യാ റസൂല്‍ – വെളിച്ചത്തിനുമേല്‍ വെളിച്ചം

അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ‘മസല്‍’ (ഉപമ) മിശ്കാത്തിനുള്ളിലെ മിസ്വ്ബാഹെന്ന നിലയില്‍ സംവിധാനിച്ചിരിക്കുന്നു. റസൂലുല്ലാഹി(സ്വ)യുടെ ഖല്‍ബിനോടു വിളങ്ങുന്ന വാരിസുകളുടെ ഖല്‍ബുകളിലേക്കു നാളമായി അതു പകരുന്നു. സ്നേഹത്തിന്റെ തിരികൊണ്ടു സല്‍ഗുണീമണിയായ പ്രപഞ്ചഗുരുവിന്റെ ആത്മനാളത്തില്‍നിന്നു കൊളുത്തിയെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് ആ വെളിച്ചം ലഭിക്കുന്നു. അവര്‍ പ്രകാശിക്കുന്ന ഔലിയാഅ് ആയി ശിഷ്യലോകങ്ങള്‍ക്കു വീണ്ടും വെളിച്ചം പകരുന്നു.
അലിവുള്ളതും അലിഞ്ഞുചേരുന്നതുമായ ഒരു പ്രകാശം അല്ലാഹു അനാദിയില്‍ കൊളുത്തിവച്ചു; ‘നൂറുല്ലാഹി’ എന്ന പ്രകാശത്തെ പുറപ്പെടുവിക്കുന്ന ഒരു വിളക്ക്. സൃഷ്ടികളോട് അലിവുള്ളതും സൃഷ്ടിയിലെല്ലാം അലിഞ്ഞുചേര്‍ന്നതുമായൊരു പ്രകാശമായിരുന്നു അതില്‍നിന്ന് പ്രസരിച്ചിരുന്നത്. വെളിച്ചത്തെ മറച്ചുപിടിക്കാന്‍ മാത്രം ഹതഭാഗ്യരായവര്‍ക്കാ വെളിച്ചത്തെ ഇന്നും കാണാനായിട്ടില്ല. വെളിച്ചത്തിന്റെ അലിവുതേടിയവര്‍ ആ വെളിച്ചം പരമാവധി താന്താങ്ങളുടെ ആത്മദീപമായി കൂടുതല്‍ പ്രകാശിപ്പിച്ചു.
പ്രപഞ്ചത്തിലെ സൃഷ്ടിരഹസ്യങ്ങളെല്ലാം മുഴുകുന്ന ‘ദാഇറത്തുല്‍ കൌന്‍’ എന്ന ഉണ്‍മയുടെ ചാക്രികപ്രദക്ഷിണത്തിന്റെ താളവും സ്വരവും നന്നായി ഉരുത്തിരിഞ്ഞു ലഭിക്കണമെന്ന് ആത്മോപാസകര്‍ അതിരറ്റ് ആഗ്രഹിച്ചു. പ്രപഞ്ചത്തിലെ വെളിച്ചം പ്രസരിക്കുന്ന സകലതുറസ്സുകളിലും വെളിയടകളിലും നെരിപ്പോടുകളിലും, മറകളെ കുത്തിക്കീറി ആണ്ടിറങ്ങുന്ന നിഖിലപ്രകാശരേണുക്കളിലും മഖാമുന്‍മഹ്മൂദ് വരെ വിളങ്ങുന്ന ആ സത്താപ്രകാശത്തിന്റെ ഉറവിടം അവര്‍ തിരഞ്ഞു. തിരച്ചില്‍ സാര്‍ത്ഥകമാകാന്‍ വിശുദ്ധഖുര്‍ആന്‍ തന്നെ അവര്‍ക്കു വെളിച്ചംകാട്ടി.
