നിവര്‍ന്നു നില്‍ക്കാന്‍ നമുക്കെന്താണ് തടസ്സം

നിവര്‍ന്നു നില്‍ക്കാന്‍ നമുക്കെന്താണ് തടസ്സം

‘ലോകത്തെ തിരിച്ചറിയുന്നതില്‍ എല്ലായ്‌പ്പോഴും എനിക്ക് തെറ്റ് സംഭവിച്ചിരിക്കാം; സ്‌നേഹത്തെയും വേദനെയയും ജീവിതത്തെയും മരണത്തെയും തിരിച്ചറയുന്നതിലും. പക്ഷേ, ഞാന്‍ എപ്പോഴും കുതിക്കുകയായിരുന്നു. ജീവിതം തുടങ്ങാനുള്ള സാഹസികതയിലായിരുന്നു. അതേ സമയം മറ്റു ചിലര്‍ക്ക് ജീവിതം ഒരു ശാപം തന്നെയായിരുന്നു. എന്റെ ജന്മം ഒരു മാരക അത്യാഹിതമായിരുന്നു’

ദളിതനായി ജീവിക്കുകയെന്നത് മോഡിക്കാലത്ത് എത്രമേല്‍ ദുഷ്‌കരമാണെന്ന് മരണം കൊണ്ട് എഴുതിവെച്ച് രോഹിത് വെമുല തിരിച്ചുനടന്നത് 2016 ജനുവരി 17നായിരുന്നു. വെമുലയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ദളിത് ഉണര്‍വിന്റെ നാളുകളായിരുന്നു പിന്നീട്. കേന്ദ്ര സര്‍ക്കാറിന്റെ ബ്രാഹ്മണിക്കല്‍ അധീശത്വബോധങ്ങള്‍ കീഴാളപക്ഷത്ത് നിന്ന് വിചാരണ ചെയ്യപ്പെട്ടു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ താല്കാലികമായി മാറ്റി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിതുകള്‍ക്കെതിരായ സംഘപരിവാര്‍ അക്രമം പുതിയൊരു സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ജിഗ്നേഷ് മെവാനിയെന്ന ദളിത് നേതാവിന്റെ ഉയര്‍ച്ചക്കും രാജ്യം സാക്ഷ്യം വഹിച്ചു. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ നിന്ന് ആരംഭിച്ച അസ്മിത യാത്ര 2016 ആഗസ്ത് 15ന് ഉനയില്‍ സമാപിച്ചു. സമാപന സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്ന് പിന്തുണയുമായി ജനങ്ങളെത്തി. വെമുലാനന്തര ദളിത് മുന്നേറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി വ്യക്തവും കൃത്യവുമായ രാഷ്ട്രീയം ഗുജറാത്തിലെ ദളിത് പ്രക്ഷോഭം മുന്നോട്ടു വെച്ചു. ചത്ത കാലികളെ സംസ്‌കരിക്കുന്ന പാരമ്പര്യ തൊഴിലിലേക്ക് മടക്കമില്ലെന്ന് തെളിച്ചുപറയാനുള്ള ദളിത് സമൂഹത്തിന്റെ ആര്‍ജ്ജവം ഗുജറാത്തിനെ തെല്ലൊന്നുമല്ല ഉലച്ചത്. ഹിന്ദുത്വ വര്‍ഗീയതയുടെ നെടുമ്പുറത്താണ് അവര്‍ ആഞ്ഞുതല്ലിയത്.

രോഹിത് സംഭവത്തോടും ഗുജറാത്ത് പ്രക്ഷോഭത്തോടും ഇന്ത്യയിലെ മതേതര സമൂഹം എങ്ങനെ പ്രതികരിച്ചുവെന്നത് നമ്മുടെ മുമ്പിലുണ്ട്. പ്രമുഖ ഹിന്ദിസാഹിത്യകാരന്‍ അശോക് വാജ്‌പേയി ഹൈദരാബാദ് സര്‍വകലാശാല തനിക്ക് നല്‍കിയ ഡി-ലിറ്റ് ബഹുമതി തിരിച്ചുനല്‍കി. ദളിത് സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാറുകളുടെയും ദളിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചും രാജ്യമൊട്ടുക്കും ചെറുതും വലുതുമായ കൂട്ടായ്മകള്‍ നടന്നു. സാഹിത്യ, സാംസ്‌കാരിക ലോകം ദളിത് സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. ദളിതനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി ഉയര്‍ത്തിക്കാട്ടേണ്ടി വരുവിധം കഠിനമായ അളവില്‍ ദളിത് പ്രക്ഷോഭങ്ങള്‍ സംഘ് രാഷ്ട്രീയത്തിന് ആഘാതമേല്‍പ്പിച്ചു.

