂന്നാന്‍ അനുവദിക്കാത്ത വിധം കമ്പോളവും അതിന്റെ പ്രചാരണക്കൈകളും തടഞ്ഞു നിര്‍ത്തുകയാണ്. അതുകൊണ്ടാണ് നെല്ലിന്റെ ഉത്പാദനം കുറയുകയും അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മാണം കൂടുകയും ചെയ്യുന്നത്. പാലിന്റെയും മുട്ടയുടെയും ഉത്പാദനം കുറയുകയും ലൈംഗിക ഉത്തേജക ഔഷധങ്ങളുടെ നിര്‍മാണം കൂടുകയും ചെയ്യുന്നത്. മലയാളിയുടെ മാധ്യമ സ്ഥലം ഇത്തരം പരസ്യദാതാക്കള്‍ തീറെഴുതി വാങ്ങുന്നത്.

You must be logged in to post a comment Login