“അല്ലയോ തിരുനബീ, താങ്കളെ നാം അയച്ചത് സാക്ഷിയും സുവാര്‍ത്ത നല്കുന്നവനും മുന്നറിയിപ്പുകാരനും ആയിട്ടാണ്. അതോടൊപ്പം അല്ലാഹുവിലേക്കു വിളിക്കുന്നവനും പ്രകാശിക്കുന്നവിളക്കമായിട്ടാണ്.”” (അഹ്സാബ് 45-46)
പരിശുദ്ധനാഥന്റെ വെളിച്ചം പ്രപഞ്ചത്തിന്റെ മേലാപ്പായി, വളര്‍മയുടെയും ഊര്‍ജ്ജത്തിന്റെയും അവശ്യതാപത്തിന്റെയും പ്രാപഞ്ചികഘടകമായി ഓരോതുടിപ്പിലും ഒളിവെട്ടിയിരുന്നു. നിഴലുകളുടെ വലിപ്പമായിരുന്നു അതിന്റെ അളവുകോല്‍. പ്രാചീനകാലം മുതല്‍ മനുഷ്യരാശി നിഴലുകളുടെ വെളിച്ചക്കോല്‍കൊണ്ടാണ് സമയത്തെപ്പോലും അളന്നത്. ഒരു ‘സൂര്യനെ’ അതിനൊക്കെ തെളിവാക്കിവച്ചുവെന്നു വിശുദ്ധ ഖുര്‍ആന്‍ സുറത്തുല്‍ ഫുര്‍ഖാനിന്റെ 45-ാം ആയത്തിലൂടെയും പ്രഖ്യാപിച്ചു. ഏതു സൂര്യനാണത് ? ഖുര്‍ആന്‍ സൂചിപ്പിച്ച ആ നിഴലുകളുടെ യാഥാര്‍ത്ഥ്യമെന്താണ്?
“അങ്ങയുടെ നാഥന്റെയടുക്കല്‍ നിഴലിനെ എങ്ങനെയാണ് നീട്ടിയതെന്നു തിരുനബീ താങ്കള്‍കണ്ടില്ലയോ? അവനുദ്ദേശിച്ചാല്‍ അതിനെ അടക്കിയൊതുക്കാമായിരുന്നു. പിന്നെയതിനു തെളിവായിട്ടൊരു സൂര്യനെയും നിശ്ചയിച്ചു.””(അല്‍ഫുര്‍ഖാന്‍ -45)
പ്രാപഞ്ചികനിര്‍മിതിയില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന നമ്മുടെ രാശിമണ്ഡലത്തിലെ വെറുംസൂര്യനാണതെന്നു പറഞ്ഞാല്‍ ശൈഖ് അബൂബക്കറിബ്നുല്‍ അറബി(റ)യെയും അബ്ദുസ്സലാമിബ്നു ബശീശ്(റ)നെയും പോലുള്ള, വെളിച്ചത്തിന്റെ പ്രതാപം ആത്മനേത്രങ്ങള്‍കൊണ്ടു ദര്‍ശിച്ച മഹാന്‍മാര്‍ സമ്മതിക്കില്ല. കാരണം നാം നമ്മുടെ വെറും കണ്ണടക്കുക. ശരീരത്തിന്റെ കൊച്ചുകണ്ണ് ഒരല്പം അകമിയനയനങ്ങളുടെ വെളിച്ചത്തിനു കീഴടങ്ങട്ടെ. മനസ്സിന്റെ നേത്രം കൊണ്ട് ഇനി നാം നിഴലിനെയും വെയിലിനെയും ധ്യാനിക്കുക. 

പ്രപഞ്ചസാകല്യത്തിന്റെ കാണാത്ത അറ്റങ്ങളിലൊക്കെ അല്ലാഹു അവന്റെ പ്രകാശത്തെ വിരിച്ചിരിക്കുന്നു. ഒരു വെറും സൂര്യന്റെ വെളിച്ചമല്ലത്. ‘അല്ലാഹു നൂറുസ്സമാവാത്തി…’(ആയത്തുന്നൂറിനെയും ഉള്ളിലടയിരുത്തുക) സകല ആകാശങ്ങള്‍ക്കും നമ്മുടെ ഭൂമിക്കും അഖിലാണ്ഡമണ്ഡലത്തിനും വെളിച്ചംനല്കുന്ന ആസ്തിക്യപ്രകാശം! ആ പ്രകാശം ചെന്നെത്തുന്ന വിതാനങ്ങളിലൊക്കെയും നിഴലുകളുണ്ട്. ഗോളങ്ങളുടെ നിഴല്‍ അതിന്റെ വെളിച്ചത്തിനെതിരില്‍ വിരിഞ്ഞുകിടപ്പുണ്ട്. വെളിച്ചത്തിന്റെ മുഖപ്പിനു സംഭവിക്കുന്ന ചലനമനുസരിച്ച് നിഴല്‍ ഓടിക്കളിക്കുന്നു. പ്രപഞ്ചാധിനാഥനു വേണമെങ്കില്‍ അതിനെ ഒതുക്കിക്കെട്ടിയിടാമായിരുന്നു. പക്ഷേ ഖിയാമഃ എന്ന അറ്റംവരെ അതുചെയ്യാന്‍ അല്ലാഹു തയ്യാറല്ല. നിഴലിന്റെ നിതാന്തഗൌരവം മനസ്സിലാക്കണമെങ്കില്‍ നാം സൂര്യപ്രകാശത്തില്‍ കൊടുമുടികളുടെ മറവില്‍ നിന്നുനോക്കണം. പക്ഷേ ആ നിഴലുകളെക്കാള്‍ അനന്തഭീകരമായിരിക്കും അനന്തക്ഷീരപഥങ്ങളില്‍ വെളിച്ചത്തെ അളക്കാന്‍ പാഞ്ഞുനടക്കുന്ന നിഴലുകള്‍.