ദളിത് കീഴാള വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരാശയ പരിസരത്തു നിന്ന് രാംനാഥ് കോവിന്ദിനെ പോലൊരാള്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ആനയിക്കപ്പെടുന്നതിലെ രാഷ്ട്രീയം ദളിത് പ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ പകച്ചുപോയ ആര്‍എസ്എസിന്റെയും ബി ജെ പിയുടെയും നിശബ്ദമായ കീഴടങ്ങലിന്റേതുകൂടിയാണ്. മനുസ്മൃതിയെ വേദപുസ്തകമായി സ്വീകരിച്ച ഹിന്ദുത്വ വര്‍ഗീയതയുടെ ചീട്ട് കീറിത്തുടങ്ങിയെന്ന മോഡിസംഘത്തിന്റെ തിരിച്ചറിവില്‍ നിന്നു കൂടിയാണ് കോവിന്ദിന്റെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ ഫാഷിസത്തിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്ന ഒരവസരമായി ഇതിനെ ഉപയോഗിക്കുന്നതിന് പകരം ചില മതേതര പാര്‍ട്ടികളെങ്കിലും മോഡിയുടെ ദളിത് കാര്‍ഡിന് താഴെ കൈയ്യൊപ്പ് ചാര്‍ത്തിയ ദുരന്തത്തിനും സമീപകാല ദേശീയ രാഷ്ട്രീയം സാക്ഷിയായി.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ ടാര്‍ഗറ്റുകളില്‍ പ്രധാനം മുസ്‌ലിംകളാണ്. ദളിത് സമൂഹം അതിനുശേഷമേ വരുന്നുള്ളൂ. ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ആര്‍ എസ് എസ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത് മുസ്‌ലിംകളാണ്. രാജ്യമൊട്ടുക്കും മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നു എന്നത് അത്യുക്തി കലര്‍ത്തിയ പൊതുവല്‍കരണമല്ല, നടപ്പുകാലത്തെ ഇന്ത്യനവസ്ഥയാണ്. പേടിപ്പിച്ചു നിര്‍ത്തുകയെന്നത് ഫാഷിസത്തിന്റെ എക്കാലത്തെയും നയവൈകൃതങ്ങളിലൊന്നാണ്. വര്‍ഗീയ കലാപങ്ങളായിരുന്നു ഇന്ത്യന്‍ ഫാഷിസത്തിന്റെ കയ്യിലെ ഭീകരമായ ആയുധം. സ്വാതന്ത്ര്യത്തിനുമുമ്പും പിറകെയുമായി സംഘ്പരിവാര്‍ സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്ത വര്‍ഗീയ കലാപങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

നെഹ്‌റുവിനെ പോലൊരു നേതാവിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിക്ഷീണാവസ്ഥകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയും പ്രത്യക്ഷമായി തന്നെ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചും മുന്നേറിയ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം അതിന്റെ സകല മൃഗീയതകളോടെയും മുടിയഴിച്ചാടിയത് 2002ല്‍ ഗുജറാത്തിലാണ്. ആ കബന്ധങ്ങള്‍ ചവിട്ടിക്കടന്നുവന്ന രണ്ടുപേരാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് സംഘ്പരിവാറിനെ പ്രതിനീധികരിക്കുന്നത്. സാഹചര്യവശാല്‍ ഇന്ത്യന്‍ ഫാഷിസം വര്‍ഗീയ കലാപങ്ങളെക്കാള്‍ ഒറ്റപ്പെട്ട ആക്രമണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ വിശേഷവൃത്താന്തം. മുന്‍കാലങ്ങളില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ വര്‍ഗീയ കലാപമഴിച്ചുവിട്ട് കൊന്നും കൊലവിളിച്ചും പച്ചക്ക് കത്തിച്ചുമൊക്കെയാണ് സംഘ്പരിവാര്‍ പ്രതികാരമൂര്‍ത്തികളായി പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ട്രെയിനില്‍, ബസില്‍, പൊതുനിരത്തില്‍, നഗരത്തില്‍, ആള്‍ക്കൂട്ടത്തില്‍… എവിടെയും സുരക്ഷിതരല്ല എന്ന ഭീതിയിലേക്ക് മുസ്‌ലിംകളെത്തിയിരിക്കുന്നു. തൊപ്പിയും താടിയും വേണ്ട, അടയാള ചിഹ്നങ്ങളൊന്നും ദൃശ്യവല്‍ക്കരിക്കപ്പെടേണ്ട, മുസ്‌ലിം പേരുണ്ടായാല്‍ മാത്രം മതിയാകും നിങ്ങള്‍ ആക്രമിക്കപ്പെടാന്‍ എന്ന നിലവന്നിരിക്കുന്നു.

