പനിച്ചുമരിക്കുന്ന മണ്ണില്‍നിന്ന്

പനിച്ചുമരിക്കുന്ന മണ്ണില്‍നിന്ന്

ഭക്ഷണം, വിശ്രമം, വ്യായാമം, ശുചിത്വം ഇവയാണ് ആരോഗ്യത്തിന്റെ ആണിക്കല്ലുകള്‍. ഇവയില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ആദ്യത്തെ മൂന്നുകാര്യങ്ങളിലും ഒരാള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് അയാളെ മാത്രമാണ് നേരിട്ട് ബാധിക്കുന്നത്. എന്നാല്‍ ശുചിത്വബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തി കാണിക്കുന്ന അലംഭാവം സമൂഹത്തെ മൊത്തം ദുരിതത്തിലാക്കും.

ഇസ്‌ലാം ലക്ഷ്യം വെക്കുന്ന സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക. ‘തീര്‍ച്ചയായും(പാപങ്ങളില്‍ നിന്ന്) പശ്ചാത്തപിച്ച് മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്'(സൂറ: അല്‍ബഖറ)

മനസ്സ് മാത്രം നന്നായാല്‍ പോരാ, ശരീരവും വൃത്തിയാകണം. ഇതു കൊണ്ടാണ് ‘ശുചിത്വം വിശ്വാസത്തിന്റെ അര്‍ധ ഭാഗമാണെ’ന്ന് നബി(സ്വ)പഠിപ്പിച്ചത്. ശുചിത്വം സ്വശരീരത്തില്‍ നിന്ന് തുടങ്ങാനാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ശരീരത്തിലെ ഗോപ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യാനും മീശ വെട്ടിയൊതുക്കാനും മുടി മാന്യമായി ചീകി വെക്കാനും നഖം വളര്‍ന്നാല്‍ വെട്ടിമാറ്റാനുമെല്ലാം നിര്‍ദേശമുണ്ട്. ശരീരം വ്യത്തികേടാക്കുന്ന പത്തിലേറെ മാലിന്യങ്ങളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. രക്തം, ചലം, ഛര്‍ദ്ദിച്ചത്, ശവം, മദ്യം, മലം, മൂത്രം തുടങ്ങിയവ അതില്‍ ചിലതു മാത്രം. ഇവ ശരീരത്തിലോ ഉടയാടകളിലോ ഉപയോഗിക്കുന്ന ഇതര വസ്തുക്കളിലോ ആയാല്‍ കഴുകി വൃത്തിയാക്കണം. ഇത്തരം മാലിന്യങ്ങള്‍ പുരണ്ട് നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം സ്വീകാര്യമല്ല.

ഭംഗിയുള്ള വസ്ത്രം ധരിച്ച് നടക്കുന്ന ചിലര്‍ മലമൂത്ര വിസര്‍ജനം നടത്തി വൃത്തിവരുത്താതെ നടക്കുന്നു. യൂറിയ അടക്കമുള്ള വിഷപദാര്‍ത്ഥങ്ങളടങ്ങിയ മൂത്രത്തില്‍ ഒരാളുടെ ശരീരത്തിലുള്ള മിക്ക രോഗാണുക്കളുടെയും സാന്നിധ്യമുണ്ടാകും. ഇതു കൊണ്ടാണല്ലോ പല രോഗങ്ങളും നിര്‍ണയിക്കാന്‍ മൂത്രം ടെസ്റ്റ് ചെയ്യുന്നത്. മൂത്രത്തെ പച്ചവെള്ളമായി കരുതുകയല്ല, ശൗച്യം ചെയ്യാന്‍ ശീലിപ്പിക്കുകയാണ് പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത്. കുട്ടിക്കാലം തൊട്ടുതന്നെ ഇതൊരു ശീലമായി വളര്‍ത്തിയെടുത്തതിനാല്‍ ഇസ്‌ലാമിക സമൂഹം വിസര്‍ജനാനന്തരം ശുദ്ധിയാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും സക്രിയമായ അവയവങ്ങള്‍ രണ്ടു മുന്‍കൈകളാണ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന ഈ കൈകള്‍കൊണ്ടാണ് നാം ആഹാരം പാകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ശൗച്യം ചെയ്യുന്നതും മാലിന്യം വൃത്തിയാക്കുന്നതുമെല്ലാം. ഇതേ കൈകൊണ്ടു തന്നെയാണ് ആളുകളെ നാം സ്വീകരിക്കുന്നതും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമനുസരിച്ച് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് പ്രധാനമായും കൈകളിലൂടെയാണ്. പകര്‍ച്ചവ്യാധികളെ തടയാനുള്ള മാര്‍ഗം ഇടക്കിടെ മുന്‍കൈകള്‍ കഴുകുകയാണെന്ന് ഡബ്ല്യൂ എച്ച് ഒ നിര്‍ദേശിക്കുന്നു.