ആ നിഴലുകള്‍ സാക്കിനായിപ്പോയാല്‍ എന്തു സംഭവിക്കും?
അതിനുമുമ്പേ വെളിച്ചം എല്ലാം അണയ്ക്കപ്പെടും. സമയം നിശ്ചലമാകും. പ്രകാശത്തിന്റെവേഗത തോല്പിക്കപ്പെടും. പ്രപഞ്ചംമുഴുക്കെ പഞ്ചപുഛമടക്കി നില്ക്കും. അങ്ങനെ വല്ലപ്പോഴും സംഭവിച്ചിട്ടുണ്ടോ? ആലോചിച്ചുനോക്കൂ…
ഉണ്ടെന്നാണു ഖുര്‍ആന്‍ സമര്‍ത്ഥിക്കുന്നത്. പ്രപഞ്ചഗുരു മുസ്ത്വഫാ(സ്വ)ക്ക് അല്ലാഹു ഇസ്റാഉം മിഅ്റാജും സാധ്യമാക്കിയ നാള്‍. പ്രപഞ്ചം നിശ്ചലമായി. പ്രകാശം തോല്പിക്കപ്പെട്ടു. സമയക്രമം തെറ്റി.
അതിനാല്‍ ഒന്നുറപ്പ്. പ്രപഞ്ചം സൃഷ്ടിച്ചതിനു മുമ്പു പ്രവാചകന്റെ ഒളിവുത്ഭവം ഉണ്ടായിട്ടുണ്ട്. അല്ല, അതില്‍നിന്നാണു പ്രപഞ്ചംതന്നെ അല്ലാഹു ചമയിച്ചൊരുക്കിയത്. പക്ഷേ ‘പിന്നീടൊരു സൂര്യനെ നാം അതിനു തെളിവാക്കി’ എന്നുപറഞ്ഞാല്‍, നൂറുല്ലാഹിയെയും സാധാരണവെളിച്ചത്തെയും അനന്തകോടി താരകള്‍ ജ്വലിക്കുന്ന പ്രപഞ്ചത്തെയും എല്ലാം പടച്ചശേഷം എന്ന ഒരുസൂചന ആ പിന്നീട് (സുമ്മ) എന്ന വാക്കിനില്ലേ? ഉണ്ടെങ്കില്‍ ആ പിന്നീട് തെളിവാക്കി വച്ച ആ സൂര്യനേതാണ്? അല്ല, ആ വാക്കിന് അങ്ങിനെ അര്‍ത്ഥമില്ലെങ്കില്‍ നിഴലിനെ പടച്ചശേഷമാണോ അല്ലാഹു സൂര്യനെ നിര്‍മിച്ചത്? നമ്മുടെ ഉള്ളറകളില്‍ തെളിവായ ആ സൂര്യന്റെ തെളിവു തെളിയട്ടെ. അതിനാണ് ഇത്രയും പറഞ്ഞത്.
