അവര്‍ ആത്മഹത്യാ വിസയില്‍ വന്നവരായിരുന്നില്ല

ജീവിക്കാന്‍ വേണ്ടി വരികയും ഒടുവില്‍ സ്വയം മരിച്ച് ശവപ്പെട്ടിയില്‍
നാട്ടിലേക്കു തിരിക്കുകയും ചെയ്യുന്നവര്‍, ജീവിതത്തില്‍ ശേഷിക്കുന്നവരെ ഓര്‍മിപ്പിക്കുന്നതെന്താണ്?

ടി എ അലി അക്ബര്‍


ഗള്‍ഫ് നാടുകളിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടുത്ത കാലത്തായി ഒരു നല്ല കാര്യം ചെയ്തു. അതതു രാജ്യങ്ങളില്‍ വെച്ച് ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. സ്വയം ജീവനൊടുക്കുന്നവരുടെ വാര്‍ത്തകള്‍ തുടരെത്തുടരെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വന്ന പശ്ചാത്തലത്തിലാണ് സ്വയം ഹത്യയുടെ കണക്കുകള്‍ തേടാന്‍ മാധ്യമ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ഇങ്ങനെ സ്വയം തീര്‍ക്കാന്‍ തീരുമാനിച്ച്, മൃതദേഹം അവശേഷിപ്പിച്ച് പോകുന്നവരുടെ ഏകദേശ കണക്കെങ്കിലും ഇന്ത്യന്‍ എംബസികളില്‍ ലഭ്യമാകുന്നുവെന്നതില്‍ ആശ്വസിക്കാം. ഉടലില്‍ ഉയിരോടെയിരിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവരങ്ങളൊന്നും ഈ നയതന്ത്ര കാര്യാലയങ്ങളുടെ അകങ്ങളില്‍ ഇല്ല എന്ന് ചേര്‍ത്തു വായിക്കുക.
ലഭ്യമായ കണക്കുകള്‍ ഭീതിജനകമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ യു എ ഇയിലെ അബൂദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ മാത്രം 35 ഇന്ത്യക്കാര്‍ ആത്മാഹുതി നടത്തി. ഒമാനില്‍ മരിച്ചത് 25 പേര്‍. സഊദിയിലും മരണം തിരഞ്ഞെടുക്കുന്ന ഭാരതീയരുടെ സംഖ്യ പിറകിലായിരുന്നില്ല. ആത്മഹത്യാനിരക്കു വളരുന്ന മറ്റൊരു ഗള്‍ഫ് രാജ്യം ബഹ്റൈനാണ്. ഖത്തറിലും കുവൈത്തിലും ഗൌരവമുള്ള ഒരു വാര്‍ത്തയായി ഇന്ത്യക്കാരുടെ ആത്മഹത്യകള്‍ ഇടം പിടിച്ചിട്ടില്ലാത്തതില്‍ ആശ്വസിക്കാം.
മരിക്കുന്നവരില്‍ ഏറെ മുന്നില്‍ മലയാളികള്‍ തന്നെയാണ്. വളരെ പിറകിലാണെങ്കിലും രണ്ടാംസ്ഥാനത്ത് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടുകാരും പിന്നീട് ആന്ധ്ര സംസ്ഥാനക്കാരുമാണ്. സഊദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം സ്വയം മരിച്ച ഇന്ത്യക്കാര്‍ 203 പേരാണ്. ഈ രാജ്യത്ത് ആകെ ആത്മഹത്യ ചെയ്തവരില്‍ 43 ശതമാനവും ഇന്ത്യക്കാര്‍. ഇതില്‍ 40 ശതമാനത്തിനു മുകളില്‍ മലയാളികളായിരുന്നുവെന്ന് അനുമാനിക്കുന്നു.