നിസ്‌കാരത്തിനുവേണ്ടിയുള്ള വുളൂഅ്(അംഗസ്‌നാനം)തുടങ്ങുന്നത് ഇങ്ങനെ രണ്ട് കയ്യും കഴുകിയാണ്. ഒരുദിവസം നിസ്‌കാരത്തിനുവേണ്ടി മാത്രം അഞ്ചുതവണ വുളു എടുക്കുന്നു. ഒരു വുളൂഇല്‍ തന്നെ ഫര്‍ളും സുന്നത്തുമായി ആറുതവണ മുന്‍കൈ കഴുകുമ്പോള്‍ ദിവസവും മുപ്പതുതവണ കഴുകി വൃത്തിയാകുകയാണ് മുസ്‌ലിമിന്റെ കൈകള്‍. ഉറങ്ങി എഴുന്നേറ്റാല്‍ മൂന്നുതവണ കൈ കഴുകാതെ ആ കൈ പാത്രത്തിലെ വെള്ളത്തില്‍ സ്പര്‍ശിക്കരുതെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. പല്ലുതേക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം കൈ കഴുകിയ ശേഷമാവണം. ഉറങ്ങുമ്പോള്‍ നിന്റെ കൈകള്‍ എവിടെയൊക്കെയാണ് വിഹരിച്ചുനടന്നത് എന്ന് നിനക്കറിയില്ല എന്നാണ് നബി(സ്വ) പറഞ്ഞത്.

വുളൂഇലൂടെ വൃത്തിവരുത്താന്‍ പറഞ്ഞ മറ്റവയവങ്ങള്‍ മാലിന്യം പുരളാന്‍ ഏറെ സാധ്യതയുള്ളവയാണ്. മുഖം, രണ്ടു കൈകള്‍ മുട്ടുള്‍പ്പെടെ, രണ്ടു കാലുകള്‍, ചെവി, തല തുടങ്ങിയവയാണവ. ഇതിനു പുറമെ പല്ല് തേക്കാനും, പതിനഞ്ച് തവണ ഓരോ ദിവസവും മൂക്കിന്റെ ഉള്‍ഭാഗം വെള്ളം കയറ്റിച്ചീറ്റി വൃത്തിവരുത്താനും വുളൂഇലൂടെ തന്നെ അവസരം സൃഷ്ടിച്ചിരിക്കുകയാണ്.

മെന്‍സസ് നിലച്ചാലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ശുക്ലവിസര്‍ജനമുണ്ടാവുകയോ ചെയ്താലും കുളിച്ചുതന്നെ വൃത്തി വരുത്തണം. ഇതിലൂടെ ഇസ്‌ലാം ആരോഗ്യ ചിന്തയും പ്രതിരോധ ബോധവും നിലനിര്‍ത്തുന്നുണ്ട്. ‘മതം വൃത്തിയുടെ മേലെയാണ് സ്ഥാപിച്ചത്'(ഇഹ്‌യാഅ്).

ശുചിത്വവും ജീവിത പരിസരവും
മാലിന്യങ്ങള്‍ ശരീരത്തില്‍നിന്നും വീട്, കച്ചവടസ്ഥാപനം, വ്യവസായ ശാലകള്‍ തുടങ്ങിയവയില്‍നിന്നും പുറത്തേക്ക് വലിച്ചെറിയുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നം. ബസ്റ്റാന്റുകളിലും കാമ്പസുകളിലെ പൂന്തോട്ടങ്ങളിലും വരെ മൂത്രമൊഴിക്കുന്നത് കേരളത്തില്‍ സാര്‍വത്രികമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ ടോയിലറ്റാണ് ഇന്ത്യന്‍ റെയില്‍ പാളം. മഴക്കാലം വരുന്നതോടെ ഈ മനുഷ്യവിസര്‍ജ്യങ്ങള്‍ ജലത്തിലൂടെ ശരീരങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ടാണ് ഛര്‍ദി, അതിസാരം, കോളറയടക്കമുള്ള രോഗങ്ങള്‍ പടര്‍ത്തുന്നത്.