തെളിവുകളില്‍ നിന്നേ മനുഷ്യരുടെ നയനങ്ങളും നിയമങ്ങളും സാക്ഷ്യം സ്വീകരിക്കുകയുള്ളൂ. വാസ്തവത്തില്‍ നമ്മുടെ കാഴ്ചയുടെ വെളിച്ചത്തെ വെട്ടിമുറിക്കുന്ന മറ തന്നെയാണത്. എങ്കിലും മനുഷ്യരുടെ സാധാരണനിലകളെ പരുങ്ങലിലാക്കാതിരിക്കാന്‍ നമുക്കുലഭിക്കുന്ന ഇലാഹീയായ സഹായം തന്നെയാണത്. അതിനാല്‍ റസൂലുല്ലാഹിയില്‍ നിന്നു വെളിപ്പെടുന്ന നൂറുല്ലാഹിയുടെ വെളിച്ചത്തിലൊരംശം ദലീല്‍ എന്ന തെളിവുകൂടിയാണെന്ന വിവരം നമ്മുടെ ശഹാദത്തിന്റെ നിലത്തു വിത്താക്കിവയ്ക്കുക. നാളെയത് ആത്മാവിന്റെ പ്രകാശമായി കായ്ക്കാതിരിക്കില്ല.
ആ ദലീലിനെത്തന്നെയാണ് അല്ലാഹു ‘സിറാജന്‍ മുനീറന്‍’ എന്ന പേരിലും സംസ്ഥാപിച്ചിട്ടുള്ളത്. സൂറത്തുന്നൂര്‍ നോക്കുക. അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ‘മസല്‍’ (ഉപമ) മിശ്കാത്തിനുള്ളിലെ മിസ്വ്ബാഹെന്ന നിലയില്‍ സംവിധാനിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂലിന്റെ ഖല്‍ബ് ആണ് ആ വിളക്കെന്ന് ‘മൌസൂആത്ത് യൂസുഫിയ്യയില്‍’ നൂറിനെ വിശദീകരിക്കുന്നേടത്തു കാണുന്നു. റസൂലുല്ലാഹി(സ്വ)യുടെ ഖല്‍ബിനോടു വിളങ്ങുന്ന വാരിസുകളുടെ ഖല്‍ബുകളിലേക്കു നാളമായി അതു പകരുന്നു. സ്നേഹത്തിന്റെ തിരികൊണ്ടു സല്‍ഗുണീമണിയായ പ്രപഞ്ചഗുരുവിന്റെ ആത്മനാളത്തില്‍നിന്നു കൊളുത്തിയെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് ആ വെളിച്ചം ലഭിക്കുന്നു. അവര്‍ പ്രകാശിക്കുന്ന ഔലിയാഅ് ആയി ശിഷ്യലോകങ്ങള്‍ക്കു വീണ്ടും വെളിച്ചം പകരുന്നു.
ആ വെളിച്ചത്തെ ജ്ഞാനമെന്നോ, വഴിയെന്നോ, ശിഫാഅ് എന്നോ, ഹിദായത്തെന്നോ എന്തു വിളിച്ചാലും ശരി, അഭിവാഞ്ചയുള്ളവനു വേണ്ടി തെളിയിക്കപ്പെട്ട പളുങ്കിന്റെ സുതാര്യതയുള്ള (സുജാജത്ത്) അനന്തരങ്ങളിലേക്കു പകര്‍ന്നെടുക്കാവുന്ന വിളക്കിന്റെ നാനാമുഖമായൊരു (ലാ ശര്‍ഖിയത്തിന്‍ വലാ ഗര്‍ബിയ്യഃ) വെളിച്ചമാണത്. ഹുബ്ബുര്‍റസൂല്‍ ആണതിന്റെ സൈത്ത് (എണ്ണ). ശാഖകളില്‍ നിന്നു ശാഖകളായി പിരിഞ്ഞും തിരിഞ്ഞും പോകുന്ന റബ്ബാനിയ്യത്തിന്റെ എണ്ണപുരണ്ട മുഹമ്മദീയതയുടെ ‘ശജറത്തുന്‍ മുബാറക്ക’ (ശജറത്തുന്‍ ത്വയ്യിബഃ – വിശുദ്ധവചനത്തിന്റെ ഉപമയായി വിശുദ്ധഖുര്‍ആന്‍ സൂറഃ ഇബ്റാഹിം 24-ാം ആയത്തില്‍ പറഞ്ഞതു നോക്കുക) ആണത്. നിലനില്‍പിന്റെ ആധാരമായ ‘ലാ ഇലാഹ ഇല്ലല്ലാഹി’യുടെ നൂര്‍ പ്രഭവംചെയ്യുന്ന കടവരെ ആ എണ്ണ ഒളിതിളങ്ങി (യകാദു സൈത്തുഹാ യുളീഉ) എത്തുന്നു. എന്നാല്‍ അടിസ്ഥാനപ്രകാശത്തിന്റെ സത്തയെ അതു സ്പര്‍ശിക്കുന്നില്ല (വലൌലം തംസസ്ഹു നാറുന്‍). അഥവാ മുഹമ്മദ്(സ്വ)മിന്റെ പ്രകാശം അല്ലാഹുവിന്റെ സത്തയുടെ പ്രകാശമല്ല. രണ്ടുംകടയില്‍ വേറിട്ടാണു നിലകൊള്ളുന്നത്. എന്നാല്‍ നിലകൊള്ളുന്നതോ ‘നൂറുന്‍ അലാ നൂര്‍’ എന്ന പ്രോജ്ജ്വലതയുടെ നിദര്‍ശനമായും.