മരണത്തിന്റെ കണക്കു പുസ്തകങ്ങള്‍ ഇപ്രകാരം ചില അക്കങ്ങള്‍ മനുഷ്യരെ പേടിപ്പെടുത്തുംവിധം പുറത്തു വിടുമ്പോള്‍, ഗള്‍ഫ് നാടുകളിലെ വാര്‍ത്താ മാധ്യമങ്ങളും സാമൂഹിക സംഘടനകളും നയതന്ത്ര കാര്യാലയങ്ങള്‍ തന്നെയും ചില ഉണര്‍വുകളിലേക്കു തിരിഞ്ഞിട്ടുണ്ട്. ആത്മഹത്യയുടെ മുനമ്പുകളില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാകുന്നു എന്നോ അവര്‍ക്ക് ഇങ്ങനെ തീരുമാനിക്കേണ്ടി വന്ന സാഹചര്യത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നു എന്നോ അല്ല, സ്വന്തം ജീവനൊടുക്കുന്നവരുടെ സംഖ്യ ജീവിച്ചിരിക്കുന്നവരുടെ മനസ്സുകളെ മുറിപ്പെടുത്തുന്നു എന്നതില്‍ തന്നെ ഒരു ഉണര്‍വുണ്ട്.
‘പ്രയാസത്തില്‍ നിന്നുള്ള പ്രവാസ’ത്തിനായി യാത്ര പുറപ്പെടാന്‍ തീരുമാനിച്ചവരാരും ഇവിടെ മരണ വിസയില്‍ വന്നവരായിരുന്നില്ല എന്നതാണ് തിരിച്ചറിയപ്പെടേണ്ട വസ്തുത. ജീവിക്കാന്‍ വേണ്ടിയുള്ള തൊഴില്‍ വിസയിലായിരുന്നു ഇവരൊക്കെയും ഇങ്ങോട്ടു വിമാനം കയറിയത്. വിനിമയ നിരക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ദിര്‍ഹമും റിയാലും ദിനാറുമെല്ലാം ഇന്ത്യന്‍ രൂപയിലേക്കു മാറ്റി കണക്കുകള്‍ കൂട്ടിക്കിഴിച്ചും വെട്ടിയും തിരുത്തിയും കിട്ടുന്ന ചെറിയ ശിഷ്ടങ്ങള്‍ക്കു മുമ്പില്‍ ഒരു വലിയ കുറുവര വരക്കേണ്ടി വരുന്നിടത്താണ് ഭൂരിഭാഗം പേരും കയറിലും തുണിയിലും വിഷത്തിലുമൊക്കെ അഭയം കണ്ടെത്തിയത്.
ആണ്ടുകളും പതിറ്റാണ്ടുകളുമായി തുടരുന്ന നീറിപ്പുകയലിന്റെ പരിസമാപ്തിയിലാണ് ഒരു ജീവിതം പിടഞ്ഞു തീരുന്നതെന്ന് മനസ്സിലാക്കാം. കുടുംബത്തിലെ അസ്വസ്ഥതകളും അവിഹിത ബന്ധങ്ങളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി തളര്‍ത്തിയ മനസ്സുകളും പണത്തില്‍ മാത്രം മാനുഷിക ബന്ധങ്ങളുടെ മൌലികത അളന്നെടുക്കുന്ന ചുറ്റുപാടുകളുമെല്ലാം ചിലരെയെങ്കിലും ജീവിതമവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എങ്കിലും സാമ്പത്തിക ബാധ്യതകളുടെ തീരാക്കയത്തില്‍നിന്നും സ്വയം മോചനം സാധ്യമല്ലെന്നു വന്നവരാണ് മരണത്തെ പുല്‍കിയവരില്‍ ബഹുഭൂരിഭാഗവുമെന്ന് ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ആത്മഹത്യകളുടെ കാരണങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും പോകുന്ന വിശാലമായ ചര്‍ച്ചകള്‍ ഗുണകരമാണ്. എന്നാല്‍, ജീവിക്കാന്‍ വേണ്ടി വരികയും ഒടുവില്‍ സ്വയം മരിച്ച് ശവപ്പെട്ടിയില്‍ നാട്ടിലേക്കു തിരിക്കുകയും ചെയ്യുന്നവര്‍, ജീവിതത്തില്‍ ശേഷിക്കുന്നവരെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണ് ചര്‍ച്ചകളില്‍ മുഴച്ചു വരേണ്ടത്. ഇനിയും ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവരെക്കുറിച്ചു വിലപിക്കുന്നതിലുമല്ല കാര്യം. എല്ലാം ഭദ്രമെന്നു കരുതുന്ന ആരോഗ്യമുള്ള സമൂഹം, മരിച്ചവരുടെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകണം. ഗുണപരമായ അറിവുകളും ഉണര്‍വുകളും അവ നല്‍കാനിടയുണ്ട്.