പശുവിന്റെ പേരിലാണ് ഇപ്പോള്‍ ഹിംസകളേറെയും. കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും മുസ്‌ലിംകള്‍ തന്നെ. എന്തുകൊണ്ട് ഒറ്റതിരിഞ്ഞുള്ള ഈ ആക്രമണങ്ങള്‍? രണ്ട് ലക്ഷ്യങ്ങള്‍ അതിനു പിറകിലുണ്ട്. ഒന്ന് ഭയപ്പെടുത്തി വിധേയപ്പെടുത്തുക. രണ്ട് വര്‍ഗീയ കലാപങ്ങള്‍ക്ക് പണച്ചിലവേറെയാണ്. ഗുജറാത്ത് കലാപ കാലത്ത് ആയുധങ്ങള്‍ സംഘടിപ്പിക്കാനും ആളുകളെ കൂട്ടാനും ഹിന്ദുത്വ സംഘടനകള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെന്ന് നിഷ്പക്ഷാന്വേഷക സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. വര്‍ഗീയ കലാപങ്ങളുണ്ടാകുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിക്കും. ലോകത്തിനു മുമ്പില്‍ ഇന്ത്യ നാണം കെട്ടുവെന്ന് ഗുജറാത്ത് കലാപത്തിനുപിറകെ എബി വാജ്‌പേയിക്ക് പോലും പറയേണ്ടി വന്നു. പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും വൈകിയെങ്കിലും അത് ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങളെ സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നമായി നിസ്സാരവത്കരിച്ച് കയ്യൊഴിയാന്‍ കേന്ദ്രത്തിന് സാധിക്കുമെന്നതും ഒരു സൗകര്യമാണ്. സമീപ നാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ അമ്മട്ടില്‍ പ്രസ്താവന നടത്തിയത് നാം കേട്ടതാണ്. ഗുജറാത്തിലേത് ചെലവേറിയ വംശഹത്യയായിരുന്നു, ഇപ്പോഴത്തേത് ചെലവില്ലാത്ത വംശഹത്യയും. ഇതേ വ്യത്യാസമുള്ളൂ. ലക്ഷ്യവും താല്‍പര്യവും ഒന്നുതന്നെ – ഹിന്ദുരാഷ്ട്രം. അവിടെ മുസ്‌ലിംകള്‍ ഒരധികപ്പറ്റാണ്. അവരെ തുടച്ചു നീക്കണം. ശേഷം ക്രിസ്ത്യാനികളെ, പിന്നെ ദളിതരെ.. അങ്ങനെയങ്ങനെ വര്‍ഗീയവാദികള്‍ക്ക് ‘വേണ്ടാത്ത’ ഓരോ വിഭാഗത്തെയും.
ജനങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നതില്‍ ഹിന്ദുത്വ ശക്തികള്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഒരുദാഹരണം പറയാം. രണ്ടാഴ്ച മുമ്പാണ്, കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശത്ത് സ്ഥിരതാമസക്കാരാനായൊരാള്‍ വയനാട്ടില്‍ ചെന്ന് പശുവിനെ വാങ്ങി. വീട്ടില്‍ വളര്‍ത്താനാണ്. പക്ഷേ, പശുവിനെ വണ്ടിയില്‍ കയറ്റാന്‍ ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒടുവില്‍ ഞാന്‍ മുമ്പിലിരിക്കാം, നീ വണ്ടിയെടുക്ക് എന്ന ഉടമയുടെ വാക്കിന്റെ ബലത്തിലാണ് ഡ്രൈവര്‍ പശുവിനെ കയറ്റാന്‍ തയാറായത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ രാജ്യത്തിന് മാതൃകയായ കേരളത്തിലാണ് ഈയനുഭവം എന്നോര്‍ക്കണം. ആദ്യ വിജയം ഫാഷിസത്തിനാണ് എന്നംഗീകരിക്കേണ്ടി വരുന്ന സാഹചര്യം.