അല്ലാഹുവിന്റെ പ്രകാശത്തിന്റെ മാനുജനിവഹത്തിനുള്ള ക്രമീകരണിയായി ‘ദലീലും മസലു’മായി അല്ലാഹുതന്നെ മുസ്ത്വഫാ(സ്വ)യെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലാത്തപക്ഷം ഇലാഹിയായ പ്രകാശത്തിന്റെ അതിതാപം താങ്ങാനാകാതെ സൃഷ്ടിലോകം വെന്തമര്‍ന്നുപോകും. അത്രതന്നെ. അത്രമാത്രമേ ‘സിറാജുന്‍ മുനീര്‍’ എന്ന പ്രദീപ്തതയെ വിശദീകരിക്കാന്‍ ഈയുള്ളവനു കഴിയൂ. അതിനപ്പുറം കടക്കുവാന്‍ ധ്യാനത്തിന്റെയും ബുദ്ധിയുടെയും തെളിമ വറ്റിത്തളര്‍ന്ന മനസ്സുകൊണ്ടു സാധ്യമല്ല.
നാറു നൂറായി പകര്‍ന്ത റസൂലേ…
നാമമോ സുല്‍ത്വാനുല്‍ അമ്പിയാവേ…
നാലു ദിക്കും നിറൈന്ത ഹബീബേ…
നാള്‍ക്കു നാളായ് തപിക്കുന്നു ഞാനേ…”
എന്ന കവിതാ വരികള്‍ മനസ്സില്‍ അലയടിക്കുന്നു.
ആ വെളിച്ചം സ്വീകരിക്കാനാവുമെന്നല്ലാതെ അളക്കാനോ വ്യവഹരിക്കാനോ സാധ്യമല്ല. പ്രപഞ്ചംതന്നെ വിസ്മയിച്ച പ്രകാശത്തിന്റെ അധ്യായമാണത്. ആ വിസ്മയം നമ്മുടെ ഉള്ളില്‍കൊളുത്തി പ്രകാശിപ്പിക്കുകയല്ലാതെ കൂടുതല്‍ അതിനെക്കുറിച്ചു ചിന്തയില്‍ അപഗ്രഥനം നടത്തി വെളിച്ചത്തിനെതിരില്‍ മറയുണ്ടാക്കരുത്. പ്രവാചകപ്രകാശം അനന്തവും നമ്മുടെചിന്ത വളരെ വ്യാപ്തി കുറഞ്ഞതുമാണ്.
വിസ്മയംപോലും തിരുനബിയെ അളക്കാനാവുന്ന അളവുകോലല്ല. പരിധികള്‍ അനവധിയുള്ള വാക്കുകള്‍കൊണ്ട് നാം പലതും പറഞ്ഞുകുഴങ്ങുക മാത്രമാണ്; അതും നമ്മുടെ അഹന്തനിറഞ്ഞ കേവലമായ ചിന്തകൊണ്ട്. പ്രാചീന യുക്തിജ്ഞാനി അരിസ്റോട്ടിലിനു ചിന്തകൊണ്ടു ലോകംമുഴുവന്‍ അളക്കാനാവുമെന്നും എല്ലാറ്റിനെയും അറിയാന്‍ ചിന്തമാത്രം മതിയെന്നുമുള്ള അഹങ്കാരമുണ്ടായിരുന്നു. അദ്ദേഹം ചിന്തയുടെ ഗര്‍വ്വില്‍ പ്രാപഞ്ചികരഹസ്യങ്ങളുടെ തനതുണ്‍മയെ പലതിനെയും അപഹസിക്കാനും തുടങ്ങി. അപ്പോള്‍ അക്കാലത്തെ ഒരു ദൈവജ്ഞാനി ഒരു പണിചെയ്തു.