ചുറ്റുപാടുകള്‍ അത്രമേല്‍ മോഹങ്ങളും ആഗ്രഹങ്ങളും സൃഷ്ടിക്കുകയും സുഖമായി ജീവിച്ചു കൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. ആര്‍ക്കും എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ള ഒരു ഭീഷണിയായി പ്രവാസലോകത്ത് ആത്മഹത്യ സര്‍വവ്യാപിയാകുമ്പോള്‍ അതിന്റെ അടിവേരുകള്‍ തിരിച്ചറിയുകയും അവയോട് അകലത്തിന്റെ നൂറു നാഴികകള്‍ പാലിക്കുകയും ചെയ്യുന്നതിന് സമൂഹം പരിശീലനം നേടേണ്ടതുണ്ട്. മരിക്കുന്നതിനു പകരം ജീവിക്കുന്നതിനു വേണ്ടിയുള്ള പരിശീലനമാണത്. ധാരാളം കടങ്ങള്‍ വാങ്ങി നയിക്കുന്ന അസ്വസ്ഥമായ ‘സുഖജീവിത’ത്തേക്കാള്‍ വളരെ എളുപ്പത്തില്‍, കടങ്ങളേതുമില്ലാതെ സസുഖം ജീവിക്കാനാകുമെന്ന് ആര്‍ക്കാണ് മനസ്സിലാക്കാനാകാത്തത്?
ആത്മഹത്യകള്‍ക്കെതിരെയല്ല, ആത്മഹത്യകളിലേക്കു നയിക്കപ്പെടുന്ന സാഹചര്യങ്ങളോടാണ് ഉണര്‍വുള്ള മനുഷ്യര്‍ കലഹിക്കേണ്ടത്. എതിര്‍ക്കപ്പെടാന്‍ മാത്രം സംഘടിത രൂപം പ്രാപിച്ച പ്രതിഭാസമല്ല ആത്മഹത്യ എന്നും അത് വ്യക്തികളുടെ, പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന മാനസിക പരാജയാവസ്ഥയുടെ പ്രേരണകളില്‍ നിന്നും ഉടലെടുക്കുന്ന നൈമിഷിക ചാപല്യമാണ് എന്നും തിരിച്ചറിയപ്പെടണം. അത്തരം ചപലവും ബുദ്ധിശൂന്യവുമായ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടിവരാത്ത, ഭദ്രവും സംതൃപ്തവുമായ ഒരു ജീവിത സംസ്കാരത്തെയാണ് ഉണര്‍ത്തപ്പെടേണ്ടത്. ആത്മഹത്യയില്‍നിന്ന് ഒരാളെ പിന്തിരിപ്പിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒരാളെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനുള്ള സാഹചര്യത്തില്‍ നിന്നു തന്നെ അകറ്റി നിര്‍ത്താന്‍ പറ്റും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കലാണ് വേണ്ടത് എന്നു പറയുന്നതു പോലെയാണിത്. അതിനു ചുറ്റുപാടുകളിലെ പ്രലോഭനങ്ങളെ നിഷേധിക്കേണ്ടി വരും. അങ്ങനെ കഴിഞ്ഞാല്‍ ജീവിതത്തില്‍ അതിജയത്തിനു സാധിക്കും.

 

2 Responses to "അവര്‍ ആത്മഹത്യാ വിസയില്‍ വന്നവരായിരുന്നില്ല"

  1. abdusalam  December 10, 2012 at 8:47 am

    get up to life

You must be logged in to post a comment Login