ആരോഗ്യവകുപ്പ് ചെലവഴിക്കുന്ന ഭീമമായ തുകയില്‍നിന്നും ഒരു ചെറിയ ഭാഗമുണ്ടായാല്‍ ടൗണുകളില്‍ ശൗചാലയങ്ങള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ കഴിയും. പൊതുസ്ഥലത്ത് വിസര്‍ജനം നിരോധിച്ചതുകൊണ്ട് മാത്രമായില്ല, ഇസ്‌ലാം വളര്‍ത്തിയ ശുചിത്വബോധത്തിലേക്ക് എല്ലാവരും വരുന്നത് തന്നെയാണ് അനുയോജ്യ പരിഹാരം.

നബി(സ്വ) പറഞ്ഞു: ശാപം ക്ഷണിച്ചുവരുത്തുന്ന രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. സ്വഹാബികള്‍ ചോദിച്ചു: അവ ഏതാണ്. നബി(സ്വ) പറഞ്ഞു: ‘ജനങ്ങളുടെ വഴിയിലും തണലിലും മലമൂത്ര വിസര്‍ജനം നടത്തുന്നതാണത്'(മുസ്‌ലിം).

മുസ്‌ലിംകള്‍ പള്ളികള്‍ നിര്‍മിക്കുമ്പോള്‍ അതിനോടനുബന്ധിച്ച് ശാസ്ത്രീയമായിത്തന്നെ ശൗചാലയങ്ങള്‍ ഒരുക്കിയതിനാല്‍ തെരുവില്‍ വിസര്‍ജിക്കുന്ന ശീലം ഒഴിവാക്കാന്‍ സാധിക്കുന്നു. നബി(സ്വ) പറഞ്ഞു: ജുമുഅ ദിവസങ്ങളില്‍ നിങ്ങള്‍ പള്ളികളില്‍ സുഗന്ധം പുകക്കുക. അവയുടെ കവാടങ്ങളില്‍ തന്നെ ശുദ്ധീകരണ സൗകര്യമൊരുക്കുക'(ത്വബ്‌റാനി). ഇങ്ങനെ പള്ളികള്‍ ശുചിത്വത്തിന്റെ നല്ല മാതൃകകള്‍ സമൂഹത്തില്‍ ബാക്കിയാക്കുന്നു.

പരിസര മലിനീകരണത്തിനെതിരെയും ഇസ്‌ലാമിന്റെ നിലപാട് കര്‍ശനമാണ്. നബി(സ്വ) പറഞ്ഞു: ‘ഉള്ളി പച്ചക്ക് തിന്നവന്‍ നമ്മുടെ പള്ളിയിലേക്ക് വരാന്‍ പാടില്ല'(ബുഖാരി). തൊട്ടടുത്തുള്ളയാള്‍ക്ക് ദുര്‍ഗന്ധമുണ്ടാക്കുന്നു എന്നതാണിതിന്റെ കാരണമെങ്കില്‍ ഒരു പ്രദേശത്തെ മുഴുവന്‍ നാറ്റിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ കൊടിയ സാമൂഹ്യ വിരുദ്ധര്‍ തന്നെയാണ്.

വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പൊതുസ്ഥലങ്ങളിലേക്കും ജലസ്രോതസുകളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവന്‍ എങ്ങനെയാണ് പ്രവാചകാനുയായി ആകുന്നത്? മനുഷ്യര്‍ക്ക് ശല്യമുണ്ടാക്കുന്ന എല്ലാ മാലിന്യങ്ങളും ഭൂമിയില്‍ കുഴിവെട്ടി മൂടാനാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പന.
റഹ്മത്തുല്ലാഹ് സഖാഫി എളമരം

You must be logged in to post a comment Login