കടല്‍തീരത്തുകൂടിയുള്ള സഞ്ചാരം അരിസ്റോട്ടിലിന് എന്നുംരാവിലെ നിര്‍ബന്ധമാണ്. ഒരു ദിവസമതാ കടല്‍തീരത്ത് ചെറിയൊരുകുഴിയുണ്ടാക്കി ഒരാള്‍ സ്പൂണു കൊണ്ടു കടല്‍വെള്ളം കോരി കുഴിയിലങ്ങനെ നിറയ്ക്കുന്നു. ആ പണി കണ്ട് അരിസ്റ്റോട്ടില്‍ അയാളോടു ചോദിച്ചു:
“എന്താണു ഹേ താങ്കള്‍ ചെയ്യുന്നത്?”
ഞാന്‍ കടല്‍വെള്ളം മുഴുവന്‍ ഈ കുഴിയിലേക്കു കോരിയൊഴിക്കുകയാണ്.”
“വിഢ്ഢിത്തം പറയാതെ. അതു നടപ്പില്ല..””
ആ മനുഷ്യന്‍ ഉടനെ അരിസ്റോട്ടിലിനോടു പറഞ്ഞു:
അതിലും വലിയവിഢ്ഢിത്തമല്ലേ നിങ്ങള്‍ചെയ്യുന്നത്? താങ്കളുടെ ചെറിയതലയിലേക്കു പ്രപഞ്ചത്തിലെ എല്ലാകാര്യങ്ങളും ചിന്തയെന്ന സ്പൂണുകൊണ്ട് കോരിയൊഴിക്കാനല്ലേ അങ്ങയുടെശ്രമം? അതെങ്ങനെ നടക്കും? അതല്ലേ വിഢ്ഢിത്തം?”
അരിസ്റോട്ടില്‍ തലകുനിച്ചു.
അതുകൊണ്ടാണു വെളിച്ചമില്ലാത്ത വാക്കുകള്‍കൊണ്ട് നമുക്കു പ്രപഞ്ചത്തിലെ കരുണയുടെപ്രകാശത്തെ വിശദീകരിക്കാനാവില്ലെന്നു പറഞ്ഞത്. നാം പരമനിസ്വര്‍. നമ്മളെക്കാള്‍ വെളിച്ചംലഭിച്ച തിരുസ്വഹാബത്തിലെ കേമന്‍മാര്‍പോലും പ്രവാചകദീപ്തിയെ അളക്കാനാവാതെ തളര്‍ന്നിട്ടുണ്ട്. റസൂലുല്ലാഹി(സ്വ)മിന്റെ വിരഹദുഃഖം താങ്ങാനാകാതെതളര്‍ന്ന ഹസ്സാന്‍ ബിന്‍സാബിത്(റ) കണ്ണുനീരൊഴുക്കിക്കൊണ്ടുപാടി:
“എല്ലാശേഷിപ്പുകളും നാമാവശേഷമാവുകയും മങ്ങുകയും ചെയ്യുമ്പോള്‍ ഈ പുണ്യനാട്ടില്‍ നബി(സ്വ)യുടെ ഓര്‍മകളുണര്‍ത്തുന്ന ശേഷിപ്പുകളെല്ലാം പ്രകാശിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധനഗരിയിലെ ആയത്തുകള്‍ ഒരിക്കലുംമായില്ല. എന്റെ തിരുനബി കയറിനിന്ന മാര്‍ഗ്ഗദര്‍ശനത്തിന്റെ മിമ്പറുണ്ടവിടെ; മറ്റുപല ദൃഷ്ടാന്തങ്ങളും അടയാളങ്ങളും നബി(സ്വ)മിന്റെ മുസ്വല്ലായും പള്ളിയും ഖമീസുമുണ്ടവിടെ. ഇലാഹിന്റെ സന്നിധാനത്തുനിന്ന് പ്രദീപ്തവാക്യങ്ങളിറങ്ങുന്ന മുറികളും അവിടുണ്ട്. അവയളക്കാനും തിട്ടപ്പെടുത്താനും ഞാനാര്? എനിക്കുവയ്യ! ഞാന്‍ തളരുകയാണ്.”