മോഡിക്കാലത്തെ മുസ്‌ലിം പ്രതിസന്ധികള്‍ പലതാണ്. അതില്‍ മുഖ്യം ഞങ്ങള്‍ക്ക് സ്വന്തമായി പ്രശ്‌നങ്ങളുണ്ട് എന്ന് തുറന്നുപറയാന്‍ കഴിയുന്നില്ല എന്നതാണ്. സമുദായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഭിമുഖത്തില്‍ ജൂലൈ ആദ്യവാരം കോഴിക്കോട്ട് നടന്ന പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ എന്നതായിരുന്നു. ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും സമാന മുദ്രാവാക്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പേരിലെ മതം ചികഞ്ഞ് ഇസ്‌ലാമെന്നുറപ്പാക്കി ആളെ കൊല്ലുന്ന കാലത്തും സ്വന്തം പ്രശ്‌നങ്ങളെ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ‘നിരുപദ്രവകരമായ’ മേല്‍വിലാസങ്ങളന്വേഷിച്ചു പോകേണ്ടി വരുന്നു. അതുമല്ലെങ്കില്‍ ദളിത്-ആദിവാസി വിഭാഗങ്ങളോട് ചാരിനിന്നുകൊണ്ടു മാത്രം സംസാരിക്കേണ്ടി വരുന്നു. ഒരുകാര്യം അംഗീകരിച്ചേ പറ്റൂ: മുസ്‌ലിംകള്‍ എന്നത്തെക്കാളും കൂടുതല്‍ താല്പര്യത്തോടെ, ദളിത് ആദിവാസി വിഭാഗങ്ങളോട് സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്യേണ്ട സവിശേഷസന്ദര്‍ഭമാണിത്. അതേസമയം മുസ്‌ലിംകളുടേത് മാത്രമായ പ്രശ്‌നങ്ങളെ പൊതുവത്കരിച്ച് പറയുന്നത് വേട്ടക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കലായിരിക്കും. വര്‍ഗീയതയുടെ ചെളി പുരളുമോ എന്ന ഭയം (അല്ല, തെറ്റിദ്ധാരണ) കൊണ്ടുമാത്രമാണ് പല മുസ്‌ലിം സംഘടനകളും ‘സുരക്ഷിതമായ’ പദാവലികളെ ആശ്രയിക്കുന്നത്. അതാകട്ടെ, ഒരു വിശ്വാസി സമൂഹമെന്ന നിലയില്‍ നമ്മുടെ അനാവശ്യഭീതിയെയും ആത്മവിശ്വാസമില്ലായ്‌മെയും വിളംബരപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായി അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം മതത്തിന്റെ പേരില്‍ ഹനിക്കപ്പെടുമ്പോള്‍, ഇത് മതപരമായ വിവേചനമാണെന്ന് തുറന്നുപറയുന്നതില്‍ എവിടെയാണ് അപാകത? അതെങ്ങനെയാണ് വര്‍ഗീയമാകുന്നത്? ജനാധിപത്യവും ഭരണഘടനയും നല്‍കിയ സ്വാതന്ത്യത്തിനകത്ത് നിന്നുകൊണ്ട് ഇപ്പോള്‍ ഒച്ചവെക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമുക്കത് സാധ്യമാവുക?

ജിഗ്നേഷ് മെവാനിയും ഇന്ത്യയിലെ ദളിത് സംഘടനകളും സ്വന്തം പ്രശ്‌നങ്ങളെ ഒരു സമുദായമെന്ന നിലക്ക് തങ്ങളുടേത് മാത്രമായി സമീപിക്കുകയും അങ്ങനെത്തന്നെ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ പൊതുമണ്ഡലത്തില്‍ നിന്ന് അവര്‍ക്ക് നിറഞ്ഞ പിന്തുണകിട്ടി. ആ പിന്തുണയുടെ പ്രകമ്പനം റെയ്‌സിനാഹില്ലിലോളമെത്തുന്നു എന്നല്ലേ ഡല്‍ഹി രാഷ്ട്രീയം ബോധ്യപ്പെടുത്തുന്നത്.?
കേരളത്തില്‍ സികെ ജാനു മുത്തങ്ങക്കാലത്ത് ആദിവാസി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെയെന്നത് മറക്കാറായോ? ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട് എന്ന ഗോത്രമഹാസഭയുടെ ഉറച്ച നിലപാടിന് കേരളം നല്‍കിയ കയ്യടി ഇന്നും അന്തരീക്ഷത്തിലുണ്ട്. മുസ്‌ലിംകളെ അപേക്ഷിച്ച് എല്ലാ നിലക്കും പിന്നാക്കമായി നില്‍ക്കുന്ന സമൂഹങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളെ മൗലികമായി സംബോധന ചെയ്യുന്ന കാലത്തും മുസ്‌ലിം സംഘടനകളുടെ ഒളിച്ചുകളി തുടരുകയാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് കനിഞ്ഞു നല്‍കുന്ന സ്വാതന്ത്ര്യം മാത്രം മതിയെന്നുറപ്പിച്ച്, ഞങ്ങളിങ്ങനെ ജീവിച്ചുപൊയ്‌ക്കോളാമെന്ന് ഫാഷിസവുമായി കരാറിലേര്‍പ്പെട്ടിട്ടില്ല ഒരു മുസ്‌ലിം സംഘടനയുമെന്നിരിക്കെ ഈ ഒളിച്ചുകളി ആവശ്യമുണ്ടോ? ഒന്നുറക്കെ പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത വിധം പേടി പുതച്ചുറങ്ങുന്നതിനു മുമ്പ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമെങ്കിലും ഒരാവര്‍ത്തി വായിക്കാന്‍ നമുക്ക് ബാധ്യതയില്ലേ?

മുഹമ്മദലി മമ്മു

You must be logged in to post a comment Login