തിരുമേനിയുടെ ദീപ്തി അവിടുന്നു സ്പര്‍ശിച്ച വസ്തുക്കളില്‍ വരെ വിളങ്ങി നിന്നിരുന്നെന്ന് ഹസ്സാന്‍ (റ)വിന്റെ കവിതയിലൂടെ വ്യംഗ്യമായി മനസ്സിലാകുന്നുണ്ട്. ഇമാം ബൂസീരി(റ) വെളിച്ചമായും വിളക്കായും പൂര്‍ണചന്ദ്രനായും പുണ്യപ്രവാചകനെ വിളിച്ച മഹിതവിശേഷണങ്ങള്‍ നമുക്കറിയാം. പ്രവാചകനോടുള്ള ദിവ്യാനുരാഗത്തിന്റെ വെളിച്ചംസ്വീകരിച്ച അവരുടെ ആത്മാക്കള്‍ പ്രേമപ്രവാചകന്റെ ദര്‍ശനഭാഗ്യം ലഭിച്ച ഹഖീഖത്തിന്റെ തുറസ്സുകളില്‍ സ്മരണയുടെ പ്രകാശവും കണ്ടിരിക്കുമ്പോള്‍ ലഭിച്ച ആനന്ദനിര്‍വൃതിയാണ് കവിതയായി ഒലിച്ചിറങ്ങിയത്. ശഹാദത്തിന്റെ ലോകത്തുനിന്ന് അനുരാഗമധു ഒരിറ്റു ചുരണ്ടിയെടുത്തു കവിതയുടെ തണുത്തനീരൊഴുക്കുകളില്‍ അവരതുചാലിച്ചു. മധുരം ലഭിക്കാന്‍ നാമത് എന്നും പാരായണംചെയ്യുന്നു. പരിപൂര്‍ണപ്രകാശമെന്നും ചന്ദ്രനെന്നും താരകങ്ങളുടെ നായകനെന്നും നാം ആ ലോകൈകഗുരുവിനെ വിളിക്കുമ്പോള്‍ വെളിച്ചത്തിന്റെ കൊച്ചുതരികള്‍ നമ്മുടെവാക്കുകളെയും പുല്‍കുന്നുണ്ട്.
കേരളത്തിലെ പള്ളിദര്‍സുകളില്‍ ഒരുകാലത്ത് വളരെ വ്യാപകമായിരുന്ന ശൈഖ് മുഹമ്മദ്ബ്നു അബൂ അബ്ദില്ലാഹി വാഇളില്‍ ബഗ്ദാദി(റ)യുടെ ഖസീദത്തുല്‍ വിത്രിയ്യയില്‍ നോക്കുക:
(മഹാമനീഷികളായ സമസ്തപ്രവാചകരുടെയും സവിശേഷതകളഖിലവും ഒരൊറ്റപ്പഞ്ജരത്തില്‍ ചൂടിയ ശ്രേഷ്ഠപുംഗവനല്ലയോ അങ്ങ്! ഖുര്‍ആന്‍പറഞ്ഞ ഒളിപരത്തുന്ന വിളക്കും, ചിരസാക്ഷിയും സുവനവാര്‍ത്തയുടെ അറിയിപ്പുകാരനും! ഘനാന്ധകാരത്തിലെങ്ങാന്‍ അവിടുത്തെ പ്രദീപ്തവദനം വെളിപ്പെട്ടാല്‍ പൂര്‍ണചന്ദ്രപ്രകാശമായിക്കാണാം. എന്റെസുഹൃത്തേ, ചന്ദ്രനുദിച്ചാല്‍ അതിന്റെ വെളിച്ചത്തെക്കുറിച്ചിനി സംശയം വല്ലതും ബാക്കിയുണ്ടോ?)
മുസ്സ്വന്നിഫ് ആരാണെന്ന് ഈ ലേഖകന് കൃത്യമായി അറിയാത്ത ‘ഫത്ഹുസ്സ്വമദ് ഫീ മഅ്രിഫത്തി ഖൈറുല്‍ ഉംദ്’ എന്ന തസ്വവ്വുഫിന്റെ സാത്വികപ്രകാശം വല്ലാതെ വരികളില്‍ നിക്ഷേപിക്കപ്പെട്ട കൃതിയില്‍ ഇങ്ങനെകാണാം : (ആത്മാവിന്റെ പ്രകാശലോകത്തെ ജ്ഞാനങ്ങള്‍ സജ്ജനങ്ങള്‍ക്ക് വിരുന്നൂട്ടിയ ആത്മജ്ഞാനിയായി വിളങ്ങിവിരാജിച്ച ‘മുഹമ്മദുല്‍ ഫുവാരി(റ)’യിലേക്ക് ചൂണ്ടുന്ന ഒരുവാചകം കവിയുടെ വരികള്‍ക്കിടയിലുണ്ട്. ഫുവാരിയെന്ന മഅ്റൂഫ് ആയ മഹാന്‍ പറഞ്ഞതാണിത് എന്ന സൂചനയില്‍നിന്നാണ് അതുകരുതുന്നത്)
“എന്റെ പ്രിയനായകാ, അങ്ങല്ലയോ പ്രശോഭിതമായ ആ വിളക്ക്! അങ്ങേക്കു സമതുലിതനായി ആരുണ്ട്? ഹൃദയാന്തരാളങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകുമ്പോള്‍ അങ്ങയിലേക്കല്ലോ പുകഴ്നായകാ, ഞങ്ങളെത്താറുള്ളത്? സന്തോഷവൃത്താന്തത്തിന്റെ തോഴരേ,  ജനങ്ങളുടെ ഗുരുവായി, മനുഷ്യരെ ശുദ്ധീകരിക്കുന്നവനായി, സകലമനുഷ്യരുടെയും ആത്മാവായി, അവരോട് മൃദുത്വംകാണിച്ച സഹായിയായി അങ്ങയുടെ വളര്‍മയുണ്ടായി”.
അതുകൊണ്ട് നമ്മുടെ വെളിച്ചങ്ങള്‍ക്കെല്ലാം ദലീലും മസലുമായി അല്ലാഹു നിശ്ചയിച്ച ‘സിറാജുന്‍ മുനീര്‍’ എന്ന ലോകൈകവിളക്കിന്റെ പ്രേമപ്രകാശത്തിന്റെ നിഴലുകളായി നമുക്ക് എന്നും വെളിച്ചത്തിന്റെ വിളക്കത്തിരിക്കാം. അല്ലെങ്കിലും വെളിച്ചത്തിരിക്കേണ്ടതും വിളക്കത്തിരിക്കേണ്ടതും എന്നും നിഴലുകള്‍തന്നെയല്ലേ? നിഴലുകള്‍ നീണ്ടു കിടക്കാത്തിടത്ത് വെളിച്ചത്തിന്റെ തരിപോലുമുണ്ടാവില്ലല്ലോ. ഘനാന്ധകാരം മാത്രമേ നിഴലുകള്‍ക്കും അപ്പുറത്തുണ്ടാകൂ. നമ്മുടെവെളിച്ചത്തിന് മറയില്ലാതിരിക്കട്ടെ.
സത്യവിശ്വാസത്തിന്റെ അന്തസ്സുള്ളപ്രകാശം നമ്മളില്‍ കെടാതിരുന്നാല്‍ സമയത്തിന്റെ ആവശ്യമനുസരിച്ച് പ്രകാശിക്കുന്ന ചെറുസൂര്യന്‍മാരായി നമ്മളും ജ്വലിക്കും. ദാര്‍ശനിക കവിയായ അല്ലാമാ ഇഖ്ബാല്‍ തന്റെ ‘ശിക്വ’യില്‍ പാടി:
“ലോകത്തെ സത്യവിശ്വാസികള്‍ ജ്വലിക്കുന്ന സൂര്യനെപ്പോലെയാണ്. മങ്ങിക്കൊണ്ട് അത് അസ്തമിച്ചാലും പിറ്റേന്ന് പ്രകാശിച്ച് ഉദിച്ചുയരും…”

You must be logged in to post a comment Login